കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം അനിയന്ത്രിതമാകുമ്പോഴുള്ള അപകടങ്ങളും രക്ഷിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
നാലഞ്ച് വര്‍ഷം മുമ്പ് ജില്ലാ പോലീസ് കൗണ്‍സലിംഗ് സെന്ററിലേക്ക് വെപ്രാളത്തോടെ എത്തിയ ഒരാള്‍ എന്നെ അന്വേഷിച്ചു. ഞാന്‍ അയാളോട് കാര്യം അന്വേഷിച്ചു. സഹോദരിക്കും അവരുടെ 17 വയസ്സുള്ള മകള്‍ക്കും ഒപ്പം എത്തിയതാണെന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ദുരുപയോഗമാണ് പ്രശ്നമെന്നും അയാള്‍ പറഞ്ഞു. കുട്ടിക്ക് കൗണ്‍സലിങ്ങ് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. തങ്ങളുടെ താമസസ്ഥലം ഉള്‍ക്കൊള്ളുന്ന പോലീസ് സ്റ്റേഷനെ സമീപിച്ചപ്പോള്‍ കിട്ടിയ നിര്‍ദേശം അനുസരിച്ചാണ് വന്നതെന്നും അയാള്‍ വെളിപ്പെടുത്തി. കൗണ്‍സലിങ്ങിന് പെണ്‍കുട്ടിയെ വിധേയയാക്കുന്നതിനു മുമ്പ്, കാര്യങ്ങള്‍ അയാളില്‍നിന്ന് മനസ്സിലാക്കിയ ശേഷം കുട്ടിയെ സമീപിച്ചു. മുഖം വലിഞ്ഞുമുറുകിയ നിലയിലായിരുന്നു പെണ്‍കുട്ടി. എന്റെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ അവളുടെ മുഖഭാവം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. പേരും പഠിക്കുന്ന ക്ലാസും പഠിത്തകാര്യങ്ങളുമൊക്കെ ദേഷ്യഭാവത്തോടെ പറഞ്ഞ കുട്ടി, എന്നോട് തിരിച്ചൊരു ചോദ്യം:
''ഇതൊക്കെ നിങ്ങളെന്നോട് എന്തിനാ തിരക്കുന്നെ, എന്റെ അമ്മ എന്റെ കൈയില്‍ നിന്നും പിടിച്ചുവാങ്ങിവെച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ തിരിച്ചുവാങ്ങിത്തരാന് പറ്റുമോ നിങ്ങള്‍ക്ക്...?''
പതിനേഴുകാരിയുടെ വാക്കുകളും, ബന്ധു ആമുഖമായി പറഞ്ഞ കാര്യങ്ങളും കൂട്ടിവായിച്ചപ്പോള്‍ എനിക്ക് സംഗതിയുടെ കിടപ്പ് വ്യക്തമായിത്തുടങ്ങി. സാമൂഹികമാധ്യമങ്ങളിലെ അമിത വ്യവഹാരം സ്വാര്‍ഥരും മദ്യമയക്കുമരുന്നുകള്ക്ക് അടിപ്പെട്ട് വഴിതെറ്റിയവരുമായ ചില കൂട്ടുകാരെ അവള്‍ക്ക് നേടിക്കൊടുത്തു. 20- നും 25-നുമിടയില്‍ പ്രായമുള്ള ആണ് സൗഹൃദവലയത്തിലെ ഒരുവന് കുട്ടിയുടെ കാമുകവേഷവും കെട്ടി. അവനും കൂട്ടരും അവളെക്കൊണ്ട് മയക്കുമരുന്ന് ശീലിപ്പിക്കുകയും, വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ബൈക്കിലും മറ്റുമെത്തി പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടുപോകും, രണ്ടും മൂന്നും ദിവസം കഴിഞ്ഞാവും മടക്കം. എവിടെയായിരുന്നു എന്ന് വീട്ടുകാര്‍ ചോദിക്കുമ്പോഴേക്കും പ്രകോപിതയാവും, പിന്നെ വീട്ടില്‍ അതിക്രമം കാട്ടും, അമ്മയെ ഉപദ്രവിക്കും, സാധനങ്ങള്‍ നശിപ്പിക്കും. ക്ലാസ്സില്‍ മിടുക്കിയായിരുന്ന അവള് പഠനത്തില്‍ പിന്നാക്കം പോയി. ക്ലാസ്സുകള്‍ മുടങ്ങി, കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നുറപ്പായപ്പോള് വീട്ടുകാര്‍ മാനസികാരോഗ്യ മയക്കുമരുന്നു വിമുക്തി കേന്ദ്രത്തില്‍ എത്തിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവിടെനിന്ന് ചാടിപ്പോയ കുട്ടിയെ, ഒടുവില്‍ വഴിതെറ്റിയ യുവാക്കളുടെ സംഘത്തില്‍ നിന്ന് ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തി. മൊബൈല്‍ ഫോണ്‍ തിരികെ കിട്ടാത്ത കാരണത്താല്‍ അക്രമാസക്തമായ നിലയിലാണ് കുട്ടി.
