പ്രസവിച്ചു കിടക്കലെന്നത് നമ്മളെ നാട്ടില് മാത്രേ ഉള്ളൂ....ഗള്‍ഫിലൊക്കെ പെണ്ണുങ്ങള് പ്രസവിച്ചു നടക്കലാണ്. ഏറക്കാലം മുമ്പേ നാട്ടിലെത്തുന്ന പ്രവാസികളായ പല ബന്ധുക്കളും നാട്ടില്‍ വരുമ്പോള്‍ പ്രസവമെന്ന് കേള്‍ക്കുമ്പോഴുള്ള പ്രതികരണം ഇങ്ങനെയൊക്കെയാണ്. പ്രസവിച്ചു കിടക്കാതെ പിന്നെങ്ങനെ? എന്ന് ആലോചിച്ചിട്ടുണ്ട് അപ്പോഴൊക്കെയും. കാരണം, നമ്മുടെ നാട്ടില്‍ പ്രസവമെന്നത് വലിയൊരു ഏര്‍പ്പാടാണല്ലോ.... ഒരുപാട് ചുറ്റുവട്ടങ്ങളുള്ള, ഒരുപാട് ചടങ്ങുകളുള്ള, ഏറെ പണച്ചിലവുള്ള വലിയ എന്തോ ഒന്ന്. നാട് വിട്ടു പ്രവാസത്തിലേക്ക് ചേക്കേറിയപ്പോഴാണ് പണ്ടെന്നോ ആരോ പറഞ്ഞ ഗള്‍ഫ് പ്രസവത്തിന്റെ എളുപ്പമറിയുന്നത്. നമ്മുടെ കണ്‍വെട്ടങ്ങളില്‍ കണ്ടു ശീലിച്ച പ്രസവവും പ്രസവാനന്തര ശുശ്രൂഷകളെയുമൊക്കെ കീഴ്മേല്‍ മറിച്ചിടുന്നതാണത്.
നാട്ടില്‍ ഏറെ ബുദ്ധിമുട്ടേറിയ ഒന്നാണ് പ്രസവാനന്തര ശുശ്രൂഷക്ക് നാല്‍പത് ദിവസത്തേക്ക് ഒരാളെ കണ്ടെത്തലെന്നത്. ഫുള്‍ടൈം ആളെ വെച്ചില്ലെങ്കില്‍ അത് അഭിമാനപ്രശ്നമായിട്ടാണ് പലരും കാണുന്നത്. പ്രത്യേകിച്ചും, ആദ്യ പ്രസവത്തിന്. നന്നായി പെണ്ണിനെയും കുഞ്ഞിനെയും നോക്കുന്ന അച്ചടക്കവും വൃത്തിയും വെടിപ്പും ഒത്തിണങ്ങിയ ഒരാളെത്തന്നെ കിട്ടണം. ഒമ്പത് മാസമപ്പുറത്തേക്കാണ് ബുക്കിംഗ് കിടക്കുന്നത്. നാട്ടില്‍നിന്ന് ഗള്‍ഫിലെത്തുന്നവരില്‍ പകുതിയോളമെങ്കിലും ഇങ്ങനെ പ്രസവാനന്തര ശുശ്രൂഷക്ക് ആളുകളെ വെക്കുന്നവരാണ്. കുത്തനെ കുതിച്ചുയരുന്ന പ്രസവാനന്തര ശുശ്രൂഷ, ചെലവ് പ്രവാസലോകത്തും വലിയ വെല്ലുവിളിയാണ്. ഭൂരിഭാഗം പേരും പ്രസവ സമയത്ത് ഉമ്മമാരെ കൂട്ടിന് കൊണ്ടുവരാറാണ് പതിവ്. വീട്ടിലെ ജോലികള്‍ ചെയ്യാനൊരാള്‍ എന്നതിനപ്പുറത്തേക്ക് മാനസികമായ ഒരു പിന്തുണയ്ക്കാണ് പലരും ഉമ്മമാരെ കൂട്ടുന്നത്. ഉമ്മമാരുണ്ടെങ്കിലും വീട്ടുജോലികളില്‍ സഹായിക്കാനായി മണിക്കൂറുകള്‍ക്കായി ആളുകളെ വിളിക്കുന്നവരുമുണ്ട്. ഉമ്മമാരാണെങ്കിലും പുറത്തുനിന്നുള്ളവരാണെങ്കിലും നാട്ടില്‍ നടക്കുന്ന പ്രസവാനന്തര ശുശ്രൂഷയുടെ പകുതിപോലും ഗള്‍ഫിലില്ല എന്നതാണ് സത്യം. പച്ച മരുന്നുകളും ആയുര്‍വേദ മരുന്നുകളും പേറ്റുലേഹ്യങ്ങളും ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്.
