മുത്താണ് ഈ ഉമ്മിച്ചി
പി.ബി. നൂഹ് ഐ.എ.എസ്സിന്റെയും പി.ബി. സലിം ഐ.എ.എസ്സിന്റെയും ഉമ്മയുമായുള്ള സംഭാഷണം
പി.ബി. നൂഹ് ഐ.എ.എസ്സിന്റെയും പി.ബി. സലിം ഐ.എ.എസ്സിന്റെയും ഉമ്മയുമായുള്ള സംഭാഷണം
സത്യത്തില്‍ നിങ്ങള്‍ എന്നെ കാണാന്‍ തന്നെ വന്നതാണോ? ഉമ്മിച്ചിയുടെ നിറഞ്ഞ ചിരിയോടെയുള്ള ചോദ്യം.
സത്യായിട്ടും. ഒരുപാട് നാളത്തെ ആഗ്രഹമാണ് ഈ ഉമ്മിച്ചീനെ ഒന്ന് അടുത്ത് കാണണമെന്ന്.
കെ.എസ്.ഇ.ബിയുടെ ലോവര്‍ പെരിയാര്‍ പവര്‍ ഹൗസില്‍ സഹ ഓഫീസറായിരുന്ന, ഇപ്പോള്‍ പാലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ പി.ബി അലി സാറിന്റെ ഉമ്മയെ ചേര്‍ത്ത് പിടിച്ചു ഞാനങ്ങനെ പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ അഭിമാനത്തിന്റെ തിളക്കം.
എന്തിനാ എന്നെ കാണാന്‍ ആഗ്രഹിച്ചത്?
ഉമ്മിച്ചീടെ മക്കളൊക്കെ പഠിച്ചു കലക്ടറും എഞ്ചിനീയറും എല്ലാമായതിന്റെ പിന്നിലെ രഹസ്യമറിയാന്‍, ഒന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍.
പടച്ചോനെ... എനിക്ക് ഇന്റര്‍വ്യൂ പറയാനൊന്നും അറിയില്ല. എന്റെ സംസാരം കേട്ടാല്‍ എനിക്ക് വിദ്യാഭ്യാസം ഉണ്ടെന്നൊക്കെ നിങ്ങള്‍ക്ക് തോന്നും. പക്ഷേ, എനിക്ക് എഴുത്തും വായനയുമൊന്നും അറിയില്ല.
അതുതന്നെയാണ് ഞാന്‍ ഉമ്മിച്ചിയെ തേടി വരാനുള്ള കാരണം. എഴുത്തും വായനയുമൊന്നും അറിയാത്ത ഉമ്മയുടെ മക്കളൊക്കെ ഉയര്‍ന്ന നിലയില്‍ എത്തിയതിന് പിന്നിലുള്ള ഉമ്മയുടെ ശിക്ഷണത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചുമൊക്കെ അറിഞ്ഞിട്ട് വേണം പുതിയ തലമുറകള്‍ക്ക് അത് പറഞ്ഞു കൊടുക്കാന്‍...
കോഴിക്കോട് കലക്ടറായിരുന്ന പി.ബി സലിമിനെക്കുറിച്ചും പത്തനംതിട്ട കലക്ടറായിരുന്ന പി.ബി നൂഹിനെക്കുറിച്ചും നാട്ടില്‍ അറിയാത്ത ആരാണുള്ളത്?
രണ്ട് പേരും ഒരേ പോലെ ജനപ്രിയ കലക്ടര്‍മാരായി പേരെടുത്തതിന് പിന്നിലുള്ള സമര്‍പ്പണ മനോഭാവവും നിശ്ചയ ദാര്‍ഢ്യവും നേതൃശേഷിയും സേവന സന്നദ്ധതയുമെല്ലാം ഉമ്മിച്ചി പകര്‍ന്നു നല്‍കിയ മൂല്യങ്ങളില്‍ നിന്നാവാതെ തരമില്ല.
ഓരോ പദവികള്‍ ഏല്‍പിക്കപ്പെടുമ്പോഴും വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളിലൂടെ മികവ് പുലര്‍ത്തി രാജ്യത്തിന്റെ ഉത്തമ പൗരന്മാരാകാന്‍ മക്കള്‍ക്ക് കഴിഞ്ഞെങ്കില്‍ മാതാവിന് തീര്‍ച്ചയായും അതിലൊരു പങ്കുണ്ട്.
