മാതൃത്വം എന്ന ഗുണം സ്ത്രീയുടെ പ്രകൃതിയില്‍ നിലീനമാണ്. വിവാഹിതയായാലും അവിവാഹിതയായാലും കുഞ്ഞിനെ പ്രസവിച്ചവരായാലും പ്രസവിക്കാത്തവരായാലും മാതൃത്വം എന്ന സവിശേഷ ഗുണം ഏത് സ്ത്രീയിലും ഉണ്ട്. പരിരക്ഷണം, ശിക്ഷണം, വളര്‍ത്തി വലുതാക്കുക, കരുതലും കാവലും ഏകുക, കുഞ്ഞിന് സ്നേഹവും വാത്സല്യവും നല്‍കുക- ഇതെല്ലാം ചേര്‍ന്നതാണ് മാതൃത്വം. താന്‍ പ്രസവിച്ച കുഞ്ഞിന് മാത്രം ഇവയൊക്കെ നല്‍കുന്നവളാണ് മാതാവ് എന്ന് കരുതേണ്ടതില്ല. സ്ത്രീയുമായി ഇടപഴകേണ്ടിവരുന്ന ഏതൊരു കുഞ്ഞിന്റെയും കാര്യത്തില്‍ മാതൃത്വം എന്ന വികാരം പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യയനം, നഴ്സിംഗ്, സേവനം, സംരക്ഷണം, ശിക്ഷണ ശീലനം - ഇങ്ങനെ ഏത് തുറയിലൂടെയും ഒരു സ്ത്രീയില്‍ മാതൃത്വവികാരം അങ്കുരിക്കാം. ഒരു കുഞ്ഞിനും അതിന്റെ മാതാവിനും ഇടയില്‍ ഉണ്ടാവുന്ന ജീവശാസ്ത്രപരമായ ബന്ധത്തേക്കാള്‍ വലുതും അതിലും ഉപരിയായും നിലനില്‍ക്കുന്ന ബന്ധമാണ് മാതൃത്വം. മാതൃത്വത്തിന് തുല്യമായി ഒന്നുമില്ല. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അലിവിന്റെയും വികാരങ്ങളും അനുഭൂതികളുമാണ് മാതൃത്വത്തിന്റെ അകംപൊരുള്‍.
സ്ത്രീയുടെ 'മാതാവ്' എന്ന നിലയ്ക്കുള്ള പ്രത്യേകത പരിശോധിക്കാം. അവളുടെ സ്നേഹം നിരുപാധികമാണ്. സ്വാര്‍ഥ താല്‍പര്യം ആ സ്നേഹത്തിന് പിന്നിലില്ല. എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നവളാണ് ഉമ്മ. ഈ സ്വഭാവത്തില്‍ അവള്‍ സന്തോഷവതിയാണ്, സംതൃപ്തയാണ്. താന്‍ നല്‍കുന്നവര്‍, അതേ അളവില്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ ആവലാതിയോ വേവലാതിയോ ആ ഉമ്മക്കില്ല. തന്നോട് അരുതാത്തത് ചെയ്തെന്നോ അക്രമം പ്രവര്‍ത്തിച്ചുവെന്നോ അതിന്റെ പേരില്‍ വിചാരിക്കുകയുമില്ല. സ്നേഹവും വാത്സല്യവും സദാ കനിഞ്ഞേകാന്‍ സന്നദ്ധയാണ് അവള്‍. എത്ര നന്ദികേട് കാട്ടിയാലും മക്കളെ അവര്‍ നോക്കും, സംരക്ഷിക്കും, എല്ലാം സഹിക്കും, ക്ഷമിക്കും, മക്കളെ നേര്‍വഴിയിലേക്ക് നയിക്കും, നല്ലത് ചൊല്ലിക്കൊടുക്കും, ആര്‍ എതിര്‍ത്താലും മറുവാക്കു പറഞ്ഞാലും മക്കളോടുള്ള നന്മനിറഞ്ഞ സമീപനത്തില്‍ ഒരു മാറ്റവും അവര്‍ വരുത്തില്ല.
