യാത്രകള്‍ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും അടുത്തിടെ തുര്‍ക്കിയിലേക്ക് നടത്തിയ യാത്ര വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. പ്രത്യക്ഷത്തില്‍ അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളും ശ്രമിച്ചുനോക്കാതിരിക്കരുതെന്നും അല്ലാഹുവിന്റെ തീരുമാനമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നടക്കുകതന്നെ ചെയ്യും എന്നും തെളിയിക്കുന്ന ഒന്നായിരുന്നു ആ യാത്ര. ഇന്റര്‍നാഷ്നല്‍ കോണ്‍ഷ്യന്‍സ് മൂവ്മെന്റ് ഇസ്തംബൂളില്‍ വെച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 20-ന് നടത്തിയ അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. പോകുന്നതിന് മൂന്നാഴ്ച മുമ്പ് തന്നെ സമ്മതവും പ്രൊഫൈലും ആവശ്യപ്പെട്ട് വിളി വന്നിരുന്നു. പ്രസ്ഥാന നേതൃത്വവുമായി ആലോചിച്ചപ്പോള്‍ എല്ലാവരും പോകണം എന്ന് തന്നെയാണ് പറഞ്ഞത്. നല്ല ഒരു അനുഭവമായിരിക്കും, അവസരം നഷ്ടപ്പെടുത്തണ്ട, എന്നല്ലാതെ മറുത്തൊന്നും ആര്‍ക്കും പറയാനുണ്ടായിരുന്നില്ല. മക്കളും ഭര്‍ത്താവുമാകട്ടെ, ഇത്തരം കാര്യങ്ങള്‍ക്ക് എന്നും അകമഴിഞ്ഞ പിന്തുണ മാത്രമേ നല്‍കിയിട്ടുള്ളൂ. കൂടുതല്‍ ആലോചിച്ചില്ല. പ്രൊഫൈല്‍ അയച്ച് കൊടുത്തു. വിസക്ക് അപേക്ഷിക്കാനുള്ള ക്ഷണക്കത്തും ടിക്കറ്റും ലഭിക്കുന്നത് ഫെബ്രുവരി 12-ാം തീയതിയിലാണ്. യാത്രയാകട്ടെ 18-ന് രാവിലെ ദല്‍ഹിയില്‍നിന്നും. ആവശ്യമായ രേഖകള്‍ അന്ന് തന്നെ തയാറാക്കി. വിസ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ എല്ലാ വഴിയിലും ആരാഞ്ഞു. കൊച്ചിയില്‍നിന്നും വിസ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് പത്ത് പ്രവൃത്തി ദിനങ്ങളെങ്കിലും വേണം. നേരത്തേ തുര്‍ക്കിയില്‍ പോയ പലരുമായും ആലോചിച്ചു. അത് മറക്കുന്നതാണ് നല്ലത്, ശ്രമിച്ചിട്ട് കാര്യമില്ല തുടങ്ങിയ മറുപടികളാണ് ലഭിച്ചത്. എന്നാല്‍ കുടുംബത്തിന്റെ പിന്തുണയും പ്രസ്ഥാന നേതൃത്വത്തിന്റെ, വിശേഷിച്ചും ആരിഫലി സാഹിബിന്റെ അകമഴിഞ്ഞ സഹായവും കാര്യങ്ങള്‍ എളുപ്പമാക്കി. 13-ാം തീയതി രാവിലെ കൊച്ചിയില്‍നിന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ടു. രാത്രിയായി മര്‍കസ് കേന്ദ്രത്തിലെത്തുമ്പോള്‍. വ്യാഴം, വെള്ളി, ശനി മൂന്ന് പ്രവൃത്തി ദിനങ്ങളാണ് മുന്നിലുള്ളത്. ആരിഫലി സാഹിബിന് വിസ കിട്ടുമെന്ന പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. എങ്കിലും യാത്രയിലുടനീളവും രാത്രി കിടക്കുമ്പോഴും ഞാന്‍ എന്നോട് തന്നെ സ്വയം പറഞ്ഞുകൊണ്ടിരുന്നു; ഇതൊരു ശ്രമം മാത്രം, കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി. ദല്‍ഹിയിലേക്കുള്ള യാത്ര വെറുതെ ആക്കണ്ട. ഉര്‍ദു ഭാഷ കൂടുതല്‍ നന്നാക്കാം, മര്കസിലെ ലൈബ്രറിയും ഉപയോഗപ്പെടുത്താം എന്നുകരുതി.
