ജീവിതത്തിന്റെ ഏതെങ്കിലുമൊരു കോണിൽ എപ്പോഴോ വേദനയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ, ആശ്വാസത്തിന്റെ, രോഷത്തിന്റെ... പാടുണ്ടാക്കി കടന്നുപോയ മുഖങ്ങൾ നിങ്ങളുടെ മനസ്സിലുണ്ടോ? എങ്കിൽ ആരാമത്തിലേക്ക് അയക്കൂ.
കോഴിക്കോട് ടൗണിലൂടെയുള്ള യാത്രയിലെപ്പോഴും അറിയാതെയെങ്കിലും നോക്കിപ്പോകുന്നൊരു ഇടമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ആ വഴി പോകവെ കുതിച്ചുപായുന്ന ആംബുലന്‍സുകളും കൂട്ടിരിപ്പുകാരുടെ സങ്കടപ്പെടലും കാണുമ്പോള്‍ ആ ദിനം എന്റെ മനസ്സിലൂടെ മിന്നിമറിയും. കോളേജ് വരാന്തയിലെ ക്യൂവിനു മുന്നില്‍ നിന്ന ആ ദിവസം ഇന്നും മറക്കാനാവില്ല.
മകള്‍ പ്രസവത്തിന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായതായിരുന്നു. കൂടെ ഞാനും അവളുടെ ഭര്‍ത്താവിന്റെ ഉമ്മയും ഉപ്പയും ഉണ്ട്. പരിശോധനക്കു ശേഷം ഡോക്ടര്‍, ഇന്ന് പ്രസവം ഉണ്ടാവില്ല എന്നുപറഞ്ഞതിനാലും, വേദനയും മറ്റു പറയത്തക്ക പ്രയാസങ്ങളുമില്ലാത്തതിനാലും ഞാന്‍ കൂടെയുള്ളവരെയെല്ലാം വീട്ടിലേക്കയച്ചു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവരെല്ലാം മോളുടെ ഒന്നര വയസ്സുള്ള മൂത്ത മകളെയും കൊണ്ട് വീട്ടിലേക്ക് പോയി.
മെഡിക്കല്‍ കോളേജില്‍ ആയതിനാല്‍ കട്ടിലൊന്നും കിട്ടിയില്ല. നിലത്ത് ഒരു പായ ഇട്ടാണ് കിടത്തം. ഞാനും മോളും ഉറക്കം വരാതെ കുറേ സംസാരിച്ച്് തിരിഞ്ഞും മറിഞ്ഞും കിടന്നു. 12 മണിയൊക്കെ കഴിഞ്ഞു കാണും. ഞാന്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. അവള്‍ക്ക് ചെറുതായി വേദന വന്നിരുന്നെങ്കിലും എന്നെ ബുദ്ധിമുട്ടാക്കേണ്ടെന്ന് കരുതി വിളിച്ചില്ല. വേദന കൂടി വന്നപ്പോള്‍ അവളെന്നെ വിളിച്ചു. ഞാന്‍ വെപ്രാളപ്പെട്ട് നഴ്സിനെ വിവരമറിയിച്ചതും അവര്‍ ലേബര്‍ റൂമിലേക്ക് അവളെ മാറ്റിയതും എല്ലാം പെട്ടെന്നായിരുന്നു. അവള്‍ക്ക് ടി.എച്ച്.എസും പ്രഷറും കൂടുതലായിരുന്നു. ലേബര്‍ റൂമില്‍നിന്ന് ഉടനെ തന്നെ ടെസ്റ്റുകളുടെ നീണ്ട ഒരു ലിസ്റ്റും പരിശോധനക്കായി എടുത്ത ബ്ലഡും തന്നു. അതുമായി ലാബിലേക്ക് ഓടുമ്പോള്‍ എപ്പോഴും പായാരം പറഞ്ഞിരുന്ന മുട്ടു വേദനയോ കാലിലെ നീരോ ഓര്‍മയില്‍ പോലും ഉണ്ടായിരുന്നില്ല.
