ഖുദ്സിയ്യ ബീഗം

റഹ്മാന്‍ മുന്നൂര് /ചരിത്രം No image

      ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഭോപ്പാലിലെ പെണ്‍ഭരണകൂടത്തിന്റെ തുടക്കമായിരുന്നു ഖുദ്‌സിയ്യ ബീഗത്തിന്റെ അധികാരാരോഹണം. കുടുംബത്തിലെ പുരുഷപ്രജകളെ മുഴുവന്‍ നിശ്ശബ്ദരാക്കിക്കൊണ്ട് അധികാരം കൈവശപ്പെടുത്താന്‍ കേവലം പതിനെട്ടു വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെ സാധ്യമായെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അവരുടെ അനിതരസാധാരണമായ ബുദ്ധിയെയും കരുത്തിനെയുമാണത് സൂചിപ്പിക്കുന്നത്.
ചെറുപ്പം തൊട്ടേ കര്‍ക്കശമായ പര്‍ദ്ദാ സമ്പ്രദായത്തിലാണ് ഖുദ്‌സിയ്യ വളര്‍ത്തപ്പെട്ടിരുന്നത്. പര്‍ദ്ദ എന്നു പറയുമ്പോള്‍ വസ്ത്രധാരണ രീതിയെ മാത്രമല്ല അര്‍ഥമാക്കുന്നത്. പൊതുരംഗങ്ങളില്‍നിന്നുള്ള പിന്മാറ്റവും പുരുഷ കാഴ്ചകളില്‍നിന്ന് പൂര്‍ണമായി മറഞ്ഞിരിക്കലുമാണത്. ഭരണകര്‍ത്താവ് എന്ന നിലക്കുള്ള ഉത്തരവാദിത്വ നിര്‍വഹണത്തിന് അതൊരു തടസ്സമായി ഖുദ്‌സിയ്യ ബീഗം മനസ്സിലാക്കി. കുടുംബത്തിലെ മുതിര്‍ന്നവരുമായും പണ്ഡിതന്മാരുമായും അതിനെപ്പറ്റി കൂടിയാലോചിച്ചു. അവരാരും തടസ്സം പറഞ്ഞില്ല. അങ്ങനെയവര്‍ മൂടുപടം നീക്കി മുഖം വെളിപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങാനും പൊതുരംഗങ്ങളില്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. അതോടൊപ്പം കുതിര സവാരിയും യുദ്ധമുറകളും അഭ്യസിക്കുകയും ചെയ്തു. സ്ത്രീ എന്ന നിലക്ക്, മറ്റുള്ളവര്‍ തന്നെ ദുര്‍ബലയായി കാണരുതെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍ ഭക്തിയിലും ആചാരനിഷ്ഠയിലും ഖുദ്‌സിയ്യ ബീഗം ഉത്തമമാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. സൂഫികളുടെ വിരക്തിയെ ഓര്‍മിപ്പിക്കും വിധം ലളിതമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. പൊതുമുതല്‍ സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാതിരിക്കുന്നതില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയിരുന്നു. ജനങ്ങളുടെ നന്മയും ക്ഷേമവും ലക്ഷ്യംവെച്ച് പല പദ്ധതികളും അവര്‍ നടപ്പിലാക്കി. ജനങ്ങള്‍ക്ക് തന്റെയടുക്കല്‍ നേരിട്ടുവന്ന് പരാതികളും ആവലാതികളും ബോധിപ്പിക്കാന്‍ അവര്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ജനങ്ങളുടെ അവസ്ഥകള്‍ മനസ്സിലാക്കാനും, തന്റെ ശാസനകള്‍ ഉദ്യോഗസ്ഥന്മാര്‍ എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്ന് നേരിട്ടറിയാനും വേണ്ടി വേഷംമാറി പുറത്തിറങ്ങി നടക്കാറുണ്ടായിരുന്നു. പ്രജകള്‍ മുഴുവന്‍ ഭക്ഷണം കഴിച്ചുവെന്ന വിവരം ലഭിക്കുന്നതുവരെ അവര്‍ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ലത്രെ.
