ഉയരങ്ങള്‍ കീഴടക്കുന്ന ചങ്ങാതിക്കൂട്ടം
യു.കെ വാഴക്കാട് /ഫീച്ചർ
2015 ഫെബ്രുവരി
'മാറ്റമില്ലാതേത് നാളും മന്ദകളോ ഞങ്ങള്‍
പേറ്റിനും ചോറ്റിന്നുമുള്ള യന്ത്രമോ പെണ്ണുങ്ങള്‍!''
പ്രസവിക്കാനും അടുക്കളയില്‍ ജീവിതം തളച്ചിടാനും
'മാറ്റമില്ലാതേത് നാളും മന്ദകളോ ഞങ്ങള്‍
പേറ്റിനും ചോറ്റിന്നുമുള്ള യന്ത്രമോ പെണ്ണുങ്ങള്‍!''
പ്രസവിക്കാനും അടുക്കളയില്‍ ജീവിതം തളച്ചിടാനും മാത്രമായി വിധിക്കപ്പെട്ട സ്ത്രീയുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി 1954-ല്‍ യു.കെ അബൂസഹ്‌ല എഴുതിയ സ്ത്രീപക്ഷ ഗാനത്തിലെ വരികളാണിത്. സ്ത്രീ വിമോചനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനവും മാനവും വിവരിച്ചുകൊണ്ട് പിന്നീട് അദ്ദേഹം തന്നെ 'അല്ല പെണ്ണുങ്ങള്‍ വെറും യന്ത്രങ്ങളല്ലാ...' എന്ന് തുടങ്ങുന്ന മറുപടി ഗാനവും എഴുതുകയുണ്ടായി.
യുദ്ധമൈതാനിയില്‍ മുറിവേറ്റുവീണ യോദ്ധാക്കള്‍ക്ക് ദാഹജലം പകര്‍ന്നുകൊടുത്ത്, മുറിവുകള്‍ മരുന്ന് വെച്ചുകെട്ടി അവരെ പരിചരിച്ച നാരീമണികളും വടക്കന്‍ വീരഗാഥകളില്‍ ജ്വലിച്ചുനിന്ന ഉണ്ണിയാര്‍ച്ചയും നമ്മുടെ മുമ്പിലുണ്ട്. പ്രായത്തെ വെല്ലുന്ന ആത്മധൈര്യത്തോടെ സാക്ഷര കേരളത്തിന്റെ കണ്ണും കരളുമായി മാറിയ മലപ്പുറത്തുകാരി ചേലക്കാടന്‍ ആയിശയുടെ നാട്ടില്‍നിന്ന് ഏറനാടന്‍ മങ്കമാര്‍ വീണ്ടും പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
ഡിസംബര്‍ മാസത്തിലെ ഒരു സുപ്രഭാതം. ചീക്കോട് ഗ്രാമപഞ്ചായത്തിലെ ചെറിയ പറമ്പത്ത് അങ്ങാടിയിലെ നാല്‍ക്കവലയില്‍നിന്ന് ആരോ ഉറക്കെ വിളിച്ചുപറഞ്ഞു: ''കേട്ടോളീന്‍ കൂട്ടരെ, തെങ്ങിന്‍മേല്‍ കയറുന്ന പെണ്ണുങ്ങളെ കാണണമെങ്കില്‍ വന്നോളിന്‍.'' കാട്ടുതീ പോലെ വാര്‍ത്ത പരന്നു. കേട്ടവര്‍ കേട്ടവര്‍ ചേനക്കാട്ടില്‍ അവറാന്‍ ഹാജിയുടെ തെങ്ങിന്‍തോപ്പിലേക്ക് കുതിച്ചു.
