അല്ലാഹുവിനെ അറിയുന്നവര്‍
സി.ടി സുഹൈബ്
ആഗസ്റ്റ് 2023
വിജ്ഞാനമാര്‍ജിക്കാതെ അനുഷ്ഠാനങ്ങളില്‍ മാത്രം മുഴുകുന്നവര്‍ തങ്ങളുടെ
ജീവിതത്തിലേക്ക് ആത്മീയോര്‍ജം നിറക്കുന്നുണ്ടെങ്കിലും, വിജ്ഞാനമുള്ളവര്‍
ചുറ്റുമുള്ളവരിലേക്ക് കൂടി വെളിച്ചവും ഊര്‍ജവും പ്രസരിപ്പിക്കും.
അറിവുകളില്‍ ഏറ്റവും ശ്രേഷ്ഠം അല്ലാഹുവെ അറിയലാണ്. അല്ലാഹുവല്ലാതെ ഇലാഹില്ലെന്ന ബോധ്യത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറ അല്ലാഹുവെക്കുറിച്ചുള്ള അറിവാണ്. 'അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് നീ നന്നായി അറിയണം'' (47:19)
ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗവും അല്ലാഹുവിനെ കുറിച്ച അറിവുകളാണ്. അവനെ കുറിച്ച്, അവന്റെ കഴിവുകളെ കുറിച്ച്, അവന്റെ ഗുണവിശേഷണങ്ങള്‍, ഇടപെടലുകള്‍, നടപടിക്രമങ്ങള്‍, നിലപാടുകള്‍. നിരവധി ആയത്തുകള്‍ സംസാരിക്കുന്നത് അവനെ കുറിച്ച് മാത്രമാണ്. സൂറത്തുല്‍ ഇഖ്ലാസ്വ് ഖുര്‍ആനിന്റെ മൂന്നിലൊന്നാകുന്നത് അവനെ കുറിച്ചുള്ള അടിസ്ഥാന പാഠങ്ങളായതുകൊണ്ടാവാം.
അല്ലാഹുവിനെ ഏറ്റവും നന്നായി സൂക്ഷിക്കാനും ഭയപ്പെടാനും കഴിയുന്നത് അവനെ അറിയുന്നവര്‍ക്ക് തന്നെയാണ്.
പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അത്ഭുത പ്രതിഭാസങ്ങളൊക്കെയും അവനിലേക്കെത്താനുള്ള ദൃഷ്ടാന്തങ്ങളാണ്. ആകാശവും ഭൂമിയും കാറ്റും കടലും നക്ഷത്രങ്ങളും സൂര്യനും രാത്രിയും പകലും ഒട്ടകവും എട്ടുകാലിയുമെല്ലാം അവന്റെ സൃഷ്ടിപ്പിന്റെയും സംവിധാനത്തിന്റെയും അടയാളങ്ങളാണ്. ഒട്ടേറെ സൂക്തങ്ങളിലായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നുണ്ട്.
'സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ വായിക്കുക' എന്ന ഖുര്‍ആനികാധ്യാപനം വിരല്‍ ചൂണ്ടുന്നത് മനുഷ്യന്‍ വായിക്കുന്നതിലൂടെയും പഠിക്കുന്നതിലൂടെയും ചിന്തിക്കുന്നതിലൂടെയും നാഥനിലേക്കെത്തണമെന്നാണ്. ആ നിലക്ക് അവനിലേക്കെത്താന്‍ സഹായിക്കുന്ന എല്ലാ വായനയും ചിന്തയും ഇബാദത്താണ്. സുന്നത്തായ അനുഷ്ഠാന കര്‍മത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് വായനയും പഠനവും. അതിനാലാണ് റസൂല്‍ (സ) പറഞ്ഞത്, 'ആബിദിനേക്കാള്‍ ആലിമിനാണ് ശ്രേഷ്ഠത' എന്ന്. വിജ്ഞാനമാര്‍ജിക്കാതെ അനുഷ്ഠാനങ്ങളില്‍ മാത്രം മുഴുകുന്നവര്‍ തങ്ങളുടെ ജീവിതത്തിലേക്ക് ആത്മീയോര്‍ജം നിറക്കുന്നുണ്ടെങ്കിലും, വിജ്ഞാനമുള്ളവര്‍ ചുറ്റുമുള്ളവരിലേക്ക് കൂടി വെളിച്ചവും ഊര്‍ജവും പ്രസരിപ്പിക്കും.
