സ്ത്രീ കുറ്റമുക്തയാക്കപ്പെടുന്നു
ശൈഖ് മുഹമ്മദ് കാരകുന്ന് /ഖുര്‍ആനിലെ സ്ത്രീ
2015 ഫെബ്രുവരി
മുഹമ്മദ് നബിയുടെ നിയോഗകാലത്ത് ആദംനബിയെയും ഹവ്വാബീവിയെയും സംബന്ധിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന
മുഹമ്മദ് നബിയുടെ നിയോഗകാലത്ത് ആദംനബിയെയും ഹവ്വാബീവിയെയും സംബന്ധിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന ധാരണ ജൂത-ക്രൈസ്തവ സമൂഹങ്ങളില്‍നിന്ന് പകര്‍ന്നു കിട്ടിയതായിരുന്നു. അതിനാധാരം ബൈബിള്‍ കഥയും. അതനുസരിച്ച് മനുഷ്യന്‍ സ്വര്‍ഗത്തില്‍നിന്ന് പുറന്തള്ളപ്പെടാന്‍ കാരണം സ്ത്രീയാണ്. പാമ്പിന്റെ പ്രേരണക്കു വഴങ്ങി അവര്‍ വിലക്കപ്പെട്ട കനി പറിച്ചുതിന്നു. ഭര്‍ത്താവിനെ തീറ്റുകയും ചെയ്തു. അതിനാല്‍ ഹവ്വാബീവി മാനവകുലത്തിന്റെ മാതാവെന്ന പോലെ പാപത്തിന്റെയും മാതാവുമാണ്. ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നതിങ്ങനെ: യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അത് സ്ത്രീയോട് 'തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്ന് ദൈവം വാസ്തവമായി കല്‍പ്പിച്ചിട്ടുണ്ടോ' എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോട് 'തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്കു തിന്നാം; എന്നാല്‍ ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന് തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്. തൊടുകയും അരുതെന്ന് ദൈവം കല്‍പ്പിച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. പാമ്പ് സ്ത്രീയോട് 'നിങ്ങള്‍ മരിക്കുകയില്ലെങ്കിലും നിശ്ചയം അത് തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങള്‍ നന്മതിന്മകള്‍ അറിയുന്നവരായി ദൈവത്തെപ്പോലെ ആകുകയും ചെയ്യും എന്ന് ദൈവം അറിയുന്നു' എന്ന് പറഞ്ഞു. ആ വൃക്ഷഫലം തിന്നാന്‍ നല്ലതും കാണാന്‍ ഭംഗിയുള്ളതും അറിവുനേടാന്‍ ഏറ്റം പറ്റിയതും എന്ന് സ്ത്രീ കണ്ടു. പഴം പറിച്ചു തിന്നു. ഭര്‍ത്താവിനും കൊടുത്തു. അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണ് തുറന്നു. തങ്ങള്‍ നഗ്നരെന്നറിഞ്ഞ് അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്ക് അരയാട ഉണ്ടാക്കി. വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു. മനുഷ്യനും ഭാര്യയും യാഹോവയായ ദൈവം തങ്ങളെ കാണാതിരിക്കാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു. 'നീ എവിടെ' എന്ന് ചോദിച്ചു. 'തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ട് ഞാന്‍ നഗ്നനായതിനാല്‍ പേടിച്ച് ഒളിച്ചു' എന്നവന്‍ പറഞ്ഞു. 