സോഷ്യല്‍ മീഡിയ വഴി പുതിയ തലമുറക്ക് അവര്‍ കൂടുതല്‍ സുപരിചിതരാണ്. അവരോട് പങ്കുവെക്കാന്‍
മക്കളുടെ വിജയത്തിന് പിന്നിലുള്ള ഉമ്മിച്ചിയുടെ ജീവിതകഥ പറയാമോ?
ഓര്‍മകളുുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി ഉമ്മിച്ചി പറഞ്ഞു തുടങ്ങി:
നിസ്സാരമായ കാര്യങ്ങള്‍ക്ക് മുന്നില്‍ പെട്ടെന്ന് തളര്‍ന്നുപോകുന്ന പുത്തന്‍ തലമുറക്ക് ഉമ്മിച്ചിയുടെ നിശ്ചയദാര്‍ഢ്യത്തിലും ഉള്‍ക്കരുത്തിലും ദീര്‍ഘ വീക്ഷണത്തിലും പാഠങ്ങളുണ്ട്.
അനാഥമായ ബാല്യം. രണ്ടാനുമ്മയോടൊപ്പമുള്ള ജീവിതം... പ്രതിസന്ധികളെ നിഷ്പ്രഭമാക്കി സങ്കടങ്ങള്‍ക്ക് മുമ്പില്‍ മുട്ട് കുത്താതെ ജീവിതത്തോട് പൊരുതി നേടിയ വിജയം.
വീട്ടുകാര്‍ നല്‍കിയ പത്ത് സെന്റ് സ്ഥലം വിറ്റ് ചെറിയൊരു ഹോട്ടല്‍ തുടങ്ങിയത്. ദമ്പതികള്‍ ഒരുമിച്ച് അധ്വാനിച്ചു മക്കളെ വളര്‍ത്തിയത്.
പത്തു മക്കളെ പെറ്റതും, മൂത്തതും ഇളയതും മരിച്ചതും എട്ട് പേരെ പോറ്റി വളര്‍ത്തിയതും ഒരു ഒറ്റവരിക്കഥയില്‍ ഒതുങ്ങുമായിരുന്നില്ല...
ഉമ്മിച്ചിയുടെ സംസാരത്തിന് മുന്നില്‍ കഠിനാധ്വാനം ചെയ്തു ജീവിച്ച കരുത്തുറ്റ ഒരു യുവതിയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമാ രംഗം കണ്ട പോലെ ഞാന്‍ ലയിച്ചിരുന്നു.
മക്കള്‍ നന്നായി പഠിച്ചു വളരാനുള്ള ആഗ്രഹത്തില്‍ അവരെ എപ്പോഴും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് ഉമ്മിച്ചി. രാത്രി ജോലി കഴിഞ്ഞാല്‍ ഇന്ന് പഠിപ്പിച്ചതെന്താണെന്ന് ചോദിക്കും. കേട്ടാല്‍ ഒന്നും മനസ്സിലാവില്ലെങ്കിലും അവരോട് വായിക്കാന്‍ പറഞ്ഞ്, അലി മോനൊക്കെ വായിക്കുന്നത് ഞാന്‍ കേട്ടിരിക്കും. എനിക്ക് ചെവി കേള്‍ക്കാമല്ലോ. സെലി മോന്‍ പഠിക്കാന്‍ പോയപ്പോഴും ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്ത് വായിക്കാന്‍ പ്രോത്സാഹിപ്പിക്കും.
ലൈബ്രറിയെ കുറിച്ചൊക്കെ അറിയാമായിരുന്നോ? ഞാന്‍ കൗതുകത്തോടെ ചോദിച്ചു.
കൂട്ടുകാര്‍ ലൈബ്രറിയില്‍നിന്ന് പുസ്തകം എടുത്ത് വായിക്കുന്ന വിശേഷങ്ങളും മറ്റും മോന്‍ എന്നോട് പങ്ക് വെക്കാറുണ്ട്. അല്ലാതെ ലൈബ്രറി എന്താണെന്ന് പോലും അന്നറിയുമായിരുന്നില്ല. ഇന്നിപ്പോ മക്കള്‍ ലൈബ്രറിയൊക്കെ എല്ലാവര്‍ക്കും വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്.