വ്യാഴാഴ്ച രാവിലെ തന്നെ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് ഓഫീസില്‍ പോയി. അവിടെനിന്നും ചില രേഖകള്‍ തയാറാക്കി സഹോദരന് രിസ്വാന്റെ കൂടെ തുര്‍ക്കി എംബസിയിലും അവരുടെ നിര്‍ദേശപ്രകാരം വി.എഫ്.എസ് കാര്യാലയത്തിലും പോയി. അടിയന്തര ആവശ്യം എന്ന നിലയില്‍ പ്രത്യേക പരിഗണന തന്നെയാണ് രണ്ട് സ്ഥലത്തും ലഭിച്ചത്. പിറ്റേന്ന് തന്നെ വിസ കൈയില്‍ കിട്ടി, അല്‍ഹംദു ലില്ലാഹ്. അപ്പോള്‍ മാത്രമാണ് യാത്രയെ സംബന്ധിച്ച് പുറത്ത് പറഞ്ഞത്. യാത്രക്കുള്ള തയാറെടുപ്പില്‍ സഹോദരന് സബാഹിന്റെ സഹായം എടുത്തുപറയേണ്ടതാണ്.
ഫെബ്രുവരി 18-ന് പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഞാനും ദല്‍ഹിയില്‍നിന്നുള്ള ഡോക്ടര്‍ ജുവൈരിയയും യാത്ര തിരിച്ചു. ഏഴ് മണിക്കൂറാണ് യാത്രാസമയം. തുര്‍ക്കി എയര്‍ലൈന്‍സില്‍ ആദ്യമായാണ് യാത്ര. മികച്ച സേവനവും പെരുമാറ്റ മര്യാദകളും ഉള്ള ക്യാബിന് ക്രൂ യാത്ര ആസ്വാദ്യകരമാക്കി. മുന്നിലുള്ള ടി.വിയില്‍ തുര്‍ക്കിയെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ കാണാന്‍ സാധിച്ചത് പോകുന്ന സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണ ലഭിക്കാന്‍ ഉപകരിച്ചു. സാധാരണ വിമാനങ്ങളില്‍നിന്നും വ്യത്യസ്തമായി ഖുര്‍ആന്‍, സിനിമ തുടങ്ങിയ ചാനലുകള്‍ക്ക് പുറമെ എജുക്കേഷന്‍ എന്ന ചാനലും അതില്‍ നല്ല പ്രയോജനപ്രദമായ പരിപാടികളും ഉണ്ടായിരുന്നു.
ഇസ്തംബൂളില്‍ എമിഗ്രേഷന്‍ നടപടികളൊക്കെ പെട്ടെന്ന് പൂര്‍ത്തിയായി. പുറത്തിറങ്ങിയപ്പോള്‍ സംഘാടകരുടെ പ്രതിനിധിയായി സഹോദരന് മുജാഹിദ് കാത്ത് നില്പുണ്ടായിരുന്നു. വിനയത്തിന്റെയും ക്ഷമയുടെയും പര്യായം എന്നൊക്കെ ആ ചെറുപ്പക്കാരനെ വിശേഷിപ്പിച്ചാല്‍ അധികമാവില്ല. ഇസ്ലാമിക പെരുമാറ്റ മര്യാദകളോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ കാറില്‍ തന്നെ ബൈറാംപാശ എന്ന സ്ഥലത്തുള്ള ഹോട്ടല്‍ ലിയണലില് എത്തി. ഏകദേശം അരമണിക്കൂര്‍ എടുത്തു അവിടെ എത്താന്‍. മക്കയുടെ പരിസരത്തുള്ള പാതയോരങ്ങള്‍ പോലെ കയറ്റവും ഇറക്കവുമുള്ള തെരുവീഥികളിലൂടെയാണ് ഹോട്ടലിലേക്ക് പോയത്. ഉയര്‍ന്ന കെട്ടിടങ്ങള്‍ ഇടതൂര്‍ന്ന് നില്ക്കുന്ന പ്രദേശം. പല പ്രശസ്ത ഹോട്ടലുകളും അവിടെയാണ് സ്ഥിതിചെയ്യുന്നത്. ഞങ്ങളുടെ മടക്ക യാത്ര 22-ന് രാത്രിയാണ്. അതിനാല്‍തന്നെ കോണ്‍ഫറന്‍സിന് മുമ്പും ശേഷവുമായി നാലു ദിവസത്തോളം ഇസ്തംബൂള്‍ കാണാനും പഠിക്കാനും അവസരം ലഭിച്ചു.
