ഉമ്മു അമ്മാറ - ധന്യമായ ജീവിതം
റാശിദ മന്‍ഹാം
February 2022
ഹിജ്‌റയുടെ മുമ്പ് മക്കയിലെത്തിയ 73 പുരുഷന്മാരുടെ കൂട്ടത്തില്‍ പ്രവാചകനുമായി ഉടമ്പടി ഒപ്പു വെച്ച രണ്ടു വനിതകളില്‍ ഒരാളായിരുന്നു നുസൈബ.
മനുഷ്യ അടിമത്വത്തില്‍നിന്നും ദൈവിക അടിമത്തത്തിലേക്കുള്ള പ്രബോധനത്തിന്റെ ആദ്യ അരുണോദയത്തില്‍ തന്നെ അതിന്റെ പടയണിയില്‍ പങ്കുചേര്‍ന്ന വീരാംഗനകളുടെ സുവര്‍ണ ചിത്രങ്ങള്‍ കൊണ്ട് ധന്യമാണ് ഇസ്‌ലാമിക ചരിത്രം. അവര്‍ സഹിച്ച ആത്മത്യാഗങ്ങളും മാനത്തോളമുയര്‍ന്ന നിലപാടുകളും സ്‌ത്രൈണതയുടെ പരിശുദ്ധി സൂക്ഷിച്ചുകൊണ്ട് നടത്തിയ ഇടപെടലുകളും പ്രസ്തുത ചരിത്രത്തിന് മാറ്റുകൂട്ടുന്നു. രാജ്യത്തിന്റെയും കുടുംബത്തിന്റെയും വിശ്വാസത്തിന്റെയും മേഖലയില്‍ അവര്‍ നല്‍കിയ സേവനങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. പ്രശ്‌നങ്ങളുടേയും പ്രതിസന്ധികളുടെയും മധ്യേ മുസ്‌ലിം സ്ത്രീക്ക് മേലെ പതിക്കുന്ന കൂറ്റന്‍ തിരമാലകളെ വകഞ്ഞ് സാകൂതം സഞ്ചരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ചരിത്രങ്ങളാണ് ഇവയൊക്കെ. ഇത്തരത്തില്‍ മുന്‍ നിരയില്‍ ഉള്ള വനിതയാണ് ഉമ്മു അമ്മാറ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നുസൈബ ബിന്‍ത് കഅ്ബു അല്‍ അന്‍സാരിയ്യ.
ബദര്‍ യുദ്ധത്തിലെ അശ്വാരൂഡരുടെ കൂട്ടത്തിലുള്ള അബ്ദുല്ലാഹിബിന് കഅ്ബിന്റെയും അബ്ദുര്‍റഹ്മാന്റെയും സഹോദരിയായ ഉമ്മു അമ്മാറ ഖസ്‌റജ് ഗോത്രക്കാരിയാണ്.
ഹബീബ്, അബ്ദുല്ല എന്നിവരുടെ മാതാവായ ഉമ്മു അമ്മാറയുടെ ആദ്യ ഭര്‍ത്താവ് യസീദ് ബിന്‍ ആസിം ആണ്. സുദീര്‍ഘ പഠനത്തിനും മനനത്തിനും നിരീക്ഷണത്തിനും ശേഷമാണ് ഇസ്‌ലാമാശ്ലേഷിച്ചത് എന്നതിനാല്‍ വിശ്വാസവഴിയില്‍ പ്രതിബന്ധങ്ങളെ തൃണവല്‍ഗണിക്കാന്‍ കരുത്ത് നേടിയിരുന്നു ഈ സഹാബി വനിത. എഴുപതോളം സഹാബികള്‍ രക്തസാക്ഷിത്വം വഹിച്ച ഉഹുദ് യുദ്ധത്തില്‍ ഭര്‍ത്താവിന്റെയും രണ്ട് മക്കളുടെയും കൂടെ നുസൈബയും പങ്കെടുത്തു. പ്രവാചക കല്‍പന അവഗണിച്ച് യുദ്ധ സ്വത്തുക്കള്‍ ഒരുമിച്ചു കൂട്ടുന്നതിനിടെ ശത്രുക്കളുടെ പെട്ടെന്നുള്ള പ്രത്യാക്രമണത്തില്‍ ധീരരായ പല സ്വഹാബികളും അടി പതറുകയും തിരിഞ്ഞോടുകയും ചെയ്ത ഘട്ടത്തില്‍ പോലും യുദ്ധമുഖത്ത് സ്ഥൈര്യം കാണിച്ചു നബിക്ക് കവചമായി നിലയുറപ്പിച്ചു. പന്ത്രണ്ടോളം മുറിവുകള്‍ ഏറ്റിട്ടും അതൊന്നും ഗൗനിക്കാതെ മുന്നേറി. എന്റെ ഇടം വലങ്ങളില്‍ എവിടെയും ഉമ്മു അമ്മാറയുടെ സാന്നിധ്യം നിറഞ്ഞുനിന്നതായി പ്രവാചകന്‍(സ) പറഞ്ഞത് ഉമര്‍ ഖത്താബില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഫലാര്‍ഹമായ ആരാധനകളില്‍ പലതും പുരുഷന്മാര്‍ക്ക് സംവരണം ചെയ്തതല്ലേ പ്രവാചകരേ, സ്ത്രീകള്‍ക്കായി യുദ്ധം പോലുള്ള ഒന്നുമില്ലാത്തതെന്തെ എന്ന ഉമ്മു അമ്മാറയുടെ ചോദ്യത്തിനുള്ള ഉത്തരമായി ഒരു സൂക്തം അവതരിക്കപ്പെട്ടതും പ്രശസ്തമാണ്. ഹിജ്‌റയുടെ മുമ്പ് മക്കയിലെത്തിയ 73 പുരുഷന്മാരുടെ കൂട്ടത്തില്‍ പ്രവാചകനുമായി ഉടമ്പടി ഒപ്പു വെച്ച രണ്ടു വനിതകളില്‍ ഒരാളായിരുന്നു നുസൈബ.
