യാത്രാമൊഴി

എം.കെ മറിയു No image

      മഗ്‌രിബ് ബാങ്ക് കേട്ടിട്ടും എന്തോ വീടിനകത്തേക്ക് കേറിപ്പോകാന്‍ തോന്നിയില്ല. ആകെയൊരു വല്ലാത്ത വീര്‍പ്പുമുട്ടല്‍. ഒന്ന് കരയാനായെങ്കില്‍ തെല്ല് ആശ്വാസം കിട്ടിയേനെ. തോട്ടത്തില്‍ മുല്ലമൊട്ടുകള്‍ വിരിയാനൊരുങ്ങി നില്‍ക്കുന്നു. സന്ധ്യാനേരങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്തൊരു അസ്വസ്ഥതയോ നഷ്ടബോധമോ എനിക്കു പണ്ടുമുതലേയുള്ളതാണല്ലോ. മുല്ല പൂക്കും കാലങ്ങളില്‍ വിശേഷിച്ചും- ഇന്നു പക്ഷേ... ഉച്ചമുതലേ ഈയൊരവസ്ഥ തന്നെയായിരുന്നല്ലോ. മെഹറിന്‍ കോളജില്‍നിന്നും വന്നപ്പോള്‍തൊട്ടേ ചോദിക്കുന്നുണ്ടായിരുന്നു. 'എന്താ ഉമ്മാ- ഒരു വെഷമം പോലെ? എന്തെങ്കിലും വയ്യായ്കണ്ടോ. ഡോക്ടറെ കാണണോ' എന്നൊക്കെ. ക്ലാസ് കഴിഞ്ഞുവന്നാല്‍ അവള്‍ക്കെപ്പോഴും കാണും പറയാന്‍ കൊറെ വിശേഷങ്ങള്‍. അതൊക്കെ കുറച്ചൊരുത്സാഹത്തോടെ ഞാന്‍ കേട്ടുകൊടുക്കുകയും മറ്റും വേണം. എന്റെ ഇങ്ങനെയുള്ള മൂഡ് തീരേ അസഹ്യമാണവള്‍ക്ക്.
അല്ലെങ്കിലും ഈ നോവിനും വിഷാദത്തിനുമൊക്കെ എന്തര്‍ഥമാണുള്ളത്. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കപ്പുറം കൗമാരകാലത്തെന്നോ വെറും ഒരാറ് മാസക്കാലം കൂടെ കഴിഞ്ഞ് പിരിഞ്ഞുപോയ ഒരാളുടെ വേര്‍പ്പാടറിഞ്ഞുള്ള ഈ വ്യഥിതാവസ്ഥക്ക്...
റോസാച്ചെടികളുടെ ഇലകളെയും മൊട്ടുകളെയും ഒരുതരം കീടം വാട്ടിയുണക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അവയെ തുരത്താന്‍ വളംഡിപ്പോയില്‍നിന്നും വാങ്ങിയ പൗഡര്‍ പൊതിഞ്ഞ ഒരു തുണ്ട് പേപ്പറാണല്ലോ എന്നെ ഈ ദുഃഖത്തിലേക്ക് ആഴ്ത്തിക്കളഞ്ഞതെന്നോര്‍ക്കുമ്പോള്‍... ഇന്നലെ വൈകീട്ട് ചെടികളില്‍ പൗഡര്‍ വിതറി ഒഴിഞ്ഞ കടലാസുതുണ്ട് ചുരുട്ടിയെറിയാന്‍ ആഞ്ഞതായിരുന്നല്ലോ താന്‍. എന്നിട്ട്... പിന്നെ ഏതൊരുള്‍വിളിയാലാവും അത് നിവര്‍ത്തി വായിക്കാന്‍ തോന്നിയത്...? ഇതിനെയൊക്കെ വിധി എന്നല്ലാതെന്ത് പറയാന്‍...
കടലാസിലെ 'പരിശുദ്ധ ഹജ്ജിന്' എന്ന വാചകത്തിന് ചുവടെ കണ്ട മധ്യവയസ്‌കന്റെ ഫോട്ടോക്ക് മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടും മനസ്സില്ലാതെ എന്നെപ്പിരിഞ്ഞ ആ ഇരുപത്തിയൊന്നുകാരന്റെ വിദൂരഛായപോലും ഉണ്ടായിരുന്നില്ലല്ലോ...? അല്ലെങ്കിലും പത്രങ്ങളിലെ അത്തരം അറിയിപ്പുകളും മറ്റും വായിക്കുന്ന ശീലവും എനിക്ക് പണ്ടേയില്ല... എന്നിട്ടും...!
