(ആമിനുമ്മയുടെ ആത്മകഥ - 11)
സുലൈഖ ആ വാര്‍ത്ത കേട്ടതിനു ശേഷം പിന്നെ ഒരക്ഷരം മിണ്ടിയിട്ടില്ല. ആകാശത്തേക്ക് കണ്ണും നട്ട് ഒറ്റയിരിപ്പായിരുന്നു. കവിളിണയിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങും. അവളൊന്ന് പൊട്ടിക്കരഞ്ഞിരുന്നുവെങ്കില്‍ അല്‍പ്പം ആശ്വാസമാവുമായിരുന്നു. കുഞ്ഞു ഇനി ജനവാടിയില്‍ ഒരിക്കലുമെത്തുകയില്ല. കുഞ്ഞു കയറിയ വിമാനം റണ്‍വെയില്‍ നിന്നും ഉയര്‍ന്നു പൊങ്ങവെ അപകടത്തില്‍ പെടുകയായിരുന്നു. കാര്യങ്ങള്‍ കളക്ടര്‍ പറയുകയും ചില പേപ്പറുകളില്‍ ഒപ്പിടുവിക്കുകയും ചെയ്തതല്ലാതെ സുലുവിന് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.
സുലുവിന്റെ പിതാവ് പുത്തന്‍വീട്ടില്‍ ലത്തീഫ് കുഞ്ഞുവിന്റെ അമ്മോശനായതോടെ ആളാകെ മാറിയിരുന്നു. ആദ്യമൊക്കെ കോലാറ് വണ്ടിയില്‍ ചാക്കുകയറ്റി ലോറിയില്‍ നിറച്ചുകൊടുക്കലായിരുന്നു പണി. പിന്നെ കുഞ്ഞു മുന്‍കൈയെടുത്ത് കുറച്ചു വള്ളങ്ങള്‍ വാങ്ങിനല്‍കി. മീന്‍കച്ചവടം പൊടിപൊടിച്ചു. കുഞ്ഞു സുലുവിനയച്ചിരുന്ന പണവും ഹുണ്ടി വഴി എത്തുന്നത് ലത്തീഫിന്റെ കൈയിലായിരുന്നു. അന്ത്രമാന് അതിലൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. കുഞ്ഞുവിനെ തിരിച്ചുകിട്ടയതു തന്നെ ഭാഗ്യമെന്നയാള്‍ കരുതി. ലത്തീഫിന്റെ തറവാട് ആലപ്പുഴയിലാണെന്നാണ് കേള്‍വി. അവിടെ അയാള്‍ ധാരാളം സ്ഥലം വാങ്ങികൂട്ടിയിരുന്നു. പുത്തന്‍ പണക്കാരനായതിന് ശേഷം അയാള്‍ ജനവാടിയിലുള്ളവരോട് അധികം സംസാരിച്ചിരുന്നില്ല. കുഞ്ഞുവിന്റെ കാര്യങ്ങള്‍ക്കായി ഇടക്കിടെ അയാള്‍ ബോംബെയില്‍ പോകാറുണ്ടായിരുന്നുവെന്ന് അന്ത്രമാന്‍ പറഞ്ഞാണ് അറിഞ്ഞത്. വിമാനക്കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാരമൊക്കെ ലത്തീഫ് കൈക്കലാക്കിയെന്നാണ് കേള്‍വി. ഇതെല്ലാം കേട്ടിട്ടും അന്ത്രമാന് കുലുക്കമുണ്ടായില്ല. മരവിച്ച മനസ്സുമായി അയാള്‍ ജനവാടിയിലൂടെ നടക്കും. അല്ലാഹു വലിയവനാണെന്ന ചിന്തയായിരുന്നു അന്ത്രമാന്.
കുഞ്ഞുവിന്റെ മരണത്തിനുശേഷം പെട്ടെന്നാണ് ലത്തീഫ് വന്ന് സുലുവിനെ കൂട്ടിക്കൊണ്ടുപോകുന്നത്. പൂര്‍ണ ഗര്‍ഭിണിയായ അവള്‍ അന്ന് കരഞ്ഞുകൊണ്ടാണ് ആമിനുമ്മയോട് യാത്ര പറഞ്ഞത്. പിന്നീട് അവരെ കുറിച്ച വാര്‍ത്തകളൊന്നും ജനവാടിയിലറിഞ്ഞില്ല. അവളൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന് അന്ത്രമാന്‍ പറഞ്ഞു.
