മുസ്ലിം സമുദായത്തിലെ ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് പിന്നാക്കം പോകുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു. പെണ്‍കുട്ടികള്‍ പഠിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നുമുണ്ട്. ആണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമില്ലായ്മ സമൂഹം ഗൗരവമായി എടുക്കേണ്ടതുണ്ടോ?
ഈ വിദ്യാഭ്യാസ അസന്തുലിതാവസ്ഥ കുടുംബ-സാമൂഹിക സംവിധാനത്തെ ഏതൊക്കെ രീതിയില്‍ ബാധിച്ചിട്ടുണ്ട്?
ഇതോടൊപ്പം ഉയര്‍ന്നുവരേണ്ട മറ്റൊരു ചോദ്യം;
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉണര്‍വിനെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ സമുദായത്തിനായിട്ടുണ്ടോ?
വൈവിധ്യ തലങ്ങളില്‍ നേടിയ അറിവുകള്‍ കൊണ്ട് സാമൂഹിക സംവിധാനത്തിനകത്തേക്ക് പ്രവേശിക്കാന്‍ അവസരമില്ലെങ്കില്‍ ആ വിദ്യാഭ്യാസം കൊണ്ട് പെണ്ണിന് എന്തു പ്രയോജനം?
അതില്‍നിന്നും അവളെ തടയുന്ന ബാഹ്യ ഇടപെടലുകള്‍ എന്താണ്? അത് മാറേണ്ടതുണ്ടോ?
ഉന്നത ബിരുദമുള്ള ആണ്‍കുട്ടി ഇല്ലാതിരിക്കുകയും അത് നേടിയ പെണ്ണിനെ ജോലിക്ക് പറഞ്ഞയക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സമുദായത്തിന് അര്‍ഹതപ്പെട്ട തൊഴില്‍ സംവരണം എങ്ങനെ നികത്തും?
പ്രതികരിക്കുന്നു;
സമുദായയുവത്വത്തെ വിവിധ സംഘടനാ പക്ഷത്തുനിന്ന് പ്രതിനിധീകരിക്കുന്നവര്‍,
വിദ്യാഭ്യാസ വിചക്ഷണര്‍,
സാമൂഹിക പ്രവര്‍ത്തകര്‍,
എഴുത്തുകാര്‍...
കാലത്തിനനുസരിച്ച് മുന്നോട്ട് നയിക്കുന്നതാണ് നവോത്ഥാനം
ഡോ. ഇസഡ്. എ അശ്‌റഫ്
(ജനറല്‍ സെക്രട്ടറി, സിജി)
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നാക്കാവസ്ഥയും ആണ്‍കുട്ടികളുടെ പിന്നാക്കാവസ്ഥയും എന്ന ടൈറ്റിലില്‍ പോരായ്മയുള്ളപോലെ തോന്നുന്നു. യഥാര്‍ഥത്തില്‍ ആണ്‍-പെണ്‍ അസന്തുലിതാവസ്ഥയാണുള്ളത്. സ്‌കൂള്‍ വിദ്യാഭ്യാസ ശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് എത്തിപ്പെടുന്ന ആണ്‍കുട്ടികള്‍ കുറയുന്നു എന്നതും അതിനാല്‍ സ്വാഭാവികമായും അവിടെ പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു എന്നതുമാണ് വസ്തുത.
ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്ലസ്ടു വരെ ഏറക്കുറെ ഒരുപോലെയാണ്. ഹയര്‍ എജുക്കേഷന്‍ രംഗത്താണ് പ്രകടമായ വ്യത്യാസം. ഗവണ്‍മെന്റ്, എയിഡഡ്, അണ്‍ എയിഡഡ് മേഖലകളിലെ ഏറ്റവും പ്രധാനപ്പെട്ടതും എണ്ണത്തില്‍ കൂടുതലുമുള്ള ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലാണ് വലിയ വ്യത്യാസം നിലനില്‍ക്കുന്നത്. പല കോളേജുകളിലെയും അനുപാതം 80 പെണ്‍കുട്ടിക്ക് ഇരുപത് ആണ്‍കുട്ടി എന്ന തോതിലാണ്. ഇതിന് അവലംബമായ കണക്കുകള്‍ ഇക്കണോമിക് റിവ്യു ഈ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ ആണ്‍കുട്ടികളുടെ അസാന്നിധ്യം തൊഴില്‍/സാമൂഹിക/ഗവേഷണ രംഗങ്ങളിലൊക്കെ പ്രത്യാഘാതമുണ്ടാക്കും.
ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ആണ്‍-പെണ്‍ അനുപാതം വളരെ വ്യത്യാസപ്പെടുന്നത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാന്‍ ഇടയുണ്ട്. വിദ്യാഭ്യാസ യോഗ്യതയുള്ള ആണ്‍കുട്ടികളുടെ അസാന്നിധ്യം വിദ്യാഭ്യാസ ഉന്നതി നേടിയ പെണ്‍കുട്ടികള്‍ക്ക് അതിനനുയോജ്യമായ വരനെ കിട്ടാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഉന്നതബിരുദധാരിയായ പെണ്‍കുട്ടിയും അപ്പുറത്ത് ഭര്‍ത്താവായ പ്ലസ്ടു ഷോര്‍ട്ട് ടേം കോഴ്‌സ്് കഴിഞ്ഞ ആണ്‍കുട്ടിയും തമ്മിലുള്ള കാഴ്ചപ്പാടിലെ വ്യത്യാസവും മറ്റും കാരണം വിവാഹ മോചിതരാവുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. പെണ്‍കുട്ടികളെ വിവാഹശേഷം തുടര്‍ന്നു പഠിപ്പിക്കുന്നതില്‍ അത്രയൊന്നും പഠിപ്പില്ലാത്ത ആണ്‍കുട്ടികളില്‍ അനുകൂല മനോഭാവം ഉണ്ടാകണമെന്നില്ല. ഇത് ഉന്നതരംഗത്തേക്കും ഗവേഷണ മേഖലയിലേക്കുമെല്ലാം എത്തേണ്ട പെണ്‍കുട്ടികള്‍ക്ക് അതിന് സാധിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. സമൂഹത്തിന് ഉപകാരപ്പെടേണ്ട പെണ്‍ പ്രതിഭകളെ ഉപയോഗപ്പെടുത്താതെ വരുന്നു.
ഗൗരവമുള്ള പ്രശ്‌നമാണെന്നു തോന്നിയതിനാലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ (സിജി) ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയത്. ആണ്‍കുട്ടികളുടെ ഈ പിറകോട്ടുപോക്ക് എന്തുകൊണ്ടാണെന്നതും ഏതു രൂപത്തിലാണ് അത് സമൂഹത്തെ ബാധിക്കുക എന്നതുമാണ് പഠനത്തിലെ പ്രധാന അന്വേഷണം. വളരെ രസകരമായ കണ്ടെത്തലിലാണ് ഇത് ചെന്നെത്തിയത്. പ്രധാനമായും ആണ്‍കുട്ടികളുടെ തെഴില്‍കാഴ്ചപ്പാടിലും വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തിലും വന്ന മാറ്റമാണ് ദൃശ്യമായത്.
ദീര്‍ഘകാലം പഠിക്കുക, സര്‍ക്കാര്‍ ജോലി നേടുക തുടങ്ങിയ കാര്യങ്ങളില്‍ പുതിയ തലമുറയിലെ ആണ്‍കുട്ടികളില്‍ വളരെ പ്രകടമായ മാറ്റം വന്നിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം ഉയര്‍ന്ന കരിയറില്‍ എത്തിപ്പെടാന്‍ സഹായിക്കും എന്ന് കരുതുന്നവര്‍ പൊതുവെ കുറവാണ്. പെട്ടെന്ന് പണം കണ്ടെത്താനുള്ള ആവേശത്തില്‍ ഉയര്‍ന്നു പഠിക്കുന്നതില്‍ പ്രസക്തിയില്ലെന്ന മനോഭാവമാണ് ആണ്‍കുട്ടികള്‍ക്കിടയില്‍ കൂടുതല്‍. പെട്ടെന്ന് ജോലി ലഭിക്കുന്ന സ്‌കില്‍ കോഴ്‌സുകളില്‍ ആകര്‍ഷിക്കപ്പെടുകയും പതിനായിരമോ ഇരുപതിനായിരമോ കൈയില്‍ കിട്ടുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍, ചെറിയ ഷോപ്പുകളില്‍ സെയില്‍സ് തുടങ്ങിയ ജോലികളിലേക്ക് 20 വയസ്സാകുമ്പോഴേക്കും പ്രവേശിക്കുന്നതു മൂലം തുടര്‍പഠനത്തിന് കഴിവുള്ള കുട്ടികള്‍ പോലും കോളേജില്‍ എത്തുന്നില്ല. നായര്‍, ഈഴവ, ക്രിസ്ത്യന്‍ സമുദായങ്ങളേക്കാള്‍ ഈ പ്രവണത മുസ്‌ലിം സമുദായത്തിലും പട്ടികജാതികളിലുമാണ് കൂടുതല്‍ കണ്ടുവരുന്നത്.
കുറച്ചു വര്‍ഷം മുമ്പ് വരെ ഉയര്‍ന്നു പഠിച്ച് ഡിഗ്രിയും പി.ജിയുമൊക്കെ എടുത്ത് ഉന്നത ജോലിയിലേക്ക് എത്തുക എന്ന മനോഭാവമായിരുന്നു പത്താം ക്ലാസ് കഴിഞ്ഞ് ഗള്‍ഫില്‍ പോകുന്നവരെ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ ആണ്‍കുട്ടികളില്‍ ഉണ്ടായിരുന്നത്. പക്ഷേ, കൃത്യമായ ലക്ഷ്യബോധമോ ആസൂത്രണമോ ഇല്ലാതെ പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ, ജോലി കിട്ടാത്തവരെ നോക്കിയുള്ള പഠിച്ചിട്ടെന്താ കാര്യം എന്ന സമൂഹത്തിന്റെ ചോദ്യങ്ങളുടെ സ്വാധീനം തുടര്‍പഠനം ഉപേക്ഷിച്ച് പെട്ടെന്ന് ജോലിയിലേക്ക് തിരിയുന്നതിന് കാരണമായിട്ടുണ്ടാകാം.
പ്ലസ്ടു പരീക്ഷയില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നത് പെണ്‍കുട്ടികള്‍ക്കാണ് എന്നതിനാല്‍ സര്‍ക്കാര്‍ എയിഡഡ് കോളേജുകളില്‍ ഡിഗ്രി പ്രവേശനം ലഭിക്കുന്നത് കൂടുതലും പെണ്‍കുട്ടികള്‍ക്കായിരിക്കും. ഇതു കാരണവും ആണ്‍കുട്ടികള്‍ പിറകിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തില്‍ ഒരൊറ്റ ആണ്‍കുട്ടിയുമില്ലാത്ത എത്രയോ കോഴ്‌സുകള്‍ കേരളത്തില്‍ പല കോളേജുകളിലും കാണാം. ഇതുമൂലം കോളേജ് / യൂനിവേഴ്‌സിറ്റി അധ്യാപനം പോലുള്ള ഉയര്‍ന്ന പ്രഫഷനുകളില്‍ പിന്നാക്ക വിഭാഗങ്ങളിലെ ആണ്‍ അനുപാതം കുറഞ്ഞു വരുന്നു.
പുതിയ തലമുറയുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റവും ആണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്നുള്ള പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ ഒരേ ജോലി മാത്രം ചെയ്ത് അതില്‍ തന്നെ റിട്ടയര്‍ ചെയ്യുക എന്ന സങ്കല്‍പം കുട്ടികള്‍ക്ക് ഇപ്പോഴില്ല. മറിച്ച് ഒരേസമയം പല പല ജോലിചെയ്യുന്ന ഗിഗ് (gig) കാഴ്ചപ്പാടാണ് പലര്‍ക്കും ഇന്നുള്ളത്.
ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളുടെ കഴിവുകള്‍ എത്രമാത്രം സമൂഹത്തിനു ഉപയോഗപ്പെടുത്തപ്പെടുന്നു എന്നതും പ്രസക്തമായ ഒരു പ്രശ്‌നമാണ്. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും മുസ്്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് തീരെ ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. 90-കളുടെ പകുതിയോടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ മാറ്റം- പ്രീഡിഗ്രി കോളെജില്‍നിന്ന് വേര്‍പ്പെടുത്തിയതും സ്വകാര്യ-സ്വാശ്രയ മേഖലകളില്‍ സ്‌കൂളുകളും കോളേജുകളും അനുവദിച്ചതും പെണ്‍കുട്ടികള്‍ക്ക് അധികം ദൂരെയല്ലാതെ പഠനത്തിനു പോകാനുള്ള സൗകര്യമുണ്ടാക്കി. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ പ്രവാസം സൃഷ്ടിച്ച സ്വാധീനവും സന്നദ്ധ സംഘടനകളുടെ പങ്കും വിസ്മരിച്ചുകൂടാ. എഞ്ചിനീയറിംഗ്-മെഡിക്കല്‍ രംഗത്തെ പെണ്‍സാന്നിധ്യം ഇതിനു തെളിവാണ്.
വിദ്യാഭ്യാസം നേടിയിറങ്ങുന്ന പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമീപനങ്ങള്‍ എത്രമാത്രം പുരോഗമനപരമാണെന്നും നാം ആലോചിക്കേണ്ടിയിരിക്കുന്നു.
സമര്‍ഥരായ പെണ്‍കുട്ടികള്‍ വിവാഹത്തോടെ കോഴ്‌സ് പൂര്‍ത്തീകരിക്കാതെ പഠനം നിര്‍ത്തുന്നത് സമുദായത്തില്‍ വളരെയധികമാണെന്ന്് സര്‍വെ നടത്തിയാല്‍ മനസ്സിലാകുന്ന വസ്തുതയാണ്. പ്രസിദ്ധ കോളേജുകളിലെ അക്കാദമിക വര്‍ഷാരംഭത്തില്‍ 60 കുട്ടികള്‍ അഡ്മിഷന്‍ എടുക്കുന്നുവെങ്കില്‍ ഫൈനല്‍ ആകുമ്പോഴേക്കും 40-ല്‍ താഴെ എത്തുന്നു. അഡ്മിഷന്‍ കിട്ടണമെങ്കില്‍ 90 ശതമാനത്തിലധികം മാര്‍ക്കുവേണം. അത്രയും കഴിവുകള്‍ ഉള്ള കുട്ടികളാണ്് വിവാഹത്തോടെ പഠനം നിര്‍ത്തിപ്പോകുന്നത്. ഇനി പൂര്‍ത്തീകരിച്ചാലോ, കേവലം ഒരു ബിരുദധാരിണി എന്നതിനപ്പുറം അവള്‍ വളരുകയോ തൊഴില്‍ ചെയ്യുകയോ ഇല്ല. തൊഴില്‍രംഗത്തെ മുസ്‌ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥ വളരെ വലുതാകാനുള്ള കാരണവും ഇതു തന്നെയാണ്. മുന്‍കാലങ്ങളേക്കാള്‍ മാറ്റമുണ്ടെങ്കിലും അവരുടെ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച പ്രവേഗം കുറവാണ്. മറ്റു സമുദായങ്ങളെ പോലെ മുസ്‌ലിം പെണ്‍കുട്ടികളും പി.ജിയും ഗവേഷണവും ചെയ്യാന്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ ഉന്നത മേഖലയിലെ വിവിധ പോസ്റ്റുകളില്‍ സംവരണത്തോത് സമുദായത്തിന് തികക്കാന്‍ കഴിയാതെവരും. സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകള്‍ എല്ലാ പെണ്‍കുട്ടികളെക്കൊണ്ടും എഴുതിക്കാന്‍ സാധിക്കണം. കുടുംബത്തിലേക്ക് വരുമാനം കൊണ്ടുവരേണ്ടത് ആണാണെന്നും സ്ത്രീകള്‍ ജോലിക്ക് പോകുന്നത്് മാനക്കേടാണെന്നും വിശ്വസിക്കുന്ന സാമൂഹികചിന്ത പൊളിച്ചെഴുതാതെ സമുദായത്തിന് മുന്നോട്ടുപോകാനാവില്ല. മാസാമാസം ശമ്പളം വാങ്ങുന്ന ജോലിക്കു തന്നെ സ്ത്രീയെ പറഞ്ഞയക്കണം എന്നല്ല ഇതിനര്‍ഥം. അറിവും കഴിവുമുള്ള സ്ത്രീകളെ അവര്‍ക്കിഷ്ടമുള്ള മേഖലകളിലൂടെ സാമൂഹിക നിര്‍മിതിയില്‍ പങ്കാളിയാക്കി സമൂഹത്തിനും സമുദായത്തിനും കരുത്തുപകരുക എന്നതാണ്. ആണായാലും പെണ്ണായാലും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അതുതന്നെയാണ്.
ഇത്തരമൊരു സാമൂഹികമാറ്റത്തിന് തുടര്‍ച്ചയായ ബോധവല്‍ക്കരണം ആവശ്യമാണ്. വിദ്യാഭ്യാസത്തിലൂടെ നേടേണ്ട ഇത്തരം കാഴ്ചപ്പാട് സ്‌കൂള്‍ തലത്തില്‍തന്നെ ആണ്‍-പെണ്‍ ഭേദമന്യേ കൊടുക്കണം. ഫോര്‍മല്‍ വിദ്യാഭ്യാസത്തില്‍നിന്നുകൊണ്ടു മാത്രം നേടേണ്ട പരിഹാരമല്ലിത്. ഒരു സൊസൈറ്റിക്കകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ സൃഷ്ടിയാണിത്. സമുദായസംഘടനകള്‍ക്കും പള്ളികള്‍ക്കും ഇക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്.
മതപണ്ഡിതന്മാരുടെ ക്ലാസ്സുകളും ഖുത്വ്ബകളും പ്രഭാഷണങ്ങളും സ്ത്രീശാക്തീകരണം ഒരു വിഷയമാക്കണം. മഹല്ലുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എല്ലാവരുടെയും കൂട്ടായ യോജിച്ച മുന്നേറ്റമാണാവശ്യം. നവോത്ഥാന മൂവ്‌മെന്റുകളുടെ ഡയറക്ഷന്‍ എങ്ങോട്ടാകണം എന്നതിനെ സംബന്ധിച്ചാണ് ആലോചിക്കേണ്ടത്. ഏക മാനമുള്ളതല്ലല്ലോ നവോത്ഥാനം. അതതു കാലത്തിനനുസരിച്ച് എന്താണ് സമൂഹത്തെ മുന്നോട്ടു നയിക്കാനാവശ്യമുള്ളത് അതിനനുസരിച്ചുള്ള സോഷ്യല്‍ മൂവ്‌മെന്റിനെയാണ് നവോത്ഥാനം എന്നു പറയുന്നത്.
സംവരണം എല്ലാ കാലത്തേക്കുമുള്ളതല്ല
കെ.പി ആഷിഖ്
(സംസ്ഥാന കരിക്കുലം കമ്മിറ്റി മുന്‍ അംഗം)
ഭാവി ഇന്ത്യ യുവാക്കളുടേതാണ്. സമുദായത്തിലെ 40 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍ നിന്നാല്‍ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കും. അവര്‍ സമൂഹത്തിലിടപെടുമ്പോള്‍ അപകര്‍ഷ ബോധമുള്ളവരായി മാറും. ഇത് നമ്മുടെ ജനാധിപത്യത്തെ ബാധിക്കും. ഈ പിന്നോട്ടടി മാനവിക വിഷയങ്ങളില്‍ മാത്രമല്ല. വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലയിലും ദൃശ്യമാണ്. ആദ്യകാലങ്ങളില്‍ മുസ്ലിം സമുദായത്തില്‍ മാത്രമുണ്ടായിരുന്ന ഈ അവസ്ഥ സമൂഹത്തിലെ എല്ലാ വിഭാഗക്കാരിലേക്കും വ്യാപിക്കുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ രീതിയുടെ പോരായ്മയാണ്. സയന്‍സിനും ടെക്‌നോളജിക്കും അമിത പ്രാധാന്യം കൊടുത്തപ്പോള്‍ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്ക് കുട്ടികള്‍ എത്തുന്നില്ല. എത്രയും പെട്ടെന്ന് പൈസയുണ്ടാക്കാനുള്ള അതിമോഹത്താല്‍ എന്തെങ്കിലും തൊഴിലിനു പോവുകയോ സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. അത്തരം കുട്ടികള്‍ പിന്നീട് ക്വട്ടേഷന്‍ സംഘങ്ങളുടെയോ മതവര്‍ഗീയവാദികളുടെയോ കൈയിലാണ് എത്തിപ്പെടുക.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നതുകൊണ്ടാണെന്നും ഇതര സമുദായങ്ങളില്‍ ഈ പ്രശ്‌നം വളരെ നേരത്തേ തന്നെ അനുഭവിച്ചിട്ടുണ്ടെന്നും പറയുന്നത് തെറ്റാണ്. മുന്‍കാലങ്ങളില്‍ മുസ്്‌ലിം പെണ്‍കുട്ടികളെ പോലെ തന്നെ ആണ്‍കുട്ടികളിലും വിദ്യാഭ്യാസം കുറവായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴാണ് അവരില്‍ ഉണര്‍വുണ്ടായത്. അതേസമയം ആണ്‍കുട്ടികളില്‍ അതുണ്ടായില്ല. എത്രയും പെട്ടെന്ന് പണമുണ്ടാക്കുക എന്ന തോന്നലാണ് ഉണ്ടായത്. ഗള്‍ഫ് മോഹം ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.
നമ്മള്‍ ഇപ്പോഴും വിദ്യാഭ്യാസത്തെയും അതുമൂലമുണ്ടാകുന്ന സാമൂഹിക പുരോഗതിയെയും അതിന്റെ ഇടപെടലിന്റെ പ്രാധാന്യത്തെയും പറ്റി കുട്ടികളോട് പറഞ്ഞുകൊടുത്തിട്ടില്ല. വിദ്യാഭ്യാസം കൊണ്ട് പണമല്ല, സാമൂഹിക ഉത്കര്‍ഷയും സമത്വവും നീതിയും ആണ് ലക്ഷ്യം വെക്കുന്നത് എന്ന സങ്കല്‍പ്പത്തിലേക്ക് എത്താനാകണം. മദ്‌റസാ വിദ്യാഭ്യാസമായാലും മതസംഘടനകളുടെ പ്രവര്‍ത്തനമായാലും സ്‌കൂളുകളായാലും വീട്ടിലായാലും ഈയൊരു ലക്ഷ്യത്തോടെയുള്ള ബോധവല്‍ക്കരണം ഇനിയെങ്കിലും നടത്തണം. വിദ്യാഭ്യാസം കൊണ്ട് സാമൂഹിക നിര്‍മിതിയിലേക്ക് വരാന്‍ കഴിയുന്നില്ലെങ്കില്‍ യാതൊരു കാര്യവുമില്ല. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്ത്വമെന്നു പറഞ്ഞാല്‍ ഒരുമിച്ച് സമൂഹത്തില്‍ നിര്‍ഭയമായി ജീവിക്കാന്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പ്രാപ്തമാക്കുക എന്നതാണ്. വിദ്യാഭ്യാസം നേടിയിട്ട് സമൂഹത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ലെങ്കില്‍ ആണായാലും പെണ്ണായായലും ആ വിദ്യാഭ്യാസം കൊണ്ട് യാതൊരു കാര്യവുമില്ല.
