ബഹളം ആരാധനയുടെ ഭാഗമല്ല.
അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ ശബ്ദമുയര്‍ത്തി
മനുഷ്യനെ ശല്യം ചെയ്യേണ്ടതുണ്ടോ?
അബൂ മൂസ അല്‍ അശ്അരിയില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''ഞങ്ങള്‍ നബിയുടെ കൂടെ ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ജനങ്ങള്‍ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലാന്‍ തുടങ്ങി. അപ്പോള്‍ നബി (സ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ മിതത്വം പാലിക്കുക. കാരണം, നിങ്ങള്‍ ഒരു ബധിരനെയോ അല്ലെങ്കില്‍ സാന്നിധ്യമില്ലാത്തവനെയോ അല്ല വിളിക്കുന്നത്. കേള്‍ക്കുന്നവനെയും സമീപസ്ഥനെയുമാണ്. അവന്‍ നിങ്ങളോടൊപ്പമുണ്ട്'' (മുസ്ലിം). ദിക്റുകളും സ്വലാത്തുകളും പൊതു ജനത്തെ കേള്‍പ്പിക്കേണ്ടതില്ല. ഖുര്‍ആനിന് വിരുദ്ധമായ പ്രവര്‍ത്തനമാണിത്. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന ആരാധനകളും ആഘോഷവുമില്ല. ആരാധനയുടെ പേരില്‍ മനുഷ്യനെ ശല്യം ചെയ്യരുത്.
ബഹളം ആരാധനയുടെ ഭാഗമല്ല. അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ ശബ്ദമുയര്‍ത്തി മനുഷ്യനെ ശല്യം ചെയ്യേണ്ടതുണ്ടോ? വലിയ മൈക് സിസ്റ്റം ഉപയോഗിച്ച് മനുഷ്യര്‍ ഉറങ്ങുന്ന നേരത്ത് ദിക്ർ സ്വലാത്തും സ്വലാത്ത് വാര്‍ഷികവും മൗലീദ് പാരായണവും പാതിരാ പ്രഭാഷണവും ദുആ മജ്‌ലിസും എന്തിനാണ്?
ഖുര്‍ആന്‍ പറയുന്നു: 'നിന്റെ പ്രാര്‍ഥന വളരെ ഉറക്കെയാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവയ്ക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക' (17:110).
ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന, ദിക്ർ എന്നിവ അധികം ഉച്ചത്തിലോ വളരെ പതുക്കെയോ ആയിരിക്കാതെ, രണ്ടിനും മധ്യേ മിതമായ ശബ്ദത്തിലായിരിക്കേണ്ടതാണ്. നമസ്‌കാരം പോലും വലിയ ഉച്ചത്തില്‍ ആവരുതെന്നാണ് ഇസ്ലാമിന്റെ നിലപാട്.
തഫ്ഹീമുല്‍ ഖുര്‍ആനില്‍ മുകളിലെ ആയത്തിന്റെ വിശദീകരണത്തില്‍ ഇങ്ങനെ കാണാം: ഇബ്നു അബ്ബാസ് പറയുന്നു: മക്കയില്‍ നബി(സ)യോ മറ്റു സ്വഹാബികളോ നമസ്‌കാരത്തില്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സത്യനിഷേധികള്‍ ബഹളം കൂട്ടാന്‍ തുടങ്ങുകയും മറ്റു സമയങ്ങളില്‍ ശകാരങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ചാണ് കല്‍പന വന്നത്. സത്യനിഷേധികള്‍ കേട്ട് അക്രമിക്കാനിടയാകുംവണ്ണം ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യരുത്. നിങ്ങളുടെ കൂട്ടുകാരനുപോലും കേള്‍ക്കാനാവാത്തത്ര പതുക്കെയുമാവരുത്. ഈ കല്‍പന ആ കാലത്തേക്ക് മാത്രമായിരുന്നു. മദീനയില്‍ സ്ഥിതിഗതികള്‍ മാറിയപ്പോള്‍ ഈ വിധി ശേഷിച്ചില്ല. പക്ഷേ, എപ്പോഴെങ്കിലും മുസ്ലിംകള്‍ക്ക് മക്കയിലെ ആ അവസ്ഥ നേരിടേണ്ടി വരികയാണെങ്കില്‍ ഇതേ കല്‍പനയനുസരിച്ചുതന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്.
ഖുര്‍ആനിലെ വേറെയും ചില ആയത്തുകള്‍ ശ്രദ്ധിക്കുക 'നിങ്ങള്‍ വിനയത്തോടെയും രഹസ്യമായും നിങ്ങളുടെ നാഥനോടു പ്രാര്‍ഥിക്കുക. പരിധി ലംഘിക്കുന്നവരെ അവനിഷ്ടമില്ല; തീര്‍ച്ച' (7:55).