'നീ നഗ്നനെന്ന് നിന്നോട് ആര് പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ നിന്നോട് കല്‍പ്പിച്ച വൃക്ഷഫലം നീ തിന്നോ' എന്ന് അവന്‍ ചോദിച്ചു. അതിനു മനുഷ്യന്‍ 'എന്നോട് കൂടെയിരിക്കാന്‍ നീ തന്ന സ്ത്രീ വൃക്ഷത്തിന്റെ പഴം തന്നു. ഞാന്‍ തിന്നുകയും ചെയ്തു' എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട് 'നീ ഈ ചെയ്തത് എന്ത്' എന്ന് ചോദിച്ചു. അതിന് 'പാമ്പ് എന്നെ വഞ്ചിച്ചു. ഞാന്‍ തിന്നുപോയി' എന്ന് സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോട് കല്‍പ്പിച്ചത്: 'നീ ഇതുചെയ്ത കാരണത്താല്‍ എല്ലാ കാട്ടുമൃഗങ്ങളിലും വെച്ച് നീ ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസ്സുകൊണ്ട് സഞ്ചരിച്ച് നിന്റെ ആയുഷ്‌കാലമൊക്കെയും പൊടിതിന്നും. അവന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുതയുണ്ടാക്കും, അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാല്‍ തകര്‍ക്കും.'' സ്ത്രീയോട് കല്‍പ്പിച്ചത് 'ഞാന്‍ നിനക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും. നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടാകും. അവന്‍ നിന്നെ ഭരിക്കും.' മനുഷ്യനോട് കല്‍പ്പിച്ചതോ: 'നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കുകയും തിന്നരുതെന്ന് ഞാന്‍ കല്‍പ്പിച്ച മരത്തിന്റെ പഴം തിന്നുകയും ചെയ്തതുകൊണ്ട് നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നിന്റെ ആയുഷ്‌കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്ന് അഹോവൃത്തികഴിക്കും. മുള്ളും പറക്കാരയും നിനക്ക് അതില്‍നിന്ന് മുളക്കും. വയലിലെ സസ്യം നിനക്ക് ആഹാരമാകും. നിലത്തുനിന്ന് നിന്നെ എടുത്തിരിക്കുന്നു. അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും. നീ പൊടിയാകുന്നു. പൊടിയില്‍ തിരികെ ചേരും.' മനുഷ്യന്‍ തന്റെ ഭാര്യക്ക് ഹവ്വാ എന്നു പേരിട്ടു. അവള്‍ ജീവനുള്ളവക്കെല്ലാം മാതാവല്ലോ'' (ഉല്‍പത്തി. 3:1-20).
വിശുദ്ധ ഖുര്‍ആന്‍ ഈ ബൈബിള്‍ കഥയെ തീര്‍ത്തും തള്ളിക്കളയുന്നു. അതിലെവിടെയും പാമ്പിന്റെ കഥയില്ല. അതുപോലെ ഹവ്വക്കെതിരെയുള്ള ആരോപണം പൂര്‍ണ്ണമായും നിരാകരിക്കുന്നു. ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ഭൂമിയിലെ തന്റെ പ്രതിനിധിയായാണ് (2:30). സ്വര്‍ഗത്തില്‍ പാര്‍പ്പിച്ചത് ജീവിക്കാനാവശ്യമായ പരിശീലനത്തിനാണ്. ആദം നബിക്കും സഹധര്‍മ്മിണി ഹവ്വക്കും സ്വര്‍ഗത്തിലെ ഏതു വൃക്ഷത്തിലെ പഴവും പറിച്ചുതിന്നാന്‍ അനുവാദമുണ്ടായിരുന്നു. എല്ലാം വിശിഷ്ടവിഭവങ്ങള്‍. അവയൊക്കെ അവര്‍ക്ക് യഥേഷ്ടം ആഹരിക്കാന്‍ അനുവാദമുണ്ടായിരുന്നു (2:35). എന്നാല്‍ പാപത്തിന്റെ പഴം പറിക്കുന്നതും തിന്നുന്നതും വിലക്കിയിരുന്നു. അതിനോട് അടുക്കുകപോലും അരുതെന്ന് അല്ലാഹു ആജ്ഞാപിച്ചു. ഈ കല്‍പന ആദമിനും ഹവ്വക്കും ഒരുപോലെ ബാധകമായിരുന്നു (2:35). ഇഛാനിയന്ത്രണത്തിനുള്ള പരിശീലനത്തിനാണല്ലോ സ്വര്‍ഗത്തില്‍ പാര്‍പ്പിച്ചത്; പിശാച് കഠിന ശത്രുവാണെന്ന് പഠിപ്പിക്കാനും. അവന്‍ മനുഷ്യനെ വഴിതെറ്റിക്കാന്‍ പലതരം തന്ത്രങ്ങളും പ്രയോഗിക്കും. അപ്പോഴൊന്നും അവന്റെ കെണിയില്‍ പെടരുത്. അവനെ ഒരു കാരണവശാലും അനുസരിക്കരുത്. ഇതൊക്കെയുമാണ് അല്ലാഹു നല്‍കിയ നിര്‍ദ്ദേശങ്ങള്‍.
