ഭരണപരിഷ്‌കരണ മിഷന്‍ ഒടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഔദ്യോഗിക നടപടികള്‍ വേഗത്തിലാക്കാന്‍ എ.ഐ എന്ന നിര്‍മിത ബുദ്ധി ഓഫീസുകളില്‍ കൊണ്ടുവരിക എന്നാണ് മൂന്നുവര്‍ഷത്തെ പഠനത്തിന് ശേഷം കമീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശ.
ഇനി ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ല. അത് നീങ്ങാന്‍ കൈമടക്ക് വേണ്ടി വരില്ല.
നിങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വിചാരിക്കുക. മുമ്പത്തെപോലെ ആഴ്ചകളൊന്നും അതിന് വേണ്ടിവരില്ല.
നിങ്ങള്‍ ഓഫീസ് ചവിട്ടി കടക്കുമ്പോഴേ എ.ഐ അറിയും. അവന്‍ ചോദിക്കും:
- എന്തു വേണം?
ഓഫീസിലെ പഴയ ചിട്ടയനുസരിച്ച് നിങ്ങള്‍ ഭവ്യതയോടെ ഒന്നു പരുങ്ങും. എ.ഐ പിന്നെയും ചോദിക്കും:
- പറയൂ, എന്തു വേണം? ഏതു ഭാഷയിലും ചോദിക്കാം.
നിങ്ങള്‍ ധൈര്യം സംഭരിച്ച് കൂടുതല്‍ വിനയത്തോടെ പറയും:
- ഒരു സര്‍ട്ടിഫിക്കറ്റ് വേണ്ടിയിരുന്നു.
- എന്ത് സര്‍ട്ടിഫിക്കറ്റ്?
- നേറ്റിവിറ്റി.
- ആധാര്‍ നമ്പര്‍ പറയൂ.
- ശരി. ഇരിക്കൂ.
എ.ഐ ആ നമ്പര്‍കൊണ്ട് നിങ്ങളുടെ അടിയാധാരങ്ങളും ജാതകവും കുടുംബ വിവരങ്ങളും എല്ലാം കൃത്യം 27 സെക്കന്റുകൊണ്ട് പരിശോധിക്കുന്നു. എന്നിട്ട് പറയുന്നു:
- അച്ചടിച്ച സര്‍ട്ടിഫിക്കറ്റിന്, ഫീസ് ഓണ്‍ലൈനായി അടച്ച ശേഷം പച്ച ബട്ടണ്‍ അമര്‍ത്തുക.
രണ്ടു മിനിറ്റ് കൊണ്ട് നിങ്ങള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൈയില്‍ പിടിച്ച് പുറത്തേക്ക്.
ഭരണപരിഷ്‌കരണ കമീഷന്റെ ഈ റിപ്പോര്‍ട്ട് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ചോദ്യമുയര്‍ന്നു: എന്നു മുതലാണ് പുതിയ എ.ഐ ഓഫീസുകള്‍ സജ്ജമാവുക?
ഒരാഴ്ച കൊണ്ട് യന്ത്രം സ്ഥാപിക്കും. അവന്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച് പഠിക്കും.
ഒരാഴ്ച അങ്ങനെ കഴിഞ്ഞു. എല്ലാ ഓഫീസിലും എ.ഐ സജ്ജം. അഞ്ചാറു മാസം കൊണ്ട് പ്രവര്‍ത്തനം തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു.
തുടങ്ങാന്‍ എന്തിത്രതാമസമെന്നോ? മന്ത്രിക്ക് ഒഴിവില്ല.
- എന്തിനാ മന്ത്രി?
- നടപടിക്രമം പാലിക്കേണ്ടേ?
ആദ്യം പദ്ധതി പ്രഖ്യാപനം നടക്കണം.
അതിന് മന്ത്രിയും എം.പിയും എം.എല്‍.എയും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ മേധാവികളും വേണം. ജനാധിപത്യമാണ്.
ആദ്യം മന്ത്രിയുടെ സമയം കിട്ടണം. അതിന് മന്ത്രിയുടെ പി.എയെ വിളിക്കണം. കാര്യം പറയണം.
മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രപ്പോസല്‍ യഥാവിധി പുട്ടപ്പ് ചെയ്യണം. അതിന്റെ ഡ്രാഫ്റ്റ് തയാറാക്കി സെക്്ഷന്‍ ഓഫീസര്‍ക്കും അവിടെനിന്ന് മേലൊപ്പിന് മേലോട്ടും അയക്കണം.
യഥാവിധി തന്നെ അത് സെക്രട്ടറിയറ്റിലേക്ക് ഫോര്‍വേഡ് ചെയ്യണം. സൂപ്രണ്ട് വഴി മുറപ്രകാരം അഡീഷനല്‍ സെക്രട്ടറിക്കും തുടര്‍ന്ന് സെക്രട്ടറിക്കും മന്ത്രിക്കും അയക്കണം.
മന്ത്രിക്ക് അത് അംഗീകരിക്കാം; അല്ലെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാം. എ.ഐയെ പരിചയപ്പെടുത്തി പ്രസംഗിക്കേണ്ടത് സെക്രട്ടറി മതിയോ അതോ സ്വന്തം പാര്‍ട്ടിക്കാരനായ മേയര്‍ തന്നെ വേണോ തുടങ്ങിയ സുപ്രധാന നയതീരുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണല്ലോ വിഷയം.
മന്ത്രി സമയമോ തീയതിയോ അതിഥിയെയോ മാറ്റാന്‍ നിര്‍ദേശിച്ചെങ്കില്‍ ഫയല്‍ വന്ന വഴി താഴോട്ട് തിരിച്ചിറങ്ങിയശേഷം കീഴറ്റക്കാരന്‍ വരുത്തിയ തിരുത്തുമായി അതേ വഴി മേലോട്ടു കയറണം.
ഭരണപരിഷ്‌കരണമാണ്. നടപടിക്രമം തെറ്റരുത്.
ഇത് പദ്ധതി പ്രഖ്യാപനത്തിന്റെയും കാര്യം. അതു കഴിഞ്ഞാല്‍ പ്രവര്‍ത്തനോദ്ഘാടനമുണ്ട്. ഓരോ ഓഫീസിലും വെവ്വേറെ മേല്‍പറഞ്ഞ സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കണം.
ചുരുങ്ങിയത് നാലു മാസമെടുക്കും.
ഇത്ര താമസം ഇതിനുണ്ടെങ്കില്‍, പിന്നെ എ.ഐ കൊണ്ടെന്തു പ്രയോജനം? പ്രഖ്യാപനവും ഉദ്ഘാടനവും എ.ഐയെക്കൊണ്ട് ചെയ്യിച്ചാല്‍ പോരേ എന്ന് ചോദിക്കാം.
ശ്രമിച്ചതാണ്. പക്ഷേ, ഒരു പ്രശ്‌നമുണ്ടായി.
നടപടിക്രമത്തിന്റെ ഓരോ സ്റ്റെപ്പും അവന്‍ ചെയ്യും. പക്ഷേ, അത് ചെയ്യുന്നതിനു മുമ്പ് അവന്‍ നിന്ന് കൈനീട്ടും. വല്ലതും വെച്ചു കൊടുത്താലേ പ്രവര്‍ത്തിക്കൂ.
കൈക്കൂലി? അതും അവന്‍ പഠിച്ചോ?
പിന്നല്ലാതെ! ഒരാഴ്ച ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പഠിക്കുകയല്ലായിരുന്നോ?