ടൈറ്റാനിക് മുതല്‍ ടൈറ്റന്‍ വരെ വിഗ്രഹങ്ങള്‍ വീണുടയുമ്പോള്‍

അലവി ചെറുവാടി
ആഗസ്റ്റ് 2023

'You can't see your hand in front of your face'-
ടൈറ്റാനിക് വിദഗ്ധന്‍ ടിം മാര്‍ട്ടിന്റെ ആഴക്കടലിനെ കുറിച്ച പ്രസ്താവനയാണിത്. വിശുദ്ധ ഖുര്‍ആനിലെ അന്നൂര്‍ അധ്യായം 40ാം വചനം ഇവിടെ പ്രസക്തമാവുന്നുണ്ട്: ''അല്ലെങ്കില്‍ അവന്റെ (സത്യനിഷേധിയുടെ) അവസ്ഥ ആഴക്കടലിന്റെ ഇരുട്ടുകളില്‍ അകപ്പെട്ടതു പോലെയാണ്. തിര അവനെ മൂടുന്നു. അതിനു മീതെയും തിര. അതിനു മീതെ കാര്‍മേഘം. ഒന്നിനു മീതെ ഒന്നായി കട്ടപിടിച്ച ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കിട്ടാല്‍ അതുപോലും കാണാനാകുന്നില്ല.''
ദൈവിക സത്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവന്റെ അവസ്ഥയെയാണ് ഈ ഖുര്‍ആന്‍ വചനം പ്രതിപാദിക്കുന്നതെങ്കിലും സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയ പ്രതിഭാസങ്ങളുടെ ഏകദേശ ചിത്രം ഇത് വ്യക്തമാക്കിത്തരുന്നുണ്ട്. അടിയില്‍ കൂരിരുട്ട്. മുകളില്‍ ഒന്നിനു മീതെ ഒന്നായി അലയടിച്ചെത്തുന്ന തിരമാലകളുടെ ഇരുട്ട്. അതിനു മീതെ മൂടിനില്‍ക്കുന്ന കാര്‍മേഘങ്ങളുടെ ഇരുട്ട്. സര്‍വോപരി രാത്രിയുടെ ഇരുട്ട്. അങ്ങനെ ഇരുട്ടോടിരുട്ട്. ആ ഘനാന്ധകാരത്തില്‍ സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാന്‍ കഴിയാത്തത്ര കൂരിരുട്ട്.
വിശുദ്ധ ഖുര്‍ആന്‍ 43 സ്ഥലങ്ങളില്‍ സമുദ്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നു; ഒട്ടനേകം പ്രവാചക വചനങ്ങളിലും. നന്മയുടെയും പ്രയോജനത്തിന്റെയും മാധ്യമമായി; രക്ഷകന്റെയും ശിക്ഷകന്റെയും റോളില്‍; രുചികരമായ ഭക്ഷ്യ വസ്തുക്കളുടെ ഉറവിടമായി; വിലപിടിപ്പുള്ള ആഭരണങ്ങളുടെ നിര്‍മാണത്തിനുതകുന്ന വസ്തുക്കളുടെ വിളയിടമായി; സുഗന്ധ ദ്രവ്യങ്ങളുടെ ഉല്‍പാദനത്തിന് ഉപയുക്തമായ പദാര്‍ഥങ്ങള്‍ ലഭ്യമാവുന്ന ഇടമായി ഇങ്ങനെ പലതരത്തില്‍ ഉപകാരപ്രദമായ ഒന്നായി സമുദ്രത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഉപ്പു ജലവും ശുദ്ധ ജലവും ഒരിക്കലും തമ്മില്‍ കൂടിച്ചേരാതെ രണ്ടും രണ്ടായി തന്നെ വേര്‍പ്പെട്ടു നില്‍ക്കുന്ന, സമുദ്രാന്തര്‍ഭാഗത്തെ ഒരു മറ (ബര്‍സഖ്)യെപ്പറ്റി ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. ജലോപരിതലത്തില്‍ വസ്തുക്കള്‍ താഴോട്ട് ആണ്ടുപോകാതെ പൊങ്ങിക്കിടക്കുന്ന ചാവുകടലിലെ അത്ഭുത പ്രതിഭാസം ആരെയും അതിശയിപ്പിക്കുന്നതാണ്.
പൊതുവെ നാല് കിലോമീറ്ററാണ് സമുദ്രങ്ങളുടെ ഏകദേശ ആഴമെങ്കിലും പതിനൊന്ന് കിലോമീറ്റര്‍ വരെ ആഴമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളുള്ളതായും സമുദ്രശാസ്ത്രം നിഗമനത്തിലെത്തിയിട്ടുണ്ട്.
