ലഘൂകരിക്കേണ്ടത് മഹര്‍ മാത്രമോ?
മഹര്‍ ഒരു സാമ്പത്തിക ബാധ്യതയായി ഇസ്‌ലാം കാണുന്നില്ലെങ്കില്‍ ഇത്ര ഗൗരവത്തില്‍ ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുമോ?
ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീയുടേത് വളരെ ഉന്നതവും മാന്യവുമായ സ്ഥാനമാണ്. മാന്യമായ അവകാശങ്ങളെല്ലാം സ്ത്രീക്ക് ദൈവം ഉടമപ്പെടുത്തി കൊടുത്തിട്ടു്. ഒരു കാലത്ത് അവളുടെ സമ്പത്ത് കൈകാര്യം ചെയ്തിരുന്നതും അവളുടെ ജീവിതം നിയന്ത്രിച്ചിരുന്നതും നിര്‍ണയിച്ചിരുന്നതും പിതാവായിരുന്നു. പ്രായപൂര്‍ത്തിയായാല്‍ ഇണയെ തെരഞ്ഞെടുക്കാന്‍ അവള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. വിവാഹകമ്പോളത്തില്‍ യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്ത കൈമാറ്റം ചെയ്യുന്ന 'വസ്തു' മാത്രമായിരുന്നു. ഇത്തരം രീതികളെ ഇസ്‌ലാം മാറ്റിയെടുത്തു. ഇസ്‌ലാം അവള്‍ക്ക് സാമ്പത്തിക ഉടമസ്ഥാവകാശം നല്‍കി. അവള്‍ സമ്പാദിച്ചതും അനന്തരമായി കിട്ടിയതും അവളുടെ അധീനതയില്‍ തന്നെ സൂക്ഷിക്കാവുന്നതാണ്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവാഹ സമ്മാനം. അഥവാ മഹര്‍. അത് സ്വീകരിക്കാനും വിനിമയം ചെയ്യാനുമുള്ള അവകാശം അവള്‍ക്ക് മാത്രമുള്ളതാണ്.
ഇസ്‌ലാമിക വിവാഹരീതിയിലെ നിബന്ധനയായ മഹര്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഇപ്പോള്‍ ചൂടോടെ ചര്‍ച്ചചെയ്യപ്പെടുന്നു്. പ്രവാചകന്റെ കാലത്ത് വിവാഹത്തിലെ മുഖ്യവിഷയം മഹറായിരുന്നു. വിവാഹം ആഗ്രഹിക്കുന്ന ആണിനോട് നബി(സ) 'മഹര്‍ നല്‍കാന്‍ എന്തുണ്ട്' എന്ന് ചോദിക്കാറുണ്ടായിരുന്നു. നമുക്കിടയില്‍ പെണ്‍മക്കളുടെ പിതാക്കള്‍ സ്ത്രീധനത്തിന് കഷ്ടപ്പെടുന്നത് പോലെ അന്ന് പുരുഷന്മാര്‍ മഹറിന് കഷ്ടപ്പെട്ടിരുന്നു.
ഇസ്‌ലാമിലെ വിവാഹം ആരംഭിക്കുന്നത് തന്നെ മൂല്യവത്തായ ഒരു സമ്മാനം മഹറായി ഭാര്യക്ക് നല്‍കിക്കൊണ്ടാണ്. സാമ്പത്തിക മൂല്യമുള്ള ഒരു വസ്തു തന്നെയാണ് മഹറായി നല്‍കേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിവാക്കുന്നു. സ്‌നേഹത്തിന്റെ ആഴവും മധുരവും വെളിവാകുന്നത് ത്യാഗത്തിലൂടെയാണ്. അതുകൊ് അധ്വാനിച്ചുണ്ടാക്കിയ സാമ്പത്തിക മൂല്യമുള്ള ഒന്ന് തന്നെ മഹര്‍ കൊടുക്കാന്‍ പുരുഷന്‍ നിര്‍ബന്ധിതനാകും.
