തൊലിപ്പുറത്തല്ല ചികിത്സ വേണ്ടത്
ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ഭാവി അത്ര ശുഭകരമല്ല.
ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ഭാവി അത്ര ശുഭകരമല്ല എന്ന് തോന്നിപ്പിച്ചാണ് 2022 കടന്നുവന്നത്. അധികാരവും പുരോഹിതവര്‍ഗവും അവര്‍ ഉണ്ടാക്കിയെടുക്കുന്ന വ്യവസ്ഥകളോടും അധികാരത്തോടും അനീതിയോടും പോരാടുന്ന പെണ്ണിനെ എങ്ങനെയാണ് അടയാളപ്പെടുത്താന്‍ ശ്രമിക്കുക എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു 2022 ആദ്യ മാസത്തിലെ പിന്‍വാങ്ങല്‍. ലൈംഗിക അവയവത്തെ ആയുധമാക്കുന്ന ഫാസിസ്റ്റ് പുരുഷ പ്രത്യയശാസ്ത്രത്തിന്റെ ഇരകളായിക്കൊണ്ടാണ് ഏതാനും പെണ്‍കുട്ടികളെ പുതുവര്‍ഷം വരവേറ്റത്. ബുള്ളി ബായ് ആപ്പിലൂടെ ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമായ സ്ത്രീകളായിരുന്നു ഇരകളാക്കപ്പെട്ടത്. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിലയുറപ്പിച്ച അറിയപ്പെടുന്ന നൂറോളം പെണ്‍കൂട്ടത്തിന് നേരെയായിരുന്നു ഇത്തരം അതിക്രമം. കഴിഞ്ഞവര്‍ഷം സുള്ളി ഡീല്‍ ആപ്പിലൂടെ ഇതില്‍ ഉള്‍പ്പെട്ട സ്ത്രീകളെയടക്കം ഇതേ രൂപത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ വില്‍പനക്ക് വെച്ച കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനോ മാതൃകാപരമായി ശിക്ഷിക്കാനോ മുന്‍കൈയെടുക്കാത്ത ഭരണകൂടത്തിന്റെ അലംഭാവമാണ് വീണ്ടും ഇത്തരമൊരു ഉദ്യമത്തിനിറങ്ങാന്‍ ഫാസിസ്റ്റ് അക്രമി സംഘത്തെ പ്രേരിപ്പിച്ചത്.
ഫാദര്‍ ഫ്രാങ്കോ മൂളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയാണ് മറ്റൊന്ന്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ പ്രതിയാക്കപ്പെട്ടയാളാണ് ഫാദര്‍ ഫ്രാങ്കോ. മിഷനറീസ് ഓഫ് ജീസസ് സന്യാസി സഭാംഗവും കുറുവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയെ 2014 മതല്‍ 20016 വരെ 13 തവണ പീഡിപ്പിച്ച കേസിലെ പ്രതിയാണയാള്‍. നീതിക്കായി കന്യാസ്ത്രീയോടൊപ്പം നിന്ന പൊതുസമൂഹത്തെയും അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും കോടതി വിധി നിരാശപ്പെടുത്തി. ഭേദിക്കാനാവാത്ത പൗരോഹിത്യ മറകളെ തെരുവില്‍ വെല്ലുവിളിച്ചുകൊണ്ടാണ് അഞ്ച് കന്യാസ്ത്രീകള്‍ പുറത്തുവന്നത്. രഹസ്യവാദം കേട്ട കോടതികളില്‍ ന്യായങ്ങള്‍ ഉയര്‍ത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുപോയതാണ് ഈ വിധി ഇങ്ങനെയാവാന്‍ കാരണം. സാക്ഷികളാരും തന്നെ കൂറുമാറാത്ത കേസില്‍ പ്രോസിക്യൂഷന്‍ ന്യായങ്ങള്‍ നിരത്തുന്നതില്‍ തോറ്റുകൊടുത്തത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ബാക്കിയാവുകയാണ്.
മറ്റൊന്ന്, സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി നീതി തേടിയുള്ള അലച്ചിലിലാണ്. കുറ്റാരോപിതനായ ആള്‍ പുറത്ത് സുഖങ്ങളനുഭവിച്ച് ജീവിക്കുകയാണിപ്പോഴും. ഇവിടെയും വാദം കേള്‍ക്കുന്നത് രഹസ്യകോടതിയിലാണ്. അഭ്രപാളിയില്‍ താരപരിവേശത്തോടെ തിളങ്ങുന്ന സ്ത്രീകള്‍ സാധാരണ സ്ത്രീകളെക്കാളും നിസ്സഹായരാണെന്ന യാഥാര്‍ഥ്യമാണ് അവിടെനിന്നും വരുന്ന വാര്‍ത്തകള്‍. അവരുടെ പ്രശ്നത്തെ പഠിക്കാനും ഒരു കമ്മറ്റിയെ വെച്ചിട്ടുണ്ട്. ഹേമ കമ്മറ്റി. സിനിമാ-തൊഴില്‍ രംഗത്തെ ശാരീരിക ലൈംഗിക പീഡനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയുക്തമായ ആ കമ്മറ്റി, റിപ്പോര്‍ട്ട് സമര്‍പിച്ചെങ്കിലും ഇപ്പോഴും ചര്‍ച്ചക്കെടുത്തിട്ടില്ല. അതിന്റെ ആവശ്യമില്ലെന്നാണ് ഉത്തരവാദപ്പെട്ടവര്‍ പറയുന്നത്.
അധികാരം, പണം, സ്വാധീനം ഇവയൊക്കെ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുകയും ഇരകള്‍ അപമാനിതരായി പ്രതീക്ഷയറ്റ് കാലം കഴിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് നിലവില്‍ സ്ത്രീകളുടേത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവര്‍ മാത്രം പറയുക എന്നതിനപ്പുറം സമൂഹത്തിന്റെ പൊതുപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരികയും ചര്‍ച്ചചെയ്യുകയും ലിംഗ സമത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയുമാണിപ്പോള്‍. വേഷത്തിലൂം രൂപത്തിലും തുല്യത ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോഴും പരിഹാസ്യമായ രീതിയില്‍ സ്ത്രീ സാമൂഹ്യാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. നീതിയിലധിഷ്ഠിതമായ പരിഹാരം ഉണ്ടാകാതെ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ആപല്‍ക്കരമായി മാറിക്കൊണ്ടിരിക്കുന്നത് തൊലിപ്പുറത്ത് ചികിത്സ നടത്തുന്നതുകൊണ്ടാണ്.