വേരുകളിലേക്കുള്ള യാത്ര
പാലക്കാട്ടെ ഒരു റാവുത്തര്‍ കുടുംബത്തില്‍ ജനിച്ച എന്നെ സംബന്ധിച്ചേടത്തോളം തുര്‍ക്കിയിലേക്കുള്ള യാത്ര എന്റെ പൂര്‍വികരുടെ വേരുകളിലേക്കുള്ള യാത്ര കൂടിയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയിലേക്ക് വന്ന അറബികളും തുര്‍ക്കികളും ഉത്തരേന്ത്യയിലെ രജപുത്രരും കൂടിക്കലര്‍ന്നുണ്ടായ തലമുറയുടെ പിന്‍ഗാമികളാണ് കേരളത്തിലും തമിഴ്നാട്ടിലുമുള്ള റാവുത്തര്‍ കുടുംബങ്ങള്‍ എന്നാണ് ചരിത്രകാരന്മാര് പറയുന്നത്. അറബിയില്‍ 'റാബിത്തു', തെലുങ്കില്‍ 'റാവുത്തി', സംസ്കൃതത്തില്‍ 'റാഹൂത്ത' തുടങ്ങിയ പദങ്ങള്‍ കുതിരകളുടെ പരിപാലനവും വ്യാപാരവുമായി ബന്ധപ്പെട്ടവയാണ്. തുര്‍ക്കികള്‍ ഈ വിഷയത്തില്‍ അഗ്രഗണ്യരായിരുന്നു. പിതാവിനെ അത്ത എന്നും (തുര്‍ക്കി ഭാഷയിലും പിതാവിനെ അത്ത എന്നാണ് വിളിക്കുന്നത്) മാതാവിനെ അമ്മ എന്നും വിളിക്കുക വഴി തുര്‍ക്കി, ഇന്ത്യന്‍ പാരമ്പര്യങ്ങളെ ഒരുമിച്ച് നിലനിര്‍ത്തുകയാണ് റാവുത്തര്‍ കുടുംബങ്ങള്‍ ചെയ്തിട്ടുള്ളതത്രെ. തുര്‍ക്കി എന്നര്‍ഥമുള്ള തുലുക്കര്‍ അഥവാ തുറുക്കര്‍ എന്നും റാവുത്തര്‍മാരെ മറ്റുള്ളവര്‍ വിളിക്കാറുണ്ട്.
എന്നെ സംബന്ധിച്ചേടത്തോളം എന്റെ അത്ത ധരിച്ചിരുന്ന തുര്‍ക്കി തൊപ്പിയാണ് ചെറുപ്പത്തില്‍ തുര്‍ക്കി എന്ന വാക്കുമായുള്ള ഏക പരിചയം. അതുകൊണ്ടു തന്നെ തുര്‍ക്കിയിലേക്കുള്ള യാത്ര വലിയ ആവേശമായിരുന്നു. സാധാരണ ഹറമില്‍ പോയാല്‍ തുര്‍ക്കികളെ കാണുമ്പോള്‍ അവരില്‍ പലര്‍ക്കും നന്നിമ്മ (വല്യുമ്മ)യുടെ മുഖഛായ ഉള്ളതായി തോന്നാറുണ്ട്. ഇതേ അനുഭവം തന്നെയാണ് തുര്‍ക്കിയിലെ അങ്ങാടികളിലും പള്ളികളിലും ഉണ്ടായത്. ഒരു ദിവസം പള്ളിയില്‍ നമസ്കരിച്ച്, കൂടെയുള്ള സഹോദരി ഷോപ്പിംഗ് കഴിഞ്ഞ് വരുന്നതും കാത്ത് ഒറ്റക്ക് അവിടെ ഇരിക്കുന്ന എന്നെ നിര്‍ബന്ധിച്ച് കൂടെ ഭക്ഷണം കഴിപ്പിച്ച തുര്‍ക്കി വനിത ശരിക്കും നന്നിമ്മ ഉണ്ടായിരുന്ന ആ നല്ല നാളുകളെയാണ് ഓര്‍മിപ്പിച്ചത്.
ചരിത്രം വിളിച്ചോതുന്ന ഇസ്തംബൂള്‍
യൂറോപ്പ്, ഏഷ്യ എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സവിശേഷമായ സാംസ്കാരിക പൈതൃകങ്ങളും ചരിത്ര സ്മാരകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് യൂറോപ്പിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂള്‍ അഥവാ പഴയ കോണ്‍സ്റ്റാന്റിനോപ്പിള്‍. സഞ്ചാരികളുടെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ബോസ്ഫറസ് കടലിടുക്ക്. തുര്‍ക്കിയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കടലിടുക്കാണ് യൂറോപ്പിനെയും ഏഷ്യയെയും വേര്‍തിരിക്കുന്നത്. അഥവാ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമസ്ഥാനം. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത പ്രദേശവാസികളുടെ സംസ്കാരത്തിലും കാണാം. പാശ്ചാത്യ, പൗരസ്ത്യ സംസ്കാരങ്ങളുടെ സങ്കലനം. കൂട്ടത്തില്‍ അറബ് സംസ്കാരത്തിന്റെ അടയാളങ്ങളും കാണാം. ലോകത്തിലെ ഏറ്റവും വീതികുറഞ്ഞ ബോസ്ഫറസ് കടലിടുക്ക് ബ്ലാക്ക് സീ, സീ ഓഫ് മര്‍മറ എന്നീ സമുദ്രങ്ങളെ ബന്ധിപ്പിക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി സംഘാടകര്‍ ഒരുക്കിയ ബോസ്ഫറസ് യാത്ര മറക്കാനാവാത്ത അനുഭവമാണ്.
