ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകളില്‍ ഏറെ ആകര്‍ഷകമായ അമ്മക്കമ്പോളങ്ങളെയും പൊതുമാര്ക്കറ്റുകളെയും കുറിച്ച്
ഒരു നാടിന്റെ സമ്പന്നതയെയും സംസ്കാരത്തെയും വെളിപ്പെടുത്തുന്നവയാണ് അവിടത്തെ കമ്പോളങ്ങള്‍. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകളില്‍ ഏറെ ആകര്‍ഷകമായി തോന്നിയവയില്‍ മുന്നില്‍ അവിടുത്തെ വിപണികള്‍ തന്നെ. കൗതുകങ്ങളും ആശ്ചര്യവും നിറയുന്ന കാഴ്ചവട്ടങ്ങളാണവിടെയെല്ലാം. വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞ, എണ്ണിയാല്‍ തീരാത്ത ഉത്പന്നങ്ങളുടെ ശ്രേണികള്‍. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും മത്സ്യ-മാംസങ്ങളും നിറഞ്ഞ മാര്‍ക്കറ്റുകള്‍. തനത് വിപണന തന്ത്രങ്ങളും ഭരണ സംവിധാനങ്ങളുമുള്ള, അടുക്കും ചിട്ടയുമുള്ള അമ്മക്കമ്പോളങ്ങളും പൊതുമാര്ക്കറ്റുകളുമാണ് കൂടുതലും. അവയുടെ നേര്‍ക്കാഴ്ചകളിലൂടെ...
ആന്‍ഡ്രോയിലെ ഗ്രാമച്ചന്ത
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍നിന്ന് ആന്‍ഡ്രോ തടാകത്തിലേക്കുള്ള യാത്രാമധ്യേയാണ് ഈ കൊച്ചു ഗ്രാമച്ചന്ത. ഇംഫാല്‍ ഹൈവേ വിട്ട് വണ്ടി ചെറിയ റോഡിലേക്ക് കടന്നപ്പോള്‍ ചുറ്റും കൃഷിയിടങ്ങളും വീടുകളും കാണാം. ധാരാളം മുളകളും വന്മരങ്ങളും ഉള്ള പ്രദേശം. പച്ചക്കറികളും വാഴയും പഴച്ചെടികളും വിളയുന്ന ഭൂമി. അവക്കിടയിലൂടെ ചെറിയ ഒരു കവലയിലെത്തി. ഇംഫാലിന്റെ കിഴക്കന്‍ പ്രവിശ്യയിലുള്ള ആന്‍ഡ്രോ ഏരിയയില്‍ പെട്ട ഒരു കൊച്ചു ടൗണ്‍ ആണിത്. ചെറിയ തുണിക്കടകളും ഇറച്ചിക്കടകളും മീന്‍സ്റ്റാളുകളും പഴം-പച്ചക്കറി സ്റ്റാളുകളുമടങ്ങുന്ന ഒരു തനി ഗ്രാമവിപണിയുടെ നടുവില്‍.
റോഡിനോട് ചേര്‍ന്ന് പൊരിയും ബജിയും ചായയും കാപ്പിയും കിട്ടുന്ന രണ്ടുമൂന്നു കടകളുണ്ട്. അവിടേക്ക് കയറി. ചായക്ക് ഓര്‍ഡര്‍ കൊടുത്തു. അടുപ്പത്ത് ഒരു വലിയ ചീനച്ചട്ടിയില്‍ എണ്ണ തിളച്ചുമറിയുന്നു. അതിനടുത്ത് ഒരു പാത്രത്തില്‍ ഏതോ ഒരിനം പുല്ല് അരിഞ്ഞുവച്ചിട്ടുണ്ട്. സമീപത്തായി ഒരു ചരുവത്തില്‍ കുഴച്ചുവച്ച മാവും. പുല്ല് മാവില്‍ മുക്കിയെടുത്ത് എണ്ണയിലിട്ട് പൊരിച്ചെടുക്കുകയാണ് ഒരമ്മ. നിമിഷങ്ങള്‍ക്കകം മൊരിഞ്ഞുവന്ന പുല്ലുബജി കൊതിയോടെ തിന്നുനോക്കി. സൂപ്പര്‍ സ്വാദ്. ഇതുവരെ പരിചയമില്ലാത്തൊരു വിഭവം.
