റിട്ട. ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ സര്‍വീസ് കാലത്തെ മറക്കാനാകാത്ത അനുഭവം പങ്കുവെക്കുന്നു
സര്‍ക്കാര്‍ സര്‍വീസ് കാലത്ത് സന്തോഷവും സങ്കടവും സംഘര്‍ഷവും നിറഞ്ഞ ഒട്ടനവധി സന്ദര്‍ഭങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ടാകും. പ്രത്യേകിച്ച്, ജീവനുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക്. ചില കാര്യങ്ങളെല്ലാം സര്‍വീസ് കഴിഞ്ഞാലും ഇടയ്ക്കിടെ ബോധമനസ്സിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരിക്കും.
1998-ല്‍ ആദ്യമായി കോഴിക്കോട് വെള്ളിമാട്കുന്ന് ഗവണ്‍മെന്റ് ജുവനൈല്‍ ഹോമില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ഓര്‍ഡര്‍ കിട്ടിയപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി.
'ജുവനൈല്‍ ഹോം എന്നാല്‍ കുട്ടികളുടെ ജയിലാണെന്നും, അനുസരണയില്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികളെയാണ് അവിടെ കൊണ്ടിടുന്നതെന്നും, കുട്ടികള്‍ ചാടിപ്പോയാല്‍ ജോലിയില്‍നിന്ന് ഡിസ്മിസ് ചെയ്യും, ശമ്പളം കുറവാണെങ്കിലും ഇപ്പോള്‍ ചെയ്യുന്ന ജോലി തന്നെയാണ് നല്ലത്' എന്നെല്ലാം (ആ സമയത്ത് ഞാന്‍ ഒരു പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ടീച്ചറായിരുന്നു).
സ്‌കൂളിലേക്കും കോളേജിലേക്കും പോകുമ്പോള്‍ ഞാനും കണ്ടിട്ടുണ്ട്, പച്ച കളറില്‍ ഫ്ളീറ്റ്സ് തീരെയില്ലാത്ത പാവാടയും ക്രീം നിറത്തിലുള്ള ബ്ളൗസുമിട്ട, മുടി പറ്റെ വെട്ടിയ പെണ്‍കുട്ടികളെയും, മെറൂണ്‍ കളര്‍ ട്രൗസര്‍ ഒരു കൈകൊണ്ട് ഇടക്കിടെ പിടിച്ച് അരയിലേക്ക് കയറ്റിക്കൊണ്ട് ബട്ടണ്‍സില്ലാത്ത ക്രീം കളര്‍ ഷര്‍ട്ടിട്ട മുടി മൊട്ടയടിച്ച ആണ്‍കുട്ടികളെയും. അവരെല്ലാം മണ്‍വെട്ടി കൊണ്ട് കൊത്തിക്കിളക്കുന്നതും, പുല്ല് പറിക്കുന്നതും അടിച്ചുവാരുന്നതും കണ്ടിട്ടുണ്ട്. അവര്‍ കൃത്യമായി പണിയെടുക്കുന്നുണ്ടോ, ചാടിപ്പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ രണ്ട് മൂന്ന് ജോലിക്കാരും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടാകും. പോരാത്തതിന് കൊമ്പന്‍ മീശയുള്ള, കാക്കി നിക്കറും ഷര്‍ട്ടും ധരിച്ച് കൈയില്‍ വടിയുമായി, ഗേറ്റ് സെക്യൂരിറ്റിമാരെന്ന് തോന്നിക്കുന്ന ഒരാളും. ജുവനൈല്‍ ഹോം ഗേറ്റിന് മുന്നിലെത്തുമ്പോള്‍ ഒരല്‍പം പേടിയോടെ തന്നെയായിരുന്നു ഞാനും നോക്കിയിരുന്നത്.
ഏതായാലും ആ നിഗൂഢമായ അന്തരീക്ഷത്തിലേക്ക് പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. എന്ത് തന്നെയായാലും സര്‍ക്കാര്‍ ജോലിയല്ലേ, നല്ല ശമ്പളവും ഭാവിയില്‍ നല്ല പ്രമോഷനും. ഞാനന്ന് നാല് മാസം ഗര്‍ഭിണിയായിരുന്നു. നൈറ്റ് ഷിഫ്റ്റ് ഉണ്ടായിരിക്കും. അതായിരുന്നു മുഖ്യ പ്രശ്നം.
