പരിധിക്ക് പുറത്താവുന്ന കുടുംബം
ബച്ചു കൊടുങ്ങല്ലൂര്‍
February 2022
നവ ഉദാരീകരണ കാലത്ത് ബന്ധങ്ങളുടെ പവിത്രതക്ക് യാതൊരു മൂല്യവും കല്‍പ്പിക്കപ്പെടാത്തത് കുടുംബത്തെ വല്ലാതെ ഉലക്കുകയാണ്.
അവള്‍ സൈക്കിള്‍ സ്‌കൂളിന് പുറത്തുവെച്ചു പൂട്ടി. പിന്നാലെ എത്തിയ 22 കാരന്റെ ഇരു ചക്രവാഹനത്തില്‍ കയറി നേരെ ബീച്ചിലേക്ക്. തലേദിവസം നാട്ടിലെത്തിയ പ്രവാസി യുവാവിനൊപ്പം ക്ലാസ്സില്‍ കയറാതെ ബീച്ചില്‍ പോയ കുട്ടിയുടെ പ്രായമറിഞ്ഞാല്‍ ഞെട്ടും. എട്ടും പൊട്ടും തിരിയാത്ത 12 കാരിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട അപരിചിതനുമായി കറങ്ങാനിറങ്ങിയത്. അതും കോവിഡിന് പിന്നാലെ സ്‌കൂള്‍ തുറന്ന ആഴ്ചയില്‍. മൂന്നു കുട്ടികളുമായി ആത്മഹത്യ മുനമ്പില്‍ കഴിയുന്ന ഒരു 45 കാരനുണ്ട്. അയാളുടെ ഭാര്യ മറ്റൊരുത്തനുമായി പോയത് ദുബായിലേക്കാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒടുവില്‍ നെടുമ്പാശേരി വിമാനത്താവളത്തിലൂടെ അവള്‍ അവനിലേക്ക് എത്തി. ഈ സംഭവത്തിന്റെ ട്വിസ്റ്റ് ഇതല്ല. നേരത്തെ മറ്റൊരു പ്രവാസിയുടെ ഭാര്യയായ ഈ സ്ത്രീയെ അടിച്ചുമാറ്റിയവനാണ് ഇപ്പോള്‍ ആരും തണലില്ലാത ജീവിതം വഴിമുട്ടി അലയുന്ന ആ 45-കാരന്‍. ഡോക്ടറായ ഭാര്യക്ക് നേരത്തെ പ്രവാസിയായിരുന്ന ഭര്‍ത്താവിനെ വേണ്ട. ഭര്‍ത്താവിനാണേല്‍ ഭാര്യയില്ലാതെ പറ്റില്ല. ആവുന്നതെല്ലാം പറഞ്ഞിട്ടും ഡോക്ടര്‍ക്ക് ഭര്‍ത്താവുമായി ഒത്തുപോവാനാവുന്നില്ല. ഒടുവില്‍ കേസ് കുടുംബ കോടതിയില്‍ എത്തി. കേസ് നടക്കുന്നതിടെ ഒരു ദിവസം വിചാരണ കഴിഞ്ഞ് കുടുംബകോടതിയില്‍ നിന്നും ഇറങ്ങവേ ഡോക്ടറുടെ അടുത്തേക്ക് ഒരു കാര്‍ ചീറിപാഞ്ഞു വന്നു. അവള്‍ അതില്‍ കയറി പോയി. പിന്നീടാണ് ഭര്‍ത്താവിനെ വേണ്ടാതായതിന് പിന്നിലെ കാരണം അറിയുന്നത്.