ഭാര്യ ഭര്‍തൃ ബന്ധത്തെ ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്. പുരുഷന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന വിശിഷ്ട അതിഥിയാണ് ഭാര്യ. അവള്‍ക്ക് നല്‍കുന്ന സമ്മാനം ഏറെ വിലപ്പെട്ടതാവണം. ജീവിതത്തില്‍ മറ്റൊരാള്‍ക്കും നല്‍കാന്‍ കഴിയാത്ത സമ്മാനമാണത്. ഇസ്‌ലാമിന് പുരുഷനുള്ള മേന്മയും മേധാവിത്വവും അവന്‍ ചെലവഴിക്കുന്ന പണംകൊണ്ട് കൂടി ഉള്ളതാണ്. പുരുഷന്‍ സ്ത്രീയുടെ മേല്‍ സംരക്ഷണോത്തരവാദിത്വം ഉള്ളവനാണ്. അത് പുരുഷന് അല്ലാഹു നല്‍കിയ യോഗ്യതയും ശ്രേഷ്ഠതയുമാണ്. പുരുഷന്മാര്‍ അവരുടെ സമ്പത്ത് ചിലവഴിക്കുന്നത് കൊണ്ട് കൂടിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം മനസ്സംതൃപ്തിയോട് കൂടി ബാധ്യതയായി നല്‍കാന്‍ ആവശ്യപ്പെടുന്നു. സ്ത്രീക്ക് കിട്ടുന്ന ഈ വിവാഹമൂല്യം പുരുഷന്‍ അവളെ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. ജീവിതാവസാനം വരെയുള്ള സംരക്ഷണം ഭര്‍ത്താവില്‍ നിക്ഷിപ്തവുമാണ്.
മഹര്‍ ഒരു സാമ്പത്തിക ബാധ്യതയായി ഇസ്‌ലാം കാണുന്നില്ലെങ്കില്‍ ഇത്ര ഗൗരവത്തില്‍ ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുമോ? ഇസ്‌ലാം, പരിചയപ്പെടുത്തുന്ന മഹര്‍ തിരിച്ചെടുത്താല്‍ ഭര്‍ത്താവിന് ഉപകരിക്കുന്ന വസ്തുവാണ്. സൂറത്ത് നിസാഇലെ നാലാം സൂക്തത്തില്‍ 'ഭാര്യമാര്‍ക്ക് നിശ്ചയിച്ച മഹറില്‍നിന്ന് അവര്‍ വല്ലതും നിങ്ങള്‍ക്ക് സ്വമനസ്സാലെ തിരിച്ച് നല്‍കുകയാണെങ്കില്‍ നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക എന്ന് പറയുന്നു. എങ്കില്‍ പിന്നെ അത് സാമ്പത്തിക മൂല്യമുള്ളത് തന്നെയാവണ്ടേ?
മഹര്‍ സ്ത്രീയുടെ വ്യക്തിപരമായ അവകാശമാണ്. പണ്ട് നടപ്പുണ്ടായിരുന്ന പോലെ അത് ഭാര്യയുടെ രക്ഷിതാവിനെ ഏല്‍പിക്കലല്ല. സ്ത്രീ കാലിച്ചന്തയിലെ കച്ചവടച്ചരക്കല്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
'നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ നിശ്ചയിച്ചാല്‍ ആദ്യ ഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍നിന്ന് യാതൊന്നും തിരിച്ച് വാങ്ങാവതല്ല. ദുര്‍ന്യായങ്ങളുന്നയിച്ചും വ്യക്തമായ അക്രമമായും നിങ്ങളത് തിരിച്ച് വാങ്ങുകയാണോ? നിങ്ങള്‍ പരസ്പരം അലിഞ്ഞ് ജീവിക്കുകയും സ്ത്രീകളില്‍നിന്ന് ബലിഷ്ഠമായ കരാര്‍ വാങ്ങുകയും ചെയ്തശേഷം നിങ്ങള്‍ക്കെങ്ങനെ അതിന് കഴിയും'' (4:21-22) എന്ന് കൂടി ചോദിക്കുന്നു. സ്വത്തും പണവും സാമ്പത്തിക സുസ്ഥിതിയുമുണ്ടായിട്ടും വിശുദ്ധ ഖുര്‍ആനും വിലകുറഞ്ഞ വസ്തുക്കളും മഹറാക്കുന്നവരുണ്ട്. ഖുര്‍ആനിനുള്ളത് വൈജ്ഞാനിക അതിമാനുഷ മൂല്യമാണ്. അത് മേലുദ്ധരിച്ച പ്രകാരം ഭക്ഷണമാക്കുവാനോ തിരിച്ചെടുത്താല്‍ ഭാര്യയെ പ്രയാസപ്പെടുത്തുന്നതോ അല്ല.
