ജാഹിലിയ്യത്തിന് സമുദായത്തില്‍ വേരോട്ടമുണ്ടാവരുത്

ആഗസ്റ്റ് 2023

'അറബിക്ക് അനറബിയെക്കാളും കറുത്തവന് വെളുത്തവനെക്കാളും യാതൊരു ശ്രേഷ്ഠതയുമില്ല; തഖ്വ കൊണ്ടല്ലാതെ.' ലോകം ഇന്നഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയായ വംശീയതയും ജാതീയതയും ഉച്ചനീചത്വങ്ങളുംകൊണ്ട് പൊറുതിമുട്ടിയ മനുഷ്യ സമൂഹത്തിനു മുന്നില്‍വെക്കാന്‍ പറ്റുന്ന ഏറ്റവും മനോഹരവും പ്രതീക്ഷാ നിര്‍ഭരവുമായ മേല്‍വാക്യം പ്രവാചകന്‍ മൊഴിഞ്ഞത് നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. ആധുനികത രൂപപ്പെടുത്തിയ ഏറ്റവും നല്ല ഭരണരീതി എന്നറിയപ്പെടുന്ന ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ചരിത്രം സാക്ഷിയായ മനുഷ്യാവകാശ പ്രഖ്യാപനങ്ങളൊക്കെ ആലോചനയില്‍ വരുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുന്നേയാണീ പ്രഖ്യാപനമെന്നത്, മറ്റെന്തിനെക്കാളും മനുഷ്യ അന്തസ്സിന് വില കല്‍പിച്ചൊരു പ്രത്യയശാസ്ത്രത്തിന്റെ കരുത്താണ് തെളിയിക്കുന്നത്. തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും ഇസ്ലാം അനുവദിക്കുന്നില്ലെന്ന് ഓരോ മനുഷ്യനും ധൈര്യത്തോടെ പറയാം. പക്ഷേ, ഇത്തരം ശ്രേഷ്ഠ വചനങ്ങള്‍ പ്രസംഗിക്കുന്നതിനും എഴുതുന്നതിനും ഉപയോഗിക്കുന്നതിനുമപ്പുറം പ്രായോഗിക ജീവിതത്തില്‍ മനസ്സാലെ ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്കെങ്കിലും മടിയുണ്ട്.
അടുത്ത കാലത്ത് കേരളത്തിലെ ഒരു പള്ളിയുമായി ബന്ധപ്പെട്ട് വന്ന വിവാദം സൂചിപ്പിക്കുന്നത് ഇതാണ്. ചില പ്രത്യേക സമുദായത്തില്‍ പെട്ട ആളുകള്‍ക്ക് മുന്‍കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ ഓര്‍മിപ്പിച്ചുകൊണ്ട് പള്ളിക്കമ്മിറ്റി എഴുതിയ കത്താണ് വിവാദമായത്. വിലക്ക് ലംഘിച്ചിട്ടുണ്ടെന്നും വീണ്ടും പള്ളിയില്‍ വരുന്നതിന് ഒരു വട്ടം കൂടി മാപ്പ് നല്‍കാമെന്നും പറഞ്ഞാണ് നിങ്ങളുടെ തൊഴില്‍ ഇന്നതാണെന്ന പള്ളിഭാരവാഹികളുടെ ഓര്‍മപ്പെടുത്തല്‍. ഇസ്ലാമിക സംസ്‌കാരത്തില്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് തങ്ങള്‍ ചെയ്യുന്നതെന്ന ബോധം പോലുമില്ലാത്തവരാണ് പള്ളിപരിപാലകര്‍ എന്നുവരുന്നത് വിരോധാഭാസമാണ്. സംഘടനാ പക്ഷപാതമില്ലാതെ മതസംഘടനകളെല്ലാം ഈ സംസ്‌കാര ശൂന്യതയെ അപലപിച്ചിട്ടുണ്ടെങ്കിലും സമുദായത്തിനകത്ത് ഇത്തരം മനോഭാവങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന ധാരണയോടെ തന്നെയായിരിക്കണം ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. അല്ലാഹുവിന്റെ ഭവനങ്ങള്‍ അവന്റെ അടിമകള്‍ക്കുള്ളതാണ്; ആഢ്യന്മാര്‍ക്ക് സംവരണം ചെയ്തതല്ല.
പള്ളിയുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഇത് വാര്‍ത്താ പ്രാധാന്യം നേടിയെന്നേ ഉള്ളൂ. വിവാഹം, ആഘോഷങ്ങള്‍, നേതൃപദവി എന്നിവയുമായി ബന്ധപ്പെട്ട് ഇത്തരം ഉച്ചനീചത്വങ്ങള്‍ സമുദായത്തില്‍ പലയിടത്തും തലപൊക്കുന്നുണ്ട്. പുറമെ പറയില്ലെങ്കിലും വിവാഹവേളകളിലെ, തൊലിപ്പുറത്തെ നിറവും സാമ്പത്തിക അസന്തുലിതാവസ്ഥയുമൊക്കെ ആദര്‍ശകുടുംബത്തിനു പോലും അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ്. കൂടുതല്‍ അന്തസ്സിനും അഭിമാനത്തിനുമുള്ള പോരാട്ടകാലത്താണ് നാം. ആറാം നൂറ്റാണ്ടില്‍ കുഴിച്ചുമൂടപ്പെട്ട അറേബ്യന്‍ ജാഹിലിയ്യത്തിന് സമുദായത്തില്‍ വേരോട്ടമില്ലാതിരിക്കാനുള്ള ജാഗ്രത ഓരോരുത്തരിലുമുണ്ടാവണം. പ്രദേശത്തെ ആളുകളെ അടുത്തറിഞ്ഞ്, വ്യക്തിയും കുടുംബവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് മനസ്സിലാക്കി അവരുടെ വിദ്യാഭ്യാസ- തൊഴില്‍- സാമ്പത്തിക- സാമൂഹിക നിലവാരം വ്യക്തമാക്കുന്ന വിവരപട്ടികകള്‍ മഹല്ല് കമ്മിറ്റി മുമ്പാകെ ഉണ്ടാവണം. സമുദായത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള ഗുണപരമായ മുന്നോട്ടുപോക്കിന് ഇതുപകരിക്കും. മഹല്ലുമായി ബന്ധപ്പെട്ട പരിപാടികളില്‍ സ്ത്രീകള്‍ കൂടി സജീവമാകുന്നതോടെ ഇത്തരം ക്രിയാത്മക നടപടികള്‍ എളുപ്പമാവുമെന്ന് പ്രത്യാശിക്കാം.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media