ഇഅ്്തികാഫ് ഇരിക്കുന്നതിന്റെ ആത്മീയാനുഭവങ്ങള്‍ പങ്കുവെക്കുന്നു
ജമാഅത്തെ ഇസ്ലാമി റുക്നായ പിതാവ് തോട്ടത്തില്‍ മൂസയുടെ ശിക്ഷണത്തിലാണ് കുട്ടിക്കാലത്ത് ഞാന്‍ വളര്‍ന്നത്. സുബ്ഹിന്റെ സമയത്ത് ഉണര്‍ത്തുന്നതില്‍ പിതാവ് പുലര്‍ത്തിയ തീവ്ര സമീപനമാണ് എന്റെ ആത്മീയാനുരാഗത്തിന്റെ പ്രഭവ ബിന്ദു. ഒറ്റ സുബ്ഹും സമയം തെറ്റി നമസ്‌കരിക്കാന്‍ ഉപ്പ എന്നെ അനുവദിച്ചിട്ടില്ല. അതിന്റെ ഗുണഫലം ഇന്നും ഞാന്‍ ആസ്വദിക്കുന്നു. സുബ്ഹ് ജമാഅത്ത് വേളയില്‍ പള്ളിയില്‍ എത്തണമെന്ന നിര്‍ബന്ധബുദ്ധി എന്നില്‍ ഇപ്പോഴും കലശലായി നിലനില്‍ക്കുന്നത് ആ കുട്ടിക്കാല ശിക്ഷണത്തിന്റെ ഫലം തന്നെയാണ്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും വാപ്പയുടെ ആത്മീയ അനുഷ്ഠാന തീവ്രതക്ക് അവകാശപ്പെട്ടതാണ്.
കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയാണ് എന്റെ ദേശം. തൊട്ടടുത്ത പ്രദേശമായ വാണിമേലിലായിരുന്നു കുട്ടിക്കാലം. നാട്ടുകാരനായിരുന്ന ബഹുമാന്യ വ്യക്തിത്വം കെ. മൊയ്തു മൗലവിയാണ് എന്നെ സ്വാധീനിച്ച കരുത്തുറ്റ ആത്മീയ വ്യക്തിത്വം. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ദര്‍സുകളും ജുമുഅ ഖുതുബകളും മതപ്രഭാഷണങ്ങളും പ്രദാനം ചെയ്ത ആത്മീയോര്‍ജം ചില്ലറയല്ല. വാണിമേല്‍ ദാറുല്‍ ഹുദാ മദ്റസ, വാണിമേല്‍ മസ്ജിദുല്‍ ഇസ്ലാഹി എന്നിവയാണ് ചെറുപ്പകാലത്തെ ആത്മീയ പാഠശാലകള്‍.
വാണിമേല്‍ മസ്ജിദുല്‍ ഇസ്ലാഹിയുമായുള്ള നിരന്തര ബന്ധം ആത്മീയ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു.
കെ. മൊയ്തു മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി, കെ.കെ മുഹമ്മദ് സുല്ലമി, മുഹമ്മദ് പെരകമണ്ണ തുടങ്ങിയവരുടെ ജുമുഅ ഖുതുബകളും ദീനീ ദര്‍സുകളും റമദാന്‍ ക്ലാസുകളും കേട്ട് വളരാന്‍ എനിക്ക് വേദിയായത് വാണിമേല്‍ മസ്ജിദുല്‍ ഇസ്ലാഹിയാണ്.
അതേ പള്ളിയില്‍ തന്നെ പിന്നീട് എനിക്ക് ഖുര്‍ആന്‍ പഠന ക്ലാസുകള്‍ പരമ്പരയായി നടത്താനും ജുമുഅ ഖുതുബ നിര്‍വഹിക്കാനും അവസരം ലഭിക്കുകയും ചെയ്തു.