വിവാഹത്തിന് തയാറായി വരുന്ന യുവാക്കളോട് നബി(സ) മഹര്‍ നല്‍കാന്‍ എന്തുണ്ട് എന്ന് ചോദിക്കുമ്പോള്‍ വിലകൂടിയ വസ്തുക്കളില്‍നിന്ന് കുറഞ്ഞതിലേക്ക് ഇറങ്ങി വരികയാണ് ചെയ്തത്. അവസാനം ഒരു ഇരുമ്പ് മോതിരം പോലും ഇല്ലെന്ന് പറയുമ്പോഴാണ് നബി(സ) ഖുര്‍ആനിലെ ചില അധ്യായങ്ങളെ മഹറാക്കുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട സംഗതിയല്ല.
വിവാഹ മാമാങ്കത്തിന് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന പലരും മഹര്‍ മാത്രം ലഘൂകരിച്ച് വിവാഹം ലളിതമാക്കുന്നു. ഇത് പിന്‍പറ്റപ്പെടേണ്ട സല്‍കര്‍മമാണെങ്കില്‍ നബി(സ)യോ ഖുലഫാഉര്‍റാശിദീങ്ങളോ അങ്ങനെ ചെയ്തിട്ടുണ്ടാകും. ഉത്തമമായ വിവാഹമാണ് നബി(സ) പഠിപ്പിച്ചത്. മഹര്‍ പോലും കൊടുക്കാനില്ലാത്ത ദരിദ്രന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാണ് ഖുര്‍ആന്‍ കൊടുക്കുന്നത്. അനിവാര്യമായ വിവാഹം നടക്കട്ടെ എന്നും ദാരിദ്ര്യം വിവാഹത്തിന് തടസ്സമാകാതാരിക്കട്ടെ എന്നും നബി(സ) കരുതി. ബാക്കിയുള്ള എല്ലാ മേഖലകളിലും ധൂര്‍ത്തും പൊങ്ങച്ചവും കാണിക്കുന്നവര്‍ മഹര്‍ മാത്രം ലളിതമാക്കുന്നതിലെ അനൗചിത്യമാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. അഞ്ച് ദിര്‍ഹം തൂക്കം വരുന്ന സ്വര്‍ണം മഹറായി നല്‍കിയ അബ്ദുര്‍റഹ്മാനിബ്‌നു ഔഫിനോട് ഒരാടെങ്കിലും അറുത്ത് വലീമത്ത് നല്‍കാനാണ് നബി(സ) ആവശ്യപ്പെടുന്നത്. ഇവിടെ മഹര്‍ വലീമത്തിനേക്കാള്‍ വില കൂടിയതാണ്.
മഹറിന് കൂടിയതോ കുറഞ്ഞതോ ആയ ഒരു പരിധിയും ശരീഅത്ത് നിശ്ചയിച്ചിട്ടില്ല. ഓരോരുത്തരും അവരുടെ കഴിവിനും പ്രാപ്തിക്കുമനുസരിച്ച് നല്‍കുകയാണ് വേണ്ടത്. ഇരുകക്ഷികളും തൃപ്തിപ്പെടുകയാണെങ്കില്‍ ഏറ്റവും ലളിതമായ വസ്തുക്കളും മഹറാക്കി നല്‍കിയ അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. മക്കയില്‍നിന്ന് മദീനയിലേക്ക് വന്ന മുഹാജിറുകള്‍ക്ക് ഭാര്യമാരുണ്ടായിരുന്നില്ല. ഉടനെ രണ്ട് ഭാര്യമാരുള്ള അന്‍സാറുകള്‍ ഒരാളെ അപരന് വിവാഹം ചെയ്തു കൊടുക്കാന്‍ പോലും സന്നദ്ധമായി. അന്ന് മതപരിവര്‍ത്തനം പോലും സ്വഹാബികള്‍ മഹറാക്കിയിട്ടുണ്ട്. സ്വഹാബി വനിത ഉമ്മുസുലൈമിന് ഇണയാകാന്‍ പോകുന്ന അബൂത്വല്‍ഹയുടെ ധനത്തേക്കാള്‍ വലുത് അദ്ദേഹത്തിന്റെ ഇസ് ലാം സ്വീകരണമായിരുന്നു.
