ജെന്‍ഡര്‍ ന്യൂട്രാലിറ്റി
സ്കൂളില്‍ പോകാതിരുന്നാലാണ് വിവരമുണ്ടാവുക എന്ന വിചിത്രമായ തീര്‍പ്പിലേക്ക് അവളെ നയിച്ചതും അവളുടെ അതിവിചിത്രമായ അനുഭവങ്ങളാണ്.
പൊതുജനം അറിയേണ്ട വല്ലതുമുണ്ടെങ്കില്‍ പരസ്യം നല്‍കുകയാണ് പതിവ്. പക്ഷേ, ഞങ്ങള്‍ പരസ്യം ചെയ്യാറില്ല. പണ്ടായിരുന്നെങ്കില്‍ തെക്കേലെ കുഞ്ഞമ്മയോട് പറയും. അതാണ് ലാഭം. ഇന്ന്, പക്ഷേ, വാട്ട്സാപ്പിനോടാണ് പറയുക.
രണ്ടായാലും, എല്ലാവരും അറിയും. സ്കൂളില്‍ പോകാന്‍ വാക്സിനേഷന് നടത്തുന്ന വിവരവും വാട്ട്സാപ്പ് വഴിയാണ് ആളുകളറിഞ്ഞത്.
ഇന്ന് സ്കൂളില്‍ പഠിക്കുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം. ആധാര്‍ വേണം. വാക്സിനേഷന് ബുക്ക് ചെയ്ത വിവരം നിര്‍ബന്ധം.
നമുക്ക് ഇവിടെ പറയാനുള്ളത് കോവിഡ് കുത്തിവെപ്പിനെപ്പറ്റിയല്ല. കുത്തിവെക്കേണ്ട എന്ന തീരുമാനത്തിലേക്ക് ബേബിമോളെ കൊണ്ടുചെന്നെത്തിച്ച ചില വിചിത്ര അനുഭവങ്ങളെപ്പറ്റിയാണ്.
ആധാര്‍ ഇല്ല എന്ന ഗുരുതരമായ പ്രശ്നത്തിലാണ് തുടക്കം. ആരോ പറഞ്ഞു, അതിനു പകരം ഏതെങ്കിലും സര്‍ക്കാറുദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ മതി എന്ന്.
ഏതെങ്കിലും സര്ക്കാറുദ്യോഗസ്ഥന്! എളുപ്പമായി. പഞ്ചായത്താപ്പീസുണ്ട് അടുത്ത്.
ആ സമയത്താണ് പഞ്ചായത്തില്‍ പുതിയ ഒരു നയം വരുന്നത്. പൊതുജനമാണ് യജമാനന് എന്ന് ആര്‍ക്കോ വെളിപാട് വന്നു. ജനങ്ങളുടെ സേവകരാണ് സര്‍ക്കാറുദ്യോഗസ്ഥര്‍.
അതുകൊണ്ട് അവര്‍ക്കാവശ്യമായ സേവനം അതിവേഗത്തില്‍ ചെയ്തുകൊടുക്കണം എന്നതാവും പുതിയ നയം എന്ന് നിങ്ങള്‍ ഊഹിച്ചുകളഞ്ഞോ?
തെറ്റ്. അതല്ല നയം.
ഇനി മേല്‍ വരുന്നവരാരും ആപ്പീസിലുള്ളവരെ സാര്‍ എന്നോ മാഡം എന്നോ വിളിക്കരുത്. ആപ്പീസിലുള്ളവര്‍ ഒന്നും ചെയ്യേണ്ടതില്ല. പുതിയ ചുമതല ജനങ്ങള്‍ക്കുള്ളതാണ്.
സേവകരോട് യജമാനന്മാര് പുലര്‍ത്തേണ്ട പുതിയ ഉത്തരവാദിത്തം. മറ്റ് സേവന 'മുറ'കള്‍ പഴയ പടി.
നയം മാറ്റത്തെപ്പറ്റി ഒന്നുമറിയാതെയാണ് ബേബിമോള്‍ ചെന്ന് കയറുന്നത്.
'മാസ്ക് ധരിക്കുക.' ധരിച്ചിരിക്കുന്നു.
'സാനിറ്റൈസ് ചെയ്യുക.' ചെയ്തു.
'അകലം പാലിക്കുക.' ശ്രമിക്കാം.
ആപ്പീസ് നടപടികള്‍ ഇത്ര കാര്യക്ഷമമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് എളുപ്പമാകും എന്ന് ബേബിമോള്‍ കരുതി. വാതില്ക്കല് പ്യൂണ്‍ ഉണ്ട്.
''സര്‍ട്ടിഫിക്കറ്റ്?''
