രണ്ടാം പാലക്കാടന്‍ യാത്ര ഹൃദ്യം മനോഹരം

ഷാഹിന കണ്ണൂര്‍
നവംബർ 2024
തനിമ സാഹിത്യ വേദി സംഘടിപ്പിച്ച ഉയിരെഴുത്ത് ശില്‍പശാലയെക്കുറിച്ച്

തനിമ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഉയിരെഴുത്ത് 'പോസ്റ്റര്‍ കണ്ടപ്പോള്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിന്റെ ആദ്യ കാരണം 'പാലക്കാട്' ആണ് നടക്കുന്നത് എന്നതിനാലായിരുന്നു. നെല്ലറകളെ കുറിച്ചുള്ള എന്റെ അറിവിനും ഭാവനക്കും അനുഭവിക്കാന്‍ കിട്ടിയ അവസരമായിരുന്നു എന്റെ പ്രിഡിഗ്രി ഒന്നാം വര്‍ഷം നടന്ന പഠന യാത്ര. പാലക്കാട് എന്ന് കേട്ടാല്‍ എന്റെ മനസ്സ് സിറാജുന്നിസ എന്ന ബാലികയില്‍ തടഞ്ഞുനില്‍ക്കും. അന്ന് 40-ഓളം പെണ്‍കുട്ടികളും 4 അധ്യാപകരും വാര്‍ഡന്‍ ടീച്ചറും അടങ്ങിയ വാദിഹുദയില്‍ (പഴയങ്ങാടി കണ്ണൂര്‍) നിന്ന് പുറപ്പെട്ട യാത്രാ സംഘത്തിന് പാലക്കാട് തന്നത് പിന്തിരിഞ്ഞു പോവാനുള്ള മുന്നറിയിപ്പായിരുന്നു. യാത്രകളോട് പ്രിയം തോന്നിത്തുടങ്ങിയ ആദ്യ യാത്രയില്‍ കണ്ട പാലക്കാടിന്റെ ഛായ ഇന്നും മനസ്സില്‍ നില്‍ക്കുന്നുണ്ടെങ്കിലും പാലക്കാട് ടൗണിലെത്തിയ സമയം ചുറ്റുപാടുള്ളവര്‍ 'പെട്ടെന്ന് മാറി പോകൂ ഇവിടെ വെടിവെപ്പ് നടക്കുന്നു' എന്നു പറഞ്ഞ സമയം കലാപ മേഖലയില്‍ നിര്‍വികാരയായി നിന്ന ഓര്‍മയുടെ അടരുകള്‍ ഇന്നും മായാതെ ഉണ്ട്. ആരൊക്കെയോ, ഈ വേഷമുള്ള കുട്ടികള്‍ നില്‍ക്കുന്നത് നന്നല്ല എന്ന് പറഞ്ഞത് ഇന്നും കാതില്‍ മുഴങ്ങുന്നതുപോലെ (യൂണിഫോമില്‍ മക്കന ഉള്‍പ്പെട്ടിരുന്ന അക്കാലത്ത് ഇന്നത്തെ പോലെ പെണ്‍കുട്ടികള്‍ മുടികള്‍ മറയ്ക്കുന്ന പ്രവണത വളരെ കുറവായിരുന്നു). വേഷവും പേരും കലാപവും പൊതുചിന്തകളും ഇടപെടലുകളും പൂരകമാവുന്നതെങ്ങനെയെന്ന് പഠിച്ചത് ആ യാത്ര മുതലായിരുന്നു.

