പ്രസവാനന്തരം

ഡോ. ആബിദ ഇ.എച്ച് (എം.ബി.ബി.എസ്, ജനറല്‍ പ്രാക്ടീഷനര്‍)
നവംബർ 2024

പ്രസവശേഷം നാം അമ്മയ്ക്കും കുഞ്ഞിനും നല്‍കുന്ന കരുതലാണ് പ്രസവാനന്തര ശുശ്രൂഷ എന്നത്. പ്രസവത്തിനു ശേഷമുള്ള ആറ് മുതല്‍ എട്ട് വരെയുള്ള ആഴ്ചകളാണ് ഏറ്റവും കരുതല്‍ ആവശ്യമുള്ള സമയം. ഇത് അമ്മയുടെ ശരീരത്തെ ഗര്‍ഭാവസ്ഥയ്ക്ക് മുന്നേയുള്ള തരത്തിലേക്കും അമ്മ എന്ന മാനസികമായ തയ്യാറെടുപ്പിലേക്കും എത്തിക്കുന്ന വളരെ പ്രധാന സമയമാണ്. അതിനാല്‍ തന്നെ കുഞ്ഞിന്റെയും അമ്മയുടെയും ദീര്‍ഘമായുള്ള ആരോഗ്യത്തെ സ്വാധീനിക്കാവുന്നതാണ്.

പേഴ്സണല്‍ കെയര്‍
കുളി

സാധാരണ പ്രസവമാണെങ്കില്‍ 24 മണിക്കൂര്‍ കഴിഞ്ഞ് കുളിക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു. സിസേറിയന്‍ ആണെങ്കില്‍ രണ്ടുദിവസം കഴിഞ്ഞ് സ്റ്റിച്ച് പരിശോധിച്ചു ഡോക്ടര്‍ പറഞ്ഞതിനുശേഷം കുളിച്ചു തുടങ്ങിയാല്‍ മതി. നടന്നുനോക്കുകയും വേണം. തുട ഭാഗം മാത്രം മുങ്ങാന്‍ തക്കവണ്ണം വെള്ളത്തില്‍ ഉപ്പിട്ട് സ്റ്റിച്ച് ഭാഗം താഴ്ത്തി ഇരിക്കുക. അഞ്ചു മിനിറ്റ് വീതം ദിവസം രണ്ടുനേരം ചെയ്യുന്നത് സ്റ്റിച്ച് ഉണങ്ങാനും മൂലക്കുരു വരാതിരിക്കാനും നല്ലതാണ്.

വെയിറ്റ് ലോസ് 
ആന്‍ഡ് എക്സര്‍സൈസ്

സാധാരണ ഡെലിവറി ആണെങ്കില്‍ പിറ്റേന്ന് മുതലും സിസേറിയന്‍ ആണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരവും വയര്‍ കെട്ടുന്നതിന് കുഴപ്പമില്ല. ഒരു സപ്പോര്‍ട്ട് കിട്ടാന്‍ സഹായകമാണ്. എന്നാല്‍, അതുകൊണ്ടുമാത്രം വയര്‍ കുറയുകയില്ല. കെട്ടുമ്പോള്‍ നന്നായി മുറുക്കി ശ്വാസം കിട്ടാത്ത വിധത്തില്‍ ആകരുത്, നമുക്ക് കംഫര്‍ട്ടബിള്‍ ആയ രീതിയിലാവണം. വെയിറ്റ് ലോസ് ചെയ്യാനും എക്സര്‍സൈസ് ചെയ്യാനും തിരക്ക് കൂട്ടേണ്ടതില്ല. നാലഞ്ചു ദിവസത്തില്‍ തന്നെ വീടിനുള്ളിലൂടെ മെല്ലെ നടക്കാം. എക്സര്‍സൈസുകള്‍ മിതമായ രീതിയില്‍ തുടങ്ങിയാല്‍ മതി. കൂടുതല്‍ ആയാസമുള്ള പണികള്‍ പെട്ടെന്ന് എടുത്തുതുടങ്ങേണ്ടതില്ല. 12 ആഴ്ച വരെ കഴിയുമെങ്കില്‍ ഭാരമുള്ള ജോലികള്‍ ചെയ്യുന്നതും കൂടുതല്‍ തവണ കോണി കയറുന്നതും ഒഴിവാക്കാവുന്നതാണ്.