'പ്രിയമുള്ളവരേ, ഞാന്‍ പരിശുദ്ധ ഹജ്ജിനായി യാത്രയാവുകയാണ്. എന്നില്‍നിന്നും വാക്കാലോ പ്രവൃത്തിയാലോ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസം നേരിട്ടിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ഹജ്ജ് സ്വീകാര്യമാവാന്‍ പ്രാര്‍ത്ഥിക്കാനപേക്ഷിക്കുന്നു. ഞാനുമായി സാമ്പത്തികമായ വല്ല ഇടപാടുമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക. എന്ന,് കെ. അലി ഹസ്സന്‍... വയനാട് ജില്ല, ഫോണ്‍...''
അലിഹസ്സന്‍- എന്റെ അസ്സൂക്ക...! അന്നേരത്തെ എന്റെ മാനസികാവസ്ഥയെ ഏത് വാക്കിലാണ് വരക്കാനാവുക- എന്തിനെയൊക്കെയോ വകഞ്ഞുമാറ്റി ഓര്‍മ്മകള്‍ തിരമാലകള്‍ പോലെ ഇരമ്പിയാര്‍ത്തുവരികയാണ്.
'ഓന് സുബൈദാനെ ഒയ്‌വാക്കാന്‍ തീരെ ഇഷ്ടല്ല്യന്നല്ലെ കേക്ക്‌ന്നെ'' 'ഹെന്ന് വെച്ച്? ഓന്റുപ്പ കുട്ട്യാമൂന് ബാശീണ്ടങ്കി അതിലും ബീറും ബാശീം ഞമ്മക്കും ഇണ്ടെന്ന് ബെച്ചോ. ന്റെ ഒരേയൊരു മോളെ വയനാട് നാട്ടില് കുടീര്ത്താനുള്ള ഹാജിന്റെ പൂതി നടക്കൂല...'
പതിനഞ്ച് വയസ്സായിട്ടേയുള്ളൂ. മനസ്സില്‍ ഒരു രാജകുമാരന്റെ രൂപം തെളിഞ്ഞുതുടങ്ങുന്നതേയുള്ളൂ... ഒരുച്ച കഴിഞ്ഞ നേരം. അടുക്കള മുറ്റത്തിരുന്ന് കൊത്തംകല്ല് കളിക്കയായിരുന്നല്ലോ ഞാന്‍. അപ്പോള്‍ കേട്ടു. ഉമ്മയുടെ ശബ്ദം താഴ്ത്തിയുള്ള ബേജാറോടെയുള്ള വിളി. 'എണേ... സുബൈദാ, മതി കളിച്ചത്. വാ ബേഗം വന്ന് കാലും മൂടും കഴ്ക്. ന്ന്ട്ട് ദാ ഇതുടുക്ക്...' ഞാനാകെ അന്തംവിട്ടുനിന്നു. പെരുന്നാളിന് തുന്നിച്ച കസവ് പാവാടയും ബ്ലൗസ്സും ഞൊറിവെച്ച തട്ടവും നീട്ടിപ്പിടിച്ച് ഉമ്മ നില്‍ക്കുന്നു. 'അല്ല ഉമ്മാ, എബ്‌ടേക്കാ ഇപ്പം ഞമ്മള് പോഗ്ന്നത്?' 'ഫ! ബലാലേ, നെന്നോട് കൊഞ്ചാന്‍ എനക്ക് നേരംല്ല. പറഞ്ഞത് കേട്ടാമതി.'' ഉമ്മ ധൃതിയില്‍ ചായയും പലഹാരങ്ങളുമുണ്ടാക്കി. ഉടുത്തൊരുങ്ങി ഒന്നും മനസ്സിലാവാതെ നില്‍ക്കുന്ന എന്നേയും കൂട്ടി ഇരുപ്പ് മുറിയിലേക്ക് നടന്നു. അവിടെ ഉപ്പയോടൊപ്പം തൊപ്പിവെച്ച, സമൃദ്ധിയായി താടിയുള്ള ഒരാളിരിക്കുന്നു. കൂടെ... സുന്ദരനായ ഒരു പൊടിമീശക്കാരനും. കിനാവില്‍വന്ന് ഇടക്കിടെ എത്തിനോക്കാറുള്ള രാജകുമാരന്റെ അതേ മുഖം. രൂപം. 'ഇതാണ് ഞമ്മളെ ഒരേയൊര് മോള് സുബൈദ. നല്ലോണം നോക്കിക്കോ വിശേഷിച്ച് കെട്ട്‌ന്നോന്‍- പിന്നെ കണ്ടില്ലാ കേട്ടില്ലാന്നൊന്നും പറയര്ത്...'' ഉപ്പ പറയുകയാണ്. അപ്പോള്‍ മാത്രമേ കാര്യമെന്താണെന്നറിഞ്ഞുള്ളൂ... പിന്നെ തലയുയര്‍ത്താനായില്ല. ആകെ വിറയാര്‍ന്ന് വിയര്‍പ്പില്‍ മുങ്ങി...!