ഒറ്റപ്പെട്ട സംഭവമല്ല
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, സ്മാര്‍ട്ട് ഫോണുകള്‍ക്ക് പല വിധത്തില്‍ അടിമകളാകുന്ന കുട്ടികള്‍, അവയുടെ ദുരുപയോഗം തടയാന്‍ മാതാപിതാക്കള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍, അക്രമാസക്തരായിത്തീരുകയും അരുതായ്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലമാണ് കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിനെ ഇത്രയും ജനകീയമാക്കി മാറ്റിയത്. പഠന ലോകത്തിന് പുറത്തേക്ക്, ഇന്റര്‍നെറ്റിന്റെ മാസ്മരികതയിലേക്ക് കുട്ടികള്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. സെക്സും വയലന്‍സും ആസ്വാദ്യതയും സുലഭമായ ഇന്റര്‍നെറ്റ് ലോകത്ത് കുട്ടികള്‍ പാറിപ്പറന്നു. ഫോണ്‍ ഉപയോഗം തടഞ്ഞതിന് അമ്മയെ കൊന്നതും, അശ്ലീല സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിച്ച് വികലതയുടെ ഉച്ചസ്ഥായിയില്‍ അത്തരം ദൃശ്യങ്ങള്‍ സഹോദരിയെ കാണിച്ചശേഷം ലൈംഗികമായി ഉപയോഗിക്കുന്നതും, അമ്മ കുളിക്കുന്നിടത്ത് ഫോണ്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കൊച്ചു കേരളത്തില്‍ സംഭവിച്ച സഹിക്കാനാവാത്ത അരുതായ്മകളാണ്. ഫോണ്‍ വീട്ടുകാര്‍ പിടിച്ചുവാങ്ങി വെച്ചതിന്റെ സങ്കടത്തിലോ, ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ദേഷ്യത്തിലോ, ദുരുപയോഗം കാരണം പരീക്ഷയ്ക്ക് തോറ്റതിന് വഴക്കു പറഞ്ഞ കാരണത്താലോ ഒക്കെ കേരളത്തില്‍ കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് നൂറോളം കുട്ടികളാണ്.
യാഥാര്‍ഥ്യങ്ങള്‍
സ്മാര്‍ട്ട് ഫോണുകള്‍ ആണ് പുതു തലമുറയുടെ ലോകം. അതിന്റെ മാസ്മരിക ലോകത്താണ് അവരുടെ ജീവിതം ചുറ്റിത്തിരിയുന്നത്.
ഇന്റര്‍നെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളിലെയും പ്രതലങ്ങളില്‍ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാന്‍ യുവതലമുറ മടിക്കുന്നില്ല. സത്യത്തില്‍ ഇക്കാര്യങ്ങളില്‍ അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഏത് പ്രായക്കാരും ഇതിലൊക്കെയും ആസക്തരായിത്തീര്ന്നിരിക്കുന്നു എന്നതാണ് സത്യം. മിക്ക മാതാപിതാക്കളും ചെയ്യുന്നതും ഇങ്ങനൊക്കെത്തന്നെ. രാത്രി വൈകിയും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുകയും യൂ ട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും സമയം ചെലവഴിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ അപ്പുറത്തെ മുറികളില്‍ മക്കള്‍ എന്തു ചെയ്യുന്നു എന്ന് അറിയുന്നില്ല. അബദ്ധങ്ങളില്‍ മക്കള്‍ ചെന്ന് ചാടിക്കഴിയുമ്പോഴാവും ഒക്കെ അവര്‍ തിരിച്ചറിയുക. വര്‍ധിച്ച ഫോണ്‍ ഉപയോഗം കാരണമായി തലച്ചോറില്‍ ട്യൂമര്‍ വരെ പിടിപെട്ടേക്കാം എന്ന് വിദഗ്ധര്‍ പറയുന്നു. ദീര്‍ഘനേരത്തെ ഉപയോഗത്താല്‍ ശാരീരിക അസ്വസ്ഥതകള്‍ കൂടാതെ, ഓര്‍മക്കുറവ്, ഏകാഗ്രതയില്ലായ്മ, ഉറക്കം നഷ്ടപ്പെടല്‍ തുടങ്ങി നിരവധി മറ്റു പ്രശ്നങ്ങളുമുണ്ടാവും.