ആരോഗ്യ പ്രശ്നങ്ങള്‍

വജൈനൽ സോർനെസ്
യോനിയുടെതാഴ്ഭാഗത്ത് ഇട്ടിരിക്കുന്ന സ്റ്റിച്ച് ഉണങ്ങാന്‍ ഏതാണ്ട് രണ്ടുമൂന്ന് ആഴ്ചയാവും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന വേദനസംഹാരികള്‍ കഴിക്കാവുന്നതാണ്. പഴുപ്പ്, ശക്തമായ വേദന, പനി എന്നിവ വന്നാല്‍ ഡോക്ടറുടെ സഹായം തേടുക.

ഡിസ്ചാര്‍ജ്
പ്രസവാനന്തരമുള്ള ഡിസ്ചാര്‍ജ് ആറ് മുതല്‍ എട്ട് ആഴ്ച വരെ ഉണ്ടാകാം. കടുത്ത ചുമപ്പില്‍ തുടങ്ങി മഞ്ഞയായി അവസാനം തെളിഞ്ഞു ഇല്ലാതാകുന്നതാണ്. രണ്ടുമണിക്കൂറില്‍ അധികം തുടര്‍ച്ചയായി പാഡ് മാറ്റേണ്ടി വരികയോ അടിവയറ്റില്‍ ശക്തമായ വേദനയും പനിയും ഉണ്ടാവുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

വയറുവേദന
ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദന പോലെ ചെറിയ വേദന പ്രസവശേഷം മൂന്നു നാലു ദിവസങ്ങള്‍ ഉണ്ടാകാം. ഗര്‍ഭപാത്രം ചുരുങ്ങി ബ്ലീഡിങ് കുറയാന്‍ ശ്രമിക്കുന്നതിനാലാണ് ഈ വേദന ഉണ്ടാകുന്നത്.
 
മൂത്രംപോക്ക്
ആദ്യത്തെ ഒരാഴ്ച ചിലപ്പോള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചെറുതായി മൂത്രം പോകാവുന്നതാണ്. താഴ്ഭാഗത്തുള്ള വീക്നെസ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് ക്രമേണ മാറുന്നതാണ്.
 
ഹെമറോയിഡ്
പലര്‍ക്കും പ്രസവശേഷം മൂലക്കുരു ഉണ്ടാകാം. ഭക്ഷണം ക്രമീകരിക്കുക, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, ഡോക്ടര്‍ നിര്‍ദേശിച്ച ക്രീമുകളും സ്റ്റൂള്‍സ് സോഫ്റ്റ്നറും ഉപയോഗിക്കാവുന്നതാണ്.
 
മുടിയും ചര്‍മവും
പ്രസവാനന്തരം അടുത്ത അഞ്ചാറു മാസംവരെ മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. മുടികൊഴിച്ചിലും സ്‌കിന്‍ സ്ട്രച്ച് മാര്‍ക്കുകളും ഡാര്‍ക്ക് സ്പോട്ടുകളും പതിയെ പതിയെ ക്രമേണ അപ്രത്യക്ഷമാവും.

 

ബേബി കെയര്‍

കുളി
കുഞ്ഞിന്റെ പൊക്കിള്‍കൊടി വീണതിനു ശേഷം കുളിപ്പിച്ചു തുടങ്ങാവുന്നതാണ്. അതുവരെ ചൂടുവെള്ളത്തില്‍ സോപ്പ് കലക്കി തുടച്ചു കൊടുക്കാം. പൊക്കിള്‍കൊടി നനയ്ക്കാതെ ശ്രദ്ധിക്കണം.