മദാറു പാത്തു വന്നാണ് പറഞ്ഞത്. പള്ളീലുസ്താദ് ജനവാടിയിലേക്ക് വരുന്നുണ്ടെന്ന്. ആമിനുമ്മ വേഗം പൂമുഖം വൃത്തിയാക്കി. ചന്ദനത്തിരികള്‍ കത്തിച്ചുവെച്ചു. ഈത്തപ്പഴവും സംസം വെള്ളവും തയ്യാറാക്കി കാത്തിരുന്നു. മദാറു പാത്തു പറഞ്ഞാ പറഞ്ഞതാ. അതാ ആമിനുമ്മയുടെ ഉറപ്പും. ചന്ദനത്തിരി മൂന്നെണ്ണം കത്തി ത്തീര്‍ന്നിട്ടും ഉസ്താദ് വന്നില്ല. അസറ് നമസ്‌കാരം കഴിഞ്ഞതിനുശേഷം ലത്തീഫാജിയുണ്ട് കയറിവരുന്നു.
ആമിനുമ്മാ അസ്സലാമു അലൈക്കും. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?
ആമിനുമ്മ വേഗം സലാം മടക്കി നിസ്‌കാരപായയില്‍ നിന്നെഴുന്നേറ്റു.
ലത്തീഫാജി കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. സുലുവിന് ഒരു കല്യാണക്കാര്യം വന്നിട്ടുണ്ട്. അവര് മംഗലാപുരത്തെ വലിയ മീന്‍കച്ചവടക്കാരാ. മംഗലാപുരത്തെ അറിയപ്പെടുന്ന ദീനിയായ കുടുംബമാണ്. അവരുടെ ഒരു ബന്ധു മരക്കച്ചവടത്തിനായി ആലപ്പുഴയില്‍ വന്നപ്പോഴാണ് മകള്‍ സുലുവിന്റെ കാര്യങ്ങളറിയുന്നത്. അവരുടെ കുടുംബത്തിലെ മര്‍ഗൂബ് അഹമ്മദ് എന്നയാളുടെ ഭാര്യ നേരത്തെ മരിച്ചതാണ്. അവരുടെ പേര് ഫാത്തിമ ഖാത്തൂന്‍. ഇപ്പോള്‍ മര്‍ഗൂബ് അഹമദിന് കല്യാണം ആലോചിക്കുകയാണ്. സുലുവിനെ അവര്‍ക്ക് താല്‍പര്യമുണ്ട്. പക്ഷേ, സുലു ഇനിയൊരു വിവാഹം വേണ്ടയെന്നാണ് പറയുന്നത്. മകളുടെ കാര്യമാണ് അവള്‍ തടസ്സമായി പറയുന്നത്. ആമിനുമ്മയും അന്ത്രമാനും ഒന്നവിടം വരേ വന്ന് അവളെയൊന്ന് സമ്മതിപ്പിക്കണം. ജനവാടി വരെ വരാന്‍ പോലും അവള്‍ സമ്മതിക്കുന്നില്ല.
വിക്കിവിക്കിയാണ് ലത്തീഫാജി കാര്യങ്ങളവതരിപ്പിക്കുന്നത്. അയാളുടെ വാക്കുകളില്‍ ഒരു പിതാവിന്റെ സങ്കടങ്ങളുടെ കണ്ണുനീരുണ്ടായിരുന്നു.
അപ്പോഴേക്കും ഉസ്താദുമെത്തി. ഉസ്താദാണ് പറഞ്ഞത്, ലത്തീഫാജിക്ക് കഴിഞ്ഞ മാസം ഒരു നെഞ്ചുവേദന വന്നു. കുരുത്തത്തിന് ആംബുലന്‍സ് കിട്ടുകയും മെഡിക്കല്‍ കോളേജിലെത്തിക്കുകയും ചെയ്തു. അതുകൊണ്ട് ജീവിച്ചിരിക്കുന്നു. ഇപ്പോള്‍ സുലുവിന്റെ കാര്യത്തില്‍ വലിയ സങ്കടമാണ്. അവളെ ആരുടെയെങ്കിലും കൈയില്‍ പിടിച്ചേല്‍പ്പിക്കുകയാണ് ഇപ്പോഴത്തെ ശ്രമം. എന്നിട്ട് വേണം ഹാജിക്ക് ഓപ്പറേഷന് വിധേയനാകാന്‍.
