മക്കളോടൊപ്പം ഇത്തരി നേരം
ഷിഹാബ് കുനിങ്ങാട് /പാരന്റിംഗ്
2015 ഫെബ്രുവരി
പോയിരുന്ന് പഠിക്ക്.. എന്ന് പറഞ്ഞു നിശബ്ദമാക്കാറുണ്ട് നാം നമ്മുടെ മക്കളുടെ ബഹളങ്ങളും കുസൃതികളും
''The child is the father of the man '' (Rainbow / wordsworth)
പോയിരുന്ന് പഠിക്ക്.. എന്ന് പറഞ്ഞു നിശബ്ദമാക്കാറുണ്ട് നാം നമ്മുടെ മക്കളുടെ ബഹളങ്ങളും കുസൃതികളും അനുസരണക്കേടുമെല്ലാം. വീട്ടകങ്ങളിലെ സ്വകാര്യതകളില്‍ മക്കളുടെ മേല്‍ രക്ഷിതാവ് എന്ന നിലയില്‍ നാം സ്ഥാപിച്ചെടുക്കുന്ന അധികാര സ്വരത്തിന്റെ മേല്‍ക്കോയ്മകള്‍ പുറപ്പെടുവിക്കുന്ന ഇത്തരം ആജ്ഞകള്‍ ഉച്ചത്തിലായിപ്പോകുന്ന അവരുടെ കളിചിരികളെ ഭയത്തിന്റെ കരിമ്പടം പുതപ്പിച്ചു കിടത്താറുണ്ട് പലപ്പോഴും.
ഇങ്ങനെ നിശബ്ദമായി പോകുന്ന അവരുടെ വാക്കുകളുടെയും ഭാവങ്ങളുടെയും സംവേദനശീലങ്ങളുടെയും അര്‍ത്ഥം ഗ്രഹിക്കാന്‍ നാം ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുണ്ടോ. ഇല്ല എന്നതായിരിക്കും നമ്മുടെ ഉത്തരം.
ഫേസ്ബുക്കിലും ട്വിറ്ററിലും ആയിരങ്ങളെ ഫോളോ ചെയ്യുന്ന നാം നമ്മുടെ മക്കളെ, അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഫോളോ ചെയ്യാന്‍ മറന്നുപോകുന്നു.
രാവിലെ സ്‌കൂള്‍ ബസ്സില്‍ കയറിപ്പോകുന്ന കുട്ടികള്‍ വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്നതു വരെയുള്ള സമയ ദൈര്‍ഘ്യത്തിനുള്ളില്‍ കാണുന്ന കാഴ്ചകളുടെയും പഠിക്കുന്ന അറിവുകളുടെയും അനുഭവങ്ങളുടെയും ലോകം വളരെ വലുതാണ്. പാഠപുസ്തകത്തില്‍നിന്നും കിട്ടുന്ന അക്ഷരങ്ങളും അക്കങ്ങളും മാത്രമായിരിക്കില്ല അവന്റെ ദിവസങ്ങളെ സമ്പന്നമാക്കുന്നത്. പോകുന്ന വഴിയില്‍ കാണുന്ന കാഴ്ചകള്‍, കൂട്ടുകാരില്‍നിന്നും പകര്‍ന്നു കിട്ടുന്ന പുത്തന്‍ അറിവുകള്‍ തുടങ്ങി ഒട്ടനവധി വിശേഷങ്ങള്‍ നിറച്ച ബാഗുമായിട്ടായിരിക്കും അവന്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. സ്‌കൂള്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ വിരിഞ്ഞ ഒരു പുതിയ പൂവിനെക്കുറിച്ച്, ക്ലാസ്മുറിയില്‍ ടീച്ചറുടെ തല്ലു കിട്ടിയപ്പോള്‍ കരഞ്ഞ അവന്റെ കൂട്ടുകാരിയെ കുറിച്ച്, ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ വീണു പരിക്കേറ്റ അവന്റെ കാല്‍മുട്ടിലെ മുറിവില്‍ മരുന്ന് വെച്ചുകൊടുത്ത ടീച്ചറെ കുറിച്ച്... അങ്ങനെ ഒരു നൂറുകൂട്ടം വിശേഷങ്ങളുമായി വീട്ടിലെത്തുന്ന അവന്‍ ആഹ്ലാദത്തോടെ അത് പങ്കുവെക്കുവാന്‍ നമുക്കരികിലേക്ക് ഓടിയെത്തുമ്പോള്‍ വാത്സല്യത്തോടെ അവനെ ചേര്‍ത്തുപിടിച്ചു ആ വിശേഷങ്ങള്‍ക്ക് കാതോര്‍ക്കാന്‍ നമുക്ക് കഴിയണം. മക്കള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ കഴിയുന്നതായിരിക്കണം നമ്മുടെ തിരക്കുകള്‍.
