''ദൈവേഛ എന്തോ അത് നടക്കും.''
വളരെ ദുഷ്‌കരം തന്നെയായിരുന്നു ആ പോരാട്ടം. ജൂതസേന വലിയ ചെറുത്ത് നില്‍പ്പാണ് നടത്തിയത്. അവര്‍ തോല്‍ക്കാന്‍ കൂട്ടാക്കുന്നുണ്ടായിരുന്നില്ല. മുസ്ലിംകള്‍ക്കാണെങ്കില്‍ വേണ്ടത്ര സൈനികരില്ല. വിചാരിച്ചതിനെക്കാളുമെത്രയോ നീണ്ടുപോയി യുദ്ധം. പടക്കുതിരകളെ വരെ അറുത്ത് വിശപ്പടക്കാന്‍ പറഞ്ഞു റസൂല്‍ തന്റെ സൈനികരോട്. പിന്നെ ആവശ്യപ്പെട്ടത് സ്വഅബ് ബ് നു മുആദ് കോട്ട ആക്രമിക്കാനാണ്. അവിടെയാണ് ജൂതസേന ഭക്ഷ്യ ധാന്യങ്ങളധികവും സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ആ കോട്ട കീഴടക്കിയതോടെ വേണ്ടത്ര ഭക്ഷണമായി. ജൂതസേനയുടെ രണ്ടാം പടനായകനും വീണതോടെ നാഇം കോട്ടയിലേക്ക് അലിയ്യുബ് നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ മുസ്ലിംസൈന്യം ഇരച്ചുകയറി... അലി, ഉമറുബ് നുല്‍ ഖത്ത്വാബിനോട് പറഞ്ഞു:
''ഈ ജൂതപ്പട നമ്മെ വല്ലാതെ പ്രയാസപ്പെടുത്തിക്കളഞ്ഞു. അവരുടെ സമൂഹവും എത്ര ദുരിതമനുഭവിച്ചു. അവര്‍ നീതിയുടെ പക്ഷത്ത് നിന്നിരുന്നെങ്കില്‍, കരാറുകള്‍ ലംഘിച്ചിരുന്നില്ലെങ്കില്‍, അവര്‍ക്ക് പ്രശാന്തമായ ജീവിതം നയിക്കാമായിരുന്നില്ലേ? തങ്ങളുടെ മതവിശ്വാസങ്ങള്‍ ആചരിച്ച് ജീവിക്കാമായിരുന്നില്ലേ?'' നെടുവീര്‍പ്പോടെയായിരുന്നു ഉമറിന്റെ മറുപടി:
''നമ്മള്‍ക്കൊരു ധാരണയുണ്ടായിരുന്നു. ജൂതസമൂഹം മക്കയിലെ ബഹുദൈവാരാധകരെപ്പോലെയല്ല. ജൂതന്മാര്‍ വേദക്കാര്‍ കൂടിയാണല്ലോ. പക്ഷേ ആ ധാരണ പിഴച്ചു. തുടക്കത്തിലേ അവരില്‍ കണ്ടത് ധാര്‍ഷ്ട്യമാണ്, വഞ്ചനയാണ്. ചതിക്കാനും കുതികാല്‍ വെട്ടാനുമുള്ള ഒരവസരവും അവര്‍ വെറുതെ കളഞ്ഞിട്ടില്ല. സകല എതിരാളികളെയും അവര്‍ നമുക്കെതിരെ ഇളക്കിവിട്ടിട്ടേയുള്ളൂ. ചിലപ്പോള്‍ അവര്‍ക്കൊപ്പം ചേരുകയും ചെയ്തു. മദീനയെ ആക്രമിക്കാന്‍ അവര്‍ പേര്‍ഷ്യക്കാരുടെയും റോമക്കാരുടെയും ഗത്വ്ഫാന്‍കാരുടെയും സഹായം വരെ തേടി. നമുക്കിതിലപ്പുറം കാത്തിരിക്കാന്‍ പറ്റുമായിരുന്നോ? അവര്‍ വിളിച്ചിട്ട് ഗത്വ്ഫാന്‍കാരുടെ പട തൊട്ടപ്പുറം വരെ എത്തിയിരുന്നു. യുദ്ധത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടിയത് കണ്ട്, കോട്ടകൊത്തളങ്ങളൊക്കെ ഉപരോധിച്ചത് കണ്ട് അവര്‍ പേടിച്ച് പിന്മാറിയതാണ്. സത്യം പറഞ്ഞാല്‍ ഇവരുമായി സന്ധിസംഭാഷണം നടത്തുന്നതില്‍ എനിക്ക് തുടക്കം മുതലേ വിശ്വാസമില്ല. നമുക്കെതിരെ ഗൂഢാലോചനകളും നശീകരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഒന്നുകൂടി അവസരം കൊടുക്കുക എന്നേ അതിനര്‍ഥമുള്ളൂ. ഏതായാലും ഇത് അവരുടെ ഒടുക്കത്തെ ഇറക്കമാണ്. അലീ, വിജയം നമുക്കാണെങ്കില്‍, റസൂല്‍ അവരെ എന്തായിരിക്കും ചെയ്യാന്‍ പോകുന്നത്?''