ഉന്നതബിരുദം നേടി സ്വയം തൊഴില്‍ കണ്ടെത്തിയും സംരംഭകരായും ധൈര്യസമേതം പെണ്‍കുട്ടികള്‍ മുന്നോട്ടുപോകുന്നു. പക്ഷേ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉണര്‍വിനെ പ്രൊഡക്റ്റീവായി ഉപയോഗിക്കാന്‍ സമുദായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനങ്ങളെയോ രാജ്യങ്ങളെയോ അപേക്ഷിച്ച് ഇവിടെ വിവാഹശേഷം ഡോക്ടര്‍ ബിരുദക്കാര്‍ പോലും വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സ്ത്രീകള്‍ പഠിക്കരുതെന്നോ ജോലിക്കു പോകരുതെന്നോ പണസമ്പാദനം പാടില്ലെന്നോ മതം പറഞ്ഞിട്ടില്ല. മതത്തിനെതിരാണ് ഈ ചിന്ത. ആദ്യകാലങ്ങളില്‍ പൗരോഹിത്യം ഇതിന് ഇടങ്കോലിട്ടിരുന്നു. സ്ത്രീകള്‍ ജോലിചെയ്യുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമല്ലെന്ന ചിന്ത മതപരം എന്നതിനപ്പുറം സാമൂഹികമാണ്. ഉത്തര മലബാറിലെ പ്രമാണികളായ മുസ്ലിംകളുടെ ഇടയില്‍ ഇത്തരം നാട്യങ്ങള്‍ ഇപ്പോഴുമുണ്ട്. യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജോലിയും കൊടുക്കാന്‍ കഴിയുമ്പോള്‍ അവള്‍ക്ക് സ്വതന്ത്രരായി ജീവിക്കാന്‍ കഴിയും. പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടാവുകയും ആണ്‍കുട്ടികളില്‍ കുറയുകയും ചെയ്യുമ്പോള്‍ അവനിലുണ്ടാകുന്ന അപകര്‍ഷ ബോധമാണ് പെണ്‍കുട്ടികളെ ജോലിക്ക് പറഞ്ഞയക്കാത്തതിന് കാരണം. വിദ്യാഭ്യാസമില്ലാത്തവരെ സംബന്ധിച്ചേടത്തോളം പെണ്ണ് പുറത്തുപോയി ജോലിയെടുക്കുന്നത് പൈസ ഉണ്ടാക്കാനാണ്. ഭര്‍ത്താവിന് പൈസ ഉണ്ടെങ്കില്‍ അത് വേണ്ടെന്നുവെക്കും. വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വെക്കുന്ന ഉന്നതമായ സാമൂഹിക ചിന്താഗതിയുടെ ശോഷണമാണത്. വിദ്യാഭ്യാസമുള്ള ഫാമിലിയില്‍ ഇത് സംഭവിക്കില്ല.
സംവരണമെന്നത് എല്ലാ കാലത്തേക്കുമുള്ളതല്ലെന്നു മനസ്സിലാക്കണം. ഒരു നിലയില്‍ എത്തുമ്പോള്‍ സംവരണം നിര്‍ത്തണം. പക്ഷേ ഈ ക്വാളിറ്റിയില്‍ എത്തണമെങ്കില്‍ വിദ്യാഭ്യാസത്തിലൂടെ മുന്നേറണം. വിദ്യാഭ്യാസത്തിലൂടെ നിര്‍ഭയനാക്കി സമൂഹത്തിലേക്കിറക്കണം. വളരെ ഇടുങ്ങിയ സങ്കല്‍പ്പങ്ങളാണ് ഇന്ന് വിദ്യാഭ്യാസത്തിലുള്ളത്. അത് മാറണം. സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, മഹല്ലുകള്‍ എന്നിവ ഇക്കാര്യത്തില്‍ പങ്കുവഹിക്കണം. സമൂഹത്തില്‍ മാറ്റമുാക്കി മൂല്യബോധത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയാവണം മതസംഘടനകളുടെ ലക്ഷ്യം. ഒറ്റ ദിവസം കൊ് ഇതിലേക്ക് എത്താനാവില്ല.
സാമൂഹികബോധമില്ലാത്തവര്‍ സമൂഹത്തെ നിയന്ത്രിക്കുന്നു
ഫാസില്‍ ആലുക്കല്‍
(പ്രസിഡന്റ്, എം.എസ്.എം കേരള)
മൂലധന താല്‍പ്പര്യവും വ്യാവസായിക ആവശ്യവും ഉന്നത വിദ്യാഭ്യാസരംഗത്തെയും ശാസ്ത്ര പഠനത്തെയും തൊഴില്‍ പരിശീലനം മാത്രമായി ചുരുക്കുന്ന സ്ഥിതിവിശേഷമുണ്ട്. പഠനം എന്നാല്‍ ഏതെങ്കിലും തൊഴില്‍ നൈപുണ്യം കരഗതമാക്കുകയാണ് എന്ന സാമാന്യ ധാരണയിലേക്ക് വിദ്യാഭ്യാസ മനശ്ശാസ്ത്രം എത്തിച്ചേര്‍ന്നു. കേരളത്തില്‍ ഈ മാറ്റത്തിന്റെ പ്രകടരൂപം ആദ്യം കാണുന്നത് ആണ്‍കുട്ടികളിലാണ്. ഇത് ഏതെങ്കിലും ഒരു സമുദായത്തില്‍ മാത്രം പരിമിതമല്ല. നിലനില്‍ക്കുന്ന സാമൂഹിക ഘടനയും കുടുംബ സംവിധാനങ്ങളും പുരുഷനെയാണ് കുടുംബ രക്ഷാധികാരിയായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ സാഹചര്യം ആണ്‍കുട്ടികളില്‍ എത്രയും വേഗം സെറ്റില്‍ ചെയ്യണമെന്ന ചിന്ത ഉണ്ടാക്കുന്നു. അതോടൊപ്പം, പുതിയ തലമുറക്ക് സഹജമായ ഒരു സവിശേഷത കൂടിയുണ്ട്. അത് പരമ്പരാഗതമായ തൊഴില്‍ സങ്കല്‍പങ്ങളില്‍നിന്ന് വ്യത്യസ്തമായ വരുമാനമാര്‍ഗം സ്വീകരിക്കുക എന്നുള്ളതും ജീവിതത്തെ വളരെ ലാഘവത്തോടെ വീക്ഷിക്കുക എന്നതുമാണ്. അതേസമയം വിദ്യാഭ്യാസരംഗത്ത് വേണ്ടത്ര അവസരങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭിക്കാതിരുന്ന പെണ്‍കുട്ടികള്‍, ഇപ്പോള്‍ കൈവന്നിരിക്കുന്ന തുറവി പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നു. മാനവിക വിഷയങ്ങളെ കുറേക്കൂടി ഗൗരവത്തോടെ സമീപിക്കുകയും ഗവേഷണ പഠനത്തില്‍ സജീവമാവുകയും ചെയ്യുന്ന ധാരാളം പെണ്‍കുട്ടികളെ കാണാന്‍ സാധിക്കും. ഇത് വലിയ തോതില്‍ സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം മറ്റു സമുദായങ്ങളേക്കാള്‍ ബാധിക്കുക മുസ്ലിം സമുദായത്തെയാണ്. കാരണം തൊഴില്‍ ചെയ്യുന്ന, വരുമാനമുള്ള പെണ്ണ് /കുടുംബിനി എന്ന അര്‍ഥത്തില്‍ മുസ്‌ലിം കുടുംബഘടന പൂര്‍ണമായി മാറ്റത്തിന് വിധേയമായിട്ടില്ല. എന്നാല്‍ മറ്റു സമുദായങ്ങളില്‍ ഈ മാറ്റം കുറേക്കൂടി നേരത്തേതന്നെ പ്രകടമാവുകയും തദടിസ്ഥാനത്തില്‍ കുടുംബഘടന മാറുകയും ചെയ്തിട്ടുണ്ട്.
ഗള്‍ഫ് കുടിയേറ്റത്തിനു ശേഷം മലബാറിലെ മുസ്‌ലിം കുടുംബഘടന നിലനില്‍ക്കുന്നത് വരുമാനമുള്ള പുരുഷനിലൂടെയും കുടുംബ കാര്യങ്ങള്‍ നോക്കുന്ന സ്ത്രീയിലൂടെയുമാണ്. പ്രവാസി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പൊതുസമൂഹത്തില്‍ ലഭിച്ച ദൃശ്യതയും ദൈനംദിന ഇടപെടലുകളിലെ അനിവാര്യതയും അവരില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ കാരണമായി. ഇവരുടെ, രണ്ടാം തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ നന്നായി വിദ്യാഭ്യാസം നേടുകയും ഇതേ തലമുറയിലെ ആണ്‍കുട്ടികള്‍ വേഗത്തില്‍ പണം സമ്പാദിക്കാവുന്ന, ജോലി കണ്ടെത്താവുന്ന മേഖലയിലേക്ക് തിരിയുകയും ചെയ്തു.
കുടുംബം നോക്കാന്‍ ബാധ്യതപ്പെട്ട വരുമാനമുള്ള കുടുംബിനി എന്ന സ്ഥാനത്തേക്ക് മുസ്‌ലിം സ്ത്രീ മാറിയിട്ടില്ല. പെണ്‍കുട്ടികള്‍ നേടിയ വിദ്യാഭ്യാസ അവബോധം കാമ്പസുകളില്‍ അവര്‍ക്ക് പ്രകടമായ സ്വാധീനം നല്‍കുകയും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന കരുത്തായി മാറുകയും ചെയ്തു. എന്നാല്‍ കുടുംബ സംവിധാനത്തിലേക്ക് കടക്കുന്നതോടെ പുറമെയുള്ള ഇടപെടലുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ഇതിന് പ്രധാന കാരണം കുടുംബം നോക്കാന്‍ പുറത്തുപോകുന്ന പുരുഷനും കുടുംബം നോക്കാന്‍ ആന്തരികമായി ക്രമീകരിക്കേണ്ട സ്ത്രീയും എന്ന പങ്കുവെപ്പിലാണ് മുസ്‌ലിം കുടുംബങ്ങള്‍ മുന്നോട്ടുപോകുന്നത് എന്നതാണ്. ഇതിന് അതിന്റേതായ പരിണിതഫലങ്ങള്‍ നാം അനുഭവിക്കുകയും കാണുകയും ചെയ്യുന്നു. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വീടകങ്ങളില്‍ ഒതുങ്ങി കഴിയേണ്ടിവരുമ്പോള്‍, മാനവിക-രാഷ്ട്രീയ വിഷയങ്ങളില്‍ അത്രയൊന്നും ഉറച്ച ബോധ്യങ്ങള്‍ ഇല്ലാത്ത പുരുഷന്മാര്‍ സാമൂഹിക ഇടപെടലുകളെ നിയന്ത്രിക്കുന്ന പദവിയിലേക്ക് വരികയും ചെയ്യുന്നു.