ലേബര്‍ റൂമില്‍നിന്ന് തന്ന ചീട്ടും ബ്ലഡും ലാബില്‍ കൊടുത്ത് തിരിച്ച് ലേബര്‍ റൂമിലേക്ക് തന്നെ ഓടി. മോള്‍ക്ക് വെള്ളം കൊടുക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ വാര്‍ഡില്‍ ചെന്ന് ഫ്ളാസ്ക്കും ഗ്ലാസ്സും എടുത്തുകൊണ്ടുവന്നു. വെള്ളം കൊടുക്കുമ്പോള്‍ അവള് പറഞ്ഞു: 'ഉമ്മാ, നല്ല വേദനയുണ്ട്. ഇപ്പൊ പ്രസവം ഉണ്ടാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.' അപ്പോഴേക്കും ലാബ് റിസല്‍ട്ട്് ഡോക്്ടര്‍ ചോദിച്ചു. റിസല്‍ട്ട് വാങ്ങാന്‍ ഞാന്‍ വീണ്ടും ലാബിലേക്കു തന്നെ ഓടി. ആ ഓട്ടത്തിനിടയിലും ലേബര്‍ റൂമിലേക്ക് വിളിക്കുമോ എന്ന ആധിയായിരുന്നു. കാരണം, മറ്റാരും കൂടെയില്ല. അതോര്‍ത്ത് വാതിലിനു മുന്നില്‍ നിലത്തിരുന്നുപോയി. 'നിങ്ങളിനിയും പോയില്ലേ, പെട്ടെന്ന് റിസല്‍ട്ട് വാങ്ങി വരൂ...' നഴ്സ് ഒച്ചവെച്ചപ്പോള്‍ ലാബിലേക്ക് വീണ്ടും ഓടി. ഓട്ടത്തിനിടയില്‍ ക്യാഷ് ഇല്ലേ എന്ന് ഉറപ്പുവരുത്തി.
അത്ര ചെറുതല്ലാത്ത ക്യൂവില്‍നിന്ന് എന്റെ ഊഴമെത്തി. ഭാഗ്യം റിസല്‍ട്ട് ആയിട്ടുണ്ട്. 'വേഗം തരാമോ? ലേബര്‍ റൂമില്‍നിന്ന് തിരക്ക് കൂട്ടുന്നുണ്ട്.' റിസല്‍ട്ട് തരുന്നതിനൊപ്പം ഫീസായി അവര്‍ 10 രൂപയും കൂടി ആവശ്യപ്പെട്ടു. എന്റെ കൈയിലാണെങ്കില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് മാത്രമേ ഉള്ളൂ. ഞാന്‍ എന്റെ നിസ്സഹായത പറഞ്ഞുനോക്കി. പത്ത് രൂപ ചില്ലറ കൊടുക്കാതെ അവര്‍ റിസല്‍ട്ട് തരുന്നില്ല. 500 രൂപ നിങ്ങള്‍ എടുത്തോളൂ എനിക്ക് ബാക്കി വേണ്ട. റിസള്‍ട്ട് മാത്രം മതി.' ഞാന്‍ ആവുന്നത് പറഞ്ഞു നോക്കി.
'നിങ്ങള്‍ വേഗം എവിടെയെങ്കിലും ചെന്ന് ചില്ലറ ആക്കി 10 രൂപ കൊണ്ടുവരൂ. റിസള്‍ട്ട് എന്നിട്ട് തരാം.' അവര്‍ക്ക് വാശി തന്നെ. രാത്രി ഒരു മണിക്ക് ചില്ലറ തേടി എങ്ങോട്ടെങ്കിലും പോകണമോ ലേബര്‍ റൂമില്‍ മകളുടെ അടുത്ത് പോയി നില്ക്കണമോ എന്നൊന്നും തീരുമാനിക്കാനാകാതെ സങ്കടപ്പെട്ടിരിക്കുകയാണ് ഞാന്‍. 'ക്യൂവില്‍നിന്ന് മാറി നില്ക്കൂ. പിന്നിലെ ആളുകള്‍ക്ക് റിസല്‍ട്ട് കൊടുക്കട്ടെ.' ദേഷ്യത്തോടെ അവര്‍ പറയുന്നുമുണ്ട്. പറഞ്ഞറിയിക്കാനാകാത്ത മാനസിക പ്രയാസം കണ്ണീരായി ഒഴുകാന്‍ തുടങ്ങി. അപ്പോഴാണ് ഏറ്റവും പിന്നില്‍ നിന്നിരുന്ന ഒരു ആദിവാസി യുവാവ് എന്റെ അടുത്തേക്ക് വന്നത്. കീശയില്‍നിന്ന് 10 രൂപയുടെ ഒരു നോട്ടെടുത്ത് എന്റെ കൈയില്‍ വെച്ചുതന്നു. ഞാന്‍ എന്റെ കൈയിലുണ്ടായിരുന്ന 500 രൂപ അയാള്‍ക്ക് സ്നേഹസമ്മാനമായി കൊടുത്തുനോക്കി. അയാള്‍ അതിലേക്കൊന്ന് നോക്കുകപോലും ചെയ്യാതെ വേഗം റിസല്‍ട്ട് വാങ്ങി പോകാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ അതിനു മുമ്പോ ശേഷമോ അയാളെ കണ്ടിട്ടില്ല.
അയാള്‍ എനിക്കുതന്ന 10 രൂപക്ക് ആ 500-നേക്കാള്‍ വിലയുണ്ട്. റിസല്‍ട്ടും കൊണ്ട് ലേബര്‍ റൂമിന് മുന്നിലെത്തിയപ്പോള്‍ കൈയില്‍ കുഞ്ഞിനെയും കൊണ്ട് എന്നെ കാത്ത് സിസ്റ്റര്‍ നില്ക്കുന്നുണ്ടായിരുന്നു.