സ്ത്രീ്കളും പൊതു ഇടവും
ശരീരത്തിന്റെ തുറസ്സുകളെയും തുറന്നിടലുകളെയും അന്വേഷിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും ഒരുപാട് സമരരീതികള്‍ കേരളത്തില്‍ അടുത്തിടെ ഇടം
ശരീരത്തിന്റെ തുറസ്സുകളെയും തുറന്നിടലുകളെയും അന്വേഷിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും ഒരുപാട് സമരരീതികള്‍ കേരളത്തില്‍ അടുത്തിടെ ഇടം പിടിച്ചിരുന്നു. അതിലധികവും പെണ്ണിന്റെ പൊതു ഇടങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടാണ്. കുടുംബം, കുട്ടികള്‍, വിവാഹം എന്നിവയില്‍ ഒതുങ്ങിപ്പോകുന്ന സ്ത്രീസമൂഹത്തെ പുറത്തെ തുറസ്സുകളിലേക്ക് കുടിയേറ്റം നടത്തപ്പെടാത്തതിലെ വേവലാതിയും ആവലാതിയും ഒക്കെയായിരുന്നു ഇതിലധികവും. എന്നാല്‍ പൊതുസമൂഹത്തിന്റെ ഭാഗമായി ജീവിതത്തെ വ്യത്യസ്ത മേഖലകളില്‍ വ്യവഹരിക്കാന്‍ തയ്യാറാകുന്ന സ്ത്രീക്ക് പോലും പെണ്ണിന്റെ ശാരീരിക പ്രത്യേകതകള്‍ മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും, പുറത്തിറങ്ങിനടക്കാന്‍ എത്രമാത്രം അനുകൂലമാണ് നമ്മുടെ പൊതുബോധ സങ്കല്‍പ്പങ്ങളും എന്ന ചോദ്യം ഉയര്‍ത്തുന്ന ചില പ്രശ്‌നങ്ങളും നാം കണ്ടു. അയ്യപ്പഭക്തന്മാര്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്ന് പറഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ നിന്നും യാത്രക്കാരായ സ്ത്രീകളെ ഇറക്കിവിട്ടതും പ്രത്യേക സാമ്പത്തിക മേഖലയായ സെസ്സില്‍നിന്ന് നാപ്കിന്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരികളെ ചോദ്യംചെയ്തതും ഇത്തരത്തിലുള്ളതാണ്.
ജോലിക്കോ പഠനത്തിനോ മറ്റ് യാത്രകള്‍ക്കോ പോകേണ്ടിവരുന്ന സത്രീകള്‍ക്ക് പുറത്തെ സൗകര്യങ്ങള്‍ സ്ത്രീ സൗഹൃദമാകുന്നില്ല എന്നതിനേക്കാള്‍ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയേറുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌കൂളുകളില്‍ ചെലവഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വാതിലുള്ള സുരക്ഷിതമായി ഇരിക്കാന്‍ കഴിയുന്ന വൃത്തിയുള്ള മൂത്രപ്പുര പോലും ഇല്ല. സ്ത്രീകള്‍ ജോലി ചെയ്യുന്ന പല സ്ഥാപനങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരും തയ്യാറായിട്ടുമില്ല. ഇതൊന്നും ബന്ധപ്പെട്ട അധികാരികളെ വേണ്ടവിധം അലോസരപ്പെടുത്തുന്നില്ല. പല സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രപ്പുര തേടി നടക്കേണ്ട അവസ്ഥയാണ്. തുച്ഛമായ കൂലിക്ക് ജോലിചെയ്യേണ്ടിവരുന്നവര്‍ പോലും അതിലൊരു മിച്ചമെടുത്ത് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നത് ഇങ്ങനെയുള്ള 'കാര്യം' സാധിക്കുന്നതിനാണ്. ഇതൊന്നും പെണ്ണിന്റെ ആവശ്യമായി പോലും കരുതാന്‍ ആളില്ല.
അടുത്തിടെയാണ് വ്യാപാരസ്ഥാപനങ്ങളില്‍ ജോലിക്കിടയില്‍ ഒന്നിരിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു കൂട്ടം സ്ത്രീകള്‍ സമരം നടത്തിയത്. കുഞ്ഞുമക്കളെ മാറില്‍നിന്നും പിടിച്ചുമാറ്റിയാണ് പല അമ്മമാരും ജോലിക്കും പഠനത്തിനുമൊക്കെ പോകുന്നത്. മുലപ്പാല്‍ ബേസിനിലേക്ക് വേദനയോടെ ഒഴുക്കിക്കളയേണ്ട അവസ്ഥയാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുട്ടികളെ ഉദ്ദേശിച്ച് 'ഡേ കെയര്‍' സംവിധാനം എന്ന സമീപനം നമ്മുടെ സര്‍ക്കാറിന്റെ അജണ്ടയില്‍ പോലും ഇല്ല. പെണ്ണ് പുറത്തെ വായു നല്ലോണമൊന്ന് ശ്വസിച്ചോട്ടെയെന്ന് പറയുന്ന സ്ത്രീവാദികള്‍ക്കും താങ്ങുന്നവര്‍ക്കുമൊന്നും ഇതത്ര വലിയ പ്രശ്‌നവുമായിട്ടില്ല.
പരാധീനതകളില്ലാതെ ആരെയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സമയംകൊല്ലുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാനുള്ള ബൃഹത്തായ ശ്രമത്തിനപ്പുറം മാതൃത്വത്തെ സഫലീകരിച്ച് കുടുംബത്തെ കൂട്ടുപിടിച്ച് അറിവും കഴിവും സര്‍ഗാത്മകമായി വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്ന പെണ്ണിന് അവളുടെ ഇടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരവും സുരക്ഷിതവുമാക്കിത്തീര്‍ക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാവുക എന്നതില്‍ നിന്നാണ് സ്ത്രീക്കുവേണ്ടി ചെയ്യുന്ന ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം.