കിടങ്ങുകാരുടെ നാട്ടില്‍
അന്‍വര്‍ വടക്കാങ്ങര
ആഗസ്റ്റ് 2023
ചരിത്ര പാധാന്യമുള്ള നജ്റാന്‍ നഗരത്തിലൂടെ ഒരു യാത്ര
നാലായിരം വര്‍ഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടുന്ന സുഊദി അറേബ്യയുടെ തെക്ക്-കിഴക്കന്‍ അതിര്‍ത്തിയിലുള്ള നജ്റാന്‍ എന്ന പ്രദേശത്തിന്റെ പൗരാണിക നാമമാണ് 'അല്‍ ഉഖ്ദൂദ്' (കിടങ്ങുകള്‍). ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ നജ്റാന്‍ ബിന്‍ സൈദാന്‍ ബിന്‍സാബ എന്ന വ്യക്തിയുടെ നാമത്തില്‍ നിന്നാണ് നജ്റാന്‍ എന്ന സ്ഥലനാമം ലഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.
നജ്‌റാന്‍ ടൗണില്‍നിന്ന് ഏതാനും കിലോമീറ്റര്‍ തെക്കുമാറി ഈ പുരാതന നഗരത്തിന്റെ ശേഷിപ്പുകള്‍ സുഊദി പുരാവസ്തു മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുന്നു. 235 മീറ്റര്‍ നീളവും 220 മീറ്റര്‍ വീതിയുമുള്ള ചുറ്റുമതിലിനാല്‍ വലയം ചെയ്യപ്പെട്ട നഗരമാണ് അല്‍ഉഖ്ദൂദിലെ പ്രധാന സ്ഥലം.
കച്ചവടാവശ്യാര്‍ഥവും മറ്റും ഉഖ്ദൂദ് വഴി കടന്നുപോയിരുന്നവര്‍ തങ്ങളുടെ ഓര്‍മകള്‍ പ്രദേശത്തെ പാറകളില്‍ രേഖപ്പെടുത്തിയതിന്റെയും ചിത്രങ്ങള്‍ കോറിയിട്ടതിന്റെയും അടയാളങ്ങൾ ഒരു പോറലും ഏല്‍ക്കാതെ ഇന്നും ഇവിടെ കാണാം. അല്‍മുസ്‌നദ് അല്‍ജനൂബി എന്ന പേരില്‍ അറിയപ്പെടുന്ന ലിപിയില്‍ പാമ്പ്, കുതിര, കൈപ്പത്തി തുടങ്ങിയവയുടെ ചിത്രങ്ങളും പുരാതന ലിഖിതങ്ങളും വ്യാപകമായി കോറിയിട്ടുണ്ട്. അക്ഷരങ്ങള്‍ എഴുതാനുള്ള ഇവിടത്തെ ആദിമ നിവാസികളുടെ ആദ്യ ശ്രമങ്ങളായി ഇവയെ മനസ്സിലാക്കാം.
മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള സിദ്റ മരങ്ങളെ ഇവിടെ പ്രത്യേക പരിചരണം നല്‍കി സംരക്ഷിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ നാല് തവണ പരാമര്‍ശിച്ച സിദ്റ മരങ്ങളുടെ തടിയും ഇലയും തൊലിയുമെല്ലാം മരുന്നിനും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉണ്ടാക്കാനും കത്തിക്കാനും ഉപയോഗിക്കാറുണ്ട്. ഉഖ്ദൂദ് പ്രദേശത്ത് നടക്കുന്നതിനിടയില്‍ അവിടത്തെ പുരാവസ്തു സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ അഹ്‌മദ് അല്‍ ഹാദിയെ വഴിയില്‍ കണ്ടുമുട്ടി. അദ്ദേഹത്തിന് കല്ലുകളില്‍ എഴുതിവെച്ച ലിപികളെ കുറിച്ച് സാമാന്യ പരിജ്ഞാനം ഉണ്ടായിരുന്നു. ഈജിപ്തിലെ പിരമിഡുകള്‍ നിര്‍മിക്കാനുപയോഗിച്ചതു പോലുള്ള വലിയ കല്ലുകള്‍ കൊണ്ടാണ് ഉഖ്ദൂദ് നഗരത്തിലെ കോട്ടകള്‍ നിര്‍മിച്ചിട്ടുള്ളത്.
ഉഖ്ദൂദിന്റെയും മറ്റും ചരിത്രം വിശദമായി പഠിക്കാന്‍ സഹായകമായ പുരാതന വസ്തുക്കളും അന്നത്തെ നിത്യോപയോഗ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബൃഹത്തായ ഒരു മ്യൂസിയവും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. പക്ഷേ, അത് അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടാം ഖലീഫ ഉമര്‍ (റ) നിര്‍മിച്ചതാണെന്ന് സ്ഥിരീകരിച്ച പുരാതനമായ ഒരു പള്ളിയുടെ ചില ഭാഗങ്ങള്‍ ഹി: 1417 (1996)ല്‍ കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത പള്ളിക്ക് മിഹ്റാബ് ഉണ്ടായിരുന്നില്ലത്രെ.
