ഹലാല്‍ ലൗ സ്റ്റോറി: കഥക്കുള്ളിലെ കഥ
മൈമൂന വടക്കേക്കാട്
ആഗസ്റ്റ് 2023
ഹലാല്‍ ലൗ സ്റ്റോറി' ഞങ്ങളുടെ മാത്രം കഥയല്ല, സിനിമയില്‍ നമ്മുടേതായ ഒരിടം നമുക്കും വേണ്ടേ എന്ന് ചോദിക്കുന്ന മൂല്യങ്ങളുള്ള കുറേ കലാകാരന്മാരുടേതു കൂടിയാണ്
മിനി സ്‌ക്രീനില്‍ നായികയായ, തികച്ചും അപ്രതീക്ഷിതമായ സംഭവം ഇടക്കിടെ മനസ്സില്‍ തികട്ടി വന്നുകൊണ്ടിരിക്കെയാണ് സക്കരിയ്യയുടെ ഹലാല്‍ ലൗ സ്റ്റോറി റിലീസായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ ആ സംഭവങ്ങള്‍ അതോടെ വീണ്ടും സജീവ ചര്‍ച്ചയായി. ആദരണീയനായ സഹോദരന്‍ മര്‍ഹൂം പി.ടിയും (റഹ്‌മാാന്‍ മുന്നൂര്), പി.എ.എം ഹനീഫ് സാഹിബുമൊക്കെ വടക്കേക്കാട് മുക്കിലെ പീടികയിലെ വീട്ടുമുറ്റത്ത് വീണ്ടും എത്തിയ പ്രതീതി. ഓര്‍മകള്‍ക്ക് തിളക്കമേറ്റി സക്കരിയ്യയുടെ സിനിമ.'ഹലാല്‍ ലൗ സ്റ്റോറി'യില്‍ പറയുന്ന യഥാര്‍ഥ ഭാര്യാ ഭര്‍ത്താക്കന്മാര്‍ സിനിമയിലും അതേപോലെ അഭിനയിച്ച കഥ സംഭവിച്ചത് 2001ലാണ്. 'ധര്‍മധാര'ക്കു വേണ്ടി പി.എ.എം ഹനീഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പെരുന്നാള്‍ പൂച്ചെണ്ടുകള്‍.' എന്റെ ഭര്‍ത്താവ് ഹംസ വടക്കേക്കാടായിരുന്നു നായകന്‍. നായികയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രതിസന്ധിയുണ്ടാക്കി.
ഒരു നടിയെ നായികയാക്കി സിനിമയെടുക്കുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറി. എന്നെ നായികയാക്കിയാല്‍ പ്രശ്നം തീര്‍ന്നെന്ന തീര്‍പ്പില്‍ അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു. ഹനീഫ് സാഹിബ് ആണെന്ന് തോന്നുന്നു ആ ആശയം മുന്നോട്ട് വെച്ചത്. ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.
അതിഥികള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. വളരെ തഞ്ചത്തില്‍ അവര്‍ എന്നോട് കാര്യം പറഞ്ഞു.
എന്നെ നായികയാക്കി സിനിമയെടുക്കാനുള്ള തീരുമാനത്തോട് തീര്‍പ്പാവാന്‍ ഒട്ടും എനിക്കായില്ല. പറ്റില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.
താനതില്‍ ഇടപെടില്ല എന്ന് പറഞ്ഞു പതിവുപോലെ ഹംസക്ക മാറിനിന്നു. ഇതൊക്കെ നടക്കുന്നതിനും മുമ്പ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എന്നെ മത്സരിപ്പിക്കാന്‍ മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദ് ശ്രമിച്ചിരുന്നു. എല്‍.ഡി.എഫ് ഘടകകക്ഷിയായിരുന്ന ജനതാ ദളിന്റെ തൃശൂര്‍ ജില്ലയിലെ ഏക സീറ്റായ പുന്നയൂര്‍ക്കുളം ഡിവിഷനില്‍ മത്സരിപ്പിക്കാനായിരുന്നു ശ്രമം. ഞാന്‍ സമ്മതിച്ചില്ല. ഹംസക്ക അന്നും തടിയൂരി.