തെങ്ങിന്‍തോപ്പില്‍ ഉത്സവ പ്രതീതി. ജനപ്രതിനിധികളും നേതാക്കളും പങ്കെടുത്ത ഉദ്ഘാടന മഹാമഹം സമാപിച്ചു. നിറയെ കായ്ഫലമുള്ള ഒരു തെങ്ങിന്‍ ചുവട്ടില്‍ തെങ്ങുകയറ്റ യന്ത്രവുമായി നെഞ്ച് വിരിച്ച് എന്തിനും റെഡിയായി പരിശീലകരായ അബ്ദുസ്സമദും സൈനുദ്ദീനും നിലയുറപ്പിച്ചു. ഒരു ഭാഗത്ത് ഉമ്മുസല്‍മ, ലക്ഷ്മി, സലീന, ഹഫ്‌സ, റുഖിയ, വിമല, ഹഫ്‌സത്ത് തുടങ്ങി ഇരുപത്തിരണ്ട് വനിതകളുടെ നീണ്ട നിര. പര്‍ദ്ദ ധരിച്ചവരും സാരിയുടുത്തവരും ചുരിദാര്‍ അണിഞ്ഞെത്തിയവരും അക്കൂട്ടത്തിലുണ്ട്.
തെങ്ങില്‍ യന്ത്രം ഘടിപ്പിക്കുന്ന വിധം പരിശീലകര്‍ കാണിച്ചുകൊടുത്തു. ഒപ്പം തെങ്ങുകയറ്റത്തെപ്പറ്റി ലഘു വിവരണം. ചിരപരിചിതരെപ്പോലെ മങ്കമാര്‍ ഓരോരുത്തരായി അനായാസേന തെങ്ങില്‍ കയറുന്നത് ജനം വീര്‍പ്പടക്കി നോക്കിനിന്നു. ' ബല്ലാത്ത പെണ്ണുങ്ങള്‍... ഖിയാമത്തിന്റെ അലാമത്ത് തന്നെ'' രംഗം വീക്ഷിച്ച ഒരു നാട്ടുകാരണവരുടെ കമന്റ്. ഇതുകേട്ട് സ്ഥലത്തുണ്ടായിരുന്ന ചില പ്രായോഗിക വാദികള്‍ തിരിച്ചടിച്ചത് ഇങ്ങനെ, ''തെങ്ങ് കയറാന്‍ ആള് വന്നിട്ട് മാസം മൂന്നായി. ഇനി ഈ പെണ്ണുങ്ങള്‍ പഠിച്ചുവരട്ടെ.''
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം
നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ 2011 ആഗസ്റ്റ് 17-ന് തുടക്കം കുറിച്ച പദ്ധതിയാണ് തെങ്ങിന്റെ ചങ്ങാതിമാര്‍. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ജോസി (I.A.S) ന്റെ ചിന്തയില്‍ ഉദയം ചെയ്ത പദ്ധതി കേരളമാകെ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. നാളികേര സംസ്‌കരണ യൂണിറ്റിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ യന്ത്രവും പരിശീലനവും നല്‍കിയാല്‍ തെങ്ങില്‍ കയറി തേങ്ങയിടാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് കുടുംബശ്രീ പ്രവര്‍ത്തര്‍ ടി.കെ ജോസിന് ഉറപ്പുകൊടുത്തു. അതോടെ തെങ്ങുകയറ്റതൊഴിലാളികള്‍ എന്ന പ്രയോഗം 'തെങ്ങിന്റെ ചങ്ങാതിമാര്‍' എന്ന പുതിയ പേരിലുള്ള സംരംഭമായി മാറുകയായിരുന്നു.
തെങ്ങിന്റെ ചങ്ങാതിമാര്‍ക്ക് ആറ് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. തെങ്ങുകയറ്റയന്ത്ര പരിചയം, തെങ്ങുകയറ്റം, കേരസംരക്ഷണം, കീടനാശിനി പ്രയോഗം തുടങ്ങിയവയാണ് പരിശീലനകാലത്ത് ഇവര്‍ അഭ്യസിക്കുന്നത്. വിജയകരമായി തെങ്ങുകയറ്റ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുവ്വായിരം രൂപ വിലവരുന്ന തെങ്ങുകയറ്റ യന്ത്രം സൗജന്യമായി ലഭിക്കും; ഒപ്പം ഒരുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും. ഇതിനെല്ലാം പുറമെ കൂടുതല്‍ മികവ് തെളിയിക്കുന്ന തെങ്ങിന്റെ ചങ്ങാതിമാര്‍ക്ക് നാളികേര വികസന ബോര്‍ഡ് ദേശീയ പുരസ്‌കാരവും നല്‍കിവരുന്നു.