കറുമുറേ ശബ്ദത്തില്‍ അത് വായിലിട്ട് ചവച്ചു. വീണ്ടും വീണ്ടും കഴിച്ചു. അതിനിടെ ചായ കിട്ടി. ഒന്നാന്തരം മസാലച്ചായ. അടുപ്പിനോട് ചേര്‍ന്ന് കനലില്‍ വച്ച കെറ്റിലിലാണ് ചായ തയാറാക്കുന്നത്. ചായപ്പാത്രത്തില് സര്‍വസുഗന്ധിയും വേറെ ചില സുഗന്ധയിലകളും ഇട്ടിട്ടുണ്ട്. അതിനിടയില്‍ ആ അമ്മയുടെ അനുവാദം വാങ്ങി പുല്ലുബജി സ്വന്തമായി തയാറാക്കി. അതിന്റെ പാകവും പരുവവും അവര്‍ പറഞ്ഞുതന്നു. ഇലക്കറികളും ഇലകൊണ്ടുള്ള വിഭവങ്ങളും വടക്കുകിഴക്കന്‍ ഭക്ഷണത്തില്‍ പ്രധാനമാണ്. പുല്ലുബജി കൂടാതെ വറപൊരി സാധനങ്ങളുമുണ്ട്; മുളകുബജി, കായബജി, കടലപ്പൊരി എന്നിങ്ങനെ. അടുത്തുള്ള കടകളിലുമുണ്ട് ഇതെല്ലാം. അതൊക്കെ ഇഷ്ടംപോലെ വാങ്ങി വയറുനിറച്ചു.
അടുത്തുള്ള പച്ചക്കറി സ്റ്റാളുകളിലും വയസ്സായ അമ്മമാരാണ് കച്ചവടക്കാര്‍. തറയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതില്‍ പച്ചക്കറികളും പഴങ്ങളും നിരത്തിയിരിക്കുന്നു; വളരെ കുറഞ്ഞ അളവിലും എണ്ണത്തിലും. കൂടെ ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങളും ചീരയിനങ്ങളും കടുകിന്റെയും ഉള്ളിയുടെയും ഇളം തണ്ടുകളുമുണ്ട്. അവ ചെറിയ കെട്ടുകളായാണ് വച്ചിരിക്കുന്നത്. പുരയിടകൃഷിയിലൂടെ വിളവെടുത്തവയാണ് ഇതില്‍ മിക്കതും. പച്ചക്കറികളില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് മുളകിനങ്ങളാണ്. പലതരം മുളകുകള്‍ ചെറിയ കൂനകളായി കാണാം. നല്ല പച്ച നിറമുള്ള നീളന്‍ മുളക്, കുറിയന് മുളക്, വെള്ള, പച്ച തുടങ്ങിയ കാന്താരി വര്‍ഗങ്ങള്‍, വയലറ്റ് മുളക്, ഒപ്പം വടക്കുകിഴക്കിന്റെ തനിവിളയായ കിങ്ങ് ചില്ലിയും. എരിവുകൂടിയ ഇനമാണിത്. ചുവപ്പും ഓറഞ്ചും മഞ്ഞയും കൂടിക്കലര്‍ന്ന, നീളം കുറഞ്ഞ് മാംസളമായ മുളകുവര്ഗമാണിത്. അവക്ക് എപ്പോഴും ഡിമാന്‍ഡും കൂടുതലാണ്.
ഒരു ഷീറ്റില്‍ പച്ചക്കറികളും മറ്റും നിരത്തി ഒരിടത്ത് വയസ്സായ ഒരമ്മയിരിപ്പുണ്ട്. അരിവാള്‍ കൊണ്ട് വളരെ ശ്രദ്ധയോടെ, പുഴുങ്ങിയെടുത്ത മഞ്ഞള്‍ അരിഞ്ഞുകൂട്ടുകയാണവര്. അതിന്റെ മണവും പരക്കുന്നുണ്ട്. ആരും നോക്കിനിന്നുപോകും. മറ്റൊരിടത്ത് ഓറഞ്ചും തക്കാളിയുമൊക്കെ നിരത്തിയത് കണ്ട് വില ചോദിച്ചു. ഓറഞ്ചിനു 20 രൂപ. നാട്ടില്‍ 100 രൂപയാണ് അപ്പോള്‍ ഓറഞ്ചിന്റെ വില. മാതളത്തിനും അതേ വില. നാട്ടില്‍ 150 രൂപയും.
മാര്‍ക്കറ്റിന്റെ വേറൊരു ഭാഗത്താണ് ഇറച്ചിക്കടകളും മീന്‍കടകളും. അവിടെയും സ്ത്രീകളാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇറച്ചി വെട്ടിനുറുക്കി തൂക്കിക്കൊടുത്ത് കാശ് വാങ്ങുന്നതും അവര്‍ തന്നെ. കശാപ്പുകാരായ കുറേ സ്ത്രീകളെ ആദ്യമായി ഒരുമിച്ച് കണ്ടു. നല്ല ഉശിരുള്ള മധ്യവയസ്കരായ പെണ്ണുങ്ങള്. കൈയില്‍ വെട്ടുകത്തിയുമായി നില്ക്കുന്ന അവരുടെ മുഖത്തും കാണാം ഒരു തരം വീര്യഭാവം. നല്ല വൃത്തിയും വെടിപ്പുമുള്ള മാര്‍ക്കറ്റാണിത്. മത്സ്യവിഭവങ്ങളും മാംസവിഭവങ്ങളും ധാരാളം കഴിക്കുന്നവരാണ് ഇന്നാട്ടുകാരെന്ന് ഈ മാര്‍ക്കറ്റുകള്‍ ബോധ്യപ്പെടുത്തിത്തന്നു.
ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു. വടക്കുകിഴക്കന്‍ പെണ്‍ജീവിതങ്ങളുടെ ചുറുചുറുക്കും ഉത്സാഹവും നേരില്‍ കണ്ടു. ജീവിതം അധ്വാനത്തിന്റെ ആകത്തുകയാണ് എന്നറിഞ്ഞ് മുന്നോട്ടുപോകുന്ന സ്ത്രീകള്‍. തുച്ഛമായ വരുമാനക്കാരും സ്വയംതൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്നവരുമാണ് ഇവിടത്തുകാര്‍. മണ്ണില്‍ പണിയെടുത്ത് വിളവെടുത്ത് വിപണിയിലെത്തിക്കുന്നവര്. അഭിമാനികളായ വീട്ടമ്മമാര്‍. ഇതൊരു പ്രാദേശിക വിപണന കേന്ദ്രമാണ്. ചെറുകിട കച്ചവടങ്ങളുടെ വിപണി. പല വിഭവങ്ങള്‍ ഒരേ കൂരക്കു കീഴില്‍ ഒരുമിപ്പിച്ചു കൊണ്ടുപോകുന്ന ഒരു കൂട്ടു സംരംഭം. ഒട്ടനേകം ഗ്രാമീണരുടെ ജീവിതമാര്‍ഗം.
തടാകതീരത്തെ പീടികകൾ
കുറെ മുന്നോട്ട് ചെന്നപ്പോള്‍ ആന്‍ഡ്രോ തടാകത്തിന് മുന്നിലെത്തി. അവിടെയും കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നുണ്ട്. വലിയ ബഹളമൊന്നുമില്ല. കുറെ നീളത്തില്‍ കാണുന്ന കൊച്ചു കൊച്ചു കടകള്‍. തിന്നാനും കുടിക്കാനും മുറുക്കിത്തുപ്പാനും സൗകര്യമൊരുക്കുന്ന ചില്ലറ വില്പനശാലകള്. വിവിധയിനം പൊരിക്കടലയും കപ്പലണ്ടി മിഠായിയും പഴവര്ഗ്ഗങ്ങളുമെല്ലാമുണ്ട്. പക്ഷേ മിതമായ എണ്ണത്തിലും അളവിലും മാത്രം. മലരും പൊരിയും ശര്‍ക്കരയും അരിഞ്ഞ ക്യാബേജും കൂട്ടിയിളക്കിയ എരിവുള്ള ഒരു പൊരിമിക്സ്ചര് അവിടുന്ന് വാങ്ങിക്കഴിച്ചു. പുതുരുചിയുടെ മറ്റൊരനുഭവം. പൈനാപ്പിളും പുഴുങ്ങിയ കിഴങ്ങുകളും പഴങ്ങളുമുണ്ട്. ഇവിടെയും വില്‍പ്പനക്കാര്‍ സ്ത്രീകള്‍ തന്നെ. സാധനങ്ങള്‍ എടുത്തുകൊടുക്കാനും കൃത്യമായി കാശുവാങ്ങാനും അവര്‍ മിടുക്കികളാണ്. പെണ്ണുങ്ങളുടെ മിടുക്കും കരുത്തും ഈ പ്രദേശത്തു വന്ന് കണ്ടറിയണം. ഏതു കാര്യവും എളുപ്പത്തില്‍ നടത്തി സധൈര്യം മുന്നോട്ടുപോകുന്ന സ്ത്രീകളാണിവര്‍. അവരുടെ അധ്വാനം തന്നെയാണ് അവരുടെ കൈമുതലും ആത്മവിശ്വാസവും.
തടാകത്തിനു ചുറ്റും നടന്നപ്പോള്‍ കരകൗശല വസ്തുക്കളുടെയും ആഭരണങ്ങളുടെയും സ്റ്റാളുകള്‍ കണ്ടു. കൗമാര യൗവനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പലതുമുണ്ടിവിടെ. മണ്ണുകൊണ്ടുള്ള ആമകള്‍, മൃഗരൂപങ്ങള്‍, പൂപ്പാത്രങ്ങള്‍, കാതിലോലകള്‍, ജിമുക്കികള്‍, പല നിറമുള്ള വളകളും മാലകളും എന്നിങ്ങനെ പലതും. മുളകൊണ്ടുള്ള ഉല്പന്നങ്ങള് വേറെയുമുണ്ട്.
