പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും എന്തു കുറിപ്പടിയാണ് ഇവയില്‍ ഉള്ളത് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഇവക്ക് നിറം നല്‍കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ ചര്‍മസംരക്ഷണത്തിനും യൗവനം നിലനിര്‍ത്താ
നും ഏറെ സഹായകമാണ്. നമ്മുടെ അടുക്കളയില്‍ കയറിയിറങ്ങുന്ന ഇവരെ പുതിയൊരു ആംഗിളില്‍ (അതായത് നിറവും അതിന്റെ പ്രത്യേകതയും) ഒന്ന് പരിചയപ്പെട്ടാലോ?
പച്ച: നിത്യഹരിത യൗവനത്തിന് പച്ചനിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും ആകട്ടെ. കാഴ്ച ശക്തി, എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം എന്നിവ പച്ചയോട് കടപ്പെട്ടിരിക്കുന്നു. ഉദാഹരണം: ഇലക്കറികള്‍, കാബേജ്, ബീന്‍സ്, പട്ടാണി, പച്ച നാരങ്ങ, പച്ച മുന്തിരി, നെല്ലിക്ക.....
നീല, വയലറ്റ്: ത്വക്കിലെ ചുളിവുകള്‍ അകറ്റും. ഓര്‍മശക്തിക്കും നല്ലതാണ്. അര്‍ബുദത്തെയും മൂത്രാശയസംബന്ധമായ രോഗങ്ങളെയും പ്രതിരോധിക്കും. പ്ലം, വഴുതനങ്ങ, വയലറ്റ് കാബേജ്, മുന്തിരി, ഉണക്കമുന്തിരി തുടങ്ങിയവ ഈ ഗണത്തില്‍പെട്ടതാണ്.
മഞ്ഞ, ഓറഞ്ച്: കാഴ്ചശക്തി കൂട്ടാനും ഹൃദയാരോഗ്യത്തിനും കാന്‍സറിനെ ചെറുക്കാനും ഇവ വേണം. കാരറ്റ്, പപ്പായ, മാങ്ങ, മത്തങ്ങ, ചോളം, പൈനാപ്പിള്‍, മഞ്ഞ തക്കാളി, പാഷന്‍ ഫ്രൂട്ട്..... തുടങ്ങിയവ ഈ ഗണത്തില്‍ കൂട്ടാം.
വെള്ള (തവിട്ട്): കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് രക്തത്തെ ശുദ്ധമാക്കും. ഹൃദയാരോഗ്യത്തിനും ഉത്തമം. കാന്‍സറിനെ ചെറുക്കും. ഉദാഹരണം: കോളിഫഌവര്‍, വെളുത്തുള്ളി, വാഴപ്പഴങ്ങള്‍, കൂണ്‍, ഇഞ്ചി, ഈത്തപ്പഴം.....
ചുവപ്പ്: ഓര്‍മശക്തിക്കും ആരോഗ്യമുള്ള ഹൃദയത്തിനും മൂത്രാശയസംബന്ധമായ രോഗങ്ങളെ ചെറുക്കാനും ഈ നിറം ഓര്‍ക്കുക. ആപ്പിള്‍, ചെറി, സ്‌ട്രോബറി, ചുവന്ന തക്കാളി, ചുവന്നുള്ളി, ബീറ്റ്‌റൂട്ട്, റാഡിഷ്, മാതളം, തണ്ണിമത്തന്‍ എന്നിവ ഈ കളറിലുള്ളതാണെന്ന് പ്രത്യേകം ഓര്‍ക്കുക.
നാരുകള്‍ നല്ലതിന്
പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും രണ്ടുതരം നാരുകളുണ്ട്. വെള്ളത്തില്‍ ലയിക്കുന്നവയും അല്ലാത്തവയും. ലയിക്കുന്ന നാരുകള്‍ പ്രമേഹം ചെറുക്കാനും കൊളസ്‌ട്രോള്‍ അളവ് കുറക്കാനും സഹായകമാണ്. ലയിക്കാത്ത നാരുകള്‍ മലബന്ധം ഒഴിവാക്കാനും രോഗപ്രതിരോധത്തിനും വളരെ നല്ലതാണ്.
പഴങ്ങളുടെ ഗുണങ്ങള്‍
- കൊളസ്‌ട്രോള്‍ ഇല്ല; ഉപ്പിന്റെ അളവ് തീരെ കുറവാണ്.
- ഉണക്കിയ പഴങ്ങള്‍ (ഈത്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ) കാത്സ്യത്തിന്റെയും ഇരുമ്പിന്റെയും നല്ല സ്രോതസ്സാണ്. സീതപ്പഴത്തിലും ധാരാളം കാത്സ്യം ഉണ്ട്.
- മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും നല്ല ഉറക്കം കിട്ടുന്നതിനും പഴങ്ങള്‍ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തണം.