ഹറമിലൊരു ഇഅ്തികാഫ്
പലതവണ ഹറമില്‍ ഇഅ്തികാഫ് ഇരിക്കാനായതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു
സ്ത്രീകള്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കും എന്ന് കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ അത്ഭുതമായിരുന്നു. വീട്ടുകാര്യങ്ങളൊക്കെ കഴിഞ്ഞ് അവര്‍ക്കെങ്ങനെ ഇഅ്തികാഫ് ഇരിക്കാനാവും എന്നതായിരുന്നു ചിന്ത. എന്നാല്‍, അവരില്‍ അധികപേരും കുടുംബത്തോടൊപ്പമാണ് ഇഅ്തികാഫിന് വരുന്നത് എന്ന് ഹറമില്‍ എത്തിയപ്പോഴാണ് മനസ്സിലായത്. ഗര്‍ഭിണികളും കുഞ്ഞുങ്ങളും പ്രായമായവരുമൊക്കെ കൂട്ടത്തിലുണ്ടാവും.
പ്രവാചക പത്നിമാരുടെയും സ്വഹാബി വനിതകളുടെയുമൊക്കെ ചരിത്രം വായിക്കുമ്പോള്‍ അവരുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തനവും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. മക്കയിലും മദീനയിലും പോയാല്‍ അതിന്റെ നേര്‍ചിത്രങ്ങള്‍ കാണാം.
റമദാനിലെ അവസാനത്തെ പത്തില്‍ സുഊദി അറേബ്യയുടെ എല്ലാ ഭാഗത്തുനിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കുടുംബ സമേതം വന്ന് ഇഅ്തികാഫിനായെത്തുന്നവരില്‍ ചില കുടുംബങ്ങള്‍ മാത്രമാണ് റൂമിലേക്ക് പോകുന്നതു പോലും. അല്ലാത്തവര്‍ക്ക് അവിടെ തന്നെയാണ് ഉറക്കവും കുളിയും ഭക്ഷണവുമെല്ലാം.
ആദ്യമൊക്കെ നോമ്പിന് ഹറമില്‍ കുടുംബസമേതം പോയി തറാവീഹ് കഴിഞ്ഞ് മടങ്ങുമായിരുന്നെങ്കിലും പിന്നീട് ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ഒന്നിച്ച് മൂന്നാം ദിവസം വരെ ഹറമില്‍ ചെലവഴിക്കുന്ന രീതിയിലായി. കുട്ടികള്‍ നാട്ടില്‍ പഠിക്കാന്‍ പോയ സമയത്താണ് അവസാനത്തെ പത്തില്‍ ഇഅ്തികാഫിനായി ഹറമില്‍ പോകാന്‍ തുടങ്ങിയത്. 10 ദിവസം മുഴുവനായി ഇരിക്കാന്‍ പറ്റിയില്ല. എങ്കിലും കുറെ ദിവസങ്ങള്‍ അവസാനത്തെ പത്തില്‍ ഹറമില്‍ കഴിച്ചുകൂട്ടാന്‍ കഴിഞ്ഞു. ആ ദിവസങ്ങളിലെ ആത്മീയാനുഭൂതികള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ഒരിക്കല്‍ നിയ്യത്ത് വെച്ച് ഹറമില്‍ കയറിയാല്‍ പിന്നെ അവിടെനിന്ന് ഇറങ്ങാന്‍ ഇഷ്ടമുണ്ടാവില്ല. ഹറമില്‍ കയറി ഉംറ ചെയ്ത് ഇഅ്തികാഫ് ഇരിക്കാന്‍ തുടങ്ങുന്നതോടെ നമ്മള്‍ മറ്റൊരു ലോകത്തെത്തുന്ന പ്രതീതിയാണ്.