അത്യഗാധതതയില്‍ സംഭവിക്കുന്ന വിസ്ഫോടനം മൂലമുണ്ടാകുന്ന തിരമാലകളുടെ അതിശീഘ്രമായ (100 കി.മീ വേഗത്തില്‍) പ്രവാഹമാണ് സുനാമി പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കണ്ടെത്തുകയുണ്ടായി. മാത്രമല്ല, താഴോട്ട് പോകുന്തോറും അതിശക്തമായ ശൈത്യവും മര്‍ദവും കാണപ്പെടുന്നു. മനുഷ്യന്റെ ഭാവനകള്‍ക്കു പോലും അതീതമായ, പ്രത്യേക തരം ജീവി വര്‍ഗങ്ങള്‍ വിഹരിക്കുന്ന പ്രദേശമാണിതെന്ന് ഈയടുത്താണ് കണ്ടെത്താന്‍ കഴിഞ്ഞത്.
യൂറോപ്പില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് വാണിജ്യാവശ്യാര്‍ഥം യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെയും സമ്പന്നരായ യാത്രികരെയും വഹിക്കുന്ന ക്രൂയിസ് കപ്പലുകളുമായി മത്സരിക്കാന്‍ തക്ക വിധമാണ്, 3000 തൊഴിലാളികള്‍ രണ്ട് വര്‍ഷം അഹോരാത്രം അത്യധ്വാനം ചെയ്ത്, 3547 പേരെ ഉള്‍ക്കൊള്ളാന്‍ കെല്‍പുറ്റ ടൈറ്റാനിക് രൂപകല്‍പന ചെയ്തത്. ഏഴര ദശലക്ഷം (ഇന്ന് ഏകദേശം 192 ദശലക്ഷം) യു.എസ് ഡോളര്‍ ചെലവിട്ട് ജെ.പി മോര്‍ഗന്റെ ഉടമസ്ഥതയിലുള്ള ഇംഗ്ലണ്ടിലെ വൈറ്റ്സ്റ്റാര്‍ ലൈന്‍ കമ്പനിയാണ് ഭീമന്‍ ആഡംബര യാത്രാ കപ്പലായ ടൈറ്റാനിക് നിര്‍മിച്ചത്.
ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ തുറമുഖത്തുനിന്ന് ന്യൂയോര്‍ക്ക് നഗരം ലക്ഷ്യമാക്കി 1912 ഏപ്രില്‍ 10-നായിരുന്നു കന്നിയാത്ര. 2228 യാത്രക്കാരായിരുന്നു കന്നിയാത്രയില്‍. 'മനുഷ്യ മസ്തിഷ്‌കത്തിന് സാധിതമാകുന്നേടത്തോളം മികച്ചത്' - കപ്പലിന്റെ ഡിസൈനിംഗ് മോഡല്‍ നിര്‍വഹിച്ച, ടൈറ്റാനിക് നിര്‍മിച്ച ഹരാള്‍ഡ് ആന്റ് വോള്‍ഫ് കപ്പല്‍ നിര്‍മാണ കമ്പനിയുടെ ചീഫ് ഡിസൈനറായ തോമസ് ആന്‍ഡ്രൂസ് സുഹൃത്തിനോട് പറഞ്ഞതാണിത്.
യാത്ര തുടങ്ങി നാലു ദിവസം പിന്നിട്ടു. രാജകീയ കപ്പലില്‍ യാത്ര ചെയ്യാന്‍ കിട്ടിയ ഭാഗ്യമോര്‍ത്ത് യാത്രക്കാരെല്ലാം മതിമറന്നിരിക്കുകയാണ്. മണിക്കൂറില്‍ 42 കി.മീ. വേഗതയിലാണ് കപ്പല്‍. അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലകള്‍ കപ്പലോട്ടക്കാരുടെ പേടി സ്വപ്നമാണ്. യാത്രാ മാര്‍ഗത്തില്‍ മഞ്ഞുമലകളുള്ളതായി മുന്നറിയിപ്പ് സന്ദേശങ്ങള്‍ തുരുതുരെ ടൈറ്റാനിക്കിലേക്ക് വന്നുകൊണ്ടിരുന്നു. രാവിലെ 9 മണിക്ക് തന്നെ കരോണിയ എന്ന കപ്പലില്‍നിന്ന്, വഴിയില്‍ മഞ്ഞുപാളികളുണ്ട് എന്ന സന്ദേശം നല്‍കി. മഞ്ഞുകട്ടകള്‍ നിറഞ്ഞു കിടക്കുകയാണ് എന്ന സന്ദേശമാണ് 11-40ന് നൂര്‍ ഡാം എന്ന കപ്പല്‍ നല്‍കിയത്. വൈകുന്നേരമായതോടെ മരം കോച്ചുന്ന തണുപ്പ്. യാത്രക്കാരെല്ലാം പിറ്റെ ദിവസം ന്യൂയോര്‍ക്കില്‍ കാലുകുത്തുന്നതിന്റെ സ്വപ്ന ലഹരിയിലായിരുന്നു. ശൈത്യത്തിന്റെ കാഠിന്യം മൂലം വെള്ളം ഉറഞ്ഞ് മഞ്ഞുകട്ടയായിട്ടുണ്ട്. വയര്‍ലെസ് റൂമില്‍ അപായ സന്ദേശങ്ങളുടെ പ്രവാഹം. ഇതൊന്നും കപ്പിത്താനോ വയര്‍ലെസ് ഓപ്പറേറ്ററോ കാര്യമായെടുത്തില്ല. തീരത്തുനിന്ന് 600 കി.മീ അകലെയുള്ള പാതയിലൂടെ കപ്പല്‍ കുതിച്ചു പായുകയായിരുന്നു. അര്‍ധരാത്രിയോടടുത്തപ്പോള്‍ മുന്നില്‍ വലിയൊരു മഞ്ഞു മലയില്‍ കപ്പല്‍ ഇടിച്ചുതകരുകയാണുണ്ടായത്. രാത്രി മൂന്നുമണിയായപ്പോഴേക്കും യാത്രികരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കപ്പല്‍ കടലിനടിയിലേക്ക് താഴ്ന്നിരുന്നു. 