നൈറ്റ് ഷിഫ്റ്റില്‍ കയറുന്ന ദിവസങ്ങളില്‍ 'ഹോസ്പിറ്റല്‍ കേസുകളൊന്നും ഉണ്ടാവരുതേ' എന്ന പ്രാര്‍ഥനയോടെയായിരിക്കും ഓരോ ഡ്യൂട്ടിക്കാരും സ്ഥാപനത്തിന്റെ പടികള്‍ കയറുക. ഊണും ഉറക്കവുമില്ലാതെ, രാപ്പകലില്ലാതെ കുട്ടികള്‍ക്ക് ഹോസ്പിറ്റലില്‍ കൂട്ടിരിക്കേണ്ടിവരും. മെഡിക്കല്‍ കോളേജും ബീച്ച് ആശുപത്രിയും കുതിരവട്ടം ഭ്രാന്താശുപത്രിയുമെല്ലാം ആദ്യമായി കാണുന്നത് ജുവനൈല്‍ ഹോമില്‍ ജോലി കിട്ടിയതിന് ശേഷമാണ്.
അഞ്ച് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികള്‍. ജാതിയും മതവും ദേശ വ്യത്യാസങ്ങളുമില്ലാതെ ബാലവേല, ഭിക്ഷാടനം, ലൈംഗിക പീഡനം തുടങ്ങി വിവിധ പ്രശ്നങ്ങളുമായി എത്തിപ്പെടുന്നവര്‍. കുട്ടിത്തത്തിന്റെ നിഷ്‌കളങ്കമായ പുഞ്ചിരി അന്യം നിന്നുപോയ ബാല്യ- കൗമാരങ്ങള്‍. ദേഷ്യവും വാശിയും കലഹവുമായി ചിലര്‍ രാപ്പകലുകള്‍ കഴിച്ചുകൂട്ടുമ്പോള്‍ മറ്റു ചിലര്‍ നിശ്ശബ്ദമായി തേങ്ങിക്കൊണ്ട് ഓരോ ഡ്യൂട്ടിക്കാരുടെയും പിന്നാലെ സാരിത്തുമ്പും പിടിച്ചങ്ങനെ ചിണുങ്ങിക്കൊണ്ട് നടക്കുന്നുണ്ടാകും. ഫെഡോഫീലിയക്കാരുടെ ക്രൂരതകള്‍ക്ക് ഇരയാകേണ്ടിവന്ന അഞ്ചും ആറും വയസ്സുള്ള കുരുന്നു ബാല്യങ്ങളുടെ മുഖം കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയാണ്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ മനസ്സിലാക്കി, കുട്ടികളോടൊന്നിച്ചുള്ള ഈ ജോലി തന്നെയാണ് എനിക്ക് ഏറ്റവും അനുയോജ്യമായത് എന്ന്.
പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് സ്വന്തം മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളിലും സംരക്ഷണത്തിലും വളരാന്‍ അവസരം കിട്ടാതെ പോയവരാണ് ഇവര്‍. കുട്ടികളെ മനസ്സിലാക്കി അവരുടെ പെരുമാറ്റങ്ങളും സ്വഭാവങ്ങളും പ്രശ്നങ്ങളും കൃത്യമായി അറിഞ്ഞ് അതിനനുസരിച്ച് അവരോളം താഴ്ന്ന് ഫ്ളക്സിബ്ളായി ഇടപെടാന്‍ കഴിയണം. കറകളഞ്ഞ ആത്മാര്‍ഥതയും അര്‍പ്പണ ബോധവും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ കുട്ടികളുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
സ്‌കൂളില്‍നിന്നും കോളേജില്‍നിന്നും ജുവനൈല്‍ ഹോം എന്ന് പറയുമ്പോള്‍ കുറ്റം ചെയ്ത കുട്ടികള്‍ എന്ന രീതിയില്‍ പുച്ഛത്തോടെയാണ് നോക്കിക്കാണുന്നത് എന്ന് പരാതി പറഞ്ഞപ്പോള്‍, ഡയറക്ടര്‍ അത് അംഗീകരിക്കുകയും ജുവനൈല്‍ ഹോം എന്ന പേര് ചില്‍ഡ്രന്‍സ് ഹോം എന്നാക്കുകയും ചെയ്തു.
ആണ്‍കുട്ടികളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യവെ ഒരു ദിവസം നൈറ്റ് ഷിഫ്റ്റില്‍ കയറാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് രമയുടെ ഫോണ്‍ കോള്‍.