ഇഅ്തികാഫ് അല്ലാഹുവുമായി സന്ധിക്കലാണ്. അത്യാവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തു പോകാവൂ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുക. തികച്ചും വിശുദ്ധമായ ഒരു ജീവിതം. നോക്കിലും വാക്കിലും കേള്‍വിയിലും അപാകതകള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. റബ്ബ് കൂടെയുണ്ടെന്ന ചിന്ത സദാസമയവും നമ്മില്‍ ഉണ്ടായിരിക്കണം. റബ്ബിന്റെ കൂടെയുള്ള ഒരു ജീവിതം. ഐഹികമായ എല്ലാ കെട്ടുപാടുകളില്‍നിന്നും മുക്തമായി സര്‍വ ലോക സ്രഷ്ടാവായ നാഥനോട് മാത്രം കൂട്ടുകൂടുക... ഇത്തരം കാര്യങ്ങള്‍ക്കെല്ലാം ശ്രദ്ധ കിട്ടുന്ന അസുലഭ സന്ദര്‍ഭമാണ് ഇഅ്തികാഫ്. ഹറമിലെത്തുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു സുജൂദിന് പോലും സ്ഥലം കിട്ടാത്തത്ര തിരക്കുള്ള സമയമാണ് റമദാന്‍. കാരണം 'ഒരാള്‍ നോമ്പിന് ഉംറ ചെയ്താല്‍ ഹജ്ജിന്റെ പ്രതിഫലം ലഭിക്കും' എന്ന് നബി (സ) പറഞ്ഞതുകൊണ്ട് എങ്ങനെയെങ്കിലും നോമ്പുകാലത്ത് ഉംറ ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിശ്വാസികള്‍ ഒഴുകിയെത്തുന്ന ഹറമിലെ തിരക്ക് വിവരണങ്ങള്‍ക്കപ്പുറമാണ്.
ഇപ്പോള്‍ ഉംറ ചെയ്യാനുദ്ദേശിക്കുന്നവര്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യണം. മുമ്പ് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ആദ്യമൊക്കെ ഉംറ ചെയ്യാന്‍ പോകുമ്പോള്‍ ളുഹ്റിന് പോയി തറാവീഹ് കഴിഞ്ഞ് തിരിച്ചു വരും. ഹറമിലെ നോമ്പ് തുറ എല്ലാവര്‍ക്കും ഒരു ആഘോഷം പോലെയാണ്. ലക്ഷക്കണക്കിനാളുകള്‍ ഹറമില്‍ ഉണ്ടായാലും അവര്‍ക്കെല്ലാം നോമ്പ് തുറക്കാനുള്ള വിഭവം സുലഭമാണ്. ഈത്തപ്പഴവും മറ്റു പലഹാരങ്ങളും കിട്ടാത്തവര്‍ ആരുമുണ്ടാകില്ല.
നോമ്പ് തുറക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേസമയം ഭക്ഷണം ലഭിക്കണമല്ലോ. എല്ലാവരും ഇരിക്കുന്നിടത്ത് സുപ്ര വിരിച്ചു നോമ്പുതുറക്കാനുള്ള വിഭവം ബാങ്ക് കൊടുക്കുന്നതിനു മുമ്പേ എത്തിയിരിക്കുകയും വേണം. ഗവണ്‍മെന്റിന്റെ ഈത്തപ്പഴത്തിന് പുറമെ, കുറെ അറബി കുടുംബങ്ങളും അവരുടെ തോട്ടത്തില്‍നിന്നത് കൊണ്ടുവരികയും എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്യും. അത് അവര്‍ക്ക് വല്ലാത്ത സന്തോഷമാണ്. അതിനു പുറമെ അവരുടെ കുടുംബം വീട്ടില്‍ നിന്നും ഖഹ്വ, പലഹാരങ്ങള്‍, ഖുബ്സ്, ചീസ് പോലുള്ള ഒരുപാട് ഭക്ഷണസാധനങ്ങളും വിതരണം ചെയ്യും.
ഏറ്റവും വലിയ അത്ഭുതം, ലക്ഷക്കണക്കിനാളുകള്‍ നോമ്പു തുറന്ന സ്ഥലത്ത് മഗ്രിബ് നമസ്‌കാരം ആകുമ്പോഴേക്കും അവശിഷ്ടങ്ങളുടെ ഒരു പൊടി പോലുമില്ലാതെ മുഴുവന്‍ വൃത്തിയാക്കിയിരിക്കും എന്നതാണ്. മഗ്രിബിന് ശേഷം ചില ആളുകള്‍ വീട്ടിലേക്ക് പോയി തിരിച്ച് ഇശാ നമസ്‌കാരത്തിന് എത്തും. അവസാനത്തെ പത്തില്‍ പള്ളിയില്‍ ഇരിക്കുന്നവര്‍ അവരുടെ അത്യാവശ്യ സാധനങ്ങളുമായി പള്ളിയില്‍ കയറും. പിന്നെ അവരുടെ താമസം പള്ളിയില്‍ തന്നെ, ഉറക്കവും ഭക്ഷണവും അങ്ങനെ എല്ലാം. എല്ലാത്തിനും പള്ളിക്ക് പുറത്തും സൗകര്യമുണ്ട്.