അറബ് വംശജരും യൂറോപ്യരുമൊക്കെ പ്രസവിച്ച് ദിവസങ്ങള്‍ കഴിയും മുമ്പെ കുഞ്ഞിനെയും കൊണ്ട് ഷോപ്പിംഗ് മാളുകളിലും പാര്‍ക്കുകളിലുമൊക്കെ കറങ്ങുന്നവരാണ്. ഇതൊക്കെ കണ്ടിട്ടാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പ്രസവിച്ചു കിടക്കുക എന്ന് കേള്‍ക്കുമ്പോള്‍ അത് തമാശയായി തോന്നുന്നത്.
നാട്ടിലേക്ക് പോകാനും വരാനുമുള്ള ചിലവിനപ്പുറത്തേക്ക് ചുരുങ്ങിയ ചിലവിലും ഏറെ പ്രാരബ്ധങ്ങളും ചുറ്റുപാടുകളൊന്നുമില്ലാതെ പ്രസവം അതിന്റേതായ വഴിക്കങ്ങ് കടന്നുപോകുമെന്നതാണ് പലരെയും പ്രവാസലോകത്ത് തന്നെ പ്രസവിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. ചുരുങ്ങിയ ചെലവില്‍ മള്‍ട്ടി സ്പെഷാലിറ്റി സൗകര്യങ്ങളോടെ പ്രസവം നടക്കുന്നു എന്നത് വേറെ കാര്യം. 'നാട്ടില്‍ പോയാല്‍ പ്രസവം വേറെ ലെവലായി മാറും. ഹോസ്പിറ്റലില്‍ രണ്ടുമൂന്നു ദിവസം നില്‍ക്കണം. ഹോസ്പിറ്റലില്‍ കൂട്ടിന് ആളുവേണം. വീട്ടിലാണെങ്കിലും പ്രസവാനന്തര ശുശ്രൂഷക്ക് ആളെ വെക്കണം. കൂടാതെ വീട്ടിലുള്ളവര്‍ക്ക് ഇരട്ടി പണികള്‍ വേറെയും. മുടി കളയല്‍, നാല്‍പത് കുളി ഇങ്ങനെ വേറെ കുറേ പരിപാടികളും പുറമെ. അതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ഇവിടെ തന്നെ. ആളുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു മാസം അങ്ങനെ അങ്ങ് കഴിഞ്ഞുപോകും' എന്ന് പറയുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. നാട്ടില്‍ പ്രസവം കഴിഞ്ഞു നാല്‍പത് ദിവസമൊന്നും കഴിയാതെ പെണ്ണിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് അധിക വീടുകളിലും. മുതിര്‍ന്നവര്‍ക്ക് ആ കാര്യത്തിലൊക്കെ കുറച്ച് വാശിയും വേവലാതികളും കാണാം. പക്ഷേ, ഉമ്മമാരടക്കം ഇവിടെ എത്തിയാല്‍ അത്തരം കാര്യങ്ങളില്‍ വാശി പിടിക്കാറില്ലെന്നതാണ് സത്യം. പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ അനുസരണ പഠിപ്പിക്കാനെത്തുന്നവരും ഒന്ന് കരയുമ്പോഴേക്കും ഉറങ്ങാതെയാവുമ്പോഴേക്കും കണ്ണേറിന്റെയും അന്ധവിശ്വാസങ്ങളുടെയും കഥകള്‍ വിളമ്പുന്ന അയല്‍ക്കാരുടെയും ബന്ധുക്കളുടേയും കുറ്റപ്പെടുത്തലുകളില്‍ നിന്നും ഉപദേശങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നല്ലത് ഗള്‍ഫില്‍ പ്രസവിക്കുന്നതാണെന്ന് പറഞ്ഞ ഒരു സുഹൃത്തുണ്ട്.
