മത, തത്വചിന്ത, കല, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്ത്രീകള്‍ അറബ് ലോകത്തുണ്ട്.
അറബ് സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ച് വളരെക്കാലമായി പ്രദേശത്തിനകത്തും പുറത്തും വലിയ ചര്‍ച്ചയാകാറുണ്ട്.
ഭരണത്തിലും മറ്റു സ്വാധീന മേഖലകളിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം വളരെ കുറവാണ്. ലിംഗപരമായ അസമത്വവും വ്യാപകമാണ്. എങ്കിലും മത, തത്വചിന്ത, കല, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്ത്രീകള്‍ അറബ് ലോകത്തുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും സാഹസികത നിറഞ്ഞ പുതിയ വാസ്തുവിദ്യാ നിര്‍മാണ രീതികളിലും ആത്മീയ മേഖലകളിലും സ്ത്രീകള്‍ സജീവമായി പങ്കാളികളായിട്ടുണ്ട്. മധ്യകാലഘട്ടം മുതല്‍ ആധുനിക കാലഘട്ടം വരെ അറബ് സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ ചില വനിതാ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ്.
ഫാത്തിമ അല്‍ ഫിഹ്്്‌രി
തുനീഷ്യന്‍ നഗരമായ അല്‍ ഖറാവിയ്യിനില്‍ 800 സി.ഇയില്‍ (common era )ലാണ് ഫാത്തിമ അല്‍ ഫിഹ്രിയുടെ ജനനം. മൊറോക്കന്‍ നഗരമായ ഫെസില്‍ ലോകത്തിലെ ആദ്യത്തെ സര്‍വകലാശാല സ്ഥാപിച്ചതിന്റെ ഖ്യാതി ഇവര്‍ക്കാണ്. 859 സി.ഇയില്‍ നിര്‍മിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായാണ് അല്‍-ഖറാവിയ്യിന്‍ സര്‍വകലാശാല അറിയപ്പെടുന്നത്. യുനെസ്‌കോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളിലും ലോകത്തിലെ ഏറ്റവും പഴക്കമുള്ള സര്‍വ്വകലാശാലയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
ഒരു സമ്പന്ന വ്യാപാരി കുടുംബത്തിലാണ് അല്‍-ഫിഹ്രി ജനിച്ചത്. വിദ്യാഭ്യാസത്തിന്റെയും മതത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവര്‍ ചെറുപ്പത്തിലേ മനസ്സിലാക്കി. യൗവനത്തില്‍ ഇസ്്‌ലാമിക നിയമശാസ്ത്രവും പ്രവാചക അധ്യാപനങ്ങളും പഠിച്ചു. അല്‍-ഫിഹ്രിയുടെ പിതാവ് മരണപ്പെട്ടപ്പോള്‍, പാരമ്പര്യമായി ലഭിച്ച സമ്പത്തുപയോഗിച്ച് ഇസ്്‌ലാമിക വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുക്കുന്ന ഒരു മദ്രസയും സ്‌കൂളും സ്ഥാപിക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനിടെ അവര്‍ക്ക് മൊറോക്കോയിലേക്ക് താമസം മാറേണ്ടിവന്നു. അവിടെ തന്റെ വീടിന് സമീപം സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കിയാണ്ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സ്ഥാപനം അവിടെ തുടങ്ങിയത്. ജന്മനാടായ അല്‍-ഖറാവിയ്യിന്റെ പേരു തന്നെയാണവര്‍ ആ സ്ഥാപനത്തിനു നല്‍കിയത്. അവിടെ വിദ്യാഭ്യാസ സ്ഥാപനം, പള്ളി, ലൈബ്രറി, ടീച്ചിംഗ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുത്തി. ഖുര്‍ആന്‍ പഠനം, അറബിക് വ്യാകരണം, ഗണിതം, സംഗീതം തുടങ്ങിയ ഇസ്്‌ലാമികവും മതേതരവുമായ വിഷയങ്ങളും സ്ഥാപനത്തില്‍ പഠിപ്പിച്ചു. ഇവിടെ പഠിച്ച പ്രശസ്ത ബിരുദധാരികളില്‍ ജൂത തത്വചിന്തകനായ മൈമോനെഡീസും മധ്യകാല മുസ്്‌ലിം സാമൂഹ്യശാസ്ത്രജ്ഞനായ ഇബ്നു ഖല്‍ദൂനും ഉള്‍പ്പെടുന്നു.