മരുമകള്‍ ഫാത്തി സലിമിന്റെ പുസ്തകം മമ്മൂട്ടിക്ക് കൊടുത്തു പ്രകാശനം ചെയ്തത് ഉമ്മിച്ചിയല്ലേ എന്ന് ചോദിച്ചപ്പോള്‍ നിറഞ്ഞ ചിരി.
മക്കളുടെ നേട്ടങ്ങളില്‍ ഉമ്മിച്ചി ഏറെ സന്തോഷവതിയാണ്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി, 2022-23ലെ മികച്ച വൈദ്യുതി ഉല്‍പാദന കമ്പനിയായി തെരഞ്ഞെടുത്തത് പി.ബി സലിം ഐ.എ.എസ് ചെയര്‍മാനായ വെസ്റ്റ് ബംഗാള്‍ പവര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെയാണ്. ഇതാണ് ഏറ്റവും അടുത്ത് ഉമ്മിച്ചിക്ക് കിട്ടിയ സന്തോഷ വാര്‍ത്ത. 2019-ല്‍ പശ്ചിമ ബംഗാള്‍ ഊര്‍ജ കോര്‍പറേഷന്റെ സി.എം.ഡിയായി പി.ബി സലിം ചാര്‍ജെടുക്കുമ്പോള്‍ നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ, ജീവനക്കാരുടെ കൂടി പിന്തുണ നേടിയെടുക്കുന്ന പരിഷ്‌കാരങ്ങളിലൂടെ തൊട്ടടുത്ത വര്‍ഷം തന്നെ ലാഭത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിച്ചുകൊണ്ടും ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കി ഉത്പാദനക്ഷമത വര്‍ധിപ്പിച്ചും ഉത്പാദന ചെലവ് യൂണിറ്റിന് 4.20 രൂപയില്‍നിന്ന് 3.40 ആയി കുറച്ചും മാജിക്ക് കാട്ടിയപ്പോള്‍ കമ്പനി 2022-23ല്‍ നേടിയ അറ്റാദായം 807 കോടിയായിരുന്നു.
എന്റെ മക്കള്‍ക്ക് എല്ലാ കാര്യങ്ങളും എന്നെ മുന്നില്‍ നിര്‍ത്തി ചെയ്യാനാണ് ഇഷ്ടം. മോനെന്നെ ഏഴ് പ്രാവശ്യം കല്‍ക്കട്ടയില്‍ കൊണ്ടുപോയിട്ടുണ്ട്. കോഴിക്കോട് പോയിട്ടുണ്ട്. പിന്നെ സൗദിയില്‍ മക്കള്‍ പല തവണ കൊണ്ടുപോയിട്ടുണ്ട്. ഉംറ ചെയ്തിട്ടുണ്ട്. മക്കള്‍ക്കെല്ലാം എന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ്.
ജ്യേഷ്ഠ സഹോദരന്റെ പാത പിന്തുടര്‍ന്ന് 48-ാം റാങ്കുകാരനായി 2012-ലെ ഐ.എ.എസ് ബാച്ചുകാരനായ പി.ബി നൂഹും ഒരുപാട് അമ്മമാരുടെ പ്രാര്‍ഥനകള്‍ നേടിയ ജനപ്രിയ കലക്ടറായി മാറി.
2018ലെ പ്രളയ കാലത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കിനെതിരെ നീന്തി പത്തനംതിട്ടയെ കരക്കടുപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെയും അമ്മമാരുടെയും ആവേശമായി മാറിയ യുവ കലക്ടര്‍ പി.ബി നൂഹ് ഐ.എ.എസ് കോവിഡ് കാലത്തും പത്തനംതിട്ടയുടെ രക്ഷകനായി.
