നോമ്പിനെ കുറിച്ചുള്ള പ്രഭാഷണങ്ങളിലും ക്ലാസുകളിലും എഴുത്തുകളിലും കടന്നുവരാറുള്ള പ്രസിദ്ധമായ ഒരു പ്രവാചക വചനമാണ് ''.... ഇനി ആരെങ്കിലും അവനെ ശകാരിക്കുകയോ അവനുമായി ശണ്ഠ കൂടുകയോ ചെയ്താല്‍ 'ഞാന്‍ നോമ്പുകാരനാണ്' എന്ന് പ്രതികരിക്കട്ടെ''. സ്വാഭാവിക മാനുഷിക വികാരങ്ങളെ നോമ്പ് എന്ന ബോധം കൊണ്ട് പ്രതിരോധിക്കാനാവണമെന്നും നോമ്പിലൂടെ ആര്‍ജിക്കേണ്ട ഗുണമാണ് ഈ പ്രതിരോധമെന്നുമാണ് ഹദീസിന്റെ കാതല്‍.
സ്വുബ്ഹ് മുതല്‍ മഗ്രിബ് വരെയാണ് വ്രതാനുഷ്ഠാനത്തിന്റെ സമയം. അപ്പോള്‍ അതല്ലാത്ത സമയങ്ങളില്‍ തന്നോട് കയര്‍ത്തു സംസാരിക്കുന്നവനോട് എങ്ങനെയാണ് നോമ്പുകാരന് പ്രതികരിക്കേണ്ടത്? നോമ്പുകാരന് എന്നത് ഒരാളുടെ എല്ലായ്പ്പോഴുമുള്ള അവസ്ഥയാണോ അതോ വല്ലപ്പോഴുമുള്ള ഒരവസ്ഥയാണോ? സാങ്കേതികമായി നോമ്പുകാരനല്ലെങ്കിലും രാത്രിയിലും 'ഞാന്‍ നോമ്പുകാരന'ല്ലേ? റമദാനില്‍, 'നോമ്പുകാരന്' എന്നതിനെ വ്യക്തിയുടെ തന്മയായി പ്രഖ്യാപിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. റമദാനില്‍ എല്ലായ്പ്പോഴും അയാളുടെ വ്യക്തിത്വം 'ഞാന്‍ നോമ്പുകാരനാണ്' എന്നതായിരിക്കും.
ചെറിയ ഒരു വാചകമല്ല 'ഞാന്‍ നോമ്പുകാരനാണ്' എന്നത്. ജനിക്കുമ്പോള്‍ തന്നെ പൂര്ണബധിരനായ ഒരാളുടെ കാര്യമെടുക്കുക. ഭക്ഷണം കഴിക്കുമ്പോഴും കിടന്നുറങ്ങുമ്പോഴും വെള്ളം കുടിക്കുമ്പോഴും കാഴ്ചകള്‍ കാണുമ്പോഴും അയാള്‍ ബധിരനല്ല. ബധിരത അയാളിലില്ല. മാത്രമല്ല, സാധാരണ പറയാറുള്ളതുപോലെ മറ്റേതെങ്കിലും ഒരു ഇന്ദ്രിയം അല്ലെങ്കില്‍ ഒരു ശേഷി അയാളില്‍ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ അബോധ സന്ദര്‍ഭങ്ങളിലും തലങ്ങളിലുമൊന്നും അയാള്‍ ബധിരനേയല്ല. പക്ഷേ നമുക്കയാള്‍ എല്ലായ്പ്പോഴും ബധിരനാണ്. നാമയാളെ ജീവിതാന്ത്യം വരെ ബധിരനെന്ന തന്മയ്ക്കകത്താക്കുന്നു. അയാളെ തിരിച്ചറിയാനുള്ള ഐഡന്റിറ്റിയായി അയാളുടെ ബധിരതയെ നിശ്ചയിക്കുന്നു. ജീവശാസ്ത്രപരമായ ഒരു പരിമിതി, പരിമിതമായ മേഖലകളിലാണെങ്കിലും നാമതിനെ പൊതുവായി പ്രഖ്യാപിക്കുന്നു. നോമ്പുകാരനും ഇതേ നില തുടരുന്നു. ഏതാനും മണിക്കൂറുകളിലെ നോമ്പുകാരനെ മാസം മുഴുവനും നോമ്പുകാരനാക്കുന്നു.
