കേരളത്തിലെ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന പരീക്ഷ എഴുതേണ്ടതുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന പരീക്ഷ എഴുതേണ്ടതുണ്ട്. പി.എസ്.സി വഴി സര്‍ക്കാര്‍ ഉദ്യോഗം നേടാന്‍ ഏതു തസ്തികയിലേക്കും ഇനി രണ്ടു പരീക്ഷകള്‍ എഴുതണം. പ്രാഥമിക പരീക്ഷയും മുഖ്യ പരീക്ഷയും. മുന്‍പൊക്കെ ഉയര്‍ന്ന തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നു ഇത്തരം രണ്ടു ഘട്ട പരീക്ഷയെങ്കില്‍ ഇപ്പോള്‍ ലാസ്റ്റു ഗ്രേഡ് മുതല്‍ എല്ലാ തസ്തികകളിലും ജോലി ലഭിക്കാന്‍ ഇത്തരം പരീക്ഷകള്‍ എഴുതേണ്ടതുണ്ട്.
സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ആദ്യമായി പ്രാഥമിക പരീക്ഷ എഴുതുകയാണ് വേണ്ടത്. സമാന തസ്തികകളെ ഒറ്റ പൂളായി എടുത്തു അവയ്ക്ക് ഏകീകൃത പരീക്ഷയാണ് നടത്തുക. ഇപ്പോഴുള്ള രീതിയില്‍ എല്‍.ഡി ക്ലര്ക്കുവരെ യുള്ള എല്ലാ തസ്തികകളും ഒരു പൂളായാണ് കണക്കാക്കുന്നത്. അതുപോലെ സ്കൂള്‍ അധ്യാപകര്‍, ബിരുദം വേണ്ടാത്തവര്‍, പോലീസ്, എക്സൈസ് തുടങ്ങിയ പ്ലസ് ടു കാറ്റഗറി വേറൊരു പൂളായും ബിരുദം യോഗ്യതയായ കാറ്റഗറികള്‍ മറ്റൊരു പൂളായും ആണ് പരിഗണിക്കുക. അതിനു ശേഷം പ്രത്യേകമായി ഓരോ തസ്തികകള്‍ക്കും മുഖ്യ പരീക്ഷകള്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്ക് വളരെ ആശ്വാസകരമാണ് ഈ രീതി. സമയം, പണം, അപേക്ഷ അയക്കുന്ന സാങ്കേതികത്വം, വേഗത്തിലുള്ള പരീക്ഷ, നിയമനം എന്നിവ ഇതിലൂടെ ഉറപ്പു വരുത്താന്‍ കഴിയുന്നു. വര്‍ഷങ്ങളെടുത്താണ് ഇപ്പോള്‍ ജില്ലാ അടിസ്ഥാനത്തിലുള്ള ലാസ്റ്റ് ഗ്രേഡ്, ക്ലര്‍ക്ക്, സ്കൂള്‍ ടീച്ചേഴ്സ് പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍ പുതിയ രീതിയിലൂടെ വളരെ കുറഞ്ഞ സമയം കൊണ്ട് പരീക്ഷകള്‍ നടത്തി നിയമനം കൊടുക്കാന്‍ കഴിയുന്നു. ആദ്യ ടെസ്റ്റ് സ്ക്രീനിംഗ് ടെസ്റ്റ് രൂപത്തിലായതുകൊണ്ടുതന്നെ മുഖ്യ പരീക്ഷയ്ക്ക് കുറച്ചുപേര്‍ മാത്രമേ ഉണ്ടാവൂ. അഞ്ചും ആറും വര്‍ഷം എടുത്തു പൂര്‍ത്തിയാക്കുന്ന നീണ്ട ഒരു പരീക്ഷ നടപടികളില്‍നിന്ന് വ്യത്യസ്തമായി ഇനി ഏഴോ എട്ടോ മാസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാവും. പലപ്പോഴും ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം നീണ്ട ജോലിക്കായുള്ള കാത്തിരിപ്പ് കുറഞ്ഞ സര്‍വീസ് ലഭിക്കാന്‍ കാരണമാവാറുണ്ട്. സാധാരണയായി സമാന ഗതിയിലുള്ള തസ്തികകളില്‍ മിക്ക ആളുകളും ഓരോ പ്രാവശ്യവും അപേക്ഷിക്കും. അപ്പോള്‍ ഓരോ തസ്തികകളിലും ലക്ഷക്കണക്കിന് അപേക്ഷകരാണ് ഉണ്ടാവുക. ഇവരില്‍നിന്നായിരിക്കും പത്തോ ഇരുപതോ ആളുകളെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ പ്രാഥമിക പരീക്ഷ എല്ലാ തസ്തികള്‍ക്കും കൂടി ഒന്നിച്ചു നടത്തുമ്പോള്‍ ഒരു പ്രാവശ്യമേ ഇവരൊക്കെ അപേക്ഷിക്കേണ്ടതുള്ളൂ. ഉദാഹരണത്തിന് പത്താം ക്ലാസ്സുവരെയുള്ള തസ്തികകള്‍ നിലവില്‍ ഇരുനൂറില്‍ താഴെയാണ് പി.എസ്.സി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുതന്നെ വിവിധ തസ്തികകള്‍ ആണ്. ആറുപതു ലക്ഷത്തോളം അപേക്ഷകര്‍ ഓരോന്നിനും അപേക്ഷിക്കുമ്പോള്‍ നിയമനം നടക്കുക വര്‍ഷങ്ങള്‍ എടുത്തിട്ടാണ്. എന്നാല്‍ പ്രാഥമിക പരീക്ഷ ഒന്നിച്ചു നടത്തുമ്പോള്‍ ഒരുപ്രാവശ്യം മാത്രം പരീക്ഷ എഴുതി ഭൂരിഭാഗം ആളുകളും പുറത്താവുന്നു. വിജയികള്‍ മാത്രമേ മുഖ്യ പരീക്ഷ തസ്തികകള്ക്കനുസരിച്ചു പ്രത്യേകമായി എഴുതേണ്ടതുള്ളൂ.