മൂന്ന് വയസ്സ് വരെ മൊബൈല്‍ ഫോണ്‍ ഒരു കാരണവശാലും കൊടുക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു. വാശിപിടിച്ച് കരയുമ്പോള്‍ സമാധാനം നല്കുന്ന മാര്‍ഗമായാണ് ഇക്കാലത്ത് മൊബൈല്‍ ഫോണിനെ രക്ഷാകര്ത്താക്കള് കാണുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ദിവസവും അര മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കാവുന്നതാണ്. 8-16 വയസ്സുകാര്ക്കാവട്ടെ ദിനവും ഒരു മണിക്കൂര്‍ അനുവദിക്കാം. 5 നും 10 നുമിടയില്‍ പ്രായമുള്ളവരെ കൂടുതല്‍ ശ്രദ്ധിക്കണം, അവരുടെ ശ്രദ്ധ മൊബൈലില്‍ നിന്നും വഴിതിരിച്ചുവിടാന്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കാം. കൂട്ടുകാരുമായി ഇടപഴകാന്‍ അനുവദിക്കുക. വായന പ്രേരിപ്പിക്കണം. കായികമായ കളികളില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കുക. വീടുകളിലും പുറത്തു പോകുമ്പോഴും മറ്റും ക്രിയാത്മകമായ വിധത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും. അനുവദിക്കുന്ന സമയത്തിനപ്പുറം ഉപയോഗം നീണ്ടാല്‍, അടുത്ത ദിവസം മൊബൈല്‍ കൊടുക്കില്ലെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാവുന്നതാണ്.
ശരീരത്തിലെ ഊര്‍ജവും ഉന്മേഷവും നിലനിര്‍ത്തുന്നത് തലച്ചോറില്‍ പുറപ്പെടുവിക്കപ്പെടുന്ന ഡോപമിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഇഷ്ടമുള്ള കാര്യങ്ങളില്‍ നമ്മള് ഏര്‍പ്പെടുമ്പോള്‍ ഡോപമിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഉദാഹരണത്തിന് ലഹരി ഉപയോഗിക്കുമ്പോള്‍, അശ്ലീല ദൃശ്യങ്ങളോ മറ്റോ കാണുമ്പോള്‍, ഗെയിമുകള്‍ കളിക്കുമ്പോള്‍, പുകവലിക്കുമ്പോള്‍, വായിക്കുമ്പോള്‍, കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തുടങ്ങി ഏത് ഇഷ്ടമുള്ള പ്രവൃത്തി ചെയ്യുമ്പോഴും ഇപ്രകാരം സംഭവിക്കുന്നു. നിശ്ചിത പ്രവൃത്തി തുടര്‍ച്ചയായി ചെയ്യുമ്പോള്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും, മനസ്സ് ആനന്ദപുളകിതമാകും, പിന്നെയും ചെയ്യാന്‍ കൊതിക്കും. ഇത് ഇവ്വിധം തുടര്‍ന്നാല്‍, ആ പ്രവൃത്തിയില്‍ നാം അടിമത്തത്തിലായി എന്ന് പറയേണ്ടിവരും. പിന്നെ അതില്‍നിന്ന് മുക്തമാകണമെങ്കില്‍ ഏറെ വിയര്പ്പൊഴുക്കേണ്ടിവരികയും ചെയ്യും. പെരുമാറ്റ വൈകല്യം, പഠന വൈകല്യം, ദേഷ്യം, ഒറ്റപ്പെടല്‍, അന്തര്‍മുഖത്വം, അസ്വസ്ഥത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇവരെ പിടികൂടും. ഈ അവസ്ഥയില്‍ കൗണ്‍സലിംഗ് നല്‍കേണ്ടിവരും. രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍ മാനസിക രോഗവിദഗ്ധന്റെ സേവനം തേടേണ്ടിവരും.