ഏറനാടന്‍ മങ്കമാരുടെ രംഗപ്രവേശം
തളപ്പ് ഉപയോഗിച്ചും യന്ത്രമുപയോഗിച്ചും തെങ്ങുകയറുന്നത് മലപ്പുറത്തുകാര്‍ക്ക് പുത്തനല്ല. തെങ്ങിന്റെ ചങ്ങാതിമാരായി സ്ത്രീകള്‍ കൂട്ടത്തോടെ രംഗത്തു വന്നപ്പോള്‍ ഉണ്ടായിരുന്ന പുകിലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകള്‍ യന്ത്രമുപയോഗിച്ച് അനായാസേന തെങ്ങില്‍ കയറി തേങ്ങയിടുന്നത് കൗതുകത്തോടെ നോക്കിനിന്ന നാട്ടുമ്പുറത്തുകാരി പെണ്ണുങ്ങളും പുരുഷമേധാവിത്തം മറ്റാര്‍ക്കും വകവെച്ചു കൊടുക്കുകയില്ലെന്ന് ശഠിച്ചിരുന്ന നാട്ടുകാരണവന്മാരും വാപൊളിച്ചു നിന്നത് മിച്ചം. കാര്യം മനസ്സിലായതോടെ എല്ലാവരും തെങ്ങിന്റെ ചങ്ങാതിമാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതാണ് പിന്നീട് കണ്ടത്.
വനിതകളെ ചെറിയാപറമ്പത്ത് അവറാന്‍ഹാജിയുടെ തോപ്പില്‍ തെങ്ങുകയറ്റ പരിശീലനത്തിന് എത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഉമ്മുസല്‍മയാണ് തെങ്ങിന്റെ ചങ്ങാതിമാരായി വന്ന പലര്‍ക്കും പ്രേരണയും പ്രോത്സാഹനവും നല്‍കിയത്. അരീക്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്ന ഇവരുടെ ഭര്‍ത്താവ് ഹൈസ്‌കൂള്‍ അധ്യാപകനാണ്. സാമാന്യം മോശമല്ലാത്ത സാമ്പത്തിക ശേഷിയും കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തെങ്ങിന്‍ തോപ്പുമുള്ള കുടുംബമാണ് ഇവരുടേത്.
ഉമ്മുസല്‍മയുടെ ആണ്‍മക്കള്‍ രണ്ടുപേരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. മകളാകട്ടെ ഭര്‍ത്താവുമൊത്ത് വിദേശത്തും. സാമ്പത്തിക പരാധീനതയല്ല ഉമ്മുസല്‍മയെ ഈ രംഗത്തേക്ക് കൊണ്ടുവന്നതെന്നു വ്യക്തം. പരിധികളും പരിമിതികളും ലംഘിക്കാതെ ഏത് സ്ത്രീക്കും സാമൂഹിക വിഷയങ്ങളില്‍ പങ്കെടുക്കാമെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു.
ഉമ്മുസല്‍മയുടെ പ്രേരണയും തുടര്‍ച്ചയായ പ്രോത്സാഹനവുമാണ് അരീക്കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ലക്ഷ്മിയെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചത്. അരീക്കോട് സൗത്ത് പുത്തലം ആലുങ്ങാപറമ്പില്‍ താമസിക്കുന്ന ലക്ഷ്മിയുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടതാണ്. ചെറുപ്രായത്തില്‍ തന്നെ അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ സാരഥ്യം ഏറ്റെടുത്ത ലക്ഷ്മിക്ക് പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ആവുന്നതെല്ലാം ചെയ്തുവെന്ന ഉത്തമബോധ്യമുണ്ട്.