സ്ത്രീയുടെ ലോകത്ത്, കുഞ്ഞെന്ന് പറഞ്ഞാല്‍, ആ കുഞ്ഞാണ് അവളുടെ ജീവിതം, ആ കുഞ്ഞാണ് അവളുടെ സന്തോഷം. സ്ത്രീയെ അല്ലാഹു സൃഷ്ടിച്ച പ്രകൃതിയുടെ നൈസര്‍ഗിക ഭാവമാണ് മാതൃത്വം. അത് ദൈവികവും അമാനുഷികവുമായ അത്ഭുത പ്രതിഭാസമാണ്. കുഞ്ഞിനെ നോക്കി, വളര്‍ത്തി വലുതാക്കി സംരക്ഷിക്കുന്ന സ്ത്രീ ഒരു തലമുറയുടെ നിര്‍മിതിയില്‍ പങ്കുവഹിക്കുകയാണ്. സമൂഹത്തെ സൃഷ്ടിക്കുകയാണ്. പ്രത്യേക പ്രായവുമായി ബന്ധപ്പെട്ടതല്ല മാതൃത്വം. നന്നേ ചെറു പ്രായത്തില്‍ തന്നെ കുഞ്ഞിനെ പ്രസവിച്ച് ഉമ്മയായ സ്ത്രീയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്: മര്‍യം. പ്രായമേറെ ചെന്ന് പ്രസവിച്ച് ഉമ്മയായ സ്ത്രീയെയും പരിചയപ്പെടുത്തുന്നുണ്ട്: ഇബ്റാഹീം നബിയുടെ പത്നി സാറ. 'ഇബ്റാഹീമിന്റെ പത്നിയും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇതു കേട്ട് അവര്‍ ചിരിച്ചു. നാം അവര്‍ക്ക് ഇസ്ഹാഖിന്റെയും ഇസ്ഹാഖിന് ശേഷം യാഅ്ഖൂബിന്റെയും ജനനസുവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: ഹാ കഷ്ടം! ഞാനൊരു പടു കിഴവി ആയിരിക്കെ എനിക്ക് കുട്ടികള്‍ ഉണ്ടാവുകയോ?' (ഹൂദ് 71,72).
താന്‍ പ്രസവിക്കാത്ത കുഞ്ഞിനെ പോറ്റിവളര്‍ത്തിയ ഉമ്മയെ കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ട്; ഫിര്‍ഔന്റെ പത്നി ആസിയ. മാതൃത്വത്തിന്റെ സകല സവിശേഷതകളും ഉള്‍ക്കൊണ്ട് മൂസയെ അവര്‍ വളര്‍ത്തി വലുതാക്കിയില്ലേ? 'ഫിര്‍ഔന്റെ ഭാര്യ അവനോട് പറഞ്ഞു: ഈ കുഞ്ഞ് എന്റെയും നിന്റെയും കണ്ണിന് കുളിരാകുന്നു. ഇവനെ വധിക്കരുത്. ഇവന്‍ നമുക്ക് ഗുണപ്പെട്ടാലോ, അല്ലെങ്കില്‍ നമുക്ക് ഇവനെ ഒരു പുത്രന്‍ തന്നെ ആക്കാമല്ലോ. (പരിണതിയെക്കുറിച്ച്) അവര്‍ അറിഞ്ഞിരുന്നില്ല' (അല്‍ ഖസസ് 9).
മാതൃത്വം എന്നത് അനായാസ പ്രക്രിയ അല്ല. സ്ത്രീ ചെയ്തുതീര്‍ക്കുന്ന ജോലികള്‍ പുരുഷന് ചെയ്തു തീര്‍ക്കാനാവില്ല. കുഞ്ഞുമായി ഇടപഴകുന്നത് എളുപ്പമല്ല. കുഞ്ഞിന്റെ അഭിരുചികള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓരോ പ്രശ്നങ്ങളായിരിക്കും ഒരു ഉമ്മക്ക് അഭിമുഖീകരിക്കേണ്ടി വരിക. കുഞ്ഞിന്റെ പിറകെ നടക്കുന്നതും അതിനെ നേര്‍വഴിക്ക് തെളിക്കുന്നതും ഒരു ദിവസമോ ഒരു ആഴ്ചയോ ഒരു മാസമോ അല്ല, ജീവിതകാലം മുഴുവനുമാണ്. അതിനാല്‍ തന്നെ പോറ്റിവളര്‍ത്തുക എന്നത് മഹത്തായ ദൗത്യ നിര്‍വഹണമാണ്. കുഞ്ഞിന്റെ ഇഷ്ടത്തിനും