മുസ്‌ലിം കുടുംബങ്ങളില്‍ മൂന്നാമതൊരു ഷിഫ്റ്റ് കൂടി സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. കുടുംബ ചുമതലകള്‍ പരസ്പരം പങ്കുവെക്കുകയും രണ്ടു പേരും വരുമാനം നേടുന്നവരും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉത്തരവാദിത്തം പങ്കുവെക്കുന്നവരുമാകുന്നത് ഇപ്പോള്‍ കാണുന്ന ഒരു മാറ്റമാണ്. പ്രവാസ സംസ്‌കാരത്തിന് ഉണ്ടായ തിരിച്ചടിയും സര്‍ക്കാരിതര സ്ഥാപനങ്ങളിലെ ജോലിയിലുള്ള ആത്മവിശ്വാസവും, സ്വന്തമായി ബിസിനസ് നടത്താനുള്ള തയാറെടുപ്പുകളും, സ്വന്തം നിലക്ക് നാട്ടില്‍ ജീവിക്കുക എന്ന മനശ്ശാസ്ത്രപരമായ ഔന്നത്യവും ഇപ്പോഴത്തെ പ്രവണതകളില്‍ കാണാം. എന്നാല്‍ വിദ്യാഭ്യാസരംഗത്തുള്ള പ്രകടമായ ഈ മാറ്റം വിവാഹാന്വേഷണത്തെയും കുടുംബജീവിതത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. സ്വന്തമായി സ്റ്റാര്‍ട്ടപ്പ് എന്നുള്ളതാണ് പല ആണ്‍കുട്ടികളുടെയും ഇപ്പോഴത്തെ ട്രന്റ്. പെണ്‍കുട്ടികളെ ജോലിക്ക് പറഞ്ഞയക്കരുതെന്നോ അവര്‍ വീടകങ്ങളില്‍ ഒതുങ്ങി കഴിയണമെന്നോ ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമില്ല. എന്നാല്‍ കാമ്പസുകളിലെ സാമൂഹിക-രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് വളര്‍ന്നുവന്ന ഒരു പെണ്‍കുട്ടിയും ഹയര്‍ സെക്കന്ററി പഠനത്തിനുശേഷം ബിസിനസിലേക്ക് തിരിഞ്ഞ ആണ്‍കുട്ടിയും തമ്മില്‍ ഉണ്ടായേക്കാവുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
കേരളത്തിലെ മുസ്‌ലിം ആണ്‍കുട്ടികളെ മുഴുവന്‍ മാനവിക വിഷയങ്ങളിലേക്ക് തിരിച്ചുവിടുക എന്നുള്ളത് അപ്രായോഗികമായ പരിഹാരനിര്‍ദേശമാണ്. ഇക്കാര്യത്തില്‍ നിര്‍വഹിക്കാവുന്ന പ്രായോഗികമായ ഉത്തരവാദിത്തനിര്‍വഹണം ഉണ്ട്. അത് സ്വന്തമായ ബിസിനസ്സിനെ, അല്ലെങ്കില്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ജോലിയെ കരിയറായി കാണുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ സാമൂഹിക-രാഷ്ട്രീയ-മാനവിക ബോധം അവരില്‍ പരിശീലിപ്പിച്ചെടുക്കുക എന്നതാണ്.
ആശങ്കയില്ല; പ്രതീക്ഷ മാത്രം
സാലിഹ് കോട്ടപ്പള്ളി
(പ്രസിഡന്റ്, എസ്.ഐ.ഒ കേരള)
ആണ്‍കുട്ടികള്‍ വിദ്യാഭ്യാസ കാര്യത്തില്‍ വളരെ പിന്നാക്കം പോകുന്നു എന്ന അഭിപ്രായമില്ല. രണ്ടു കൂട്ടരും വലിയ മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ചില രംഗത്ത് ആണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ പ്രാതിനിധ്യം ആണ്‍കുട്ടികളേക്കാള്‍ കുറഞ്ഞ മേഖലകളും ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ട്. നേരത്തേ ഉളളതിനേക്കാള്‍ കൂടുതലായി പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നത് സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. സിജിയുടെ പഠനം ഊന്നല്‍ നല്‍കിയത് സാമ്പ്രദായിക മാനവിക കോഴ്സുകള്‍ പഠിപ്പിക്കപ്പെടുന്ന പൊതു കാമ്പസുകളിലായിരിക്കാം. അത് പൂര്‍ണമായും വസ്തുതാപരമല്ല എന്നാണെന്റെ അഭിപ്രായം.
ആണ്‍കുട്ടികളുടെ വിദ്യാഭ്യാസമില്ലായ്മ എന്ന പ്രശ്നം യാഥാര്‍ഥ്യമാണെങ്കില്‍ തീര്‍ച്ചയായും സമൂഹം ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്. കേരളത്തില്‍ 90 ശതമാനത്തിലേറെ കുട്ടികളും ആണ്‍-പെണ്‍ ഭേദമന്യേ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി പൂര്‍ത്തിയാക്കുന്നുണ്ട്. അതിനാല്‍ 'വിദ്യാഭ്യാസമില്ലായ്മ' എന്ന് ആണ്‍കുട്ടികളെ കുറിച്ചോ പെണ്‍കുട്ടികളെ കുറിച്ചോ പറയുന്നത് ശരിയല്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തിപ്പെടുന്നതില്‍ അന്തരം ഉണ്ടായേക്കാം. അത് വേറെ അര്‍ഥത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്.
ആര്‍ട്സ് & സയന്‍സ് കോളേജുകള്‍, ചില പ്രഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയ മേഖലകളില്‍ ആണ്‍കുട്ടികള്‍ പിന്നാക്കമാകുന്നതിന് ചില കാര്യങ്ങളുണ്ട്. അതിലൊന്ന് വിദ്യാഭ്യാസരംഗം ആണ്‍ സൗഹൃദപരം (Male Friendly) എന്നതിലുപരി പെണ്‍ സൗഹൃദപര (Female Friendly) മാകുന്നു എന്നതാണ്. ആണ്‍കുട്ടികള്‍ പൊതുവെ താല്‍പര്യം കാണിക്കാത്ത Assignment, Record Book, Project എന്നീ പേരുകളിലുളള 'എഴുത്ത് ഏര്‍പ്പാടുകള്‍' പഠനപ്രവര്‍ത്തനങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. മനഃപാഠമാക്കി എഴുതല്‍ എന്ന നമ്മുടെ പരീക്ഷാ രീതിയോടും പൊതുവെ ആണ്‍കുട്ടികള്‍ അത്ര താല്‍പര്യം പ്രകടിപ്പിക്കാറില്ല. ബിരുദതലത്തിലടക്കം സെമസ്റ്റര്‍ സംവിധാനം നിലവില്‍ വന്നതോടെ ആണ്‍കുട്ടികള്‍ക്ക് താല്‍പര്യമില്ലാത്ത രീതിയിലേക്ക് കലാലയങ്ങള്‍ മാറിയിട്ടുണ്ട്. പഠിക്കുന്ന കോഴ്സിന്റെ ഉപയുക്തത (Utility) ആണ്‍കുട്ടികള്‍ പ്രധാനമായി കാണുന്നു. പെട്ടെന്ന് ജോലിയിലേക്ക് എത്താനാവുമോ എന്നാണ് കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ പരിഗണിക്കുന്നത്. ആണ്‍കുട്ടികളുടെ ഈ നിലപാട് ശരിയാണെന്ന് പറയുന്നില്ല. മാനവിക വിഷയങ്ങളിലെ എം.ഫില്‍, പി.എച്ച്.ഡി തലങ്ങളില്‍ പെണ്‍കുട്ടികളോടൊപ്പമോ കൂടുതലായോ ആണ്‍കുട്ടികളുണ്ട്. മത- മാനവിക വിഷയങ്ങള്‍ പഠിപ്പിക്കപ്പെടുന്ന ഇസ്ലാമിക കലാലയങ്ങളില്‍നിന്ന് ആണ്‍കുട്ടികളാണ് കൂടുതലായി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതെന്ന് കാണാം.
മാനവികേതര വിഷയങ്ങളിലും പെണ്‍കുട്ടികള്‍ മുന്നേറുന്നത് ഗുണകരമാണ്. മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികള്‍ അപൂര്‍വമായി തെരഞ്ഞെടുത്തിരുന്ന മേഖലകളിലും അവര്‍ കടന്നുവരുന്നുണ്ട്. ഇതെല്ലാം ആശങ്കയോടെ കാണേണ്ട പ്രതിഭാസങ്ങളല്ല. ഗള്‍ഫ് സാധ്യതയായി കാണുന്നത് ചില പ്രദേശങ്ങളില്‍ ആണ്‍കുട്ടികളെ പഠനത്തില്‍നിന്ന് പിറകോട്ടു വലിക്കുന്നുണ്ട്. അതേപോലെ തീരദേശ, മലയോര-പിന്നാക്ക പ്രദേശങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേപോലെ പിറകിലാക്കപ്പെടുന്നത് സമുദായം ശ്രദ്ധിക്കേണ്ടതാണ്. അത്തരം സ്ഥലങ്ങളില്‍ പെണ്‍കുട്ടികളാണ് കൂടുതലായി അവഗണിക്കപ്പെടുന്നത് എന്നുളളതും പരിഗണിക്കേണ്ടതുണ്ട്.
മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ ഉണര്‍വിനെ സ്വാതന്ത്ര്യത്തിനു ശേഷം എന്ന തലത്തില്‍ വിലയിരുത്തിയാല്‍ മെല്ലെയാണെന്നു പറയാം. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ കണക്കെടുത്താല്‍ അത് വേഗത്തിലാണെന്നും കാണാനാകും. സമുദായത്തിലെ പണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉണര്‍വ് അടുത്ത കാലത്തായി വളരെ വേഗത്തിലായതായിരിക്കാം ആണ്‍കുട്ടികള്‍ പിന്നിലാെണന്ന തോന്നല്‍ രൂപപ്പെടാനുളള ഒരു കാരണം.
കുടുംബഭാരം യഥാര്‍ഥത്തില്‍ പുരുഷന്റെ മേലാണുളളത്. അതിനാല്‍ സമ്പാദനമോഹം ഒരു തെറ്റല്ല. എന്നാല്‍ പഠനം ഉപേക്ഷിച്ചിട്ടുളള പണസമ്പാദനത്തിനുളള ധൃതി പഠിക്കപ്പെടേണ്ടതാണ്. കുടുംബഭാരം തലയിലേറ്റുന്ന പുരുഷന് സ്വാഭാവികമായും വന്നുചേരുന്ന നിര്‍ബന്ധിതാവസ്ഥ മാത്രമാണ് പണ സമ്പാദനത്തിനുളള മോഹം. എന്നാല്‍ ചില പ്രദേശങ്ങളില്‍ മാഫിയാ രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ നല്ല പണം നല്‍കി കൗമാരക്കാരെ ഉപയോഗിക്കുന്നുണ്ട്. അത് പഠനത്തില്‍നിന്ന് പിന്മാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു. അതൊന്നും പൊതു ട്രന്റായി വിലയിരുത്താന്‍ ആവില്ല. അത്തരം പ്രശ്നങ്ങളില്‍ പ്രാദേശികമായ ഇടപെടലാണ് ഉണ്ടാകേണ്ടത്.
വിദ്യാഭ്യാസത്തെ വിവാഹ മാര്‍ക്കറ്റിലെ സാഹചര്യവുമായി തട്ടിച്ചും വിവാഹമോചനവുമായി ബന്ധപ്പെടുത്തിയും ആലോചിക്കുന്നതിനാലാണ് വിദ്യാഭ്യാസരംഗത്തെ അസന്തുലിതത്വം കുടുംബബന്ധത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നത്. പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസം കുടുംബത്തെ കൂടുതല്‍ സുഭദ്രവും കെട്ടുറപ്പുളളതുമാക്കിതീര്‍ക്കേണ്ടതാണ്. എന്നാല്‍ മൂല്യാധിഷ്ഠിതമല്ലാത്ത നമ്മുടെ വിദ്യാഭ്യാസ രീതിയുടെ പ്രതിഫലനമെന്നോണം വലിയ വിദ്യാഭ്യാസമുളള ദമ്പതിമാര്‍ക്കിടയില്‍ കുടുംബജീവിതം ദുസ്സഹമാകുന്ന പ്രവണത കാണുന്നുണ്ട്. മതസംരംഭങ്ങളും മതപഠന സ്ഥാപനങ്ങളുമെല്ലാം വര്‍ധിച്ച കാലത്ത് കുടുംബങ്ങള്‍ തകരുന്നത് മൂല്യവിചാരങ്ങളുടെ സ്വാധീനം കുറയുന്നതുമായി ബന്ധപ്പെടുത്തി വിലയിരുത്തപ്പെടേണ്ടതാണ്.