1455-ല്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും പുരാതനവും വിസ്തൃതവുമായ ഗ്രാന്റ് ബസാര്മാന് ഇസ്തംബൂളിലെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. മൂന്ന് ലക്ഷത്തിമുപ്പത്തി മൂന്നായിരം സ്ക്വയര്‍ ഫീറ്റില്‍ അറുപത്തി ഒന്ന് വീഥികളിലായി മൂവായിരം കടകളായി പരന്നുകിടക്കുന്ന ഗ്രാന്റ് ബസാര്‍ മാള്‍ മുഴുവനായും ചുറ്റിക്കാണുക അസാധ്യമാണ്. ബൈസാന്റൈന്‍ കാലത്ത് നിര്‍മിക്കപ്പെട്ട അയാസോഫിയ, ഉസ്മാനിയാ കാലത്തെ ചരിത്രസ്മാരകമായ സുല്‍ത്താന്‍ അഹ്മദ് മസ്ജിദ് അഥവാ ബ്ലൂ മോസ്ക് തുടങ്ങിയ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളെല്ലാം കാണാന്‍ അവസരം ലഭിച്ചു. പള്ളി കാണാനും നമസ്കാരവും മറ്റും ദര്‍ശിക്കാനും ഇതര മതസ്ഥര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നു മാത്രമല്ല ആവശ്യമുള്ളവര്‍ ഖുര്‍ആന്‍ പരിഭാഷയും മറ്റും ഫ്രീയായി എടുത്ത് കൊണ്ടുപോകാന്‍ പാകത്തിന് വെച്ചിരിക്കുന്നതും കണ്ടു.
വാസ്തുവിദ്യയും ശില്പകലയും കൊണ്ട് സമ്പന്നമാണ് കെട്ടിടങ്ങള്‍. വിശേഷിച്ചും മസ്ജിദുകള്‍. ലോക ജനതക്ക് നിര്‍മാണകല പഠിപ്പിച്ചു കൊടുത്തത് തുര്‍ക്കികളാണെന്ന് പറയപ്പെടുന്നു. ചരിത്രസ്മാരകങ്ങളും സാംസ്കാരിക പൈതൃകങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോഴും അത് പഴയ മാതൃകയിലാണെങ്കില്‍ മാത്രമേ അനുവാദം നല്‍കാറുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇസ്തംബൂള്‍ നഗരം പ്രധാനമായും എട്ട് പാലങ്ങള്‍ (അത്താതുര്‍ക് ബ്രിഡ്ജ്, ബോസ്ഫറസ് ബ്രിഡ്ജ്, ഫാത്തിഹ് സുല്‍ത്താന്‍ മഹ്മദ് ബ്രിഡ്ജ്, ഫില്‍ ബ്രിഡ്ജ്, ഗാലാട്ടാ ബ്രിഡ്ജ്, ഗോള്‍ഡന്‍ ഹോണ്‍ മെട്രോ ബ്രിഡ്ജ്, ഹാലിശ് ബ്രിഡ്ജ്, യാവുസ് സുല്‍ത്താന്‍ സലീം ബ്രിഡ്ജ്), അഞ്ച് ടവറുകള്‍, പന്ത്രണ്ട് സ്തൂപങ്ങള്‍ എന്നിവയാല്‍ അലംകൃതമാണ്. അംബരചുംബികളായ 269 കെട്ടിടങ്ങള്‍ ഉള്ള ഈ നഗരം മോസ്കോ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ്. നദികളും തടാകങ്ങളും പിടയ്ക്കുന്ന മീന്‍ പിടിച്ച് പാകം ചെയ്ത് കൊടുക്കുന്ന അലംകൃതമായ തോണികളും കൊച്ചിയിലെയും ആലപ്പുഴയിലെയും ചില ഭാഗങ്ങളെ അനുസ്മരിപ്പിച്ചു. 1453-ലെ തുര്‍ക്കി ചരിത്രം ത്രീ ഡി ഇഫക്ടില്‍ പ്രദര്‍ശിപ്പിക്കുന്ന പനോരമ മ്യൂസിയം വല്ലാത്ത ഒരു അനുഭവമായിരുന്നു. ബദ്റിലോ ഉഹുദിലോ എത്തിപ്പെട്ട പ്രതീതി.