താല്‍പര്യത്തിനും വേണ്ടി എന്തും, അസാധ്യമായത് പോലും നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീ സന്നദ്ധയാവുന്നത് മാതൃത്വത്തിന്റെ പ്രേരകശക്തികൊണ്ടാണ്. നമ്മുടെ ആദി മാതാവ് ഹാജര്‍ സ്വഫാ-മര്‍വ കുന്നുകള്‍ക്കിടയില്‍ പരിഭ്രാന്തയായി ഓടി നടന്നത് തന്റെ കുഞ്ഞിന് ഒരിറ്റ് ദാഹജലം തേടിയാണ്. അതുകൊണ്ടാണ് അവരുടെ ആ പ്രവൃത്തി ഹജ്ജിന്റെ നിര്‍ബന്ധാനുഷ്ഠാനങ്ങളില്‍ ഒന്നായി അല്ലാഹു നിശ്ചയിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന കര്‍മങ്ങളില്‍ ഒന്നാണ് ഹജ്ജ്. ഓരോ മുസ്ലിമും മാതൃത്വത്തിന്റെ സവിശേഷതകളും വികാരങ്ങളും ഉള്‍ക്കൊള്ളാനും വിലമതിക്കാനും വേണ്ടിയാണ് നമ്മുടെ മാതാവായ ഹാജറിന്റെ ജീവിതഘട്ടങ്ങളെ ഹജ്ജിലും ഉംറയിലും പുനരാവിഷ്‌കരിച്ച് കര്‍മങ്ങള്‍ ആചരിക്കാന്‍ അല്ലാഹു ആജ്ഞാപിച്ചത്. ഈലിയാ അബൂ മാദിയുടെ ഹൃദയസ്പൃക്കായ ഒരു കവിതയുണ്ട്. ഉമ്മയെ സദാ വേദനിപ്പിക്കുകയും വെറുപ്പിക്കുകയും ഒടുവില്‍ കൊല്ലുകയും ചെയ്ത മകന്, ആ മാതാവ് തിരിച്ചുനല്‍കിയ സ്നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും ഉദാത്ത മാതൃക മനോഹരമായി വിവരിക്കുന്നു ആ വരികള്‍:
(ഒരു ദിനം ഒരാള്‍ വിഡ്ഢിയായ ഒരു പുത്രനെ മോഹിപ്പിച്ചു പണം നല്‍കി അവനെ വശത്താക്കാന്‍ അയാള്‍ക്കായി 'നിന്റെ ഉമ്മയുടെ കരളെടുത്ത് കൊണ്ടുവരൂ മകനേ' നിനക്ക് തരാം പകരം പണവും രത്നവും സ്വര്‍ണവും, മകന്‍ പോയി കഠാര കൊണ്ട് ഉമ്മയുടെ നെഞ്ച് പിളര്‍ന്ന് പുറത്തെടുത്ത കരളുമായി അവന്‍ മടങ്ങി. കരള്‍ കിട്ടിയ സന്തോഷം സഹിക്കവയ്യാതെ അയാള്‍ വഴിയില്‍ തടഞ്ഞു വീണു. കൈയില്‍ മുറുകെ പിടിച്ച കരള്‍ നിലത്തുവീണു. നിലത്തു വീണു കിടക്കുന്ന മകനെ നോക്കി, മകനെ വാത്സല്യത്തോടെ നോക്കി ആ ഉമ്മയുടെ കരള്‍ മൊഴിഞ്ഞു: 'എന്റെ പൊന്നു മോനേ, നിനക്ക് വല്ലതും പറ്റിയോ?') പകരം ഒന്നും എടുക്കാതെ കൊടുത്തു മാത്രം ശീലിച്ച മാതൃത്വത്തിന്റെ അപാരത വെളിവാക്കുന്ന കവിത.
സര്‍വ ജീവജാലങ്ങളിലും അല്ലാഹു നിക്ഷേപിച്ചതാണ് മാതൃത്വം എന്ന സവിശേഷ ഗുണം. അവയിലെ പെണ്‍ വര്‍ഗത്തിലെല്ലാം കാണാം ഈ മാതൃത്വം. അവ തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. അവയെ ഊട്ടുന്നു, അവയ്ക്ക് കാവലിരിക്കുന്നു. ഇതെല്ലാം അവയുടെ പ്രകൃതിയില്‍ നിലീനമായ മാതൃത്വ വികാരത്താലാണ്. മാതൃത്വം ദൈവിക ശക്തിയുടെ അപാരത വിളംബരം ചെയ്യുന്ന വിസ്മയമാണ്.
വിവ: പി.കെ.ജെ