ഒന്നുരണ്ടു കിറ്റുകളില്‍ നിറയെ മാങ്ങയും വച്ചിട്ടുണ്ട്. ഇതിന്റെയെല്ലാമിടയില് വേറിട്ട ഒരു കൗതുക വസ്തു കണ്ടു. ഒരു പാത്രത്തില്‍, റോസാപ്പൂവുകള്‍ വരച്ച, പെന്‍സില്‍പോലെ നീണ്ട കോലുകള്‍. തടിയില്‍ രൂപകല്പന ചെയ്തതാണവ.
വെളുത്ത ഭംഗിയുള്ളൊരു നീളന്‍ കോല് എടുത്തുനോക്കി. എന്താണെന്നു പിടികിട്ടിയില്ല. കടയുടമയോട് ചോദിച്ചു. അവര്‍ ചിരിച്ചുകൊണ്ട് മണിപ്പൂരി ഭാഷയില്‍ എന്തോ പറഞ്ഞു. ഒന്നും മനസ്സിലായില്ല. പെന്‍സിലാണോ, അതോ മുടിയില്‍ തിരുകിവെക്കാനുള്ള സ്റ്റിക്കോ? പിടികിട്ടുന്നില്ല. അത് മനസ്സിലാക്കി അവര്‍ ചിരിച്ചുകൊണ്ട് വീണ്ടും ആംഗ്യഭാഷയില്‍ എന്തൊക്കെയോ പറയുന്നു. വളരെ ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി. ഇതൊരു പ്രണയക്കമ്പാണ്. ആണ്‍കുട്ടികള്‍ പ്രണയിനികള്‍ക്ക് ഇഷ്ടസൂചകമായി കൈമാറുന്ന സമ്മാനം. ഇവിടെ ഇതിന് വലിയ ഡിമാന്‍ഡാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേട്ടപ്പോള്‍ രസം തോന്നി. വിപണിയിലെ രസക്കാഴ്ചയില്‍ ആ പ്രണയക്കമ്പ് നിറഞ്ഞുനിന്നു.
ഇംഫാലിലെ ഗരിയന്‍ മാര്‍ക്കറ്റ്
ഇംഫാലില്‍നിന്ന് വെസ്റ്റിലേക്കുള്ള വഴിയിലാണ് ഗരിയന്‍ മാര്‍ക്കറ്റ്. വഴിനിറയെ കൃഷിപ്പാടങ്ങളാണ്. അതിന് നടുവിലൂടെ കുറെ ചെന്നപ്പോള്‍ റോഡരികു നീളെ മാര്‍ക്കറ്റ് കാണാം. വഴിക്കച്ചവടമാണിത്. നാഗാലാന്‍ഡില്‍നിന്ന് മണിപ്പൂരിലേക്ക് വന്നപ്പോഴും ഈ മാര്‍ക്കറ്റ് കണ്ടിരുന്നു. അന്നിവിടെ ഇറങ്ങാന്‍ പറ്റിയില്ല. ഏതായാലും ഇപ്പോള്‍ ഇറങ്ങിയിട്ട് തന്നെ കാര്യം എന്നുറച്ച് വണ്ടി നിര്‍ത്തി.
ടിന് ഷീറ്റും പോളിത്തീന്‍ ഷീറ്റും കൊണ്ട് മേല്‍ക്കൂരയുള്ള, മരപ്പലകകൊണ്ട് തട്ടുകള്‍ പണിത് സൗകര്യപ്പെടുത്തിയ വഴിച്ചന്തയാണിത്. സമീപത്തെ ഒരു മരത്തില്‍ ഗരിയന്‍ മാര്‍ക്കറ്റ് (Ngariyan market) എന്നെഴുതിയ ബോര്‍ഡുമുണ്ട്. സര്‍ക്കാര്‍ അംഗീകൃത മാര്‍ക്കറ്റാണിത്. ലൈസന്‍സുള്ള സ്ത്രീകള്‍ നടത്തുന്ന ഒരു സംയുക്ത സംരംഭം. പരമ്പരാഗത മണിപ്പൂരിവേഷം ധരിച്ച സ്ത്രീകളാണ് കൂടുതലും. എട്ടുപത്തുപേരുണ്ട്. ചന്തമുള്ള മണിപ്പൂരി മഹിളകള്‍. അവര്‍ക്ക് ചുറ്റും വര്‍ണ്ണഭംഗിയുള്ള പഴക്കൂടകള്‍. പഴവര്‍ഗ്ഗങ്ങളാണ് അധികവും. കൂടെ പച്ചക്കറികളും കായല്‍ മത്സ്യങ്ങളുമുണ്ട്. പഴങ്ങളുടെ വില ചോദിച്ചു. എല്ലാത്തിനും 250 രൂപ. നമ്മുടെ നാട്ടിലേക്കാള്‍ കൂടിയ വില തന്നെ. പക്ഷെ ജൈവകൃഷിയിലൂടെ ഉല്പാദിപ്പിച്ചവയാണവ. ചെറുകിട കൃഷിയും കച്ചവടവുമായി ജീവിക്കുന്നവരാണ് ഇവിടെയും കച്ചവടം നടത്തുന്നത്. ഇടനിലക്കാരില്ലാത്ത വിപണി.