സ്മാര്‍ട്ട് ഫോണ്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് ആദ്യം സൂചിപ്പിച്ച സംഭവത്തിലെ പതിനേഴുകാരി. മയക്കുമരുന്ന് രുചിക്കുകയും, പിന്നീട് അത് വില്പനക്കാര്ക്ക് എത്തിക്കുന്ന കൃത്യത്തില്‍ ഉള്‍പ്പെടുകയും ചെയ്തു അവള്. ഇത്തരം അനേകം കുട്ടികള്‍ ജീവിക്കുന്ന നമ്മുടെ സമൂഹത്തില്‍ വേദനിക്കുന്ന മനസ്സുകള്‍ക്കൊപ്പം നാം നിലകൊള്ളുകയും, എല്ലാ കുട്ടികളും ആരോഗ്യപരമായ അന്തരീക്ഷത്തില്‍ വളരുന്നതിന് വേണ്ട സാമൂഹിക ക്രമത്തിനായി പ്രവര്‍ത്തിക്കുകയും വേണം.
മാതാപിതാക്കള്‍ അറിയാന്‍
യഥാര്‍ഥ ലോകവും സൈബറിന്റെ മായിക ലോകവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. രണ്ടിന്റെയും വ്യത്യാസം അവര്‍ അറിയട്ടെ, അതിനായി മാതാപിതാക്കള്‍ ആദ്യം ഇക്കാര്യത്തില്‍ അറിവ് നേടണം. യാത്രക്കിടയില്‍ അപരിചിതരെ കാണുമ്പോള്‍ മിണ്ടരുത്, ചിരിക്കരുത് എന്ന് ഉപദേശിക്കും പോലെ സാമൂഹിക മാധ്യമങ്ങളിലും ഈ കരുതല്‍ വേണമെന്ന് മക്കളെ ഓര്‍മിപ്പിക്കുക. വീട്ടില്‍ തിരിച്ചെത്താന്‍ വൈകരുതെന്ന് നിഷ്കര്‍ഷിക്കുന്നതുപോലെ രാത്രി വൈകിയും ആരുമായും ചാറ്റ് ചെയ്യരുതെന്നും ഉപദേശിക്കുക. കൗമാരം വളര്‍ച്ചയുടെ കാലമാണ്, അപ്പോഴുണ്ടാകുന്ന സ്വാഭാവിക ജൈവിക ശാരീരിക മാറ്റങ്ങള്‍ മനസ്സിലാക്കി അവരെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി മികച്ച പിന്തുണ നല്‍കണം. എന്തു പറ്റിയാലും കൂടെ തങ്ങളുണ്ടെന്ന ധൈര്യം കുട്ടിക്ക് പകര്‍ന്നുകൊടുക്കുക. ചതിക്കുഴികളെപ്പറ്റി ബോധവല്‍ക്കരിക്കണം. ഗെയിമുകള്‍ കളിക്കാന്‍ സമയം നിര്‍ണയിച്ചു നല്‍കുക. പുത്തന്‍ സാങ്കേതിക കാര്യങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്ക് വിശ്രമിക്കാന്‍ നിര്‍ദേശിക്കുക. പ്രകൃതിയിലേക്കിറങ്ങി ചുറ്റുമുള്ളവയെ മനസ്സിലാക്കാന്‍ പ്രോത്സാഹിപ്പിക്കുക. മണ്ണിലിറങ്ങി നടക്കാനും ചുറ്റുമുള്ളവയെ നിരീക്ഷിക്കാനും പ്രേരിപ്പിക്കുക.
