പുനര്‍വിവാഹത്തില്‍ മഹല്ലിന് ചിലത് ചെയ്യാനാവും
വി. മൈമൂന മാവൂര്‍
February 2022
മഹല്ല് കേന്ദ്രീകരിച്ച് വിധവകളുടെയും വിവാഹമോചിതരുടെയും സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും അവര്‍ക്ക് അനുയോജ്യമായ പുനര്‍ വിവാഹങ്ങള്‍ക്ക് മഹല്ല് നേതൃത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ ഈ സാമൂഹിക പ്രശ്‌നം ലളിതമായി തീര്‍ക്കാനാകുന്നതേയുള്ളൂ.
2022 ജനുവരി ലക്കം ആരാമത്തില്‍ സി.ടി സുഹൈബ് എഴുതിയ 'വൈധവ്യം ചില വീണ്ടുവിചാരങ്ങള്‍' എന്ന ലേഖനം ഉള്‍ക്കനമുള്ള വലിയ സാമൂഹിക പ്രശ്‌നമാണ് സവിസ്തരം പ്രതിപാദിച്ചത്. വലിയൊരു വിഷയം വൈകിയെങ്കിലും ചര്‍ച്ച ചെയ്ത ആരാമത്തിനും ലേഖകനും അഭിനന്ദനങ്ങള്‍. നിറയൗവനത്തില്‍ വൈധവ്യം അനുഭവിക്കേണ്ടി വന്ന ഒരു സുഹൃത്ത് പങ്കിട്ട ഹൃദയ വേദന, കുടുംബത്തിലും സൗഹൃദ വലയത്തിലും ജോലിസ്ഥലത്തും നേരിടുന്ന ശാരീരിക ചൂഷണത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും വിവിധ രീതിയിലുള്ള കടന്നാക്രമണങ്ങളെ കുറിച്ചുള്ളതായിരുന്നു.
ഭാര്യമരിച്ച പുരുഷന്റെ സങ്കടങ്ങളും സൗകര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയും പരിഹാരത്തിന് പുനര്‍വിവാഹം നിര്‍ദേശിച്ച് ദിവസങ്ങള്‍ക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സുരക്ഷിതപ്പെടുത്തുകയും ചെയ്യുന്ന കുടുംബവും സമൂഹവും സാമ്പത്തിക സുരക്ഷിതത്വമോ സാമൂഹിക ബന്ധങ്ങളോ തീരെ കുറഞ്ഞ പെണ്ണിന്റെ സങ്കടങ്ങളെ ഉള്‍ക്കൊള്ളാതെ പോകുന്നത് പുരുഷ കേന്ദ്രീകൃത വ്യവസ്ഥയുടെ വികൃതരൂപങ്ങളായേ നിരീക്ഷിക്കാനാവൂ.
വിധവയായ സ്ത്രീക്ക് 'വായപാടിചി'ക്കുള്ള വസ്ത്രവും ഭക്ഷണ കിറ്റുകളും ആണ്ടിലൊരിക്കല്‍ നല്‍കാനും റിലീഫിന്റെ കൂപ്പണിനൊരാളെ കൂടി ചേര്‍ക്കാനും മാത്രമാണ് മുസ്‌ലിം സംഘടനകള്‍ മത്സരിക്കുന്നത്. പുനര്‍ വിവാഹമെന്ന ഒരു സംരക്ഷണ മേഖലയുണ്ടെന്നത് തീരെ ചര്‍ച്ച ചെയ്യപ്പെടാത്തത് ഖേദകരമായ വസ്തുത തന്നെയാണ്.
