ഫ്രാന്‍സില്‍ ഈ നോമ്പുകാലത്ത്

സന ഹമീദ്
ഏപ്രില്‍ 2023
ഇവിടത്തുകാര്‍ തങ്ങളുടെ മതവും മതാചാരങ്ങളും വളരെ സ്വകാര്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ റമദാന്‍ ഒരുക്കങ്ങളോ തിരക്കുകളോ ഒന്നും കടകളില്‍ പോലും വലിയ രീതിയില്‍ കാണാനാവില്ല.

വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ ബൂലോണ്‍ സ്യു മെഹ് എന്ന സ്ഥലത്ത് ഭര്‍ത്താവിന്റെ കൂടെയാണ് ഞാന്‍ താമസിക്കുന്നത്. മൂന്നര വര്‍ഷമായി എത്തിയിട്ട്. ഇവിടത്തെ സമയ ദൈര്‍ഘ്യത്തെക്കുറിച്ച് പരാമര്‍ശിക്കാതെ നോമ്പുകാലത്തെക്കുറിച്ച് പറയാനാവില്ല. ഈ റമദാന്‍ തുടക്കത്തില്‍ നോമ്പ് നോല്‍ക്കേണ്ട സമയം പതിനാലര മണിക്കൂറാണ്. നോമ്പ് അവസാനിക്കുമ്പോഴേക്കും അത് പതിനാറ് മണിക്കൂറാകും. എന്നാലും പോയ വര്‍ഷത്തെക്കാള്‍ അര മണിക്കൂറോളം കുറവാണ്. വസന്തകാലം തണുപ്പിച്ചും ആശ്വസിപ്പിച്ചും നോമ്പിന്റെ ദൈര്‍ഘ്യം അറിയിക്കാറില്ല. എങ്കിലും നോമ്പ് തുറക്കേണ്ട സമയം ഒമ്പത് മണിയൊക്കെയായതിനാല്‍ നാട്ടില്‍നിന്ന് പറിച്ചുനടപ്പെട്ട മനസ്സിന് പൊരുത്തപ്പെടാന്‍ ഒത്തിരി പാടാണ്. ഫ്രാന്‍സിലെ നോമ്പുകാലം ആത്മീയതയുടെ ഒരുപാട് സമയം പകര്‍ന്നുനല്‍കുന്നതാണ് ഞങ്ങള്‍ക്ക്.
ചെറിയൊരു കൂട്ടായ്മയും ഒരു പള്ളിയും ഞങ്ങളുടെ നഗരത്തിലുണ്ട്. പള്ളിയില്‍ നോമ്പു തുറയും രാത്രി നമസ്‌കാരവും സജീവമായി നടക്കും. പാല്‍, തൈര്, ഈത്തപ്പഴം എന്നിവയോടൊപ്പം മൊറോക്കന്‍ പലഹാരങ്ങളും ഹരീര എന്നറിയപ്പെടുന്ന ഒരു തരം സൂപ്പും നോമ്പ് തുറയെ വിഭവസമൃദ്ധമാക്കുന്നു. അള്‍ജീരിയ, മൊറോക്കോ, തുനീഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളാണ് ഇവിടെ കൂടുതലുള്ളത്. അവിടങ്ങളില്‍ നിന്നൊക്കെയുള്ള വിഭവങ്ങളും നോമ്പ് തുറക്ക് മാറ്റുകൂട്ടുന്നു. ഇതില്‍ ചീസ് ചേര്‍ത്തുകൊണ്ട് ഒരു ഫ്രഞ്ച് ചുവ നല്‍കാന്‍ അവര്‍ മറക്കാറില്ല. ഇശാഇന്റെ സമയം നന്നെ വൈകിയായതിനാല്‍ തറാവീഹ് ഞങ്ങള്‍ വീട്ടില്‍ തന്നെയാണ് നമസ്‌കരിക്കാറുള്ളത്. എന്നാല്‍, അവസാനത്തെ പത്തിലെ രാത്രികളില്‍ ലൈലത്തുല്‍ ഖദ്ര്! പ്രതീക്ഷിച്ച് സ്ത്രീകളും കുട്ടികളുമെല്ലാം പള്ളിയില്‍ സജീവമാകും.
ഞങ്ങളെ സംബന്ധിച്ചേടത്തോളം നോമ്പ് തുറക്കുന്നതിനും നാട്ടിലെ വിഭവങ്ങള്‍ തന്നെ ഉണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ആവശ്യമുള്ള സാധനങ്ങളില്‍ മിക്കതും ഇവിടെ കിട്ടും. ഇല്ലെങ്കില്‍ സമാനമായ ഇവിടെ കിട്ടുന്ന ചേരുവകള്‍ വെച്ച് തട്ടിക്കൂട്ടും. കഴിഞ്ഞ റമദാനില്‍ വീട്ടിലേക്ക് ഒരു ഫ്രഞ്ച് കുടുംബത്തെ ക്ഷണിക്കാനും നമ്മുടെ വിഭവങ്ങള്‍ പരിചയപ്പെടുത്താനും സാധിച്ചു. അവരുടെ ചില വിഭവങ്ങള്‍ ഞങ്ങള്‍ക്കും സമ്മാനമായി നല്‍കി. എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന നല്ലൊരു അനുഭവമാണത്.
പുതിയ തലമുറക്ക്, മകളുടെ സ്‌കൂളിലെ സഹപാഠികള്‍ക്ക് നോമ്പിനെയും ഈദിനെയും കുറിച്ച് കാര്യമായൊന്നും അറിയില്ല. എങ്കിലും ഞങ്ങള്‍ക്ക് വ്യക്തിപരമായി നാട്ടുകാരില്‍നിന്ന് നല്ല സമീപനങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. പെരുന്നാള്‍ ദിനത്തില്‍ നാട്ടിലെ പോലെ കുടുംബങ്ങളും കൂട്ടായ്മകളും ഇല്ലാത്തതുകൊണ്ട് പലതരം വിഭവങ്ങള്‍ ഉണ്ടാക്കിയും വീടലങ്കരിച്ചും ആഘോഷിക്കാറാണ് പതിവ്. എന്നാല്‍ പോയ വര്‍ഷം പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞു പള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ എന്റെ ഒരു കൂട്ടുകാരി (മൊറോക്കോ) അവരുടെ വീട്ടിലേക്കു കൂട്ടികൊണ്ടു പോയി. കുട്ടികള്‍ കൂട്ടുകാരോടൊത്തു കളിച്ചും സമ്മാനങ്ങള്‍ കൈമാറിയും സന്തോഷം പങ്കിട്ടു. പലതരത്തിലുള്ള പലഹാരങ്ങള്‍ കഴിച്ച് ഞങ്ങളും അവരോടൊപ്പം കൂടിയപ്പോള്‍ അത് പെരുന്നാളിന് ഇരട്ടി മധുരമായി.
പൊതു ഇടങ്ങളില്‍ നോമ്പിന്റെ ഒരു പ്രതീതിയും കടുത്ത ലിബറല്‍ രാജ്യമായ ഫ്രാന്‍സില്‍ വേണ്ടത്ര കാണാന്‍ സാധിക്കാറില്ല. ഇവിടത്തുകാര്‍ തങ്ങളുടെ മതവും മതാചാരങ്ങളും വളരെ സ്വകാര്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ റമദാന്‍ ഒരുക്കങ്ങളോ തിരക്കുകളോ ഒന്നും കടകളില്‍ പോലും വലിയ രീതിയില്‍ കാണാനാവില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media