മതേതര ഇന്ത്യയില്‍ പ്രായോഗികമല്ലാത്ത ഏക സിവില്‍ കോഡിന്റെ മറവില്‍ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നവരോട് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ സംസാരിക്കുന്നു
സാജിദ പി.ടി.പി
(ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്)
സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഏക സിവില്‍ കോഡിന്റെ കരട് രേഖ പോലും ആരും ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് ഒട്ടും വ്യക്തതയില്ലെന്നുള്ളത് പരമസത്യം. അതുകൊണ്ടാണ് എന്‍.ഡി.എയില്‍ ഉള്‍പ്പെട്ട ഗോത്ര വിഭാഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അവര്‍ക്ക് ഏക സിവില്‍ കോഡ് ബാധകമാവില്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ പ്രത്യേകം പറഞ്ഞത്. ചില വിഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സിവില്‍ കോഡ് എങ്ങനെയാണ് ഏക സിവില്‍ കോഡാവുക? ഇത്തരം ചോദ്യങ്ങളൊന്നും ഇവരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. രാജ്യം നേരിടുന്ന മൗലിക പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ പോലും റദ്ദ് ചെയ്യപ്പെടുന്ന കാലത്ത് ചോദ്യവും ഉത്തരവും അവര്‍ തന്നെയാണ്. ഞങ്ങള്‍ പറയും, നിങ്ങള്‍ കേള്‍ക്കണം; ഇതിനെയാണ് ഏകത എന്നതുകൊണ്ട് ഭരിക്കുന്നവര്‍ വിവക്ഷിക്കുന്നത്.
ബി.ജെ.പി ഒരു കാരണവശാലും ഏക സിവില്‍ കോഡ് നടപ്പിലാക്കില്ലെന്നും അതിനവരെക്കൊണ്ട് കഴിയില്ലെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്. അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് ഇടക്കിടെ ഈ വിഷയം ആവര്‍ത്തിക്കുന്നത് എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. ഈ ആവര്‍ത്തനങ്ങളില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനുളള വിഷവിത്തുണ്ട്. ഈ വിത്ത് വിതക്കാന്‍ അവസരം കൊടുത്താല്‍ പിന്നെ രാജ്യമുണ്ടാവില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രമല്ല ഈ ദുരന്തം ബാധിക്കുക. ഇത് തിരിച്ചറിയാനുളള വിവേകമാണ് രാഷ്ട്രീയക്കാര്‍ക്കും സാംസ്കാരിക പ്രവര്ത്തകര്ക്കുമുണ്ടാവേണ്ടത്.
എങ്ങനെയാണ് രാജ്യത്തെ മൊത്തം ബാധിക്കുന്ന വിഷയമായി ഏക സിവില്‍ കോഡ് പ്രഖ്യാപനം മാറുന്നത്? കേന്ദ്രത്തില്‍ മോദി സര്‍ക്കാറിന്റെ രണ്ടാമൂഴമാണിത്. കുറച്ചധികം സംസ്ഥാനങ്ങളിലും അടുത്ത കാലത്തായി ബി.ജെ.പി തുടര്‍ ഭരണം നടത്തുന്നുണ്ട്. വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ മുന്നോട്ട് വെക്കേണ്ടത് കഴിഞ്ഞ ഭരണ നേട്ടങ്ങളുടെ തുടര്‍ച്ചക്ക് വോട്ട് എന്നതാണ്. എന്നാല്‍, അവര്‍ പറഞ്ഞത്, ബാബരി പള്ളി നിന്നിടത്ത് രാമ ക്ഷേത്രം പണിയും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയും എന്നൊക്കെയാണ്. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് ധ്രുവീകരണം നടത്തി ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് സമാഹരിക്കാനുള്ള കുടില തന്ത്രമല്ലാതെ മറ്റൊന്നുമല്ല. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും പയറ്റി വിജയ൦ കണ്ട ഇതേ തന്ത്രത്തിന്റെ തനിയാവര്‍ത്തനം മാത്രമാണ് ഏക സിവില്‍ കോഡിനായുള്ള മുറവിളി. ഇത് തിരിച്ചറിയാതെ ഏതെങ്കിലും സമുദായത്തെ കൂടെക്കിട്ടാന് വിഷയത്തെ സാമുദായികമാക്കി ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ കള്ളന് കഞ്ഞിവെച്ച് കൊടുക്കുന്ന പണിയാണെടുക്കുന്നത്.
