ഹിറയുടെ മണ്ണില്‍
ഹഫ്സ അബ്ദുറഹ്മാൻ പാടൂർ
2015 ഫെബ്രുവരി
ഓര്‍മയുടെ ഓളങ്ങളില്‍ എന്ന തലക്കെട്ടില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിക്കൊണ്ടിരുന്ന ദീര്‍ഘമായ പരമ്പര തല്‍ക്കാലം
ഓര്‍മയുടെ ഓളങ്ങളില്‍ എന്ന തലക്കെട്ടില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിക്കൊണ്ടിരുന്ന ദീര്‍ഘമായ പരമ്പര തല്‍ക്കാലം വിരാമമിട്ടിരിക്കുകയാണല്ലോ. പുതിയ തലമുറക്ക് പഠിക്കാനും പകര്‍ത്താനും ഉതകുന്നതായിരുന്ന ആ ദീര്‍ഘമായ പരമ്പര നമ്മെ ദുഃഖിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും മുന്നോട്ടും പിന്നോട്ടും നയിക്കുന്നതും ആയ പഴയകാല ഓര്‍മകളാണ്.
അദ്ദേഹം ഹിറയെക്കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ പതിനാറ് വര്‍ഷം മുമ്പ് നടന്ന ആ സംഭവം ഓര്‍ത്ത് പോയി. ഒരു വനിതാ കൂട്ടായ്മ ഇല്ലാതിരുന്നിട്ടും പാടൂരിലെ പ്രവര്‍ത്തകര്‍ ഞാനടക്കമുള്ള വിരലിലെണ്ണാവുന്ന വനിതകളെ ഹിറയില്‍ എത്തിച്ചു. ഹിറക്ക് ശേഷം നിലവില്‍ വന്ന വനിതാ വൃത്തം ഇന്ന് വളര്‍ന്ന് വലുതായിരിക്കുന്നു. ഹിറയില്‍ ബസ്സിറങ്ങിയപ്പോള്‍ ഹിറക്ക് നാലുവര്‍ഷം മുമ്പ് ഞങ്ങളോട് വിടപറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട പിതാവിനെ ഓര്‍ത്ത് കണ്ണ് നിറഞ്ഞു. ഞങ്ങളുടെ നാട്ടില്‍ പ്രസ്ഥാനത്തിന്റെ സാരഥി ഞങ്ങളുടെ ഉപ്പയായിരുന്നു. ഉപ്പ ഒരേ സമയം പ്രസ്ഥാന പ്രവര്‍ത്തകനും പള്ളി സെക്രട്ടറിയും മദ്രസാ അധ്യാപകനും ചിലപ്പോഴൊക്കെ ഖത്തീബും ഒന്നാംതരം കര്‍ഷകനുമായിരുന്നു. അതോടൊപ്പം തികഞ്ഞ സാത്വികനും ശാന്തനുമായിരുന്നു.
ഇന്നത്തെ പോലെ ഒട്ടും എളുപ്പമായിരുന്നില്ല പ്രസ്ഥാനപ്രവര്‍ത്തനം. പ്രതികൂല സാഹചര്യങ്ങളെ മറികടന്നുകൊണ്ട് എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചുള്ള പ്രയാണം ഇന്ന് വെളിച്ചം കണ്ടിരിക്കുകയാണ്. ഇനിയൊരു ഹിറ സംഭവിക്കാന്‍ സാധ്യതയില്ലാത്തവിധം. വളര്‍ന്ന് പന്തലിച്ച ഈ വിജയത്തിളക്കത്തിന് നാം മുന്‍ഗാമികളോട് കടപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള ഉപ്പമാര്‍ കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തിന്റെ വിജയകുതിപ്പ് കാണാന്‍ അവര്‍ക്ക് ഭാഗ്യമില്ലാതെ പോയി. ഇന്ന് നമ്മോടൊപ്പം അവരില്ലെങ്കിലും അവര്‍ കൊളുത്തിവെച്ച തിരിയുടെ തിളക്കം പള്ളികളും മദ്രസകളും സ്‌കൂളുകളും ആശുപത്രികളും കാരുണ്യ കേന്ദ്രങ്ങളുമൊക്കെ ആയി നമ്മുടെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ഈ അടയാളങ്ങള്‍ ഒക്കെ തന്നെ നാളെ പരലോകത്ത് അവര്‍ക്ക് അനുകൂലമായ സാക്ഷ്യംവഹിക്കട്ടെ എന്ന് നമുക്ക് ആത്മാര്‍ത്തമായി പ്രാര്‍ഥിക്കാം.