കാമ്പസുകളില്‍ സജീവമാകുന്ന പെണ്‍കുട്ടികള്‍ പിന്നീട് സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷമാകുന്നതിന് കുടുംബ ജീവിതത്തിലെ അനിവാര്യതകള്‍ എത്ര നിഷേധിച്ചാലും പ്രധാന കാരണമാണ്. പ്രസവം, കുട്ടികളുടെ പരിപാലനം എന്നിവയില്‍ മാതാവിനുളള പങ്ക് അനിഷേധ്യമാണല്ലോ. സ്വാഭാവികമായും ഈ കാലം സാമൂഹിക ഇടപെടലുകളില്‍നിന്ന് സ്വയം നിയന്ത്രണത്തിന് സ്ത്രീയെ
നിര്‍ബന്ധിക്കുന്നുണ്ടാവും. പുരുഷമേധാവിത്വ മനോഭാവമുളള സമൂഹമാണ് നമ്മുടേത്. അതുകാരണം ആഗ്രഹിച്ച തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാനാവാത്ത സ്ത്രീകളുമുണ്ടാകാം. എന്നാല്‍ ഇതെല്ലാം പൊതുവായ പ്രശ്നമായി ഉന്നയിക്കാനാവില്ല. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ പരിഗണിക്കപ്പെടാത്ത ഐ.ടി, എഞ്ചിനീയറിംഗ് മേഖലകളിലടക്കം മുസ്ലിം സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. നിലവിലെ വിദ്യാഭ്യാസരംഗത്ത് സ്ത്രീപ്രാതിനിധ്യം പരിഗണിക്കുമ്പോള്‍ വരുംകാലത്ത് പെണ്‍കുട്ടികള്‍ കൂടുതല്‍ സാമൂഹിക പങ്കാളിത്തത്തിലേക്ക് വളരുമെന്നാണ് തോന്നുന്നത്. സ്ത്രീകളെ അടുക്കളയില്‍ തളക്കണമെന്ന അഭിപ്രായത്തിന് മുസ്ലിം സമുദായത്തില്‍ സ്വീകാര്യതയില്ലെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. അടുക്കളയിലെ സ്ത്രീ/പുറത്തെ സ്ത്രീ എന്ന ദ്വന്ദം സൃഷ്ടിക്കുന്നതിനു പകരം വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ എന്ന നിലയിലും കാണേണ്ടതുണ്ട്. കുടുംബത്തിനു പുറത്ത് വലിയ സാമൂഹിക പ്രവര്‍ത്തനത്തിന് തയാറാകാത്തവര്‍ പുരുഷ മേധാവിത്വത്തിന്റെ ഇരകളാണെന്ന ധാരണ പരത്തുന്നത് ശരിയല്ല. അതേസമയം വളരുന്ന മുസ്ലിം സ്ത്രീയെ അഭിമുഖീകരിക്കാനും അവര്‍ക്ക് അവസരങ്ങളും പ്രാതിനിധ്യവും ഉറപ്പു വരുത്താനും മഹല്ലുകള്‍ അടക്കമുളള സംവിധാനങ്ങള്‍ക്കും സംഘടനകള്‍ക്കും സാധിക്കേണ്ടതുണ്ട്. അതിന് സന്നദ്ധമായില്ലെങ്കില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ സമൂഹം അക്കാര്യത്തില്‍ നിര്‍ബന്ധിക്കപ്പെടും.
ദീര്‍ഘവീക്ഷണത്തോടെ ഏറ്റെടുത്തു നടത്താന്‍ ആളില്ലാതെ പോയി
നജീബ് കാന്തപുരം(സീനിയര്‍ വൈസ് പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി)
സാമൂഹിക പ്രതിബദ്ധതയുള്ളവരായി കുട്ടികള്‍ മാറണമെങ്കില്‍ വിദ്യാഭ്യാസ മുന്നേറ്റം നടത്തിയേ പറ്റൂ. സമുദായത്തില്‍ ഗുണപരമായ മാറ്റം ഉണ്ടെങ്കിലും ആണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസരംഗത്തുള്ള ശ്രദ്ധക്കുറവ് സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെയും സാമുദായിക പുരോഗതിയെയും ആഴത്തില്‍ ബാധിക്കും. സാമുദായിക ഉന്നമനം സാധ്യമാകണമെങ്കില്‍ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാട് മാറണം. പണം ആര്‍ജിക്കാനുള്ള മാനദണ്ഡമാണ് വിദ്യാഭ്യാസമെന്ന ചിന്താഗതി ഏതോ രൂപത്തില്‍ കുട്ടികളെ ബാധിക്കുന്നുണ്ട്. പെട്ടെന്ന്് പണം ഉണ്ടാക്കാന്‍ വേണ്ടിത്തന്നെയാണ് മിക്ക കുട്ടികളും ഉന്നത വിദ്യാഭ്യാസമേഖലയോട് മുഖം തിരിച്ച് ജോലിയിലേക്ക് നീങ്ങുന്നത്. ഗള്‍ഫ് പ്രവാസം നമ്മുടെ സമ്പദ് വ്യവസ്ഥക്കും സാമൂഹിക പുരോഗതിക്കും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെങ്കിലും ഇനിയും അവിടെ പ്രതീക്ഷകളര്‍പ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് മാറിനിന്നാല്‍ അപകടം ചെയ്യും. യോഗ്യതകൊണ്ടും സംവരണം കൊണ്ടും നികത്തേണ്ട വലിയ ജോലിസാധ്യതകളെയാണ് ഇതുമൂലം ഇല്ലാതാക്കുന്നത്. പ്രത്യേകിച്ചും ഗള്‍ഫ് പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ടിരിക്കുമ്പോള്‍.
മുസ്്‌ലിം പെണ്‍കുട്ടികളുടെ മുന്നേറ്റം സാധ്യമാക്കിയതില്‍ സി.എച്ച് മുഹമ്മദ് കോയയുടെ ഇഛാശക്തിയോട് നാം കടപ്പെട്ടിരിക്കുന്നു. സീതിസാഹിബ്, ബാഫഖി തങ്ങള്‍ പോലുള്ള പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നത്തെ പോലെ വ്യത്യസ്ത രൂപത്തിലുള്ള സ്‌കോളര്‍ഷിപ്പുകളും ധനസഹായങ്ങളും പ്രോത്സാഹനങ്ങളും ഇല്ലാത്ത കാലത്ത്് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ രൂപം നല്‍കിയ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ദീര്‍ഘവീക്ഷണമുള്ള പദ്ധതിയായിരുന്നു. അന്ന് സ്ത്രീവിദ്യാഭ്യാസത്തെ കുറിച്ച ധാരണയില്ലായ്മക്കൊപ്പം ചെലവും താങ്ങാന്‍ കഴിയുമായിരുന്നില്ല.
മുസ്്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്തു നിന്നും മാറിനിന്ന 60-കളില്‍ വലിയ തോതില്‍ ആശയരൂപീകരണം നടത്തുകയും അതൊരു വലിയ വിപ്ലവമായി മാറ്റുകയും ചെയ്തിരുന്നു. അതിന്റെ ഗുണഫലമനുഭവിക്കുന്ന ഇന്നിന്റെ സ്ത്രീമുന്നേറ്റത്തെ കാര്യക്ഷമതയോടും ദീര്‍ഘവീക്ഷണത്തോടും ഏറ്റെടുത്തു നടത്താന്‍ പറ്റിയ ധിഷണാശാലികളായവര്‍ ഇല്ലാതെ പോയതാണ് ഈ മുന്നേറ്റത്തെ വലിയ തോതില്‍ ഉപയോഗപ്പെടുത്താനാവാത്തതിന്റെ കാരണം. ആ റിസള്‍ട്ട് നമ്മള്‍ എത്രത്തോളം ട്രാക്ക് ചെയ്തു എന്നത് വലിയൊരു പഠനമര്‍ഹിക്കുന്നുണ്ട്. വളരെ പുരോഗമന കാഴ്ചപ്പാടുകളുള്ളവര്‍ പോലും വലിയ മുന്നേറ്റം നടത്തിയ ഈ പെണ്‍ കഴിവുകളെ പ്രൊഡക്റ്റീവായി മാറ്റാനുള്ള ശ്രമം നടത്തുന്നില്ല. പെണ്‍കുട്ടികള്‍ പുറത്തേക്കുപോയാല്‍ സ്വഭാവദൂഷ്യം സംഭവിക്കുമെന്ന ചിന്ത മാറ്റിയേ തീരൂ. അവരെ മാത്രം ലക്ഷ്യമിട്ട് സ്വഭാവ സംസ്‌കരണ ക്ലാസ്സുകളും ബോധവല്‍ക്കരണവും നടത്തുകയാണിപ്പോഴും. സാമൂഹിക സാഹചര്യങ്ങളെ മനസ്സിലാക്കാനും പുതിയ കാലത്തിന്റെ വെല്ലുവിളികളെ ധൈര്യസമേതം ഏെറ്റടുക്കാനും പഠിപ്പും കൈയില്‍ വെച്ച് വീട്ടിലിരിക്കുന്നവരേക്കാള്‍ അതുമായി പുറത്തിറങ്ങുന്നവള്‍ക്കു കഴിയും. മതബോധമുള്ള പെണ്‍കുട്ടികളുടെ സാമൂഹിക സാന്നിധ്യം സമുദായത്തെ ഡെവലപ്പ് ചെയ്യും. മതമൂല്യങ്ങള്‍ അവരിലൂടെ സമൂഹത്തില്‍ പ്രസരിക്കും. കേന്ദ്ര സര്‍വകലാശാലകളിലും മറ്റും പഠിക്കുന്ന തട്ടമിട്ട പെണ്‍കുട്ടികളുടെ സാമൂഹിക -രാഷ്ട്രീയ നിലപാടുകള്‍ ഉദാഹരണമാണ്. ഇവരെ വീട്ടിലിരുത്തിയാല്‍ എന്തു നേട്ടമാണുണ്ടാവുകയെന്ന് വിശദീകരിക്കേണ്ടതുണ്ട്. മതത്തിനകത്ത് വളര്‍ന്നുവരുന്ന ചില തീവ്ര ചിന്തകള്‍ ഇത്തരമൊരു നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. സമൂഹത്തിന്റെ കൂട്ടായ ചെലവുകള്‍ ഈ പെണ്‍കുട്ടികള്‍ക്കുവേണ്ടിയും വിനിയോഗിച്ചിട്ടുണ്ട്. അതിനെ അനുഭവിച്ചുകൊണ്ട് തന്റെ കഴിവും സിദ്ധിയും സമൂഹത്തിനു തിരിച്ചുകൊടുക്കാതിരിക്കുന്നത് മതപരമായി തെറ്റാണെന്ന രൂപത്തില്‍തന്നെ അഭിമുഖീകരിക്കണം. മതസംഘടനകള്‍ക്ക് ഒരു അജണ്ട വേണം. വിദ്യാഭ്യാസം നേടുന്നതില്‍ മാത്രമല്ല അവള്‍ നേടിയ പ്രഫഷനല്‍ കഴിവു തെളിയിക്കാന്‍ അവസരമൊരുക്കുന്നതിലാണ് കാര്യം.
