കളരി വെറുമൊരു കളിയല്ല
നജ്ല പുളിക്കല്‍
ഏപ്രില്‍ 2023
അസാമാന്യ മെയ് വഴക്കത്തോടെ കുട്ടികള്‍ക്ക് കളരിയുടെ ചുവടുകള്‍
പഠിപ്പിക്കുന്ന മലപ്പുറത്തെ അന്‍ഷിഫ
വലതെടുത്തു തന്‍നിലയില്‍ അമര്‍ന്ന് വലതു കാല്‍വെള്ള തൊട്ട് ഭൂമി തൊട്ട് നെറ്റി വെച്ച് പടം പിടിച്ചു കൈ കൂപ്പി എടുത്തുനോക്കി വലതെടുത്ത് തന്‍നിലയില്‍ അമര്‍ന്ന് മെയ്യും മനസ്സും ഏകാഗ്രതയില്‍ നിര്‍ത്തി കച്ചകെട്ടി അസാമാന്യ മെയ് വഴക്കത്തോടെ കുട്ടികള്‍ക്ക് ചുവടുകള്‍ പഠിപ്പിക്കുകയാണ് മലപ്പുറത്തെ മൊഞ്ചുള്ള പെണ്ണൊരുത്തി.
ഇത് അന്‍ഷിഫ കെ. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ കൊടിയില്‍ ഹനീഫയുടെയും മൈമൂനയുടെയും മകള്‍. കളരിയില്‍ പെണ്‍പേര് ചേര്‍ക്കപ്പെട്ട ആരിഫ കൊടിയിലിന്റെയും ആശിഫിന്റെയും അരുമ അനുജത്തി. അഞ്ച് വയസ്സ് മുതലേ കളരിത്തട്ടില്‍ അന്‍ഷിഫയുടെ സാന്നിധ്യമുണ്ട്. ഏഴാം വയസ്സില്‍ പിതാവിന്റെ ശിക്ഷണത്തില്‍ കളരി അഭ്യസിച്ചു തുടങ്ങി.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കളരിയില്‍ നിരവധി സമ്മാനങ്ങള്‍. തുടര്‍ച്ചയായി അഞ്ച് വര്‍ഷം നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. മൂന്ന് തവണ ചാമ്പ്യന്‍ഷിപ്പ് നേടി.
ആയോധന കലകളുടെ മാതാവായ കളരി അഭ്യാസത്തിലൂടെ ദേഹത്തിന്റെ വഴക്കം, കാലുകളുടെ ത്വരിത ചലനം, കൈകളുടെ അസാമാന്യ വേഗത എന്നിവ നേടിയെടുക്കാനാവുന്നു. കളരിയെന്നാല്‍ അന്‍ഷിഫക്ക് പ്രാണവായുവാണ്. ഉപ്പയും വല്യുപ്പയും കളരി ഗുരുക്കന്മാരാണ്. എടപ്പാളിലെ ഏറെ പ്രശസ്തമായ എച്ച്.ജി.എസ് കളരി നടത്തുന്നത് അന്‍ഷിഫയുടെ കുടുംബമാണ്. കുടുംബത്തിലെ കുട്ടികളും മുതിര്‍ന്നവരും കളരി അഭ്യസിക്കുന്നുണ്ട്. വീട്ടിലാണെങ്കില്‍ ഇത്താത്തയും ഇക്കാക്കയും ഉപ്പയുമെല്ലാം എപ്പോഴും കളരിയില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞായിരിക്കുമ്പോഴേ അന്‍ഷിഫയും കളരി അഭ്യസിച്ചു തുടങ്ങി.
ഇത്താത്ത ആരിഫയാണ് ആദ്യമായി കച്ചമുറുക്കി വാളും പരിചയും കൈയിലെടുത്തത്. അതു കണ്ട പലരും നെറ്റി ചുളിച്ചു. ഉപ്പയെ മാറ്റിനിര്‍ത്തി ഉപദേശിച്ചു. ഗുരു കൂടിയായ ഉപ്പ ഹനീഫ അതൊന്നും ചെവികൊള്ളാതെ താന്‍ പഠിച്ച പാഠങ്ങളെല്ലാം മകള്‍ക്ക് പഠിപ്പിച്ചു കൊടുത്തുകൊണ്ടേയിരുന്നു.