സമീറ മൂസ
1917-ല്‍ ഈജിപ്തിലെ ഗാര്‍ബിയ ഗവര്‍ണറേറ്റില്‍ ജനിച്ച സമീറ മൂസ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആണവ ശാസ്ത്രജ്ഞരില്‍ ഒരാളാണ്. കുട്ടിയായിരിക്കുമ്പോള്‍ മാതാവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് അവര്‍ ആദ്യമായി ആണവ സാങ്കേതിക വിദ്യയില്‍ താല്‍പര്യം പ്രകടിപ്പിച്ചത്. രോഗചികിത്സയില്‍ ന്യൂക്ലിയര്‍ ഗവേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അവര്‍ ആസ്പിരിന്‍ പോലെയുള്ള ന്യൂക്ലിയര്‍ ചികിത്സ എല്ലാവര്‍ക്കും ലഭ്യവും വിലകുറഞ്ഞതുമാണെന്ന് വാഗ്ദാനം ചെയ്തു. 1939-ല്‍ റേഡിയോളജിയില്‍ ബിരുദം നേടി. വ്യത്യസ്ത വസ്തുക്കളില്‍ എക്സ്-റേകളുടെ സ്വാധീനം കണ്ടെത്തുന്നതിനുള്ള വൈദഗ്ദ്ധ്യം നേടി ഗവേഷകയായി.. അക്കാലത്ത് വിപുലമല്ലാതിരുന്ന ഈ വിഷയത്തില്‍ ലോകത്തെ മുന്‍നിര ശാസ്ത്രജ്ഞരില്‍ ഒരാളായി പിന്നീടവര്‍ മാറി. 1945-ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന്, ആണവ സാങ്കേതിക വിദ്യയുടെ ഉപയോഗം തികച്ചും സമാധാനപരമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും 'ആണവോര്‍ജം സമാധാനത്തിന്' എന്ന പേരില്‍ ഒരു സമ്മേളനം സംഘടിപ്പിക്കുകയും ഇതിലൂടെ ആണവായുധങ്ങളുടെ ഉപയോഗത്തിനെതിരെ അന്താരാഷ്ട്ര സര്‍ക്കാറുകളെ ബോധവത്കരിക്കുകയും ചെയ്തു.
1952-ല്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഇവരുടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നിരുന്നു. ഈജിപ്തിന്റെ ആണവ ഗവേഷണ പരിപാടിയുടെ പുരോഗതി തടയാന്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദാണ് അപകടത്തിന് പിന്നിലെന്ന ആരോപണമുണ്ട്.
സഹ ഹജീദ്
1950-ല്‍ ഇറാഖിലെ ബാഗ്ദാദില്‍ ജനിച്ച സഹ ഹദീദ് ആധുനിക കാലഘട്ടത്തിലെ പ്രമുഖ വാസ്തുശില്‍പികളില്‍ ഒരാളായി അറിയപ്പെടുന്നു. ലണ്ടന്‍, ബാക്കു, ന്യൂയോര്‍ക്ക്, ആന്റ്വെര്‍പ് എന്നിങ്ങനെയുള്ള ആഗോള നഗരങ്ങളില്‍ ഇന്ന് കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന ഘടനകള്‍ രൂപകല്‍പന ചെയ്തത് ഇവരാണ്. ഇവരുടെ ഡിസൈനുകള്‍ അവയുടെ അതുല്യവും ചലനാത്മകവുമായ രൂപഭംഗിയാല്‍ ശ്രദ്ധേയമാണ്. തിരമാലകളും ഹിമപാളികളും പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളാല്‍ പ്രചോദിതമായ ശൈലിയാണ് അവരുടെ സൃഷ്ടികളില്‍ പ്രധാനം. വാസ്തുവിദ്യയിലെ മുഖ്യധാരാ പ്രവണതകളെ മാറ്റിമറിച്ച്, സമൂലമായ രൂപകല്‍പനകള്‍ അവര്‍ക്ക് 'ഡീകണ്‍സ്ട്രക്ടിവിസ്റ്റ്' എന്ന ഖ്യാതി നേടിക്കൊടുത്തു. ബ്രിട്ടീഷ്-ഇറാഖിയായ അവര്‍ 2012-ല്‍ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ പുരുഷ മേധാവിത്വമുള്ള ഒരു മേഖലയോട് പോരാടിയാണ് അതിജീവിച്ചത്.