എന്നാല്‍ രണ്ടാം പാലക്കാട് യാത്ര രാവും പകലും പോലെ തികച്ചും വ്യത്യസ്തമായിരുന്നു. തൃശൂരില്‍ ട്രെയിനിറങ്ങി ആലത്തൂരിലേക്കുള്ള യാത്രയില്‍ നീലാകാശവും പച്ചിലകളും മലകളും സമം ചേര്‍ന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. നിര്‍വൃതിയോടെ കടന്നുപോയ നിമിഷങ്ങളില്‍ ഇതിനേക്കാള്‍ മികച്ചത് ഇനിയുമുണ്ടെന്ന് മനസ്സും കാഴ്ചകളും ഒരുപോലെ പറഞ്ഞുകൊണ്ടിരുന്നു. ഗ്രാമകാഴ്ചയുടെ തനത് മുഖങ്ങള്‍ നെല്ല്, ഇഞ്ചി, കപ്പ, ചോളം, വാഴ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍... ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ കാലിക്കൂട്ടവും. വെള്ളത്താമര മാത്രം കണ്ട എനിക്ക് യാത്രക്കിടയില്‍ പിങ്ക് പൂക്കളും, സാധാരണ നടക്കാറുള്ള പ്രോഗ്രാം സ്ഥലങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു തനിമയൊരുക്കിയ ഹാളും പരിസരവും. ഓട്ടോയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ തന്നെ 'ഉയിരെഴുത്ത്' എന്നെഴുതിയ മെടഞ്ഞ ഓലകള്‍ വഴിനീളെ സ്ഥാപിച്ചിരുന്നു. അതിഥികളെ സ്വീകരിക്കാനുള്ള പാലക്കാടന്‍ മഹാ മനസ്സ് വ്യക്തം. സുന്ദരമായൊരിടത്ത് സ്‌നേഹമുള്ള തലോടലും കൂടി ആയപ്പോള്‍ കാറ്റിന് പോലും മാറ്റം വന്നതു പോലെ. പിന്നീടെല്ലാം ഹൃദയം അപ്പാടെ ഒപ്പിയെടുക്കുകയായിരുന്നു. പഴയ രീതിയിലുള്ള ഓടുമേഞ്ഞ കെട്ടിടങ്ങളും, സീനിയും റോസും വിളഞ്ഞു നിന്ന നെല്ലും, പാഷന്‍ ഫ്രൂട്ടും ഇടവിളയായി കണ്ട പല ഇനങ്ങളും മീന്‍ കുളങ്ങളും തൂങ്ങാം കുരുവികളുടെ കൂടും, ഇടയ്ക്കിടെ എത്തിനോക്കി പോവുന്ന മയിലുകളും, കാളയില്ലാത്ത മനോഹരമായൊരു കാള വണ്ടിയും, പാലക്കാട്ടെ പ്രധാന സ്ഥലങ്ങളെ ഓലയില്‍ എഴുതി അറിയിച്ചു തന്ന ഇടങ്ങളും അവരൊരുക്കിയ സദ്യ പോലെ ഹൃദ്യമായിരുന്നു. കൈപുണ്യം ചെന്നെത്തുന്നത് നേരെ ഹൃദയത്തിലേക്കാവുന്നത് കൊണ്ടുതന്നെ ചര്‍ച്ചകളെക്കാളും പകര്‍ത്തപ്പെടാന്‍ യോഗ്യന്‍ ഭക്ഷണമാവുന്നത് സ്വാഭാവികം. രണ്ടാം ദിനത്തിലെ 'റാവുത്തര്‍ ബിരിയാണി' സൂപ്പറായിരുന്നു. കണ്ണൂര്‍ ഭാഗത്ത് അധികം പ്രചാരമില്ലാത്തതും തലശ്ശേരി ഭാഗത്ത് ഏറെ പ്രസക്തവുമായ ഇറച്ചിച്ചോറിന്റെ വകഭേദമാണെങ്കിലും ഇറച്ചിച്ചോറ് ഇഷ്ടമില്ലാത്ത എനിക്ക് റാവുത്തര്‍ ബിരിയാണി ഏറെ ഇഷ്ടപ്പെട്ടു. നാടന്‍ ഇറച്ചി ആയതുകൊണ്ടായിരിക്കണം ഇറച്ചിക്ക് പ്രത്യേക സ്വാദ്. വളണ്ടിയര്‍മാര്‍ ഇടക്ക് വന്ന് ആവശ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും ഇറച്ചി മാത്രം ചോദിച്ചു വാങ്ങാന്‍ മനസ്സ് അനുവദിക്കാതിരുന്നതിനാല്‍ കിട്ടാതെ പോയ ഇറച്ചിയുടെ സ്വാദോര്‍ത്ത് കുറ്റബോധം തോന്നിയത് തിരിച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു. റാവുത്തര്‍ ബിരിയാണിയുടെ കൂടെ വിളമ്പിയ 'വാഴക്ക കറി' ആവശ്യമില്ലാത്തൊരു ഇനം എന്നാണ് തോന്നിയത്. അച്ചാറുണ്ടായാലും ഇല്ലെങ്കിലും കഴിക്കാന്‍ രുചിയുണ്ടായിട്ടും പരിപ്പും വലിയ കഷണങ്ങളാക്കി നുറുക്കിയ കായയും വഴുതനയും ഇട്ട കറി എന്തിനെന്ന് അറിയില്ല. രുചിക്കൂട്ടുകള്‍ എല്ലാം ബഹു കേമം. ചുറ്റുപാടുകളില്‍ കണ്ടതും കേട്ടതും പറഞ്ഞതുമായ വിഷയങ്ങളില്‍ ഇതിഹാസങ്ങളും ദര്‍ശനങ്ങളും സന്ധി ചെയ്യുന്നതെങ്ങനെയെന്ന് തിരിച്ചറിയാന്‍ അവിടെ നടന്ന ചര്‍ച്ചകളിലൂടെ സാധിച്ചു. 'പുരാണങ്ങളുടെ ഇതിഹാസം' അവതരിപ്പിച്ച ടി.എസ് ശ്യാംകുമാറും നേതൃത്വം നല്‍കിയ മുഹമ്മദ് ശമീമും ഉത്തരവാദിത്വത്തില്‍ നീതി പുലര്‍ത്തി. 'സാംസ്‌കാരിക വൈവിധ്യങ്ങളുടെ രാഷ്ട്രീയവും പ്രതിരോധവും' എന്ന സണ്ണി എം. കപികാടിന്റെ വിഷയം കേട്ടുകഴിഞ്ഞിട്ടും മതിവരാത്തത് പോലെ. മാറ്റത്തിനു വേണ്ടി നില്‍ക്കുന്നു എന്ന് പറയുമ്പോഴും മാറ്റങ്ങള്‍ എന്തുകൊണ്ട് നാമമാത്രമായി പോവുന്നു എന്നതിന്റെ കാര്യകാരണങ്ങളിലേക്കുള്ള അറിവുകള്‍ പകരുന്ന രീതിയിലായിരുന്നു ചര്‍ച്ച. നിയന്ത്രിച്ച മുഹമ്മദ് വേളവും കര്‍ത്തവ്യം തെറ്റില്ലാതെ കൈകാര്യം ചെയ്തു. 'ഇസ്ലാമിക സ്ത്രീവാദം; സംവേദന മേഖലകള്‍, സാധ്യതകള്‍' എന്ന വിഷയമവതരിപ്പിച്ച ഡോ. നാജിയ പി.പിയും നിയന്ത്രിച്ച ഡോ. ജമീല്‍ അഹമ്മദും വിഷയങ്ങളുടെ ഉള്ളറകളിലേക്ക് ചൂണ്ടി പലതും പറഞ്ഞെങ്കിലും പറയാനും തീര്‍പ്പു കല്പിക്കാനും ഇനിയുമുണ്ടെന്ന തോന്നലാണ് എനിക്കുണ്ടായത്. 