ചെറുതെങ്കിലും വളരെ ആകര്‍ഷകമായ വിഭവങ്ങള്‍ നിറഞ്ഞ തെരുവോര വിപണിയാണിത്. പല നിറമുള്ള അരിനിറഞ്ഞ ചാക്കുകള്‍ കണ്ടപ്പോള്‍ രസം തോന്നി. അടുത്തുചെന്ന് നോക്കി. വളരെ ചെറിയ അരിമണികള്‍. ബസ്മതിയും വടക്കുകിഴക്കിന്റെ തനിമണികളുമാണ് കൂടുതലും. ഔഷധഗുണമുള്ളതും, ഗോത്രവിഭാഗങ്ങള്‍ മലഞ്ചെരിവുകളില്‍ വിതച്ചുകൊയ്തെടുത്തതുമായ അരിയും മറ്റുധാന്യങ്ങളുമുണ്ടിവിടെ. ചാമ, ചോളം, ബാര്‍ലി, തിന, വരക് എന്നിവയെല്ലാം കാണാം. വയലറ്റ്, ചാര, കറുപ്പ്, ബ്രൗണ്‍, വെള്ള തുടങ്ങിയ നിറമുള്ളവയാണ് അരിമണികളില്‍ ഏറെയും. ഈ ചെറുമണികളില് ചിലതൊക്കെ ആദ്യമായി കാണുകയാണ്. കൗതുകം കൊണ്ട് കുഞ്ഞരിമണികള് കൈക്കുമ്പിളില്‍ വാരിയെടുത്തു. അരിച്ചാക്കില്‍ ചെറിയ പാട്ടകൊണ്ടുള്ള അളവുപാത്രങ്ങളുമുണ്ട്. ധാന്യങ്ങളും പരിപ്പുവര്ഗങ്ങളും പയറുമൊന്നും ഇവിടെ തൂക്കിവില്ക്കുന്ന ഏര്‍പ്പാടില്ല. അളന്നുകൊടുക്കുന്ന രീതിയാണ്.
നാട്ടില്‍ കിട്ടാത്ത ഔഷധഗുണമുള്ള അരി കുറച്ച് വാങ്ങിക്കാമെന്നോര്‍ത്ത് വില ചോദിച്ചു. ഹിന്ദിയിലാണ് ചോദിച്ചത്. ഉടമസ്ഥ മിണ്ടിയില്ല. നേരെ നോക്കിയതുപോലുമില്ല. ഒന്നുരണ്ട് വട്ടം കൂടി ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ അവരുടെ ഭാഷയില്‍ കടുത്ത വാക്കുകള്‍ തുരുതുരാ പുലമ്പാന്‍ തുടങ്ങി. ഞാന്‍ അന്തം വിട്ടു നിന്നു. ഇംഗ്ലീഷില്‍ വീണ്ടും ചോദിച്ചു. അവര്‍ തീരെ താല്പര്യമില്ലാത്ത മട്ടില്‍ പിന്നെയും പിറുപിറുക്കുന്നു. എന്തതിശയമേ എന്നോര്‍ത്ത് കുന്തം വിഴുങ്ങിയ മാതിരി നിന്ന എന്നോട് സഹയാത്രികരും കൂട്ടുകാരും ചിരിച്ചുകൊണ്ട് പറഞ്ഞു, മനസ്സിലായില്ല അല്ലേ, ഇവിടെ നില്‍ക്കണ്ട, അവര്‍ പറയുന്നത് ചുരുളിയാണെന്ന്. പിന്നെ അവിടെ നിന്നില്ല. മറ്റൊരു കടയിലേക്ക് നീങ്ങി. ഭാഗ്യം. ഒരു ഭാഷയറിയാത്തത്കൊണ്ട് ഞാന്‍ ആദ്യമായി അഭിമാനം പൂണ്ടു. എങ്കിലും അരി മാത്രമല്ല, പിന്നീടൊന്നും വാങ്ങാന്‍ തോന്നാത്ത തരത്തിലുള്ള ഒരു തരം അനുഭവം ഉള്ളില്‍ കിടന്ന് തിങ്ങി. ഹിന്ദിയോടും ഇന്ത്യക്കാരോടുമുള്ള വെറുപ്പ് ആ സ്ത്രീയില്‍ എന്തുകൊണ്ടോ നിറഞ്ഞിരുന്നു എന്നതിന്റെ സൂചനയാണിത്. പലരും അത് മുമ്പ് പറഞ്ഞുകേട്ടിട്ടുമുണ്ട്. അതിപ്പോള്‍ നേരിട്ട് ബോധ്യപ്പെട്ടു. അത്ര മാത്രം.