സഹയുടെ മുന്‍കാല ഡിസൈനുകള്‍ കടലാസിലെ പ്ലാനുകള്‍ മാത്രമായി ഒതുങ്ങിയിരുന്നില്ല. ലണ്ടനില്‍ വാസ്തുവിദ്യ പഠിക്കുന്നതിന് മുമ്പ് അവര്‍ബെയ്റൂത്തിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1979-ല്‍ അവര്‍ 'സഹ ഹദീദ് ആര്‍ക്കിടെക്റ്റ്സ്' സ്ഥാപിച്ചു. തുടര്‍ന്ന് ഭാവനാത്മകവും അതുല്യവുമായ അവരുടെ ഡിസൈനുകള്‍ ലോകപ്രശസ്തമാവുകയും ചെയ്തു. 2004-ല്‍ പ്രിറ്റ്‌സ്‌കര്‍ ആര്‍ക്കിടെക്ചര്‍ പുരസ്‌കാരം ലഭിച്ച ആദ്യ വനിതയായി അവര്‍ മാറി.
ലണ്ടന്‍ ഒളിമ്പിക്‌സ് അക്വാറ്റിക് സെന്റര്‍, ചൈനയിലെ ഗ്വാങ്ഷൂ ഓപെറ ഹൗസ്, അബുദാബിയിലെ ഷെയ്ഖ് സായിദ് പാലം പോലുള്ള ലോകത്തിലെ ഏറ്റവും മികച്ചതും ശ്രദ്ധേയവുമായ ചില കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തു. പൂര്‍ത്തിയാകാത്ത 36 പദ്ധതികള്‍ അവശേഷിപ്പിച്ചുകൊണ്ട് 2016-ല്‍ 65-ാം വയസ്സിലാണ് ഹദീദ് അന്തരിച്ചത്. ഖത്തറിലെ അല്‍ ജനൂബ് ലോകകപ്പ് സ്റ്റേഡിയം, റിയാദിലെ കിംഗ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അന്‍ബറ സലാം ഖാലിദി
എഴുത്തുകാരിയും വിവര്‍ത്തകയും ഫെമിനിസ്റ്റുമായ ഖാലിദി പശ്ചിമേഷ്യയിലെ ആദ്യകാല വനിതാ സംഘടനയുടെ സ്ഥാപകയാണ്. 1897 ഓഗസ്റ്റില്‍ മതപണ്ഡിതരും രാഷ്ട്രീയക്കാരും അടങ്ങുന്ന കുടുംബത്തിലാണ് അവര്‍ ജനിച്ചത്. അവരുടെ സ്വാധീനം ലെബനാനില്‍ മാത്രമൊതുങ്ങാതെ അതിരുകള്‍ക്കപ്പുറത്തേക്കും വ്യാപിച്ചു. വായനശീലമുള്ള ഖാലിദി ചെറുപ്പം മുതലേ സാഹിത്യ വായനയില്‍ മുഴുകി. അവളുടെ സ്‌കൂളിലെ ഒരു അധ്യാപികയുടെ സ്വാധീനമാണ് അവളെ ഫെമിനിസ്റ്റ് ചിന്താഗതികള്‍ പരിചയപ്പെടുത്താനിടയാക്കിയത്. കൗമാരപ്രായത്തില്‍ പത്രങ്ങളില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങി. ഒന്നാംലോക മഹായുദ്ധ സമയത്ത്, ഖാലിദിയും സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം സ്ത്രീകളും സ്‌കൂളുകളിലും അഭയകേന്ദ്രങ്ങളിലും അധ്യാപകരായി സേവനമനുഷ്ടിച്ചു. പിന്നീട് അവര്‍ ബ്രിട്ടനിലേക്ക് പോയി, അവിടെ വോട്ടവകാശ പ്രസ്ഥാനങ്ങളെയും