ഈ ആയത്തിന്റെ വിശദീകരണത്തില്‍ അമാനി മൗലവി ഒരു ഹദീസ് ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: ഹസന്‍ ബസ്വരിയില്‍ നിന്ന് ഇബ്‌നു ജരീര്‍ മുതലായവര്‍ ഉദ്ധരിച്ച ഒരു രിവായത്ത് ഇവിടെ പ്രസ്താവ്യമാകുന്നു. അതിന്റെ സാരം ഇപ്രകാരമാണ്: ചിലര്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയിരിക്കുന്നു. അതാരും അറിഞ്ഞിരിക്കയില്ല. ചിലര്‍ മതസംബന്ധമായി വളരെ പഠിച്ചിരിക്കും. അതാരും അറിഞ്ഞിരിക്കയില്ല. ഒരാള്‍ അയാളുടെ വീട്ടില്‍വെച്ച് ദീര്‍ഘനേരം നമസ്‌കരിക്കാറുണ്ടായിരിക്കും. സന്ദര്‍ശകന്മാരാരും അത് അറിഞ്ഞിരിക്കുകയില്ല. രഹസ്യമായി ചെയ്യാന്‍ കഴിയുന്ന ഏതു കാര്യവും ഒട്ടും പരസ്യമായി ചെയ്യാത്ത പല ആളുകളെയും ഞങ്ങള്‍ കണ്ടിട്ടുണ്ട്. മുസ്ലിംകള്‍ പ്രാര്‍ഥനയില്‍ വളരെ ഉത്സാഹം കാണിക്കാറുണ്ടായിരുന്നു. എന്നാല്‍, അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കപ്പെടുമായിരുന്നില്ല. അവര്‍ക്കും അവരുടെ റബ്ബിനുമിടയില്‍ പതുക്കെ നടക്കുന്ന ഒരു മന്ത്രമായിരിക്കും അത്. കാരണം, അല്ലാഹു പറയുന്നു: 'നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ താഴ്മയായും സ്വകാര്യമായും വിളിച്ചു പ്രാര്‍ഥിക്കുവിന്‍'.
സകരിയ്യാ നബിയുടെ പ്രാര്‍ഥന ഖുര്‍ആന്‍ പഠിപ്പിക്കുന്നു: 'അദ്ദേഹം തന്റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം' (19:3). 'നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയുമാവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്' (7:205).
അധികം ശബ്ദമുണ്ടാക്കുന്നതിനെ വെറുക്കപ്പെട്ട പ്രവൃത്തിയായാണ് ഖുര്‍ആന്‍ കാണുന്നത്. നിരര്‍ഥകമായ ശബ്ദഘോഷങ്ങളെ കഴുതയുടെ കരച്ചിലിനോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത്. 'നീ നടത്തത്തില്‍ മിതത്വം പാലിക്കുക. ശബ്ദം താഴ്ത്തുക. നിശ്ചയമായും, ഏറ്റവും വെറുക്കപ്പെട്ട ശബ്ദം കഴുതയുടെ ശബ്ദമാകുന്നു'' (വി.ഖു. 31:19).
ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും വിധം മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചു ഹ്രസ്വമായി പ്രസംഗിക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി. 'പ്രസംഗം ചുരുക്കുകയും പ്രാര്‍ഥന ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നത് അറിവുള്ളവന്റെ ലക്ഷണമാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന ദീര്‍ഘിപ്പിക്കുകയും പ്രസംഗം ചുരുക്കുകയും ചെയ്യുക''എന്ന് പ്രവാചകന്‍ ഉപദേശിച്ചത് 'മുസ്ലിം' ഉദ്ധരിച്ചിട്ടുണ്ട്. അസഭ്യം, ചീത്ത വാക്കുകള്‍, ശാപം, ശകാരം, കള്ളസത്യം തുടങ്ങി കെട്ട വാക്കുകള്‍ കൊണ്ടുണ്ടാകുന്ന മലിനീകരണത്തിനെതിരെയും ഖുര്‍ആന്റെയും പ്രവാചകന്റെയും ശക്തമായ താക്കീതുകളുണ്ട്.
ആരാധനകള്‍കൊണ്ടും ആഘോഷങ്ങള്‍ കൊണ്ടും ജനങ്ങളെ ശല്യം ചെയ്യരുതെന്ന പാഠം മുകളിലെ ഹദീസില്‍നിന്നും ആയത്തുകളില്‍നിന്നും മനസ്സിലാക്കാം