ഉപ്പയുടെ പ്രതാപത്തിനും പ്രൗഢിക്കും ചേര്‍ന്ന ബന്ധം- നേരത്തെയറിയുന്നവര്‍. ഒന്നും നോക്കാനില്ലായിരുന്നു. പെട്ടെന്നുതന്നെ നിക്കാഹ് തീരുമാനിക്കപ്പെട്ടു... മനസ്സിലപ്പോള്‍ എന്തായിരുന്നു.. ഉവ്വ്, പകപ്പും പേടിയുമുണ്ടെങ്കിലും- ആത്മാവിന്റെ മൃദുതലമാകെ കുളിരുന്നുണ്ടായിരുന്നു. ഒന്നുമൊന്നും അറിഞ്ഞുകൂടെങ്കിലും എന്തിനൊക്കെ മനസ്സ് തിടുക്കം കൂട്ടുന്നുണ്ടായിരുന്നല്ലോ... ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്നും ഇരുത്തം വന്ന സ്ത്രീയായിട്ടും ആ ഓര്‍മ്മകള്‍ക്ക് എന്തൊരു മിഴിവാണ്. എന്ത് മാത്രം സൗരഭ്യമാണവക്ക് ഇപ്പോഴും.
വയനാട്ടിലും എന്റെ നാട്ടിലുമായി അസ്സുക്കായൊടൊത്തുള്ള സ്വര്‍ഗീയ നാളുകള്‍. മറക്കാനാവാത്ത ആറ് മാസത്തെ ദാമ്പത്യ ജീവിതം... പിന്നെ മൂപ്പര്‍ ബോംബെയിലേക്ക് യാത്രയായി. അതിനു മുമ്പേ കരയാന്‍ തുടങ്ങിയ എന്നെ അസ്സൂക്കാന്റെ ഉമ്മ പറഞ്ഞതിനാലാണ് എന്റെ വീട്ടിലേക്ക് അയച്ചത്. ' അസ്സൂ... ഓള് ചെറ്യകുട്ട്യല്ലാക്കളെ.. ഞ്ഞി നാട്ടില് വെര്ന്നത് വരെ അയിന്റെ ഉമ്മ-ബാപ്പാരോടൊപ്പരം നിക്കട്ട് പാവം'' എന്ന്് ആ നല്ല ഉമ്മ പറഞ്ഞതിനാല്‍ ആയിരുന്നു.
എനിക്ക് വേണ്ടി വയനാട്ടില്‍ വീട് പണിയുന്ന വിവരം ഞാനും വീട്ടുകാരുമറിഞ്ഞത് വയനാട്ടില്‍നിന്നും വീട്ടുജോലിക്ക് കൊണ്ടുവന്ന ഹലീമിത്തയില്‍ നിന്നാണ്- 'എല്ലക്കളെ, സുബൈദക്കാക്ക് കുട്ട്യാമുഹാജിന്റെ പറമ്പത്ത് പൊര പണീന്നുണ്ടല്ലോ'' എന്ന് അവരില്‍ നിന്നും കേട്ടപ്പോഴാണ്. രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടുന്ന അസ്സൂക്കായുടെ തേനില്‍ ചാലിച്ച എഴുത്തില്‍ ഈ വകയൊന്നും ഉണ്ടാവാറില്ലല്ലോ. ഹലീമിത്തയില്‍നിന്നും വിവരമറിഞ്ഞയുടനെ കലിതുള്ളി വന്ന് ഉപ്പ ചോദിച്ചു: 'എണേ, പുയ്യാപ്ലന്റെ കത്തില് ഈ ബിബരം ഒന്നുംണ്ടായിറ്റില്ലേ...'' ഇല്ലെന്ന് ഞാന്‍ പറഞ്ഞ നേരംമുതല്‍ അസ്സൂക്ക ഉപ്പയുടെ കണ്ണിലെ കരടായി. 'ഈറ്റിങ്ങളെല്ലാരും കൂടി ഞമ്മളെ ചതിക്കായിരുന്ന് അപ്പോ'- ഉപ്പ ആകെ ഉറഞ്ഞുതുള്ളി.
