ബിജാപ്പൂര്‍ സുല്‍ത്താന്മാരുടെ കാലത്തെ പ്രശസ്ത സ്മാരകങ്ങളുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു നിര്‍മിതിയാണ് ബാര കമാന്‍. ബിജാപ്പൂരിന്റെ എന്നല്ല ഇന്ത്യയുടെ അഭിമാനമായ ആഗോള ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്ന്. ചരിത്ര ശേഷിപ്പുകള്‍ പേറുന്ന സ്മൃതി കുടീരം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ആദില്‍ ഷാ വാസ്തു ശൈലിയുടെയും കലാപാടവത്തിന്റെയും വിശിഷ്ട മാതൃകകളില്‍ ഒന്നാണ് ബാര കമാന്‍.
ആദില്‍ ഷാ രണ്ടാമന്റെ പൂര്‍ത്തീകരിക്കാത്ത സ്മാരക മന്ദിരമാണ് ബാര കമാന്‍. അതിമനോഹരവും വ്യത്യസ്തവുമായ ഒരു വാസ്തു വിസ്മയമാണിത്. കരിങ്കല്ലുകള്‍ കൊണ്ട് പണിതുയര്‍ത്തിയ താരതമ്യങ്ങളില്ലാത്ത ഒരു അപൂര്‍വ കലാനിര്‍മിതി. ആകാരഭംഗിയും ചേലുമുള്ള സ്മൃതികുടീര സമുച്ചയം.
ബിജാപ്പൂര്‍ നഗരഹൃദയത്തില്‍ തന്നെയാണ് ഈ സ്മൃതി മന്ദിരം. മെയിന്‍ റോഡില്‍നിന്ന് ബാര കമാനിലേക്കുള്ള കരിങ്കല്ലുകള്‍ പാകിയ വഴിയിലെത്തി മുന്നോട്ട് നോക്കുമ്പോള്‍ ഇരു വശവും മനോഹരമായ പുല്‍മേടുകളും അതിന് നടുവില്‍ കല്ലുകള്‍കൊണ്ട് കെട്ടി ഉയര്‍ത്തിയ വിസ്തൃതിയുള്ള ഒരു തറയില്‍ അപൂര്‍വ ഭംഗിയില്‍ നിര്‍മിച്ചിരിക്കുന്ന പൂര്‍ത്തീകരിക്കാത്ത ഒരു കെട്ടിടവും അവശിഷ്ടങ്ങളും കാണാം. ഒരു സ്റ്റേജിനു മുകളില്‍ കരിങ്കല്ലുകള്‍ നിരത്തിയൊരുക്കിയ കലാമേളനം പോലെ തോന്നും ഒറ്റ നോട്ടത്തില്‍. അടുക്കടുക്കായി കല്ലുകള്‍ ചേര്‍ത്തുണ്ടാക്കിയ വലിയ കമാനങ്ങളും ഭിത്തികളും. അപൂര്‍ണമെങ്കിലും ഈ നിര്‍മിതിയുടെ വേറിട്ട ഭംഗിയില്‍ ആരും ഒന്ന് അമ്പരക്കും. അത്രയ്ക്ക് മനോഹരങ്ങളായ ആര്‍ച്ചുകളും കരിങ്കല്‍ തൂണുകളുമാണ് ഇവിടെയുള്ളത്. കമാനങ്ങളിലൂടെ അകത്തു ചെല്ലുമ്പോഴാണ് സ്മാരകകുടീരങ്ങള്‍ കാണുക. ചെറുതും വലുതുമായ സ്മൃതികുടീരങ്ങളാണ് ഇവിടെയുള്ളത്.
ബാര കമാന്റെ വിശാലമായ തറയും വിരല്‍ പോലെ നീണ്ടുയര്‍ന്ന ഭിത്തികളും വാതിലുകളും അന്തരീക്ഷത്തില്‍ തിളങ്ങി നിന്നു. കമാനങ്ങളുടെ തറയില്‍ തെളിവെയില്‍ നിഴല്‍ച്ചിത്രങ്ങള്‍ വരയ്ക്കുന്നു. നീലാകാശവും മേഘക്കെട്ടും അതിനു കീഴില്‍ ബാര കമാന്റെ വിരിഞ്ഞ ഇതളുകള്‍ പോലുള്ള കരിങ്കല്‍ കമാനങ്ങളും എല്ലാം ചേര്‍ന്ന പ്രൗഢഭംഗി. അതിനിടയിലൂടെ തെളിയുന്ന പരിസരത്തെ പച്ചപ്പ്. സ്മൃതി കുടീരത്തെ വലയം ചെയ്യുന്ന മരങ്ങളും മുള്‍ച്ചെടികളും. ഒപ്പം മൂകത തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷവും. ശരിക്കും വല്ലാത്ത ഒരു കാഴ്ചാനുഭവം തന്നെ.