ഖുറൈശികളുമായി ചര്‍ച്ചക്ക് പോയ ഉസ്മാന്റെ തിരിച്ചുവരവ് വൈകിയപ്പോള്‍ ശത്രുക്കള്‍ ബന്ദിയാക്കിയിരിക്കാം എന്ന് കരുതി നടന്ന റിദ്‌വാന്‍ ഉടമ്പടിയില്‍ മരണംവരെ അടരാടും എന്ന് പ്രതിജ്ഞയെടുത്ത സഹാബികളില്‍ പ്രധാനിയായിരുന്നു ഉമ്മു അമ്മാറ. പ്രവാചകനെ ശത്രുക്കളില്‍നിന്ന് പ്രതിരോധിക്കാന്‍ മഹതിയുടെ രണ്ടു മക്കളും ഏറെ ധീരത കാണിച്ചു. 'ദൈവാനുഗ്രഹം വര്‍ഷിക്കട്ടെ നിങ്ങളുടെ കുടുംബത്തിന് എന്ന് ആശംസിച്ച പ്രവാചകനോട് അങ്ങയുടെ കൂടെ സ്വര്‍ഗ സാന്നിധ്യത്തിന് പ്രാര്‍ഥിക്കണം എന്ന് അപേക്ഷിക്കുന്നു ആ ധീരവനിത- ആ പ്രാര്‍ഥനയ്ക്കുശേഷം ഒരു പ്രയാസങ്ങളും തന്നെ വരിഞ്ഞുമുറുക്കിയിട്ടില്ലെന്നും ഏത് ആപല്‍ഘട്ടങ്ങളിലും അചഞ്ചലമായി നിലകൊള്ളാന്‍ തന്നെ സഹായിച്ചു എന്നും പ്രസ്താവിക്കുന്നുണ്ട് മഹതി. യമാമ യുദ്ധത്തില്‍ ഖാലിദ് ബിന്‍ വലീദിന് പിന്നില്‍ സധീരം രണാങ്കണത്തെ പുളകമണിയിച്ച ചരിത്രവും പ്രസിദ്ധമാണ്.
വ്യാജ പ്രവാചകന്‍ മുസൈലിമക്ക് പ്രവാചകന്റെ ദൂതുമായി പോയ മകന്‍ ഹബീബ് അതിദാരുണമായി വധിക്കപ്പെട്ടു എന്നറിഞ്ഞ് ഉമ്മു അമ്മാറ കൈകൊണ്ട ക്ഷമ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രതിരോധത്തിന് മുന്‍നിരയില്‍ നിന്നതിലുപരി മുറിവേറ്റ ഓരോ സഹാബിക്കും പ്രാഥമിക ചികിത്സ നല്‍കി വീണ്ടും യുദ്ധമുഖത്തേക്ക് അയക്കുന്നതില്‍ അവര്‍ കാണിച്ച താല്‍പര്യവും പ്രശംസനീയമാണ്. തന്റെ മകനെ ആക്രമിച്ച അവിശ്വാസിയെ കാണിച്ചു കൊടുത്തപ്പോള്‍ ഉമ്മു അമ്മാറ അയാളുടെ കണങ്കാലില്‍ വെട്ടി വീഴ്ത്തി കൊലപ്പെടുത്തി. പുരുഷന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് ജിഹാദെന്ന സങ്കല്‍പ്പത്തിന് അടിവേരറുത്ത് ചരിത്രം തിരുത്തിയെഴതി. തന്റെ മകനെയും ഇസ്‌ലാമിന് നല്‍കി. അരയില്‍ പട്ടയും ഒരു കൈയില്‍ വാളും മറുകൈയില്‍ കുടിവെള്ള പാത്രവുമായി യുദ്ധം നയിച്ചു മഹതി.