ഭരണക്കാരുടെ വംശവെറിയാണിത്. അപരന്മാരും ഔദാര്യത്തില്‍ കഴിയേണ്ടവരുമായിട്ടാണ് അവര്‍ മുസ്ലിംകളെ കാണുന്നത്. അവര്‍ പ്രത്യേക മതവിഭാഗമായി നില്‍ക്കാതെ ഭൂരിപക്ഷമതത്തിന്റെ സാംസ്കാരിക പൊതുധാരയില്‍ ലയിച്ചു ചേരണമെന്നതാണ് അവരുടെ അഭിപ്രായം. അതുകൊണ്ട് മുസ്ലിംകളുടെ എല്ലാത്തിനോടും അവര്‍ക്ക് വെറുപ്പാണ്. ആ വെറുപ്പിനെ എങ്ങനെ രാഷ്ട്രീയ വിജയത്തിന്റെ ആയുധമാക്കാം എന്നാണ് അവരുടെ ഗവേഷണ വിഷയം. ഹലാല്‍ ഭക്ഷണ വിരുദ്ധ സമരം, സ്ഥലനാമങ്ങളോടും ചരിത്രത്തോടുമുള്ള പ്രത്യേകതരം അലര്‍ജി, വേഷത്തോടും ഭാഷയോടുമുള്ള വെറുപ്പ്, പൗരത്വ ഭേദഗതി... ഇങ്ങനെ എത്രയെത്ര വിഷയങ്ങള്‍. മുത്തലാഖാണല്ലോ മുസ്ലിം സ്ത്രീകള്‍ക്ക് നേടിക്കൊടുത്ത ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിക്കപ്പെടുന്നത്. വിവാഹമോചനങ്ങള്‍ക്ക് പ്രമാണബദ്ധമായ രീതികള്‍ അവലംബിക്കേണ്ടതുണ്ട് എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. വിവാഹ മോചനം എല്ലാ മതങ്ങളിലുമുണ്ടെന്നിരിക്കെ മുസ്ലിംകള്ക്ക് മാത്രം തടവ് വിധിക്കുന്ന ക്രിമിനല്‍ കുറ്റമായി അത് രൂപം മാറിയതെങ്ങനെ?
ഇങ്ങനെ നോക്കുമ്പോഴാണ് ഏക സിവില്‍ കോഡിനു വേണ്ടിയുള്ള നിലവിളി മുസ്ലിം വ്യക്തി നിയമങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒളിയജണ്ടയാണെന്ന് മനസ്സിലാവുക. ഇങ്ങനെ വന്നാല്‍ മുസ്ലിംകള് ബേജാറാവേണ്ട കാര്യമൊന്നുമില്ല. കാര്യം ബോധ്യപ്പെടുമ്പോല് എല്ലാവരും നിലപാട് തിരുത്തിക്കോളും. എണ്‍പതുകളില്‍ ഏക സിവില്‍ കോഡിന് വേണ്ടി കാടിളക്കി വെടിവെച്ച ഇടതുപക്ഷം ഈ സമയം ഏക സിവില്‍ കോഡ് വിരുദ്ധ സമരത്തിന്റെ നായകത്വം ഏറ്റെടുക്കാന്‍ മത്സരിക്കുന്നതിലെ മലക്കംമറിയല്‍ ചില്ലറക്കാര്യമല്ലല്ലോ. ഒറ്റ തിരിഞ്ഞും മാറ്റി നിര്‍ത്തിയുമുള്ള പോരാട്ടമല്ല ജനാധിപത്യത്തിലെ കരണീയവും സത്യസന്ധവുമായ വഴിയെന്ന് എല്ലാവരും തിരിച്ചറിഞ്ഞാല്‍ നന്ന്.
ഇപ്പോഴുളളതിനേക്കാള്‍ എത്രയോ വലിയ പ്രതിസന്ധികളെ ഇസ്ലാമിക ശരീഅത്ത് അതിജീവിച്ചിട്ടുണ്ടെങ്കില്‍, വരുംകാല വെല്ലുവിളികളെയും അത് അതിജയിക്കും. തികഞ്ഞ പക്വതയും വൈജ്ഞാനിക കരുത്തും അവധാനതയും ആസൂത്രണ മികവും സന്തുലിത വീക്ഷണവും കൈമുതലാക്കി വിഷയത്തെ സമീപിക്കാനും സമുദായത്തെ ശാക്തീകരിക്കാനും രാജ്യ നിവാസികളെ ഒപ്പം നിര്‍ത്താനും സാധിക്കുക എന്നതാണ് വെറുപ്പിന്റെ കടയടപ്പിക്കാനുള്ള സമുദായത്തിന്റെ മൂലധനം.
മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി പ്രധാനമന്ത്രി മുതലക്കണ്ണീര് ഒഴുക്കുകയാണ്. ഏക സിവില്‍ കോഡ് നടപ്പാക്കും എന്ന് പറഞ്ഞ ഉടന്‍ അദ്ദേഹം സംസാരിച്ചത് ഇസ്ലാമിലെ സ്വത്തവകാശത്തെയും ബഹുഭാര്യത്വത്തേയും കുറിച്ചാണ്. അദ്ദേഹത്തോട് ചിലത് ചോദിക്കാനുണ്ട്; പശുക്കടത്താരോപിച്ചും ഗോമാംസം കഴിച്ചെന്നും പറഞ്ഞ് ഭരണത്തണലില്‍ ആള്‍ക്കൂട്ടക്കൊലയെന്ന ഓമനപ്പേരില്‍ പ്രധാനമന്ത്രിയുടെ ആളുകള്‍ കൊന്നുതള്ളിയ എത്ര പേരുണ്ട് രാജ്യത്ത്? അവര്‍ക്ക് ഭാര്യയും ഉമ്മയും പെണ്മക്കളും വല്യുമ്മയുണ്ടാവുമല്ലോ, എന്തേ അതോര്‍ത്ത് അങ്ങയ്ക്ക് കണ്ണുനീര് പൊടിയാത്തത്? അതിദാരുണമായി കൊല ചെയ്യപ്പെട്ട ഖുര്‍ആന്‍ മന:പാഠമുള്ള കുഞ്ഞുമോന് ജുനൈദിനും ഉമ്മയുണ്ട്. ജെ.എന്‍.യു കാമ്പസില്‍ കാണാത്തായ നജീബിന്റെ ഉമ്മയും പെണ്ണാണ്. ബല്‍ക്കീസ് ബാനുവിനെയും മറക്കാനാവില്ല. എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നതല്ല അനാഥമാക്കപ്പെട്ട ജീവിതങ്ങള്‍. അവരെയോര്‍ക്കുമ്പോള്‍ കരച്ചില് വരാത്ത, കണ്ണു നിറയാത്ത പ്രധാനമന്ത്രിക്ക് ബഹുഭാര്യത്വവും സ്വത്തവകാശവും പറയുമ്പോള്‍ കൂടെക്കൂടെ അനിയന്ത്രിതമായ കരച്ചില് വരുന്നത് രോഗലക്ഷണമല്ല, ഉടന്‍ ചികിത്സ ആവശ്യമുള്ള രോഗമാണ്. ബാലറ്റാണ് അതിന്റെ പ്രതിവിധി. ജനാധിപത്യ ബോധമുളള മുഴുവന്‍ രാജ്യ നിവാസികളും ആലോചിക്കേണ്ട വിഷയമാണിത്. ഇതിലേക്കാണ് ഏക സിവില്‍ കോഡ് വിഷയം പഠിക്കാന്‍ മോദി സര്‍ക്കാര്‍ നിയമിച്ച ഇരുപത്തി ഒന്നാം നിയമ കമ്മീഷന്റെ വിലയിരുത്തല്‍ ചേര്‍ത്ത് വെക്കേണ്ടത്.
ഏക സിവില്‍ കോഡ് ഇത്രയധികം വൈജാത്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയില്ല. ധൃതിപ്പെട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ദുരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. വൈവിധ്യങ്ങളെ ആഘോഷിക്കുന്ന നാട്ടില്‍ അവയെ നിയമ നിര്‍മാണത്തിലൂടെ റദ്ദ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ബഹുസ്വരതക്ക് വേണ്ടിയുള്ള ഒന്നിച്ച പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. ആ പോരാട്ടത്തിന് നിര്‍ലോഭമായ പിന്തുണ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാവും.