യാത്രാ സൗകര്യങ്ങള്‍
നാട്ടുകാരെ പോലെത്തന്നെ നിര്‍ഭയരായും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്കടക്കം കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ തുര്‍ക്കി ഭാഷ അറിയാത്ത ഞങ്ങള്‍ക്ക് ഒറ്റക്ക് യാത്രചെയ്യാനും ഇസ്തംബൂള്‍ നഗരം ശരിക്കും ആസ്വദിച്ച് കാണാനും ഏറെ സഹായകമായി. പത്ത് ലിറ (തുര്‍ക്കി കറന്‍സി) നല്കിയാല് ലഭിക്കുന്ന ഇസ്തംബൂള്‍ കാര്‍ഡ് ആവശ്യാനുസാരം പ്രധാന സ്ഥലങ്ങളിലെല്ലാം സ്ഥാപിച്ചിട്ടുള്ള ബൂത്തുകളില്‍നിന്നും സ്വയം റീചാര്‍ജ് ചെയ്ത് ഏത് വാഹനത്തിലും പഞ്ച് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. മിനിബസ്, ബിഗ് ബസ്, മെട്രോ ട്രെയിന്‍, ട്രാം (റോഡിലൂടെ ഓടുന്ന ട്രെയിന്‍) എന്നിവയാണ് പ്രധാന യാത്രാ വാഹനങ്ങള്‍. മഞ്ഞ നിറത്തിലുള്ള ടാക്സികള്‍ തലങ്ങനെയും വിലങ്ങനെയും ഓടുന്നുണ്ടെങ്കിലും അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന ഉപദേശം ലഭിച്ചതിനാല്‍ ഞങ്ങള്‍ അതിന് മുതിര്‍ന്നില്ല.
സ്ത്രീകളോടുള്ള സമീപനം
തുര്‍ക്കികള്‍ പൊതുവെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ പൊലെ സ്വന്തം ഭാഷക്ക് പ്രാധാന്യം നല്‍കുന്നവരാണ്. ഇംഗ്ലീഷ് ഭാഷ അറിയുന്നവര്‍ വളരെ കുറവാണ്. എന്നിട്ടും ഞങ്ങള്‍ക്ക് ഒറ്റക്ക് യാത്ര ചെയ്യാനും മറ്റും സാധിച്ചത് സ്ത്രീകള്‍ക്ക് അവര്‍ നല്കുന്ന ബഹുമാനവും ആദരവും കാരണമാണ്. തികച്ചും മാതൃകാപരമാണത്. പൊതുവാഹനങ്ങളില്‍ സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്ത സീറ്റുകള്‍ ഇല്ല. എന്നാല്‍ സ്വദേശി എന്നോ വിദേശി എന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നവരാണ് അധിക സ്വദേശികളും. കടകളിലും ഈ പരിഗണന പ്രത്യക്ഷമാണ്. സര്‍വോപരി എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് മാന്യമായ ഇടങ്ങളാണ് നീക്കിവെച്ചിട്ടുള്ളത്. വസ്ത്രധാരണത്തില്‍ പ്രത്യേകമായ നിബന്ധനയോ നിഷ്കര്‍ഷയോ ഇല്ല. എവിടെയും കടന്നുചെല്ലാം. ഒരു പള്ളി അങ്കണത്തില്‍ നടന്ന ജനാസ നമസ്കാരം കണ്ടു. സ്ത്രീകളും പുരുഷന്മാരും പ്രത്യേകിച്ച് ഒരു മറയുമില്ലാതെ ആ നമസ്കാരത്തില്‍ അണിനിരന്നു. ഡ്രൈവിംഗ്, കച്ചവടം, വിദ്യാഭ്യാസം, ആതുരസേവനം, ഭരണം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കാണാം.
അത്ഭുതപ്പെടുത്തുന്ന മാറ്റം
ഒരു നൂറ്റാണ്ടോളം ഇസ്ലാമിന്റെ യാതൊരടയാളവും വെച്ച് പൊറുപ്പിക്കാതിരുന്ന, എല്ലാ ഇസ്ലാമിക ചിഹ്നങ്ങളും തമസ്കരിച്ച ഒരു രാഷ്ട്രത്തില്‍ ഇസ്ലാമിന്റെ നൈതിക മൂല്യങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നതും, ഇന്ന് ബാങ്ക് വിളിയും ഇസ്ലാമിക വസ്ത്രധാരണവും ഇഷ്ടത്തോടെ സ്വീകരിക്കുന്ന യുവത സജീവമാണിവിടെ എന്നതും ഏതൊരു വിശ്വാസിക്കും പ്രതീക്ഷ നല്‍കുന്നതാണ്. ഇതര മതവിശ്വാസികളോടും അവരുടെ സംസ്കാരത്തോടും സഹിഷ്ണുത പുലര്‍ത്തുന്ന സമഗ്രമായ ഇസ്ലാമിനെയാണ് അവിടെ കാണാന്‍ കഴിഞ്ഞത് ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്ന കാര്യമാണത്.
ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍
കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും അവിടത്തെ മെര്‍മര്‍ സര്‍വകലാശാലയില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ എന്നെ കാണാന്‍ വന്നിരുന്നു. നാട്ടില്‍നിന്നും പല യൂനിവേഴ്സിറ്റികളിലായി പലരും അവിടെ മികച്ച ഗുണനിലവാരമുള്ള അന്തരീക്ഷത്തില്‍ സ്റ്റൈപ്പന്റോടെ പഠനം നടത്തുന്നുണ്ടെന്നും അക്കൂട്ടത്തില്‍ പെണ്‍കുട്ടികളും ഉണ്ടെന്നും അറിഞ്ഞത് ഏറെ സന്തോഷം നല്കി. അവര്‍ സന്തുഷ്ടരാണെന്നാണ് മനസ്സിലായത്.
സമ്മേളനം
വിവിധ രാജ്യങ്ങളില്‍നിന്നും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത മതവിശ്വാസികളായ, വര്‍ണത്തിലും സംസ്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന പ്രതിനിധികളാണ് മാനുഷികതയുടെ പേരില്‍ സമ്മേളനത്തില്‍ ഒത്തുകൂടിയത്. ഏകോദരസഹോദരങ്ങളെപോലെ. വര്‍ഷങ്ങളായി നല്ലബന്ധമുള്ളവരെ പോലെയായിരുന്നു പലരുടെയും പെരുമാറ്റം. പരിപാടി ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ സന്നിഹിതരായിട്ടുള്ള മീഡിയാ പ്രവര്‍ത്തകര്‍. പ്രതിനിധികളില്‍ പലരുടെയും (ഞങ്ങളുടേതടക്കം) അഭിമുഖങ്ങള്‍ എടുക്കുന്നുണ്ടായിരുന്നു.
'സിറിയന്‍ ജയിലുകളില്‍നിന്ന് എല്ലാ സ്ത്രീകളെയും കുട്ടികളെയും നിരുപാധികം വിട്ടയക്കുക' എന്നതായിരുന്നു സമ്മേളനപ്രമേയം.
അഡ്വക്കറ്റ് ഗുല്‍ഡന്‍ സോന്മെസ് (Gulden Sonmez), ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് കോളിന് സ്റ്റീവന്‍സ് (Colin Stevens), കുവൈത്തി റൈറ്റ്സ് ആക്ടിവിസ്റ്റ് ആഇശ അല്‍ഖസര്‍ (Aisha Al - Qassar) എന്നിവര്‍ പ്രമേയം തുര്‍ക്കി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ യഥാക്രമം അവതരിപ്പിച്ചു.
പ്രമേയം പൂര്‍ണരൂപത്തില്‍
''പരസ്പരം പൊരുതരുത് എന്നും അഥവാ യുദ്ധം ചെയ്യുകയാണെങ്കില്‍ തന്നെ മാനുഷികവും സദാചാരപരവും നിയമപരവുമായ മൂല്യങ്ങളെ ബഹുമാനിക്കണം എന്നുമാണ് മനുഷ്യകുടുംബത്തെ മതങ്ങളും മൂല്യസംഹിതകളും ആവര്‍ത്തിച്ച് താക്കീത് ചെയ്യുന്നത്. രണ്ട് ലോക മഹായുദ്ധങ്ങളിലൂടെ ലോകം ഒരു പാഠം പഠിക്കുകയും ആ യുദ്ധങ്ങളെ ദുഃഖത്തോടെ മാത്രം ഓര്‍ക്കുകയും ചെയ്യുന്നു. മില്യന്‍ കണക്കിന് ആളുകളെയാണ് ഈ യുദ്ധങ്ങള്‍ കൊന്നൊടുക്കിയത്. നമ്മെ പോലെ തന്നെ ആ കൊല്ലപ്പെട്ടവര്‍ക്കും പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. അവര്‍ സ്നേഹിച്ചിരുന്നവര്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. അവരില്‍ ഓരോരുത്തരുടെയും ജീവന് വിലപ്പെട്ടതായിരുന്നു. ഭയാനകമായ ഈ യുദ്ധങ്ങള്‍ക്കിടയില്‍ അരങ്ങേറിയ നിരവധി യുദ്ധക്കുറ്റങ്ങളുടെ ഫലമായി ഉയര്‍ന്നുവന്ന മുറവിളികളും, ഓരോ വീട്ടിലും തെരുവിലും പള്ളിയിലും ചര്‍ച്ചിലും സിനഗോഗിലും മുഴങ്ങിക്കേട്ട ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കരുതേ എന്ന പ്രാര്‍ഥനകളും യുദ്ധങ്ങള്‍ക്കോ അവ വരുത്തിവെക്കുന്ന കഷ്ടപ്പാടുകള്‍ക്കോ അറുതി വരുത്തിയിട്ടില്ല. ഇന്ന് ലോകം മറ്റൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുന്നു. 