ഉള്ളതിന്റെ ഉള്ളിലുള്ള ഉള്ളതായ ഉള്ളത്
പര്‍ദ്ദാ സംബന്ധമായി ഉണ്ടാക്കിയെടുക്കുന്ന വിവാദ കോലാഹലങ്ങള്‍ അനവസരത്തിലുള്ളതും അനാവശ്യവുമാണ്. വളരെ സുപ്രധാനമായ വിഷയങ്ങളില്‍ നിന്നും ഗൗരവപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും സമുദായ ശ്രദ്ധ തെറ്റിക്കാനും സമുദായത്തെ താരതമ്യേന തീര്‍ത്തും അപ്രധാനമായ വിഷയങ്ങില്‍ തളച്ചിടാനുമുള്ള കുതന്ത്രങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. മുഖം മറച്ചും മറക്കാതെയും പര്‍ദ (ഹിജാബ്) ധരിക്കുന്നവര്‍ പണ്ടുമുതല്‍ക്കേ ഉണ്ട്. ഇന്നുമുണ്ട്. ഇരുവിഭാഗത്തിനും അവരുടേതായ ന്യായങ്ങളുണ്ട്. ഇതൊന്നും ഈ വാദകോലാഹലം കൊണ്ട് മാറാന്‍ പോകുന്നില്ല. നേരത്തെ പച്ചപ്പരിഷ്‌കാരികളായും സൊസൈറ്റി ലേഡികളായും മോഡേണ്‍ മദാമമാരായും വിലസിയിരുന്നവരുടെ മക്കള്‍ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ പര്‍ദയിലേക്ക് മടങ്ങുന്നതില്‍ ബേജാറുള്ളവര്‍ ഏറെയുണ്ട്. 'നിങ്ങളുടെ ക്രോധത്താല്‍ ചത്തു തുലയെടോ'' എന്ന ഖുര്‍ആനിക പ്രയോഗം മാത്രമാണ് അവര്‍ക്കുള്ള മറുപടി. അറബ് ലോകത്തെ പല ആധുനിക പണ്ഡിതരും മുഖം മറക്കണമെന്ന വീക്ഷണഗതിക്കാരാണ്. ആധുനിക കാലഘട്ടത്തെ വിശദമായി പഠിച്ച് നിശിതമായി നിരൂപണം ചെയ്ത മൗലാനാ മൗദൂദിയുടെ ശക്തമായ നിലപാടും മുഖം മറക്കണമെന്നാണ്. പാശ്ചാത്യ ചിന്താഗതി കൈവെടിഞ്ഞ് സുധീരം ഇസ്‌ലാമിനെ പുല്‍കിയ മറിയം ജമീല മുഖം മറക്കുന്ന പര്‍ദയാണ് സ്വീകരിച്ചത്. പര്‍ദ കോലാഹലത്തില്‍ മറ്റൊരു വശം കൂടി പലരും ദര്‍ശിക്കുന്നുണ്ട്. പര്‍ദ വ്യാപകമായതോടെ സൂറത്ത്, അഹ്മദാബാദ്, ബോംബെ എന്നിവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന സാരികള്‍ക്കും വളരെ ചെ
ലവ് കുറഞ്ഞിട്ടുണ്ട്. മുസ്‌ലിംകളാണെങ്കില്‍ നല്ലൊരു മാര്‍ക്കറ്റുമായിരുന്നു. ഇക്കാരണത്താല്‍ പര്‍ദയെ വേട്ടയാടുന്നവരുണ്ടാവാം. അതേപോലെ പര്‍ദയുടെ പരസ്യങ്ങള്‍ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലേ വരുന്നുള്ളൂ എന്നതും പര്‍ദക്കെതിരെ ഹാലിളകാന്‍ കാരണമായിരിക്കാം.