ബൈബിള്‍ പറയുന്നത് പിശാച് പാമ്പിലൂടെ ഹവ്വാബീവിയെ സ്വാധീനിച്ചു എന്നാണ്. ഹവ്വ സ്വയം പഴം തിന്നുകയും ആദമിനെ തീറ്റുകയും ചെയ്തുവെന്നാണ്. എന്നാല്‍ ഖുര്‍ആന്‍ ഹവ്വാബീവിക്കെതിരെയുള്ള ആരോപണം നിഷേധിക്കുക മാത്രമല്ല, പിശാച് പിഴപ്പിച്ചത് ആദമിനെയാണെന്ന് അസന്നിഗ്ദമായി വ്യക്തമാക്കുകയും ചെയ്യുന്നു. വളരെ ഗൂഢമായ മാര്‍ഗമാണ് അതിനായി ഇബ്‌ലീസ് അവലംബിച്ചത്. അല്ലാഹുവിന്റെ കല്‍പന ലംഘിക്കുന്നതിലാണ് നന്മയും വിജയവുമെന്ന് തെറ്റിദ്ധരിപ്പിച്ചു. അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ചാല്‍ ഭാവിയില്‍ സ്വര്‍ഗീയ സുഖം നഷ്ടപ്പെടുമെന്നും നശിച്ചുപോകുമെന്നും ആദം ദമ്പതികളോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. വിലക്കപ്പെട്ട പഴം തിന്നാല്‍ മലക്കുകളായിത്തീരുമെന്നും അനശ്വരമായ ജീവിതം ലഭിക്കുമെന്നും ഇബ്‌ലീസ് അവരെ ബോധിപ്പിക്കുകയും ചെയ്തു. ഈ സംഭവം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: 'നാം ഇതിനു മുമ്പ് ആദമിനോട് കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നു. അദ്ദേഹത്തെ നാം ഇഛാശക്തിയുള്ളവനായിക്കണ്ടില്ല. നാം മലക്കുകളോട് പറഞ്ഞതോര്‍ക്കുക. 'നിങ്ങള്‍ ആദമിന് സാഷ്ടാംഗം പ്രണമിക്കുക.' അപ്പോള്‍ അവരെല്ലാം പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ വിസമ്മതിച്ചു. അപ്പോള്‍ നാം പറഞ്ഞു: 'ആദമേ, തീര്‍ച്ചയായും അവന്‍ നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീ ഏറെ നിര്‍ഭാഗ്യവാനായിത്തീരും. നിശ്ചയമായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൗകര്യമുണ്ട്. ദാഹമനുഭവിക്കാതെയും ചൂടേല്‍ക്കാതെയും ജീവിക്കാം.''
എന്നാല്‍ പിശാച് അദ്ദേഹത്തിനിങ്ങനെ ദുര്‍ബോധനം നല്‍കി: 'ആദമേ, താങ്കള്‍ക്ക് നിത്യജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചു തരട്ടെയോ?''
അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവരിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി. പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു'' (20:115-122).
'പിന്നെ പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി; അവരില്‍ ഒളിഞ്ഞിരിക്കുന്ന നഗ്നസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്താന്‍. അവന്‍ പറഞ്ഞു കൊടുത്തു: 'നിങ്ങളുടെ നാഥന്‍ ഈ മരം നിങ്ങള്‍ക്ക് വിലക്കിയത് നിങ്ങള്‍ മലക്കുകളായി മാറുകയോ ഇവിടെ നിത്യവാസികളായി തീരുകയോ ചെയ്യുമെന്നതിനാല്‍ മാത്രമാണ്.' ഒപ്പം അവന്‍ അവരോട് ആണയിട്ടു പറഞ്ഞു: 'ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്.''