2011 മാര്‍ച്ചില്‍ ആണ് സിറിയയില്‍ യുദ്ധം ആരംഭിച്ചത്. ഈ യുദ്ധത്തില്‍ ഇന്നോളം നാലര ലക്ഷം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അതിലധികം ആളുകളെ കാണാതായി, അല്ലെങ്കില്‍ മുറിവേല്പിക്കപ്പെട്ടു. പതിനൊന്ന് മില്യനിലധികം ആളുകള്‍ക്ക് സ്വന്തം വീടു വിട്ട് പലായനം ചെയ്യേണ്ടി വന്നു. പതിനായിരക്കണക്കിനാളുകള്‍ ജയിലിലടക്കപ്പെട്ടു. സ്റ്റോറുകളും, ഒഴിഞ്ഞ സ്കൂളുകളും വെയര്‍ ഹൗസുകളും പോലും പീഡനകേന്ദ്രങ്ങളായി അധികാരികള്‍ ഉപയോഗിക്കുന്നു. സാധാരണ പൗരന്മാരെ ഇത്തരമൊരു യുദ്ധത്തില്‍ സംരക്ഷിക്കുക അസാധ്യമാണ്. സ്ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യുന്നു. ഇതുവരെയായി 13,500 സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 7000 പേര് ഇപ്പോഴും ജയിലില്‍ തന്നെയാണെന്നാണ് നിരവധി സ്ഥാപനങ്ങളുടെ കണക്കുകള്‍ പറയുന്നത്. ലൈംഗിക പീഡനം യുദ്ധത്തിലെ ഒരു ആയുധമായി സിറിയന്‍ അധികൃതര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഒഴിഞ്ഞ ഫാക്ടറികളിലും വെയര്‍ ഹൗസുകളിലും അനധികൃതമായി അടച്ചിടപ്പെട്ടവരുടെ എണ്ണം ഒരു അംഗീകൃതരേഖയിലും കാണില്ല.
അറസ്റ്റ് ചെയ്യപ്പെട്ട പലരും ഗര്‍ഭിണികളായിരുന്നു. ജയിലില്‍ വെച്ചാണ് അവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. വേറെ ചിലരാകട്ടെ കുട്ടികളോടൊപ്പമാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്.
ഭീകരമായ ഈ സംഭവങ്ങള്‍ മനസ്സാക്ഷിയുള്ള ലോകജനതയെ അസ്വസ്ഥരാക്കുകയും അവര്‍ അതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. 2018 മാര്‍ച്ച് 8-ന് 55 രാജ്യങ്ങളില്‍നിന്നുള്ള 10,000 വനിതകളെ അണിനിരത്തി സിറിയന്‍ ബോര്‍ഡറിലേക്ക് നടത്തിയ കോണ്‍ഷ്യന്‍സ് കോണ്‍വോയ് അതിന്റെ പ്രവര്‍ത്തന ലക്ഷ്യം കോണ്‍ഷ്യന്‍സ് മൂവ്മെന്റിലൂടെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. രണ്ടായിരത്തിലധികം എന്‍.ജി.ഒകളും 110 രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകളും ഈ പ്രസ്ഥാനത്തെ പിന്തുണക്കുന്നു.
പ്രാഥമികമായി സിറിയന്‍ ജയിലുകളിലെ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിവെച്ച ഒരു അന്താരാഷ്ട്ര പ്രസ്ഥാനമാണ് കോണ്‍ഷ്യന്‍സ് മൂവ്മെന്റ്.
സിറിയയിലെ സ്ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനു വേണ്ടി മാത്രമല്ല, യുദ്ധങ്ങളിലും സംഘര്‍ഷ പ്രദേശങ്ങളിലും ഉള്ള പൗരന്മാരുടെ സംരക്ഷണത്തിനു വേണ്ടിയും ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു.
വിവിധ എന്‍.ജി.ഒ പ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍, നിയമജ്ഞര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, കലാകാരന്മാര്, അത്ലറ്റുകള് തുടങ്ങിയവരെയും അതിന്റെ ആയിരക്കണക്കിന് പ്രതിനിധികളെയും ഉള്‍പ്പെടുത്തി മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അറുതിവരുത്താന്‍ ഉതകുന്ന പല പരിപാടികളും കോണ്‍ഷ്യന്‍സ് മൂവ്മെന്റ് സംഘടിപ്പിക്കും.