''ഉമര്‍, ഒന്നുറപ്പിക്കാം, റസൂല്‍ ന്യായമായതെന്തോ അതേ ചെയ്യൂ.''
''പക്ഷേ അലീ, ഇവര്‍ക്ക് ഇനിയും മാപ്പു കൊടുത്താല്‍ രക്തപ്പുഴകള്‍ നമുക്ക് വീണ്ടും കാണേണ്ടി വരും.''
''ദൈവേഛ എന്തോ അത് നടക്കും.''
വത്വീഹ് കോട്ട. സൈനബ് പല്ലിറുമ്മി ഇരിപ്പാണ്. ദേഷ്യത്തില്‍ കടിച്ചുപിടിച്ചത് കാരണം ചുണ്ടില്‍നിന്ന് രക്തമൊഴുകുന്നുണ്ട്.
''എന്തൊരു നാശം. നമ്മുടെ പോരാളികള്‍ പൊരുതുന്നു, വീഴുന്നു. ശത്രുക്കളാണെങ്കില്‍ കയറിക്കയറി വരികയാണ്. ഒട്ടുമിക്ക കോട്ടകളും അവരുടെ കൈയിലായി. എന്തൊരു ദുരന്തമാണ് വരാനിരിക്കുന്നത്? എന്തെങ്കിലും ബാക്കിയാകുമോ? ദൈവം എവിടെ? നമ്മെ വിട്ട് അവന്‍ മുഹമ്മദിനൊപ്പം കൂടിയോ?''
''അതെ, സത്യം, ദൈവം നമ്മോടൊപ്പമല്ല.''
ആ ശബ്ദം കേട്ട് സൈനബ് അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. സ്വഫിയ്യയാണ് സംസാരിക്കുന്നത്.
സൈനബ് വളരെ കടുപ്പിച്ചാണ് മറുപടി പറഞ്ഞത്:
''തോല്‍വി നിന്റെ വിശ്വാസങ്ങളെ അപ്പടി അട്ടിമറിച്ചിട്ടുണ്ടല്ലോ.''
''അതൊക്കെ അട്ടിമറിഞ്ഞിട്ട് കാലം കുറെയായി.''
സൈനബ് അലറി:
''അപ്പോ മുഹമ്മദിന്റെ പക്ഷത്താണോ സത്യം?''
''മുഹമ്മദ് അസത്യത്തിന്റെ പക്ഷത്തല്ല, സൈനബ്.''
''അപ്പോള്‍ നമ്മളോ?''
''അത് നിനക്ക് അറിയാമല്ലോ.''
''ഇതെങ്ങാന്‍ നിന്റെ ഭര്‍ത്താവ് കേട്ടാല്‍ നിന്റെ തല ഉടലില്‍നിന്ന് വേര്‍പെടുത്തിയിരിക്കും.''
''അയാള്‍ക്ക് അതിനൊന്നും സമയം കിട്ടില്ല.''
''എന്തൊരു കഷ്ടം. നിന്റെ പിതാവിനെയെങ്കിലും ഓര്‍ത്തു കൂടേ?''
''അത് മറ്റൊരു കാര്യം.''
