ഝാര്‍ഖണ്ഡിലെ മലയോര - ആദിവാസി ജില്ലയായ ഗോഡ്ഡയില്‍ വിഷന്‍ 2026 മോഡല്‍
വില്ലേജ് പ്രൊജക്ടിന്റെ കീഴിലുള്ള കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍ അവിടം
സന്ദര്‍ശിച്ച ടീം അംഗം അനുഭവം പങ്കുവെക്കുന്നു
കണ്ണിന് കുളിര്‍മയും ഹൃദയത്തിന് ശാന്തിയും ശ്വാസത്തിന് ഉന്‍മേഷവും ചിന്തകള്‍ക്ക് പുതുമയും പകര്‍ന്നു നല്‍കുന്ന ഒട്ടനേകം വിനോദയാത്രകളില്‍ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമങ്ങളിലെ വരണ്ട ജീവിത യാഥാര്‍ഥ്യങ്ങളെ ഹൃദയത്തിലണിയാന്‍ അവസരം നല്‍കിയത് വിഷന്‍ 2026 മോഡല്‍ വില്ലേജ് പ്രൊജക്ടിന്റെ കീഴിലുള്ള കുടിവെള്ള പദ്ധതിയാണ്. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല വനിതാ വിഭാഗം ജനസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടിവെള്ള പദ്ധതി തെരഞ്ഞെടുത്ത് പ്രാവര്‍ത്തികമാക്കാന്‍ തുനിഞ്ഞപ്പോള്‍ സഹകരിച്ച ഒരുപാട് വനിതകളുടെ ശ്രമഫലമായി അഞ്ച് കിണറുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിച്ചു. കിണര്‍ നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് വിഷന്‍ സാരഥികള്‍ അറിയിച്ചു. ഒരു ഗ്രാമം മുഴുവന്‍ ഒരു കിണറിനെ ആശ്രയിക്കുന്ന നാടും, ഓരോ വീട്ടിലും കിണറുള്ള നമ്മുടെ നാടും തമ്മിലുള്ള അന്തരം അനുഭവിക്കാനുള്ള യാത്രയുടെ തിരക്കഥക്ക് അവിടെ അരങ്ങൊരുങ്ങുകയായി.
ഝാര്‍ഖണ്ഡിലെ മലയോര - ആദിവാസി ജില്ലയായ ഗോഡ്ഡയില്‍ കിണര്‍ നിര്‍മാണം കഴിഞ്ഞ ശേഷം അവരുടെ നിരന്തര ക്ഷണത്തിനും നിര്‍ബന്ധത്തിനും വഴങ്ങി ജില്ലാ ടീം സന്ദര്‍ശനത്തിന് പോകുമ്പോള്‍ അതിലൊരു അംഗമായിരിക്കുമെന്ന് കരുതിയതേയില്ല.
ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആയിശ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ശാഹിന, സലീന, സക്കീന എന്നിവരോടൊത്ത് ആകാശമാര്‍ഗം ബാംഗ്ലൂര്‍ വഴി കൊല്‍ക്കത്തയിലേക്കുള്ള യാത്ര എന്റെ ആദ്യത്തെ ആഭ്യന്തര പറക്കലായിരുന്നു. മോഡല്‍ വില്ലേജ് ട്രസ്റ്റ് നാഷണല്‍ പ്രോജക്ട് കോഡിനേറ്റര്‍ ഇല്യാസ് ഹമദാനി എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. വെസ്റ്റ് ബംഗാള്‍ ജമാഅത്തിന്റെ ആസ്ഥാന വാഹനത്തില്‍ ഡ്രൈവര്‍ മുസാഫിറിന്റെ അസാധാരണ ഡ്രൈവിംഗ് പാടവം കാരണം ശ്വാസം അടക്കിപ്പിടിച്ചാണ് ഇരുന്നത്. ട്രാഫിക് നിയമങ്ങള്‍ കടലാസില്‍ മാത്രമൊതുങ്ങുന്ന നഗരത്തിലെ തിരക്കുള്ള റോഡിലൂടെ പോകുമ്പോള്‍ കടലിനടിയിലൂടെ ഊളിയിട്ട് ഡൈവ് ചെയ്യുന്ന ഡോള്‍ഫിന്റെ പുറത്ത് ഇരിക്കുന്ന പ്രതീതിയായിരുന്നു. മുസാഫിറിന്റെ ഓരോ ബ്രേക്കിലും ഉയര്‍ന്നു പൊങ്ങുന്ന ഞങ്ങളുടെ ഹൃദയമിടിപ്പ് ക്രമേണ ക്രമേണ ബ്രേക്കുമായി പരിചയിച്ചു തുടങ്ങി.