ഹറമില്‍ കൂടെ കഴിയുന്നവരില്‍ പല നാടുകളില്‍ നിന്നുള്ളവരുണ്ടാവും. അവര്‍ ആദ്യം ചോദിക്കുന്നത്, 'നിങ്ങള്‍ എവിടെ നിന്നാണ്' എന്നാണ്. 'ഇന്ത്യയില്‍ നിന്നാണ്' എന്ന് പറഞ്ഞാല്‍ പിന്നത്തെ ചോദ്യം 'ഖുര്‍ആന്‍ അറിയുമോ' എന്നാണ്. 'അറിയും' എന്ന് പറഞ്ഞാല്‍ പാരായണം ചെയ്യാന്‍ പറയും. ഇന്ത്യയില്‍ നിന്നുള്ളവര്‍ മുസ്ലിംകളല്ലാത്തവരായിരിക്കും എന്ന വിചാരം കൊണ്ടാവാം. ഖുര്‍ആന്‍ ഓതിക്കൊടുത്താല്‍ അവര്‍ക്ക് അത്ഭുതമാണ്. പിന്നെയത് സ്നേഹമാവും. ഖുര്‍ആന്‍ ഓതാന്‍ ശരിക്കും അറിയാത്തവരുണ്ട്. നമ്മള്‍ വിചാരിക്കുന്നത് അവരുടെ ഭാഷ അറബിയല്ലേ; അതുകൊണ്ട് അവര്‍ക്കൊക്കെ ഖുര്‍ആന്‍ നല്ലോണം അറിയും എന്നാണ്. എന്റെ അടുത്തിരുന്ന ഒരു അറബി പറഞ്ഞു, അവര്‍ക്ക് ഖുര്‍ആന്‍ അറിയില്ല. പണ്ട് നമ്മുടെ നാട്ടില്‍ എഴുതാനും വായിക്കാനും അറിയാത്ത കുറെ സ്ത്രീകള്‍ ഉണ്ടായിരുന്നല്ലോ, അതുപോലെ. ഒന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ അവരുമായി നല്ല ബന്ധമാകും. ഓരോരുത്തരും പുറത്തുപോകുമ്പോള്‍ സാധനങ്ങള്‍ പരസ്പരം ഏല്‍പ്പിച്ച് പോകും. ഖുര്‍ആന്‍ പരസ്പരം തജ്വീദ് അനുസരിച്ച് ഓതിക്കള്‍പ്പിക്കും. ഞങ്ങള്‍ മലയാളികള്‍ ഒന്നിച്ചിരുന്ന് ഖുര്‍ആനും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തു പഠിക്കും. ഹറമില്‍നിന്ന് തിരിച്ചുപോകാനുള്ള സമയമെത്തുമ്പോള്‍ വല്ലാത്ത പ്രയാസമാണ്.
പല നാട്ടുകാരും ഭാഷക്കാരും പ്രകൃതക്കാരുമാണെങ്കിലും അവര്‍ക്കും നമുക്കുമിടയില്‍ ഒരു വ്യത്യാസവും തോന്നില്ല. അവര്‍ പറയുന്നത് നമുക്കും നമ്മള്‍ പറയുന്നത് അവര്‍ക്കും മനസ്സിലാവും. അതൊരു അത്ഭുതമാണ്. പിരിയുമ്പോള്‍ സങ്കടത്തോടുകൂടി സ്വര്‍ഗത്തില്‍ വച്ച് കാണാന്‍ പ്രാര്‍ഥിക്കണേ എന്ന അപേക്ഷയോടുകൂടിയാണ് പിരിയാറുള്ളത്.