പെട്ടെന്നായിരുന്നു സ്വഫിയ്യയുടെ ഭര്‍ത്താവ് കിനാനത്തുബ് നു റബീഅ് അവിടെ ഓടിക്കിതച്ചെത്തിയത്. മുഖത്ത് നിന്നും കൈകളില്‍നിന്നും ചോരയൊലിക്കുന്നു. അവിടെ കൂടിയിരുന്ന സ്ത്രീകള്‍ നിലവിളിച്ചുപോയി.
''സ്വഫിയ്യാ, വേഗം, വേഗം. എല്ലാ കോട്ടകളും വീണുകഴിഞ്ഞു. ചെറിയ ചെറിയ ചെറുത്തുനില്‍പ്പ് തുരുത്തുകളേ ഇനി ബാക്കിയുള്ളൂ.''
''കിനാന, താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?''
''നമുക്ക് ഓടിപ്പോകാം....''
വലിയ പൊട്ടിച്ചിരി ഉയര്‍ന്നുകേട്ടു. എല്ലാം ശ്രദ്ധിച്ചുകൊണ്ട് തൊട്ടപ്പുറത്ത് സൈനബ് നില്‍ക്കുന്നുണ്ട്. അവള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
''നിധി ഒളിപ്പിച്ചുവെച്ച ആളല്ലേ, പിന്നെ എങ്ങനെ സ്വന്തം ജീവന്‍ ബലികൊടുക്കാന്‍ തോന്നും! ആണുങ്ങള്‍ വീണു, ശരിയാണ്. പക്ഷേ, അവര്‍ അവസാന ശ്വാസം വരെ പൊരുതിയാണ് വീണത്. നിങ്ങളോ, കിനാനാ? നിങ്ങള്‍ മരിക്കില്ല. നിങ്ങളുടെ ആത്മാവ് എന്നോ മരിച്ചു കഴിഞ്ഞതല്ലേ... നിങ്ങളുടെ ഈ പെണ്ണുണ്ടല്ലോ, അവള്‍ പറയുന്നു മുഹമ്മദാണ് ശരി എന്ന്.''
കിനാന അല്‍പനേരം തല താഴ്ത്തി നിന്നു. പിന്നെ, സൈനബ് പറയുന്നതിന് ചെവികൊടുക്കേണ്ടെന്ന് തീരുമാനിച്ചു. അയാള്‍ സ്വഫിയ്യയോട് ചേര്‍ന്നുനിന്നു.
''സ്വഫിയ്യാ, നീ എന്താ മിണ്ടാത്തത്? ഒരു പ്രതീക്ഷക്കും വകയില്ല. സ്വന്തം തടി കാത്താല്‍ അത് ലാഭം. വീണ്ടും യുദ്ധത്തിലേക്ക് ചെല്ലുന്നത് മണ്ടത്തരമാണ്. എല്ലാം അവസാനിച്ചു കഴിഞ്ഞു. ഇവിടെത്തന്നെ നിന്നാല്‍ ഒന്നുകില്‍ മരണം, അല്ലെങ്കില്‍ അടിമത്തം. അവര്‍ നമ്മെ അടിമകളാക്കും. പറയുന്നത് മനസ്സിലാകുന്നുണ്ടോ?''
സൈനബ് അലറി വിളിച്ചു:
''അഭിമാനികള്‍ മരണത്തെ ധീരമായി പുല്‍കും. ഉശിര് കെട്ടവര്‍ ജീവനു വേണ്ടി പരക്കം പായും. അവര്‍ക്ക് പാത്തുവെച്ച നിധികളുണ്ടല്ലോ.''
കിനാന സൈനബിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതേയില്ല. അയാള്‍ വലിയ ധൃതിയിലാണ്.
''സ്വഫിയ്യാ, എന്താ ആലോചിച്ച് നില്‍ക്കുന്നത്? ആലോചിക്കാനൊന്നും സമയമില്ല.''
അസാധാരണമായ ശാന്തതയോടെ സ്വഫിയ്യ പറഞ്ഞു:
''ഞാന്‍ പോരുന്നില്ല.''
സൈനബ് ആവേശത്തോടെ കൈകൊട്ടി.
''കിനാനാ, നിങ്ങളേക്കാള്‍ മാന്യതയുണ്ട് നിങ്ങളുടെ പെമ്പറന്നോള്‍ക്ക്.''