ഇഅ്തികാഫ് എന്ന ആരാധനാ രീതിയെ പറ്റി അറിയുന്നതും പ്രസ്തുത മസ്ജിദില്‍നിന്ന് തന്നെയാണ്. ചെറുപ്പകാലത്ത് അതിനെ കുറിച്ച് കേട്ടിരുന്നില്ല. മദ്റസാ പാഠാവലിയിലും അങ്ങനെയൊന്ന് പഠിച്ചതായി ഓര്‍മയില്ല. ജുമുഅ ഖുതുബയിലും അത് വിഷയമായി വന്നത് ഓര്‍ക്കുന്നില്ല. പ്രൈമറി ഘട്ടത്തിലെ വായനാനുഭവത്തിലും ഇഅ്തികാഫ് കടന്നുവന്നിട്ടില്ല. അങ്ങനെയിരിക്കെയാണ്
ഒരു നോമ്പ് കാലത്ത് വാണിമേല്‍ ഇസ്ലാഹി പള്ളിയില്‍ മൂന്നുപേര്‍ ഇഅ്തികാഫ് ഇരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത നാട്ടില്‍ പരന്നത്.
പത്ത് നാള്‍, രാപ്പകല്‍ വീട്ടില്‍ പോകാതെ പള്ളിയില്‍ തന്നെ തുടര്‍ച്ചയായി കഴിച്ചു കൂട്ടുക എന്ന മുന്നനുഭവമില്ലാത്ത ഒരു കാര്യമാണ് സംഭവിക്കാന്‍ പോകുന്നത് എന്നറിഞ്ഞപ്പോള്‍ അത് എല്ലാവരിലും വലിയ കൗതുകം ജനിപ്പിച്ചു.
മുക്കിലും മൂലയിലും പള്ളി വരാന്തകളിലും മാര്‍ക്കറ്റിലുമെല്ലാം ഇഅ്തികാഫ് സംസാര വിഷയമായി. ഞാനും അത്തരം സംസാരങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ചുകൊണ്ടിരുന്നു. ഇഅ്തികാഫ് കാണാന്‍ കൊതിയും കൗതുകവും വര്‍ധിച്ചു.
വാണിമേലിലെ അറിയപ്പെട്ട മുസ്ലിം ലീഗ് നേതാവും മുജാഹിദ് ആശയക്കാരനുമായ പി. തറുവൈ ഹാജി,
എന്റെ മദ്റസാ ഉസ്താദും ബാങ്ക് വിളിയിലും ഖുര്‍ആന്‍ പാരായണത്തിലും വിദഗ്ധനുമായ ജമാഅത്തെ
ഇസ്ലാമി പ്രവര്‍ത്തകന്‍ സി.എച്ച് കുഞ്ഞാലി മാസ്റ്റര്‍, അന്ന് സജീവ യുവ ഇസ്ലാമിക പ്രവര്‍ത്തകനായ ഹമീദ് വാണിമേല്‍ എന്നിവരായിരുന്നു വിസ്മൃതിയില്‍ ആണ്ടു പോയ സുന്നത്തിനെ പുനരുജ്ജീവിപ്പിച്ച ആ മൂവര്‍ സംഘം.
വാണിമേല്‍ ഇസ്ലാഹി പള്ളിയിലെ സ്ഥിരസാന്നിധ്യമായ ഞാന്‍ ഇഅ്തികാഫിനും സാക്ഷിയായി. അത് നിരീക്ഷിക്കാനും ഇഅ്തികാഫിനെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കാനും എനിക്ക് സാധിച്ചു. പിന്നീട് ആ ആരാധനാ രൂപത്തോട് എനിക്ക് വലിയ കമ്പമായി. അത് വര്‍ധിച്ചുകൊണ്ടേയിരുന്നു.
എന്റെ ഔപചാരിക വിദ്യാഭ്യാസ കാലഘട്ടം അവസാനിച്ചതിനു ശേഷം ഞാനും ഇഅ്തികാഫില്‍ പ്രവേശിച്ചു.
ഇഅ്തികാഫിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ച വാണിമേല്‍ മസ്ജിദുല്‍ ഇസ് ലാഹിയില്‍ തന്നെയാണ് ഞാന്‍ ആദ്യമായി ഇഅ്തികാഫ് ഇരുന്നത്. ആദ്യ ഇഅ്തികാഫില്‍ ഞാന്‍ ഒറ്റക്കായിരുന്നു.