'സ്ത്രീവാദത്തിന്റെ പുതുധാരകള്‍' ഡോ. ജി. ഉഷാകുമാരിയുടെ അവതരണവും ഡോ. ഹിക്മത്തുല്ലയുടെ നിയന്ത്രണവും സുതാര്യമായൊരു അവതരണ ശൈലി കൊണ്ട് ആകര്‍ഷകമായി. എങ്കിലും പുതുധാരയിലും ഇനിയും അഡ്രസ്സ് ചെയ്യപ്പെടാത്ത പലതും ബാക്കിയുണ്ട് എന്നത് ടീച്ചറുടെ തന്നെ അവതരണത്തില്‍നിന്ന് മനസ്സിലാക്കുമ്പോള്‍ എന്തുകൊണ്ട് അത്തരത്തില്‍ ചിന്തിക്കാന്‍ സമൂഹം തയ്യാറാവുന്നില്ല എന്ന ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. സ്ത്രീകളുടെ ആര്‍ത്തവ വിരാമ ഘട്ടത്തിന്റെ സംഘര്‍ഷങ്ങളും 'സ്ത്രീ സമത്വത്തിന്റെ' അല്പ വായനയും അധിക വായനയും നല്‍കുന്ന ആരോഗ്യകരമല്ലാത്ത സമീപനവും വേദവാക്യത്തിലെ കേവല പദത്തിലമര്‍ന്ന നിയമങ്ങളുടെ ഇടയില്‍പ്പെട്ട് 'സ്വാതന്ത്ര്യം' എന്നു പറഞ്ഞ് അധാര്‍മികതയുടെ വക്താക്കളായി മാറുകയും ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സമീപകാല ചരിത്രത്തെ മുന്‍നിര്‍ത്തി ഇനിയും ധാരാളം ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. കുഞ്ഞാലി മാഷിന്റെ സമാപനത്തോടെ ക്യാമ്പ് അവസാനിക്കുമ്പോള്‍ വല്ലാത്തൊരു പ്രയാസം. ചായയും കപ്പയും മീനും റെഡിയാക്കി വിളിക്കുമ്പോഴും ആരോഗ്യപരവും ചിന്താപരവുമായ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ കൊതിച്ചില്ല എന്നതാണ് സത്യം. 'തനിമ'ക്ക് വേണ്ടി ഓടി നടക്കാന്‍ ഒരു സംഘം ഉണ്ടായതിന്റെ ഗുണപാഠം ആവോളം ആസ്വദിച്ചൊരു ക്യാമ്പ്. അമരക്കാരായ സലിം കുരിക്കളകത്തും ബാബു സല്‍മാനും ഓട്ടപ്പാച്ചിലിലായിരുന്നു. ഒപ്പം സേവന സന്നദ്ധരായ വളണ്ടിയര്‍മാര്‍. രാവിനെ സംഗീത സാന്ദ്രമാക്കിയ പാലക്കാട് തനിമ ടീം. ഗാംഭീര്യ ശബ്ദമുള്ള ഹിക്മത്തുല്ല സാറിന്റെ അറബി പാരഡികള്‍ കേട്ട് വയലുകള്‍ പോലും കോരിത്തരിച്ചിട്ടുണ്ടാവണം. ഒന്നിനൊന്ന് മെച്ചപ്പെട്ട ഓരോ അവതരണങ്ങളും. സ്ത്രീകള്‍ക്ക് താമസിക്കാന്‍ വീട് ഒഴിഞ്ഞുതന്ന പേരറിയാത്ത വീട്ടുകാര്‍. മാട്ടുമലയും മരുത മലയും കാട്ടിത്തന്ന് ക്ഷമയോടെ കാത്തിരുന്ന ചെറുപ്പക്കാരന്‍. ആരെന്നറിയാത്ത ഒത്തിരിപേര്‍. 'തനിമ'യുടെ തനിയാവര്‍ത്തനങ്ങളായി എല്ലാവരും ഇനിയും ഉണ്ടാവണം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media