കിനാന പകയോടെ സൈനബിനെ നോക്കി
''മിണ്ടാതിരി, പിഴച്ചവളേ...''
സൈനബിന്റെ കണ്ണില്‍നിന്ന് തീപ്പൊരി ചിതറി:
''സല്ലാമുബ് നു മശ്കം ജീവിച്ചിരുന്നെങ്കില്‍ തന്റെ വായില്‍നിന്ന് ഈ വൃത്തികെട്ട വാക്ക് വരില്ലായിരുന്നു.''
കിനാന സ്വഫിയ്യയുടെ തോളില്‍ പിടിച്ച് തിരക്ക് കൂട്ടിക്കൊണ്ടിരുന്നു.
''ഒടുവിലത്തെ അവസരമാണ്, വേഗം. ഇനിയിത് ഒരിക്കലും തിരിച്ചുകിട്ടില്ല.''
''ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞില്ലേ?''
''നിനക്ക് വട്ടായോ?''
''ഒരു കുഴപ്പവുമില്ല. സ്വബോധത്തില്‍ തന്നെയാണ് പറയുന്നത്.''
''ജീവിതകാലം മുഴുവന്‍ അപമാനിതയായി കഴിയേണ്ടിവരും.''
''ഞാന്‍ അഭിമാനത്തോടെ തന്നെ കഴിയും.''
''എങ്ങനെ?''
''അത് എന്റെ കാര്യം.''
''നീ എന്നെ ധിക്കരിക്കുകയാണോ?''
''ഇത്തവണ മാത്രം. ഇത്രയും കാലം ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞതൊക്കെ കേട്ട് നടന്നില്ലേ? എന്നിട്ടെന്തായി? ജൂതസമൂഹത്തിന് സകലതും നഷ്ടപ്പെട്ടു.''
കോട്ടക്ക് താഴെനിന്ന് ആരോ വിളിച്ച് പറഞ്ഞു:
''കിനാനാ, യുദ്ധം അവസാനിച്ചു. പോരാളികള്‍ കീഴടങ്ങി. മുസ്ലിംകള്‍ നഗരത്തില്‍ കടന്നു. ഓടിപ്പോകാന്‍ യാതൊരു മാര്‍ഗവുമില്ല. കീഴടങ്ങുകയേ നിവൃത്തിയുള്ളൂ.''
സ്വഫിയ്യ മന്ത്രിച്ചു:
''അല്‍ഹംദു ലില്ലാ.... ദൈവത്തിന് സ്തുതി.'
വെട്ടിയിട്ട തടിപോലെ കിനാന നിലത്തേക്ക് വീണു. അയാളൊന്നും മിണ്ടിയില്ല.
സൈനബ് ഭ്രാന്തിളകിയതു പോലെ ചിരിച്ച് മറിഞ്ഞു.
''കാത്തിരിക്കൂ, കിനാനാ... ഖുറൈളാ ദിനത്തില്‍ സംഭവിച്ചതു പോലെ അവരുടെ വാളുകള്‍ നിങ്ങളുടെ നേര്‍ക്ക് നീണ്ടുവരുന്നു. എന്താ ചെയ്യുക, ഒളിപ്പിച്ച് വെച്ച ആ സ്വര്‍ണമൊന്നും ഇനി പുറത്തെടുക്കാനാവില്ലല്ലോ.''
സൈനബ് എണീറ്റ് കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു:
''ഡാ ഫഹദ്, ഇങ്ങോട്ട് വാ, വേഗം.''
ഫഹദ് പേടിച്ചരണ്ട് കയറിവന്നു.
''യജമാനത്തീ...''
''ഇനി മുതല്‍ നീ അടിമയല്ല, സ്വതന്ത്രനാണ്.''
''അതിന്റെ സമയം കഴിഞ്ഞു പോയല്ലോ. ഇവിടെയിപ്പോള്‍ സ്വതന്ത്രന്മാരായ ആരുമില്ല. നമ്മളെല്ലാം മുസ്ലിം സൈന്യത്തിന്റെ തടവുകാരായിക്കഴിഞ്ഞില്ലേ?''
''മിണ്ടാതിരി. പറഞ്ഞത് കേട്ടാല്‍ മതി. നീ സ്വതന്ത്രനാണ്.''