ഇതുപോലെ പ്ലസ്ടു യോഗ്യതയുള്ള തസ്തികകള്‍ 62 ഉണ്ടെന്നാണ് കണക്ക്. ബിരുദം അടിസ്ഥാനമാക്കിയുള്ളത് 45 തസ്തികകളാണ്. ഏകീകൃത സ്ക്രീനിംഗിലൂടെ ഇത് ഒരു പൂളാവുമ്പോള് മൂന്നിലൊന്നു അപേക്ഷകള്‍ മാത്രമേ ഉണ്ടാവൂ.
രണ്ടു പരീക്ഷകളെയും സമീപിക്കേണ്ടത് ഒരേപോലെയല്ല. പ്രാഥമിക പരീക്ഷയുടെ സിലബസും മുഖ്യ പരീക്ഷയുടെ സിലബസും ഒരേ പോലെയല്ല. പ്രാഥമിക പരീക്ഷയ്ക്ക് ഓരോ പൂളിനും പ്രത്യേക പാഠ്യ ഭാഗത്തെ ചോദ്യങ്ങളാണ് ഉണ്ടാവുക. ഇത് ഒരു സ്ക്രീനിംഗ് ടെസ്റ്റ് ആയതുകൊണ്ട് ഇതില്‍ നിന്ന് പുറത്തുപോയാല്‍ ആ പൂളിലുള്ള ഒരു തസ്തികകളിലും ആ പ്രാവശ്യം പിന്നെ അപേക്ഷിക്കാന്‍ കഴിയില്ല. ഇതിന് ഒരു കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കും. കുറെ ഒഴിവുകള്‍ ഉണ്ടെങ്കില്‍ അതിനനുസരിച്ചായിരിക്കും വിജയികള്‍ ഉണ്ടാവുക.
പൊതു വിജ്ഞാനം, കറന്റ് അഫയേഴ്സ്, ചരിത്രം, അടിസ്ഥാനഗണിതം, ഭാഷ, യുക്തി പരിശോധിക്കുന്ന ചോദ്യങ്ങള്‍ എന്നിവയായിരിക്കും പ്രാഥമിക പരീക്ഷ. ഏറെ ആഴത്തില്‍ ഇവയൊന്നും പഠിക്കേണ്ടതില്ല. എന്നാല്‍ പൊതുവായ ഒരു ധാരണ ഇത്തരം വിഷയങ്ങളിലൊക്കെ ഉണ്ടാവേണ്ടതുണ്ട്. നിലവിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക, സാമ്പത്തിക അറിവുകള്‍ അടങ്ങുന്നതായിരിക്കും പൊതുവെയുള്ള ചോദ്യങ്ങള്‍. ലോക കാര്യങ്ങളോ പുരാതന ചരിത്രമോ ഉണ്ടാവണമെന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ, നമ്മുടെ സംസ്ഥാനം ഒക്കെയെ ചോദ്യങ്ങളില്‍ വരികയുള്ളൂ. അതുകൊണ്ടു തന്നെ വാര്‍ത്തകള്‍, ആനുകാലിക സംഭവങ്ങള്‍ എന്നിവ ഉദ്യോഗാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. കേരള നവോത്ഥാനം, നമ്മുടെ രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവും, സാമ്പത്തിക സാങ്കേതിക നേട്ടങ്ങള്‍, കാലാവസ്ഥ, കൃഷി, വിദ്യാഭ്യാസം നദികള്‍, തടാകങ്ങള്‍, വന സമ്പത്തുകള്‍ എന്നിവ പഠിക്കേണ്ടതുണ്ട്. ഇതുപോലെ തന്നെ ഭരണഘടന യെക്കുറിച്ചുള്ള പ്രാഥമിക വിജ്ഞാനം ഉണ്ടാകേണ്ടതും ആവശ്യമാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ വിവിധ മുന്നേറ്റങ്ങള്‍ സംഭവ വികാസങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം. ശാസ്ത്ര സാമ്പത്തിക മേഖലകള്‍ ആരോഗ്യ മേഖല എന്നിവയും പഠിക്കേണ്ടതുണ്ട്.