'ഇന്ന് ഹോമിലേക്ക് വരേണ്ട. ഡ്യൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത് കുതിരവട്ടം മാനസിക കേന്ദ്രത്തിലേക്കാണ്, ബാക്കിയെല്ലാം അവിടെയെത്തിയതിന് ശേഷം പറയാം.' രാവിലെ 9 മണിക്ക് സ്ഥാപനത്തില്‍നിന്ന് വീട്ടിലേക്ക് പോരുമ്പോള്‍, കുട്ടികള്‍ക്ക് ആര്‍ക്കും തന്നെ ഒരസുഖവും ഉണ്ടായിരുന്നില്ല. ചില്‍ഡ്രന്‍സ് ഹോം കോംപ്ലക്സിനകത്ത് തന്നെയുള്ള സി.എസ്.യു.പി സ്‌കൂളിലേക്ക് എല്ലാവരും സന്തോഷത്തോടെയാണ് പോയത്. പിന്നെന്താണാവോ സംഭവിച്ചത്! ഓരോ ദിവസവും എന്തെങ്കിലും ഗുലുമാലുകള്‍ കുട്ടികള്‍ ഒപ്പിച്ചുവെക്കാറുണ്ട്. പലതരത്തിലുള്ള ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.
ആദ്യമായിട്ടാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നത്. ബസ്സ് സര്‍വീസുള്ള സ്ഥലങ്ങളിലേക്ക് ഓട്ടോ ചാര്‍ജിനുള്ള യാത്രാ ബത്ത അനുവദിക്കില്ല. പെട്ടെന്ന് തന്നെ അവിടെയെത്തണം. വീട്ടിലെ കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരാന്‍ കാത്തുനിന്നാല്‍ ലേറ്റാവും. നൈറ്റ് ഷിഫ്റ്റ് ദിവസങ്ങളില്‍ സ്വന്തം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും സ്‌കൂള്‍വിട്ട് വരുന്നതും അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. വീട്ടില്‍ അവരെ നോക്കാന്‍ ആളുണ്ടല്ലോ എന്ന സമാധാനം.
ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നപ്പോള്‍ തന്നെ നെഞ്ചിടിപ്പിന്റെ വേഗത കൂടി. കുട്ടികളുടെ വാര്‍ഡ് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്ന് കാണാന്‍ കഴിഞ്ഞില്ല. പുരുഷന്മാരുടെ വാര്‍ഡ് എന്ന് എഴുതിയ വാര്‍ഡിലൂടെ നടന്നപ്പോള്‍ രമ വരാന്തയില്‍ എന്നെ കാത്ത് നില്‍ക്കുന്നു. അവര്‍ ആകെ ക്ഷീണിച്ചിരുന്നു.
'ഒന്നും പറയേണ്ട ജമീ... ഇന്ന് ഒരു വല്ലാത്ത ദിവസം തന്നെയായിരുന്നു.'
അവര്‍ കുപ്പിയില്‍ നിന്നും അല്‍പം വെള്ളം കുടിച്ചു. ഇതിനിടയില്‍ ഞാന്‍ അടുത്തുള്ള ബെഡിലേക്കെല്ലാം നോക്കി, ആരാണ് അഡ്മിറ്റായത്? വെള്ളം കുടിച്ചുകഴിഞ്ഞു രമ എന്നെ രോഗികള്‍ കിടക്കുന്ന കട്ടിലിനടുത്തേക്ക് കൊണ്ടുപോയി. കട്ടിലില്‍ രാജേഷ് നല്ല മയക്കത്തിലാണ്. പെട്ടെന്ന് എന്താണ് സംഭവിച്ചത്? അവന്‍ ഹോമില്‍ വന്നതിനുശേഷം യാതൊരു മാനസിക അസ്വസ്ഥതകളും കാണിച്ചിരുന്നില്ല!
രമ പറഞ്ഞുതുടങ്ങി...