രാത്രിയില്‍ പള്ളിയില്‍ ഒറ്റക്ക് കഴിയുന്നത് എനിക്ക് ഏറെ ഹൃദ്യമായിരുന്നു. അല്‍പം പോലും ഭീതി ഉണ്ടായില്ല. ഏകാന്ത വാസം അനിര്‍വചനീയമായ ആത്മീയാനുഭൂതിയായി മാറി.
ഒറ്റക്ക് ഒരു പള്ളിയിലിരിക്കുമ്പോള്‍ നമ്മുടെ ചിന്ത പൂര്‍ണമായും അല്ലാഹുവില്‍ തന്നെ കേന്ദ്രീകരിക്കപ്പെടും. ഞാനും എന്റെ അല്ലാഹുവും പിന്നെ, അല്ലാഹുവിന്റെ മലക്കുകളും മാത്രമുള്ള ആ ലോകത്ത് കഴിഞ്ഞുകൂടുന്ന അനുഭൂതി അക്ഷരങ്ങള്‍കൊണ്ട് ആവിഷ്‌കരിക്കുക സാധ്യമേയല്ല.
തറാവീഹ് കഴിഞ്ഞ് ആളൊഴിഞ്ഞാല്‍ പിന്നെ പള്ളിയില്‍ പൂര്‍ണ നിശ്ശബ്ദതയാണ്. മൗന സാന്ദ്രമായ ആ വേളയില്‍ ചുണ്ടില്‍ വിരിയുന്ന സുബ്ഹാനല്ലാഹ്, അല്‍ഹംദു ലില്ലാഹ്, അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്റുകളുടെ ശബ്ദങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ആത്മീയോര്‍ജം അത്യപാരം തന്നെയാണ്.
നിശയുടെ നിശ്ശബ്ദതയില്‍ നിര്‍വഹിക്കുന്ന ദീര്‍ഘമായ ഖുര്‍ആന്‍ പാരായണം, ഭൂമിയില്‍നിന്ന് തലയുയര്‍ത്താന്‍ മടി തോന്നുന്ന സുജൂദ്, കൈയുയര്‍ത്തിയുള്ള ദീര്‍ഘമായ ഖുനൂത്ത്, ദുആ... ഇവയുടെയൊന്നും ശക്തിയും സൗന്ദര്യവും വാക്കുകള്‍ക്ക് വഴങ്ങുന്നതല്ല. അനുഭവിച്ച് തന്നെ അറിയണം.
ഞാന്‍ വാണിമേല്‍ പളളിയില്‍ ഒറ്റക്ക് ഏതാനും വര്‍ഷങ്ങള്‍ ഇഅ്തികാഫ് ഇരുന്നിട്ടുണ്ട്. അതാണ് ഇഅ്തികാഫിന്റെ സുവര്‍ണ ഘട്ടം. പിന്നീട് ഏകാന്ത വാസം നഷ്ടപ്പെടാന്‍ തുടങ്ങി. ചില ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഇഅ്തികാഫിനായി പള്ളിയില്‍ എത്തിത്തുടങ്ങി. പൊതുവെ മുജാഹിദ് ചെറുപ്പക്കാരായിരുന്നു അതിനായി മുന്നോട്ടുവന്നത്. ഇഅ്തികാഫിന്റെ മര്‍മം അറിയാതെയും ചിലര്‍ എത്തിയിരുന്നു. ഏകാന്തതയും നിശ്ശബ്ദതയും നഷ്ടപ്പെട്ടു തുടങ്ങി. കൂടിയിരുത്തം, ചര്‍ച്ച, സംവാദം, തര്‍ക്കം എന്നിവയെല്ലാം ഇഅ്തികാഫിലും സംഭവിച്ചു തുടങ്ങി. ഇഅ്തികാഫിന്റെ മധുരം കുറയാന്‍ അത് കാരണമായി.