നിമിഷങ്ങള്‍ക്കകം തന്നെ വൃത്തിയുള്ള റോഡുകള്‍ അപ്രത്യക്ഷമായി തുടങ്ങി. സൈക്കിള്‍ വാലകളും റിക്ഷാ വാലകളും, ഓടാന്‍ തുടങ്ങിയതിന് ശേഷം ഇതുവരെ വെള്ളം കാണാത്ത ബസുകളും ചപ്പുചവറുകള്‍ നിറഞ്ഞ ഫുട്പാത്തും. നേരെ കൊല്‍ക്കത്ത സിറ്റിയുടെ ജമാഅത്ത് ഓഫീസിലേക്കാണ് ഞങ്ങള്‍ പോയത്. കോര്‍പ്പറേഷന്‍ ഗാരേജിലുള്ള ജി.ഐ.ഒ & വനിത ഓഫീസിലായിരുന്നു ഞങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയത്. മെയിന്‍ റോഡില്‍നിന്ന് പോക്കറ്റ് റോഡിലേക്ക് കയറിയപ്പോള്‍ തന്നെ വൃത്തിഹീനമായ പാതയോരമാണ് ഞങ്ങളെ വരവേറ്റത്. വാഹനം നിര്‍ത്തിയതിന് ശേഷം ലഗേജുമായി ഇടുങ്ങിയ കോണ്‍ക്രീറ്റ് വഴിയിലൂടെ ഞങ്ങള്‍ നടന്നു. രണ്ടു വശത്തേക്കും നോക്കാതെ നേരെ നടക്കാന്‍ ഇല്യാസ് സാഹിബ് പറഞ്ഞു. മനുഷ്യവിസര്‍ജ്യത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ദൃഷ്ടി തിരിയരുതേ എന്ന് ആഗ്രഹിച്ച് നേരെ നടന്നു. ഇടുങ്ങിയ ഗേറ്റ് തുറന്ന്, ഓരത്ത് കൂടെ ഓട വെള്ളം പോകുന്ന ഇടുങ്ങിയ ഇടനാഴിയിലൂടെ ലഗേജുമായി മുന്നോട്ട് പോകുന്നത് ശ്രമകരമായിരുന്നു. ഇരുമ്പ് ഗ്രില്‍സിന്റെ അപ്പുറത്ത് കൊല്‍ക്കത്ത നാസിം ഞങ്ങളെ സ്വീകരിച്ചു. പാക്ക് കൊണ്ട് മേല്‍ക്കൂര പാകിയ മരത്തിന്റെ ജനാലയുള്ള ആ ചെറിയ മുറി നാട്ടിലെ പഴയ മാളിക വീടുകളിലെ കുടുസ്സു മുറിയെ ഓര്‍മിപ്പിച്ചു. നിലത്ത് മുഷിഞ്ഞ കരിമ്പടവും പുതപ്പും വിരിച്ചിരിക്കുന്നു. ഒരു മൂലയില്‍ നിറവയറായ ചാക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നു. ആകപ്പാടെ ഒരു മുഴുത്ത ഗന്ധമാണല്ലോ എന്നാലോചിച്ചതേയുള്ളൂ റൂം സ്‌പ്രേയുമായി നാസിം വന്നു. മുറിയിലെ മുഷിഞ്ഞ ഗന്ധവും സ്‌പ്രേ ചെയ്ത മണവും കൂടെ മൂക്കില്‍ അടിച്ചു കയറിയപ്പോള്‍ തലക്ക് വല്ലാത്ത ഒരു ഭാരം. കേരളത്തില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഓഫീസ് സൗകര്യങ്ങളെ കുറിച്ച് വെറുതെയെങ്കിലും ചിന്ത പറന്നു. മുറിയുടെ പുറത്തെ ഇത്തിരി സ്ഥലത്ത് ഒരു ബാത്ത് റൂമും അതിനടുത്ത് ചെറിയ ഗ്യാസ് സ്റ്റൗവുമുണ്ട്. വളരെ കുറഞ്ഞ പാത്രങ്ങളും.
യാത്രാ ക്ഷീണവും തലവേദനയും കാരണം ചൂടു ചായക്ക് വേണ്ടി കൊതിച്ചവര്‍ക്ക് ഇല്യാസ് സാഹിബ് ചായയെത്തിച്ചു. ചായയുടെ കൂടെ മണ്‍ഗ്ലാസ് ഫ്രീയാണ്. ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്നതാണ് രീതി. എല്ലാ ഗ്ലാസുകളും കഴുകി വെക്കുമ്പോള്‍ ഇതൊക്കെ പൊട്ടാതെ നാട്ടിലെത്തിക്കാന്‍ പറ്റുമോ എന്ന ആശങ്കയായിരുന്നു. പിന്നീട് ഓരോ ദിവസവും വാങ്ങുന്ന ചായയേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം ഈ മണ്‍ഗ്ലാസായിരുന്നു.
രണ്ടു പേര്‍ക്കിരിക്കാന്‍ പറ്റുന്ന സൈക്കിള്‍ റിക്ഷ നമുക്കിവിടെ അന്യമായ വസ്തുവായതിനാല്‍ അതില്‍ കയറണമെന്ന ആഗ്രഹമുണ്ടായി. പൊതുകിണറുകള്‍ നമ്മുടെ നാട്ടിലുണ്ടെങ്കിലും കുളിമുറി ആദ്യമായിട്ടാണ് കാണുന്നത്. സ്ത്രീകള്‍ പോലും വസ്ത്രമണിഞ്ഞുകൊണ്ട് തലയിലൂടെ വെള്ളമൊഴിക്കുന്നു. കുളിക്കാന്‍ വേണ്ടി ഗവണ്‍മെന്റ് വെള്ളം കൊടുക്കുന്ന സമയം ഉപയോഗിക്കുകയാണവര്‍.