''അതെ. ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നതാ.''
''അതല്ല. ആപ്പീസിനകത്ത് കടക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വേണം. ആധാര്‍ വേണം. മൊബൈല്‍ വേണം.''
ആധാര്‍ ഇല്ലാത്തതുകൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് വേണ്ടി വന്നത് എന്ന് ബേബിമോള്‍ വിശദീകരിച്ചു. ജനസേവകനായ പ്യൂണ്‍ ഒരു കടലാസ് എടുത്ത് കൊടുത്തിട്ടു പറഞ്ഞു: ''സത്യവാങ്മൂലം.''
അവള് അന്തം വിട്ട് നോക്കി.
''ആധാര്‍ ഇല്ല എന്ന് സത്യവാങ്മൂലം ഒപ്പിട്ട് തരണം.''
അര മണിക്കൂറിനുള്ളില്‍ അവള് ഓഫീസറുടെ മുമ്പിലെത്തി. കട്ടിക്കണ്ണടക്കാരന്‍. ഗൗരവക്കാരന്‍.
''എന്തുവേണം?''
''സര്....'' അവള് തുടങ്ങിയപ്പോഴേക്കും അയാളൊരുനോട്ടം നോക്കി. കണ്ണട രോഷം കൊണ്ട് ജ്വലിക്കുന്നു.
''പുറത്ത് നോട്ടീസ് കണ്ടില്ലേ?''
''ഏത് നോട്ടീസാണ് സര്?''
കണ്ണട കൂടുതല്‍ ജ്വലിക്കുന്നു.
''ഇവിടെ ഓഫീസര്‍മാര്‍ നിങ്ങളുടെ സേവകരാണ്. ആരെയും സര് എന്നോ മാഡം എന്നോ വിളിക്കരുത് എന്ന നോട്ടീസ് കണ്ടില്ലേ എന്ന്!''
ഈ ഒരു വാചകം മുഴുവന്‍ പല്ലിറുമ്മിക്കൊണ്ട് പറയാന്‍ കഴിയില്ല എന്ന് ആരും കരുതേണ്ട. ആപ്പീസര്‍ അത് മുഴുവന്‍ പല്ലിറുമ്മിക്കൊണ്ട് തന്നെ സ്ഫുടമായി ഉച്ചരിച്ചു.
''ഞങ്ങള്‍ നിങ്ങളുടെ സേവകരാണ് എന്നറിയില്ലേ?''
ആ ചോദ്യം വലിയൊരു കുറ്റാരോപണം പോലെ തോന്നിച്ചു. 'സേവകനു' മുമ്പില്‍ 'യജമാനന്' വിറച്ചു.
''ശരി സാര്‍. സോറി സാര്‍....''
ചുരുക്കിപ്പറയാം. സര്‍ട്ടിഫിക്കറ്റിന് ബേബിമോള്‍ മറ്റൊരു ആപ്പീസില്, മറ്റൊരു ആപ്പീസറെ അന്വേഷിച്ച് പോയി.
വിദ്യാഭ്യാസ മേലാപ്പീസില്‍ മറ്റൊന്നുമില്ലെങ്കിലും ഒരു ഗുണമുണ്ട്. അവിടെ ജനങ്ങളെ യജമാനരാക്കിക്കൊണ്ടുള്ള നോട്ടീസ് വെച്ചിട്ടില്ല.
ബേബിമോള്‍ ചെന്നു. മാസ്കുണ്ട്. സാനിറ്റൈസര്‍ കുപ്പിയെ ആപ്പീസിലെ പ്യൂണ്‍ കാണും വിധം വണങ്ങി; വേണ്ടതിലേറെ അകലം പാലിച്ച് ആപ്പീസറുടെ മുന്നില്‍നിന്നു.
ആപ്പീസര്‍ വനിതയാണ്.
''മാഡം, എനിക്കൊരു....''
ആപ്പീസര്‍ കസേരയില്‍ ചാരി ഇരുന്നു: ''കുട്ടി എന്താ എന്നെ വിളിച്ചത്?''
''മാഡം.... അല്ല സാര്‍...''
''കുട്ടി, സ്കൂളില്‍ പഠിക്കുന്ന കുട്ടിയല്ലേ നീ? സ്കൂളുകളില്‍ പുതിയ പരിഷ്കാരം വന്നതറിയില്ലേ?''
അവള്‍ക്ക് മനസ്സിലാകുന്നില്ല.
''ജെന്‍ഡര്‍ ന്യൂട്രാലിറ്റി. മനസ്സിലായോ? ആണും പെണ്ണും വ്യത്യാസം പാടില്ല. പ്രത്യേകിച്ച് നിങ്ങള്‍ കുട്ടികള്‍ അതില്ലാതെ ശീലിക്കണം.''