നോമ്പിന്റെ സമയം കുറച്ചേയുള്ളൂ. പ്രഭാതം മുതല്‍ അസ്തമയം വരെ. പക്ഷേ നോമ്പുകാരന്റെ സംസ്കാരം ഉടനീളമാണ്. നോമ്പില്ലാത്ത സമയങ്ങളിലും 'ഞാന്‍ നോമ്പുകാരനാണ്'. നോമ്പിന്റെ സമയത്ത് അനുവദനീയമല്ലാത്ത ഭക്ഷണവും പാനീയവും ലൈംഗികതയും നോമ്പില്ലാത്ത സമയത്ത് അനുവദനീയമെങ്കിലും 'നോമ്പുകാരന്റെ' സംസ്കാരത്തില്‍ പെടാത്തവ അപ്പോഴും വര്‍ജ്യമായി തന്നെ തുടരുന്നു. രാത്രിയില്‍ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാം, ദാഹമകറ്റാം. കാരണം നിങ്ങളുടെ ശരീരം നോമ്പവസാനിപ്പിച്ചിരിക്കുന്നു. പക്ഷേ ആരെയെങ്കിലും ശകാരിക്കാനോ മനസ്സില്‍ കോപാഗ്നി ആളാനോ പാടില്ല. കാരണം ശരീരം നോമ്പിനെ വിട്ടെങ്കിലും മനസ്സ് നോമ്പില്‍ തന്നെ തുടരുകയാണ്.
'ഞാന്‍ നോമ്പുകാരനാണ്' എന്നതില്‍ ഒരു നിസ്സംഗ ഭാവമുണ്ട്. എതിരാളിയെ നിര്‍വീര്യമാക്കുന്ന നിസ്സംഗതയാണത്. അമര്‍ഷങ്ങളെയും കോപത്തെയും കീഴ്പ്പെടുത്തുന്നുണ്ടത്.
കീഴ്പ്പെടലും വിധേയപ്പെടലും ആരാധനകളര്പ്പിക്കലും ബോധപൂര്‍വമായ പ്രവര്‍ത്തനമാണ്. അത് സ്വമേധയാലാവാം, നിര്ബന്ധിതമായിട്ടാവാം. ബോധത്തിലും അബോധത്തിലും അല്ലാഹുവിനോട് വിധേയപ്പെടണമെന്നാണ് ഇസ്ലാം മനുഷ്യനോടാവശ്യപ്പെടുന്നത്. മനുഷ്യനെ സൃഷ്ടിച്ചതുതന്നെ തനിക്ക് ഇബാദത്ത് ചെയ്യാനാണെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ എപ്പോഴും അല്ലാഹുവിന് കീഴൊതുങ്ങി ജീവിക്കുന്നവനാകുന്നു മുസ്ലിം. സ്ഥലകാലബോധമില്ലാതാവുന്നതും പരിസരബോധം നഷ്ടപ്പെടുന്നതും വലിയ അപരാധമായിട്ടാണ് സമൂഹം കാണുന്നത്. എന്നാല്‍ ചൊല്ലേണ്ടതു ചൊല്ലി ഉറക്കത്തിലേക്ക് നീങ്ങി അബോധാവസ്ഥയിലെത്തുന്നവനും പരിസരബോധം നഷ്ടപ്പെടുന്നവനും അവന് പോലുമറിയാതെ പുണ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 'വകതിരിവില്ലാത്ത' നന്മകള്! ഇങ്ങനെ വ്യക്തിയെ മുത്തഖി എന്ന ഏകതന്മയിലേക്ക് നയിക്കുകയാണ് നോമ്പ് നിര്‍വഹിക്കുന്ന ദൗത്യം.