ട്രെയിന്‍ ബിഹാറിലെ മിര്‍സാഗഞ്ച് ലക്ഷ്യമാക്കി നീങ്ങുകയാണ്. പുലര്‍ച്ചെ മീര്‍സാചൗക്ക് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി. പെണ്‍കുട്ടികളും പുരുഷന്മാരുമായി ഒരുപാട് ആളുകള്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ വ്യായാമം ചെയ്യുന്നുണ്ടായിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം ഞങ്ങളെ കൊണ്ടുപോകാന്‍ വാഹനവുമായി അവിടത്തെ എസ്.ഐ.ഒ പ്രസിഡന്റ് ഇജാസ് വന്നു. വാഹനം കുലുങ്ങിക്കുലുങ്ങി വയലുകള്‍ താണ്ടി ഗ്രാമങ്ങളിലെ ജനവാസ മേഖലയിലൂടെ കടന്നു പോയി. അങ്ങാടികള്‍ തീരെ പരിഷ്‌കാരമെത്താത്ത കവലകളായിരുന്നു. മണ്ണു കൊണ്ടും ചാണകം കൊണ്ടും മെഴുകിയ തറകളും ചുമരുകളുമുള്ള ചെറിയ വീടുകളുടെ മുറ്റത്ത് പല്ല് തേക്കലും മുറ്റം വൃത്തിയാക്കലും തകൃതിയായി നടക്കുന്നു. പീടികക്കോലായകളില്‍ ഇരിക്കാന്‍ ഒരു ബെഞ്ച് പോലുമില്ലായിരുന്നു. വരാന്തയിലെ തറയിലിരുന്നാണ് ആളുകള്‍ ചായ കുടിക്കുന്നത്. മുറ്റം അടിക്കുന്നത് കൂടുതലും പുരുഷന്മാരാണ്. വീടുകളുടെ മുന്‍വശത്ത് പശുത്തൊഴുത്തുകളുണ്ട്. വലിയ സിമന്റിന്റെ ചാടികള്‍ വീട്ടുമുറ്റത്ത് കാണാം. കന്നുകാലികള്‍ക്ക് വെളളം കൊടുക്കാനാണത്. ഞങ്ങളെ സ്വീകരിക്കാനും വഴികാണിക്കാനും വേണ്ടി വിഷന്‍ ഝാര്‍ഖണ്ഡ് സംസ്ഥാന കോര്‍ഡിനേറ്റര്‍ അമാനുല്ലാ ഖാസിമി, വില്ലേജ് കോര്‍ഡിനേറ്റര്‍ ഇജാസ് ഇഖ്ബാല്‍, ജില്ല പ്രസിഡണ്ട് ഡോ. സുഫിയാന്‍, കോണ്‍ട്രാക്ടര്‍ അബ്ദുസ്സത്താര്‍ എന്നിവര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. വിഷന്‍ 2026 സി.ഇ.ഒ നൗഫല്‍ സാഹിബുമായുള്ള സംഭാഷണം പലപ്പോഴായി ആയിശത്ത പങ്കുവെച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, നിര്‍മാണം നടന്നുകൊണ്ടിരിക്കുമ്പോഴുള്ള കിണറിന്റെ പല ഫോട്ടോകളും അദ്ദേഹം അയക്കാറുണ്ടായിരുന്നു. പൂര്‍ത്തിയാകുന്ന മുറക്ക് അയച്ചുതന്ന കിണറുകളുടെ ചിത്രം കണ്ട സമയത്തൊന്നും ഇവിടെ എത്തിച്ചേരുമെന്ന നേരിയ പ്രതീക്ഷപോലുമില്ലായിരുന്നു. മൂന്ന് കിണറുകളുടെ പദ്ധതിയേ ജില്ലക്കുണ്ടായിരുന്നുവെങ്കിലും മൂന്ന് വ്യക്തികള്‍ ഓരോ കിണര്‍ സ്‌പോണ്‍സര്‍ ചെയ്തത് പെട്ടെന്നായിരുന്നു. ബാക്കി രണ്ട് കിണറിനുള്ള തുക അനവധി സഹോദരിമാര്‍ ചേര്‍ന്ന് നല്‍കിയതാണ്.