''അതിന് മാഡം....''
''അതു തന്നെ പ്രശ്നം. 'മാഡം, സര്' എന്നതൊക്കെ ജെന്‍ഡര്‍ സൂചക പദങ്ങളാണെന്നറിയില്ലേ? പുല്ലിംഗവും സ്ത്രീലിംഗവും എടുത്തുകളഞ്ഞതറിഞ്ഞില്ലേ?''
ബേബിമോള്‍ ഓര്‍മയില്‍ പരതി. 'പ്രഭോ, പ്രഭ്വി' പറ്റില്ല. ജെന്‍ഡര്‍! 'മിസ്' ഒട്ടും പറ്റില്ല. ജെന്‍ഡര്‍ തന്നെ. നാടന്‍ 'ശ്രീമതി'യും പറ്റില്ല. 'അമ്മേ, ചേച്ചീ' ഒന്നും പാടില്ല.
നിന്ന നില്പ്പില് അവള്‍ക്ക് ഉള്‍വിളിയുണ്ടായി: ''അവിടുത്തേക്ക് ദയവുണ്ടായി...''
വിദ്യാഭ്യാസ ആപ്പീസര്‍ ഒരു മുന്‍ അധ്യാപിക (ജെന്‍ഡര്‍! ടീച്ചര്‍ എന്ന് വായിക്കുക) ആയതിനാല്‍ ക്ഷമയോടെ പറഞ്ഞുകൊടുത്തു:
''കുട്ടീ, അവിടുന്ന് എന്നത് ജന്മിത്തത്തിന്റെ കാലത്തേതാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് മുമ്പേ നാം സോഷ്യല്‍ ഈക്വാലിറ്റി നടപ്പാക്കിയിട്ടുണ്ട്. ഫ്യൂഡലിസ്റ്റ് കീഴാള-മേലാളത്തത്തിന്റെ ഒരു വാക്കും നമുക്ക് സ്വീകാര്യമല്ല.''
അവള് എന്തു ചെയ്യണമെന്നറിയാതെ നിന്നു.
''കുട്ടി പോയി സോഷ്യല്‍ മാനേഴ്സ് പഠിച്ച് വരൂ'' എന്ന ഉപദേശവുമായി ആപ്പീസര്‍ അഭിമുഖം അവസാനിപ്പിച്ച് പ്യൂണിനെ വിളിച്ചു.
''എടോ ബാബൂ, ഈ ഫയലൊന്ന് എടുക്ക്.''
ബേബിമോള്‍ അമ്പരപ്പോടെ നോക്കി.
'എടോ'? ജെന്‍ഡര്‍? കീഴാള-മേലാള ബന്ധം?
ആലോചിച്ചപ്പോള്‍ അവള്‍ക്ക് ഉത്തരവും കിട്ടി. ആപ്പീസില് കാര്യങ്ങള്‍ നടക്കണം. പുറത്തുനിന്നു വരുന്ന ജനത്തിന്റെ കാര്യം നടക്കാതിരുന്നാലും പ്രശ്നമില്ല. സ്കൂളിലും എങ്ങനെയൊക്കെ കാര്യങ്ങള്‍ നടന്നാലും (നടന്നില്ലെങ്കിലും) പ്രശ്നമില്ല.
ഏതോ നാട്ടില്‍ അഛനെ 'പേരന്റ് 1' എന്നും അമ്മയെ 'പേരന്റ് 2' എന്നും ജെന്‍ഡര്‍ ന്യൂട്രലാക്കിയ കഥ കേട്ടിരുന്നു അവള്. അപ്പോഴും ഒന്നും രണ്ടും എന്ന വ്യത്യാസം ഒഴിവാക്കാന്‍ പറ്റാതെ പരിഷ്കാരം മാറ്റിവെക്കുകയായിരുന്നുവത്രെ.
ബേബിമോള്‍ക്ക് മനസ്സിലായി, കോവിഡല്ല വലിയ പ്രശ്നമെന്ന്. അങ്ങനെയാണ് അവള് കുത്തിവെക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്. സ്കൂളില്‍ പോകാതിരുന്നാലാണ് വിവരമുണ്ടാവുക എന്ന വിചിത്രമായ തീര്‍പ്പിലേക്ക് അവളെ നയിച്ചതും അവളുടെ അതിവിചിത്രമായ അനുഭവങ്ങളാണ്.
വിചിത്രം. നമ്മുടെ നാട്ടില്‍ ഉണ്ടാകാന്‍ ഇടയില്ലാത്തത്, അല്ലേ?