ഏക സിവില്‍ കോഡ് ഇന്ത്യയില്‍
പ്രായോഗികമല്ല
പി.എച്ച് ആയിശ ബാനു
(എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ്)
ഏക സിവില്‍ കോഡ് വാദം വീണ്ടും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങള്‍ അവരുടെ മതഗ്രന്ഥങ്ങളാലും ആചാര സമസമ്പ്രദായങ്ങളാലും നിയന്ത്രിക്കപ്പെടുന്നതിന് പകരം ഇന്ത്യയിലെ പൗരന്മാരുടെ മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം തുടങ്ങിയവ പരിഗണിക്കാതെ എല്ലാ പൗരന്മാര്ക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിര്‍ദേശമാണ് ഏക സിവില്‍ കോഡ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25, 28 ഇന്ത്യന്‍ പൗരന്മാര്ക്ക് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുകയും മതവിഭാഗങ്ങളെ അവരുടെ സ്വന്തം കാര്യങ്ങള്‍ നിലനിര്‍ത്താന്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി മുന്നോട്ടു വെച്ച വിവാദ വാഗ്ദാനങ്ങളില്‍ ഒന്നായ ഏകീകൃത സിവില്‍ കോഡ്. ന്യൂനപക്ഷ സമുദായങ്ങളെ അകറ്റി നിര്‍ത്താനും അവരുടെ ആചാരാനുഷ്ഠാനങ്ങളെ നിരാകരിക്കാനുമുള്ള അജണ്ടയുടെ ഭാഗമാണിത്; ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷത എന്ന ആശയത്തോടുള്ള വെല്ലുവിളി കൂടിയാണ്. നൂറ്റാണ്ടുകളായി വിവിധ പാരമ്പര്യങ്ങളും കോഡുകളുമായി ജീവിക്കുന്ന 7000ത്തിലധികം കമ്യൂണിറ്റികളുള്ള വൈവിധ്യമാര്‍ന്ന രാജ്യത്ത് വര്‍ഗീയതയുടെ വിഷം നിറച്ച് വൈവിധ്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയില്‍നിന്ന് ഈ മഹത്തായ രാജ്യത്തെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്.
തങ്ങളുടെ പരമ്പരാഗത സ്വത്വത്തിന് നിരക്കുന്നതല്ല ഏക സിവില്‍ കോഡെന്ന് നാഗാലാന്‍ഡിലെ എന്‍.ഡി.പി.പി, മേഘാലയയിലെ എന്‍.പി.പി, മിസോറാമിലെ എം.ന്.എഫ് തുടങ്ങിയ പാര്‍ട്ടികള്‍ നിലപാടെടുത്തിട്ടുള്ളത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. നൂറുകണക്കിന് ഗോത്രവര്‍ഗ ജനവിഭാഗങ്ങളാണ് ഇതിനകം തന്നെ ഏക സിവില്‍ കോഡിനെതിരെ രംഗത്തുവന്നിട്ടുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇരുനൂറിലധികം ഗോത്ര വിഭാഗങ്ങളും അവര്‍ക്കെല്ലാം പ്രത്യേക സിവില്‍ നിയമങ്ങളും ഉണ്ട്. ഝാര്‍ഖണ്ഡിലെ 30ഓളം സംഘടനകള്‍ ഏക സിവില്‍ കോഡിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിട്ടുണ്ട്. മിസോറാം ഏക സിവില്‍ കോഡിനെതിരെ നിയമം പാസാക്കിയിട്ടുണ്ട്. ഏക സിവില്‍ കോഡിനെ കുറിച്ച് പഠിക്കാന്‍ 2016ല്‍ മോദി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ബി. എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമീഷന് ഏക സിവില്‍ കോഡ് ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയതാണ്.
ഏക സിവില്‍ കോഡ് വീണ്ടും കത്തിനില്ക്കുമ്പോള് അതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ മത നേതാക്കള്‍ ഒരേ സ്വരത്തില്‍ രംഗത്തു വന്നത് പ്രതീക്ഷാര്‍ഹമാണ്. പ്രകോപനങ്ങള്‍ക്കോ വികാരങ്ങള്‍ക്കോ അടിമപ്പെടാതെ വിവേകത്തോടെ വിഷയത്തെ സമീപിക്കുന്നതും ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നതും സ്വാഗതാര്‍ഹമാണ്.
2024ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് കേന്ദ്രഗവണ്മെന്റ്. മത വിഭാഗങ്ങളുടെ ധ്രുവീകരണമാണ് അവരുടെ പ്രധാന അജണ്ട. രാജ്യം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ മറച്ചുപിടിച്ച് വര്‍ഗീയതയുടെ തീ ആളിക്കത്തിച്ച് വീണ്ടും ജനദ്രോഹ ഭരണം ലക്ഷ്യമിടുകയാണ്.