മാറ്റിവെക്കാന്‍ കഴിയാത്ത തിരക്കുകള്‍ കൊണ്ട് നാം നേടിയെടുത്തു എന്ന് വിശ്വസിക്കുന്നതെല്ലാം ഒരു വലിയ നുണയായിരുന്നു എന്ന് ഒരു പക്ഷെ കാലം നമ്മെ ഓര്‍മ്മിപ്പിച്ചേക്കാം.
ട്രാഫിക് എന്ന സിനിമയിലെ ഒരു രംഗം ഓര്‍മയില്ലേ?
ആശുപത്രിയിലെ കാര്‍ഡിയാക് യുനിറ്റില്‍ മരണത്തോട് മല്ലടിച്ചു കിടക്കുന്ന മകളുടെ കിടക്കക്കരികില്‍നിന്ന് സൂപ്പര്‍സ്റ്റാര്‍ ആയ ഭര്‍ത്താവിനോട് പൊട്ടിത്തെറിക്കുന്ന ലെനയുടെ കഥാപാത്രം. 'അപ്പോള്‍ മാറ്റിവെക്കാവുന്ന തിരക്കുകള്‍ ഉണ്ടല്ലേ.. പക്ഷെ കാരണം ഇത് പോലെ ഒന്നാകണം. വെറുമൊരു PTA മീറ്റിങ്ങോ ബര്‍ത്ത്‌ഡേയോ പോര ... തിരക്കിനിടയില്‍ ഇടക്കൊന്ന് തിരിഞ്ഞു നോക്കണം, പുറകില്‍ ഉപേക്ഷിച്ചു കളഞ്ഞ കൂട്ടത്തില്‍ അവളുടെ കുട്ടിക്കാലവും കിടപ്പുണ്ട് ...''
നമ്മില്‍ എത്ര പേരുണ്ട് നമ്മുടെ മക്കളുടെ സ്‌കൂളില്‍ പോയി അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നവര്‍?
അവരുടെ പ്രിയപ്പെട്ട ടീച്ചര്‍മാരുടെ പേരറിയാവുന്നവര്‍?
രക്ഷാകര്‍ത്താക്കളുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നവര്‍?
ജോലിത്തിരക്ക്, സമയക്കുറവ് എന്നിങ്ങനെ നമുക്ക് നൂറുകൂട്ടം ന്യായവാദങ്ങള്‍ ഉണ്ടാവും പോകാതെയിരിക്കാന്‍ ...
മക്കളെ കുറിച്ച് നാം നെയ്തുകൂട്ടുന്ന നൂറു നൂറു സ്വപ്നങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നുപോകുന്ന ചില സുന്ദരമായ നിമിഷങ്ങളുണ്ട്. അത്തരം സുന്ദരമായ നിമിഷങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ നാം കരുതല്‍ കാണിക്കേണ്ടതുണ്ട്. 'കുഞ്ഞുങ്ങളോടൊപ്പം കളിക്കുമ്പോള്‍ നിങ്ങളും ഒരു കുട്ടിയാവുക' എന്ന പ്രവാചക വചനം നമ്മെ പഠിപ്പിക്കുന്നതും അതാണ്. മദീനയിലെ കുട്ടികളുടെ കളിസ്ഥലങ്ങള്‍ക്കരികിലൂടെ നബി നടന്നുപോകുമ്പോള്‍ അദ്ദേഹം രണ്ടു കൈകളും വിടര്‍ത്തിപ്പിടിച്ച് കുട്ടികളെ മാടിവിളിക്കുമായിരുന്നു. തന്നിലേക്ക് ആദ്യം ഓടിയെത്തുന്ന കുട്ടികള്‍ക്ക് അദ്ദേഹം സമ്മാനം നല്‍കുമായിരുന്നു. ആദ്യമാദ്യം ഓടിയെത്താനുള്ള കുട്ടികളുടെ ആവേശത്തോടെയുള്ള മത്സരം അദ്ദേഹത്തെ സന്തോഷിപ്പിച്ചിരുന്നു. ഈത്തപ്പഴവും മധുര മിഠായികളും പ്രവാചകന്‍ കുട്ടികള്‍ക്ക് നല്‍കുമായിരുന്നു. കുട്ടികളുടെ മനസ്സ് അറിയണമെങ്കില്‍ അവരുമായുള്ള ആശയവിനിമയം സുതാര്യമായിരിക്കണം. വീട്ടില്‍ എന്തും തുറന്നു സംസാരിക്കാനുള്ള ഒരു അന്തരീക്ഷമായിരിക്കണം നാം അവര്‍ക്ക് നല്‍കേണ്ടത്. ഏതു കാര്യത്തിലും അവരുടെ അഭിപ്രായങ്ങളെയും ഇഷ്ടങ്ങളെയും നാം പരിഗണിക്കുന്നു എന്ന ബോധ്യം അവരില്‍ ചെറുപ്പത്തിലേ വളര്‍ത്തിക്കൊണ്ടുവരാന്‍ നമ്മുടെ ഇടപഴകലുകള്‍ക്ക് കഴിയണം.