അസ്സൂക്കായുടെ ഉപ്പയായിരുന്നല്ലോ അവരുടെ വീട്ടിലെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത്. വയനാട്ടില്‍ ഉള്ളപ്പോള്‍ ഒരിക്കല്‍ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്. ആ ഇളം പ്രായക്കാരന്‍ അതൊന്നും ശരിക്ക് കേട്ടിരിക്കില്ല. ഒരു പക്ഷെ...'' ഞമ്മക്ക് പറമ്പും കണ്ടീം ബേണ്ടുവോളംണ്ട്. ഹസ്സനിഷ്ടള്ള പറമ്പ് ഏതാന്ന് വെച്ചാ പറഞ്ഞോ. ഇന്ന് കെട്ട്യോളായി, നാളെ കുട്ട്യാളാവും. അയിന് മുമ്പ് ഒരു കുടി ബേഗംണ്ടാക്കണം. ഓരോന്നും അയിന്റെ കാലത്തും നേരത്തും ചെയ്തില്ലെങ്കില്‍ പിന്നെ പറഞ്ഞിറ്റ് ഫലംല്ല'' എന്ന ഉപ്പയുടെ നിര്‍ദ്ദേശത്തോട് തലയാട്ടുകമാത്രം ചെയ്തു പാവം അസ്സൂക്ക...
രണ്ട് പേരുടേയും ഉപ്പമാര്‍ വാശിക്ക് ഒരു കുറവും വരുത്തിയില്ല. എന്നെ വയനാട്ടിലേക്ക് അയക്കില്ലെന്ന് ഉപ്പ തീര്‍ത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ഉപ്പ തിരിച്ചും. ഇതിനിടയില്‍ അസ്സൂക്ക ബോംബോയില്‍നിന്നും വന്നെങ്കിലും രണ്ടുപേര്‍ക്കും കാണാന്‍പോലും കഴിഞ്ഞില്ല. 'ഓനെ ഇങ്ങയക്കൂലെങ്കിവേണ്ട. അതിലും ദറജയുള്ള ഒര്ത്തനന്റെ മോള്‍ക്ക് കിട്ടാഞ്ഞിറ്റാ'... എന്ന് എന്റെ ഉപ്പ. തോറ്റുകൊടുക്കാന്‍ ആരും ഒരുക്കമായിരുന്നില്ല. ഇതിനിടയില്‍... ചിറകറുക്കപ്പെട്ടത് പോല്‍- കരയില്‍ പിടിച്ചിട്ട മത്സ്യം കണക്കെ പിടയുന്ന രണ്ടിളം മനസ്സുകളെ ആരുമോര്‍ത്തില്ല. ഒടുവില്‍ അസ്സൂക്കയെ കൊണ്ട് ബലമായി മൊഴിചൊല്ലിക്കലായിരുന്നല്ലോ.
ആ ധീരകൃത്യം അയവിറക്കിക്കൊണ്ട് കുറെ കാലം ഉപ്പ ഊറ്റംകൊള്ളുന്നത് നിര്‍വ്വികാരമായി കേട്ടുനില്‍ക്കാറുണ്ടായിരുന്നല്ലോ ഞാന്‍.
'ഓന്‍ മൊയ് തെരാണ്ടിരിക്കാന്‍ എന്തൊക്കെ ഹിക്മത്തുകളെടുത്ത് നോക്കീന്...? ഹും ന്ന്ട്ട് ഞമ്മളെ കയ്യിന്ന് രശ്ശപ്പെട്ടോ. എബ്ട, ഒട്ക്കം ഓന്‍ ബേംഗ്ലൂര്‍ക്ക് വരെ പോയ് ഒളിച്ചില്ലേ. അതും നമ്മളറിഞ്ഞ്. ഇബ്രായീം മുയില്യാരും എന്തിനും പോന്ന രണ്ട് ശുചായികളും ചേര്‍ന്ന് പിടിച്ച പിടീന്ന് കത്തികാണിച്ചല്ലേ മൊഴി മൂന്നും തുപ്പിച്ചത്...?'' ദമ്പതികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ പരമാവധി ശ്രമിച്ച് രമ്യതയിലെത്തിക്കാന്‍ മതം കല്‍പിച്ചു. ഒരു നിലക്കും ഒരുമിച്ചു പോകില്ലെങ്കില്‍ മാത്രം അറ്റകൈക്ക് പ്രയോഗിക്കാനുള്ളതാണ് ത്വലാഖ് എന്ന് ഞെട്ടലോടെ വേദനയോടെ മനസ്സിലാക്കിയത് പിന്നെയും കാലമെത്രെയോ കഴിഞ്ഞ്...