കേരള ടൂറിസം ഡയറക്ടറായും ലൈഫ് മിഷന്‍ സി.ഇ.ഒ ആയും നാടിനെ സേവിച്ചുകൊണ്ടിരിക്കുന്ന പി.ബി നൂഹ് ഐ.എ.എസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശങ്ങളുടെ നിരവധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. 'നിങ്ങള്‍ നാടിനെയും നാട്ടുകാരെയും സേവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സിവില്‍ സര്‍വീസ് കരസ്ഥമാക്കുക എന്നത്. പണം നേടാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടാവാം. എന്നാല്‍ നാടിന് വേണ്ടി പലതും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഐ.എ.എസ് ഒരു അനുഗ്രഹമാണ്.'
മാതാപിതാക്കളെ സഹായിക്കാന്‍ ചായക്കടയിലെത്തുന്ന മക്കളോട് ഉമ്മിച്ചി പറയാറുണ്ടത്രെ; 'നിങ്ങളൊന്നും ഇവിടെ ഗ്ലാസ് കഴുകാനുള്ളവരല്ല, പഠിച്ചു വലുതായി ഉയര്‍ന്ന സ്ഥാനത്തെത്തി നാടിനെ സേവിക്കാനുള്ളവരാണ്' എന്ന്.
മക്കളെ പഠിപ്പിച്ച്, അവര്‍ ഉയര്‍ന്ന ജോലി സമ്പാദിക്കുന്നത് സ്വപ്‌നം കണ്ട്, അവര്‍ക്ക് വേണ്ടി ജീവിച്ച ഉമ്മിച്ചിക്ക് ഇപ്പോഴും മക്കളെപ്പറ്റിയാണ് ചിന്തകള്‍. 'എന്റെ മക്കളുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും നിങ്ങളെല്ലാവരും ദുആ ചെയ്യണം.' കണ്ണ് തുടച്ചുകൊണ്ട് ഉമ്മിച്ചിയുടെ വസ്വിയ്യത്.
ആയ നാളില്‍ പണിയെടുത്തതിനും കഷ്ടപ്പെട്ടതിനും ഒരു സങ്കടവും ഇല്ല. അതുകൊണ്ടാണ് ഇന്നിങ്ങനെ കഴിയാന്‍ സാധിക്കുന്നത്. ഇത്രയും നല്ലൊരു ജീവിതം കിട്ടിയില്ലേ, ഇനി ഈമാനോട് കൂടി മരിക്കണം.'
മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലെ വീടിന്റെ സ്വീകരണ മുറിയിലെ സോഫാ സെറ്റിയിലിരുന്ന് ഇളയ മകന്‍ അസീസിന്റെ മക്കളെ അരികിലേക്ക് ചേര്‍ത്തിരുത്തിക്കൊണ്ട്, മരുമകള്‍ നീതു നല്‍കിയ ചായ കുടിക്കാന്‍ ഓര്‍മപ്പെടുത്തുന്നതിനിടെ തികഞ്ഞ സംതൃപ്തിയോടെ ഉമ്മിച്ചി പറഞ്ഞുനിര്‍ത്തി.
വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളുമായി കിടക്കുകയായിരുന്ന വാപ്പിച്ചിയുടെ അടുത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി. കട്ടിലില്‍ കിടക്കുന്ന ജീവിത പങ്കാളിയെ എഴുന്നേറ്റിരിക്കാന്‍ പ്രോത്സാഹിപ്പിച്ചും അസുഖമൊന്നുമില്ലെന്ന് ആത്മവിശ്വാസം പകര്‍ന്നും ഉമ്മിച്ചി ഉഷാറായി തന്നെ ഇരുന്നു.
എന്റെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരായ പാര്‍വതി, പ്രീത, അനീഷ്, മൂസ തുടങ്ങി എല്ലാവരെയും പ്രത്യേകം പരിഗണിച്ചും വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ഉമ്മിച്ചി ഞങ്ങളുടെ മനം കവര്‍ന്നു.
യാത്രയയക്കാന്‍ പടവുകള്‍ ഇറങ്ങി വരേണ്ടെന്ന് പറഞ്ഞിട്ടും ഇറങ്ങിയാല്‍ കയറാനൊന്നും ഒരു ബുദ്ധിമുട്ടുമില്ലെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചും മുത്തം നല്‍കിയും കാറില്‍ കയറും വരെ കൂടെ നിന്നു.