മറ്റ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെയും പരിചയപ്പെട്ടു. മുപ്പതാമത്തെ വയസ്സില്‍ ജറുസലേമിലെ അറിയപ്പെടുന്ന കുടുംബത്തില്‍ നിന്നുള്ള അഹമ്മദ് സമീഹ് ഖാലിദിയെ വിവാഹം കഴിച്ചു. ഫലസ്തീനിലെ സിവില്‍ സമൂഹത്തിനുവേണ്ടിയുള്ള പ്രചാരണത്തിനും സംഘാടനത്തിനും, വളര്‍ന്നുവരുന്ന സയണിസ്റ്റ് അധിനിവേശത്തെ ചെറുക്കുന്നതിനും സമയം ചിലവഴിച്ച ഖാലിദിയും ഏഴ് ലക്ഷത്തിലധികം വരുന്ന ഫലസ്തീനികള്‍ക്കൊപ്പം, 1948-ല്‍ ഫലസ്തീനില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 1986-ല്‍ ബെയ്റൂത്തില്‍ വെച്ചാണ് ഖാലിദി മരണപ്പെടുന്നത്.
ഷജറത് അല്‍ദര്‍
'മുത്തിന്റെ വൃക്ഷം' എന്നര്‍ഥമുള്ള പേരുള്ള ഈജിപ്തിലെ ഒരു ഭരണാധികാരിയായിരുന്നു ഷജറത് അല്‍ ദര്‍. മംലൂക്ക് ബഹ്രി രാജവംശത്തിലെ ആദ്യ സുല്‍ത്താന്റെ ഭാര്യയായിരുന്നു ഷജറ. ക്ലിയോപാട്രയ്ക്ക് ശേഷം ഈജിപ്ഷ്യന്‍ സിംഹാസനത്തില്‍ ഇരുന്ന ആദ്യ വനിതയും ഇവരാണ്.
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്നത്തെ തുര്‍ക്കിയില്‍ ജനിച്ച അല്‍ ദര്‍ ആധുനിക ഇസ്ലാമിക ലോകത്ത് ഒരു സ്ത്രീ അധികാരത്തിന്റെ കൊടുമുടിയില്‍ എത്തിയതിന്റെ അപൂര്‍വ ഉദാഹരണമായി അറിയപ്പെടുന്നു. അല്‍-ദുര്‍ യഥാര്‍ത്ഥത്തില്‍ ഒരു അടിമയായിരുന്നു, കൊട്ടാരത്തിനുള്ളില്‍ വളര്‍ന്ന അവര്‍ പെട്ടെന്ന് തന്നെ അയ്യൂബിദ് സുല്‍ത്താന്‍ അല്‍ സാലിഹിന്റെ പ്രധാന വെപ്പാട്ടിയും പിന്നീട് ഭാര്യയുമായി മാറി. സുല്‍ത്താന്‍ മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മരണം ദര്‍ രഹസ്യമായി സൂക്ഷിക്കുകയും ഈജിപ്തിലെ മുസ്ലീം സേനയുടെ ഭാഗിക നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. 1250-ല്‍ മന്‍സൂറ യുദ്ധത്തില്‍ കുരിശുയുദ്ധസേനയെ പരാജയപ്പെടുത്താന്‍ അവര്‍ സൈന്യത്തെ സഹായിച്ചു. ജറുസലേമിനെ ആക്രമിക്കാനും തിരിച്ചുപിടിക്കാനുമുള്ള ഒരു താവളമായി ഈജിപ്തിനെ ഉപയോഗിക്കാനുള്ള കുരിശുയുദ്ധക്കാരുടെ പദ്ധതിയെയാണ് അവര്‍ ഇതിലൂടെ പരാജയപ്പെടുത്തിയത്.