നവ ഉദാരീകരണ കാലത്ത് ബന്ധങ്ങളുടെ പവിത്രതക്ക് യാതൊരു മൂല്യവും കല്‍പ്പിക്കപ്പെടാത്തത് കുടുംബത്തെ വല്ലാതെ ഉലക്കുകയാണ്. നേരത്തെ ദാമ്പത്യവും ലൈഗികതയുമൊക്കെ അത്രമേല്‍ നൈസര്‍ഗികമായ സ്വകാര്യതയായിരുന്നു. ഇന്നിപ്പോള്‍ ബന്ധങ്ങള്‍ക്ക് ആഴവും പരപ്പും തെളിച്ചവുമില്ല. സ്‌നേഹത്തിന് പോലും ആത്മാര്‍ഥതയില്ല. സമാനമായ പരിഭവങ്ങളും കുടുംബങ്ങളിലില്ല. ആത്മാവ് തൊട്ടുള്ള സൗന്ദര്യപിണക്കങ്ങളും കലഹങ്ങളും കുടുംബങ്ങളില്‍നിന്നും അന്യമാവുന്നത് സ്‌നേഹം കുറയുന്നതിന്റെ കൂടി ലക്ഷണമാണ്. അധികപേരും ജീവതം നന്നായി അഭിനയിക്കുകയാണ്. വിപണി നിശ്ചയിക്കുന്ന ആഘോഷങ്ങളില്‍ അഭിരമിച്ച് കാലം കഴിക്കുകയല്ലാതെ ജീവിതത്തിന്റെ ധന്യത നുകരാന്‍ കഴിയാതെ പോവുന്നതാണ് പ്രശ്‌നങ്ങളുടെ കാതല്‍. കാര്യങ്ങള്‍ പങ്കുവെക്കാന്‍ 90 ശതമാനം പങ്കാളികളും തയാറല്ല. സാമൂഹിക മാധ്യമ മേച്ചില്‍പുറങ്ങളില്‍ ചെലവിടുന്നതിന്റെ പത്തില്‍ ഒരംശം പോലും സമയം ഇണ തുണകള്‍ പരസ്പരം സംസാരിക്കുന്നില്ല. ഭാര്യയുടെ വര്‍ത്തമാനങ്ങള്‍ക്ക് കാത് കൊടുക്കാതെ വരുേമ്പാള്‍ കണ്ണും കാതുമായി സാമൂഹിക മാധ്യമങ്ങളില്‍ എത്തുന്നവര്‍ അവരുടെ ഹൃദയം കവരും. പിന്നെ അവളുടെ സ്വകാര്യത അവര്‍ കൂടി പങ്കിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിചേരും. സൈബര്‍ ഇടങ്ങളിലെ വില്ലന്മാര്‍ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയാണ് ഇരയെ കുരുക്കുന്നത്. ജോലിയും സമ്പാദ്യവും മാത്രമായി ജീവിതത്തെ നോക്കിക്കാണുന്നവര്‍ ഒന്നറിയണം. ആര്‍ക്കുവേണ്ടിയാണ് ഈ അലച്ചില്‍. കൂടെയുള്ളവരെ പരിഗണിക്കാതെയുള്ള പാച്ചിലില്‍ ഒടുക്കം തനിച്ചാവുക മാത്രമാവും ഗതി. വീടകങ്ങളിലെ സന്തോഷത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരാവണം ദമ്പതികള്‍. വീട്ടിലേക്ക് വരും മുമ്പേ ജോലിയുടെ സമ്മര്‍ദത്തെ വഴിയിലുപേക്ഷിക്കുക. ഏറെ സമ്മര്‍ദവുമായി ഗൃഹനാഥന്‍ വീട്ടില്‍ എത്തുേമ്പാള്‍ സാമൂഹിക മാധ്യമങ്ങളില്‍ മേയാതെ ഹൃദയപൂര്‍വം സ്വീകരിക്കാന്‍ പങ്കാളിക്കുമാവണം. ഒരോരുത്തരും തന്നിലേക്ക് ആഴ്ന്നിറങ്ങുന്ന നവയുഗത്തില്‍ ബന്ധങ്ങളുടെ ആത്മാവ് നഷ്ടപ്പെടുകയാണ്. ഗൃഹനാഥന്‍ മുതല്‍ കുട്ടികള്‍ വരെ വീടകങ്ങളില്‍ തുരുത്തുകള്‍ തീര്‍ക്കുന്ന കാലത്ത് ശൈഥില്യത്തിന് ഗതിവേഗം കൂട്ടുന്ന പ്രവണതകളെ കരുതിയിരിക്കണം.
ചിലപ്പോള്‍ വില്ലനാകുന്നത് പഴയ സ്‌കൂള്‍ സഹപാഠി കൂട്ടായ്മയും ഒത്തുചേരലുമാണ്. ഒരിക്കലും ഇനി കാണാനാവില്ലെന്ന് കരുതിയവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉപബോധ മനസില്‍ ഉറങ്ങുന്ന പഴയ സ്വപ്‌നങ്ങള്‍ വീണ്ടും നാമ്പിടുകയാണ്. അതിന് വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കാന്‍ അവനാണ് മുന്നില്‍ നില്‍ക്കുക. പ്രലോഭനങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ ഒടുവില്‍ അവള്‍ വീഴുന്നു. ഇതോടെ അരുതായ്മകളുടെ ഘോഷയാത്രയാണ്. ഇത്തരം നിരവധി കേസുകളാണ് കേരളത്തില്‍ വിവിധ മനശാസ്ത്ര വിദഗ്ധര്‍ക്ക് മുന്നിലെത്തുന്നത്.