മണിപ്പൂരിന്റെ മക്കളില്‍ ചിലരെങ്കിലും ഇങ്ങനെയാണ്. തികഞ്ഞ സ്വത്വവാദികളാണവര്. അവരുടെ തട്ടകത്തില്‍ അവര്‍ മറ്റാരെയും വകവെക്കില്ല. കയ്പ്പേറിയ മുന്‍കാല അനുഭവങ്ങളില്‍ നിന്നുമുണ്ടായ അമര്‍ഷത്തില്‍ നിന്നും ഉടലെടുത്ത വാക്കുകളായിരുന്നു അതെന്ന് പിന്നീട് ബോധ്യപ്പെട്ടു. സൗന്ദര്യ കാഴ്ചകള്‍ക്കൊപ്പം ഇത്തരം എത്രയോ കടുത്ത അനുഭവങ്ങളുടെ കാണാക്കാഴ്ച്ചകള്‍ ഇനിയുമുണ്ടാകും എന്നോര്‍ത്തു.
മണിപ്പൂരിലെ ഇമാ കെയ്ത്തൽ
മണിപ്പൂരിലെ ഇമാ കെയ്ത്തല്‍ എന്ന അമ്മക്കമ്പോളം പ്രശസ്തമാണ്. പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഇമാ മാര്‍ക്കറ്റ്, ഇമാ കെയ്ത്തല്‍ (അമ്മമാരുടെ മാര്‍ക്കറ്റ്), നൂപി കെയ്ത്തല്‍ (വനിതാ മാര്‍ക്കറ്റ്) എന്നെല്ലാം അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലുപ്പമുള്ളതും പഴക്കമേറിയതുമായ വനിതകളുടെ കമ്പോളം എന്ന ഖ്യാതികൂടി ഇതിനുണ്ട്. മണിപ്പൂരിന്റെ ടൂറിസം സങ്കേതവും സമ്പദ്ഘടനയുടെ താക്കോലുമാണ് ഇമാ കെയ്ത്തല്‍.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് ഇമാ മാര്‍ക്കറ്റ്. മൂവായിരത്തിലധികം വരുന്ന മണിപ്പൂരി അമ്മമാരുടെ കൂട്ടു സംരംഭമാണിത്. ഏതാണ്ട് ആറായിരത്തില്പരം കുടുംബിനികള്‍ ഈ വിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെയും പിന്തുണ ഇമാ മാര്‍ക്കറ്റിനുണ്ട്. സ്ത്രീ സംഘങ്ങള്‍ നടത്തുന്ന, സ്ത്രീകള്‍ ഭരിക്കുന്ന, സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയാണിത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ലഭിക്കുന്ന ഇമാ കെയ്ത്തലിന്റെ ഭരണചക്രം കച്ചവടക്കാരായ സ്ത്രീകളുടെ കൈയിലാണ്.
സ്ത്രീകളെ ആദരവോടെയും കരുതലോടെയും കാണുന്നതിന്റെ സൂചകമാണിത്. 'പെണ്മകള് വാഴും പെരിയ ഇടങ്ങള്‍' എന്നു തന്നെ ഇവയെ വിശേഷിപ്പിക്കാം. ഇമാ മാര്‍ക്കറ്റ് മണിപ്പൂരിന്റെയെന്നല്ല, വടക്കുകിഴക്കിന്റെ വരുമാന സ്രോതസ്സു കൂടിയാണ്. അധ്വാനിക്കുന്ന പെണ്‍പെരുമയുടെ കൈകളില്‍ ഭദ്രമാണ് ഈ നാടും കുടുംബങ്ങളും.