വെള്ളം കെട്ടിനില്‍ക്കുന്ന വയലുകള്‍ പിന്നിട്ട് കെണ്ടുവ എന്ന ചെറിയ ഒരു ഗ്രാമത്തിലാണ് ഞങ്ങള്‍ എത്തിയത്. നാട്ടിലെ ലക്ഷം വീട് കോളനിയെ ഓര്‍മിപ്പിക്കുന്ന വീടുകള്‍. മണ്‍പാതകളില്‍ തലേ ദിവസം രാത്രി പെയ്ത മഴവെള്ളം കെട്ടിക്കിടക്കുന്നു. ഇനി ഊടുവഴിയിലൂടെ നടക്കണം. തൊഴിലില്ലായ്മ രൂക്ഷമായ ഇത്തരം പ്രദേശങ്ങളില്‍ ഇതെല്ലാം പതിവ് കാഴ്ചയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട മൂടിയ പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് മുകളിലൂടെ ഞങ്ങള്‍ നടന്നു. മണ്‍കട്ട കൊണ്ടുണ്ടാക്കിയ വീടുകള്‍ക്കിടയിലൂടെയുള്ള നടത്തം ഞങ്ങളെ കൊണ്ടെത്തിച്ചത് രണ്ടു മൂന്ന് വീടുകള്‍ക്കിടയില്‍ ഇടുങ്ങിയ ഒരു ഭാഗത്തുള്ള വെള്ള പെയിന്റടിച്ച കിണറിന്റെ കരയിലേക്കായിരുന്നു. തെളിവില്ലെങ്കിലും നല്ലോണം വെള്ളമുണ്ട്. ചെറിയ കുട്ടികള്‍ വലിയ തൊട്ടിയില്‍ വെള്ളം നിറച്ച് ഞങ്ങളെ കണ്ട ഭാവം പോലുമില്ലാതെ നഗ്‌നരായി കുളിക്കുന്നു. ആയിശത്ത വെള്ളം കോരി, ഞങ്ങളെല്ലാവരും കുടിച്ചു. അവര്‍ക്ക് വേണ്ടി കരുതിയ ചോക്ലേറ്റ് വിതരണം ചെയ്തു. അവരത് കഴിക്കുന്നത് കണ്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഇത്തരം ചോക്ലേറ്റ് കഴിക്കുന്നവരായിട്ടാണ് അനുഭവപ്പെട്ടത്. മുതിര്‍ന്നവരും കൈ നീട്ടാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കൈയിലെ സ്റ്റോക്ക് തീരുമോ എന്ന് ഭയപ്പെട്ടു. വണ്ടിയില്‍ തിരിച്ച് കയറാന്‍ നേരം എന്റെ ബാഗിലുണ്ടായിരുന്ന കേക്കിന്റെ പാക്കറ്റ് ഒരു പെണ്‍കുട്ടിക്ക് കൊടുത്തു. അന്നേരം അവളുടെ ചിരിക്ക് നല്ല ഭംഗിയായിരുന്നു. അവിടെ എത്തിയത് മുതല്‍ അവള്‍ എന്റെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു.
വണ്ടി കല്‍ക്കരി ഖനനം ചെയ്ത് കയറ്റുന്ന സ്ഥാപനത്തിന്റെ ഓരത്തുകൂടെ കടന്നു പോയപ്പോള്‍ അവിടം കാണാമെന്നാഗ്രഹിച്ചു. ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം പോകുന്ന വഴിയിലൂടെ മുന്നോട്ട് പോയി ലാല്‍മാട്ടിയ ഗ്രാമത്തിലാണ് ഞങ്ങള്‍ എത്തിയത്. നേരത്തെ പോയ കോളനി പ്രദേശത്ത് നിന്ന് വ്യത്യസ്തമായി വിശാലമായ പറമ്പില്‍ നാല്പതോളം വീടുകള്‍..... ചുരുക്കിപ്പറഞ്ഞാല്‍ മുസ്ലിം ഗ്രാമം. ചെളി തേച്ച് അടുക്കിവെച്ച മണ്‍കട്ട വീടുകള്‍.... ചിലതിന് മാത്രം കോണ്‍ക്രീറ്റ് മേല്‍ക്കൂരകളുണ്ട്. പണി പൂര്‍ത്തിയാവാതെ കാട് പിടിച്ച ഒരു പാട് ഇഷ്ടിക വീടുകള്‍. ചെറിയ പനയോല ഷെഡില്‍ ആടുകളെ കെട്ടിയിരിക്കുന്നു. കൈക്കുഞ്ഞുമായി ഒരു സ്ത്രീ അവിടെ ഇരിക്കുന്നു. ഞങ്ങള്‍ കിണര്‍ ലക്ഷ്യമാക്കി നടന്നു. കിണറിന് ചുറ്റുമായി അത്യാവശ്യം സ്ഥലമുണ്ട്. കിണറിനടുത്തേക്ക് ഞങ്ങള്‍ എത്തിയതോടെ ചുറ്റുഭാഗങ്ങളില്‍ നിന്നുമായി പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും സന്തോഷത്തോടെ ഓടിവന്നു ഞങ്ങളെ സ്വീകരിച്ചു. വെള്ളം കോരി കുടിച്ചു. കുട്ടികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്യാന്‍ അവരില്‍ നിന്നുള്ള ഒരാളെ ഏല്‍പിക്കാമെന്ന് കരുതിയപ്പോള്‍ ഇല്യാസ് സാഹിബ് തടഞ്ഞു. അവരില്‍ പങ്കുവെക്കല്‍ എന്നുള്ള മാനസികാവസ്ഥ ഇല്ലത്രേ! തനിക്ക് കിട്ടുന്നത് തനിക്കും കുടുംബത്തിനും. അതു കൊണ്ട് ഞങ്ങള്‍ തന്നെ വിതരണം ചെയ്തു. ചെളി പുരളാത്ത, അത്യാവശ്യം മാന്യമായി വസ്ത്രം ധരിച്ച ഷഹനാസ് എന്ന പെണ്‍കുട്ടി ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. മറ്റാരിലും കാണാത്ത ആതിഥ്യമര്യാദ. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി വൃത്തിയുള്ള വിശാലമായ വീട്. വീടിനകത്ത് ടി.വിയും വാഷിങ് മെഷീനും അടുക്കളയുമുണ്ട്. സാധാരണ വീടുകളില്‍ അടുക്കളയുണ്ടാവാറില്ല. പുറത്ത് കല്ല് കൂട്ടി അടുപ്പ് കത്തിക്കാറാണ് പതിവ്. വിരലിലെണ്ണാവുന്ന പാത്രങ്ങളും. നാലു വയസ്സുകാരനായ മകന്‍ സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്നു. രാവിലെ മുതല്‍ ഇത്ര നേരമായിട്ടും സ്മാര്‍ട് ഫോണ്‍ ഞാന്‍ കണ്ടത് അവിടെ വെച്ചാണ്. 14 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ അവള്‍ മൂത്ത മകനെ പറഞ്ഞയക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അത്ഭുതം തോന്നിയില്ല. എന്നാല്‍ പുറത്തിറങ്ങി അവിടെയുള്ള കുട്ടികളോട് ഇന്ന് സ്‌കൂളില്‍ പോയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവരാരും പോകാറില്ല എന്ന ഉത്തരം എന്നെ അത്ഭുതപ്പെടുത്തി. മദ്റസാ വിദ്യാഭ്യാസം മാത്രമേ അവിടെ നല്‍കാറുള്ളൂ. അതും വലിയ പെണ്‍കുട്ടികളെ പറഞ്ഞയക്കാറുമില്ല.
ധാമിനി വില്ലേജിലേക്കായിരുന്നു പിന്നീട് ഞങ്ങള്‍ പോയത്. ലാല്‍ മാട്ടിയയും ധാമിനിയും വിഷന്റെ മോഡല്‍ വില്ലേജ് പ്രോജക്ടില്‍ ഉള്‍പ്പെടുന്നതാണ്. കുടിവെള്ള പദ്ധതി, പോഷകാഹാര പദ്ധതി, ആരോഗ്യ പദ്ധതി, സ്ത്രീകള്‍ക്കായി ആര്‍ത്തവ ശുചിത്വ പദ്ധതി, വിദ്യാഭ്യാസ പദ്ധതി തുടങ്ങിയവയാണ് നിലവില്‍ ട്രസ്റ്റ് മേല്‍നോട്ടം വഹിക്കുന്നത്. അതിനായി നാട്ടുകാരായ ആളുകളെ കൂട്ടി കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് പതിവ്. മുസ്ലിംകളും ദലിതുകളും ഇടതിങ്ങി ജീവിക്കുന്ന ആദിവാസി ഗ്രാമമാണ് ധാമിനി. ചളി പുതഞ്ഞ വഴിയായതിനാല്‍ ഡ്രൈവര്‍ ജാവീദിനെ നിര്‍ബന്ധിച്ച് വണ്ടി കുറച്ചുകൂടെ ഉള്ളിലേക്ക് കയറ്റി. ഇടതിങ്ങിയ മരങ്ങള്‍ ഉള്ളതു കൊണ്ടായിരിക്കണം മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി പതിനൊന്ന് മണിക്കും നേരിയ തണുപ്പ് അനുഭവപ്പെട്ടു. കിണര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ആയിശത്ത സംസാരിച്ചു. എല്ലാവര്‍ക്കും കായവറുത്തത് വിതരണം ചെയ്തു. അവരെല്ലാവരും അത് ആദ്യമായി കാണുകയായിരുന്നു. അവിടെ വീടുകളില്‍ സന്ദര്‍ശനത്തിന് കുറച്ച് സമയം ചെലവഴിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ കരളലിയിക്കുന്നതാണ്. ആരോഗ്യമില്ലാത്ത ഗര്‍ഭിണികളും കുട്ടികളും.
പ്രസവിച്ചിട്ട് ഒരാഴ്ചയാവുന്ന ഒരു സഹോദരിയേയും കുട്ടിയേയും ശ്രദ്ധയില്‍പെട്ടു. നാല് കാലുള്ള ഒരു മരപ്പലകയില്‍ ചാക്ക് വിരിച്ചാണവരും കുട്ടിയും കിടക്കുന്നത്. ഭക്ഷണത്തിനുള്ള ഉരുളക്കിഴങ്ങ് അതിന് താഴെ കൂട്ടിയിട്ടിരിക്കുന്നു. തൊട്ടടുത്ത ദലിത് വീട്ടില്‍ കയറിയപ്പോള്‍ ഞങ്ങളുടെ അടുത്ത് നിന്നും അവര്‍ മാറി നിന്നു. തൊട്ടുകൂടാന്‍ പറ്റാത്തവരാണത്രേ അവര്‍. തൊട്ടുകൂടായ്മ ഞങ്ങള്‍ക്കില്ലെന്ന് പറഞ്ഞ് അവരെ കെട്ടിപ്പിടിച്ച് സംസാരിച്ചു. കാട് എന്നര്‍ഥം വരുന്ന സംതാലി എന്ന ഭാഷയാണവര്‍ സംസാരിക്കാറുള്ളത്. നാഗ്പൂരി സംസാരിക്കുന്നവരുമുണ്ട്. 9 സംസ്ഥാനങ്ങളില്‍ 43 വില്ലേജുകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ വില്ലേജ് ട്രസ്റ്റിന് കീഴില്‍ ഇതുപോലെ 5 സമ്പൂര്‍ണ ആദിവാസി ഗ്രാമങ്ങളാണുള്ളത്.
