ഒരു തിങ്കളാഴ്ചയായിരുന്നു മംഗലാപുരം ബന്ദര്‍ തുറമുഖത്തുനിന്ന് ദ്വീപിലേക്ക് ഓടം പുറപ്പെട്ടത്. റമദാനായതുകൊണ്ട് ബോംബെ ഹോട്ടലില്‍നിന്ന് അത്താഴവും കഴിച്ച് ബന്ദര്‍ ജുമുഅത്ത് പള്ളിയില്‍നിന്ന് സ്വുബ്ഹ് നമസ്കാരവും കഴിഞ്ഞാണ് ഞങ്ങള്‍ ഓടത്തില്‍ കയറാന്‍ പോയത്. പെരുന്നാളിനുള്ള അറവുമാടുകളെ അണിയ കള്ളിയിലേക്ക് കയറ്റി കെട്ടിയതോടെ അമരത്ത് ബാപ്പാക്കോയാ മാല്‍മി ഫാതിഹ വിളിച്ചു. ദുആഇരന്ന് കൈമുത്തിയതോടെ തുറമുഖത്തെ കെട്ടുകളഴിച്ചു.
അണിയം കുത്തിയകറ്റി മെഷീന് സ്റ്റാര്‍ട്ടാക്കി. എക്സോസ് ആകാശത്തിലേക്ക് പുക തുപ്പി. ഓടം പുറംകടലിലേക്ക് ഓടിത്തുടങ്ങി. കടല്‍ ശാന്തമായിരുന്നു. നല്ല ചൂടുള്ള വെയില് ഓടത്തിലേക്ക് വീണുകൊണ്ടിരുന്നു. കടല്കാറ്റുപോലും വീശാത്ത നാളായതുകൊണ്ടാവാം പെട്ടെന്ന് വിയര്‍ത്ത് ഒലിക്കാന്‍ തുടങ്ങി. കടല്‍ യാത്രയിലെ വിയര്പ്പിന് ഉപ്പുകലര്‍ന്ന കടല്‍ച്ചൊരുക്കിന്റെ മണമായിരുന്നു.
തൊണ്ട വരളാന്‍ തുടങ്ങി. എനിക്ക് ഇരിക്കപ്പൊറുതി തരാത്ത വിധം ഉള്ളകം ഉണങ്ങി, ദാഹം കൂടിക്കൂടി വന്നു. നിവൃത്തി കെട്ടപ്പോള്‍ ഞാന്‍ ആരും കാണാതെ മരക്കുറ്റിയില്‍നിന്ന് വെള്ളം കോരി അണിയ കള്ളിയിലേക്കിറങ്ങിയിരുന്ന് കുടിച്ചു. മഗ്ഗിലെ വെള്ളം തലയിലേക്കൊഴിച്ചു, ആശ്വാസമായി.
നോമ്പു നഷ്ടപ്പെട്ടുപോയതിന്റെ വേദനയോടെ പരന്ന കടലിലേക്ക് നോക്കിയിരുന്നു. ഓടം കടലിലെ ഓളങ്ങള്‍ക്കനുസരിച്ച് താഴ്ന്നും പൊങ്ങിയും ചാഞ്ഞും ചരിഞ്ഞും ഓടിക്കൊണ്ടിരുന്നു. ചെറുപ്പത്തില്‍ നോമ്പ് പരിശീലിപ്പിക്കാന്‍ ബാപ്പ പറഞ്ഞു തരുന്ന ഒരു നിയ്യത്തുണ്ട്.
''ഉര് മുറി നൂമ്പേ ഉച്ചപ്പിരാന്തേ
കഞ്ഞിക്കലത്ത് ഫറഫറനൂമ്പേ
ഏരത്തകീള് തുളി തുളി നൂമ്പേ''
ഇങ്ങനെ നിയ്യത്ത് ചൊല്ലി നോമ്പെടുത്താല്‍ ഉച്ചവരെ പിടിച്ചാല്‍ മതി. അതുകഴിഞ്ഞാല്‍ ഉച്ചക്ക് ഭക്ഷണം കഴിച്ച് നിയ്യത്ത് ചൊല്ലി വീണ്ടും നോമ്പെടുക്കും. അതുപോലെ ഇത്ര വലുതായിട്ടും ഉച്ചപ്പിരാന്തന് നോമ്പെടുക്കേണ്ടി വന്ന സങ്കടത്തിലിരിക്കുമ്പോഴാണ് ഓടത്തിലാരും നോമ്പെടുത്തിട്ടില്ല എന്നറിയാന്‍ കഴിഞ്ഞത്.