2008-ല്‍ ഏഷ്യാനെറ്റ് ചാനലില്‍ 'മാമാങ്കം' എന്ന പ്രോഗ്രാമില്‍ ആരിഫ സഹോദരന്‍ ആഷിഫുമായി കളരിപ്പയറ്റ് നടത്തുന്ന വീഡിയോ വന്നതോടെ, മകളെ വീട്ടിലിരുത്താന്‍ ഉപദേശിച്ചവരൊക്കെയും തങ്ങളുടെ പെണ്‍കുട്ടികളുടെ കൈ പിടിച്ച് എടപ്പാളിലെ എച്ച്.ജി.എസ് കളരിയില്‍ വന്നുതുടങ്ങി.
നിശ്ചയദാര്‍ഢ്യവും കൃത്യമായ പരിശീലനവും ഉണ്ടെങ്കില്‍ ബാലികേറാ മലയൊന്നുമല്ല കളരി എന്നാണ് അന്‍ഷിഫയുടെ പക്ഷം.
കായിക മേളയില്‍ കളരി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളോത്സവം പോലുള്ള മത്സരങ്ങളിലും കളരി നടത്താറുണ്ട്. അതിനു പുറമെ അസോസിയേഷനുകളും മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എത്ര കാലം കൊണ്ട് കളരി പഠിക്കാം എന്ന് അന്‍ഷിഫയോട് ചോദിച്ചപ്പോള്‍, 'ഞാനിപ്പോഴും പഠിക്കുകയാണ്, എന്റെ ഉപ്പയാണ് എന്റെ ഗുരു, അദ്ദേഹവും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു' എന്നായിരുന്നു മറുപടി.
സ്റ്റേറ്റ് മീറ്റിലും നാഷണല്‍ മീറ്റിലും പങ്കെടുത്താല്‍ തൊണ്ണൂറു ശതമാനം വരെ ഗ്രേസ്് മാര്‍ക്ക് നേടാന്‍ കഴിയും. സ്പോര്‍ട്സ് കോട്ടയില്‍ ഡിഗ്രിക്കും തുടര്‍പഠനത്തിനും സീറ്റുകളുമുണ്ട്. ലക്ഷം രൂപയോളം സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. എന്നിരുന്നാലും കളരി പഠിക്കുന്നതിനുള്ള പ്രചോദനം അതൊന്നുമാകരുത് എന്നാണ് അന്‍ഷിഫയുടെ അഭിപ്രായം. എടപ്പാളിലും പരിസരത്തുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ അന്‍ഷിഫ ബി.ടെക്കും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്ലസ് ടുവിനു പഠിക്കുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും രാജ്യത്തിന് വേണ്ടി വെള്ളിമെഡല്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
വിദേശികളടക്കം എച്ച്.ജി.എസില്‍ വന്ന് കളരി പഠിക്കുന്നുണ്ട്. വാള്‍, ഒറ്റ, കുറുവടി, പരിച തുടങ്ങിയവയൊക്കെയാണ് കളരിയില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍. എപ്പോഴും ആയുധങ്ങള്‍ കൊണ്ടു നടക്കുന്നത് നടപ്പുള്ള കാര്യമല്ലല്ലോ. പക്ഷേ, കൈയില്‍ തടയുന്ന ഏത് വസ്തുവിനെയും ആയുധമാക്കാനും കണ്ണും വാക്കും വരെ പ്രതിരോധത്തിന് ഉപയോഗിക്കാനുമുള്ള മനോധൈര്യം നേടിയെടുക്കാന്‍ കളരിയഭ്യാസം കൊണ്ട് ഏതൊരാള്‍ക്കും കഴിയും എന്നാണ് അന്‍ഷിഫ പറയുന്നത്.
കളരിയില്‍ തെക്കന്‍-വടക്കന്‍ സമ്പ്രദായങ്ങളാണ് നിലവിലുള്ളത്. മത്സരങ്ങളില്‍ തെക്കന്‍ ശൈലിക്കാണ് പ്രാമുഖ്യം. എച്ച്.ജി.എസ് കളരിയില്‍ കളം ചവിട്ട് സമ്പ്രദായമാണ് പഠിപ്പിക്കുന്നത്. പതിനഞ്ചു വര്‍ഷത്തോളമായി കളരി പഠിക്കാന്‍ തുടങ്ങിയിട്ട്. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വരെ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതെന്നും ആളുകള്‍ തിരിച്ചറിയുന്നതിലും ആദരിക്കപ്പെടുന്നതിലും വലിയ സന്തോഷമുണ്ടെന്നും അന്‍ഷിഫ.