കുട്ടികളുള്ള വിധവകളെ ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള സന്മനസ്സ് പോയിട്ട് കുട്ടികളെ അകറ്റി നിര്‍ത്തിയാല്‍ പെണ്ണിനെ കൂടെ ചേര്‍ക്കാമെന്നുള്ള വിവാഹ പരസ്യങ്ങള്‍ 70 കഴിഞ്ഞ പുരുഷന്മാരില്‍നിന്നു പോലും ഉണ്ടാവുന്നത് ലജ്ജാവഹമാണ്. കുട്ടികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന വിധവയുടെ പുനര്‍വിവാഹം മുതിര്‍ന്ന കുട്ടികള്‍ പോലും മാനഹാനിയായാണ് കാണുന്നത്. പുരുഷന്റേതാണെങ്കില്‍ സ്ത്രീയുടെ സന്താന ലബ്ധിക്ക് സാധ്യതകളില്ലെന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഗതി പ്രാപിക്കുക.
സ്ത്രീ പുരുഷനെ നോക്കാനും വെള്ളം കൊടുക്കാനുമുള്ള ദൗത്യം ഏറ്റെടുക്കേണ്ടവളാണെന്നത് മാറി, സ്ത്രീയെ 'നോക്കാനും പോറ്റാനുമുള്ള' ജൈവിക ഘടനയിലാണ് പുരുഷന് ദൈവം ജന്മം നല്‍കിയതെന്ന വസ്തുത ലാഭേഛകള്‍ മേല്‍ക്കൈ നേടിയ സാമൂഹിക വ്യവസ്ഥിതിയില്‍ കാണാനാവില്ല. പുനര്‍ വിവാഹിതരാകുന്ന പുരുഷന്മാര്‍ അവിവാഹിതകളെയും അതിസുന്ദരികളെയും തേടുന്ന കാലത്ത് വിധവകളുടെ പ്രശ്‌നത്തിന് പരിഹാരം അകലെയാണ്. പ്രവാചക വിവാഹങ്ങള്‍ പ്രസംഗത്തിനുള്ള പ്രമേയമെന്നല്ലാതെ പ്രവര്‍ത്തനരംഗത്തേക്ക് വരാത്തതിനും കാരണം പുരുഷാധിപത്യ സംസ്‌കാരം തന്നെയാണ്.
അനാഥ മന്ദിരങ്ങള്‍ നിര്‍മിച്ചും വിധവകള്‍ക്ക് വീടൊരുക്കിയും പാര്‍ശ്വവല്‍ക്കരിക്കുന്നതിലുപരി അരികിലേക്ക് ചേര്‍ത്ത് ശാക്തീകരിച്ച് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രയോഗവല്‍ക്കരണം സൃഷ്ടിക്കുന്നവര്‍ക്കാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവാചകനോട് ചേര്‍ന്ന് നില്‍ക്കാനാവുക.
വിധവാ വിവാഹത്തെ പോലെ തന്നെ വിവാഹമോചനങ്ങള്‍ വര്‍ധിച്ചുവരുന്നത് സമുദായം നേരിടുന്ന വലിയ ആശങ്കയാണ്. ഇതിന്റെ പ്രധാന കാരണം കഴിഞ്ഞ കാലങ്ങളില്‍നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസപരമായും സാമ്പത്തികമായും സ്ത്രീകളിലുണ്ടായ ശാക്തീകരണവും സ്ത്രീ സഹിച്ചു ജീവിക്കേണ്ടവളെന്ന നടപ്പുരീതിയെ തിരുത്തി തുടങ്ങിയതുമാണ്. അതിരറ്റ വിധേയത്വത്തിലും പ്രതീക്ഷയിലും ജീവിതം തീര്‍ക്കാന്‍ പെണ്‍കുട്ടികള്‍ തയാറല്ല. മറ്റൊന്ന്, രക്ഷിതാക്കള്‍ ആലോചിച്ച് നടത്തുന്ന വിവാഹങ്ങള്‍ക്ക് പകരം സ്വയം ജീവിത പങ്കാളിയെ കണ്ടെത്തുകയും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വിട്ടുവീഴ്ചകള്‍ക്കു തയാറാകാതെ തെരഞ്ഞെടുപ്പ് പോലെ തന്നെ തിരസ്‌കാരവും പെട്ടെന്ന് നടക്കുന്നതാണ്. ആത്മഹത്യാവഴികള്‍ പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നതിനാല്‍ മധ്യസ്ഥരാരും പരീക്ഷണാര്‍ഥം ജിവിതം മുന്നോട്ടു നീക്കാന്‍ ധൈര്യപ്പെടുന്നില്ല.