JIH KKD LADlES എന്ന് ആലേഖനം ചെയ്ത മൂന്നു കിണറുകള്‍ കാണാനേ ഭാഗ്യമുണ്ടായുള്ളൂ.
ധാമിനി ഗ്രാമത്തിലെ മലയോര ആദിവാസികള്‍ എങ്ങനെയാണ് പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നത് എന്നത് ആശ്ചര്യമായിരുന്നു. അവിടേക്ക് എത്തിപ്പെടാന്‍ തന്നെ ഭയങ്കര പ്രയാസമാണ്. അതിവിശാലമായ ജമാഅത്ത് നെറ്റ് വര്‍ക്കിംഗിനെ കുറിച്ചാണ് ഇല്യാസ് സാഹിബ് ഉത്തരം നല്‍കിയത്. ഗോഡ്ഡ എന്നത് ഝാര്‍ഖണ്ഡിലെ മലയോര -ആദിവാസി ജില്ല മാത്രമല്ല, വരള്‍ച്ചബാധിത ജില്ല കൂടിയാണ്. കല്‍ക്കരിയുടെ സാന്നിധ്യം കാരണം കുഴല്‍ക്കിണറില്‍ നിന്ന് പോലും ഉപയോഗശൂന്യമായ വെള്ളമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടിവെള്ളത്തിനായി കാല്‍ നടയായും സൈക്കിളിലും റിക്ഷയിലും കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന അവര്‍ക്ക് വിഷന്റെ കുടിവെള്ള പദ്ധതി കാരണം വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിഷന്‍ 2016 എന്ന പുതിയ ആശയം സമ്മാനിച്ച പ്രഫ. സിദ്ദീഖ് ഹസന്‍ സാഹിബിനെ ഓര്‍ക്കാതെ ആര്‍ക്കും അവിടെ നിന്ന് തിരിച്ചു പോരാനാവില്ല. ഉള്‍ക്കാഴ്ചയുള്ള ക്രാന്തദര്‍ശിയായ അദ്ദേഹം തുടങ്ങിവെച്ച പദ്ധതികളില്‍ ഏതെങ്കിലും തരത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതിന് ദൈവത്തിന് സ്തുതി. ഇപ്പോള്‍ വിഷന്‍ 2026 പദ്ധതിയുമായി മുന്നോട്ട് പോകുന്ന നൗഫല്‍ സാഹിബിനെയും ഇല്യാസ് സാഹിബിനെയും പോലുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് പ്രാര്‍ഥനകള്‍.
ജുമുഅ ദിവസമായതിനാല്‍ പെട്ടെന്ന് തിരിച്ചുപോന്നു. ഞങ്ങള്‍ക്കുള്ള ഉച്ചഭക്ഷണവും നമസ്‌കാരവും ഹാഷിം അന്‍സാരിയുടെ വീട്ടിലായിരുന്നു. ലാല്‍ മാട്ടിയ മോഡല്‍ വില്ലേജ് കമ്മിറ്റിയംഗമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഏക്കര്‍ കണക്കിന് വിശാലമായ കല്‍ക്കരിപ്പാടം കാണാന്‍ സാധിച്ചു. പതിനായിരത്തിലധികം അടി താഴ്ചയില്‍ ചുരത്തിലൂടെ ലോറികള്‍ താഴേക്ക് പോകുന്നു. കല്‍ക്കരിയുമായി തിരിച്ചുകയറുന്നു. ഭൂനിരപ്പില്‍ നിന്ന് താഴോട്ടുള്ള ചുരം ആദ്യമായി കാണുകയാണ്. അവിടെ വെച്ച് സുഫിയാന്‍ സാഹിബും അമാനുല്ല സാഹിബും നമ്മോട് യാത്ര പറഞ്ഞു. രാവിലെ മുതല്‍ ഉച്ചവരെ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ മടിയില്ലാതെ ഞങ്ങളെ നയിച്ച പ്രസ്ഥാന സഹോദരന്‍മാര്‍. ഭക്ഷണ ശേഷം മോഡല്‍ വില്ലേജിന്റെ ഭാഗമായ രാം പൂര്‍ വില്ലേജിലേക്കായിരുന്നു പോയത്. വിഷന്റെ ഭവന നിര്‍മാണ പദ്ധതികള്‍ കണ്ടു. രണ്ട് മുറികളും അടുക്കളയും ബാത്ത് റൂമും ഉള്‍ക്കൊള്ളുന്ന വിഷന്റെ കോണ്‍ക്രീറ്റ് വീടുകള്‍ അവര്‍ക്ക് കൊട്ടാരമായിരിക്കും. കുടിലുകള്‍ക്ക് മുന്നിലിരുന്ന് ഫോട്ടോ എടുക്കുമ്പോള്‍ പോസ് ചെയ്യാന്‍ കുറേ പേര്‍ വന്നു. അവിടെ നിന്ന് മോഡല്‍ വില്ലേജായ ബുവാരിജോറിലേക്ക് പോയി. വിഷന്റെ 2 വീടുകള്‍ ഉദ്ഘാടനം ചെയ്തു. മലയുടെ താഴ്വാരത്ത് കൂടെയായിരുന്നു യാത്ര. രെു പരിധി കഴിഞ്ഞപ്പോള്‍ ഇറങ്ങി