പണം ഉണ്ടായാല്‍ എല്ലാമായി എന്നതിനുപകരം പ്രതിഭ മാനദണ്ഡമാകുന്ന ചിന്താഗതിയിലേക്കുള്ള മാറ്റമേ ഇതിനൊരു പരിഹാരമുണ്ടാക്കൂ. ആണ്‍കുട്ടികളുടെ പിന്നാക്കാവസ്ഥ കടുത്ത അരാജകത്വത്തിലേക്കും കുറ്റവാസനയിലേക്കുമാണ് സമൂഹത്തെ നയിക്കുക. അതുപോലെ മുന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ അവരുടെ ഇഷ്ടമേഖലകളില്‍നിന്ന് തടഞ്ഞുനിര്‍ത്തിയാല്‍ വീടുകളില്‍ മനഃസംഘര്‍ഷവും അസ്വസ്ഥതയുമാണ് പുകയുക. ഇത് സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കണം. മതം പ്രദര്‍ശനപരതയില്‍ മാത്രം ഒതുക്കുകയും ഇസ്ലാമിക മൂല്യങ്ങള്‍ ചോര്‍ന്നുപോവുകയും ചെയ്യുന്നുണ്ട്. ഉത്തരവാദപ്പെട്ട മതനേതൃത്വങ്ങള്‍ ഇസ്ലാമികമൂല്യങ്ങളെ അറിവും കഴിവുമുള്ള ആണ്‍-പെണ്‍കൂട്ടങ്ങളിലൂടെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം.
സാമൂഹിക സാക്ഷരത വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തുടര്‍ദൗത്യമാണ്
സദ്‌റുദ്ദീന്‍ വാഴക്കാട്
(സീനിയര്‍ സബ് എഡിറ്റര്‍, പ്രബോധനം വാരിക)
വലിയ അളവില്‍ മുന്നേറി നില്‍ക്കുന്ന ഒരു ചരിത്രദൗത്യത്തിന്റെ വര്‍ത്തമാനകാല പ്രശ്‌നങ്ങളെയാണ് ഈ ചര്‍ച്ച അഭിമുഖീകരിക്കുന്നത്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഊന്നലുകളിലൊന്നായിരുന്ന സ്ത്രീ നവജാഗരണം അഭിമാനകരമായ അളവില്‍ വിജയിച്ചുവെന്നാണ് ഇതിലെ ചോദ്യങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്ന് പ്രശ്‌നങ്ങളാണ് ഈ വിഷയത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത്. സ്‌കൂള്‍ തലത്തിനു ശേഷമുള്ള തുടര്‍വിദ്യാഭ്യാസത്തിലെ ആണ്‍-പെണ്‍ അനുപാതമാണ് ഒന്നാമത്തേത്. വിദ്യാഭ്യാസ പുരോഗതി കൃത്യമായ മോണിറ്ററിംഗിനും ആസൂത്രണത്തിനും വിധേയമാക്കിയില്ലെങ്കില്‍ പലതരം പ്രശ്‌നങ്ങളുണ്ടാകും. അതിലൊന്നാണ് ആണ്‍-പെണ്‍ അനുപാതത്തിലെ അന്തരം. നവോത്ഥാനത്തിന്റെ നേട്ടമെന്നോണം മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് ബഹുദൂരം മുന്നേറിയിട്ടുണ്ട്. അത് ആപേക്ഷികമായി മുസ്‌ലിം ആണ്‍കുട്ടികളെ മറികടന്നിരിക്കുന്നു. പാഠ്യവിഷയങ്ങളില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും മികച്ചുനില്‍ക്കുന്നത് പെണ്‍കുട്ടികള്‍ തന്നെയാണ്. കലാലയങ്ങള്‍ പൊതുവെ മുസ്‌ലിം പെണ്‍മികവിനാല്‍ വര്‍ണാഭമാണ്. മാനവിക വിഷയങ്ങളിലാണ് മുസ്‌ലിം ആണ്‍കുട്ടികള്‍ കുറവ്, മറ്റു കോഴ്‌സുകളില്‍ അവരുണ്ട് എന്നുപറഞ്ഞ് മുസ്‌ലിം ആണ്‍കുട്ടികളുടെ പുറകോട്ടുപോക്കിനെ നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം വിവാഹം, കുടുംബ പ്രശ്‌നങ്ങള്‍, കാമ്പസ് കണക്കെടുപ്പ് തുടങ്ങി നിത്യജീവിതത്തിലെ അനുഭവങ്ങള്‍ പെണ്‍കുട്ടികളുടെ വമ്പിച്ച മുന്നേറ്റത്തെയും ആണ്‍കുട്ടികളുടെ പിന്നാക്കംപോക്കിനെയും അടയാളപ്പെടുത്തുന്നുണ്ട്. കാലത്തിന്റെയും സാമൂഹികാവസ്ഥയുടെയും മാറ്റങ്ങള്‍, തൊഴില്‍ മേഖലയിലുണ്ടായിട്ടുള്ള വ്യത്യാസങ്ങള്‍, ദീര്‍ഘകാല പഠനത്തിന്റെ റിസ്‌ക് എടുക്കാതെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ചെയ്ത് ജോലി കരസ്ഥമാക്കി ജീവിതബാധ്യതകള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യങ്ങള്‍ തുടങ്ങി പല കാരണങ്ങളും ഇതിനുണ്ട്. ടെക്‌നോളജിയുടെ വികാസം, ദീര്‍ഘകാല തുടര്‍പഠനം ആവശ്യമില്ലാത്ത സ്വദേശത്തെയും വിദേശത്തെയും തൊഴില്‍ സാധ്യതകള്‍, ബിസിനസിലും പ്രവാസത്തിലും ഊന്നുന്ന മുസ്‌ലിം പുരുഷ തൊഴില്‍ സങ്കല്‍പ്പങ്ങള്‍, ഗവണ്‍മെന്റ് ഉദ്യോഗ-ഭരണ നിര്‍വഹണ മേഖലക്ക് നല്‍കുന്ന കുറഞ്ഞ പരിഗണന തുടങ്ങിയ പല ഘടകങ്ങളും ഇതിനു പിന്നിലുണ്ട്.
ഒന്നാമതായി, ദീര്‍ഘകാലമായി ഇരുട്ടില്‍ കഴിഞ്ഞവര്‍ വെളിച്ചത്തിലേക്ക് വരുമ്പോള്‍, വിദ്യാഭ്യാസം തടയപ്പെട്ടവര്‍ക്കുണ്ടായിരുന്ന ദുരനുഭവങ്ങള്‍ കൂടി കേട്ടറിഞ്ഞ പുതുതലമുറക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ മുന്നേറാനുള്ള വര്‍ധിത ആവേശം അവര്‍ക്കുണ്ടാകും. ഇത് അവരെ ബഹുദൂരം മുന്നോട്ടു നയിക്കും. ഈ ആവേശം ആണ്‍കുട്ടികള്‍ക്ക് ഇല്ലാതിരിക്കുമ്പോള്‍ അവര്‍ താരതമ്യേന പിന്നാക്കമായിപ്പോകും. രണ്ടാമതായി, ക്ഷമാപൂര്‍വം, റിസ്‌ക് എടുത്ത് പഠിക്കാനുള്ള മാനസികാവസ്ഥ പെണ്‍കുട്ടികളിലാണ് കൂടുതല്‍. വീട്ടിലും ഹോസ്റ്റലിലും പെണ്‍കുട്ടികള്‍ കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍, ആണ്‍കുട്ടികള്‍ സമയ വിനിയോഗത്തിന്റെയും ഒഴിഞ്ഞിരുന്ന പഠനത്തിന്റെയും കാര്യത്തില്‍ ഇത്തിരി ചിതറിയ മറ്റൊരു അവസ്ഥയിലുള്ളവരാണ്. മൂന്നാമതായി, സാമൂഹികമായി ഉണ്ടായിട്ടുള്ള സാധ്യതകളും മുസ്്ലിം കുടുംബങ്ങളില്‍ ഉണ്ടായിട്ടുളള
പുരോഗമന കാഴ്ചപ്പാടുകളും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം, തരക്കേടില്ലാത്ത സാമ്പത്തികം, വിദ്യാഭ്യാസപരമായി മുന്നോട്ടുപോകാനുള്ള സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങള്‍. ഇത് സ്ത്രീകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നു. ഇത് സൃഷ്ടിക്കുന്ന ആശങ്കകളാണ് രണ്ടാമത്തേത്. ആണ്‍കുട്ടികളെ പിന്നിലാക്കുന്ന പെണ്‍മുന്നേറ്റം നമ്മെ അസ്വസ്ഥരാക്കേണ്ട കാര്യമല്ല, ആവേശം കൊള്ളിക്കേണ്ട നേട്ടമാണ്. കാരണം, ഗുണാത്മകമായ പ്രതിഫലനമാണ്, ചൂണ്ടിക്കാണിക്കപ്പെടുന്ന സ്വാഭാവികമായ ചില പ്രയാസങ്ങളേക്കാള്‍ എത്രയോ കൂടുതലുള്ളത്. ഏതു വിഷയത്തിനും ചില നെഗറ്റീവ് വശങ്ങള്‍ ഉണ്ടാകും. വിവാഹം, കുടുംബജീവിതം തുടങ്ങിയവയില്‍ ചിലരുടെ കാര്യത്തില്‍ ഇതുമൂലം ചില പ്രയാസങ്ങളുണ്ടെങ്കിലും അത് വളരെ കുറവായിട്ടാണ് അനുഭവപ്പെടുന്നത്. പ്രയാസങ്ങള്‍ കുറഞ്ഞ, പെണ്‍വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങളാണ് കൂടുതലുള്ളത്. മത-സാമൂഹിക-രാഷ്ട്രീയ-ബിസിനസ്സ് രംഗങ്ങളിലെല്ലാം ഇന്ന് മുസ്‌ലിം സ്ത്രീ സജീവമായിരിക്കുന്നു. വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ പൊതുരംഗത്ത് നില്‍ക്കുന്നതും വിദ്യാഭ്യാസമില്ലാത്തവള്‍ നില്‍ക്കുന്നതും രണ്ടു രീതിയിലാണ്. ഉമ്മമാര്‍ ഉന്നത വിദ്യാഭ്യാസം നേടിയവരായാല്‍, വരുംതലമുറ വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതകാഴ്ചപ്പാടുമുള്ളവരായി വളര്‍ന്നുവരും എന്നതും ഇതിന്റെ പ്രധാന നേട്ടമാണ്. മുസ്‌ലിം കുടുംബങ്ങളെയും വീടുകളെയും പരിശോധിച്ചാല്‍ ഇന്ന് കാണാനാകുന്ന സാംസ്‌കാരികമായ ഔന്നത്യത്തിന്റെ പ്രധാന കാരണം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസമാണ്. കൂടുതല്‍ പ്രതാപമുള്ള ഒരു ജനതയായി മുസ്‌ലിം സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം സമ്പത്തിന്റെ കൈകാര്യകര്‍തൃത്വം കുറച്ചുകൂടെ ഗുണകരമായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ആശ്വാസവും തുണയുമാണ്. ജോലിയെടുക്കാത്തവരും വരുമാനമില്ലത്തവരുമായവരാണെങ്കില്‍ പോലും കുടുംബത്തെ മുന്നോട്ടുനയിക്കുന്നതിലും സാമ്പത്തിേകതരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിലും വിദ്യാഭ്യാസമ്പന്നരായ സ്ത്രീകള്‍ പങ്കുവഹിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പുരുഷന്മാരെ സംബന്ധിച്ചേടത്തോളം അവരുടെ സാമൂഹിക പ്രവര്‍ത്തനത്തിന് സമയം ചെലവഴിക്കാന്‍ കഴിയുന്നത്, ജീവിതപങ്കാളി വളരെ ഉയര്‍ന്ന രീതിയില്‍ അത് കൈകാര്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. എന്നാല്‍ വിവാഹത്തിലും കുടുംബത്തിലും ചില്ലറ പ്രയാസങ്ങള്‍ അതുണ്ടാക്കുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ക്ക് തുല്യ യോഗ്യതയുള്ള വരന്മാരെ കണ്ടെത്താന്‍ പ്രയാസപ്പെടുന്നുവെന്നതാണ് ഒന്നാമത്തേത്. ഭര്‍ത്താവിനെ കിട്ടില്ല എന്ന കാരണം പറഞ്ഞ് പെട്ടെന്ന് കല്യാണം കഴിപ്പിക്കുക എന്നതാണ് ഇതിന് ചിലരുടെ പരിഹാരം. ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടയുകയാണ് ചെയ്യുക.