വിവാഹ മോചിതന്റെ കാരണങ്ങളെ 'അതൊക്കെ ശരിയായിക്കോളും' എന്ന് മൃദുലമായും പെണ്ണാകുമ്പോള്‍ 'പെണ്ണ് തോറ്റ് നില്‍ക്കാഞ്ഞിട്ടല്ലെ' എന്നും പുനര്‍ വിവാഹാന്വേഷണ വേളകളില്‍ അന്വേഷണ കമീഷനെ തന്നെ ചുമതലപ്പെടുത്തി തള്ളാനുള്ള പഴുതുകള്‍ തേടുന്ന സമീപനവും പുനര്‍വിചിന്തനത്തിന് വിധേയമാകേണ്ടതാണ്. പുനര്‍ വിവാഹിതനാകുന്ന പുരുഷന്‍ അവിവാഹിതകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വിവാഹമോചനം അവസാന പരിഹാരമായി കണ്ടവര്‍ മറ്റൊരു ജീവിതത്തിലൂടെ നല്ല ജീവിതമുണ്ടാകുമെന്നത് തള്ളിക്കളയാനാവില്ല. സ്ത്രീ സാമ്പത്തിക സുരക്ഷിതത്വമുള്ള ജോലി സാധ്യത ഉറപ്പു വരുത്തിയാല്‍ ഒരു പരിധിവരെ അകാരണമായ വിവാഹമോചനങ്ങള്‍ കുറയാനിടയാകും.
മഹല്ല് കേന്ദ്രീകരിച്ച് വിധവകളുടെയും വിവാഹമോചിതരുടെയും സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും അവര്‍ക്ക് അനുയോജ്യമായ പുനര്‍ വിവാഹങ്ങള്‍ക്ക് മഹല്ല് നേതൃത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ ഈ സാമൂഹിക പ്രശ്‌നം ലളിതമായി തീര്‍ക്കാനാകുന്നതേയുള്ളൂ. അതല്ലാത്ത പക്ഷം മതധാര്‍മിക പരിധികള്‍ പാലിക്കാത്ത നിരവധി വിവാഹങ്ങള്‍ക്ക് സമുദായം സാക്ഷ്യം വഹിക്കേണ്ടി വരും. ചെറിയ പ്രായത്തില്‍ വിവാഹിതരാവുകയും പക്വത പ്രാപിക്കും മുമ്പേ വിവാഹ മോചിതരാവുകയും ചെയ്യുന്ന സ്ത്രീകള്‍ മാതാപിതാക്കളുടെ മരണശേഷം അനാഥത്വം അനുഭവിക്കുകയും ഇരട്ടിയിലധികം വയസ്സിന്റെ അന്തരമുള്ള വയോവൃദ്ധരുടെ സായം സന്ധ്യയിലെ ഭാര്യാപദത്തിലേക്ക് അയക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ മുസ്‌ലിം സമുദായത്തിന്റെ ചരിത്രമായി രേഖപ്പെടുത്തും. വിവാഹത്തെക്കുറിച്ച ഇസ് ലാമിന്റെ കാഴ്ചപ്പാടും ധാരണയും യുവജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന ക്ലാസുകള്‍ ലഭിച്ചു എന്ന് ഉറപ്പ് വരുത്താതെ ഒരാളെ പോലും വിവാഹ തീരുമാനത്തിലെത്തിക്കില്ലെന്ന് സാമുദായിക സംഘടനകളെല്ലാം തീരുമാനിച്ചാല്‍ കുടുംബ ഭദ്രതയിലേക്കുള്ള നല്ലൊരു മുന്നേറ്റമായിരിക്കുമത്.