എന്റെ മൂന്നാമത്തെ മകന്‍ റയ്യാന്റെ ജന്‍മം ഒരു റമദാന്‍ 17 നായിരുന്നു. ഓമശ്ശേരി ഹോസ്പിറ്റലില്‍ കഴിച്ചു കൂട്ടേണ്ടി വന്ന ആ വര്‍ഷം ഞാന്‍ ഭാഗികമായി ഇഅ്തികാഫ് അനുഷ്ഠിച്ചത് ജാബിര്‍ സുലൈമിന്റെ കൂടെ കൊടുവള്ളി മദീനാ മസ്ജിദിലാണ്. മറ്റൊരിക്കല്‍ എന്റെ കുടുംബ വീട് സ്ഥിതി ചെയ്യുന്ന നരിപ്പറ്റയിലെ മസ്ജിദുസ്സലാമിലും ജാബിര്‍ സുലൈമും ഞാനും ഒന്നിച്ച് ഇഅ്തികാഫ് ഇരുന്നിട്ടുണ്ട്. ജാബിര്‍ സുലൈമിന്റെ പതിഞ്ഞ സ്വരത്തിലുള്ള ഉപദേശങ്ങളും വശ്യമായ കവിത തുളുമ്പുന്ന ഖുര്‍ആന്‍ പാരായണവും, തറാവീഹിലെ അദ്ദേഹത്തിന്റെ ഇമാമത്തും ആ ഇഅ്തികാഫുകളെ ഏറെ അനുഭൂതിയുള്ളതാക്കി.
വാണിമേല്‍ - നരിപ്പറ്റ വാസം അവസാനിപ്പിക്കുകയും 1999 മുതല്‍ കുറ്റ്യാടി ഇസ്ലാമിയ കോളേജില്‍ മുഴു സമയ ജീവിതം ആരംഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇഅ്തികാഫിന് വേദിയായത്
കുറ്റ്യാടി, പാറക്കടവ്, വളയന്നൂര്‍ മസ്ജിദുകളാണ്.
ഈ ഘട്ടത്തില്‍ ഒരിക്കലും തന്നെ ഏകാന്ത ഇഅ്തികാഫ് സാധ്യമായിട്ടില്ല. അതിനാല്‍ തന്നെ മൗന വേളകള്‍ കുറഞ്ഞുവന്നു. ഫിക്ര് കലര്‍ന്ന ദിക്റും കുറഞ്ഞുവന്നു. അതേയവസരം വൈജ്ഞാനിക വേളകള്‍ കൂടുതലായിരുന്നു.
കൂടെയുള്ളവര്‍ക്കും പള്ളിയില്‍ വന്നുപോകുന്നവര്‍ക്കും പത്ത് ദിവസം തുടര്‍ച്ചയായി ക്ലാസുകള്‍ കേള്‍ക്കാനും ചര്‍ച്ചകള്‍ നടത്താനും സംശയങ്ങള്‍ തീര്‍ക്കാനുമായിരുന്നു കൂടുതല്‍ താല്‍പര്യം. അതിനെ അവഗണിക്കാന്‍ പറ്റുമായിരുന്നില്ല. പത്ത് ദിവസം തുടര്‍ച്ചയായി
ഇസ്ലാഹീ - തര്‍ബിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നത് വലിയ ഇബാദത്ത് തന്നെ. പക്ഷേ, അതല്ലല്ലോ ഇഅ്തികാഫ് എന്ന ചിന്ത അലട്ടാതെയല്ല. ക്ലാസുകള്‍ക്ക് വേണ്ടി ഒരുങ്ങുന്ന വേളയില്‍ ഖുര്‍ആനിലും ഹദീസിലും മനസ്സും ബുദ്ധിയും ചിന്തയും ഉടക്കിനില്‍ക്കും എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, അതൊരു ബൗദ്ധിക വ്യായാമവും വൈജ്ഞാനിക വളര്‍ച്ചയുമായാണ് അനുഭവപ്പെടുക. ആത്മാവിനെ ഹരം കൊള്ളിക്കുന്ന സ്പിരിച്ച്വല്‍ ഫീലിംഗ് അതിലുണ്ടാവില്ല. എന്നാലും പൂര്‍ണ പരാജയമല്ല ഇഅ്തികാഫ്. ആളുകള്‍ തറാവീഹ് കഴിഞ്ഞ് പള്ളി വിടുകയും ഓരോ മുഅ്തകിഫും അവരവരുടെ സ്വകാര്യ മൂലകളിലേക്ക് ചുരുണ്ടുകൂടുകയും ചെയ്യുമ്പോള്‍, രാത്രിയുടെ നിശ്ശബ്ദതയില്‍ തിലാവത്, ദിക്ര്, ഫിക്ര്, ദുആ, സുജൂദ് വഴി റബ്ബുമായുള്ള മുനാജാത്ത് സാധിച്ചിട്ടുണ്ട്. മലക്കുകളുമായുള്ള സഹവാസം അനുഭവിച്ചിട്ടുണ്ട്. മിഅ്റാജിന്റെ അനുഭൂതി ആസ്വദിച്ചിട്ടുണ്ട്.