കുട്ടികള്‍ അറിയാന്‍
അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുക, ഗെയിമുകള്‍ക്ക് അടിപ്പെടുക, കൗമാരക്കാരികളെ വലയിലാക്കി ചതിക്കുക തുടങ്ങി മൊബൈല്‍ ഫോണിനെ അപക്വമായും തോന്നുംപോലെയും പുതു തലമുറ ഉപയോഗിക്കുകയാണെന്നത് വലിയ ദുരന്തമാണ്. സാമൂഹിക മാധ്യമമായ ഫേസ്ബുക് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണല്ലോ. ഫേസ്ബുക്ക് നിയമമനുസരിച്ച് 13 വയസ്സുള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗമാകാം. പക്ഷേ, നമ്മുടെ രാജ്യത്ത് ഇത് 18 വയസ്സാണ്. ഈ പ്രായപരിധി പാലിക്കപ്പെടുന്നുണ്ടോ എന്നത് ചിന്തനീയവും. കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ അത്യാവശ്യമല്ല എന്നതാണ് സത്യം. അഥവാ ഇത്തരം അക്കൗണ്ടുകള്‍ ഉള്ളവര്‍ നേരിട്ട് അറിയുന്നവരെ മാത്രം സുഹൃത് പട്ടികയില്‍ ഉള്‍പ്പെടുത്തുക. അപരിചിതരെന്ന് തോന്നുന്നവരുമായി ചാറ്റ് ചെയ്യരുത്. ഇന്റര്‍നെറ്റില്‍ അപ്പ്ലോഡ് ചെയ്യുന്ന ഫോട്ടോ, വീഡിയോ മറ്റു വിവരങ്ങള്‍ ഇവയൊന്നും പൂര്‍ണ സുരക്ഷിതമല്ല. സുരക്ഷാ സംവിധാനം മനസ്സിലാക്കി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുക. കൊള്ളാവുന്ന ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യണം. ശക്തമായ പാസ്സ് വേര്‍ഡ് ഉപയോഗിക്കുകയും വേണം. ലൈസന്‍സ് ഉള്ള നല്ല സോഫ്റ്റ്വെയറുകള് മാത്രം ഉപയോഗിക്കുക. വ്യക്തിവിവരങ്ങള്‍ അന്യരുമായി പങ്കുവയ്ക്കാതിരിക്കുക. പഠനകാര്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതാണ്. സര്‍വീസിന് കൊടുക്കേണ്ടിവന്നാല്‍ മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്ക് എന്നിവ തിരികെ വാങ്ങണം. സൗജന്യ ആപ്പുകള്‍ നല്ല ഉദ്ദേശ്യത്തോടു കൂടിയുള്ളതാവണമെന്നില്ല. വിശ്വസ്തത ഉറപ്പിക്കാനാവാത്ത പൊതു വൈഫൈകള്‍ പ്രയോജനപ്പെടുത്താതിരിക്കുക. പാസ് വേര്‍ഡ് പങ്കുവയ്ക്കാതിരിക്കുക. പാസ് വേര്‍ഡ് ഉണ്ടാക്കാന്‍ പേരോ ജനനത്തീയതിയോ ഉപയോഗിക്കാതിരിക്കുക.
കണക്കുകള്‍
അടുത്ത കാലത്ത് പുറത്തുവന്ന ഒരു കണക്കുപ്രകാരം, ദിവസവും ഫേസ്ബുക്കില്‍ സമയം ചെലവഴിക്കുന്ന കുട്ടികള്‍ 53 ശതമാനമാണ്. ട്വിറ്ററില്‍ 54 ശതമാനം പേരും സമയം കൊല്ലുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ പരീക്ഷകള്‍ക്കുവേണ്ടി വിവരശേഖരണം നടത്തുന്നത് 47% മാത്രം. കൗമാരക്കാരില്‍ പകുതിയിലധികം പേരും അശ്ലീലം കാണുന്നവരാണ്, അബദ്ധത്തില്‍ കാണുന്നവര്‍ 53% പേര്. അശ്ലീലം കാണാന്‍ വേണ്ടിമാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ 35%. വീട്ടിലെ കമ്പ്യൂട്ടറില്‍ കാണുന്നവര്‍ 32 ശതമാനമാണ്. സ്മാര്ട്ട്ഫോണിലൂടെയാവട്ടെ 45 ശതമാനവും. ഇന്റര്‍നെറ്റ്വഴി അശ്ലീല വീഡിയോകളും മറ്റും കാണുന്നതും പ്രചരിപ്പിക്കുന്നതും കൂടുതലും മലയാളികളത്രേ. അശ്ലീല പ്രസിദ്ധീകരണങ്ങളില്‍ 27% നമ്മുടെ സംസ്ഥാനത്താണ്. കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന സംഭ വങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗം അറിയാത്ത മാതാപിതാക്കളാണ് അധികവും. 75% പേര്‍ക്കും മക്കളുടെ ഈ ലീലാവിലാസത്തെ കുറിച്ച് ഒരു വിവരവുമില്ല. 79% പേരും മക്കളെ കണ്ണടച്ച് വിശ്വസിക്കുന്നവരാണ്. 61 ശതമാനം മാതാപിതാക്കള്‍ക്കും കുട്ടികള്‍ കമ്പ്യൂട്ടറില്‍ എന്ത് ചെയ്യുന്നുവെന്ന സാങ്കേതിക വിവരമില്ല. മക്കളെ ശ്രദ്ധിക്കാന്‍ നേരം കിട്ടാത്ത രക്ഷാകര്ത്താക്കള് 53 ശതമാനമാണ്.