 
ബ്രസ്റ്റ് ഫീഡിങ്

കഴിയുന്നതും വേഗം ബ്രെസ്റ്റ് ഫീഡിങ് തുടങ്ങാം. പുതിയ അമ്മമാര്‍ കുഞ്ഞിനെ കുടിപ്പിക്കുന്നതിനനുസരിച്ചാണ് പാലുണ്ടാവുന്നത്. അതിനാല്‍ പാല്‍ വരുന്നില്ലെങ്കിലും കുഞ്ഞിനെ കുടിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. കുഞ്ഞ് പാല്‍ കുടിച്ച് ഒന്ന് ഒന്നര മണിക്കൂറില്‍ കുഞ്ഞു വിശന്നു തുടങ്ങുമ്പോള്‍ ആണ് ശ്രമിക്കേണ്ടത്. നല്ല കരയുന്ന കുഞ്ഞ് പാല്‍ ഇല്ലെങ്കില്‍ കുടിക്കാന്‍ കൂട്ടാക്കില്ല. കൂടാതെ ആദ്യ മാസത്തില്‍ രാത്രിയുള്ള ഫീഡിങ് മില്‍ക്ക് സപ്ലൈ establish ആവാന്‍ വളരെ പ്രധാനമാണ്. അതിനാല്‍ ഓരോ രണ്ടു മൂന്നു മണിക്കൂറിനും കുഞ്ഞിന് പാല്‍ കൊടുക്കുക. പിന്നീട് കുഞ്ഞ് ആവശ്യപ്പെടുന്നതു പോലെ കൊടുക്കാവുന്നതാണ്.

പോസ്റ്റ് പാര്‍ട്ടം സൈക്കോളജി

പ്രസവാനന്തരം സ്ത്രീകള്‍ക്ക് മാനസികമായി പല പ്രയാസങ്ങളും വരാറുണ്ട്. കുഞ്ഞുണ്ടായി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷമാവുകയും ഏറിയാല്‍ രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നതാണ് പോസ്റ്റ് പാര്‍ട്ടം ബ്ലൂസ്. 50 ശതമാനം സ്ത്രീകള്‍ക്കും ഇത് ഉണ്ടാകാറുണ്ട്. കാരണമില്ലാതെ സങ്കടം വരിക, കരയുക, ആശങ്കപ്പെടുക, നിരാശ ഇങ്ങനെയെല്ലാം ഉണ്ടാകാം. കുടുംബത്തിന്റെ നല്ല പിന്തുണ ഉണ്ടെങ്കില്‍ ഇത് മാറ്റാവുന്നതാണ്.

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍

രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുകയും പ്രസവശേഷം ഒരു വര്‍ഷം വരെ വരാവുന്ന ഒരു അവസ്ഥയാണിത്. പോസ്റ്റ് പാര്‍ട്ടം ബ്ലൂസ് പോലെ തന്നെയാണ് ഇത്. കുഞ്ഞിന്റെ സംരക്ഷണത്തെയും പരിചരണത്തെയും കുറിച്ചുള്ള ആധിയും പരിഭ്രമവും അമ്മയെന്ന നിലയില്‍ തന്റെ കഴിവില്ലായ്മകളെക്കുറിച്ചുള്ള ആശങ്കയും കുറ്റബോധവും കൂടി ചേര്‍ന്നാലത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനായി. നൂറില്‍ പതിനഞ്ച് അമ്മമാരും ഈ അവസ്ഥയ്ക്ക് കീഴ്‌പ്പെടാറുണ്ട്. ഡോക്ടറുടെ സേവനം ആവശ്യമാണ്. കുടുംബത്തിന്റെ പിന്തുണയും കരുതലും ഇതിനാവശ്യമാണ്.

പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്

കുഞ്ഞ് ജനിച്ച് രണ്ടാഴ്ച മുതല്‍ മൂന്നുമാസം വരെയുള്ള കാലയളവില്‍ ഈ അവസ്ഥയുണ്ടാകാം. പൊടുന്നനെയുണ്ടാകുന്ന ഭയം, എത്ര തിരുത്തിയാലും വിശദീകരിച്ചാലും മാറാത്ത അകാരണമായ സംശയങ്ങള്‍, അസ്വാഭാവികമായ പെരുമാറ്റങ്ങള്‍, ഉന്മാദാവസ്ഥ, മറ്റുള്ളവര്‍ തന്നെയോ കുഞ്ഞിനെയോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നുള്ള തോന്നല്‍, പരസ്പരബന്ധമില്ലാത്ത സംസാരം, മറ്റേതോ ലോകത്തിലെന്നപോലെ മൂകത, ആരും സമീപത്തില്ലെങ്കിലും പേടിപ്പെടുത്തുന്ന സംഭാഷണങ്ങളും ആജ്ഞകളും കേള്‍ക്കുന്നുവെന്ന തോന്നല്‍, മുലയൂട്ടാനും കുഞ്ഞിനെ പരിചരിക്കാനും പേടിയും വിസമ്മതവും കുഞ്ഞ് തന്റേതല്ലെന്ന തോന്നല്‍, അക്രമാസക്തി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവര്‍ ആത്മഹത്യ ചെയ്യാനും കുഞ്ഞിനെ ഉപദ്രവിക്കാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ട് ഈ അവസ്ഥയെ സൈക്യാട്രിക് എമര്‍ജന്‍സിയായി കണക്കാക്കി എത്രയും പെട്ടെന്ന് വൈദ്യസഹായം നല്‍കണം.

പ്രസവാനന്തരം ഒരു സ്ത്രീക്ക് വേണ്ടത് ആവശ്യത്തിന് റസ്റ്റ് ആണ്. സഹായിക്കാന്‍ ആളുകള്‍ ഉള്ളപ്പോള്‍ തിരക്കിട്ട് എല്ലാം ചെയ്തു തുടങ്ങേണ്ടതില്ല. ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം കൊടുക്കുക. ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. ചെറുതായിട്ടാണെങ്കില്‍ പോലും നടക്കുക. പ്രസവം എന്നത് പൂര്‍ണമായും ഒന്നും ചെയ്യാന്‍ പറ്റാതാവുന്ന അവസ്ഥയോ വെറുതെ കിടന്ന് എണീക്കുന്ന പോലെ നിസ്സാരമായ ഒന്നോ അല്ല. ഇങ്ങനെ സമീപിച്ചാല്‍ നമുക്ക് നല്ലൊരു മാനസിക നില കൈവരിക്കാനാവും

ശ്രദ്ധിക്കേണ്ടത്

മുലക്കണ്ണ് വിണ്ടുകീറിയാലും ഫീഡിങ് തുടരേണ്ടതാണ്. നിപ്പിള്‍ ഡ്രൈ ആയി സൂക്ഷിക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ക്രീമുകള്‍ ഫീഡിങ് കഴിഞ്ഞ് പുരട്ടാവുന്നതാണ്. ഇത് വേദന കുറക്കാന്‍ സഹായിക്കും. കുഞ്ഞ് ശരിയായ രീതിയില്‍ പാല്‍ കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.

മുലകളില്‍ പാല്‍ കട്ടിയായി വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. രണ്ടു മുലകളില്‍ നിന്നും മാറിമാറി കുടിപ്പിക്കുക. ചൂട് തുണി വെച്ച് ഹോട്ട് കംപ്രസ് ചെയ്യുക. കുട്ടിക്ക് പാല്‍ കൊടുക്കുന്നതിന് മുമ്പ് കുറച്ചു പാല്‍ ആദ്യം പിഴിഞ്ഞു കളഞ്ഞതിനുശേഷം കുടിപ്പിക്കുക. സ്തനത്തിന് ചുവപ്പ് നിറം, കഠിനമായ വേദന, പനി തുടങ്ങിയവ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
കുഞ്ഞ് ദിവസം ആറ് മുതല്‍ 12 തവണ മൂത്രം ഒഴിക്കുന്നുണ്ട്, ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ഭക്ഷണശേഷം ഉറങ്ങുന്നുണ്ട് മൂന്ന് നാല് തവണ വയറ്റില്‍നിന്ന് പോകുന്നുണ്ട്, കുട്ടിക്ക് ആവശ്യമായ ഭാരമുണ്ട്... എങ്കില്‍ കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media