ഇന്ത്യയില്‍ ബ്രിട്ടീഷ്ഭരണം ശക്തിയാര്‍ജിച്ചുവരുന്ന കാലമായിരുന്നു അത്. മറാത്ത, സിന്ധ്യ, ഹോള്‍ക്കാര്‍ ഭോന്‍സ്ല, ഗെയ്ക്‌വാദ് തുടങ്ങിയ ഹിന്ദു നാട്ടുരാജ്യങ്ങളാണ് ഭോപ്പാലിന് ചുറ്റും ഉണ്ടായിരുന്നത്. ഇവരില്‍ നിന്നെല്ലാം നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ഭീഷണികളെയും സമര്‍ദ്ദങ്ങളെയും വിജയകരമായി അതിജീവിക്കുവാനും ഖുദ്‌സിയ്യ ബീഗത്തിന് സാധിച്ചു. ഫത്‌ഹെ നിഷാനി (ഭോപ്പാലിന്റെ ഔദ്യോഗിക പതാക)ന്റെ അന്തസ്സ് തന്റെ ഭരണകാലത്തുടനീളം ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഹിന്ദുക്കളും മുസ്‌ലിംകളുമായ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റാന്‍ അവര്‍ക്ക് സാധിച്ചു.
എന്നാല്‍, സ്വന്തം കുടുംബത്തിലെ ആണ്‍പിറന്നവരില്‍ ചിലര്‍ ഖുദ്‌സിയ്യ ബീഗത്തിന്റെ ഭരണം ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ഭീഷണികളും ഉപജാപങ്ങളും മറ്റുമായി ഇടക്കിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇസ്‌ലാം അപകടത്തിലാണെന്ന് ഒച്ചവെച്ചു. ബ്രിട്ടീഷ് ഭരണകൂടത്തോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചു. ബ്രിട്ടീഷുകാരാകട്ടെ, ആ അവസരം ശരിക്കും മുതലാക്കി.
മകള്‍ സിക്കന്തര്‍ ബീഗം മച്ചുനനായ ജഹാംഗീര്‍ മുഹമ്മദ് ഖാനെ വിവാഹം കഴിച്ച് ഭരണം അദ്ദേഹത്തെ ഏല്‍പ്പിക്കണം എന്നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആജ്ഞ. അങ്ങനെ ചെയ്യാത്ത പക്ഷം സിക്കന്തര്‍ ബീഗത്തെയും ഖുദ്‌സിയ്യ ബീഗത്തെയും അറസ്റ്റ് ചെയ്ത് കല്‍ത്തുറുങ്കിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോഴത്തെ സാഹചര്യത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തെ ധിക്കരിക്കുന്നത് കൂടുതല്‍ അപകടകരമായിരിക്കുമെന്നു മനസ്സിലാക്കിയ ഖുദ്‌സിയ്യ ബീഗം ആ ആജ്ഞക്ക് വഴങ്ങാന്‍ തീരുമാനിച്ചു.
അങ്ങനെ ജഹാംഗീര്‍ സിക്കന്തര്‍ ബീഗത്തെ വിവാഹം കഴിച്ച് ഭരണാധികാരിയായി. 1837 മുതല്‍ 1844 വരെയുള്ള ഏഴുകൊല്ലം അദ്ദേഹം ഭരണം നടത്തി. എന്നാല്‍ തീര്‍ത്തും പരാജയമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. പേര്‍ഷ്യന്‍ കവി ഹാഫിസ് അക്കാലത്തെ പേര്‍ഷ്യയുടെയും ഭോപ്പാലിന്റെയും ക്രമസമധാന നിലയെ താരതമ്യം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. 'പേര്‍ഷ്യയിലെ കള്ളന്മാര്‍ക്ക് രാത്രിസമയങ്ങളില്‍ വിളക്കു കത്തിച്ച് കളവു നടത്തുവാന്‍ ഭയമില്ല. എന്നാല്‍ ഭോപ്പാലിലെ കള്ളന്മാര്‍ പട്ടാപ്പകല്‍ പോലും നിര്‍ഭയമായി കളവു നടത്തുവരാണ്' എന്നത്രെ അദ്ദേഹം പറഞ്ഞത്. ഖുദ്‌സിയ്യ ബീഗത്തിന്റെ ഭരണകാലത്ത് തങ്ങള്‍ക്ക് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാനും രാത്രി നിര്‍ഭയമായി അന്തിയുറങ്ങാനും സാധിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ നിര്‍ഭയാവസ്ഥ നഷ്ടപ്പെട്ടുപോയിരിക്കുന്നുവെന്നുമുള്ള ഭോപ്പാലിലെ സാധാരണ ജനങ്ങളുടെ സാക്ഷ്യവും ചരിത്രകൃതികളില്‍ രേഖപ്പെട്ടു കാണാം.