നടക്കേണ്ടി വന്നു. മലമുകളിലേക്ക് കയറണം. പനയോല വീടുകളും കാടുമായിരുന്നു അവിടുത്തെ പ്രത്യേകത. മുള്‍വേലികളും പനയോല വേലികളും. നിറമില്ലാത്ത വീടുകളും. മനുഷ്യരും ജീവിതവും ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് കയറാന്‍ പറ്റുന്ന വഴിയിലൂടെ നടന്ന് മുകളിലെത്തി. വിഷന്റെ വീടുദ്ഘാടനം ആയിശത്ത നിര്‍വഹിച്ചു. തൊട്ടടുത്ത വീട്ടില്‍ നിന്ന് ചായയുണ്ടാക്കി കൊണ്ടുവന്നു. വീടെന്ന് പറയാന്‍ പറ്റില്ല. ഒരു സര്‍ക്കസ് കൂടാരം പോലെ. നിലത്തിരുന്ന് അടുപ്പില്‍ ചായയുണ്ടാക്കുന്നു. ചൂടിവലിച്ച് കെട്ടിയ കട്ടിലില്‍ കുട്ടികള്‍ കിടക്കുന്നു. മുറികളില്ലാത്ത വീട്. താഴ്വാരത്ത് മറ്റൊരു വീട് കൂടി ഞങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഝാര്‍ഖണ്ഡില്‍ നിന്ന് വീണ്ടും പശ്ചിമ ബംഗാളിലെ മാല്‍ഡയിലേക്ക്.... ഫറാക്ക ഡാം പിന്നിട്ട് ഞങ്ങള്‍ ക്യാമ്പസിലെത്തി പ്രിന്‍സിപ്പലെ പരിചയപ്പെട്ടു. അബ്ദുല്‍ വദൂദ്. സദാ ചിരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതം. 2012-13 പ്രവര്‍ത്തനകാലയളവിലെ SIO നാഷണല്‍ സെക്രട്ടറി. കൂടാതെ മലപ്പുറം ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ്യ കോളേജില്‍ പഠിക്കുകയും പിപ്പിക്കുകയും ചെയ്ത മഹദ് വ്യക്തിത്വം. ചെറിയ പ്രായത്തില്‍ വലിയൊരു സ്ഥാപനത്തിന്റെ അമരക്കാരനാകുകയെന്നത് ചെറിയ കാര്യമല്ല. ആകെ 92 കുട്ടികളില്‍ 68 കുട്ടികളാണ് താമസിച്ചു പഠിക്കുന്നത്. അതില്‍ 31 പേര്‍ പുതിയ അഡ്മിഷനാണ്. 12 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വയലില്‍ അരിയും ഇടവിളയായി മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. അതവര്‍ ഹോസ്റ്റലില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥികള്‍ തന്നെയാണ് പലപ്പോഴും ഇതിനെല്ലാം സഹായികളായി കൂടെ നില്‍ക്കാറുള്ളതെന്ന് വദൂദ് സാര്‍ പറഞ്ഞു.
ചെറിയൊരു ചായ സല്‍ക്കാരത്തിന് ശേഷം വിദ്യാര്‍ഥികളുടെ പഠന മുറിയില്‍ വെച്ച് അവരുമായി സംവദിച്ചു. ടീ ഷര്‍ട്ടും പാന്റുമിട്ട ഭംഗിയായി വൃത്തിയുള്ള വസ്ത്രം ധരിച്ച ഒരു കൂട്ടരെ ആദ്യമായാണ് ഇന്ന് കാണുന്നതെന്ന് ഞാനോര്‍ത്തു. ബംഗാളിയാണ് അവരുടെ ഭാഷയെന്നാലും അറിയുന്ന ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ച് ഞാനും ആയിശത്തയും ഷാഹിനത്തയും അവരോട് സംസാരിച്ചു. അറബിയില്‍ സംസാരിച്ച് ഞങ്ങളെ കുഴക്കിയ ഒരു വിരുതന്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ആദ്യമായാണ് അവരെ സന്ദര്‍ശിക്കാനും സംസാരിക്കാനും ഒരു ടീമെത്തുന്നതെന്ന് അവര്‍ പറഞ്ഞു. അതിന്റെ ഒരു അമിത സന്തോഷം അവരില്‍ പ്രകടമായിരുന്നു. ഭക്ഷണം ഞങ്ങള്‍ക്ക് വിളമ്പിത്തരാനും ഞങ്ങളെ സേവിക്കാനും അവര്‍ മത്സരിച്ചു. അവരുടെ സഹോദരിമാര കുറിച്ച് ചോദിക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ കയറി വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴും അവര്‍ ഞങ്ങളെ അനുഗമിക്കുകയായിരുന്നു.