''ശരി, യജമാനത്തീ.''
''ഇനി ഞാന്‍ നിന്റെ യജമാനത്തിയല്ല, വിവരം കെട്ടവനേ...''
സൈനബ് ഫഹദിനെ നോക്കി വീണ്ടും:
''ഇപ്പോള്‍ പൊയ്ക്കോ. വൈകുന്നേരം വരണം. ഇത് കല്‍പനയല്ല. എന്റെ ആഗ്രഹമാണ്.''
''വൈകുന്നേരമാകുമ്പോള്‍ ജീവനുണ്ടെങ്കില്‍ വരാം.''
കുട്ടികളുടെയും സ്ത്രീകളുടെയും കരച്ചിലും പിഴിച്ചിലും കുറ്റപ്പെടുത്തലുകളും. പഴയ ദുരന്തക്കാഴ്ചയുടെ തനിയാവര്‍ത്തനം. സകല ശക്തിയും ചോര്‍ന്ന് അവശേഷിച്ച പുരുഷന്മാര്‍. ഖേദപ്രകടനങ്ങള്‍. വഞ്ചനയും ചതിയും വന്നുപോയി എന്ന ഏറ്റു പറച്ചിലുകള്‍. ചിലരൊക്കെ സംസാരിക്കാനായി റസൂലിന്റെ അടുത്തേക്ക് പോകുന്നുണ്ട്. അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. എന്താവും തങ്ങളെ കാത്തിരിക്കുന്ന ഭാവി?
അപ്പോഴാണ് ജൂത കച്ചവടക്കാരനായ ഹജ്ജാജുബ് നു ഇലാത്വ് അവിടെ പ്രത്യക്ഷനാകുന്നത്. അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:
''ജൂതസമൂഹമേ, ശ്രദ്ധിക്കൂ. നമ്മള്‍ മുഹമ്മദുമായി ഒരു കരാറില്‍ എത്തിയിരിക്കുന്നു. നമ്മെ അവര്‍ വെറുതെ വിടും. നമുക്ക് നമ്മുടെ ഭൂമിയില്‍ താമസിക്കുകയും ചെയ്യാം. പക്ഷെ, ഓരോ വര്‍ഷവും നമ്മുടെ വരുമാനത്തിന്റെ പകുതി അവര്‍ക്ക് കൊടുക്കണം.''
എങ്ങും നെടുനിശ്വാസമുയര്‍ന്നു. വലിയൊരു അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം, പുഞ്ചിരി, ആഹ്ലാദം.
സൈനബ് മിണ്ടാതിരിക്കുമോ?
''നാശം! ഈ നിന്ദ്യതയും അപമാനവും പേറേണ്ടി വന്നിട്ടും എല്ലാം കൂടി ഇളിക്കുന്നോ?''
ഹജ്ജാജിന് അതൊട്ടും ഇഷ്ടമായില്ല.
''സൈനബ്, ഈ മനുഷ്യര്‍ക്ക് ഇതിനേക്കാള്‍ നല്ല മറ്റേത് വഴിയാണ് നീ കാണുന്നത്?''
''പോയി മരിക്കണം. ഹജ്ജാജ്. അതാ ഇതിനേക്കാള്‍ നല്ലത്.''
ഹജ്ജാജിന്റെ മറുപടിയില്‍ പരിഹാസം കലര്‍ന്നിരുന്നു.
''ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് അവനവന്‍ തീരുമാനിക്കേണ്ടതാണ്. ഇനി ആര്‍ക്കെങ്കിലും മരിക്കണമെന്നുണ്ടെങ്കില്‍, വാളുമെടുത്ത് പുറത്തേക്ക് ഇറങ്ങുകയേ വേണ്ടൂ.''
''എന്നിട്ട് നിങ്ങള്‍ എന്താ ഇറങ്ങാത്തത്?''
''ഇങ്ങനെയൊരു യുദ്ധത്തിന്റെ നിരര്‍ഥകത തുടക്കം മുതലേ എനിക്ക് ബോധ്യമായതാണ്. എന്നിട്ടും ഞാന്‍ വീറോടെ പൊരുതി. പക്ഷെ, ഇപ്പോള്‍.... ഇപ്പോള്‍ ഞാന്‍ മുസ്ലിമാണ്.''