അസ്സൂക്കയെ പറിച്ചെടുത്ത പിളര്‍പ്പില്‍നിന്നും ചോര കിനിഞ്ഞിരുന്നല്ലോ ഒരുപാട് കാലം... പെണ്ണായാല്‍ സര്‍വ്വതും സഹിക്കണം. അടങ്ങണം. ഉള്ളറിഞ്ഞൊന്ന് കരയണമെന്നുവെച്ചാല്‍ പെണ്ണിന്റെ കണ്ണീര് വീണാല്‍ പുരയിലെ ആണിന് ബലാഅ് മുസീബത്ത് വരുമെന്ന് കണ്ണുരുട്ടുന്ന കാലം. അത് പേടിച്ച് കരയാതെ കരളിനെ കരിങ്കല്ലാക്കി. ഒക്കെയും ഉള്ളിലമര്‍ത്തുകയായിരുന്നല്ലോ. മനസ്സ് അറ്റമില്ലാത്ത മരുഭൂമി പോലെയായി. സ്വപ്‌നത്തിന്റെ, മോഹത്തിന്റെ ഹരിതാഭമായ ഒരു ചെറുതുരുത്തോ താരോ തളിരോ എവിടെയും നാമ്പെടുക്കുകയുണ്ടായില്ല. പിന്നെ ഇരുപത്തിമൂന്നാം വയസ്സില്‍ ഉസ്മാനിക്കയുടെ കെട്ടിയോളായി. രണ്ട് മക്കളുടെ ഉമ്മയായി... പക്ഷെ എത്ര ശ്രമിച്ചിട്ടും പഴയ സുബൈദയായില്ല. രണ്ട് വര്‍ഷം മുമ്പ് മരിക്കും വരെ ഉസ്മാനിക്ക ചൊരിഞ്ഞ സ്‌നേഹവര്‍ഷങ്ങളിലും ഒന്നും തളിര്‍ത്തില്ല.
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ആ കടലാസ്സ് തുണ്ട്... മെഹ്‌റീനെ ഒളിക്കുന്ന നെഞ്ചിടിപ്പോടെ മേശവലിപ്പില്‍ വെച്ച് പൂട്ടിയിരുന്നു. എന്തിനെന്നറിയാതെ... ഉറക്കത്തെയിനി കാത്തിട്ട് കാര്യമില്ലെന്നു തോന്നിയപ്പോള്‍ വലിപ്പില്‍നിന്നും എഴുത്തെടുത്ത് വെറുതെ ഉലാത്തി. ഒരുപക്ഷെ, എന്നെപ്പോലെ ഇദ്ദേഹത്തിന്റെ മനസ്സിലും കാണുമോ ഉണങ്ങാത്ത മുറിവ്. ഫോട്ടോയിലേക്ക് തന്നെ കുറെനേരം നോക്കിയപ്പോള്‍ എന്തോ ഒരു വിഷാദഭാവം അവിടെ ഒളിഞ്ഞിരിപ്പുള്ളതായി വെറുതെ തോന്നി. എന്തായാലും നേരം വെളുക്കട്ടെ. ഈ കാണുന്ന നമ്പറില്‍ വിളിച്ചുനോക്കുക തന്നെ. ഒന്നുമില്ലെങ്കിലും ഹജ്ജിന് പോകുന്ന ആളല്ലേ. പ്രാര്‍ഥിക്കാനപേക്ഷിക്കാം. ഞാന്‍ കാരണം മൂപ്പരനുഭവിച്ച വേദനക്ക് മരിച്ചുപോയ എന്റെ ഉപ്പ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ലല്ലോ. ഇങ്ങനെയൊക്കെ കണക്കൂകൂട്ടുന്നിടയിലെപ്പോഴാവും ഉറങ്ങിയത്. രാവിലെ... അവള്‍ കോളജിലേക്ക് പുറപ്പെട്ട ഉടനെ വര്‍ധിച്ച നെഞ്ചിടിപ്പോടെ പേപ്പര്‍തുണ്ടെടുത്ത് നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ പലവട്ടം