ജമാഅത്തെ ഇസ്ലാമി വെസ്റ്റ് ബംഗാള്‍ അമീര്‍ മസീഹുര്‍റഹ്‌മാന്‍ സാഹിബുമായുള്ള കൂടിക്കാഴ്ച സംസ്ഥാന ഓഫീസില്‍ വെച്ച് നടത്താന്‍ അനുവാദമെടുത്തിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി അദ്ദേഹം കൊല്‍ക്കത്ത ഓഫീസില്‍ എത്തിയതിനാല്‍ രാവിലെത്തന്നെ പെട്ടെന്ന് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചു. കുടിവെള്ള പദ്ധതിയെ കുറിച്ചും നമ്മുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം അന്വേഷിച്ചു. റഹ്‌മത്തുന്നിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത 'Morality is freedom' എന്ന ക്യാമ്പയിനെ പരാമര്‍ശിക്കുകയും കഴിഞ്ഞ മാസം ഒട്ടേറെ ദിവസങ്ങളില്‍ ടീച്ചര്‍ ബംഗാളിലുണ്ടായിരുന്നതായും അറിയിച്ചു. ഭാഷ കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിനെ കുറിച്ചും, പ്രസ് മീറ്റില്‍ മീഡിയയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്ക് ബുദ്ധിപരമായി ഉത്തരം നല്‍കിയതിനെ കുറിച്ചും അദ്ദേഹം വാതോരാതെ സംസാരിച്ചു. കേരളത്തില്‍ നിന്നു വന്ന ഞങ്ങള്‍ക്ക് അഭിമാനിക്കാന്‍ അതില്‍ കൂടുതല്‍ എന്തു വേണം? സംസ്ഥാന വനിതാ വിഭാഗത്തിലെ ഭൂരിഭാഗം പേരും ദൂര സ്ഥലങ്ങളിലാണെങ്കിലും പി.ആര്‍ കോര്‍ഡിനേറ്റര്‍ സെബാതാജ് ഓഫീസിനടുത്തുള്ള അപ്പാര്‍ട്‌മെന്റിലായതിനാല്‍ അവരുമായുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹം വഴിയൊരുക്കി. മൈക്രോബയോളജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടുത്തിടെ Phd നേടിയ വ്യക്തിയായിരുന്നു സെബാ താജ്. വഴിമധ്യേ ഞങ്ങള്‍ കണ്ട MM മോഡല്‍ സ്‌കൂള്‍ സ്ഥാപകയും അധ്യാപികയുമായിരുന്ന അവരുടെ ഭര്‍തൃമാതാവ് നഹീനയുമ്മയുമായി കുറച്ചു നേരം സംസാരിച്ചു. ഒരു പാട് കുട്ടികള്‍ അഡ്മിഷനെടുക്കുന്നുണ്ടെങ്കിലും ക്ലാസിന് വരുന്നില്ലെന്ന ആവലാതി അവര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ വെസ്റ്റ് ബംഗാള്‍ ഓഫീസിലേക്കായിരുന്നു പിന്നീട് ഞങ്ങള്‍ പോയത്. മനുഷ്യന്‍ വലിക്കുന്ന റിക്ഷയില്‍ ആദ്യമായി കയറുകയായിരുന്നു. പിറ്റേ ദിവസം രാവിലെ തിരിച്ച് പോരാനുള്ളതിനാല്‍ പെട്ടെന്ന് റൂമിലെത്തി. ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് മൂന്ന് ദിവസം കൊണ്ട് മനസിലാക്കിയ കുറച്ച് കാര്യങ്ങളേക്കാള്‍ വലുതായിരുന്നു വിഷന്‍ പദ്ധതികളെ കുറിച്ചുള്ള അറിവ്. സേവനങ്ങള്‍ക്ക് ഏറ്റവും അര്‍ഹരായ ആളുകളിലേക്കാണ് അവരുടെ സഹായഹസ്തങ്ങള്‍ എത്തുന്നത്. നാട്ടില്‍ ഓരോ വീട്ടുകാര്‍ക്കും ഒരു കിണറെന്ന സ്വപ്നമാണെങ്കില്‍ എങ്ങനെയെങ്കിലും ഗ്രാമത്തിലൊരു കിണറെങ്കിലും വേണമെന്ന ആഗ്രഹമുള്ളവരാണ് അവര്‍. അടുക്കിവെച്ച മണ്‍കലങ്ങള്‍ തലയിലേന്തി സ്ത്രീകള്‍ നടക്കുന്നത് കാണാന്‍ നല്ല ഭംഗിയാണങ്കിലും കിലോമീറ്ററുകള്‍ താണ്ടിയുള്ള ഇത്തരത്തിലുള്ള 'ജലയാത്ര'കളുടെ യാതന അതികഠിനമാണ്. കോഴിക്കോട്ടെ ഒരു വിഭാഗം പെണ്ണുങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും ഇനിയും സഹായഹസ്തങ്ങള്‍ അവരിലേക്ക് നീളാന്‍ കാത്തു കിടക്കുകയാണ്.