പതിനേഴാം നൂറ്റാണ്ടില്‍, അതായത് 1672ല്‍ ആദില്‍ ഷാ രാജവംശത്തിലെ അലി ആദില്‍ ഷാ രണ്ടാമനാണ് ബാര കമാന്‍ നിര്‍മിച്ചത്. അന്ന് പണിതുയര്‍ത്തിയ തിരശ്ചീനമായ 12 കമാനങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം. കമാനങ്ങളുടെ മധ്യഭാഗത്താണ് അലി ആദില്‍ ഷാ രണ്ടാമന്റെയും ഭാര്യ ചാന്ത് ബീബിയുടെയും യജമാനത്തിമാരുടെയും പെണ്‍മക്കളുടെയും ശവകുടീരങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.
അലി ആദില്‍ ഷാ രണ്ടാമന്‍ തികച്ചും വ്യത്യസ്തവും അതിസുന്ദരവുമായ മേന്മയേറിയ ഒരു ശവകുടീര മന്ദിരം നിര്‍മിക്കാന്‍ അതിയായി ആഗ്രഹിക്കുകയും അതേതുടര്‍ന്ന് തന്റെ ഉദ്യമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാലത്ത് നിലവിലുള്ള സ്മാരകങ്ങളെക്കാള്‍ എന്തുകൊണ്ടും ഗംഭീരമായ നിര്‍മിതി തന്നെയായിരിക്കണം അതെന്നും അദ്ദേഹത്തിന് വളരെ നിര്‍ബന്ധവുമുണ്ടായിരുന്നുവത്രേ. അങ്ങനെ സ്മൃതികുടീരത്തിന്റെ പണി നടന്നു. എങ്കിലും നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ബാര കമാന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ പറ്റുക.
അപൂര്‍ണമെങ്കിലും ആകാര ഭംഗിയോടെയും തലയെടുപ്പോടെയും അന്തരീക്ഷത്തിലേക്ക് വിരിഞ്ഞ് വിലസി നില്‍ക്കുന്ന കരിങ്കല്‍ കമാനങ്ങളും ഭിത്തികളും കണ്ടാല്‍ അതിന്റെ അഴകില്‍ ആര്‍ക്കും അതിശയം തോന്നും. കാവ്യഭംഗി പേറുന്ന കരകൗശലത്തിന്റെ ഒരു ഉദാത്ത മാതൃക തന്നെയാണിത്. നെടുകെയും കുറുകെയും ലംബമായും തിരശ്ചീനമായും തീര്‍ത്ത ഒരു ഡസന്‍ മനോഹരമായ കമാനങ്ങള്‍ ആണ് ബാരാ കമാനെ ഏറെ ആകര്‍ഷകമാക്കുന്നത്. കരിങ്കല്ലുകള്‍ അടുക്കിയും കൂട്ടിയും ഇരുമ്പു വളയങ്ങള്‍ കൊണ്ട് കോര്‍ത്തെടുത്ത് പണിതെടുത്തതാണ് അവയെല്ലാം.
ആരും അല്പസമയം ആ വിസ്മയത്തില്‍ നോക്കി നിന്നുപോകും. ഇന്‍ഡോ ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ രീതി തന്നെയാണ് ഇതിനും അവലംബിച്ചിരിക്കുന്നത്.
മാലിക്ക് സാന്‍ഡല്‍ എന്ന കീര്‍ത്തികേട്ട വാസ്തുശില്പിയാണ് ബാരാ കമാന്‍ രൂപകല്‍പന ചെയ്തത്. ഈ കരിങ്കല്‍ സ്മാരകം സിമന്റ് ചേര്‍ത്ത് നിര്‍മിച്ചതല്ല എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 215 ചതുരശ്ര മീറ്റര്‍ വീസ്തീര്‍ണമുള്ള തറയിലാണ് ഈ സുന്ദര കുടീരവും കമാനങ്ങളും. സ്മാരകത്തെ വലയം ചെയ്തുനില്‍ക്കുന്ന പന്ത്രണ്ട് വലിയ സുന്ദര കമാനങ്ങള്‍ ഉള്ളതുകൊണ്ടാകാം അതിന് ബാര കമാന്‍ എന്ന് പേര് വീണത് എന്ന് കരുതാം. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പട്ടികയിലുള്ള സ്മാരക മന്ദിരമാണിത്.
ബാര കമാന്‍ എന്ന ഈ ശവകുടീരമന്ദിരം പൂര്‍ത്തിയായി അന്തരീക്ഷത്തില്‍ ഉയര്‍ന്ന് കഴിഞ്ഞാല്‍ വിഖ്യാത സ്മാരക മന്ദിരമായ ഗോല്‍ ഗുംബസിലേക്ക് അതിന്റെ നിഴല്‍ പതിക്കുമെന്ന് കരുതിയാണ് ബാര കമാന്റെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതെന്ന് പറയപ്പെടുന്നു. നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിന് പിന്നില്‍ വേറെയും ചില കാരണങ്ങളുണ്ടെന്നും കഥകളും അഭിപ്രായങ്ങളും കേട്ടുകേള്‍വിയുമുണ്ട്. ഏതായാലും അത് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത.
നിരന്തരം സന്ദര്‍ശകര്‍ എത്തുന്ന ഒരു സ്മൃതി മന്ദിരമാണിത്. രാവിലെ ഏഴര മുതല്‍ വൈകിട്ട് ഏഴര വരെയാണ് ഇവിടേക്കുള്ള സന്ദര്‍ശന സമയം.