റസൂലുല്ലാഹി (സ) സ്വഹാബിമാര്‍ക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഇബ്നു അബ്ബാസി(റ)നോടൊരിക്കല്‍ റസൂല്‍(സ) പറഞ്ഞു: 'മോനേ, നിനക്ക് ഞാന്‍ ചില കാര്യങ്ങള്‍ പഠിപ്പിച്ച് തരാം. നീ നിന്റെ മനസ്സില്‍ അല്ലാഹുവിനെ കൊണ്ടുനടന്നാല്‍ അല്ലാഹു നിന്നെയും അങ്ങനെ കൊണ്ടുനടക്കും. നീ അവനെയോര്‍ത്ത് ജീവിച്ചാല്‍ നിന്റെ കണ്‍മുന്നിലെപ്പോഴും അവനെ നിനക്ക് കാണാം. നീ മനസ്സിലാക്കണം, നിന്റെ ചുറ്റുമുള്ളവരെല്ലാം ചേര്‍ന്ന് നിനക്കൊരു ഉപകാരം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനൊരു ഉപകാരം അല്ലാഹു തീരുമാനിച്ചിട്ടില്ലെങ്കില്‍ അവരെല്ലാം ഒരുമിച്ച് ചേര്‍ന്നാലും നിനക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ല. ഇനി നിന്റെ ചുറ്റുമുള്ളവരെല്ലാം ചേര്‍ന്ന് നിന്നെ ഉപദ്രവിക്കാന്‍ തീരുമാനിച്ചു എന്നിരിക്കട്ടെ. പക്ഷേ, അല്ലാഹുവത് തീരുമാനിച്ചിട്ടില്ലെങ്കില്‍ അവരെല്ലാം ചേര്‍ന്നാലും നിന്നെ ഒന്നും ചെയ്യാനാകില്ല തന്നെ.' അല്ലാഹുവെ കുറിച്ച് നാം മനസ്സിലാക്കേണ്ട വലിയൊരു അറിവാണിവിടെ റസൂല്‍(സ) പകര്‍ന്ന് നല്‍കുന്നത്. ജീവിതത്തില്‍ തവക്കുലിന്റെ കരുത്തുണ്ടാകുന്നത് ഈ തിരിച്ചറിവുണ്ടാകുമ്പോഴാണ്. വധശിക്ഷ റദ്ദാക്കാന്‍ മാപ്പപേക്ഷ നല്‍കണമെന്ന പട്ടാള ഭരണകൂടത്തിന്റെ ആവശ്യത്തോട്, 'അബുല്‍ അഅ്ലാ ഇങ്ങനെ മരണപ്പെടണമെന്ന് അല്ലാഹു തീരുമാനിച്ചതാണെങ്കില്‍ ഒരു മാപ്പപേക്ഷക്കും എന്നെ രക്ഷിക്കാനാകില്ല. അല്ല, അബുല്‍ അഅ്ലാ ഇത്തരത്തില്‍ മരണപ്പെടില്ല എന്നാണ് റബ്ബ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ ഒരു ഭരണകൂടത്തിനും കോടതിക്കും എന്നെ തൂക്കിലേറ്റാനാകില്ല' എന്ന് മൗലാനാ മൗദൂദിക്ക് പറയാനായതും ഇതേ ബോധ്യത്തില്‍നിന്നാണ്.
ഖുദ്സിയായ ഒരു ഹദീസ് ഇങ്ങനെയാണ്: 'എന്റെ അടിയാറുകളേ, നിങ്ങളിലെ ഒന്നാമത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന്‍ വരെ മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളിലെ ഏറ്റവും തഖ് വയുള്ള വ്യക്തിയെ പോലെ ആയാലും അതെന്റെ അധികാരത്തില്‍ ഒരു വര്‍ധനവും ഉണ്ടാക്കില്ല. നിങ്ങളിലെ ഒന്നാമത്തെ മനുഷ്യന്‍ മുതല്‍ ഒടുവിലത്തെ മനുഷ്യന്‍ വരെ നിങ്ങളിലെ ഏറ്റവും മോശക്കാരനായ വ്യക്തിയെ പോലെ ആയിത്തീര്‍ന്നെന്ന് കരുതുക. അതെന്റെ അധികാരത്തില്‍ ഒട്ടും കുറവ് വരുത്തില്ല.' അല്ലാഹുവെക്കുറിച്ച മറ്റൊരു അറിവാണിവിടെ ഹദീസ് പങ്കുവെക്കുന്നത്. നമ്മുടെ നന്മകളും ദിക്റുകളുമൊന്നും അല്ലാഹുവിന് എന്തെങ്കിലും ആവശ്യമുണ്ടായത് കൊണ്ടല്ല. മറിച്ച്, നമ്മുടെ ആവശ്യമാണത്. നാസ്തികരായ പലരും പരിഹസിക്കാറുണ്ട്. ഞങ്ങളുടെ ദൈവം വലിയവനാണ്, വലിയവനാണ് എന്ന് പറയിപ്പിക്കുന്നതിലൂടെ അല്ലാഹുവിന് നിങ്ങളുടെ വാഴ്ത്തലുകള്‍ ആവശ്യമുണ്ടെന്നല്ലേ തെളിയിക്കുന്നത്? അല്ലാഹുവെ കുറിച്ച അറിവില്ലായ്മയില്‍ നിന്നുള്ള ചോദ്യമാണിത്. അവന്‍ എല്ലാത്തിനെ തൊട്ടും ഐശ്വര്യവാനാണ്. ഭൂമിയില്‍ ഒരാളും അവനെ വണങ്ങിയില്ലെങ്കിലും അനുസരിച്ചില്ലെങ്കിലും അവന്റെ ദൈവികതക്കോ കഴിവുകള്‍ക്കോ ഒരു കുറവും സംഭവിക്കില്ല തന്നെ. വണങ്ങുന്നതും അനുസരിക്കുന്നതും ആരാധിക്കുന്നതുമൊക്കെ മനുഷ്യരുടെ ആവശ്യമാണ്. അവരുടെ രക്ഷയും ശിക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്.