ഒരു വൈകാരികാവസ്ഥയെയും അതിന്റെ തീക്ഷ്ണതയില്‍ മാനഭാഷയില് വിശദീകരിക്കാനാവില്ല. ആ വൈകാരികാവസ്ഥയെ മറ്റൊരാള്‍ക്ക് കൈമാറാനുമാകില്ല. അത് തന്റെ മാത്രം അനുഭവമാണ്. പ്രിയപ്പെട്ട വ്യക്തികളുടെയോ വസ്തുക്കളുടെയോ വേര്‍പാടില്‍ 'ഞാന്‍ ദുഃഖിക്കുന്നു' എന്ന് ഒരാള്‍ക്കും പറയാനാവില്ല. അങ്ങനെ പറയാനാവുന്നുവെങ്കില് ആ ദുഃഖത്തില്‍ അയാള്‍ ആഹ്ലാദമോ സുഖമോ അനുഭവിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. അപ്പോള്‍ ശകാരിക്കാനും ശണ്ഠ കൂടാനുമെത്തുന്നവനോട് വ്യാകരണബദ്ധമായി 'ഞാന്‍ നോമ്പുകാരനാണ്' എന്ന് പ്രതികരിക്കുമ്പോള്‍ നോമ്പനുഷ്ഠിക്കുന്നവന്റെ ഉള്ളില്‍ ഒരു സുഖവും ആഹ്ലാദവുമുണ്ട്. തന്റെ നോമ്പനുഭവം അപരന് കൈമാറാനാവാത്തതിലെ ഖേദവും ആ വാക്കുകള്ക്കകത്തുണ്ട്. ഉള്ളില്‍നിന്നും തികട്ടിത്തിളച്ചുവരുന്ന ക്ഷോഭ, കോപ വികാരങ്ങളെ നിയന്ത്രിച്ചുനിര്ത്തുകയല്ല നോമ്പുകാരന് അപ്പോള്‍ ചെയ്യുന്നത്. അങ്ങനെ ഒരു വികാരമേ അവനുള്ളില്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വിചാരലോകത്തായിരിക്കും നോമ്പുകാരനുണ്ടാവുക.
ജനപ്രിയ അനുഷ്ഠാനമല്ല വ്രതം. രാത്രിയില്‍ പതിവായി ഏറെ സമയം തഹജ്ജുദ് നമസ്കരിക്കുന്നവരും ധാരാളം വ്യയം ചെയ്യുന്നവരും ആഴ്ചയില്‍ ഒന്ന്, മാസത്തില്‍ മൂന്ന് തുടങ്ങിയ ഐഛിക നോമ്പുകളുടെ കാര്യത്തില്‍ ആവേശമുള്ളവരല്ല. കഴിഞ്ഞ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ വീട്ടാനായി അടുത്ത റമദാനിന്റെ പടിവാതില്‍ വരെ കാത്തിരിക്കുന്നവരും കുറവല്ല. കാരണം പട്ടിണിയും വിശപ്പും ആരും ഇഷ്ടപ്പെടുന്നില്ല. ക്രൂരതയും ഭീകരതയും നിറഞ്ഞുനില്‍ക്കുന്നുണ്ട് പട്ടിണിയില്‍. കലാപങ്ങളിലെയും ആഭ്യന്തര യുദ്ധങ്ങളിലെയും ശവശരീരങ്ങളേക്കാള്‍ എപ്പോഴും അസ്വസ്ഥപ്പെടുത്തുക പട്ടിണിപ്പേക്കോലങ്ങളാണ്. ആരും ആഹ്ലാദപൂര്‍വം പട്ടിണിയെ വരവേല്ക്കില്ല. നമസ്കാരവും ഹജ്ജും ഉംറയും ജനപ്രിയ ആരാധനകളായി മാറുമ്പോഴും നോമ്പ് അങ്ങനെയാവുന്നില്ല. എന്നാല്‍ റമദാന് ജനപ്രിയമാണ്. ചെറിയ കുട്ടികള്‍ വരെ ആ ആഹ്ലാദത്തില്‍ ഉല്ലസിക്കുന്നവരാണ്. പട്ടിണിയെ സാഘോഷം അവര്‍ സ്വീകരിക്കുന്നു. പട്ടിണിക്കാരനെന്ന അര്‍ഥത്തില്‍ അവരും 'ഞാന്‍ നോമ്പുകാരനാണ്' എന്ന് കൊഞ്ചിക്കൊണ്ടേയിരിക്കുന്നു. എല്ലാവര്ക്കും റമദാനിനോടുള്ള ഈ ഇഷ്ടമാണ് 'ഞാനി'ല്‍നിന്നും 'ഞങ്ങളെ' റജബും ശഅ്ബാനും കഴിഞ്ഞ് റമദാനില്‍ എത്തിക്കണേ എന്ന പ്രാര്‍ഥനയായി മാറുന്നത്.