തലമുറകളായി കൈമാറിവരുന്ന കച്ചവട ശൃംഖലയുടെ നേര്ക്കാഴ്ചകളാണിവിടെ. മധ്യവയസ്കരും മുതിര്‍ന്ന അമ്മമാരും മാത്രമാണ് മാര്‍ക്കറ്റിന്റെ നടത്തിപ്പുകാര്‍. ഏതാണ്ട് 45 മുതല്‍ 75 വരെ പ്രായമായ അമ്മമാരെ ഇവിടെക്കാണാം. മൂടിപ്പുതച്ചും തലയില്‍ തട്ടമിട്ടും പാരമ്പരാഗത വേഷമിട്ടവര്‍. അവര്‍ക്കൊപ്പം അവരുടെ പെണ്മക്കളുമുണ്ട്. അമ്മമാര്‍ക്കും വിവാഹിതരായവര്‍ക്കും മാത്രമാണ് മാര്‍ക്കറ്റില്‍ കച്ചവടം നടത്താനുള്ള അനുവാദം. അവര്‍ കൈവഴികളായി പകരുന്ന പാരമ്പര്യ കച്ചവടമാണിത്.
ഇമാ കെയ്ത്തലിലേക്കുള്ള വഴിനീളെ ചെറുകിട കച്ചവടക്കാരായ വീട്ടമ്മമാരുണ്ട്. കടലയും ഉണക്ക മുളകും പുളിയും പരിപ്പും കപ്പലണ്ടി മിഠായിയും ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി വില്ക്കുന്നവര്. ഉണക്കപ്പലഹാരങ്ങളും കുട്ടിയുടുപ്പുകളും തൊപ്പികളും കൊച്ചുകൊച്ചു പാത്രങ്ങളും പഴങ്ങളും വില്ക്കുന്നവര്. ഇവയെല്ലാം ഏറിയാല്‍ പത്തോ ഇരുപതോ പാക്കറ്റുണ്ടാകും.
സാധനങ്ങള്‍ നിരത്തിവച്ച് അവക്ക് സമീപം ഒന്നും രണ്ടും പേര് വീതം വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ആരെയും ശ്രദ്ധിക്കുന്നു പോലുമില്ല. വഴിയേ പോകുന്നവരെ മാടിവിളിച്ച് കച്ചവടത്തിന് ധൃതി കൂട്ടുന്നുമില്ല. ഈ വടക്കുകിഴക്കന്‍ യാത്രയില്‍ ഉടനീളം തോന്നിയ ഒരു കാര്യമുണ്ട്: കച്ചവടക്കാരാരും പ്രത്യേകിച്ച് സ്ത്രീകളുടെ മാര്‍ക്കറ്റുകളില്‍ അവര്‍ ആരെയും സാധനങ്ങള്‍ വാങ്ങാന്‍ ക്ഷണിക്കുന്നില്ല. വില പേശലുമില്ല. ആവശ്യക്കാര്‍ വേണ്ട സാധനങ്ങള്‍ എടുത്ത് കാശുകൊടുത്ത് തിരികെപോകുന്നു. അവരുടെ ഉത്പന്നങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഒപ്പം വാങ്ങുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണയും.
വഴിയില്‍ നിന്നും പത്തു രൂപക്ക് പട്ടാണിക്കടലയുടെ പാക്കറ്റ് വാങ്ങി കൊറിച്ചുകൊണ്ട് മുന്നോട്ടുനടന്നു. നടപ്പാതയുടെ ഇടതുവശം തിരക്കേറിയ റോഡാണ്. വലതുവശത്താണ് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഇമാ മാര്‍ക്കറ്റ്. നടന്നുനീങ്ങുമ്പോള്‍ സാമാന്യം വലിപ്പമുള്ള സ്റ്റാളുകള്‍ കാണാം. മുന്നോട്ട് ചെല്ലുമ്പോള്‍ കടകളുടെ സാന്നിധ്യം കൂടിക്കൂടി വരുന്നു. ഒരിടത്ത് മുളകളില്‍ തീര്‍ത്ത ഒട്ടനേകം വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നു. അലങ്കാരവസ്തുക്കളും അടുക്കള ഉപകരണങ്ങളും ആഭരണങ്ങളും മുളയുല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്. വടക്കുകിഴക്കിന്റെ പരമ്പരാഗത കരവിരുതിന്റെ ഉത്പന്നങ്ങളാണിവ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ജീവിതമാര്ഗമാണിതെല്ലാം. സ്വയം തൊഴില്‍ സംരംഭങ്ങളും സാമൂഹിക വികസന മേഖലയുമെല്ലാം ഇവര്‍ക്ക് പിന്തുണയേകുന്നു. അതിന് തെളിവായി NATIONAL MENTAL HEALTH PROGRAMME എന്നെഴുതിയ ബോര്‍ഡും കാണാം. സ്ത്രീകളുടെ മാനസിക വികസനം ലക്ഷ്യമിട്ടുള്ള കൂട്ടുസംരംഭമാണിത്.
