തമസോ മാ ജ്യോതിര്‍ഗമയഃ
എ.എ സലീമ /സർവീസ് ബുക്ക്
2015 ഫെബ്രുവരി
ആയോധന കലക്ക് പേരും പെരുമയും കേട്ട കടത്തനാട്. വടക്കന്‍ പാട്ടുകളിലൂടെയും പുള്ളുവന്‍ പാട്ടുകളിലൂടെയും തച്ചോളി ഒതേനന്റെയും
ആയോധന കലക്ക് പേരും പെരുമയും കേട്ട കടത്തനാട്. വടക്കന്‍ പാട്ടുകളിലൂടെയും പുള്ളുവന്‍ പാട്ടുകളിലൂടെയും തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും വീരകഥകള്‍ കേട്ടുവളര്‍ന്ന കടത്തനാടിന്റെ മക്കള്‍. ചേകവരുടെ വീര്യമൃത്യുവില്‍ അഭിമാനംകൊണ്ടിരുന്ന വീട്ടുകാര്‍. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും ചോരപ്പാടുകള്‍ ഏറ്റുവാങ്ങുന്ന ഒരു കളരിയായി മാറി പിന്നീട് കടത്തനാട്. മറ്റുള്ളവര്‍ക്ക് വേണ്ടി ബലിയാടാവുന്ന പുതിയ ചേകവര്‍. അവരെ പ്രകീര്‍ത്തിക്കാന്‍ ഒരു പുള്ളുവനും ഉണ്ടായില്ല. ചെറിയ ഒരു തീപ്പൊരി മതി ഇവിടം ചുട്ടുചാമ്പലാവുന്ന ശ്മശാനമായി മാറാന്‍. അങ്ങനെയൊരു തീപ്പൊരി ഊതിക്കെടുത്തിയ ഒരു ഓര്‍മ്മ.
2001-02 അധ്യയന വര്‍ഷം മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന ദിവസം എന്നെ എതിരേറ്റത് വടകര വിദ്യാഭ്യാസ ജില്ലയിലെ വളയം ഹൈസ്‌കൂളിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡറായിരുന്നു. ഇണങ്ങിയ അന്തരീക്ഷത്തില്‍നിന്നുള്ള പറിച്ചുനടല്‍. മനസ്സിലെവിടെയോ നീറ്റല്‍. സര്‍വീസ് േ്രബക്ക് വരാതിരിക്കാനായി പിറ്റേ ദിവസംതന്നെ വളയത്തേക്ക് യാത്ര തിരിച്ചു. സ്‌കൂളിലേക്കുള്ള യാത്രയില്‍ വഴിയോരക്കാഴ്ചകള്‍ തികച്ചും വ്യത്യസ്തമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. പലതും കുത്തിത്തുറന്ന് സാധനങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ടയറും മറ്റു സാധനങ്ങളും അപ്പോഴും എരിഞ്ഞുകൊണ്ടിരുന്നു. ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ (വര്‍ഗ്ഗീയ) കലാപത്തിന്റെ ബാക്കിപത്രം.
'സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് വന്നിട്ടേ തുറന്ന് പ്രവര്‍ത്തിക്കൂ' എന്നൊരു നോട്ടീസ് ബോര്‍ഡില്‍ എന്റെ കണ്ണുകള്‍ ഉടക്കിനിന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. പുതിയ ക്ലാസ്, പുതിയ മുഖങ്ങള്‍, തികച്ചും വ്യത്യസ്തമായ അന്തരീക്ഷം. പുതിയ ടീച്ചറുടെ പേരറിയുക എന്നതിലും ആവശ്യം മതമറിയുക എന്നതായിരുന്നു. ക്രിസ്ത്യാനിയാണോ എന്ന് ബലമായ സംശയം. മുസ്‌ലിം എന്ന ഉത്തരം പൂര്‍ണ്ണമായും ദഹിച്ചില്ല. 'പിന്നെ എന്താ പര്‍ദ്ദയിടാത്തത്?'' ക്ലാസിലെ വികൃതിയുടെ ചോദ്യം.