അക്കാലത്തെ ജനങ്ങള്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചിരുന്ന കല്ലുകളും പാറകള്‍ കൊണ്ട് ഉണ്ടാക്കിയ അമ്മി, ആട്ടുകല്ല് തുടങ്ങിയ ഉപകരണങ്ങളും പലയിടങ്ങളിലായി കാണാം. ഉഖ്ദൂദ് താഴ് വരയിലെ മണ്‍ചുമരുകള്‍ ഇടിഞ്ഞ ഭാഗത്ത് എല്ലുകളുടെ ചെറിയ ചെറിയ കഷണങ്ങള്‍ കാണാനുണ്ട്. ഇത് മൃഗങ്ങളുടേതാകാനും സാധ്യതയുണ്ടെന്ന് ഗൈഡ് അഹ്‌മദ് ഹാദി പറഞ്ഞു.
ഉഖ്ദൂദ് മേഖലയുടെ പ്രവേശന കവാടത്തില്‍ ആ ദേശത്തെക്കുറിച്ച് ഫോട്ടോ സഹിതമുള്ള പോസ്റ്ററുകളും ഏതാനും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള നല്ലൊരു വീഡിയോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
കിടങ്ങ് സംഭവം
യമനില്‍ ജൂതമതം പ്രചരിപ്പിച്ച തുബാന്റെ പിന്‍ഗാമിയായി അധികാരമേറ്റ പുത്രന്‍ ദൂനവാസ് ക്രി. 523-ല്‍ ദക്ഷിണ അറേബ്യയിലെ ക്രൈസ്തവ മേഖലയായിരുന്ന നജ്‌റാന്റെ നിയന്ത്രണം പിടിച്ചതാണ് കിടങ്ങു സംഭവത്തിലേക്ക് നയിച്ചത്. ക്രിസ്തുമതം ഉപേക്ഷിച്ച് ജനങ്ങള്‍ ജൂതമതം സ്വീകരിക്കണമെന്നും രാജാവ് ഉത്തരവിട്ടു. ഈ ക്രൈസ്തവരാകട്ടെ, ഒട്ടും മാര്‍ഗഭ്രംശമില്ലാതെ ഈസാ (അ) പ്രബോധനം ചെയ്ത യഥാര്‍ഥ ദീനില്‍ നിലകൊണ്ടവരായിരുന്നു. കോട്ടയുടെയും അധികാരത്തിന്റെയും ഹുങ്കില്‍ ദൂനവാസ് ജനങ്ങളെ ജൂതമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കോട്ടക്കു സമീപം കിടങ്ങുകളില്‍ വലിയ അഗ്നികുണ്ഡങ്ങള്‍ തീര്‍ത്ത് ആയിരങ്ങളെ ചുട്ടുകൊന്നത്. നൂറുകണക്കിനാളുകളെ മറ്റു വിധേനയും കൊലപ്പെടുത്തി. ഇരുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
മുഹമ്മദ് നബിയുടെ ആഗമനത്തിനു ഇരുനൂറ് വര്‍ഷം മുമ്പ് നടന്ന പ്രസ്തുത സംഭവം വിശുദ്ധ ഖുര്‍ആനിലെ സൂറ അല്‍ബുറൂജില്‍ (85:48) വിവരിക്കുന്നുണ്ട്. ദൂനവാസിന്റെ ക്രൂരതയില്‍നിന്ന് ഓടിരക്ഷപ്പെട്ട ഒരു നജ്‌റാന്‍കാരന്‍ നല്‍കിയ വിവരങ്ങളാണ് പിന്നീട് ദൂനവാസ് നിഷ്‌കാസിതനാകാന്‍ നിമിത്തമായത്. ക്രി. 525ല്‍ 70,000 ഭടന്മാരുള്ള അബ്സീനിയന്‍ (എത്യോപ്യ) സൈന്യം യമനെ ആക്രമിച്ചതോടെയാണ് ദൂനവാസിന്റെ നേതൃത്വത്തിലുള്ള ജൂത ഭരണത്തിന് അന്ത്യം കുറിച്ചത്. എത്യോപ്യയിലെ അന്നത്തെ നജ്ജാശി രാജാവ്, വിശുദ്ധ ഖുര്‍ആനിലെ സൂറ അല്‍ഫീലില്‍ സൂചിപ്പിക്കപ്പെട്ട അബ്റഹത്തിനെയാണ് നജ്‌റാനിലെ ഭരണച്ചുമതല ഏല്‍പിച്ചത്. ഹിജ്റ പത്താം വര്‍ഷം അബ്സീനിയയിലേക്ക് ഖാലിദ് ബിന്‍ വലീദിന്റെ നേതൃത്വത്തില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഒരു പ്രബോധക സംഘത്തെ അയച്ചതിന്റെ ഫലമായി നിരവധി ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ ഇസ്ലാം സ്വീകരിക്കുകയുണ്ടായി.
കാലാവസ്ഥ, പ്രകൃതി ഭംഗി, കൃഷി തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തോട് കിടപിടിക്കാവുന്ന മേഖലയാണ് അസീര്‍ പ്രദേശം. നജ്‌റാനുമായി അതിര്‍ത്തി പങ്കിടുന്ന യമനിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്താന്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ഉഖ്ദൂദ് മേഖലയുടെയും മ്യൂസിയത്തിന്റെയും പ്രവൃത്തി സമയം രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെയാണ്. ചൊവ്വ അവധിയാണ്. വെള്ളി ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെയും.
l