സ്ത്രീയേക്കാളധികം ഇത്തരം കാര്യങ്ങളില്‍ മുന്നില്‍ പുരുഷന്മാര്‍ തന്നെയാണ്. പുരുഷ കേന്ദ്രീകൃത സമൂഹവും കുടുംബവും കുഴപ്പക്കാരായ പുരുഷന്മാരെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല അച്ഛന്‍ മോശമാണെന്ന് കുട്ടികള്‍ അറിയരുതെന്ന മനോഭാവം വെച്ചു പുലര്‍ത്തുന്നവരാണ് അധിക കേരളീയ അമ്മമാരും. വീട്ടില്‍ ഒരു ഫോണ്‍, ഓഫീസില്‍ മറ്റൊരു ഫോണ്‍ എന്നിങ്ങനെ വിവിധ ഏര്‍പാടുകള്‍ക്കായി ഏറെ ഫോണുകള്‍ കൊണ്ടുനടക്കുന്ന പ്രവണതകള്‍ സ്ത്രീകളില്‍ തുലോം കുറവാണ്. അതേസമയം ഏറെ ശാക്തീകരിക്കപ്പെട്ടിട്ടും ഇത്തരം പുരുഷ കേന്ദ്രീകൃത കെണികളില്‍ വീഴുന്നതില്‍ സ്ത്രീകള്‍ മത്സരത്തിലാണ്. വേഷംമാറി പരസ്പരം കബളിപ്പിച്ച് സൈബര്‍ ഇടങ്ങളില്‍ മേഞ്ഞത് വീട്ടിലെ തൊട്ടപ്പുറത്തെ മുറികളില്‍ ഇരുന്ന് പിതാവും മകളുമായിരുന്നുവെന്ന് ഒടുക്കം തിരിച്ചറിയുന്ന ഞെട്ടിപ്പിക്കുന്ന മനോരോഗങ്ങള്‍ നിരവധിയാണ്. അറിയുന്നവര്‍ തന്നെ പരസ്പരം അവിശ്വാസത്തിന്റെ നിഴലില്‍ കഴിയുന്ന കാലത്താണ് ഇത്തരം മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കായി മക്കളെപോലും കൊന്നു കുഴിച്ചുമൂടാന്‍ മാതാവടക്കം തയാറാകുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്.
റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ഉറ്റ ചങ്ങാതിമാരാണ് ആ രണ്ടു വനിതകള്‍. ഒരാള്‍ കുടുംബിനി. മറ്റൊരാള്‍ പഴയ പ്രണയ നൈരാശ്യത്തില്‍ വിവാഹം പോലും വേണ്ടെന്നുവെച്ച ഏകാകി. സൗഹൃദത്തിന്റെ ആഴങ്ങളില്‍ അത്രമേല്‍ ആണ്ടിറങ്ങിയതിനാല്‍ കൂട്ടുകാരിയുടെ എല്ലാ കാര്യങ്ങളും കുടുംബിനിയായ ഉദ്യോഗസ്ഥ എഞ്ചിനീയറായ ഭര്‍ത്താവുമായി പങ്കുവെച്ചിരുന്നു. ആദ്യമൊക്കെ ഇത് കേള്‍ക്കല്‍ വിരസതയായി തോന്നിയെങ്കിലും പിന്നീട് ഭാര്യയുടെ കൂട്ടുകാരിയെ കുറിച്ചുള്ള കഥ കേള്‍ക്കാനാവാത്ത തരത്തിലേക്ക് എഞ്ചിനീയര്‍ മാറിയിരുന്നു. ഭര്‍ത്താവിനെ കുറിച്ച് കൂട്ടുകാരിയോടും വാതോരാതെ സംസാരിച്ചിരുന്നു ഭാര്യ. ഒടുവില്‍ ഏകാകിയും കൂട്ടുകാരിയുടെ ഭര്‍ത്താവും തമ്മില്‍ നേരിട്ട് സംസാരിക്കാന്‍ തുടങ്ങിയതോടെ ഭാര്യയും മക്കളും പരിധിക്കു പുറത്തായി. എത്ര അടുത്തവരോട് പോലും കുടുംബത്തിന്റെ രസതന്ത്രത്തെ കുറിച്ചും അതിന്റെ സൗന്ദര്യത്തെ സംബന്ധിച്ചും വല്ലാതെ മനസു തുറക്കരുതെന്നാണ് ഈ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. പൊങ്ങച്ചത്തിനായി കാര്യങ്ങള്‍ അടിച്ചുവിടുന്നവര്‍ അറിയുക, അതു വരുത്തിവെക്കുന്ന വിനാശം വലുതാണ്. ഉള്ളംകൈയിലെ മൊബൈല്‍ ഫോണില്‍ സ്വകാര്യത മുഴുവന്‍ നിക്ഷേപിക്കുന്നവര്‍ ഓര്‍ക്കുക ഇത് നിങ്ങളുടെ കുടുംബം തകര്‍ക്കാനുള്ള മുതല്‍മുടക്ക് കൂടിയാണ്.