വിഷയം സോഷ്യല്‍ സയന്‍സായതുകൊണ്ട് ജനാധിപത്യം പഠിപ്പിക്കുമ്പോള്‍ മതമൈത്രിക്ക് ഊന്നല്‍ നല്‍കാന്‍ കഴിയുന്നതും പരിശ്രമിച്ചു. സര്‍ സയ്യിദ് അഹ്മദ്ഖാന്റെ വാക്കുകള്‍ കടമെടുത്തിട്ട് പറഞ്ഞു: 'സുന്ദരിയായ വധുവിന്റെ (ഇന്ത്യ) മനോഹരമായ രണ്ട് കണ്ണുകളാണ് ഹിന്ദുവും മുസല്‍മാനും. ഒന്ന് നഷ്ടപ്പെട്ടാല്‍ അവള്‍ വിരൂപിയാവും.'' എന്നാല്‍ ക്ലാസിലെ കുട്ടികളുടെ കണ്ണുകളിലെ വികാരം എന്താണെന്ന് വായിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥ.
അന്നൊരു നോമ്പുകാലമായിരുന്നു. ഷിഫ്റ്റായതുകൊണ്ട് 8.30-ന് ക്ലാസ് തുടങ്ങുമ്പോള്‍ ഉറക്കച്ചടവോടെയായിരിക്കും ഒട്ടുമിക്ക കുട്ടികളും ക്ലാസില്‍ വരിക. പ്രാര്‍ഥന കഴിഞ്ഞ് ഹാജര്‍ എടുക്കുമ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു, പുറത്ത് ഒരാള്‍ അസ്വസ്ഥനായി നടക്കുന്നു. സാമാന്യം നല്ല ഉയരവും വണ്ണവും. കൂടാതെ നീണ്ട താടിയും തൊപ്പിയും. മകന്റെ പഠനകാര്യം അന്വേഷിക്കാന്‍ വന്നൊരു രക്ഷിതാവല്ല എന്ന് നടത്തം കണ്ടപ്പോള്‍ എനിക്ക് ബോധ്യമായി. എന്നെ കാണാനല്ല വന്നത് എന്നതുകൊണ്ട് ഞാന്‍ ക്ലാസെടുക്കാന്‍ തുടങ്ങി. പക്ഷെ, മനസ്സ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്തിനായിരിക്കും അയാള്‍ വന്നത്. കണ്ണുകള്‍ വീണ്ടും പുറത്തേക്ക് നീണ്ടു.
തൊട്ടടുത്ത ക്ലാസിലെ ക്ലാസ് ടീച്ചര്‍ എന്റെ ക്ലാസിലെ ഷിബിനെ (പേര് സാങ്കല്‍പികം) വന്ന് വിളിച്ചു; കൂടെ എന്നെയും. ക്ലാസിന് പുറത്ത് ഞാന്‍ എത്തുമ്പോഴേക്കും രക്ഷിതാവിന്റെ ശബ്ദം ഉയര്‍ന്ന് കഴിഞ്ഞിരുന്നു: 'തൊപ്പിയിട്ട് ക്ലാസില്‍ വന്നാല്‍ എന്തു ചെയ്യും? അവനെ ഇറക്കിവിട്. ഞാന്‍ കാണിച്ചു തരാം.'' അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. സംഗതി ഒന്നും പിടികിട്ടിയില്ലെങ്കിലും സംഭവം ഗൗരവമുള്ളതാണെന്ന് മനസ്സിലായി. അപ്പോഴേക്കും സരോജ ടീച്ചര്‍ സംഭവത്തിന്റെ ഏകദേശ രൂപം നല്‍കി. എന്റെ ക്ലാസിലെ ഷിബിന്‍ ടീച്ചറുടെ ക്ലാസിലെ അമീറിന്റെ (പേര് സാങ്കല്‍പികം) തലയിലെ തൊപ്പി തട്ടിത്തെറിപ്പിച്ചു. തട്ടിത്തെറിപ്പിച്ചവനെ കൈകാര്യം ചെയ്യാനാണ് രക്ഷിതാവ് വന്നത്. എന്റെ കാലില്‍ നിന്നൊരു വിറയല്‍. എന്താ സംഭവിക്കുക. ഇതൊരു വര്‍ഗീയതക്ക് കാരണമാവുമോ? നാദാപുരം മേഖലയില്‍ പ്രശ്‌നങ്ങള്‍ അമര്‍ന്ന് സമാധാനാന്തരീക്ഷം സ്ഥാപിച്ചു വരുന്നേയുള്ളൂ.