ഇമാ മാര്‍ക്കറ്റില്‍ ഏറെ ആകര്‍ഷകമായി തോന്നിയ മറ്റൊന്ന് ഇരുമ്പുപാത്രങ്ങളുടെയും വിളക്കുകളുടെയും ശേഖരമാണ്. തൂക്കുവിളക്കുകള്‍, പാട്ടവിളക്കുകള്‍, കുപ്പിവിളക്കുകള്, കുട്ടിവിളക്കുകള്, റാന്തലുകള്‍, ചിമ്മിനികള്‍, ചിരാതുകള്‍... തുടങ്ങി തണുപ്പില്‍ തീകായാനുള്ള പാട്ടകൊണ്ടുള്ള അടുപ്പുകളുമുണ്ട്. ഇത്തരം അടുപ്പുകളില്‍ വിറകും കല്‍ക്കരിയും നിറച്ച് കനലെരിയുന്ന കാഴ്ച ഇതിനോടകം ഈ യാത്രയില്‍ പലയിടങ്ങളിലും കണ്ടുകഴിഞ്ഞു. അവ പല വലുപ്പത്തിലുണ്ട്.
ഹാന്‍ഡ്ലൂം എമ്പോറിയങ്ങളുടെ നിരനിരയായ കടകളുണ്ടിവിടെ. നിരവധി വീട്ടുപകരണങ്ങളുടെയും തുണിത്തരങ്ങളുടെയും പ്രദര്‍ശന ശാലയാണിത്. അവ തോരണങ്ങള്‍ പോലെ നിരത്തിയും കാണാം. വര്‍ണപ്പകിട്ടുള്ള കാഴ്ച. പരമ്പരാഗത തറികളില്‍ നെയ്തെടുത്ത അഴകും മിനുപ്പുമുള്ള തുണിത്തരങ്ങള്‍ ആണ് കൂടുതലും. തണുപ്പുകാല വസ്ത്രങ്ങളും ആധുനിക ഫാഷന്‍ ഉടയാടകളുമുണ്ട്. അവക്കൊക്കെ താങ്ങാവുന്ന വിലയുമാണ്. കമ്പിളിയുടുപ്പുകളും തൊപ്പികളും ബ്ലാങ്കറ്റുമെല്ലാം ചിലര്‍ വാങ്ങി. ഒരു ചുവന്ന തൊപ്പിയും സോക്സും ഷാളും ഞാനും വാങ്ങി. പിന്നെ മുന്നോട്ടു നടന്നു; ഇമാ മാര്‍ക്കറ്റിന്റെ ഉള്ളറകളിലേക്ക്.
സിമന്റിട്ടു പണിതുയര്‍ത്തിയ വിശാലമായ മാര്‍ക്കറ്റ് സമുച്ചയമാണിത്. മാര്‍ക്കറ്റിനുള്ളില്‍ നിറയെ സ്റ്റാളുകളും അവിടെ ഇരിപ്പുറപ്പിച്ച അമ്മമാരെയും കാണാം. ഓരോരോ ഉത്പന്നങ്ങളുമായെത്തിയ കച്ചവടക്കാരാണവര്‍. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് പേരുകേട്ട നാടുകൂടിയാണ് നോര്‍ത്ത് ഈസ്റ്റ്. അതുകൊണ്ട് തന്നെ ചൂണ്ടയും ഒറ്റാലും പല കണ്ണിയകലമുള്ള വലകളും വിവിധ രൂപങ്ങളിലുള്ള മീന്‍കൂടുകളും ഇവിടെയുണ്ട്. എല്ലാം കൗതുകം നിറയുന്ന കാഴ്ചവട്ടങ്ങള്‍.
വൃത്തിയും വെടിപ്പുമുള്ള മാര്‍ക്കറ്റും പരിസരവുമാണിത്. ഒരുപാടു കുടുംബങ്ങളുടെ ജീവിതമാര്‍ഗം. പെണ്‍പെരുമയുടെ കരുത്തില്‍, കരുതലില്‍, മുന്നേറുന്ന വിപണി. ലോകചരിത്രത്തില്‍, ലോകഭൂപടത്തില്‍, പെണ്‍കരുത്തിന്റെ കഥകളില്‍, അതിലുപരി വടക്കുകിഴക്കിന്റെ സാമ്പത്തിക ഭൂപടത്തില്‍ അടയാളപ്പെടുത്തിക്കഴിഞ്ഞ ഒരു മാതൃകാസ്ഥാപനമാണ് ഇമാ മാര്‍ക്കറ്റ്. മതിപ്പും ആദരവും അര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളാണിവിടെ എന്ന് പറയാതെ വയ്യ.