മനുഷ്യന്റെ നിത്യജീവിതത്തില്‍ അഭേദ്യമായ ബന്ധമാണ് ജീവിതത്തിലെ വ്യവസ്ഥയും നാം എത്തിച്ചേരുന്ന അവസ്ഥയും തമ്മിലുള്ളത്. വ്യവസ്ഥ തകരാറിലായാല്‍ അവസ്ഥ വളരെ മോശമാകും. ഇസ്ലാം വ്യവസ്ഥക്ക് വളരെ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. വ്യക്തി, കുടുംബ, സാമൂഹിക-ജീവിത മേഖലകളിലെല്ലാം കൃത്യമായി വ്യവസ്ഥകള്‍ പാലിക്കാന്‍ ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. കാര്യക്ഷമമായ വ്യവസ്ഥകളെയാണ് ചിട്ടകള്‍, ചട്ടങ്ങള്‍, മറകള്‍, മുറകള്‍ തുടങ്ങിയ പദാവലികളിലൂടെ നാം വ്യവഹരിക്കുന്നത്.
ഇസ്ലാമിലെ നമസ്‌കാരം ഉള്‍പ്പെടെയുള്ള അനുഷ്ഠാനങ്ങളിലും നമസ്‌കാരത്തിന് വേണ്ടിയുള്ള വുളുവിനും ഒക്കെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള 'തര്‍ത്തീബ്' എന്ന കര്‍ശന ചട്ടം ഉള്‍ക്കൊള്ളുന്നത് കാര്യക്ഷമവും ഫലപ്രദവുമായ വ്യവസ്ഥ എന്ന ആശയം തന്നെയാണ്. തര്‍ത്തീബ് (വഴിക്രമം) തെറ്റിയാല്‍ കര്‍മങ്ങള്‍ വ്യര്‍ഥമാകുമെന്ന് കര്‍മശാസ്ത്രം പഠിപ്പിക്കുന്നത് വളരെ ചിന്തനീയമാണ്.
വ്യക്തിജീവിതത്തില്‍ വ്യവസ്ഥ പാലിക്കാത്തവര്‍ക്ക് കുടുംബജീവിതത്തില്‍ പാലിക്കാന്‍ പ്രയാസമാവും. കുടുംബങ്ങളില്‍ വ്യവസ്ഥകള്‍ പുലരുന്നില്ലെങ്കില്‍ സാമൂഹികഭദ്രത തകരും. മൂന്നു തലങ്ങളും പരസ്പരബന്ധിതവും പരസ്പരപൂരകവുമാണ്. സാമൂഹിതലം ആദ്യം ശരിയാക്കി പിന്നെ വ്യക്തിതലവും കുടുംബതലവും ശരിയാക്കിക്കളയാമെന്ന് കരുതിയ പ്രസ്ഥാനങ്ങളുണ്ട്. പക്ഷേ, അതൊരിക്കലും നടക്കാറില്ല. രണ്ടു വ്യക്തികള്‍ (പുരുഷന്‍-സ്ത്രീ) ചേരുമ്പോഴാണ് കുടുംബം രൂപപ്പെടുന്നത്. ഈ കുടുംബം തന്നെയാണ് ഭാവി തലമുറയിലെ വ്യക്തികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതും. കുടുംബം വ്യക്തികളെ രൂപപ്പെടുത്തുന്ന ബേക്കറി (അപ്പക്കൂട്) പോലെയാണ്. അപ്പക്കൂടില്‍ (ബേക്കറി) ചൂട് കുറഞ്ഞാല്‍ അപ്പം പാതി വെന്തതായിരിക്കും, ചൂടേറിയാല്‍ കരിഞ്ഞ് പോവുകയും ചെയ്യും. ബേക്കറിയുടെ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാലേ ഉദ്ദിഷ്ടരൂപത്തില്‍ ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ. കുറേ കുടുംബങ്ങള്‍ ചേര്‍ന്നാണ് സമൂഹം രൂപപ്പെടുക. സ്വാഭാവികമായും കുടുംബങ്ങളുടെ ഗുണമേന്മയ്ക്ക് അനുസരിച്ചാണ് സമൂഹം നന്നാവുക - സമൂഹത്തില്‍ നിന്നാണ് നേതൃത്വം രൂപപ്പെടുന്നത്.
The quality of the cream depends upon the quality of milk എന്ന് ബോധ്യപ്പെടുത്തുന്ന നിരവധി അനുഭവങ്ങളുണ്ട്. ഖിലാഫത്ത് വ്യവസ്ഥയില്‍നിന്ന് തെറ്റി രാജഭരണം (മുലൂക്കിയത്ത്) വന്നപ്പോള്‍ മുതലാണ്, മുസ്ലിംകളുടെ വളരെ ശോഭനമായ അവസ്ഥക്ക് മങ്ങലേറ്റത്. ദൈവ നിര്‍ദിഷ്ട വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം, മനുഷ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെടും പോലെയായിരിക്കില്ല. നിത്യം പല നേരങ്ങളില്‍ നടത്തുന്ന നമസ്‌കാരം മഹത്തായ അനുഷ്ഠാനമെന്നതിനപ്പുറം ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. സംഘടിതമായി നമസ്‌കരിക്കുന്നവരില്‍ സംഘബോധവും സാമൂഹികബോധവും സദാ ഉണ്ടായിരിക്കണം.