തെറ്റി. കൈ ആലിലപോല്‍ വിറക്കുന്നു. കാഴ്ച മങ്ങും പോലെ. ഗദ്ഗദം വന്നു തൊണ്ട മൂടുകയാണോ... എങ്ങനെയൊക്കെയോ നമ്പറമര്‍ത്തി ഫോണ്‍ ചെവിയോട് ചേര്‍ത്തു. അങ്ങേത്തലക്കല്‍ സമീയൂസഫിന്റെ ഇംഗ്ലീഷ്-അറബി ഭക്തിഗാനം പാടിത്തുടങ്ങുമ്പോഴേക്കും ആരോ ഫോണെടുത്തു. ചെറുപ്പക്കാരന്റെ സ്വരമാണ്. ശബ്ദമയമായ അന്തരീക്ഷത്തില്‍നിന്നാണ് 'ഹലോ' കേട്ടത്. കട്ടുചെയ്ത് പേപ്പറിലെ നമ്പറുമായി ഒത്തുനോക്കിയപ്പോള്‍ തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. അപ്പോഴേക്കും അയാള്‍ തിരിച്ചുവിളിച്ചു. ചെവിയില്‍ നേരത്തെയെന്ന പോലെ ആരുടെയൊക്കെയോ സംസാരം കേട്ടു. ഓ, ഹജ്ജിന് പോകുന്നതിന്റെ പാര്‍ട്ടിയാകുമെന്ന് അപ്പോഴാണോര്‍ത്തത്. ബഹളം കാരണം കേട്ടിരിക്കില്ലാ എന്ന് വിചാരിച്ചാവും അപ്പുറത്തു നിന്നും ഹലോ ആവര്‍ത്തിച്ചുവന്നു. എനിക്കിത്തിരി ധൈര്യം വന്നപോലെ 'ഹലോ, അസ്സൂക്കായുടെ വീടല്ലേ. മൂപ്പരെപ്പഴാ ഹജ്ജിന് പുറപ്പെടുന്നേ..' എങ്ങനെയൊക്കെ ചോദിച്ചു. 'ഹലോ ഹലോ, നിങ്ങളാരാ... അലി ഹസ്സന്‍ക്കാനെയാണ് നിങ്ങള് തെരക്ക്ന്നതെങ്കില്‍ സോറി. മൂപ്പര് കഴിഞ്ഞ വര്‍ഷം ഹജ്ജിന് പോയതാണല്ലോ.' ഓ... ഞാനെന്തൊര്... തിയ്യതി പോലുമില്ലാത്ത ഒരു തുണ്ട് പഴയ കടലാസ്സും വായിച്ച്... ഛെ.. ഫോണ്‍ കട്ടുചെയ്യാന്‍ നോക്കുമ്പോള്‍ പിന്നെയും കേട്ടു 'ഹലോ, ഞാന്‍ മൂപ്പരുടെ മോനാ... ഞങ്ങളിപ്പോ ഉപ്പയുടെ മയ്യിത്ത് ഖബറടക്കി വന്നതേയുള്ളൂ. ഇന്നലെ വൈകിട്ട് പെട്ടെന്നായിരുന്നു... നിങ്ങളാരായാലും മൂപ്പരുമായി വല്ല ഇടപാടുമുണ്ടെങ്കി ഈ നമ്പറില്‍ തന്നെ വിളിച്ച് എന്നെ ബന്ധപ്പെട്ടാമതി... പിന്നെ... ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം.' ചെറുപ്പക്കാരന്റെ ദുഃഖസാന്ദ്രമായ സ്വരം...
'യ്യോ, എന്തായിത് എന്റുമ്മ. എന്തിനാ ഇരുട്ടത്ത് നിന്ന്ങ്ങനെ കരയുന്നേ... വാവാ അകത്തു പോകാം.'' മെഹ്‌റിന്റെ പിന്നാലെ ഒന്നും മിണ്ടാതെ കണ്ണീര്‍ തുടക്കാതെ യന്ത്രപ്പാവയായി നടന്നു വീട്ടിനുള്ളിലേക്ക്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top