മുഖംമറക്കലിനെ ഗോത്രാചാരമായി ചുരുക്കുന്നതിനും അര്‍ഥമില്ല. ഗോത്രാചാരത്തെ നബി നിരോധിച്ചിട്ടില്ലെങ്കില്‍ അഥവാ മൗനാനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാവുന്നതാണ്. ഹജ്ജില്‍ മുഖം മറക്കരുതെന്ന് നിയമമുണ്ടെങ്കില്‍ അല്ലാത്തപ്പോള്‍ മറക്കാവുന്നതാണെന്ന ധ്വനിയുണ്ടല്ലോ എന്ന് ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. മുഖം തുറന്നിടുന്നവര്‍ പോലും ഫിത്‌നയോ ശല്യമോ ഭയപ്പെടുന്ന പക്ഷം മുഖം മറക്കാവുന്നതാണെന്ന നിലപാടുമുണ്ട്. വിവാഹാവശ്യാര്‍ഥം പെണ്ണ് കാണുമ്പോള്‍ മുഖമാണല്ലോ കാണേണ്ടത് അത് സദാ എല്ലാവര്‍ക്കും എളുപ്പം കാണാവുന്നതാണെങ്കില്‍ അതിന് പ്രത്യേകം അനുവാദം നല്‍കേണ്ടതുണ്ടോ എന്ന് വേറെ ചിലരും ചോദിക്കുന്നുണ്ട്. സ്ത്രീകളുടെ മുഖ്യമേഖല ഗൃഹാന്തര്‍ഭാഗത്തായതിനാല്‍ പുറത്തിറങ്ങുമ്പോഴേ കര്‍ശനമായ പര്‍ദ വേണ്ടതുള്ളൂ. കുടുംബത്തിന്റെ ഭദ്രദീപമായി നിലകൊള്ളേണ്ട നാരിയെ അങ്ങാടിയില്‍ സ്വഛന്തം അലയാന്‍ വിടുമ്പോഴുള്ള സങ്കീര്‍ണ്ണതകള്‍ ഇന്നത്തെ പര്‍ദകൊണ്ട് പരിഹൃതമാവുകയില്ല. ശരീരത്തിന്റെ വടിവും വിടവും പ്രദര്‍ശിപ്പിക്കുന്ന ഫേഷന്‍ പര്‍ദകള്‍ സത്യത്തില്‍ പര്‍ദയെ വ്യഭിചരിക്കുന്ന പരിപാടിയാണ്. ഉടുപ്പണിഞ്ഞ നഗ്നകള്‍ എന്ന് നബി (സ) വിശേഷിപ്പിച്ച പരിപാടിയാണിത്. 'സൗന്ദര്യത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്ന വിവിധയിനം പര്‍ദകള്‍' എന്നാണല്ലോ ചിലരുടെ പരസ്യവാചകം. പര്‍ദക്കെതിരെ ഹാലിളകുന്നവര്‍ മേനിയഴക് പ്രദര്‍ശിപ്പിക്കുന്ന മദാലസകളെ അങ്ങനെയൊന്നും വിമര്‍ശിക്കുന്നതായി കാണുന്നില്ല. ആരും ആരുടെമേലും ഒന്നും അടിച്ചേല്‍പ്പിക്കേണ്ടതില്ല.
പര്‍ദക്ക് പ്രേരണയാകേണ്ടത് ഈമാനിന്റെ ഭാഗമായ ലജ്ജയാണ്. ''ഉളുപ്പില്ലെങ്കില്‍ തോന്നുംപടി പ്രവര്‍ത്തിച്ചുകൊള്ളുക'' എന്നത് പ്രവാചകന്മാരും പുണ്യ പുരുഷന്മാരും പഠിപ്പിച്ചതിന്റെ ആകെ സാരമാണല്ലോ? ചുംബന സമരവും ആലിംഗന സമരവും കഴിഞ്ഞുവല്ലോ, ഇനി സംഭോഗ സമരം വന്നേക്കുമോ എന്ന് മാന്യന്‍മാര്‍ ആശങ്കിക്കുമ്പോള്‍ പര്‍ദ്ദയെ വലിയ വിവാദമാക്കുന്നത് തോന്നിവാസികളുടെ വിക്രിയകളിലേക്ക് ശ്രദ്ധ തിരിയാതിരിക്കാനായിരിക്കാം. മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ക്കില്ലാത്ത ബേജാറ് മറ്റുള്ളവര്‍ക്കാണ് കൂടുതലും കാണുന്നത്. പര്‍ദയുടെ തണലില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ മുന്നേറുന്നതില്‍ അസഹ്യതയുള്ളവരും പര്‍ദാ വിരോധികളിലുണ്ട്. 'ഫെമിനിസമെന്ന മാനസിക രോഗം ബാധിച്ചവരും ഋപര്‍ദയെ പുച്ഛിക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ട്. ഒരു പഴമൊഴിമാത്രം പറഞ്ഞ് ഇത് അവസാനിപ്പിക്കാം. 'ഉള്ളതൊന്നും ഉള്ളതല്ല, ഉള്ളതിന് നാശമില്ല; ഉള്ളതിന്റെ ഉള്ളിലുണ്ടൊരു ഉള്ളതായ ഉള്ളത്....''
മുസ്‌ലിം സമുദായം വളരെയേറെ ഭീഷണി നേരിടുമ്പോള്‍, ഒട്ടേറെ പ്രശ്‌നസങ്കീര്‍ണതകള്‍ അഭിമുഖീകരിക്കുമ്പോള്‍ കുടുംബത്തിന്റെ ചുക്കാന്‍ പിടിക്കേണ്ട, ഭാവി തലമുറയെ വാര്‍ത്തെടുക്കേണ്ട, നമ്മുടെ സഹോദരിമാരെ മുഖം മറക്കുന്നതിന്റെ പേരിലും അല്ലാതെയും ആക്ഷേപിക്കരുത്. യഥാസൗകര്യം സുപ്രധാന വിഷയങ്ങളില്‍ നിന്ന് അപ്രധാന വിഷയത്തിലേക്ക് തള്ളിവിടുന്ന കുതന്ത്രങ്ങളെ കരുതിയിരിക്കുക.
പി.പി.എ പെരിങ്ങാടി