സ്ത്രീ മുഴുവന്‍ മേഖലകളിലും ഇഷ്ടങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങി. അതേസമയം സ്ത്രീയുടെ തുറന്നു പറച്ചിലുകള്‍ക്ക് പലപ്പോഴും കുടുംബത്തില്‍ നിന്നും പരിഹാരം ലഭിക്കുന്നില്ല. ആ തുറന്നു പറച്ചിലുകള്‍ക്ക് കാതുകൊടുക്കാന്‍ കുടുസ്സന്‍ സമൂഹവും തയാറല്ല. സമൂഹമാധ്യമങ്ങളെ ഉപാധിയാക്കി അപരിചിതനോടു പോലും സംസാരിക്കുന്നതിന് വഴിയിടുന്നത് ഇത്തരം സാഹചര്യങ്ങളാണ്.
കുടുംബങ്ങളില്‍ ഭാര്യവും ഭര്‍ത്താവും തമ്മിലുള്ള സംസാരം കുറയുകയാണ്. ഹൃദയം തുറന്നവര്‍ സംസാരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഹൃദയബന്ധം കാത്തുസൂക്ഷിക്കാനാവുന്നുമില്ല. ചാറ്റ് ചെയ്യുന്ന അത്രയും സമയം സംസാരിക്കാന്‍ ചെലവിടുന്നല്ലെന്നത് ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന ഘടകമാണ്.
ശാരീരിക, ബുദ്ധി വൈകല്യമുള്ളള കുട്ടികളുടെ കാര്യങ്ങള്‍ മൂടിവെക്കുകയാണ് നാം ചെയ്യുക. പുറത്തുള്ളവരെ ഇതൊന്നും അറിയിക്കാതെ അവരെ വളര്‍ത്തും. ഒടുവില്‍ വലിയ അളവില്‍ സ്വര്‍ണവും ഭൂമിയും പണവുമൊക്കെ നല്‍കി അവരെ കല്യാണം കഴിച്ചു വിടും. പണത്തോട് ആര്‍ത്തിയുള്ളവന്‍ അത് വാങ്ങി അവളെ സ്വന്തമാക്കും. ശരാശരി ബുദ്ധിയില്ലാത്ത ഒരാളുടെ കൂടെ കൂറെ നാള്‍ ഒരുമിച്ച് ജീവിക്കാനാവില്ല. ദൈനംദിന കാര്യങ്ങളും ശാരീരിക ആവശ്യങ്ങളും നടക്കാതെ പോവുന്നത് മടുപ്പിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. വാങ്ങിയ വസ്തുക്കള്‍ തിരിച്ചു നല്‍കേണ്ടതിനാല്‍ നല്ല രീതിയില്‍ പറഞ്ഞു വിടുന്നതിന് പകരം അപായപ്പെടുത്തി കൊല്ലാന്‍ ശ്രമിക്കുകയാവും അവന്‍ ചെയ്യുക. പുതിയ യുഗത്തില്‍ ജീവിതരീതിയും വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലെ ഉയര്‍ച്ച താഴ്ച്ചകളും ദാമ്പത്യ ബന്ധങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്.
ഭക്ഷണം കഴിച്ചോ, എന്തായിരുന്നു ഭക്ഷണം, ഉറങ്ങാന്‍ കിടന്നോ എന്നിങ്ങനെ രാത്രി സ്ത്രീകളെ വിളിച്ച് ക്ഷേമം അന്വേഷിക്കുന്ന പകല്‍ മാന്യന്മാരും ഏറുകയാണ്.
ബന്ധങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്തതും മൃഗതുല്യവുമായ കാമകഥകളും വീഡിയോകളും പ്രചരിപ്പിക്കുന്ന വിഷലിപ്തമായ സാമൂഹിക ചുറ്റുപാടില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നു.