പ്രസിഡണ്ട് സ്ഥാനത്തുനിന്ന് വിരമിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ച ഭര്‍ത്താവിന്റെ ആകസ്മിക നിര്യാണം ലക്ഷ്മിയുടെ ജീവിതത്തില്‍ കനത്ത ആഘാതമായി. കുട്ടികളെ വളര്‍ത്തുവാന്‍ ഇനിയെന്ത് ചെയ്യുമെന്ന് പകച്ചുപോയ അവള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആത്മധൈര്യം വീണ്ടെടുത്തു. ആടുവളര്‍ത്തലും തൊഴിലുറപ്പു ജോലിയും ചെയ്ത് കുടുംബത്തെ പട്ടിണിയില്‍നിന്ന് കരകയറ്റി. മകളുടെ വിവാഹത്തിന് താമസിക്കുന്ന വീടും സ്ഥലവും വില്‍ക്കേണ്ടി വന്നതോടെ ലക്ഷ്മിയുടെ ജീവിതം വീണ്ടും വഴിമുട്ടി. തൊട്ടടുത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൂരയില്‍ താമസമാരംഭിച്ച് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആട് വളര്‍ത്തിയും തൊഴിലുറപ്പ് ജോലി ചെയ്തും മുമ്പോട്ട് നീങ്ങിയ അവസരത്തിലാണ് ലക്ഷ്മി തെങ്ങിന്റെ ചങ്ങാതിയായി മാറുന്നത്.
ഇപ്പോള്‍ ലക്ഷ്മി തികച്ചും സന്തോഷവതിയാണ്. തെങ്ങൊന്നിന് മുപ്പതു രൂപാ നിരക്കില്‍ 700-ഉം 800-ഉം രൂപ ദിവസേന സമ്പാദിക്കുന്നുണ്ട്. മറ്റാരെയും ആശ്രയിക്കാതെ സ്വന്തമായി ചെയ്യാവുന്ന ജോലിയാണ് തെങ്ങുകയറ്റമെന്ന് ലക്ഷ്മി പറയുന്നു. ഉമ്മുസല്‍മയോടൊപ്പം ചേര്‍ന്ന് മറ്റ് വനിതകളെയും തെങ്ങിന്റെ ചങ്ങാതിമാരാക്കുന്നതില്‍ ലക്ഷ്മി പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ലക്ഷ്മിയെപ്പോലെ തെങ്ങിന്റെ ചങ്ങാതിയായി മാറിയ മറ്റൊരു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാണ് വിമല പറമ്പാടന്‍. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ തെങ്ങു കയറ്റ പരിശീലനം നേടി എന്ന ബഹുമതി വിമലക്ക് സ്വന്തം. തികച്ചും വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായ വിമല മുപ്പത്തിയഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്ന എസ്.സി കോളനിക്കാരുടെ സ്‌നേഹഭാജനമാണ്. പ്രായം 58 ആയെങ്കിലും ശാരീരിക പ്രയാസങ്ങള്‍ വകവെക്കാതെ ഇവര്‍ ഇപ്പോഴും യന്ത്രമുപയോഗിച്ച് തെങ്ങ് കയറുന്നു. തെങ്ങിന്റെ ചങ്ങാതിമാരായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തുവരണമെന്ന് പറയുന്ന വിമല യുവതലമുറക്ക് ഏറെ പ്രചോദനം തന്നെയാണ്.
ഒരേസമയം ഓട്ടോ ഡ്രൈവറായും തെങ്ങിന്റെ ചങ്ങാതിയായും ജോലിചെയ്തു വന്നിരുന്ന വണ്ടൂര്‍ ചാത്തന്‍കോട്ട്പുരത്തെ വാഗപ്പറ്റവീട്ടില്‍ മൈമൂന വിസ്മയങ്ങളുടെ കലവറയാണ്. പകരം വെക്കാനില്ലാത്തതാണ് തന്റേടിയായ ഈ നാട്ടുമ്പുറത്തുകാരിയുടെ ജീവിതം.