സാലിഹിന്റെ മരണത്തോടെ, അദ്ദേഹത്തിന്റെ ഭാര്യ മാറിനിന്ന് മറ്റൊരു പുരുഷന് അധികാരം വിട്ടുകൊടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അല്‍-ദര്‍ ഈജിപ്തിലെ ആദ്യ സുല്‍ത്താന ആയി മാറി. തുടര്‍ന്ന് തന്റെ ഭര്‍ത്താവിന്റെ ഓഫീസര്‍മാരില്‍ ഒരാളായ അയ്ബക് എന്ന് വിളിപ്പേരുള്ള തുര്‍ക്കിക് മംലൂക്കിനെ വിവാഹം ചെയ്തുകൊണ്ട് അവര്‍ അധികാരം നിലനിര്‍ത്തി. അതോടെ, ഈജിപ്തിലെ അയ്യൂബി ഭരണം അവസാനിക്കുകയും അവരുടെ സ്ഥാനത്ത് മംലൂക്കുകള്‍ വരികയും ചെയ്തു. അയ്ബെക്ക് സൈനിക ചുമതലകള്‍ ഏറ്റെടുത്തപ്പോള്‍, അല്‍-ദര്‍ സുല്‍ത്താനേറ്റിനെ നയിച്ചു. എന്നാല്‍ അവരുടെ ഭര്‍ത്താവ് രണ്ടാം ഭാര്യയെ സ്വീകരിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. തുടര്‍ന്ന് അല്‍-ദര്‍ അയ്ബക്കിനെ കൊലപ്പെടുത്തി. ഇത് പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ മരണമാക്കി വിശദീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ മംലൂക്ക് സുല്‍ത്താന്റെ ഉദ്യോഗസ്ഥര്‍ ഇതില്‍ സംശയം പ്രകടിപ്പിക്കുകയും പീഡനത്തിനിരയായ അല്‍-ദറിന്റെ കൂട്ടാളികള്‍ ഗൂഢാലോചന സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് അല്‍ ദര്‍ തടവിലാക്കപ്പെടുകയും പിന്നീട് തടവില്‍ വെച്ച് സ്വയം കൊല്ലപ്പെടുകയും ചെയ്തു.
റാബിഅ അല്‍ അദവിയ്യ
സൂഫിസത്തിന്റെ വികാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളാണ് റാബിഅ അല്‍ അദവിയ്യ. റാബിയ ബസ്രി എന്നും ഇവര്‍ അറിയപ്പെടുന്നു. ഇറാഖിലെ ബസ്റയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ഇവരുടെ ജനനം. സി.ഇ 701-ല്‍ ജനിച്ച അല്‍-അദവിയ്യയെ കുടുംബം അടിമത്വത്തിലേക്ക് വിറ്റു. അടിമയായിരിക്കെ വീട്ടുജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവള്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നുവെന്നാണ് അവളുടെ ജീവിതരേഖകള്‍ പറയുന്നത്. ഐതിഹ്യം അനുസരിച്ച്, ഒരു ദിവസം, അവളുടെ യജമാനന്‍ അവളുടെ തലയ്ക്ക് മുകളില്‍ വെട്ടിത്തിളങ്ങുന്ന പ്രകാശം കണ്ടു. അത് അവളുടെ ചുറ്റുമുള്ള പ്രദേശത്തെ പ്രകാശിപ്പിച്ചു, അത് ഒരു ദിവ്യപ്രകാശമായിട്ടാണ് ചിലയാളുകള്‍ വിശേഷിപ്പിച്ചത്. ദൈവിക ശക്തിയാണെന്ന് കണക്കാക്കി ഇത്രയും ഭക്തയായ ഒരു സ്ത്രീയെ തന്റെ സേവനത്തിനായി നിര്‍ത്തുന്നത് തെറ്റാണെന്ന് പറഞ്ഞ് യജമാനന്‍ അവരെ മോചിപ്പിച്ചു. അവള്‍ സ്വതന്ത്രയായ ശേഷം, തന്റെ ജീവിതം സന്യാസത്തിനായി സ്വയം സമര്‍പ്പിച്ചു. ഭൗതിക വസ്തുക്കളെയും വിവാഹത്തെയുമെല്ലാം നിരസിച്ച് പകരം തന്റെ ജീവിതം ദൈവാരാധനയ്ക്കായി സമര്‍പ്പിച്ചു. അവളുടെ മതപരമായ കാഴ്ചപ്പാടുകള്‍ അവളുടെ കവിതയില്‍ കാണാമായിരുന്നു. ദൈവ ശിക്ഷയോ പ്രതിഫലമോ എന്ന ഭയത്തിന് പകരം ദൈവത്തിലുള്ള വിശ്വാസം സ്നേഹത്തില്‍ അധിഷ്ഠിതമാകണമെന്നും അവള്‍ വിശ്വസിച്ചു. 80 കളുടെ തുടക്കത്തില്‍ അദവിയ്യ ഇഹലോകവാസം വെടിഞ്ഞു.