'സ്‌കൂളില്‍നിന്ന് ടോയ്ലറ്റില്‍ പോകാന്‍ വേണ്ടി അവന്‍ വന്നു. കുറെ നേരം കഴിഞ്ഞിട്ടും അവനെ കാണാതിരുന്നപ്പോള്‍ ആയ ഗീത അവനെ തിരക്കി ചെന്നു. വരാന്തയില്‍ നിറയെ വെള്ളം. ബാത്ത്റൂമില്‍ രാജേഷ് ടാപ്പ് പൂട്ടാതെ കുളിക്കുകയാണ്. അവനെ പിടിച്ചുകൊണ്ടുവന്നു തുടച്ചു ഡ്രസ്സ് മാറ്റിക്കൊടുത്തു. അപ്പോഴാണ് സൂപ്രണ്ട് വന്നു പറഞ്ഞത്, 11 മണിക്ക് ഗേള്‍സ് ഹോം ഓഡിറ്റോറിയത്തില്‍വെച്ച് വിനോദ് കോവൂരിന്റെ പ്രോഗ്രാം ഉണ്ടെന്നും കുട്ടികളെ അവിടേക്ക് കൊണ്ടുപോകണമെന്നും. അതു കേട്ടതും രാജേഷിന്റെ ഉത്സാഹം കൂടി. അവന്‍ വേഗം പോയി, പരിപാടികള്‍ക്ക് പോകുമ്പോള്‍ ധരിക്കാന്‍ വെച്ചിരുന്ന ഡ്രസ്സുകളുടെ കവറില്‍നിന്ന് അവന്റെ പേരെഴുതിയ നിക്കറും ഷര്‍ട്ടും എടുത്തുധരിച്ച് കണ്ണാടിയില്‍ നോക്കി. പൗഡര്‍ ടിന്നെടുത്ത് മുഖത്തും കഴുത്തിലും വാരി പൂശി. ഒരു ജോക്കറെപ്പോലെ ഗോഷ്ടി കാണിച്ചു കൊണ്ട് നിന്നു. അവന്റെ പ്രവൃത്തികളെല്ലാം സൂപ്രണ്ട് ദൂരെ മാറിനിന്ന് കാണുന്നുണ്ടായിരുന്നു. ആയ അവന്റെ മുഖത്തെ പൗഡര്‍ തുടച്ചുകൊടുത്തു, ഷര്‍ട്ടിന്റെ ബട്ടണ്‍ നേരെയിട്ടു. സൂപ്രണ്ട് അവനെയും കൊണ്ട് ഓഡിറ്റോറിയത്തിലേക്ക് പോയി. ബാക്കി കുട്ടികളെയും കൊണ്ട് രമയും.
പ്രോഗ്രാം തുടങ്ങി. ഇടക്കിടെ സംഘാടകര്‍ കുട്ടികളെയും പാട്ടുപാടാന്‍ പ്രോല്‍സാഹിപ്പിച്ചു. രാജേഷും മൈക്ക് വാങ്ങി പാടാന്‍ തുടങ്ങി. ഒരു പാട്ടുപാടി പിന്നെയും പിന്നെയും അവന്‍ നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു. മൈക്ക് ആര്‍ക്കും തന്നെ കൈമാറാന്‍ അവന്‍ കൂട്ടാക്കിയില്ല. അവന്റെ മാനസിക നില ശരിയല്ലെന്ന് മനസ്സിലാക്കിയ സൂപ്രണ്ട് നയപരമായി അവനില്‍നിന്ന് മൈക്ക് വാങ്ങി അവനെ രമയെ ഏല്‍പിച്ചു. രമ അവനെയും കൊണ്ട് ഹോമിലേക്ക് തന്നെ തിരികെ പോന്നു. ഹോമിലെത്തിയിട്ടും അവന്‍ അസാധാരണമായ പെരുമാറ്റം കാണിച്ചുകൊണ്ടിരുന്നു. വീണ്ടും കുളിച്ചുവന്നു ഡ്രസ്സുകള്‍ മാറി. പിന്നെ അക്രമസ്വഭാവവും കാണിക്കാന്‍ തുടങ്ങിയതോടെ കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കി സൂപ്രണ്ടിനെ വിവരം അറിയിച്ചു. സൂപ്രണ്ടും ഞാനും ഗേറ്റ്വാച്ച്മാനും കൂടിയാണ് രാജേഷിനെ കുതിരവട്ടത്തേക്ക് കൊണ്ടുവന്നത്. സഡേഷന്‍ കൊടുത്ത് മയക്കിയതാണ്.'
രമ പറഞ്ഞു നിര്‍ത്തി.
രാജേഷിന് കൊടുക്കാനുള്ള മെഡിസിനും എന്നെയേല്‍പിച്ചു അവര്‍ പോയി.
ഞാന്‍ കട്ടിലിനടുത്തുള്ള സ്റ്റൂളില്‍ ഇരുന്നു. അവിടെയുള്ളവരില്‍ ആരാണ് രോഗിയെന്നും ആരാണ് ബൈസ്റ്റാന്‍ഡര്‍ എന്നും എനിക്ക് മനസ്സിലായില്ല. ഞാനാകെ വെപ്രാളത്തിലായി. അതുവഴി മെഡിസിനുമായി വന്ന വാര്‍ഡ് സിസ്റ്റര്‍ ഇത് മനസ്സിലാക്കി അവിടെയുള്ള ഓരോരുത്തരെയും അവരവരുടെ കട്ടിലില്‍ പോയി കിടക്കാന്‍ പറഞ്ഞ് ദേഷ്യപ്പെട്ടു. യുവാക്കളും മുതിര്‍ന്ന ആളുകളുമായിരുന്നു വാര്‍ഡില്‍ ഉണ്ടായിരുന്നത്. കുട്ടികളെ ആരെയും അവിടെ അഡ്മിറ്റ് ചെയ്തതായി കണ്ടില്ല. കുട്ടികള്‍ക്കു വേണ്ടി പ്രത്യേക വാര്‍ഡും ഉണ്ടായിരുന്നില്ല. ഞാന്‍ രാജേഷിനെ നോക്കി. അവന്‍ നല്ല മയക്കത്തിലാണ്.