ഭോപ്പാലിന്റെ ഈ ശോചനീയാവസ്ഥയില്‍ ഏറ്റം ദുഃഖിതയായിരുന്ന ഖുദ്‌സിയ്യാ ബീഗം ജഹാംഗീറിനെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്താന്‍ ബ്രിട്ടീഷ് അധികാരികളോട് പലതവണ ആവശ്യപ്പെട്ടു. അതേ ആവശ്യം ജനങ്ങളും ഉയര്‍ത്തിയിരുന്നു. പക്ഷേ, ബ്രിട്ടീഷുകാര്‍ അതിനു തയ്യാറായില്ല. എങ്കിലും 1844-ല്‍ ജഹാംഗീര്‍ മരണപ്പെടുകയും ഒരിക്കല്‍ കൂടി അധികാരം സിക്കന്തര്‍ ബീഗത്തിന് തിരിച്ചുകിട്ടുകയും ചെയ്തു. പക്ഷേ, അതുകൊണ്ടുമാത്രം തൃപ്തയാവാന്‍ ഖുദ്‌സിയ്യ ബീഗം തയ്യാറായില്ല. സ്ത്രീകള്‍ക്ക് ഭരണാധികാരിയാവാന്‍ പറ്റുകയില്ലെന്ന നിലപാടില്‍ തന്നെ മാറ്റം വരുത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പൊളിറ്റിക്കല്‍ ഏജന്റുമായി അവര്‍ നിരന്തരം സംവാദങ്ങളും കത്തിടപാടുകളും നടത്തി. സ്ത്രീകള്‍ ഭരണാധികാരിയാവുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നില്ലെന്ന് അവര്‍ ശക്തിപൂര്‍വ്വം വാദിച്ചു. ബ്രിട്ടനില്‍ എലിസബത്ത്‌രാജ്ഞി അധികാരത്തിലെത്തിയത് എടുത്തുകാട്ടി സ്ത്രീ ഭരണത്തിന് യോഗ്യയല്ലെന്ന എല്ലാ തടസ്സ വാദത്തിന്റെയും മുനയൊടിച്ചു. നിരന്തരമായ ഈ പോരാട്ടത്തിനൊടുവില്‍ അവര്‍ ജയിക്കുകതന്നെ ചെയ്തു. ബ്രിട്ടീഷ് ഭരണകൂടം സിക്കന്തര്‍ ബീഗത്തെ യഥാര്‍ഥ ഭരണാധികാരിയായി അംഗീകരിച്ചു.
ആഡംബരരഹിതവും, ലളിതവുമായ ജീവിതം നയിച്ച ഖുദ്‌സിയ്യ ബീഗം ഭോപ്പാല്‍ നഗരത്തെ ഗംഭീരമായ കെട്ടിടങ്ങള്‍കൊണ്ട് പ്രൗഢമാക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല. എങ്കിലും, നഗരഹൃദയത്തില്‍ അതിമനോഹരമായ ഒരു പള്ളി അവര്‍ നിര്‍മിക്കുകയുണ്ടായി. ഇരുപത്തിയഞ്ചുവര്‍ഷം എടുത്താണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്. അതുപോലെ പൗരസ്ത്യ ശൈലിയില്‍ നിര്‍മ്മിച്ച 'ഐശ്ബാഗ്' ഉദ്യാനവും അവരുടെ പ്രധാന നിര്‍മിതികളില്‍ പെടുന്നു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലും മദീനയിലും സത്രങ്ങള്‍ നിര്‍മിച്ച് സൗജന്യ താമസത്തിനുള്ള സൗകര്യവും അവര്‍ ഒരുക്കിയിരുന്നു.