ഫൈറൂസ് നുഹാദ് അല്‍ ഹദ്ദാദ്
1934-ല്‍ ബെയ്‌റൂത്തില്‍ ജനിച്ച ഫൈറൂസ് നുഹാദ് അല്‍-ഹദ്ദാദിന്റെ സ്വരമാധുര്യം ഇന്ന് പശ്ചിമേഷ്യയിലും അതിനപ്പുറവും സര്‍വ്വവ്യാപിയാണ്. ഗൃഹാതുരത്വത്തിന്റെയും ശാന്തിയുടെയും വിരഹത്തിന്റെയും വികാരങ്ങള്‍ ഉണര്‍ത്തുന്നതാണ് അവളുടെ സംഗീതം. തന്റെ കൗമാര പ്രായത്തില്‍ മുഹമ്മദ് ഫ്‌ളീഫെല്‍ എന്ന സംഗീതജ്ഞനാണ് ഫൈറൂസയിലെ പാട്ടുകാരിയെ കണ്ടെത്തിയത്.
1940-കളുടെ അവസാനത്തില്‍ റേഡിയോ ലെബനാനിലെ അവളുടെ ആദ്യ പ്രകടനത്തിന് ശേഷമാണ് അവര്‍ അറബിയില്‍ നീലരത്നം എന്നര്‍ത്ഥം വരുന്ന ഫൈറൂസ് എന്ന വിളിപ്പേര് നേടിയത്.
അറബ് ദിവയുടെ ആദിരൂപം രൂപപ്പെടുത്താന്‍ ഫൈറൂസിന്റെ സംഗീത വൈപുല്യം സഹായിച്ചു. ഇന്നും കലാകാരന്മാര്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന ഒന്നാണിത്. അറബ് രാഷ്ട്രങ്ങളുടെ സ്‌നേഹത്തിന്റെയും ഫലസ്തീന്‍ ലക്ഷ്യത്തിന്റെയും ഗുണങ്ങള്‍ ഉദ്‌ഘോഷിക്കുന്ന വരികളിലൂടെ സംഗീതലോകത്ത് ലബനീസ് ഗായികയുടെ ജനപ്രീതി കുതിച്ചുയര്‍ന്നു. ഫൈറൂസിന്റെ ഏറ്റവും അറിയപ്പെടുന്ന ഗാനങ്ങളിലൊന്നാണ് 'സനാര്‍ജൗ യൗമന്‍' (ഞങ്ങള്‍ ഒരു ദിവസം മടങ്ങിവരും) എന്ന ആല്‍ബം. 1948-ല്‍ ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് നാടുവിടാന്‍ നിര്‍ബന്ധിതരായ ഫലസ്തീനികള്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണിത്. 86 വയസ്സിലെത്തിനില്‍ക്കുന്ന ഈ കലാകാരിയെ ലെബനനിലും അറബ് ലോകത്തും ഉടനീളം ഒരു സ്ഥാപനമായാണ് ഇന്ന് കണക്കാക്കുന്നത്.
അവലംബം: മിഡിലീസ്റ്റ് ഐ
വിവര്‍ത്തനം: സഹീര്‍ വാഴക്കാട്