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് അവനെ രണ്ട് പോലീസുകാര്‍ ബോയ്സ് ഹോമിലേക്ക് കൊണ്ടുവന്നത്. ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അവനെ കിട്ടുന്നത്. 12 വയസ്സ് പ്രായം. ഒമനത്തമുള്ള മുഖം. അല്‍പം തടിച്ച പ്രകൃതം. കൊഞ്ചിയുള്ള സംസാരം. എല്ലാവരും ഇഷ്ടപ്പെടുന്ന പ്രകൃതമായിരുന്നു. പെട്ടെന്ന് തന്നെ അവന്‍ സ്ഥാപനവുമായി ഇണങ്ങിച്ചേര്‍ന്നു. തമിഴായിരുന്നു ഭാഷ. മലയാളം ഒരു മാസമാകുന്നതിന് മുമ്പേതന്നെ നന്നായി പറയാന്‍ പഠിച്ചു. കൂടുതല്‍ സമയവും എന്റെ പിറകെ തന്നെയുണ്ടാകും. അവനിഷ്ടപ്പെട്ട പാട്ടുകള്‍ പാടും. രജനീകാന്തിന്റെ സിനിമകളിലെ ആക്ഷന്‍ കാണിക്കും. വീട്ടുകാരെ കുറിച്ച് ചോദിച്ചാല്‍ ഒന്നും മിണ്ടാതെ തലയും താഴ്ത്തി സങ്കടത്തോടെയിരിക്കും. ഒരു ദിവസം സൂപ്രണ്ടാണ് പറഞ്ഞത്, അവന്റെ അച്ഛനും അമ്മയും അനിയനും ഒരു ആക്സിഡന്റില്‍ പെട്ട് മരിച്ചതാണെന്ന്.
രാജേഷ് ഒന്ന് ഞരങ്ങി ചരിഞ്ഞ് കിടന്നു. എന്റെ ഉള്ളൊന്ന് കാളി. ഉണര്‍ന്നാല്‍ കുട്ടിയുടെ സ്വഭാവം എങ്ങനെയായിരിക്കും. വയലന്റാകുമോ...? അപ്പോഴേക്കും നഴ്സ് വന്നു. അവനെ വിളിച്ചുണര്‍ത്തി. അവന്‍ പതുക്കെ കണ്ണുകള്‍ തുറന്നു ചാടിയെണീറ്റു, ഞാനെവിടെയാണെന്ന് ചോദിച്ചു, ചുറ്റിലും നോക്കി. എന്നിട്ട് വയറുഴിഞ്ഞ്, പശിക്കണ് ടീച്ചറെ, ചോറ് താ എന്ന് പറഞ്ഞുകൊണ്ട് ചിണുങ്ങാന്‍ തുടങ്ങി. ഞാന്‍ ബാഗ് തുറന്ന് വീട്ടില്‍നിന്ന് കൊണ്ടുവന്ന ടിഫിന്‍ അവന്റെ മുന്നില്‍ വെച്ചു. അവന് സന്തോഷമായി. കഴിക്കുന്നതിനിടയില്‍ നല്ല ടേയ്സ്റ്റ് ടീച്ചറെ എന്ന് ഇടക്കിടെ പറയുന്നുണ്ടായിരുന്നു.
രാത്രിയില്‍ കൊടുക്കേണ്ട മരുന്ന് വാങ്ങിക്കാനുള്ള ബെല്ലടിച്ചു.