മുപ്പതുമാര്ക്കുവരെയുള്ള ചോദ്യങ്ങള്‍ സയന്‍സ് അടിസ്ഥാനമാക്കി പ്രതീക്ഷിക്കാം. ജനറല്‍ സയന്‍സ്, മനുഷ്യശരീര ശാസ്ത്രം, രോഗങ്ങള്‍, ആരോഗ്യ പരിപാലനം തുടങ്ങിയ പൊതു കാര്യങ്ങള്‍ ഇവിടെ ചോദിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ഭരണ ഘടനയും നിയമങ്ങളും പഠിക്കുമ്പോള്‍ മൗലിക അവകാശങ്ങള്‍, ചുമതലകള്‍, ഭരണഘടന അസംബ്ലി, വിവിധ വകുപ്പുകള്‍, ഭരണ ഘടനയുടെ ആമുഖം എന്നിവ അറിഞ്ഞിരിക്കണം. അടിസ്ഥാന ഗണിതം ശതമാനം, ഹരണം, ലോജിക് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ എന്നിവ ഉണ്ടാകും.
മുഖ്യ പരീക്ഷയ്ക്ക് ചിട്ടയായ പഠനം ആവശ്യമാണ്. കൃത്യമായ ആസൂത്രണം ഇതിനായി ചെയ്യേണ്ടതുണ്ട്. ഓരോ ദിവസവും മൂന്നോ നാലോ മണിക്കൂര്‍ വിഷയങ്ങള്‍ തരം തിരിച്ചു പഠിക്കുകയും മോഡല്‍ ചോദ്യങ്ങള്‍ ഉണ്ടാക്കി ഉത്തരം കണ്ടെത്തി, ക്ഷമയോടെ സമീപിക്കുന്ന ഒരാള്‍ ഉയര്‍ന്ന സ്കോറില്‍ പരീക്ഷ പാസ്സായി ജോലിക്ക് അര്‍ഹത നേടും.
ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും കഠിനാധ്വാന ശേഷിയും ഉണ്ടാവുക. നമ്മുടെ സ്കൂള്‍, കോളേജ് മാര്‍ക്കിനെക്കാള്‍ നാം എത്ര ആത്മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും മല്‍സര പരീക്ഷകളെ സമീപിക്കുന്നു എന്നതാണ് കാര്യം. ലക്ഷക്കണക്കിന് ആളുകള്‍ എഴുതുന്നതല്ലേ, കിട്ടാനൊന്നും പോകുന്നില്ല, വെറുതെ ഒന്നെഴുതി നോക്കാം, കിട്ടിയാല്‍ ആയി എന്ന മട്ടില്‍ അപേക്ഷിച്ചു പരീക്ഷ എഴുതരുത്. നിരുത്സാഹപ്പെടുത്താനും നമ്മുടെ മനസ്സിനെ പിറകോട്ടു നയിക്കാനും പ്രേരിപ്പിക്കുന്ന സുഹൃത്തുക്കളെയോ സാഹചര്യങ്ങളെയോ ഒഴിവാക്കുക. ഓര്‍ക്കുക, ബുദ്ധിയോ അറിവോ എന്നതിലപ്പുറം നമ്മുടെ ശ്രമമാണ് വിജയത്തിലേക്കുള്ള പാത. ആദ്യം കുറച്ചു ബുദ്ധിമുട്ടും നിരാശയുമൊക്കെ ഉണ്ടാവാം. അതൊക്കെ സ്വയം അവഗണിക്കുക. ഒരു നല്ല ജോലി സ്വപ്നം കണ്ട് അത് ഫലപ്രാപ്തിയിലെത്തിക്കാനുള്ള ചിട്ടയായ പരിശ്രമം നടത്തുക. ഉന്നതങ്ങളിലെത്തിയവരൊക്കെ ഒറ്റക്കുതിപ്പിന് മുകളിലെത്തിയവരല്ല, ലോകം ഉറങ്ങുമ്പോള്‍ അവര്‍ ഉണര്‍ന്നു പരിശ്രമിക്കുകയായിരിക്കും. വയസ്സ്, സമയം എന്നിവ നിങ്ങളെ കാത്തുനില്‍ക്കില്ല, അതിനോടൊപ്പം മത്സരിച്ചു കയറുക മാത്രമേ പോംവഴിയുള്ളൂ. എല്ലാവര്ക്കും സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി ഉണ്ടാകണം. മറ്റൊരാളെ അവര്‍ എത്ര പ്രിയപ്പെട്ടവരായാലും, വേണ്ടപ്പെട്ടവരായാലും ആശ്രയിച്ചു ജീവിക്കാന്‍ ഇടവരരുത്. സ്വന്തം ആഗ്രഹങ്ങളും അഭിലാഷങ്ങളും നാം തന്നെ പൂര്‍ത്തീകരിക്കണം. ഒരു സുരക്ഷിതമായ ജോലി സമ്പാദിക്കുന്നതിലൂടെ നമുക്ക് നമ്മെയും നമ്മുടെ കുടുംബത്തെയും സമൂഹത്തെയും സഹായിക്കാനും മറ്റുള്ളവര്‍ക്ക് മാതൃകയാവാനും കഴിയും.