ഒരു പരിധിവരെ സ്ത്രീകള്‍ അഥവാ അമ്മമാര്‍ ഈ കാര്യത്തില്‍ പുരുഷനേക്കാള്‍/അച്ഛന്മാരെക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. ഒരു പക്ഷെ, കുട്ടികളുടെ മനസ്സ് കാണാനുള്ള കഴിവ് ദൈവം അമ്മമാര്‍ക്ക് കനിഞ്ഞു നല്‍കിയിട്ടുണ്ടാവണം.
അബുദാബിയിലെ കിരീടാവകാശിയായ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫേസ്ബുക്കിലൂടെ ലോകത്തോട് പറഞ്ഞ ഹൃദ്യമായ ഒരു അനുഭവ കഥയുണ്ട്.
യു.എ.ഇ ആംഡ് ഫോഴ്‌സിന്റെ സുപ്രീം കമാന്റര്‍ കൂടിയായ അദ്ദേഹം ഒരു വൈകുന്നേരം തന്റെ കാറോടിച്ചു വരികയായിരുന്നു. അപ്പോഴാണ് റോഡ് സൈഡില്‍ തനിച്ച് ഇരിക്കുന്ന ഒരു സ്‌കൂള്‍ കുട്ടി അദ്ദേഹത്തിന്റെ കണ്ണില്‍പെടുന്നത്. അദ്ദേഹം കാര്‍ നിര്‍ത്തി അനുയായിയോടൊപ്പം ആ കുട്ടിക്ക് അരികിലെത്തി കാര്യം അന്വേഷിച്ചു.
അപ്പോള്‍ ആ പെണ്‍കുട്ടി കാര്യം പറഞ്ഞു: ''വീട്ടിലേക്ക് പോകാന്‍ എന്നെ കൂട്ടാന്‍വരുന്ന പിതാവിനെയും കാത്തിരിക്കുകയാണ് ഞാന്‍.''
നേരം വൈകിയ സ്ഥിതിക്ക് മോളെ ഞാന്‍ എന്റെ കാറില്‍ വീട്ടില്‍ എത്തിക്കാം എന്ന് അദ്ദേഹം ആ കുഞ്ഞുപെണ്‍കുട്ടിയോട് പറഞ്ഞു.
സ്‌നേഹപൂര്‍വ്വം അവള്‍ ആ ഓഫര്‍ നിരസിച്ചു.
കാരണം അന്വേഷിച്ച അദ്ദേഹത്തെ അമ്പരപ്പിക്കുന്നതായിരുന്നു ആ പെണ്‍കുട്ടിയുടെ മറുപടി.
''അപരിചിതരോട് സംസാരിക്കാന്‍ പാടില്ല എന്നു വാപ്പ പറഞ്ഞിട്ടുണ്ട.്''
ചിരിയോടെ ആ പെണ്‍കുട്ടിയുടെ മുന്നില്‍ ഇരുന്ന അദ്ദേഹത്തെ അനുയായി ആ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തി. 'ഇദ്ദേഹം അപരിചിതന്‍ അല്ല. അബുദാബിയിലെ കിരീടാവകാശിയായ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്.'
അപ്പോള്‍ വീണ്ടും ആ പെണ്‍കുട്ടി പറഞ്ഞു:
''അതെനിക്ക് അറിയാം. പക്ഷെ, അപരിചിതരോടൊപ്പം കാറില്‍ പോകരുതെന്നും വാപ്പ പറഞ്ഞിട്ടുണ്ട്.''