സ്തുതികളെല്ലാം അല്ലാഹുവിന്
ആത്മീയാനുഭവം തീര്‍ത്തും വ്യക്തിനിഷ്ഠമാണ്. അല്ലാഹുവും അടിമയും തമ്മിലുള്ള ആഴമുള്ള വ്യക്തിതല ബന്ധത്തിലാണ് ആത്മീയത അനുഭവിക്കാന്‍ കഴിയുക. ഇഅ്തികാഫ് അതിനുള്ള ധ്യാനമാണ്. സാമൂഹികാരാധനകള്‍ ഇസ്ലാമില്‍ ധാരാളമുണ്ട്. അതാണ് കൂടുതല്‍. അഞ്ചു നേരത്തെ സംഘടിത നമസ്‌കാരം, സകാത്ത്, ഉംറ, ഹജ്ജ്... എല്ലാം സാമൂഹികാരാധനകളാണ്.
നോമ്പ് അടിസ്ഥാനപരമായി വ്യക്തിതല ഇബാദത്താണെങ്കിലും നോമ്പ് കാലം 'ബഹള'മയമാണെന്ന് പറയാതെ വയ്യ. എല്ലാവരും പള്ളിയില്‍ ഒരുമിച്ചു കൂടും, തറാവീഹിനായി പ്രത്യേകം സംഘം ചേരും,
ദൈനംദിന നോമ്പുതുറയും പ്രത്യേകം ഇഫ്ത്വാര്‍ പാര്‍ട്ടികളും ജോറായി നടക്കും. ഇങ്ങനെ നോക്കുമ്പോള്‍ നോമ്പില്‍ ധ്യാനം കുറവാണെന്ന് കാണാം. പണ്ട് ഏകാന്തമായി അനുഷ്ഠിച്ച പാതിരാ നമസ്‌കാരം പോലും ഇപ്പോള്‍ സംഘടിതമായി പള്ളികളിലാണ് നിര്‍വഹിക്കപ്പെടുന്നത്.
ഈ 'ബഹളം പിടിച്ച' അവസ്ഥയില്‍നിന്ന് മാറി അവസാനത്തെ പത്തിനെ ധ്യാനത്തിനായി നീക്കിവെക്കലാണ് യഥാര്‍ഥത്തില്‍ ഇഅ്തികാഫ്. അത്തരമൊരു ധ്യാനം നിലവിലുള്ള പള്ളികളുടെ അന്തരീക്ഷത്തിലും ചുറ്റുപാടിലും പൂര്‍ണമായും സാധിക്കുന്നില്ലെന്നതാണ് പ്രസക്തമായ വിമര്‍ശം.
അല്ലാഹുവില്‍ പൂര്‍ണമായും ലയിച്ചു ചേരലാണ് തബ്തീല്‍. ബഹളം പിടിച്ച ജീവിത നെട്ടോട്ടത്തിനിടയില്‍ തബ്തീല്‍ സ്വായത്തമാക്കുന്ന ഇടവേളയാണ് ഇഅ്തികാഫ്.