മൂന്നാമതായി, എന്താണ് ഇതിന്റെ പരിഹാരങ്ങള്‍ എന്നതാണ്. രണ്ട് പരിഹാരങ്ങളുണ്ട്. ഒന്ന്, പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം ചുരുക്കുകയല്ല, ആണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പു വരുത്തുകയാണ് വേണ്ടത്. സാഹചര്യവശാല്‍ ഉയര്‍ന്ന തുടര്‍വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത പുരുഷന്മാര്‍ക്ക് ഉയര്‍ന്ന വ്യക്തിത്വ രൂപീകരണവും തന്നേക്കാള്‍ വിദ്യാഭ്യാസം നേടിയ ഭാര്യയെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്സും ഉയര്‍ന്ന ചിന്തയും സാമൂഹിക ബോധവും പഠിപ്പിച്ച് പരിശീലിപ്പിക്കണം. ഈഗോയില്‍നിന്ന് രക്ഷപ്പെടാനും ഭാര്യ തന്നേക്കാള്‍ വിദ്യാഭ്യാസം നേടുന്നതില്‍ അഭിമാനിക്കാനും കഴിയുന്ന മാനസികാവസ്ഥയിലേക്ക് വളരാന്‍ അവരെ പര്യാപ്തരാക്കുക.
സാമ്പത്തിക താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് വിദ്യാഭ്യാസവും തൊഴിലും നേടുന്നതെന്ന കാഴ്ചപ്പാടും സ്ത്രീകളുടെ സാമൂഹിക ദൗത്യനിര്‍വഹണത്തെ സംബന്ധിച്ച പിന്തിരിപ്പന്‍ നിലപാടുകളും വിദ്യാസമ്പന്നരായ മുസ്‌ലിം സ്ത്രീകളെ പിന്നാക്കം വലിക്കുന്ന മറ്റൊരു ഘടകമാണ്. സ്ത്രീ തൊഴിലെടുക്കുന്നത് സാമ്പത്തിക താല്‍പര്യത്തിനു വേണ്ടി മാത്രമല്ല. വിദ്യാഭ്യാസവും തൊഴിലും സ്ത്രീയുടെ വ്യക്തിത്വത്തെയും സാമൂഹിക പദവിയെയും അടയാളപ്പെടുത്തുന്നു, അവരുടെ കഴിവുകളുടെ ആവിഷ്‌കാരവും ആത്മസംതൃപ്തിയും സാധ്യമാക്കുന്നു. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം സാമൂഹിക പ്രതാപത്തിന്റെ അടയാളമാണത്. അതോടൊപ്പം, സാമ്പത്തിക നിലയില്‍ ഗുണകരമായ അവസ്ഥയും അതുവഴി ഉണ്ടാകും. ഗവണ്‍മെന്റ് - ഇതര തൊഴില്‍ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യ കുറവിന് മികച്ച വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ മാറിനില്‍ക്കല്‍/മാറ്റിനിര്‍ത്തല്‍ ഒരു കാരണമാണ്. വിദ്യാഭ്യാസപരമായി മുന്നേറിയ പെണ്‍കുട്ടികള്‍ക്കാണല്ലോ പി.എസ്.സി പോലുള്ള മത്സര പരീക്ഷകളിലും നേട്ടം കൊയ്യാനാവുക. സ്വന്തം കൈയിലുള്ള വിഭവങ്ങള്‍, പ്രയോജനപ്പെടുത്താതെ തടഞ്ഞുവെച്ച ശേഷം പരിതപിക്കുന്നതില്‍ അര്‍ഥമില്ല.
എന്നാല്‍, വീടും കുടുംബവും പരിപാലിക്കുക എന്നതും വലിയൊരു സാമൂഹിക ദൗത്യമാണ്. തെരുവിലിറങ്ങി ചെയ്യുന്നത് മാത്രമേ സാമൂഹിക - രാഷ്ട്രീയ പ്രവര്‍ത്തനമാകൂ എന്നില്ല. വരുംതലമുറയെ നന്നായി വാര്‍ത്തെടുക്കുന്നത് മഹത്തായൊരു സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വിദ്യാസമ്പന്നയായ സ്ത്രീ കുടുംബ പരിപാലനദൗത്യം മതിയെന്ന് സ്വയം തീരുമാനിച്ചാല്‍ പ്രശ്‌നമില്ല. എന്നാല്‍, അതോടൊപ്പം മറ്റു കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നവരെ വിലക്കി, വീടകങ്ങളില്‍ തളച്ചിടുന്നത് നീതിയല്ല. ചില ഇടുങ്ങിയ മത കാഴ്ചപ്പാടുകളും സ്ത്രീകളെ പിന്നാക്കം വലിക്കാന്‍ കാരണമാകുന്നുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തകരും നവോത്ഥാന പ്രസ്ഥാനങ്ങളും പരിഷ്‌കരണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നങ്ങളെല്ലാം. മുസ്‌ലിം ആണ്‍കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം കുറേക്കൂടി കാര്യക്ഷമമാക്കുക, വിവാഹ പ്രായമെത്തിയ ആണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ചും മുസ്‌ലിം രക്ഷിതാക്കള്‍ക്ക് പൊതുവായും ഈ വിഷയത്തില്‍ തുടര്‍ച്ചയായി ബോധവല്‍ക്കരണം നടത്തുക, വിദ്യാസമ്പന്നരായ ദമ്പതികള്‍ക്ക് കുടുംബ ജീവിതത്തിന്റെ പ്രായോഗികതകള്‍ പരിശീലിപ്പിക്കുക തുടങ്ങി, ആലോചനകളിലൂടെ ആവിഷ്‌കരിച്ച പദ്ധതികള്‍ ആസൂത്രിതമായി നടപ്പിലാക്കാന്‍ നവോത്ഥാന പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ട്.
ധൈഷണിക വളര്‍ച്ചയെത്തിയ പെണ്‍കുട്ടിയെ കാണാനിരിക്കുന്നു
ഖാദര്‍ പാലാഴി
(റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍, കണ്ണൂര്‍)
വിദ്യാഭ്യാസരംഗത്ത് പെണ്‍കോയ്മ ഉണ്ടെന്നത് മുസ്‌ലിംകളില്‍ മാത്രമല്ല ഇതര മതസ്ഥരിലും ഒരു വസ്തുതയാണ്. എന്നാല്‍ ഇതു കാരണം പെണ്‍കുട്ടികള്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള ഇണയെ ലഭിക്കുന്നില്ല എന്ന ഒറ്റ വാചകത്തില്‍ പലപ്പോഴും ചര്‍ച്ച ചുരുക്കപ്പെടുന്നുണ്ട്, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കിടയില്‍. ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ മേല്‍ക്കോയ്മയുടെ പ്രതിഫലനങ്ങള്‍. ഈ പ്രതിഫലനങ്ങള്‍ പ്രതിലോമകരമല്ല, പലപ്പോഴും പുരോഗമനാത്മകമാണ്.
മുസ്‌ലിം സ്ത്രീയുടെ ചിന്തയും ഇടപെടലും വ്യാപരിച്ചിരുന്നത് നേരത്തേ തന്റെയും ഭര്‍ത്താവിന്റെയും കുടുംബ പരിസരങ്ങളില്‍ മാത്രമായിരുന്നെങ്കില്‍ വിദ്യാഭ്യാസത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും ഇക്കാലത്ത് അത് സ്വന്തം കുടുംബത്തിനും സമുദായത്തിനുമപ്പുറത്തേക്ക് സഞ്ചരിക്കുന്നുണ്ട്. കാമ്പസുകളിലും തൊഴിലിടങ്ങളിലും മതാതീത സൗഹൃദങ്ങള്‍ സാധാരണമായി. അവര്‍ ഒരുമിച്ച് സഞ്ചരിക്കുന്നതും സംവാദങ്ങളിലേര്‍പ്പെടുന്നതും തീന്മേശക്കു ചുറ്റുമിരിക്കുന്നതും അപൂര്‍വമല്ലാതായി. നേരത്തേ വീടിന്റെ വാതിലടച്ചാല്‍ അവളെ 'സുരക്ഷിത'യാക്കാമായിരുന്നെങ്കില്‍ ഇന്ന് ഇലക്‌ട്രോണിക് തരംഗങ്ങള്‍വഴി അവളിലേക്ക് സൗഹൃദങ്ങള്‍ മാത്രമല്ല നവീനങ്ങളായ ആശയങ്ങളും നിലപാടുകളും കടന്നുവരികയാണ്. ഇതു കാരണം ചോദ്യങ്ങളും സംശയങ്ങളും കൊണ്ട് സംവാദാത്മകമാണ് അവളുടെ മനസ്സ്. മുമ്പ് തന്റെ മത-വേഷ സ്വത്വം വെറുമൊരു പാരമ്പര്യമായിരുന്നെങ്കില്‍ ഇന്നതിനെ സ്വത്വബോധത്തിന്റെയും യുക്തിചിന്തയുടെയും മൂശയിലിട്ട് അഭിമാനത്തോടെ അവതരിപ്പിക്കാന്‍ അവള്‍ക്കാവുന്നത് അതുകൊണ്ടാണ്. അന്താരാഷ്ട്ര ഫിലിമോത്സവത്തിലും സാഹിത്യോത്സവത്തിലും മറ്റനേകം ബൗദ്ധിക-ധൈഷണിക - സാംസ്‌കാരിക വ്യവഹാരങ്ങളിലും കൂട്ടായ്മകളിലും സംഘാടകരായും കാഴ്ചക്കാരായും ഓപ്പണ്‍ ഫോറങ്ങളില്‍ തീപാറുന്ന ചോദ്യശരങ്ങളുതിര്‍ക്കുന്നവരായും തട്ടത്തിമാര്‍ അത്ഭുതകരമായ സാന്നിധ്യമാണ്.
ചില പുരുഷന്മാര്‍ തെറ്റിദ്ധരിച്ചതുപോലെ അവരുടെ പൊതുവിട സാന്നിധ്യം അരാജകത്വമല്ല അവരിലുണ്ടാക്കിയത്. മറിച്ച് ഉയര്‍ന്ന രാഷ്ട്രീയ ബോധവും സാംസ്‌കാരിക നിലയുമാണ്. തന്റെ ജീവിതം പങ്കിടുന്നയാളെ, കൃത്യമായ വിലയിരുത്തലോടെ തെരഞ്ഞെടുക്കാന്‍ അവള്‍ വളര്‍ച്ച നേടിയിട്ടുണ്ട്. അവളിന്ന് സാമ്പത്തിക സ്വാശ്രയത്വം ആഗ്രഹിക്കുന്നു. അവരുടെ കഠിനാധ്വാനം പി.എസ്.സി - യു.പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നേരിയ തോതിലെങ്കിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. സ്വകാര്യ തൊഴിലിടങ്ങളില്‍ ഇതര സമുദായങ്ങളെ പോലെ അവരില്ലെങ്കിലും മാറ്റത്തിന്റെ സൂചന കാണുന്നുണ്ട്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ധാരാളമായി യാത്ര ചെയ്യുന്നുണ്ട്.