അല്ലാഹുവിനെ അറിയാനുള്ള വഴികളില്‍ മനോഹരമായ വഴിയാണ് അവന്റെ നാമങ്ങളും വിശേഷണങ്ങളും മനസ്സിലാക്കുകയെന്നത്. അല്‍ അസ്മാഉല്‍ ഹുസ്നാ, വിശിഷ്ടമായ നാമങ്ങള്‍ ഒക്കെയും അവന്റേതാണ്. അവന്റെ നാമങ്ങള്‍ കൊണ്ട് പ്രാര്‍ഥിക്കുക എന്ന് ഖുര്‍ആനിലുണ്ട്. നമ്മള്‍ പ്രാര്‍ഥിക്കുമ്പോള്‍ ആവശ്യങ്ങള്‍ മാത്രം പറയാതെ പ്രസ്തുത ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് തരാനുള്ള അവന്റെ കഴിവിനെ എടുത്തുപറയുക. 'അല്ലാഹുവേ, എന്റെ അസുഖം ശിഫയാക്കിത്തരണേ' എന്ന് പ്രാര്‍ഥിക്കുമ്പോള്‍, 'നീയാണല്ലോ ശിഫ നല്‍കുന്നവന്‍' എന്നെടുത്ത് പറയുന്നതും, 'എനിക്ക് ഇന്നയിന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് തരണേ' എന്ന് പ്രാര്‍ഥിക്കുമ്പോള്‍, 'നീ എല്ലാത്തിനും കഴിവുള്ളവനാണല്ലോ, നീ വിചാരിച്ചാല്‍ അസാധ്യമായതൊന്നുമില്ലല്ലോ' എന്നെല്ലാം എടുത്തുപറയുന്നതും പ്രാര്‍ഥനയില്‍ പ്രതീക്ഷയും അല്ലാഹുവോടുള്ള ഹൃദയബന്ധവും വര്‍ധിപ്പിക്കും.
റസൂല്‍(സ) പറയുന്നു: 'അല്ലാഹുവിന് 99 നാമങ്ങളുണ്ട്. ആരെങ്കിലും അത് കണക്കാക്കിയാല്‍ അവന് സ്വര്‍ഗമുണ്ട്.' നാമങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുകയെന്നാല്‍ ആ നാമങ്ങളെ നന്നായി മനസ്സിലാക്കലാണെന്നും അതിന്റെ പ്രതിഫലനങ്ങള്‍ ജീവിതത്തിലുണ്ടാവലാണെന്നും പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്.
അല്ലാഹു റഹ്‌മാനും റഹീമുമാണെന്ന് ആഴത്തിലും പരപ്പിലും മനസ്സിലാക്കുമ്പോഴാണ് തന്നെ പൊതിഞ്ഞ് നില്‍ക്കുന്ന ദൈവിക കാരുണ്യത്തെ കൂടുതല്‍ അനുഭവിച്ചറിയാനാകുന്നത്. അത് ഒരു പ്രതിസന്ധിയിലും നിരാശരാകാതിരിക്കാനുള്ള കരുത്തുനല്‍കുകയും ചെയ്യും. അല്ലാഹു എല്ലാം കാണുന്നവനാണെന്ന് സൂക്ഷ്മമായി മനസ്സിലാക്കുന്നവനാണ്, ആരും കാണാറില്ലാത്ത സമയത്തും തഖ് വയുള്ളവനാകാന്‍ കഴിയുക. ഇങ്ങനെ അല്ലാഹുവിന്റെ നാമങ്ങളിലൂടെ ആഴത്തില്‍ സഞ്ചരിക്കുമ്പോള്‍ അവനെ കുറിച്ച ബോധ്യങ്ങള്‍ നമ്മില്‍ അടിയുറക്കും. അത് ജീവിതത്തില്‍ കൂടുതല്‍ കരുത്ത് നല്‍കും. അവന്‍ കൂടെയുണ്ടെന്ന ആശ്വാസവും ധൈര്യവും ആത്മവിശ്വാസം പകരും. ചുറ്റുമുള്ള ഭൗതികാലങ്കാരങ്ങളുടെ പൊലിമ കുറയും. അവനിലേക്കുള്ള വഴികളിലാണ് സുന്ദര കാഴ്ചകളുള്ളതെന്ന് തിരിച്ചറിയും. ജീവിതം മുഴുവന്‍ ഹംദിനാലും തസ്ബീഹിനാലും നിറമുള്ളതാകും.
l