ഏക സിവില്‍ കോഡ് ഒരു മുസ്ലിം സാമുദായിക പ്രശ്നമായി മാറണം എന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. എന്നാല്‍, ഇന്ത്യയിലെ കോടിക്കണക്കായ ഗോത്രവര്ഗആദിവാസി വിഭാഗങ്ങളുടെ തദ്ദേശീയ സാംസ്കാരിക വിനിമയങ്ങളെയും സെമിറ്റിക് മതങ്ങളുടെ ആചാരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതു കൂടിയാണ് ഈ നീക്കം. പാതി കേട്ടു അപക്വമായി പ്രതിഷേധിക്കുന്നതിനു പകരം മതേതര സമൂഹം ഒറ്റക്കെട്ടായി പക്വതയോടെ നിലകൊള്ളേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ ബാധിക്കുന്ന ഭരണഘടനാ പ്രശ്നമാണെന്നും തിരിച്ചറിയണം. വിവിധ ജനവിഭാഗങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് രാജ്യതാല്പര്യത്തിനെതിരാണ്. രാമ ക്ഷേത്രം, മുത്തലാഖ്, പൗരത്വ ഭേദഗതി നിയമം എന്നിവക്കുശേഷം ഏക സിവില്‍ കോഡുമായി ബി.ജെ.പി രംഗത്ത് വരുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഏക സിവില്‍ കോഡില്‍നിന്ന് ആദിവാസി ഗോത്ര വിഭാഗങ്ങളെ മാറ്റിനിര്‍ത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിലൂടെ ധ്രുവീകരണ അജണ്ട മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ പൂങ്കാവനത്തില്‍ ഏക സിവില്‍ കോഡിനു പ്രസക്തിയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട സമയമാണിത്. ഹിന്ദുത്വ വര്‍ഗീയത ശക്തി പ്രാപിക്കുന്ന കാലത്ത് ഭാരതത്തിന്റെ മഹിതമായ പാരമ്പര്യം നിലനിര്‍ത്താനുള്ള ശ്രമം നമ്മുടെ കൂട്ടായ പരിശ്രമത്തില്‍ നിന്നുണ്ടാവണം.
മുസ്ലിം വിരുദ്ധ അജണ്ട
ഫ്ലാ വിയ ആഗ്നസ്
അഭിഭാഷക, എഴുത്തുകാരി
ഏക സിവില്‍ കോഡിനെക്കുറിച്ച് മുമ്പ് ഞാന്‍ കുറെ എഴുതിയിട്ടുണ്ട്. ലിംഗനീതിയുടെ പേരില്‍ മുസ്ലിം സമുദായത്തെ അടിക്കാനുള്ള വടിയായാണ് വലതുപക്ഷ ഹിന്ദു മതമൗലികവാദ ഗ്രൂപ്പുകള്‍ ഏക സിവില്‍ കോഡ് വാദം എന്നും ഉപയോഗിച്ചത്. ഇതേ ലക്ഷ്യത്തോടെ തന്നെയാണ് പ്രസ്തുത ഗ്രൂപ്പുകളും വ്യക്തികളും ഇത് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മറ്റെല്ലാം മാറ്റിവെച്ച് ഈ വിഷയത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങള്‍ ഏക സിവില്‍കോഡ് പല ഗ്രൂപ്പുകളും സംഘടനകളും ഉന്നയിക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നു.
2018ല്‍ ലോ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഇന്ത്യയിലെ മതപരമായ ആചാരങ്ങളുടെയും വ്യക്തിനിയമങ്ങളുടെയും വൈവിധ്യം കണക്കിലെടുക്കുമ്പോള്‍, ഏകീകൃതമായ ഒരു നിയമം നടപ്പിലാക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ ദീര്‍ഘകാല അജണ്ടയുടെ ഭാഗമാണെന്നും ഒരു തെരഞ്ഞെടുപ്പ് ആയുധമായി ഇത് വീണ്ടും വീണ്ടും ഉയര്‍ത്തിക്കാട്ടപ്പെടുകയാണെന്നും ഞാന്‍ വിശ്വസിക്കുന്നു.
മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലും വിവാഹങ്ങളിലും അടുത്തിടെയുണ്ടായ ദാരുണമായ ഗാര്‍ഹിക പീഡന കേസുകളില്‍, 'ലൗ ജിഹാദ്' പോലുള്ള പദങ്ങള്‍ ഉപയോഗിച്ച് വിഷയം വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമുണ്ട്. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരാനും നീക്കം നടക്കുന്നു.