വിജ്ഞാനവും ദീനും ശ്രേഷ്ഠമായതാണ്. പക്ഷെ അത് വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശങ്ങളോട് തട്ടിച്ച് നോക്കുമ്പോള്‍ മഹറിന് ഇത് മതിയാവുകയില്ല. അത് ഭൗതിക തലത്തില്‍ പ്രയോജനം ലഭിക്കുന്ന വസ്തു തന്നെയാണ് വേണ്ടത്. അത് കൊണ്ടായിരിക്കാം പണ്ഡിതന്മാരില്‍ ചിലര്‍ ചുരുങ്ങിയ മഹര്‍ മൂന്ന് ദിര്‍ഹമോ പത്ത് ദിര്‍ഹമോ അഥവാ ഒമ്പതോ മുപ്പതോ ഗ്രാം വെള്ളിയോ ആയി പരിമിതപ്പെടുത്തിയത്.
മഹറിന്റെ കൂടിയ അളവിന് ഒരു പരിധിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഉമറുബ്‌നു ഖത്താബിന്റെ കാലത്ത് നടന്ന പ്രസിദ്ധമായ ഒരു സംഭവമുണ്ട്. ഒരിക്കല്‍ ഉമര്‍ മിമ്പറില്‍നിന്ന് ഇങ്ങനെ പ്രസംഗിച്ചു. നാനൂറ് ദിര്‍ഹമിലധികം സ്ത്രീകള്‍ മഹര്‍ വാങ്ങരുതെന്നും അധികമുള്ളത് പൊതുഖജനാവില്‍ അടക്കണമെന്നുമായിരുന്നു ഉത്തരവ്. ഇതുകേട്ട ഒരു ഖുറൈശി വനിത അദ്ദേഹത്തോട് ചോദിച്ചു. നിങ്ങള്‍ ഒരു സ്ത്രീയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം ചെയ്യുകയാണെങ്കില്‍ ആദ്യ ഭാര്യക്ക് ധനത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നും തിരിച്ചെടുക്കാവതല്ല. എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചത് നിങ്ങള്‍ കണ്ടിട്ടില്ലേ? ഉമറിന് തെറ്റ് ബോധ്യമായി സ്വയം തിരുത്തി. ''നിങ്ങളുടെ ധനത്തില്‍നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് മഹറാക്കി നല്‍കാം'' എന്ന് അദ്ദേഹം ഉടനെ പ്രസ്താവിച്ചു.
ഓരോ സ്ത്രീയും അര്‍ഹിക്കുന്ന ഒരു നിശ്ചിത മഹറുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ സാങ്കേതിക ഭാഷയില്‍ അതിനെ മഹര്‍ മിസ്‌ല് എന്നാണ് പറയാറ്. ഇത് സ്ത്രീയുടെ സാമ്പത്തിക അവസ്ഥ, ദീന്‍, കുടുംബം, ബുദ്ധി വൈദഗ്ധ്യം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നബി(സ) പത്‌നിമാര്‍ക്ക് കൊടുത്ത മഹര്‍ അഞ്ഞൂറ് ദിര്‍മായിരുന്നു. അഥവാ ഒന്നര കിലോ വെള്ളി. ഇന്നത്തെ നമ്മുടെ വിലയനുസരിച്ച് ഒരു ലക്ഷത്തോളം രൂപയോ അതിനെക്കാള്‍ കൂടുതലോ ഇതിന് വിലയുണ്ടാകും. ഖദീജ ബീവിക്ക് നബി നല്‍കിയ മഹര്‍ ഇരുപത് ഒട്ടകങ്ങളായിരുന്നുവെന്ന് ചരിത്രം പറയുന്നു. ആഇശാ ബീവിക്ക് മഹര്‍ കൊടുക്കാന്‍ വേണ്ടി നബി അബൂബക്കറില്‍നിന്ന് നാനൂറ്റി എണ്‍പത് ദിര്‍ഹം കടം വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ആഇശ ബീവിക്ക് മഹറായി നല്‍കിയ വീടിന് അമ്പത് ദിര്‍ഹം എന്ന് ഇബ്‌നു സഅദും നാനൂറ് ദിര്‍ഹം എന്ന് ഇബ്‌നു ഇസ്ഹാഖും ഉദ്ധരിച്ചിട്ടുണ്ട്. അതേ സമയം സകാത്തിന്റെ അഞ്ച് ഒട്ടകങ്ങള്‍ ഇരുനൂറ് ദിര്‍ഹമാണെന്ന് നാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
മഹറായി തന്റെ ധനത്തില്‍നിന്ന് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് നല്‍കാവുന്നതാണ്. മഹര്‍ സ്ത്രീയുടെ അവകാശമായി നിശ്ചയിച്ചത് അതവള്‍ക്ക് പ്രയോജനപ്പെടാന്‍ വേണ്ടിയാണ്: സ്ത്രീ ഖുല്‍അ് ചെയ്ത് വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ തിരിച്ചു കൊടുക്കാന്‍ പറയുന്നത് മഹറാണല്ലോ. സാമ്പത്തിക മൂല്യമുള്ള ഒരു വസ്തുവല്ല ഇതെങ്കില്‍ പുരുഷന് അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്?
ധനമല്ലാത്തതും മഹറാക്കിയ സംഭവങ്ങള്‍ ചരിത്രത്തില്‍ ഉണ്ടെങ്കിലും അത് മറ്റൊന്നും ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ പണ്ഡിതന്മാരില്‍ ചിലര്‍ ധനം മാത്രമേ വിവാഹമൂല്യമാക്കാവൂ എന്ന് പറയുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് തെളിയുന്നതും ഇത് തന്നെയാണ്. ചെരിപ്പ് മഹറായി സ്വീകരിച്ച ഒരു സ്ത്രീയോട് നബി ചോദിക്കുന്നുണ്ട്; രണ്ട് ചെരിപ്പുകള്‍ക്ക് പകരം നിന്നെ നീ തൃപ്തിപ്പെട്ടുവോ എന്ന്. അപ്പോള്‍ അവള്‍ ''അതെ'' എന്ന് പറഞ്ഞപ്പോഴാണ് നബി ആ വിവാഹത്തിന് അനുവദിച്ചത്.
അതേസമയം മഹര്‍ കൂടുതല്‍ ആവശ്യപ്പെടുന്നതിനെ ഇസ്‌ലാം വെറുക്കുന്നു. കഴിയുന്നത്ര കൂടുതല്‍ സ്ത്രീ പുരുഷന്മാര്‍ക്ക് വിവാഹിതരാകാനുള്ള അവസരമാണ് ഇസ്‌ലാം സൃഷ്ടിക്കുന്നത്. വിവാഹം ലളിതമാക്കി ഉപാധികള്‍ ലഘൂകരിച്ചെങ്കിലേ ദരിദ്രര്‍ക്കും വിവാഹിതരാകാന്‍ കഴിയൂ. ദരിദ്രര്‍ മാത്രമുള്ള, അല്ലെങ്കില്‍ കൂടുതലുള്ള ഒരു സമൂഹത്തില്‍ പ്രത്യേകിച്ചും. മാത്രമല്ല, മഹര്‍ കുറയുന്തോറും ദാമ്പത്യം അനുഗ്രഹീതമാകുമെന്നും ജീവിത ചിലവുകളുടെ കുറവ് നല്ല സ്ത്രീയുടെ ലക്ഷണമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. മഹറും ജീവിത ചെലവും ചുരുക്കി ലളിത ജീവിതം നയിക്കാനാണ് ദൈവകല്‍പന. ജീവിതത്തിന്റെ കടുത്ത പ്രാരാബ്ധങ്ങളില്‍ ഇണക്ക് നിഴലും തണലുമാകുന്ന സ്ത്രീയേ കുടുംബ ജീവിതത്തില്‍ വിജയിക്കുകയുള്ളൂ.