മലപ്പുറം ജില്ലയിലെ ആദ്യ വനിതാ ഒട്ടോ ഡ്രൈവര്‍ എന്ന ബഹുമതി നേടിയ മൈമൂന 'കേരളത്തിലെ ആദ്യത്തെ നീര ടെക്‌നീഷ്യ' എന്ന റെക്കോഡ് നേട്ടത്തിന്റെ ഉടമ കൂടിയാണിപ്പോള്‍. വണ്ടൂര്‍-നിലമ്പൂര്‍ റൂട്ടില്‍ ഓട്ടോ ഒാടിച്ചുവരികയായിരുന്ന മൈമൂന വാണിയമ്പലത്തെ ട്രെയിനിംഗ് ക്യാമ്പില്‍നിന്നാണ് തെങ്ങുകയറ്റ പരിശീലനം പൂര്‍ത്തിയാക്കിയത്. ആറ് അനിയത്തിമാരും രണ്ട് സഹോദരന്മാരുമടങ്ങുന്ന വലിയ കുടുംബത്തിന്റെ ഏക അത്താണിയായ മൈമൂനയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ട് മുപ്പത് വര്‍ഷമായി. ജീവിതത്തിന്റെ നല്ല നാളുകള്‍ വിരഹത്തിലും ദുരിതത്തിലും തള്ളിനീക്കാന്‍ വിധിക്കപ്പെട്ട മൈമൂനക്ക് സ്വന്തം ഭര്‍ത്താവിനോട് മാത്രമല്ല, പുരുഷ വര്‍ഗത്തോടു തന്നെ തീവ്രമായ വെറുപ്പാണ് അന്നു മുതല്‍.
പുരുഷന് മേധാവിത്തം കല്‍പിച്ചിരിക്കുന്ന ജോലികള്‍ ചെയ്തുകൊണ്ടാണ് മൈമൂന തന്റെ പ്രതിഷേധം അറിയിക്കുന്നത്. തുന്നല്‍ പണിചെയ്തും ഓട്ടോറിക്ഷ ഓടിച്ചും തെങ്ങ് കയറിയും ജീവിതമാര്‍ഗം കണ്ടെത്തിയ ഇവര്‍ ഇപ്പോള്‍ മുഴുസമയ നീര ടെക്‌നീഷ്യയായി പ്രവര്‍ത്തിച്ചുവരികയാണ്. എടവണ്ണപ്പാറയില്‍ ആരംഭിച്ച 40 പേരടങ്ങുന്ന ആദ്യത്തെ നീര ടെക്‌നീഷ്യന്‍ ട്രെയിനിംഗ് ബാച്ചിലെ ഒരേയൊരു പെണ്‍തരിയാണ് മൈമൂന. 2014 നവംബര്‍ 22-ന് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് 39 പുരുഷ ടെക്‌നീഷ്യന്മാര്‍ക്കൊപ്പം സര്‍ട്ടിഫിക്കറ്റും ടാപ്പിംഗ്പണി ആയുധങ്ങളും ഏറ്റുവാങ്ങിയ സന്ദര്‍ഭം ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായി മൈമൂന കരുതുന്നു.
തെങ്ങിന്റെ മണ്ടയില്‍ കയറിനിന്ന് ഏറെ നേരം ചുവടുറപ്പിച്ച് ചെയ്യേണ്ട ടാപിംഗ് ജോലി പരിശീലനം സിദ്ധിച്ച പുരുഷന്മാര്‍ക്കുവരെ ശ്രമകരമായിരിക്കെ, മൈമൂന നിഷ്പ്രയാസം ചെയ്യുന്നു. രാവിലെ ഏഴ് മണിക്കും വൈകുന്നേരം നാലുമണിക്കുമാണ് നീരയുടെ ടാപ്പിംഗ് നടത്തുന്നത്. നീര ടാപ്പിംഗ് ജോലിക്ക് പതിനായിരത്തി അഞ്ഞൂറ് രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കുന്നുണ്ട്; പുറമെ മറ്റ് ആനുകൂല്യങ്ങളും.