ഞാന്‍ നഴ്സസ് സ്റ്റേഷന്റെ അടുത്ത് മരുന്ന് വാങ്ങിക്കാന്‍ നിന്നു. പേര് വിളിക്കുന്നതനുസരിച്ച് ഓരോരുത്തരും മരുന്ന് വാങ്ങിച്ചു. പെട്ടെന്ന് എന്റെ ഷോള്‍ഡറില്‍ രണ്ട് കൈകള്‍ ശക്തമായി അമരുന്നത് പോലെ. ഞാന്‍ പേടിച്ച് ആര്‍ത്തു വിളിച്ചു തിരിഞ്ഞു നോക്കി. ഒരു യുവാവ് തുറിച്ചു നോക്കിക്കൊണ്ട് എന്റെ തൊട്ടടുത്ത്. എന്റെ ശ്വാസം നിലച്ചപോലെ. അപ്പോഴേക്കും വാര്‍ഡിലെ എല്ലാവരും ഓടിക്കൂടി. ആ യുവാവിനെ ഒരു അറ്റന്‍ഡര്‍ വന്ന് കൂട്ടിക്കൊണ്ട് പോയി. ആരെല്ലാമോ എന്റടുത്ത് വന്ന് എന്നെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
കുറെ സമയത്തിന് ശേഷമാണ് എന്റെ നെഞ്ചിടിപ്പിന്റെ വേഗത കുറഞ്ഞത്. രാജേഷ് ആ യുവാവിനെ തമിഴില്‍ എന്തെല്ലാമോ വഴക്ക് പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ ഒന്നും മിണ്ടാതെ അപ്പോഴും എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
സമയം 8 മണി കഴിഞ്ഞു. വാര്‍ഡില്‍ ചിലര്‍ അസ്വസ്ഥതയോടെ മുറുമുറുത്തു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ചിലര്‍ അലറുകയും മുരളുകയും ചെയ്യുന്നു. ചിലര്‍ എന്തോ കണ്ടിട്ടെന്നപോലെയും കേട്ടിട്ടെന്ന പോലെയും ഒറ്റക്ക് സംസാരിക്കുന്നു... ഇത് മറ്റൊരു ലോകം.
വീട്ടില്‍നിന്ന് വന്നതിന് ശേഷം മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിട്ടില്ല. തൊണ്ട വരണ്ടു നാഭി കനത്തു. അടുത്ത ബെഡ്ഡിലെ ബൈസ്റ്റാന്‍ഡറെ കൂടെ കൂട്ടി ഞാന്‍ ബാത്ത്റൂമില്‍ പോകാനൊരുങ്ങി. ഞങ്ങളുടെ പിന്നാലെ രാജേഷും പോന്നു. ബാത്റൂമിന്റെ ഡോറിന് ലോക്ക് ഇല്ലായിരുന്നു. ഞാന്‍ ബാത്ത്റൂമില്‍ നിന്ന് വരുന്നതു വരെ രാജേഷ് ഡോര്‍ പുറത്ത് നിന്നും വലിച്ചു പിടിച്ച് ആരെങ്കിലും വരന്നുണ്ടോയെന്നും നോക്കി എനിക്ക് കാവല്‍ നിന്നു. ഒരു രക്ഷകനെ പോലെ. അവന്‍ ഉറങ്ങാതിരിക്കുന്ന സമയത്തെല്ലാം ഞാന്‍ ടോയ്ലറ്റില്‍ പോകുമ്പോഴും വരാന്തയിലിരിക്കുമ്പോഴും എന്നെ മറ്റു രോഗികള്‍ ഉപദ്രവിക്കുന്നുണ്ടോ എന്ന് വീക്ഷിച്ചു. എന്റടുത്തേക്ക് ആരെങ്കിലും വരുമ്പേഴേക്കും അവനും ഓടിയെത്തും.
മണി 9 കഴിഞ്ഞു. രോഗികള്‍ക്ക് കൂട്ടിരിക്കുന്ന സ്ത്രീകളെല്ലാം മുകളിലെ വരാന്തയിലാണ് ഉറങ്ങാന്‍ കിടക്കുന്നത്. സ്ത്രീകളെല്ലാം പായയും ഷീറ്റുമെടുത്ത് അങ്ങോട്ട് പോകാനൊരുങ്ങി. ഞാന്‍ സംശയിച്ചു, ഇവന്‍ കുട്ടിയല്ലേ, ഞാനെങ്ങനെ ഇവനെ തനിച്ചാക്കി പോകും. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ രാജേഷിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ തുടങ്ങി. അവന്‍ വരാന്തയിലേക്ക് നടന്നു പാട്ടുപാടി ചിരിക്കുകയും ഇടക്ക് സങ്കടപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ക്രമേണ അവന്‍ വയലന്റായി. അറ്റന്‍ഡര്‍മാര്‍ അവനെ ബലമായി പിടിച്ചുകൊണ്ടുവന്ന് കട്ടിലില്‍ കിടത്തി സഡേഷന്‍ കൊടുത്തു.
വാര്‍ഡില്‍ പലരും ഉറങ്ങിയിട്ടില്ല. വയലന്റാകുന്നവര്‍ക്കെല്ലാം ഉറക്കത്തിനുള്ള മെഡിസിന്‍ കൊടുത്തുകാണും. രാജേഷിനെ ഒറ്റക്കാക്കി പോരാന്‍ എനിക്ക് മനസ്സുണ്ടായിരുന്നില്ല. മുകളില്‍ സ്ത്രീകളെല്ലാം നല്ല ഉറക്കത്തിലായിരുന്നു. നിലത്ത് ഷീറ്റ് വിരിച്ചു കാലുംനീട്ടി ചുമരും ചാരി ഇരുന്നു. എന്റെ ചിന്ത രാജേഷില്‍ തന്നെ ഉടക്കി നിന്നു.