വെള്ളത്തിനു വേണ്ടി കിണറുകളെയാണ് ഭോപ്പാല്‍ നഗരം എക്കാലത്തും ആശ്രയിച്ചിരുന്നത്. പാറനിറഞ്ഞ പ്രദേശമായതുകൊണ്ട് കിണറുകളുടെ എണ്ണം വളരെ കുറവായിരുന്നു. കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ടുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് ദൂരീകരിക്കുന്നതിനായി ഖുദ്‌സിയ്യ ബീഗം ബഡാ താലാബില്‍ നിന്ന് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കി. ഡേവിഡ് കുക്ക് എന്നു പേരായ ഒരു യൂറോപ്യന്‍ എഞ്ചിനീയറുടെ സഹായത്തോടെ പമ്പിംഗ് സ്റ്റേഷനും പൈപ്പുകളും സ്ഥാപിച്ചുകൊണ്ടാണ് അത് സാധിച്ചത്. തീര്‍ത്തും സൗജന്യമായിട്ടാണ് ജലം വിതരണം ചെയ്തിരുന്നത്. മാത്രമല്ല, തന്റെ കാലശേഷവും ജനങ്ങള്‍ക്ക് സൗജന്യമായി ജലം ലഭിക്കുന്നത് ഉറപ്പുവരുത്താനായി ഒരു വഖ്ഫ് ഏര്‍പ്പെടുത്തി ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ഏല്‍പ്പിക്കുകയും ചെയ്തു. അടുത്ത കാലം വരെയും ഈ ജലവിതരണ സംവിധാനം നിലനിന്നിരുന്നു.
താന്‍ നിര്‍മ്മിച്ച പള്ളിയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയെക്കുറിച്ചും ഖുദ്‌സിയ്യ ബീഗം ആലോചിച്ചിരുന്നു. എന്നാല്‍ അതിനുവേണ്ടി പാവപ്പെട്ടവരുടെ വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരുമെന്ന് കണ്ടപ്പോള്‍ ആ പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തത്.
1857-ലെ ശിപായി ലഹളക്കാലത്ത് ഭോപ്പാലിനെ കുഴപ്പങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ഖുദ്‌സിയ്യ ബീഗം അര്‍പ്പിച്ച സേവനം അവിസ്മരണീയമാണ്. സിക്കന്തര്‍ ബീഗത്തിന്റെ ഭരണകാലമായിരുന്നു അത്. ഖുദ്‌സിയ്യ ബീഗത്തിന് ഭരണത്തില്‍ പങ്കൊന്നും ഉണ്ടായിരുന്നില്ല. ഇരട്ടി വേതനം ആവശ്യപ്പെട്ട് പട്ടാളക്കാര്‍ കലാപത്തിനൊരുങ്ങിയപ്പോള്‍ അവരുടെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ട പണം പൊതുഖജനാവില്‍ ഉണ്ടായിരുന്നില്ല. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഖുദ്‌സിയ്യ ബീഗം സ്വന്തം സമ്പാദ്യത്തില്‍നിന്ന് പണം എടുത്തുകൊടുത്താണ് പ്രശ്‌നം പരിഹരിച്ചത്.
1863-ല്‍ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ ഖുദ്‌സിയ്യ ബീഗം നാലുമാസം പുണ്യഭൂമിയില്‍ താമസിച്ചു. അതിനിടയില്‍ അവിടത്തെ ഭരണാധികാരിയുടെയും മറ്റു പ്രഭുക്കന്മാരുടെയും ആതിഥ്യവും ആദരവും സ്വീകരിച്ചു. മദീന സന്ദര്‍ശിക്കാനുള്ള അവരുടെ ആഗ്രഹം പക്ഷേ സാധിക്കുകയുണ്ടായില്ല. വഴി സുരക്ഷിതമല്ലാത്തതിനാല്‍ അധികാരികള്‍ അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ഭരണത്തില്‍നിന്ന് ഒഴിവായതിനുശേഷവും ബ്രിട്ടീഷ് ഭരണകൂടം ഭരണാധികാരികള്‍ക്ക് നല്‍കുന്ന അതേ ആദരവും ഉപചാരങ്ങളും ഖുദ്‌സിയ്യ ബീഗത്തിന് നല്‍കിയിരുന്നു.