ചുടുതാമ്പുര(അടുക്കള)യില്‍ കുഞ്ഞിമോന് പണ്ടാരി ഇട്ട വെന്തത് (കോഴിച്ചോറ്) പ്ലേറ്റുകളില്‍ എല്ലാവര്ക്കും വിതരണം ചെയ്തു. ബാപ്പാക്കോയാ മാല്‍മി മാത്രം നോമ്പായിരുന്നു. അയാള്‍ അമരത്തെ ചത്തിരിക്ക് മുകളില്‍ കടലില്‍നിന്നും വുദൂവെടുത്തു സമയാസമയങ്ങളില്‍ നമസ്കരിച്ചുകൊണ്ടിരുന്നു. എല്ലാവരും വയര്‍ മുട്ടെ ഭക്ഷണവും കഴിച്ച് ഉച്ചമയങ്ങാന്‍ കിടന്നു. പെട്ടെന്നാണ് അതു സംഭവിച്ചത്. വലിഞ്ഞു മുറുകിയ ഒരു കിരുകിരു ശബ്ദത്തോടെ ഓടത്തിന്റെ മെഷീന് നിശ്ചലമായി. മെക്കാനിക് ബിയ്യക്കോയ മെഷീന് കള്ളിയിലേക്കിറങ്ങിപ്പോയി. എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് പ്രശ്നമെന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കുറേയേറെ നേരം കഴിഞ്ഞ് അദ്ദേഹം മെഷീന് പെട്ടിക്ക് മുകളില്‍ നിരാശയോടെ തളര്‍ന്നിരുന്നു. ഞങ്ങളെല്ലാവരും ചേര്‍ന്ന് പായ വലിച്ചുയര്‍ത്തി. കാറ്റില്ലാത്ത ദിവസമായതിനാല്‍ പായ ചുരുണ്ടുകൂടി കിടന്നു.
കരകാണാക്കടലില്‍ മുഖത്തോടു മുഖം നോക്കി ഞങ്ങളിരുന്നു. പല തവണകളായി ബിയ്യക്കോയാ മെഷീന് നന്നാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. രാത്രിയായി. ഓടം കടലിലെ നീരൊഴുക്കിനനുസരിച്ച് ലക്ഷ്യമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. ബാപ്പാക്കോയാ മാല്‍മി പണ്ടാരിയോട് അത്താഴം വെക്കാന്‍ പറഞ്ഞു. മാസ് പൊട്ടിച്ചതും തേങ്ങാച്ചോറുമായിരുന്നു വിഭവങ്ങള്‍. ഓടയിലുള്ളവരെല്ലാം അത്താഴം കഴിച്ച് നിയ്യത്ത് ചൊല്ലി നോമ്പെടുത്തു. അന്നത്തെ നോമ്പിനെയും ഉഷ്ണം കഠിനമാക്കിക്കൊണ്ടിരുന്നു. കടലിലെ ഭയപ്പാടു കാരണം എല്ലാവരും നോമ്പ് മുറുക്കിപ്പിടിച്ചിരുന്നു. ഉച്ചതിരിഞ്ഞപ്പോള്‍ മെഷീന് കള്ളിയില്‍നിന്നും സന്തോഷത്തിന്റെ ശബ്ദം പുറത്തുവന്നു. പിസ്റ്റത്തിനകത്ത് ഒരു തുണി കുടുങ്ങി ജാമായി ഡീസല്‍ ഇറങ്ങാത്തതായിരുന്നു മെഷീന് നിന്നുപോകാന്‍ കാരണമായത്. തുണി മാറ്റി മെഷീന് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ മെഷീന് ഓടിത്തുടങ്ങി.
നോമ്പിനാല്‍ ഉള്ളില്‍ നിറഞ്ഞ ധ്യാനാവസ്ഥ മനുഷ്യമനസ്സിനെ പരിഹാരത്തില്‍ കൊണ്ടെത്തിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു മംഗലാപുരത്തുനിന്നും എന്റെ നാടായ കില്‍ത്താന്‍ ദ്വീപിലേക്കുള്ള ആ ഓടം യാത്ര. കൃത്യമായി അളന്ന് ദിശ കണക്കാക്കി ബാപ്പാക്കോയാ മാല്‍മി ഓടം ഓടിച്ചപ്പോള്‍ ഫജ്റ് ഉദിച്ചപ്പോഴേക്കും ദ്വീപിലെ ലൈറ്റ് ഹൗസിന്റെ പ്രകാശം കാണുന്നുണ്ടായിരുന്നു.