എന്തായിരിക്കും അവന്റെ മാനസിക രോഗത്തിന് കാരണം. ബയോളജിക്കല്‍ ഫാക്ടര്‍ ആയിരിക്കുമോ, അതോ സൈക്കോ സോഷ്യല്‍ ഫാക്ടറോ? അമ്മയും അഛനും അനിയനും ആക്സിഡന്റില്‍ മരിച്ചത് കുട്ടി നേരിട്ട് കണ്ടിരിക്കുമോ? ഓരോന്ന് ആലോചിച്ചുകൊണ്ട് ഇരുന്നിടത്ത് നിന്ന് എപ്പോഴോ ഒന്ന് കണ്ണ് മാളി.
അഞ്ച് മണിക്ക് മരുന്നിനുള്ള ബെല്ലടി കേട്ടാണ് ഉണര്‍ന്നത്.
പിന്നില്‍നിന്ന് സൂപ്രണ്ടിന്റെ ജമീല, എന്ന വിളി. എനിക്ക് നല്ല ആശ്വാസം തോന്നി. രാത്രിയില്‍ ഉണ്ടായ സംഭവങ്ങളെല്ലാം ഞാന്‍ സൂപ്രണ്ടിനോട് പറഞ്ഞു. സൂപ്രണ്ടിനും ഇതെല്ലാം ആദ്യത്തെ അനുഭവമായിരുന്നു. രാജേഷ് ഉണരാനുള്ള പുറപ്പാടിലാണ്. സൂപ്രണ്ട് അവനെ തൊട്ടുവിളിച്ചു. അവന്‍ കണ്ണുകള്‍ തിരുമ്മി. സൂപ്രണ്ടിനെ കണ്ടതും അവന്‍ ചാടി എഴുന്നേറ്റു. അവന് സന്തോഷമായി.
രണ്ടാഴ്ചയോളം അവനെയും കൊണ്ട് ഹോസ്പിറ്റലില്‍ നില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ ഒരു ദിവസം അവന്‍ ഹോസ്പിറ്റലിന്റെ ബില്‍ഡിംഗിന് മുകളില്‍ കയറി ചാടാന്‍ നോക്കി. മണിക്കൂറുകളോളം അവന്‍ ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി. ഡിസ്ച്ചാര്‍ജ് ചെയ്തു പോരുമ്പോള്‍ മരുന്ന് തുടര്‍ന്ന് കൊടുക്കണമെന്നും ഓരോ മാസവും വന്ന് കാണിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. പിന്നീട് അവന്‍ യാതൊരു വിധത്തിലുള്ള മാനസിക അസ്വസ്ഥതകളും കാണിച്ചതായി കണ്ടിട്ടില്ല.
*** *** ***
പതിനാല് വയസ്സ് തികഞ്ഞ കുട്ടികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ഡയരക്ട്രേറ്റില്‍നിന്ന് ഓര്‍ഡര്‍ വന്നു. കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. തമിഴ്നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട കുട്ടികളുടെ ലിസ്റ്റില്‍ രാജേഷും ഉള്‍പ്പെട്ടിരുന്നു. അസംബ്ലിയില്‍ വെച്ച് ട്രാന്‍സ്ഫര്‍ ചെയ്യുന്ന കുട്ടികളുടെ ലിസ്റ്റ് വായിച്ചു കേള്‍പ്പിച്ചപ്പോള്‍ പലര്‍ക്കും സങ്കടമായി. പലരും ഡോര്‍മിറ്ററിയില്‍ കയറി വാതിലടച്ചു. പല കുട്ടികളും അത്തരം സ്ഥാപനങ്ങളില്‍ നിന്നും ചാടിപ്പോന്നവരായിരുന്നു. തിരിച്ച് അങ്ങോട്ട് പോകാന്‍ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പോലീസ് എസ്‌കോര്‍ട്ടില്‍ അവരെയെല്ലാം പറഞ്ഞയക്കുമ്പോള്‍ സ്ഥാപനത്തിലെ ബാക്കി കുട്ടികളും സങ്കടപ്പെടുന്നുണ്ടായിരുന്നു.
ഓരോ ദിവസവും പലയിടങ്ങളില്‍നിന്നായി പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ ഇവിടേക്ക് എത്തിപ്പെടുന്നു. സ്ഥാപനവുമായി പൊരുത്തപ്പെടുന്നതിന് മുമ്പേ ഇവരെ രക്ഷപ്പെടുത്താനുള്ള പല ശ്രമങ്ങളും നടത്താറുണ്ട്.