ആമിനുമ്മ വേഗം ആലപ്പുഴക്ക് പോകാമെന്ന് സമ്മതിച്ചു. ലത്തീഫാജി സന്തോഷത്തോടെ തിരിച്ചുപോവുകയും ചെയ്തു. അടുത്ത ആഴ്ച തന്നെ അന്ത്രമാനേയും കൂട്ടി ആലപ്പുഴക്ക് പോകുകയും സുലുവിനെ കാണുകയും ചെയ്തു. ആമിനുമ്മ പറഞ്ഞതുകൊണ്ട് മാത്രം സുലു വിവാഹത്തിന് സമ്മതിച്ചു. മകളുടെ കാര്യമോര്‍ക്കുമ്പോഴായിരുന്നു സുലുവിന്റെ വിഷമം. മകള്‍ ജനവാടിയില്‍ വളരട്ടെ എന്ന് ആമിനുമ്മ പറഞ്ഞു. സുലുവിനും അത് ഇഷ്ടമായി. കാരണം, അവള്‍ക്ക് ജനവാടി അത്രയും ജീവനായിരുന്നു.
മര്‍ഗൂബ് അഹ്‌മദും സുലുവും തമ്മിലുള്ള നിക്കാഹ് വേഗത്തില്‍ നടന്നു. വളരെ ചെറിയൊരു ചടങ്ങ്. അവര്‍ മംഗലാപുരത്തേക്ക് യാത്രയാവുകയും ചെയ്തു.
അന്നു മുതലാണ് സുനിത ആമിനുമ്മയുടെ മകളായി ജനവാടിയിലെത്തുന്നത്. ആമിനുമ്മ അവള്‍ക്ക് ഖാഇദയും കിതാബുകളും നബിമാരുടെയും സഹാബത്തിന്റേയും ഖിസ്സകളും പഠിപ്പിച്ചു. അടുത്തുള്ള സെന്റ് മേരീസ് സ്‌കൂളില്‍ അവളെ ചേര്‍ത്തു. സെന്റ് മേരീസില്‍ എല്ലാ പരീക്ഷകളിലും അവള്‍ ഒന്നാമതായിരുന്നു. കുഞ്ഞുവിന്റെ കഠിനാധ്വാനവും സുലുവിന്റെ സൗന്ദര്യവും സുനിതയില്‍ കാണാമായിരുന്നു. ദീപയും മേരിയും അവള്‍ക്ക് കൂട്ടായി വന്നതോടെ മൂവര്‍ സംഘം ജനവാടി കീഴടക്കി. ഡിഗ്രിക്ക് നഗരത്തില്‍ ചേര്‍ന്നപ്പോള്‍ തന്നെ അവര്‍ കുട്ടികള്‍ക്കായി ഒരു പഠനകേന്ദ്രം ആരംഭിച്ചു. സ്‌കൂള്‍ വിട്ടതിനുശേഷം അര്‍ധരാത്രി വരെ അവിടെ കുട്ടികളെ പഠിപ്പിച്ചു. ആമിനുമ്മയുടെ അയല്‍ക്കൂട്ടങ്ങളുടെ കണക്ക് സൂക്ഷിച്ചു. ജനവാടിയിലെ പാവപ്പെട്ടവരുടെ പട്ടയകാര്യങ്ങള്‍ക്കും പാര്‍പ്പിടപ്രശ്‌നങ്ങള്‍ക്കും ആമിനുമ്മയോടെപ്പം ഉറച്ചുനിന്നു. അതിനിടയിലാണ് ഒരു ദിവസം രണ്ടു അതിഥികള്‍ ജനവാടിയിലെത്തുന്നത്. സുലൈഖയും ഭര്‍ത്താവ് മര്‍ഗൂബും. അവര്‍ വേഗം ആമിനുമ്മയുടെ അടുത്തേക്ക് വന്നു. സുലൈഖ സുനിതയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. സുനിത ഒന്നുമറിയാത്ത മട്ടില്‍ ആമിനുമ്മയെ നോക്കിനിന്നു. സുലൈഖയുടെ കരച്ചില്‍ കണ്ട് മര്‍ഗൂബ് പുറത്തേക്കിറങ്ങി. ആ സമയത്താണ് അയാള്‍ ജനവാടി നടന്നുകാണുന്നത്. ചെറിയ ചെറിയ കൂരകളിലായി അന്തിയുറങ്ങുന്ന വലിയ കുടുംബങ്ങള്‍. കൂരകള്‍ പലതും തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. ജനവാടിയുടെ അതിരുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയും ചര്‍ച്ചും മന്ദിരവും. അതിനു ചുറ്റും ഒരേയൊരു മനസ്സുമായി കുറേ ജന്മങ്ങള്‍. ഹസ്രത്തും അബ്ദുറഹിമാന്‍ മുസ് ലിയാരും വരച്ചുകാണിച്ച വഴിയിലൂടെ അവരങ്ങനെ അല്ലലില്ലാതെ ജീവിക്കുന്നു. അവര്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ആമിനുമ്മയും. ജനവാടിയുടെ കഥകളറിഞ്ഞപ്പോള്‍ ആമിനുമ്മയോട് മര്‍ഗൂബിന് വലിയ ബഹുമാനം തോന്നി.
രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് സുലൈഖ ജനവാടിയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. അത് ആമിനുമ്മയോട് പറയാനുള്ള അവസരം അവള്‍ക്ക് ലഭിച്ചിട്ടില്ല. സുലൈഖയും മര്‍ഗൂബും വന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ അവരെ കാണാന്‍ ജനവാടിയിലുള്ളവരെല്ലാം തടിച്ചുകൂടിയിരുന്നു. എല്ലാവര്‍ക്കും കാണേണ്ടത് സുനിതയും സുലൈഖയും കണ്ടുമുട്ടിയപ്പോഴുള്ള സംഭവങ്ങളായിരുന്നു. സുലൈഖയാണോ സുനിതയാണോ കൂടുതല്‍ കരഞ്ഞത്, അതല്ല ആമിനുമ്മയാണോ? ഈ ചോദ്യങ്ങള്‍ക്ക് ജനവാടിയിലുള്ള പെണ്ണുങ്ങള്‍ ഉത്തരം അന്വേഷിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവങ്ങള്‍ നേരിട്ട് കാണാന്‍ അവര്‍ ആമിനുമ്മയുടെ മുറ്റത്തെത്തിയത്. വരുന്നവരെല്ലാം അല്‍ഭുതത്തോടെ മര്‍ഗൂബിനെ നോക്കുന്നുണ്ട്. ആ നോട്ടങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ അയാള്‍ പള്ളിയിലേക്കിറങ്ങി.
ആമിനുമ്മയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സുലൈഖ വന്ന കാര്യം ആമിനുമ്മയോട് പറയുന്നത്. ദീപയും മേരിയും വരുന്നതിനാല്‍ അവരെ സ്വീകരിക്കാന്‍ സുനിതയും പുറത്തായിരുന്നു അപ്പോള്‍.
രണ്ടു കാര്യങ്ങള്‍ക്കായാണ് അവര്‍ വന്നിരിക്കുന്നത്. അതിലൊരു കാര്യം സുലൈഖയുടേതാണ്. രണ്ടാമത്തെ കാര്യം മര്‍ഗൂബ് അഹ്‌മദിന്റേതാണ്. രണ്ടു കാര്യവും നടത്തിത്തരുവാന്‍ ആമിനുമ്മയുടെ സഹായം വേണം. സുലൈഖയുടെ കാര്യം വളരെ കൃത്യമാണ്. ഇപ്പോള്‍ അവര് തിരിച്ചുപോകുമ്പോള്‍ സുനിതയെ അവരുടെ കൂടെ മംഗലാപുരത്തേക്ക് കൂട്ടണം.
ആമിനുമ്മ ഒരു നിമിഷം പകച്ചുപോയി. കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ തോന്നി. മറുപടി പറയാനാകാതെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങുന്നതുപോലെ. സുനിതയെ തിരിച്ചു ചോദിക്കുന്നത് അവളുടെ സ്വന്തം ഉമ്മയാണ്. മറുത്തൊന്നും പറയാനാകാതെ അവര്‍ കുഴങ്ങി.
അപ്പോഴേക്കും സുനിത ദീപയേയും മേരിയേയും കൂട്ടി ആമിനുമ്മയുടെ അടുത്തെത്തി. മേരി ആമിനുമ്മക്ക് കുറേ ഉണക്കമീന്‍ കൊണ്ടുവന്നിട്ടുണ്ട്. ദീപ പതിവു പോലെ മാങ്ങയും നാരങ്ങയും ഉപ്പിലിട്ടത്. ഉള്ള വിഭവങ്ങളാല്‍ ആമിനുമ്മ ചോറു വിളമ്പി. വര്‍ഷങ്ങള്‍ക്ക് ശേഷം സുലൈഖ ജനവാടിയിലെ ആമിനുമ്മയുടെ സ്‌നേഹത്തിന്റെ രുചിയറിഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഭക്ഷണം കഴിച്ചുകഴിഞ്ഞതും സുനിതയും മേരിയും ദീപയും അവര്‍ പഠിപ്പിച്ച കുട്ടികളുടെ വിശേഷങ്ങളറിയാനായി അവരുടെ വീടുകളിലേക്കിറങ്ങി.
ഒന്നും സംസാരിക്കാനില്ലാത്തതുപോലെ ആമിനുമ്മയും സുലൈഖയും മുഖാമുഖം ഇരുന്നു.
(നോവൽ അടുത്ത ലക്കത്തിൽ അവസാനിക്കും)