ഭര്‍ത്താവും മുതിര്‍ന്ന കുട്ടികളും അയല്‍വാസികളും സുഹൃത്തുക്കളുമൊക്കെ ചെറിയ തരത്തിലുള്ള സഹായങ്ങള്‍ അടുക്കളയിലും മറ്റും ചെയ്തുകൊടുത്ത് പ്രസവങ്ങള്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കഴിഞ്ഞുപോകുന്നവരുമുണ്ട്. ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചയിലെ പ്രയാസങ്ങള്‍ മാറിത്തുടങ്ങിയാല്‍ പഴയപോലെ സജീവമാകുന്നവരാണ് പലരും. നാട്ടില്‍ പ്രസവാനന്തര ശുശ്രൂഷയുടെ ചിലവുകളും ബുദ്ധിമുട്ടുകളും പലരും പങ്കുവെക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട് അയല്‍പക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ പ്രവാസലോകത്തെപോലെ പരസ്പരം സഹകരിച്ച് ഭക്ഷണമൊക്കെ പാകം ചെയ്ത് പങ്കുവെച്ചൊക്കെ ഇത് നിസ്സാരമായും സാമ്പത്തിക ചിലവുകളില്ലാതെയും കൈകാര്യം ചെയ്തുകൂടേ എന്ന്.
പണ്ടുകാലത്ത് വീട്ടില്‍ ഒരു യന്ത്രങ്ങളുടെ സഹായം പോലുമില്ലാതെ പുലര്‍കാലം മുതല്‍ രാവാകുവോളം കൃഷിയടക്കമുള്ള ജോലികള്‍ ചെയ്തിരുന്ന സ്ത്രീകള്‍ക്ക് വല്ലപ്പോഴും വിശ്രമിക്കാന്‍ കിട്ടുന്ന സമയമെന്നത് പ്രസവാനന്തര കാലമായിരുന്നു. അതു കൊണ്ടാണ് അത് വലിയ ഒരു ചടങ്ങായി മാറിയത്. നല്ല ഭക്ഷണവും നല്ല പരിചരണവുമൊക്കെ ലഭിക്കുന്നത് ഈ ഇടവേളകളിലാണ്. പക്ഷേ, കാലമിത്ര മാറിയിട്ടും പ്രസവാനന്തര ചിട്ടകളുടെ കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ലെന്നത് അത്ഭുതകരമാണ്. ശരീരഭാരം കൂടുന്നതിലൊക്കെ പെണ്‍കുട്ടികള്‍ ആശങ്കപ്പെടുന്ന ഒരു കാലമായതിനാല്‍ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ഡയറ്റീഷന്‍മാരുടെ പ്ലാനുകള്‍ പിന്തുടരുന്നവരൊക്കെയുണ്ട് എന്നതും പണ്ടുകാലം മുതല്‍ തുടര്‍ന്നുപോരുന്ന ഭക്ഷണ ശീലങ്ങളടക്കം മാറ്റേണ്ടതുണ്ടെന്ന ഡോക്ടര്‍മാരുടെ ഉപദേശങ്ങളുമൊക്കെ മുതിര്‍ന്നവരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു എന്നതും ഈ മേഖലയിലും വലിയ മാറ്റങ്ങള്‍ വരുമെന്ന് പ്രത്യാശ നല്‍കുന്നുണ്ട്.
കൂട്ടുകാരിയോടൊരിക്കല്‍ നീ പ്രസവത്തിന് നാട്ടിലെന്തിനാ പോകുന്നേ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് എനിക്ക് ഹോസ്പിറ്റലില്‍ പോകുമ്പോള്‍ കൂടെ കുറേ ആളുവേണം. പ്രസവം കാത്തു നില്‍ക്കുന്ന കുറേ പേര് പുറത്തുവേണം. പ്രസവം കഴിഞ്ഞു ഹോസ്പിറ്റല്‍ റൂമിലും വീട്ടിലുമൊക്കെ ബഹളം വേണം. ആ രസം ഇവിടെ കിട്ടില്ലെന്നാണ് പറഞ്ഞത്. അവള്‍ പറഞ്ഞതു പോലെ കഴിപ്പിക്കാനും കുളിപ്പിക്കാനും പരിപാലിക്കാനും രാപകല്‍ ആളുണ്ടാവുന്ന പ്രസവാനന്തര കാലത്തിന്റെ ബഹളവും രസവുമൊന്നും ഫ്ളാറ്റുകളിലെയും ഇരു മുറി വില്ലകളിലെയും പ്രസവകാലത്തിനുണ്ടാവില്ലെന്നത് സത്യമാണ്. കുറഞ്ഞ കാലത്തേക്കെങ്കിലും മറ്റുള്ളവരുടെ പരിചരണത്തില്‍ കഴിയാനാഗ്രഹിക്കുന്നവര്‍ക്കും ആ പരിചരണം ആസ്വദിക്കുന്നവര്‍ക്കും പ്രവാസത്തിലെ പ്രസവം വളരെ അരസികമായിരിക്കും.