സദസ്സില്‍ ദീര്‍ഘനേരം മൂകത. സൈനബിന്റെ പൊട്ടിച്ചിരിയാണ് അതിനെ ഭേദിച്ചത്.
''ഇപ്പോള്‍ മനസ്സിലായി, ഹജ്ജാജ്. നിങ്ങള്‍ ഇങ്ങോട്ട് വരുന്നതിന് മുമ്പേ മരിച്ച് കഴിഞ്ഞിരുന്നു എന്നര്‍ഥം. നിങ്ങളൊക്കെ എവിടെയെങ്കിലും പോയി തുലയ്.''
ഹജ്ജാജിന്റെ നോട്ടം വിശാലമായ അങ്കണത്തില്‍ ആരെയോ പരതി.
''കിനാനത്തുബ് നു റബീഅ്...?''
''ഞാനിവിടെയുണ്ട്.''
''താങ്കളെ റസൂല്‍ അന്വേഷിക്കുന്നു.''
''എന്നെയോ? അത് മരണം തീര്‍ച്ചപ്പെടുത്തലാണ് ഹജ്ജാജ്. ബനുന്നളീര്‍, ബനൂഖുറൈള, ഖൈബറുകാര്‍ ഇവരുടെയെല്ലാം പാപഭാരം താങ്ങിയാണല്ലോ എന്റെ നില്‍പ്പ്.''
ഹജ്ജാജ് പറഞ്ഞു:
''കിനാനാ, ഒളിപ്പിച്ച് വെച്ച നിധിയുണ്ടല്ലോ, അതു കൊടുക്കേണ്ടി വരും. അല്ലെങ്കില്‍ മരിക്കേണ്ടിവരും. ഓര്‍മയില്ലേ, ആ നിധി വെച്ചുകൊണ്ടാണല്ലോ നിങ്ങള്‍ മുസ്ലിംകളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത്? ആ നിധികൊണ്ട് ആയുധങ്ങള്‍ വാങ്ങിക്കൂട്ടി, പോരാളികളെ അണി നിരത്തി മുസ്ലിംകള്‍ക്കെതിരെ ആഞ്ഞടിക്കുമെന്നും നിങ്ങള്‍ പരസ്യമായി പറഞ്ഞതാണ്.'
''എന്റെ കൈയില്‍ അങ്ങനെയൊരു നിധിയില്ല.''
''അത് റസൂലും നിങ്ങളും തമ്മില്‍ തീരുമാനിച്ചോ''
സൈനബിന്റെ പരിഹാസങ്ങളും പൊട്ടിച്ചിരികളും ശ്രദ്ധിക്കാതെ കിനാന എഴുന്നേറ്റു. അയാള്‍ തല ഉയര്‍ത്തിയില്ല. ഉള്ളില്‍ ഭയമുണ്ട്. സ്വഫിയ്യയും അസ്വസ്ഥയാണ്. പക്ഷെ അവളുടെ മനസ്സിലേക്ക് ആ വിചിത്രമായ സ്വപ്നം വന്നുകൊണ്ടിരുന്നു. അതിനെ തടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. യസ് രിബില്‍നിന്ന് വരുന്ന ചന്ദ്രന്‍. അതാണല്ലോ സ്വപ്നം. ഇരുട്ടിനെ കീറിമുറിച്ച് അത് അവള്‍ക്ക് നേരെ നീങ്ങുന്നു. അവളുടെ മുറിക്കകത്തേക്ക് വരുന്നു.
അവള്‍ അറിയാതെ മന്ത്രിച്ചു.
''ചന്ദ്രന്‍ വരുന്നു.''
ഉടനെ സൈനബിന്റെ പരിഹാസവും വന്നു.
''ഏത് ചന്ദ്രനാ സോദരീ.''
''ഇരുട്ടിനെ കീറിമുറിക്കുന്ന ചന്ദ്രന്‍.''