1876-ല്‍ ബ്രിട്ടനിലെ രാജ്ഞി എലിസബത്ത് ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഖുദ്‌സിയ്യ ബീഗത്തെ 'ക്രൗണ്‍ ഓഫ് ഇന്ത്യ' എന്ന പദവി നല്‍കി ആദരിക്കുകയുണ്ടായി.
1881 ഡിസംബര്‍ മാസത്തിലാണ് ഖുദ്‌സിയ്യ ബീഗം മരണപ്പെട്ടത്. മകള്‍ സിക്കന്തര്‍ ബീഗത്തിന്റെ മരണത്തിനുശേഷം പതിനഞ്ച് വര്‍ഷം അവര്‍ ജീവിക്കുകയുണ്ടായി. തന്നെ മറവുചെയ്യാനുള്ള ഖബര്‍ അവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കുഴിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഓരോ വര്‍ഷവും ആ ഖബറില്‍ ചോളം ഇട്ടു നിറക്കും. പിന്നെ അതെല്ലാം വാരിയെടുത്ത് തൂക്കം നോക്കും. എന്നിട്ട് അത്രയും തൂക്കം വെള്ളി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.
ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ ജനങ്ങളുടെ നിസ്സീമമായ സ്‌നേഹം പിടിച്ചുപറ്റാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ഭോപ്പാലിലെ പാവപ്പെട്ട നിരവധിയാളുകള്‍ അവരുടെ ചെലവില്‍ ഹജ്ജ് തീര്‍ഥാടനം നടത്തുകയുണ്ടായിട്ടുണ്ട്.
മരണപ്പെടുമ്പോള്‍ ഖുദ്‌സിയ്യ ബീഗത്തിന് 81 വയസ്സ് പ്രായമുണ്ടായിരുന്നു. വാര്‍ധക്യത്തിലും അവര്‍ ആരോഗ്യവതിയും ഊര്‍ജസ്വലയുമായിരുന്നു. ദിവസവും പതിനെട്ട് മണിക്കൂര്‍ അവര്‍ ജോലി ചെയ്യാറുണ്ടായിരുന്നു. വ്യായാമം ശീലമാക്കിയിരുന്ന അവര്‍ നിത്യവും കൊട്ടാര വളപ്പിലെ തോട്ടത്തിലോ മറ്റേതെങ്കിലും സ്ഥലങ്ങളിലോ മണിക്കൂറുകളോളം നടക്കുക പതിവായിരുന്നു. അതിനിടയില്‍ നഗരത്തിലെ പാവപ്പെട്ട വീടുകളിലേക്ക് കയറിച്ചെല്ലുകയും അവരുടെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ദീര്‍ഘനേരം സല്ലപിച്ചിരിക്കുകയും ചെയ്യും.
ലളിതമായ വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. ദുല്‍ഹജ്ജ് ഒമ്പതിന് മാത്രമേ ആഭരണങ്ങള്‍ ധരിക്കാറുണ്ടായിരുന്നുള്ളൂ. പൗത്രി ഷാജഹാന്‍ ബീഗത്തിന് നല്‍കിയ വസ്വിയ്യത്തില്‍ മര്‍ദ്ദിതരുടെ പരാതികള്‍ നേരിട്ട് തന്നെ കേള്‍ക്കണമെന്നും അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും അവര്‍ ഉപദേശിക്കുന്നുണ്ട്. അതുപോലെ ഭോപ്പാലിലെ ജലവിതരണ പദ്ധതി പൂര്‍ത്തിയാക്കാനും വെള്ളം ഉപയോഗിക്കുന്നവരില്‍നിന്ന് ഒരിക്കലും വിലയോ നികുതിയോ ഈടാക്കരുതെന്നും കര്‍ക്കശമായി ആവശ്യപ്പെട്ടു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top