സ്ഥിരോത്സാഹവും തന്റേടവും ആത്മവിശ്വാസവും കൈമുതലാക്കി തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തില്‍ അണിചേര്‍ന്ന ഏറനാടന്‍ നാരീമണിയാണ് പത്തപ്പിരിയം വലിയപീടിേയക്കല്‍ സലീന. നാല് സഹോദരിമാരും ഭര്‍തൃഗൃഹങ്ങളില്‍ സുഖമായി കഴിയുമ്പോള്‍ അവിവാഹിതയായി ജീവിതം നയിക്കുന്ന സലീനക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. വീട്ടില്‍ ഉമ്മ മാത്രമാണ് സലീനക്ക് കൂട്ടിനുള്ളത്. തെങ്ങുകയറ്റം ജോലിയായി സ്വീകരിച്ച സലീന തറവാട്ട് സ്വത്തില്‍ പെട്ട 100 തെങ്ങുകളില്‍ സ്വന്തമായി കയറുന്നു. ഒഴിവുസമയങ്ങളില്‍ മറ്റു സ്ഥലങ്ങളിലും തെങ്ങുകയറാന്‍ പോകും. പത്താംതരം പൂര്‍ത്തിയാക്കിയ ശേഷം ഇലട്രോണിക്‌സ്, ഫുഡ് ടെക്‌നോളജി കോഴ്‌സുകള്‍ പാസായി. ഇപ്പോള്‍ ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ വിതരണം ചെയ്യുന്ന ജോലിയുമുണ്ട്.
പരിശീലനത്തിന്റെ ആദ്യദിവസം തന്നെ തെങ്ങിന്റെ ഉച്ചിയില്‍ കയറി സമ്മാനം കരസ്ഥമാക്കിയ പന്നിപ്പാറയിലെ റുഖിയ തൊഴിലുറപ്പ് ജോലിയും തെങ്ങുകയറ്റവും ഒരുമിച്ച് ചെയ്യുന്നു. അരീക്കോട് ബ്ലോക്ക് പഞ്ചായത്തംഗം സിബിലയുടെ പ്രോത്സാഹനമാണ് റുഖിയക്ക് ചങ്ങാതിക്കൂട്ടത്തിലെത്താന്‍ പ്രേരണയായത്. ഉമ്മയും വിധവയായ അനിയത്തിയും മക്കളും ഉള്‍പ്പെടെ ഏഴംഗ കുടുംബത്തിലെ ഏക വരുമാന സ്രോതസ്സാണ് റുഖിയ. മറ്റുള്ളവര്‍ 30 രൂപ വാങ്ങുമ്പോള്‍ 20 രൂപയാണ് റുഖിയ തെങ്ങൊന്നിന് കൂലിയായി ചോദിക്കുന്നത്. ചില സുമനസ്സുകള്‍ മുപ്പതും മുപ്പത്തിയഞ്ചും രൂപ നല്‍കാറുണ്ടെന്നും റുഖിയ പറഞ്ഞു. ഉഗ്രപുരം മുണ്ടമ്പ്ര ഐ.ടി.ഐക്കടുത്ത് കുമ്പളം പിലാക്കല്‍ ഹഫ്‌സത്തും ചെറിയാപറമ്പത്തെ ക്യാമ്പില്‍നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഹഫ്‌സത്തിന്റെ ഭര്‍ത്താവും തെങ്ങുകയറ്റ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മലപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍കമ്പനിയുടെ കീഴിലാണ് ജില്ലയില്‍ തെങ്ങുകയറ്റ പരിശീലനവും നീര ഉല്‍പാദനവും നടക്കുന്നതെന്നും ചീക്കോട് ഉള്‍പ്പെടെ ഇപ്പോള്‍ 29 ഗ്രാമപഞ്ചായത്തുകള്‍ക്ക് നീര ടാപ്പിന് അനുമതിയുണ്ടെന്നും കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ നാസറും എക്‌സി.ഡയറക്ടര്‍ അമീറലിയും പറയുന്നു.
ഉയരങ്ങള്‍ കീഴടക്കിയുള്ള ഏറനാടന്‍ മങ്കമാരുടെ ജൈത്രയാത്ര തുടരുകയാണ്. കേരവും നീരയും സ്വന്തമായ കേരളത്തിന് നാരീമണികളുടെ വിജയക്കുതിപ്പ് പുതിയ ഉണര്‍വ്വ് പകരുമെന്ന് പ്രത്യാശിക്കാം.