റോഡ് സൈഡില്‍ ആ പെണ്‍കുട്ടിക്ക് ഒപ്പം അവളുടെ പിതാവിന്റെ കാര്‍ വരുന്നത് വരെ കാത്തിരുന്ന ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആ പിതാവിനെ അഭിനന്ദിക്കുകയും ആശ്ലേഷിക്കുകയും ചെയ്തതിനു ശേഷമാണ് സ്വവസതിയിലേക്ക് മടങ്ങിയത്.
പീഡനങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ പെരുകുന്ന ഇന്നിന്റെ ലോകത്ത് അവരുടെ പേടികളെ ഇല്ലാതാക്കാന്‍ മക്കളുമായുള്ള ആശയവിനിമയം സുതാര്യമാക്കി, നാം അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കേണ്ടതുണ്ട്. അപരിചിതരില്‍നിന്നും ഇഷ്ടമില്ലാത്ത പ്രവൃത്തിയോ പെരുമാറ്റമോ അനുഭവപ്പെട്ടാല്‍ അത് വീട്ടില്‍ അമ്മയോട് തുറന്നുപറയാനുള്ള ഒരു സ്വാതന്ത്ര്യം വീട്ടിനകത്ത് അവര്‍ക്കുണ്ടാവണം.
പഠനത്തില്‍ പിന്നോക്കം പോകുന്ന കുട്ടികള്‍ ഉണ്ടാവും. എല്ലാ കുട്ടികളിലും ബുദ്ധിയുടെ അളവ് ഒരു പോലെയല്ല എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവണം.
ഏതെങ്കിലും ഒരു വിഷയത്തില്‍ മാര്‍ക്ക് കുറയുമ്പോള്‍ അവനെ കുറ്റപ്പടുത്താതെ അതിന്റെ ശരിയായ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.
നാല് വയസ്സുള്ള ബധിരനായ ഒരു കുട്ടി സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയത് ടീച്ചറുടെ ഒരു കത്തുമായിട്ടായിരുന്നു. അത് ആ കുട്ടിയുടെ അമ്മ്ക്കുള്ളതായിരുന്നു. ആ കുട്ടി പഠനത്തില്‍ വളരെ പിറകിലാണെന്നും അതിനാല്‍ സ്‌കൂളില്‍നിന്ന് ആ കുട്ടിയെ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ കത്ത്. ആ അമ്മ അത് വായിച്ച് തിരികെ ഒരു മറുപടി എഴുതി. തന്റെ മകനെ താന്‍ പഠിപ്പിച്ചു കൊള്ളാം എന്നതായിരുന്നു മറുപടി. ആ കുട്ടി ജീവിതത്തില്‍ വെറും മൂന്നു മാസമേ സ്‌കൂളില്‍ പോയിട്ടുള്ളൂ. പക്ഷെ, ഇന്ന് ആ കുട്ടിയെക്കുറിച്ച് പഠിക്കാതെ ഒരു വിദ്യാര്‍ത്ഥിയും പഠനം മുഴുമിപ്പിക്കുന്നില്ല. ആ കുട്ടിയുടെ പേര് തോമസ് ആല്‍വാ എഡിസന്‍.
മക്കളെ പോറ്റുന്നത് അമ്മമാര്‍ക്ക് തീറെഴുതിക്കൊടുത്ത് 'ഞാന്‍ കഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് വേണ്ടിയല്ലേ' എന്ന നെടുങ്കന്‍ ഡയലോഗ് അടിക്കുന്ന പരിപാടി ഇനി നമുക്കൊന്ന് മാറ്റിപ്പിടിക്കാം.
ഇനി നമ്മുടെ മക്കളുടെ സ്‌കൂള്‍ ഒന്ന് സന്ദര്‍ശിക്കാം.
അവന്റെ ക്ലാസ്മുറിയിലെ ബെഞ്ചില്‍ ഇത്തിരി നേരം ഇരിക്കാം.
അവന്റെ അധ്യാപകരോട് കുശലം പറയാം.
അവന്റെ കൂട്ടുകാരെ പരിചയപ്പെടാം.
നമ്മുടെ മക്കളുടെ മുഖത്ത് സന്തോഷത്തിന്റെ നൂറു പൂക്കള്‍ വിടരട്ടെ ...