2008ല്‍ കുടുംബത്തോടൊപ്പം തമിഴ്നാട്ടില്‍ പോയപ്പോള്‍ വില്‍പുരത്തെ സ്ഥാപനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ട്രാന്‍സ്ഫര്‍ ചെയ്ത കുട്ടികളെ കാണണം, പ്രത്യേകിച്ച് രാജേഷിനെ.
സ്ഥാപനത്തിലേക്ക് കയറുമ്പോള്‍ ഞാന്‍ അന്തംവിട്ടു. കാക്കി നിക്കറും വെള്ള കൈയുള്ള ഇന്നറും ധരിച്ച് കൊമ്പന്‍ മീശയുള്ള രണ്ട് തടിമാടന്മാര്‍. അവരില്‍ ഒരാള്‍ പുറത്തിട്ട ബെഞ്ചില്‍ കിടന്നുറങ്ങുന്നു. മറ്റേയാള്‍ വരാന്തയിലിരുന്നു പുകവലിക്കുന്നു. കുട്ടികളുടെ സ്ഥാപനം ജയില്‍ വകുപ്പിന് കീഴിലായിരുന്നപ്പോഴുള്ള അവസ്ഥ ഞാനോര്‍ത്തുപോയി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000 നിലവില്‍ വന്ന് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അത് ഇവരാരും അറിഞ്ഞില്ലെന്ന് തോന്നുന്നു. അവര്‍ അകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഒരു റൂം തുറന്നു കുട്ടികളെ ഞങ്ങള്‍ നില്‍ക്കുന്ന ഹാളിലേക്ക് വരിവരിയായി നിര്‍ത്തി. ഷര്‍ട്ടിടാത്ത നിക്കര്‍ മാത്രമിട്ട് വാരിയെല്ല് എണ്ണിയെടുക്കാന്‍ പാകത്തിലുള്ള മുപ്പതോളം കുട്ടികള്‍. അവര്‍ കൈ കൂപ്പിക്കൊണ്ട് ഞങ്ങളുടെ മുന്നില്‍ നാണത്തോടെ നിന്നു.
എന്റെ കണ്ണുകള്‍ രാജേഷിനെ തെരഞ്ഞു. ഒറ്റനോട്ടത്തില്‍ തന്നെ അക്കൂട്ടത്തില്‍ രാജേഷ് ഇല്ലെന്ന് എനിക്ക് മനസ്സിലായി. അവനുണ്ടായിരുന്നെങ്കില്‍ ടീച്ചറേ എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിക്കുമായിരുന്നു.
ഞങ്ങള്‍ അന്വേഷിക്കുന്ന കുട്ടികള്‍ അവരില്‍ ഇല്ലെന്ന് മനസ്സിലാക്കിയ വാര്‍ഡന്‍ പറഞ്ഞു. ഇവിടുത്തെ അസൗകര്യം കാരണം കുറേ കുട്ടികളെ സേലത്തുള്ള സ്ഥാപനത്തിലേക്ക് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മാറ്റിയെന്ന്. എനിക്ക് വല്ലാത്ത നിരാശയും സങ്കടവും തോന്നി. രാജേഷിന്റെ കൈയില്‍ കൊടുക്കാന്‍ കരുതിയിരുന്ന സ്വീറ്റ്സിന്റെ പാക്കറ്റ് കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി വാര്‍ഡനെ ഏല്‍പിച്ചു.
വല്ലാത്തൊരവസ്ഥയോടെ ഞങ്ങള്‍ അവിടെനിന്ന് മടങ്ങി. വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള ചില്‍ഡ്രന്‍സ് ഫെസ്റ്റ്, പൂര്‍വ ഇന്‍മേറ്റ്സ് സംഗമം എന്നിവ നടക്കുമ്പോള്‍ കേരളത്തിലുള്ള പലരും ഇപ്പോഴും കുടുംബത്തോടൊപ്പം പങ്കെടുക്കാറുണ്ട്. ചിലരെല്ലാം വിളിക്കാറുണ്ട്. വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. രാജേഷിനെ കുറിച്ച് ഇടക്കെല്ലാം ഓര്‍ക്കും. ഓരോ വര്‍ഷവും ചില്‍ഡ്രന്‍സ് ഹോം കവാടത്തിലൂടെ നിരവധി കുട്ടികള്‍ കടന്നുവരികയും പോവുകയും ചെയ്യുന്നു. ചിലരുടെയെല്ലാം പേരുകളും മുഖങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
l