8-ാംക്ലാസിലെ കുട്ടികളുടെ വികൃതിയായി അത് അംഗീകരിക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല. '' ഹെഡ് ടീച്ചര്‍ വന്നോട്ടെ. എന്നിട്ട് കാര്യങ്ങള്‍ സംസാരിക്കാം.'' ഞാന്‍ പറയുന്നതൊന്നും അയാള്‍ കേള്‍ക്കുന്നുപോലുമില്ല. ചെറിയ കാര്യം വലിയ സംഭവമാക്കി മാറ്റാനാണ് അയാള്‍ ശ്രമിക്കുന്നത്.
സരോജ ടീച്ചര്‍ മുന്നോട്ടുവന്നു. രണ്ട് കുട്ടികളെയും വിളിപ്പിച്ചു. ഷിബിന് തൊപ്പി തട്ടിക്കളഞ്ഞോ എന്നുതന്നെ ഓര്‍മ്മയില്ല. അമീറാണെങ്കില്‍ വാപ്പയുടെ പിന്‍ബലത്തില്‍ ഘോരഘോരം സംസാരിക്കുന്നു. ടീച്ചര്‍ രണ്ടു പേരുടേയും കൈവെള്ളയില്‍ ചൂരല്‍കൊണ്ടടിച്ചു. 'ചെറിയ സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് വലുതാക്കി രക്ഷിതാവിനെ കൂട്ടിവരികയല്ല വേണ്ടത്. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക ടീച്ചര്‍മാരാണ്. അല്ലാതെ പുറത്ത് നിന്ന് വരുന്നവരല്ല.'' ആ രക്ഷിതാവ് ശരിക്കും ഷോക്കേറ്റത് പോലെയായി. ''സ്‌കൂളിന് ഒരു യൂണിഫോമുണ്ട്. അതില്‍ തൊപ്പിയില്ല. തൊപ്പി പുറത്ത് ഇട്ടോട്ടെ, ഇവിടെ വേണ്ട.'' പ്രശ്‌നം സൃഷ്ടിക്കാന്‍ വന്ന രക്ഷിതാവ് ഇങ്ങനെയുള്ള ഒരു പ്രതികരണമല്ല പ്രതീക്ഷിച്ചത് എന്ന് അയാളുടെ തിരിച്ചുപോക്കിലൂടെ മനസ്സിലായി.
'ഇവിടെ നടന്നത് സ്റ്റാഫ്‌റൂമിലോ മറ്റ് എവിടെ നിന്നോ പറയരുത്. അമ്മയെ തല്ലിയാലും രണ്ടുണ്ട് ചേരി.'' ഏത് കാര്യവും പൊടിപ്പും തൊങ്ങലും വെച്ച് സംസാരിക്കുന്ന എന്നോടായിരുന്നു താക്കീത്.
വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇന്നും ദേശീയതയെ പറ്റി പറയുമ്പോള്‍ സരോജ ടീച്ചറുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ കുറിച്ച് ഞാന്‍ പറയാറുണ്ട്. ഈ ചെറിയ വിവരണം വഴി ആരുടെയെങ്കിലും മനസ്സില്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെങ്കിലും കിട്ടിയാലോ?