710 പേരൊഴികെ ബാക്കിയെല്ലാവരും ദുരന്തത്തില്‍ അകപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ 18-നാണ് അമേരിക്കയിലെ ഓഷ്യന്‍ ഗേറ്റ് എക്സ്പെഡിഷന്‍ കമ്പനി ടൈറ്റന്‍ സമുദ്ര പേടകത്തെ ടൈറ്റാനിക്കിന്റെ അവിശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ വടക്കന്‍ അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പായിച്ചത്. അഞ്ച് പേരാണ് പേടകത്തിലുണ്ടായിരുന്നത്. അസാമാന്യ ധൈര്യവും എന്തും നേരിടാനുള്ള മനക്കരുത്തും രണ്ടു കോടി രൂപ ടിക്കറ്റ് ചാര്‍ജും കൈമുതലായുണ്ടെങ്കില്‍ എട്ടു ദിവസം നീളുന്ന യാത്ര റെഡി. ഉപരിതലത്തില്‍നിന്ന് മറ്റൊരു മാതൃകപ്പലിന്റെ നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സബ്മേഴ്സിബിള്‍ പേടകമാണിത്. 17 ബോള്‍ട്ടുകള്‍ ഉപയോഗിച്ച് പുറത്ത്നിന്ന് പൂട്ടിയിരിക്കും. പോളാര്‍ പ്രിന്‍സ് എന്ന കപ്പലായിരുന്നു ടൈറ്റന്റെ മാതൃ കപ്പല്‍. എല്ലാ തരത്തിലുള്ള മുന്നറിയിപ്പുകളും അവഗണിച്ചായിരുന്നു ഈ ടൂറിസ്റ്റ് അന്തര്‍വാഹിനിയുടെ യാത്ര. പുറപ്പെട്ട് 45 മിനിറ്റിനു ശേഷം തന്നെ മാതൃ കപ്പല്‍ പോളാര്‍ പ്രിന്‍സുമായുള്ള സിഗ്നല്‍ നഷ്ടപ്പെട്ട് 3800 മീറ്റര്‍ അടി ആഴത്തിലേക്ക് പേടകം കൂപ്പ് കുത്തി, കടലിനടിയിലെ മര്‍ദം കാരണം ഉള്‍വലിഞ്ഞ് പൊട്ടിത്തെറിച്ച് ചിതറിയെന്നാണ് നിഗമനം. 96 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ സംവിധാനം സമയപരിധി പിന്നിട്ടതോടെ അതിസാഹസികരായ അഞ്ച് പേരും മരിച്ചിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കനേഡിയന്‍ രക്ഷാ വാഹിനികളും മറ്റും തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനോ ഉപരിതലത്തിലേക്കെത്തിക്കാനോ ഇതുവരെയും സാധിച്ചിട്ടില്ല.
മനുഷ്യന്റെ ദൗര്‍ബല്യവും നിസ്സഹായതയും വെളിപ്പെടുത്തുന്ന അന്യത്ര സംഭവ വികാസങ്ങള്‍ ലോകത്തുടനീളം നടന്നുകൊണ്ടേയിരിക്കുന്നു. 1912ല്‍ ദുരന്തത്തില്‍പെട്ട ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 1985ല്‍ കണ്ടെടുത്തെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, 2014 മാര്‍ച്ച് 8ന് 227 യാത്രക്കാരുമായി ക്വാലാലംപൂരില്‍നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 യാത്രാ വിമാനത്തിന്റെ തിരോധാനം ദുരൂഹതയായി തുടരുകയാണ്.
''തീര്‍ച്ചയായും മനുഷ്യന്‍ ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'' (70:19) എന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ പുലരുകയാണിവിടെ. ''തനിക്കു താന്‍ പോന്നവന്‍'' (ഖു. 96:7) എന്ന മനുഷ്യന്റെ ഔദ്ധത്യത്തെ പൊളിച്ചടുക്കുകയും എല്ലാറ്റിന്റെയും മീതെ സര്‍വചരാചരങ്ങളെയും നിയന്ത്രിക്കുന്ന ഒരു പരാശക്തി (ദൈവം)യുണ്ടെന്ന ബോധ്യം മനുഷ്യ മനസ്സില്‍ അങ്കുരിപ്പിക്കുകയും ചെയ്യുന്നു ഇത്തരം സംഭവങ്ങള്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media