ചിലര്‍ അവരുടെ നമ്പറും അഡ്രസ്സും തരും. എന്നെങ്കിലും വന്നാല്‍ ബന്ധപ്പെടണം എന്ന് പറഞ്ഞുകൊണ്ട്. ഹറമില്‍ കയറിയാല്‍ എല്ലാവരുടെയും ചിന്തയും മന്ത്രവും ഒന്നായിത്തീരുന്നു. എല്ലാവരും അല്ലാഹുവിലേക്ക് തിരിയുന്നു. അല്ലാഹുവിന്റെ പ്രീതി വഴി സ്വര്‍ഗം നേടിയെടുക്കണം എന്ന ഒരേയൊരു ആഗ്രഹമായിരിക്കും എല്ലാവര്‍ക്കും. വലിയൊരു ഭാഗ്യമാണ് ഹറമില്‍ അവസാനത്തെ പത്തില്‍ തന്റെ റബ്ബുമായി ഒറ്റക്കിരിക്കാന്‍, റബ്ബിന്റെ മുമ്പില്‍ എല്ലാം തുറന്നു പറഞ്ഞു പാപങ്ങള്‍ കഴുകിക്കളയാന്‍ കഴിയുക എന്നത്. വിശുദ്ധമായ ഒരു ജീവിതം നയിക്കാന്‍, സഹായം തേടാന്‍, ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും കണ്ണീരോടെ ഏറ്റുപറയാന്‍ ലഭിക്കുന്ന ഒരു സന്ദര്‍ഭം. എല്ലാവര്‍ക്കും ആരോടും പറയാത്ത സ്വകാര്യ ദുഃഖങ്ങള്‍ ഉണ്ടാകാം. അതെല്ലാം ഹൃദയം തുറന്ന് അല്ലാഹുവിന്റെ മുമ്പില്‍ പറഞ്ഞു മാപ്പപേക്ഷിക്കാന്‍ കിട്ടുന്ന അവസരം...
സ്വന്തത്തെ കുറച്ചു ദിവസത്തേക്ക് അല്ലാഹുവുമായി ബന്ധപ്പെടുത്തി മാത്രം ജീവിക്കാന്‍ കിട്ടുന്ന അവസരമാണ് ഇഅ്തികാഫ്. തിരിച്ചുപോകാന്‍ മനസ്സില്ലാതെ ഹറമില്‍ തന്നെ കൂടാന്‍ ആഗ്രഹിച്ചു പോകുന്ന ഒരു മനസ്സാണ് നമുക്കുണ്ടാവുക. റബ്ബിന്റെ മുമ്പില്‍ എല്ലാ പാപഭാരവും ഇറക്കിവെച്ച് മാപ്പപേക്ഷിച്ചു കഴിയുമ്പോള്‍ നമുക്ക് ഒരുപാട് ഭാരം കുറയുന്നതുപോലെ അനുഭവപ്പെടും. നമ്മുടെ മനസ്സിന് വല്ലാത്ത ഒരു സമാധാനം ലഭിക്കും. നമുക്ക് വേണ്ടി മാത്രമല്ല നമ്മുടെ ഇണ, കുട്ടികള്‍, മാതാപിതാക്കള്‍, കുടുംബക്കാര്‍, തുടങ്ങി നമ്മുടെ കൂടെയുള്ള എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ ധാരാളം സമയം ലഭിക്കുന്നു. പലരും പ്രത്യേകം പ്രാര്‍ഥിക്കാന്‍ പറഞ്ഞിട്ടുണ്ടാവും, അവരെയെല്ലാം പ്രത്യേകം ഓര്‍ത്തെടുത്ത് പ്രാര്‍ഥിക്കാന്‍ അവസരം ലഭിക്കുന്നു. പ്രാര്‍ഥനകള്‍ അങ്ങനെ നീണ്ടുപോകും.
റമദാനിലെ തിരക്ക് കാരണം ത്വവാഫ് ചെയ്യുന്നതൊക്കെ പ്രയാസമാണ്. ചിലപ്പോള്‍ മുന്നോട്ടുനീങ്ങാന്‍ കഴിയില്ല. അവസാനത്തെ ഒറ്റ രാവില്‍ കാല്‍ നിലത്ത് തട്ടാതെ ചിലപ്പോള്‍ മുന്നോട്ട് നീങ്ങും. ഇത്രയൊക്കെ തിരക്കുണ്ടായാലും ഒരു വൃത്തികേടും അവിടെ സംഭവിക്കുകയില്ല. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചാണ് ത്വവാഫ് ചെയ്യുന്നത്. ആരും ആരെയും ശ്രദ്ധിക്കാതെ അല്ലാഹുവിനെ മാത്രം മനസ്സില്‍ കണ്ട് അവസാനം ദുഃഖത്തോടെ ഇഅ്തികാഫ് അവസാനിപ്പിച്ച് അല്ലാഹുവിന്റെ വീടിനോട് യാത്ര പറഞ്ഞു തിരിച്ചുപോകും.