നമസ്‌കാരം നമ്മളില്‍ സമയനിഷ്ഠയും സമയബോധവും ആത്മ നിയന്ത്രണശേഷിയും വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. പാടുണ്ട് / പാടില്ല എന്ന് കല്‍പ്പിക്കാനുള്ള പരമാധികാരം എപ്പോഴും ഉടയതമ്പുരാനായ അല്ലാഹുവിന് മാത്രമാണെന്ന യാഥാര്‍ഥ്യ ബോധം ഊട്ടിയുറപ്പിക്കാനുതകുന്നതാണ് പ്രാരംഭത്തിലെ തക്ബീറത്തുല്‍ ഇഹ്‌റാം എന്നത്. നമസ്‌കാരത്തില്‍ ഇമാമിനെക്കാള്‍ മുമ്പേ കുനിയുകയോ നിവരുകയോ ചെയ്യുന്നത് തെറ്റാണ്; നബി (സ) ആ തെറ്റിനെ കുറിക്കാന്‍ രൂക്ഷമായ പദപ്രയോഗം തന്നെ നടത്തിയത് സംഘടിത പ്രവര്‍ത്തനങ്ങളില്‍ നിഷ്ഠാപൂര്‍വം പുലര്‍ത്തേണ്ട ചിട്ടകളുടെയും ചട്ടങ്ങളുടെയും പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. വളവോ വിടവോ ഇല്ലാതെ അണിയൊപ്പിച്ചു നില്‍ക്കാന്‍ നമസ്‌കാരം ആരംഭിക്കും മുന്‍പേ നബി(സ) ഉണര്‍ത്താറുണ്ടായിരുന്നുവെന്നത് കേവലം ഉപചാരമല്ല.
കുടുംബകാര്യത്തിലും രാജ്യഭരണത്തിലുമുള്‍പ്പെടെ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളില്‍ കൂടിയാലോചന (ശൂറ) പാലിക്കാന്‍ വ്യവസ്ഥ വെച്ചത് നമ്മുടെ സാമൂഹിക ജീവിതത്തിലെ അവസ്ഥ മെച്ചപ്പെടാനാണ്. ആദ്യം ചെയ്യേണ്ടത് ചെയ്യാതെ, അല്ലെങ്കില്‍ താന്‍ നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ടത് ചെയ്യാതെ പിന്നീട് ചെയ്യേണ്ടത് അല്ലെങ്കില്‍ താനല്ലാത്ത മറ്റാരോ ചെയ്യേണ്ടത് ചെയ്യുന്ന പ്രവണത കുറേ ദുഷ്ഫലങ്ങള്‍ ഉണ്ടാക്കുകയും നന്മകളെ നിര്‍വീര്യമാക്കുകയും ചെയ്യും. പരലോകത്ത് മനുഷ്യന് നല്‍കുന്ന കുറ്റപത്രം 'അന്നാളില്‍ മനുഷ്യന്‍, താന്‍ ചെയ്യേണ്ടാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അന്ന് അവനെ ബോധ്യപ്പെടുത്തും' (അല്‍ഖിയാമ 13)
ഇസ്ലാമികമായ സാമൂഹ്യക്രമം നിലവിലില്ലാത്ത ചുറ്റുപാടിലാണ് ഇസ്ലാമിക സംഘടന ഏറെ പ്രസക്തവും പ്രയോജനപ്രദവുമാകുന്നത്. അങ്ങനെ വരുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ കാര്യക്ഷമമായി ഉത്തമ രൂപത്തില്‍ പാലിക്കേണ്ടതുണ്ട്. എങ്കിലേ സംഘടന (പ്രസ്ഥാനം) സുഭദ്രമാവുകയുള്ളൂ. വ്യവസ്ഥകള്‍ക്കെല്ലാം പൊരുളുണ്ട്; പൊരുളറിഞ്ഞ് പാലിക്കുക എന്നത് നമ്മുടെ നന്മകള്‍ പാഴാക്കാതിരിക്കാന്‍ അത്യന്താപേക്ഷിതമാണ്.
കൂട്ടായ്മയില്ലാതെ ഇസ്ലാം എന്നത് സമ്പൂര്‍ണമാവുകയില്ല. പ്രാപ്തമായ നേതൃത്വം ഉണ്ടെങ്കിലേ കൂട്ടായ്മ കാര്യക്ഷമമാവുകയുള്ളൂ. അനുയായികള്‍ ഹൃദയപൂര്‍വം, അച്ചടക്കപൂര്‍വം നേതൃത്വത്തെ അനുസരിക്കുമ്പോഴേ നേതൃത്വം അര്‍ഥപൂര്‍ണമാവുകയുള്ളൂ.