ഇസ്ലാമോഫോബിയയും സ്ത്രീകളുടെ മേലുള്ള പുരുഷാധിപത്യ നിയന്ത്രണവും ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അടിസ്ഥാനപരമായി അത് മുസ്ലിം വിരുദ്ധ അജണ്ടയായി കാണപ്പെടുന്നു, ഹിന്ദു സ്ത്രീകളുടെ ലൈംഗിക തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കാനുള്ള നീക്കമായി ഇത് മാറുന്നു.
മതന്യൂനപക്ഷങ്ങള്ക്കെതില് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയുടെ ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍, വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ എങ്ങനെ ഉയര്‍ത്താന്‍ കഴിയുമെന്ന വലിയ ആശങ്കയുണ്ട്. മതാന്തര വിവാഹങ്ങള്‍ അന്വേഷിക്കാനും ഹിന്ദു സ്ത്രീകളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാനും അവരുടെ ജന്മകുടുംബങ്ങളുമായി ബന്ധപ്പെടാനും പെണ്‍കുട്ടിയും അവളുടെ ജന്മകുടുംബവും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരിച്ച സമിതികള്‍ സമീപകാല ഉദാഹരണങ്ങളാണ്.
സിവില്‍കോഡ് ഗോത്ര സ്വത്വത്തെ നശിപ്പിക്കുന്നത്
സി.കെ ജാനു
ആദിവാസി ഗോത്ര മഹാസഭാ നേതാവ്
എല്ലാവര്ക്കും ഒരു സിവില്‍ കോഡ് എന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക ആദിവാസികളെയാണ്. ഏക സിവില്‍ കോഡ് ആദിവാസി സംസ്കൃതിയെ തകര്‍ക്കും. ഇവിടെ എല്ലാ സാംസ്കാരിക വൈജാത്യങ്ങളും നിലനില്‍ക്കണം. എല്ലാ വിഭാഗം മനുഷ്യരുടെയും സംസ്കാരവും ആചാരങ്ങളും അവര്‍ക്കിഷ്ടമുള്ളത് പോലെ തുടരണം.
കേരളത്തിലും ഇന്ത്യയിലും ഇന്ന് നിലവിലുള്ള സംവിധാനത്തിന് പുറത്താണ് ആദിവാസികളുടെ ജീവിതരീതി. കേരളത്തില്‍ നിലവില്‍ 36 വിഭാഗം ആദിവാസികളുണ്ട്. അവര്‍ക്കെല്ലാം വ്യത്യസ്തമായ ജീവിത രീതികളാണ്. ഇന്ത്യയില്‍ ഓരോ പ്രദേശത്തും ഉള്ള ആദിവാസികളുടെ ആചാരവും സംസ്കാരവും ജീവിതരീതിയും ഭാഷയും ഒക്കെ വേറെ വേറെ തന്നെയാണ്. സംസ്കാരവും ഭാഷയും ജീവിതരീതിയും മാത്രമല്ല, അവരുടെ വസ്ത്രധാരണ രീതി പോലും വെവ്വേറെയാണ്. പൂര്‍ണമായും ആദ്യകാലത്തെപ്പോലെ ഇന്നും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലായെന്നാണെങ്കിലും, എല്ലാവരും അവരുടെ ഐഡന്റിറ്റി നിലനിര്‍ത്തി ജീവിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഗോത്രവിഭാഗത്തിലുള്ള ഓരോ ആളുടെയും ആഗ്രഹം ആ ഗോത്രസംസ്കാരത്തില്‍ തന്നെ ജീവിക്കുകയും മരിക്കുകയും വേണമെന്നാണ്. ഞാനും അവസാനം വരെയും എന്റെ ഗോത്രസംസ്കാരം നിലനിര്‍ത്തി ജീവിക്കണമെന്നും അതില്‍ തന്നെ മരിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. ഏക സിവില്‍ കോഡ് ഈ ഗോത്ര സംസ്കാരത്തെ നശിപ്പിക്കും. ഗോത്രജീവിതം പൊതുസമൂഹത്തിന് ഒരു ദോഷവും വരുത്താത്തതാണ്. പ്രകൃതിക്കോ മണ്ണിനോ ജീവജാലങ്ങള്‍ക്കോ മനുഷ്യര്‍ക്കോ എതിരായിട്ടുള്ള ജീവിത രീതിയേ അല്ല ഗോത്ര സംസ്കാരം. ചഉഅയില് തുടര്‍ന്നാലും ഏക സിവില്‍ കോഡിനെതിരെ വിയോജിപ്പുകള്‍ ഉയര്‍ത്തും. സി.പി.എമ്മിന്റെ ഏക സിവില്‍ കോഡ് പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണ്.