അങ്ങനെ അവരിരുവരെയും അവന്‍ വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരത്തിന്റെ രുചി ആസ്വദിച്ചു. അതോടെ തങ്ങളുടെ നഗ്നത ഇരുവര്‍ക്കും വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ ചേര്‍ത്തുവെച്ച് അവര്‍ തങ്ങളുടെ ശരീരം മറക്കാന്‍ തുടങ്ങി. അവരുടെ നാഥന്‍ ഇരുവരേയും വിളിച്ചു ചോദിച്ചു: 'ആ മരം നിങ്ങള്‍ക്കു ഞാന്‍ വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ?'' (7:2022).
ഇവിടെ വിശുദ്ധ ഖുര്‍ആന്‍ ഹവ്വാബീവിയെ പ്രത്യേകം കുറ്റപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, ആദം നബിക്കാണ് അബദ്ധം പിണഞ്ഞതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ആദം കരാര്‍ മറന്നു. അദ്ദേഹത്തിന് ഇഛാശക്തിയുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചു. എന്നിങ്ങനെ ആദമിനെക്കുറിച്ച് പറയുമ്പോള്‍ ഹവ്വ അദ്ദേഹത്തോടൊപ്പം പഴം പറിച്ചുതിന്നുവെന്ന് മാത്രമാണ് ഖുര്‍ആന്‍ പറയുന്നത്.
ഇങ്ങനെ നൂറ്റാണ്ടുകളായി ആദിമാതാവിനെതിരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ്യാജാരോപണങ്ങളെ ഖുര്‍ആന്‍ തീര്‍ത്തും നിരാകരിക്കുകയും ആദിപാപത്തിന്റെ കാരണക്കാരിയെന്ന ചീത്തപ്പേരില്‍നിന്ന് അവര്‍ക്ക് മുക്തി നല്‍കുകയും ചെയ്യുന്നു. ഇക്കാര്യം ഖുര്‍ആന്‍ 20:115-121 സൂക്തങ്ങളുടെ വ്യഖ്യാനത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇങ്ങനെ വിശദീകരിക്കുന്നു. 'ചെകുത്താന്‍ ദുര്‍ബോധനത്തിലകപ്പെടുത്തിയ വ്യക്തി ആദം (അ) ആയിരുന്നു, ഹവ്വയായിരുന്നില്ല എന്ന് ഖുര്‍ആന്‍ ഇവിടെ സ്പഷ്ടമായി പ്രസ്താവിച്ചിരിക്കുകയാണ്. സൂറത്തുല്‍ അഅ്‌റാഫിലെ വിവരണമനുസരിച്ച് രണ്ടുപേരും അഭിസംബോധിതരായിരുന്നു. എങ്കിലും പൈശാചിക ദുര്‍ബോധനം യഥാര്‍ഥത്തില്‍ ഉന്നംവെച്ചിരുന്നത് ആദം (അ)മിനെയായിരുന്നു. ഇതിനു വിപരീതമാണ് ബൈബിളിന്റെ വിവരണം'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഭാഗം:3 പുറം: 130).
ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ പെണ്ണിനെ കുറ്റമുക്തയാക്കി. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരും പാപികളായാണ് പിറക്കുന്നതെന്നും അതിനു കാരണം ആദം വിലക്കപ്പെട്ട കനി തിന്നതാണെന്നും സ്ത്രീയാണ് അതിനു കാരണക്കാരിയെന്നുമുള്ള ക്രൈസ്തവ കെട്ടുകഥയെ അത് തീര്‍ത്തും തള്ളിക്കളയുന്നു. അങ്ങനെ എക്കാലത്തും പെണ്ണിന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരുന്ന പാപത്തിന്റെ ചാപ്പ ഖുര്‍ആന്‍ പൂര്‍ണ്ണമായും മായ്ച്ചുകളഞ്ഞു. ഗര്‍ഭധാരണവും പ്രസവവും പാപത്തിന്റെ ശിക്ഷയല്ലെന്നും ദൈവത്തിന്റെ അതിമഹത്തായ അനുഗ്രഹമാണെന്നും അത് അസന്നിഗ്ദമായി പഠിപ്പിക്കുന്നു.