വിവാഹത്തെക്കുറിച്ച് മുമ്പത്തേക്കാള്‍ വര്‍ണശബളമായ സ്വപ്‌നങ്ങളാണ് അവള്‍ക്കുള്ളത്. ഭാര്യയാവാന്‍ തയാര്‍, എന്നാല്‍ നിരുപാധിക വിധേയയാകാന്‍ ഒരുക്കമല്ല എന്നവര്‍ പറഞ്ഞു തുടങ്ങി. കുടുംബ ജീവിതത്തില്‍ തനിക്കും സാമ്പത്തിക പങ്കാളിത്തം വേണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. കുടുംബ ജീവിതത്തിനപ്പുറം സാമൂഹിക-സാംസ്‌കാരിക ജീവിതവും അവളുടെ സ്വപ്‌നങ്ങളില്‍ കയറിവന്നിട്ടുണ്ട്.
പുരുഷന്മാരില്‍ പലര്‍ക്കും സ്ത്രീയുടെ പ്രവിശാലമായിക്കൊണ്ടിരിക്കുന്ന ലോകത്തെ പേടിയായിത്തുടങ്ങിയത് ഇതുകൊണ്ടൊക്കയാണ്. മക്കളെ നോക്കാന്‍ എന്ന പേരിലാണ് അവന്‍ അവളുടെ വളര്‍ച്ച തടഞ്ഞുവെക്കാന്‍ ശ്രമിക്കുന്നത്. ആറും എട്ടും കുട്ടികളുണ്ടായിരുന്ന കാലത്തെ ചിലര്‍ ഇപ്പോഴും നിരത്തിക്കൊണ്ടിരിക്കുന്നു. മുലകുടി പ്രായംവരെ അവളുടെ മുഴുസമയ സാന്നിധ്യം അനിവാര്യം തന്നെ. രണ്ടു പേര്‍ പണിയെടുത്താല്‍ പോലും മുന്നോട്ട് പോകാനാവാത്ത വിധം ജീവിതച്ചെലവ് കൂടിയിട്ടുണ്ട്. അരക്ഷിതമായ സ്വകാര്യമേഖലയില്‍ തൊഴില്‍നഷ്ടം എപ്പോഴും സംഭവിക്കാം. അപകടങ്ങളും മാരക രോഗങ്ങളും കാരണം ചെറുപ്പക്കാരുടെ മരണം കൂടിവരുന്നു.
സമൂഹത്തിലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി മതപ്രഭാഷകരും സുഹൃദ് വലയങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്ന അനുസരണക്കേട്, അധാര്‍മിക ജീവിത കഥകള്‍ കേട്ടാണ് പഠിച്ചവരും അല്ലാത്തവരുമായ പുരുഷന്‍ വിദ്യാഭ്യാസമുള്ള സ്ത്രീകളെ അടുക്കളയില്‍ കെട്ടിയിടുന്നത്.
വിവാഹാലോചനകളിലെ ലിഖിത കരാറായി തുടര്‍വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തേണ്ട വിധം കാര്യങ്ങളെത്തിയിരിക്കുന്നു. ചിലരൊക്കെ കുട്ടികളെയോര്‍ത്ത് ജീവിതം മുന്നോട്ടു നീക്കുമെങ്കിലും വിദ്യാസമ്പന്നരായ ദമ്പതികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചന സംഭവങ്ങള്‍ മഹല്ല്-സമുദായ നേതൃത്വത്തിന്റെ കണ്ണും കാതും തുറപ്പിക്കേണ്ടതാണ്.
ആണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ പിറകിലാണെന്നു മാത്രമല്ല അതിന്റെ വേഗം കൂടിയിട്ടുമുണ്ട്. വര്‍ഷത്തില്‍ ഏതാണ്ട് അര ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്ര-സംസ്ഥാന മേഖലയില്‍ തൊഴില്‍ ലഭ്യമാവുന്നത്.
കുടുംബത്തിലെയും നാട്ടിലെയും തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യരുടെ അനുഭവം ആണ്‍കുട്ടികളുടെ പിറകോട്ടടിക്ക് മറ്റൊരു കാരണമാണ്. എന്നുവെച്ച് അവര്‍ വെറുതെയിരിക്കുന്നില്ല. ഉദാരവല്‍ക്കരണത്തെ തുടര്‍ന്ന് സ്വകാര്യ തൊഴില്‍ മേഖലയിലുണ്ടായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനായി ഒറ്റക്കും കൂട്ടായും ചെറുസംരംഭകരായി അവര്‍ സമൂഹത്തിലുണ്ട്.
ഇന്നത്തെ നിലയില്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുകയും പുരുഷന്‍ നിന്നേടത്തുതന്നെ നില്‍ക്കുകയും ചെയ്താല്‍ ഏറെ പവിത്രമായി കരുതിപ്പോന്ന കുടുംബഘടന തകര്‍ന്നു തരിപ്പണമാവാനിടയുണ്ട്്. മതനേതൃത്വവും സാമൂഹിക പ്രവര്‍ത്തകരും അനിവാര്യമായി ഏറ്റെടുക്കേണ്ട ദൗത്യം സമുദായത്തിന് സ്ത്രീകളോടുള്ള സമീപനത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുക എന്നതു തന്നെയാണ്.
ഇസ്‌ലാമിക കാഴ്ചപ്പാടിലേക്ക് കാര്യങ്ങളെത്തണം
അന്‍വര്‍ സാദത്ത്
(ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി)
വിദ്യാഭ്യാസം നേടുന്നതില്‍ പെണ്‍കുട്ടികള്‍ പിറകിലായിരുന്നുവെന്നത് ഒരു കാലത്തെ സാമൂഹിക പ്രശ്‌നമായിരുന്നു. മതപരമായ വിലക്കുകളും പെണ്ണ് വീട്ടുജോലിയാണ് ചെയ്യേണ്ടതെന്ന കാഴ്ചപ്പാടും വിദ്യാഭ്യാസമേഖലയില്‍നിന്ന് പെണ്ണിനെ പിറകോട്ട് വലിച്ച ഘടകങ്ങളാണ്. പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിന് മാറ്റമുണ്ടാവുകയും സ്ത്രീ വളരെയേറെ മുന്നേറുകയും ചെയ്തത് വലിയ മാറ്റങ്ങളിലൊന്നാണ്. പുതിയ സാമൂഹിക സാഹചര്യത്തില്‍ ആണ്‍കുട്ടികള്‍ വിദ്യാഭ്യാസ കാര്യത്തില്‍ പിറകോട്ടു പോകുന്നുവെന്ന പഠനങ്ങളും ഗൗരവതരമായി എടുക്കേണ്ടതാണ്. ആണ്‍-പെണ്‍ എന്ന വേര്‍തിരിവിലപ്പുറം സമൂഹത്തിലെ പകുതിയോളം വരുന്ന ഒരു വിഭാഗം വിദ്യാഭ്യാസ പ്രക്രിയയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്നത് അത്യന്തം അപകടകരമാണ്. ഈ വിഷയത്തെ ഈ ദിശയില്‍തന്നെ സമീപിക്കണമെന്ന് തോന്നുന്നു.
ആണ്‍കുട്ടികളിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗങ്ങളും കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും ഇതോട് ചേര്‍ത്ത് പഠനവിധേയമാക്കേണ്ടതാണ്.
ആണും പെണ്ണും ഒരുമിച്ച് കുടുംബമായി ജീവിക്കുമ്പോള്‍ ഈ വിദ്യാഭ്യാസ അന്തരം അതിഗുരുതരമായ സാമൂഹിക പ്രശ്‌നമായി മാറുമെന്നത് കാണേണ്ടതുണ്ട്. സ്ത്രീ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നിരുന്ന കാലത്തേക്കാള്‍ കുടുംബപ്രശ്‌നം ഏറുന്ന കാഴ്ച കൂടി ഇന്നുണ്ട്. വിദ്യാഭ്യാസമില്ലായ്മ മൂലമുള്ള ഈഗോ പ്രശ്‌നങ്ങളും വിദ്യാഭ്യാസം കൊണ്ട് ഉണ്ടാകുന്ന തുല്യതാ പ്രശ്‌നങ്ങളും ഇന്ന് ഒരുപോലെ വിവാഹമോചനത്തിന് നിമിത്തമാകുന്നുണ്ട്.
സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കാത്ത പുരുഷപ്രവണതകളും ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള സ്ത്രീ ആഭിമുഖ്യവും പ്രശ്‌നമാണ്. വൈവാഹിക ജീവിതത്തിലുണ്ടാകേണ്ട പരസ്പര സ്‌നേഹത്തിനും ആദരവിനും പകരം ഇത് പരസ്പര മത്സരത്തിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് വൈവാഹിക മേഖലയില്‍ കൃത്യമായ കൗണ്‍സലിംഗുകള്‍ ആവശ്യമാണെന്നതിലേക്കാണ്. മതപരമായ അവബോധം മഹല്ലുകളും മതസംഘടനകളും നല്‍കേണ്ടതും അനിവാര്യമാണ്.
മതപരമായ സങ്കുചിതത്വത്തിന് സ്വീകാര്യതയുണ്ടാകുന്നതിന്റെ ഭാഗമാണ് സ്ത്രീകളെ മുഖം മറച്ച് പുറത്തിറക്കുന്നതും ജോലിയില്‍നിന്ന് തടയുന്നതുമെല്ലാം. ആധുനിക ഫെമിനിസ്റ്റ് മെയില്‍ ഷോവനിസ്റ്റ് തത്ത്വങ്ങള്‍ക്കപ്പുറം ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സ്ത്രീ-പുരുഷ തുല്യതയിലേക്ക് കാര്യങ്ങള്‍ വരണം.
ഗള്‍ഫിന്റെ സാധ്യതകള്‍ മങ്ങികൊണ്ടിരിക്കുന്ന കാലത്ത് മുസ്‌ലിം ആണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി പിന്നാക്കം പോകുന്നുണ്ടെങ്കില്‍ സവിശേഷമായി അത് പഠിക്കേണ്ടതുണ്ട്. 80-കളിലെ ഗള്‍ഫ് ബൂമിനു ശേഷം ധനസമ്പാദനാര്‍ഥം പോയിരുന്ന മുസ്‌ലിം ചെറുപ്പക്കാരുണ്ടായിരുന്നു. പാസ്‌പോര്‍ട്ട് എടുക്കാനുള്ള പ്രായമാകുന്നതുവരെ പഠിക്കുകയെന്നതായിരുന്നു അന്നത്തെ ട്രന്റ്. പിന്നീടത് ടെക്‌നിക്കല്‍ വിദ്യാഭ്യാസം നേടി പെട്ടെന്ന് വിദേശ ജോലി കരഗതമാക്കുകയെന്നതായി തീര്‍ന്നു. മതസംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുകയും അതില്‍ പ്രവേശനം നേടി എസ്.എസ്.എല്‍.സി ഇല്ലാതെ നേരിട്ട് ഡിഗ്രി എഴുതുന്ന സംവിധാനങ്ങളും ഇന്നുണ്ട്. ഇതുമൂലമാണോ ഈ എണ്ണത്തില്‍ മാറ്റമുണ്ടാകുന്നതെന്നും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഏതായിരുന്നാലും നിലവിലെ സാഹചര്യത്തില്‍ എല്ലാവരും ആണ്‍കുട്ടികളുടെ വിദ്യാഭ്യാസമേഖലയില്‍നിന്നുള്ള പിറകോട്ടു പോകലിനെ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കാര്യമായി കണ്ട് പരിഹാര നടപടികള്‍ക്കായി ഇറങ്ങണമെന്നാണ് തോന്നുന്നത്.