വിരേന്ദ്ര കുമാറിന് താന്‍ വാക്ക് കൊടുത്തല്ലോ പെങ്ങളേ എന്നായി പി.ടി കുഞ്ഞുമുഹമ്മദ്. ഒടുവില്‍ അദ്ദേഹത്തിന്റെ ഒരു ചോദ്യം: സിദ്ദീഖ് ഹസന്‍ പറഞ്ഞാല്‍ സമ്മതിക്കുമോ? എന്റെ മറുപടിക്ക് കാക്കാതെ അദ്ദേഹം അന്നത്തെ അമീര്‍ മര്‍ഹൂം കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെ ഫോണില്‍ ബന്ധപ്പെട്ടു. അമീറിന്റെ സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം.
എനിക്ക് ഫോണ്‍ തരാനാണ് സിദ്ദീഖ് ഹസന്‍ സാഹിബ് പറഞ്ഞത്. മൈമൂനക്ക് താല്‍പര്യമുണ്ടോ? അദ്ദേഹം എന്നോട് ചോദിച്ചു. രാഷ്ട്രീയത്തില്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇഷ്ടമില്ലാത്ത കാര്യത്തിന് സ്ത്രീകളെ നിര്‍ബന്ധിക്കാന്‍ പാടില്ലല്ലോ എന്നു പറഞ്ഞ് അമീര്‍ പി.ടി കുഞ്ഞുമുഹമ്മദിനെ പിന്തിരിപ്പിച്ചു.
പി.ടിയോടും പി.എ.എം ഹനീഫ് സാഹിബിനോടും ഹംസക്ക ഇക്കഥ പറഞ്ഞു.
പക്ഷേ, അവര്‍ പിന്തിരിയുകയല്ല ചെയ്തത്. പി.ടി കുഞ്ഞുമുഹമ്മദ് ഉന്നയിച്ച അതേ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. അമീര്‍ പറഞ്ഞാല്‍ സമ്മതിക്കുമോ? സിദ്ദീഖ് ഹസന്‍ സാഹിബ് തന്നെയായിരുന്നു അപ്പോഴും അമീര്‍. എന്റെ അനുകൂല മറുപടി കേട്ട് അവര്‍ അമീറിനെ വിളിച്ചു. അങ്ങനെ ഞാനും ഹംസക്കയും നായികാ നായകന്മാരായി 'പെരുന്നാള്‍ പൂച്ചെണ്ടുകള്‍' പുറത്തിറങ്ങി. യഥാര്‍ഥ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ നായികാ നായകന്മാരായി ഇറങ്ങിയ ആദ്യത്തെ സിനിമയും അതുവഴി പിറവികൊണ്ടു.
കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന പി.ടി അനുസ്മരണത്തില്‍ ഹംസക്ക ഇക്കാര്യങ്ങള്‍ വളരെ സരസമായി അവതരിപ്പിച്ചിരുന്നു. പി.ടി യുടെ സ്മരണ എല്ലാവരിലും വേദന നിറച്ചിരിക്കെയായിരുന്നു ഹംസക്കയുടെ നര്‍മം കലര്‍ത്തിയ അവതരണം. ദു:ഖം ഘനീഭവിച്ച സദസ്സില്‍ അതോടെ പൊട്ടിച്ചിരിയാണ് പടര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന സക്കരിയ്യ ഇതൊക്കെ മൊബൈലില്‍ പകര്‍ത്തി. തനിക്കൊരു സിനിമക്കുള്ള ത്രെഡ് കിട്ടിയെന്നും താനത് സിനിമയാക്കുമെന്നും സക്കരിയ്യ അന്നുതന്നെ എന്നോടും ഹംസക്കയോടും പറഞ്ഞിരുന്നു,
'ഹലാല്‍ ലൗ സ്റ്റോറി' ഞങ്ങളുടെ കഥ മാത്രമല്ല, സിനിമയില്‍ നമുക്കും വേണ്ടേ നമ്മുടേതായ ഒരിടം എന്ന് ചോദിക്കുന്ന മൂല്യങ്ങളുള്ള കുറേ കലാകാരന്മാരുടേതുമാണ്.
തയാറാക്കിയത്: സക്കീര്‍ ഹുസൈന്‍