ഇതിന് പറമെ സ്ത്രീധന പീഡനവും ഭര്‍തൃവീട്ടിലെ പീഡനവുമൊക്കെയായി വിവാഹത്തില്‍നിന്നും അകലുന്ന പെണ്‍കുട്ടികള്‍ കൂടുകയാണ്. പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നിന്നാല്‍ എന്താ പ്രശ്‌നം. പണവും അധ്വാനവും ചെലവഴിച്ച് എന്തിന് അനര്‍ഥങ്ങളെ കൂടെ കൂട്ടണമെന്നാണ് അവരുടെ ചോദ്യം. ചുറ്റുപാടുകളില്‍ നിന്നും കേള്‍ക്കുന്ന ആര്‍ത്തനാദങ്ങളാണ് ഇത്തരം ചിന്തകളിലേക്ക് അവരെ നയിക്കുന്നത്. ഇതില്‍ തന്നെ ചെറുതല്ലാത്ത ഒരു വിഭാഗം കോ ലിവിങ് സമ്പ്രദായത്തിന് പിന്നാലെ പോകുന്നുമുണ്ട്. ചരടുകളേതുമില്ലാതെ ജീവിതം ആസ്വദിക്കുകയും ഒത്തുകഴിഞ്ഞു മടുത്താല്‍ പിരിയുകയും ചെയ്യുന്ന ഈ ജീവിത രീതിക്ക് ബാധ്യതകള്‍ ഇല്ലല്ലോ എന്നാണ് പുതുതലമുറയുടെ ചോദ്യം. നൈസര്‍ഗികമായ രീതികളില്‍നിന്നും വ്യതിചലിച്ച് ബാഹ്യ ബന്ധങ്ങളുടെ വിനാശ ഭൂമികയിലേക്ക് അവരെ നയിക്കുന്നതില്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ തീര്‍ക്കുന്ന അരുതായ്മകള്‍ തന്നെയാണ് കാരണം.
തുടര്‍ പഠനം, ജോലി, അവളുടെ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ ഭര്‍ത്താവും അയാളുടെ കുടുംബവും തീര്‍ക്കുന്ന മതില്‍ക്കെട്ടുകള്‍ തകര്‍ക്കാന്‍ വര്‍ത്തമാന കാലത്തും സാധിക്കുന്നില്ല. മത, മതരഹിത കുടുംബങ്ങളിലും വിദ്യാസമ്പന്നരിലും പോലും സ്ത്രീധന കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കെട്ടുപാടുകളാണുള്ളത്. കുടുംബത്തിലെ സമ്മര്‍ദത്തിന് വഴങ്ങി ആണ്‍കുട്ടികള്‍ക്ക് പലപ്പോഴൂം അവരുടെ ഭാര്യമാരുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്തലുകള്‍ വരുത്തേണ്ട ഗതികേടാണുള്ളത്. ഇത്തരം സന്ദര്‍ഭത്തില്‍ പെണ്‍കുട്ടികളുടെ ഇഷ്ടങ്ങള്‍ പരിഗണിക്കാന്‍ തുടങ്ങുന്നത വലിയ പാതകമായി അവതരിപ്പിക്കപ്പെടുകയും ചെയ്യും.
എന്നാല്‍ ഇതൊന്നും വിവാഹ നിരാസത്തിന് നിരത്താവുന്ന കാരണമല്ല. മാനസിക ആരോഗ്യമുള്ള വ്യക്തി, കുടുംബ, സമൂഹ നിര്‍മിതിക്ക് ഇത്തരം ദുഷ്പ്രവണതകളെ തുരത്താനാവും. അതിന് സര്‍ക്കാറും ഇതര സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ വിവാഹ പൂര്‍വ ക്ലാസുകള്‍ വിവാഹിതരാവാന്‍ പോകുന്നവര്‍ക്ക് നിര്‍ബന്ധമാണ്. ഇത്തരം ക്ലാസുകളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുവെന്ന നിബന്ധന വേണ്ടതുണ്ട്. വിവാഹിതര്‍ക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കും പ്രത്യേകം മനഃശാസ്ത്ര ക്ലാസ് നല്‍കേണ്ടതുണ്ട്. പുതിയ കാലത്തെ കുട്ടികളെ അറിയാനും അവരെ സഹായിക്കാനുമൊക്കെ അത് ഏറെ ഉപകരിക്കും. വിവാഹം കഴിഞ്ഞ് വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പ്രൊബേഷനറി പിരീഡ് പോലും നല്‍കണമെന്ന അഭിപ്രയം പ്രകടിപ്പിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുണ്ട്.