''ഹ....ഹ...ഹ... എന്നെപ്പോലെ നിനക്കും വട്ടായോ സ്വഫിയ്യ. നിന്റെ ഈ ഭര്‍ത്താവിനെ സഹിക്കാന്‍ പറ്റുന്നില്ല, അല്ലേ. അതുകൊണ്ടുള്ള സങ്കടം കൊണ്ട് പറയുന്നതാണ്. എന്താ, അയാളോടൊപ്പം ഒളിച്ചോടാമായിരുന്നില്ലേ? എന്നാല്‍ പിന്നെ ചന്ദ്രനില്ലാതെ കൂരാക്കൂരിരുട്ടില്‍ ബാക്കി കാലം കഴിയാമായിരുന്നല്ലോ.''
''പക്ഷെ, സൈനബ് ഞാനാ ചന്ദ്രനെ കണ്ടതാണ്.''
സൈനബ്, സ്വഫിയ്യയുടെ ചുമല്‍ ശക്തിയായി പിടിച്ചുകുലുക്കി.
''സ്വഫിയ്യാ. നീ പിച്ചും പേയും പറയുകയാണ്. നോക്ക്, ബലിയാടാകുന്നത് നിന്റെ ഭര്‍ത്താവ് മാത്രമല്ല. എന്റെ ഭര്‍ത്താവ്, അദ്ദേഹം മരിച്ചു. നിന്റെ പിതാവും മരിച്ചു. കഅ്ബ് ബ് നു അശ്റഫും ഇബ് നു അബീ ഹഖീഖും കഅ്ബ് ബ് നു അസദും മരിച്ചു. നമ്മുടെ മണ്ടത്തരത്തിന് നാം വലിയ വില നല്‍കി. ഇവിടെ എല്ലാവരും വിധവകള്‍. ഞാനും നീയും ഈ കൂടിയിരിക്കുന്ന പെണ്ണുങ്ങളെല്ലാം. ഒരുപക്ഷെ നിന്റെ ഭര്‍ത്താവ് പോറലേല്‍ക്കാതെ മടങ്ങി വന്നേക്കാം.''
അപ്പോഴും സ്വഫിയ്യ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
''ചന്ദ്രന്‍... ചന്ദ്രന്‍..''
പിന്നെ പൊട്ടിക്കരഞ്ഞു.
താന്‍ എവിടെയും നിധി ഒളിപ്പിച്ച് വെച്ചിട്ടില്ല എന്നാണ് കിനാന മുസ്ലിം സൈനികരോട് പറഞ്ഞത്.
താന്‍ കളവാണ് പറയുന്നതെങ്കില്‍ തന്നെ കൊന്നുകൊള്ളുവാനും പറഞ്ഞു. പക്ഷെ കിനാന ഒറ്റക്ക് പോയി ഒഴിഞ്ഞ ഒരിടത്ത് മണ്ണ് കിളക്കുന്നതും മൂടുന്നതും കണ്ട സൈനികരുണ്ട്. അവര്‍ അവിടെ ചെന്നു കിളച്ചപ്പോള്‍ നിധിയുടെ ചില ഭാഗങ്ങള്‍ കണ്ടെടുത്തു.
''കിനാനാ, നിങ്ങള്‍ മരണത്തെ സ്വയം തെരഞ്ഞെടുത്തതാണ്. നിങ്ങള്‍ നിരവധി യുദ്ധങ്ങള്‍ക്ക് തീ പടര്‍ത്തി. ഒരുപാട് ഗൂഢാലോചനകളില്‍ പങ്കാളിയായി. ഗൂഢാലോചകരെ പണം നല്‍കി സഹായിച്ചു. സമാധാനം അപകടപ്പെടുത്താന്‍ ആ നിധി അവിടെ തന്നെ ഒളിച്ച് വെക്കണമെന്ന് നിങ്ങള്‍ ശഠിച്ചു. ആ പണം കൊണ്ട് പുതിയ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍. സകല പരിധികളും ലംഘിച്ചതിനാല്‍, കിനാന, നിങ്ങള്‍ക്ക് മരണശിക്ഷ വിധിക്കുന്നു.''
ചെയ്തുകൂട്ടിയ അതിക്രമങ്ങളുടെ പേരില്‍ കിനാന വധിക്കപ്പെട്ടു എന്ന് കേട്ടപ്പോള്‍ സ്വഫിയ്യ പൊട്ടിക്കരഞ്ഞു.
(തുടരും)