ജനീവ കണ്വെന്ഷന് അടക്കമുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ യുദ്ധസാഹചര്യങ്ങളില്‍ നടക്കാറുള്ള മനുഷ്യാവകാശ ധ്വംസനങ്ങളും സാധാരണ പൗരന്മാരുടെ നാശവും തടയാന്‍ ഉതകുന്ന നിയമങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നിട്ടും യുദ്ധക്കുറ്റങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കോ നിയമസംവിധാനങ്ങള്‍ക്കോ സാധിക്കുന്നില്ല. പൊതു മനസ്സാക്ഷിയും മാനുഷിക മൂല്യബോധവും ഉണര്ത്തിക്കൊണ്ടല്ലാതെ നിയമവും നീതിയും പ്രയോഗവല്‍ക്കരിക്കുക സാധ്യമല്ല എന്ന് നാം വിശ്വസിക്കുന്നു. സമാധാനമാണ് മനുഷ്യനന്മക്ക് ഏറ്റവും നല്ലത് എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍, യുദ്ധം ചെയ്യുക എന്നത് സമാധാനം ഉണ്ടാക്കിയെടുക്കുന്നതിനേക്കാള്‍ എളുപ്പമാണ്. ഏതായാലും യുദ്ധങ്ങളിലെ മൃഗീയത അവസാനിപ്പിക്കാന്‍ നിയമങ്ങള്‍ ഉണ്ടായേ തീരൂ.
നാം മനുഷ്യരായതുകൊണ്ടുതന്നെ മനുഷ്യകുലത്തിന് ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ നാം ആഗ്രഹിക്കുന്നു. അതുകൊണ്ട് യുദ്ധത്തില്‍ നിയമവും ധാര്‍മികതയും ഉണ്ടാവണമെന്ന് നാം ഉദ്ഘോഷിക്കുന്നു. ഇക്കാരണത്താലാണ് നാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇവിടെ ഒത്തുകൂടിയിട്ടുള്ളത്.
സിറിയന്‍ ജയിലുകളില്‍നിന്നും ഉയരുന്ന നിശ്ശബ്ദ രോദനങ്ങള്‍ കേള്‍ക്കുന്ന മനുഷ്യമനസ്സാക്ഷിയാണ് നമ്മുടേത്. പീഡിപ്പിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യാതെ, മത-ഭാഷാ-വര്‍ഗ-വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യര്‍ക്കും മാന്യമായി ജീവിക്കാന്‍ കഴിയണം എന്ന് നാം വിശ്വസിക്കുന്നു.
സിറിയന്‍ യുദ്ധത്തിനിടയില്‍ ക്രൂരമായി തടവിലാക്കപ്പെട്ട ഓരോ സ്ത്രീയുടെയും കുട്ടിയുടെയും മോചനത്തിനു വേണ്ടി ഭൂമിയിലെ സകല മനുഷ്യരുടെയും ഹൃദയങ്ങളില്‍നിന്നും ചുണ്ടുകളില്‍നിന്നും ഉതിരുന്ന പ്രാര്‍ഥനയാണ് നാം.
ഈ കോണ്‍ഷ്യന്‍സ് മൂവ്മെന്റ് ആവശ്യപ്പെടുന്നു:
* ഒരു വിലപേശലിന്റെ ഭാഗമാക്കാതെ സിറിയന്‍ ജയിലിലടക്കപ്പെട്ട എല്ലാ സ്ത്രീകളും കുട്ടികളും നിരുപാധികം വിട്ടയക്കപ്പെടണമെന്ന്.
* യുദ്ധങ്ങളില്‍ സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടാനുതകുന്ന ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു.
* ഈ വിഷയത്തില്‍ ശ്രമങ്ങള്‍ നടത്താനായി യുനൈറ്റഡ് നേഷന്‍സ്, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപറേഷന്, ലോകരാഷ്ട്രത്തലവന്മാര് വിശേഷിച്ചും തുര്‍ക്കി, റഷ്യ തുടങ്ങിയ എല്ലാ ആഗോള സംവിധാനങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു.
* മനസ്സാക്ഷിയുള്ള ഈ ലോകത്തെ സകലരെയും ഞങ്ങള്‍ ക്ഷണിക്കുന്നു അവസാനത്തെ സിറിയന്‍ സ്ത്രീയും കുട്ടിയും മോചിതരാകുന്നതു വരെ ഇതിനെതിരില്‍ ശബ്ദിക്കാന്‍.''
പ്രമേയ അവതരണത്തിനു ശേഷം വിവിധ പ്രതിനിധികള്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. സിറിയന്‍ ജയിലറകളില്‍ കഴിഞ്ഞ സഹോദരിമാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഇതൊക്കെ ചെയ്തത് മനുഷ്യര്‍ തന്നെയാണോ എന്ന് തോന്നിപ്പോയി. തുര്‍ക്കി ഗവണ്മെന്റിന്റെ സഹായത്തോടെ മോചിതയായ സഹോദരി മാജിദ് ശര്ബാജി (Majed Sharbajy) പറഞ്ഞത് തന്നെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്ന് കുടുംബത്തില്‍ ആരും അറിയില്ലായിരുന്നു എന്നാണ്. ''291 എന്ന നമ്പറില്‍ ചുരുങ്ങി എന്റെ എല്ലാ ഐഡന്റിറ്റിയും. രണ്ട് സ്ക്വയര്‍ മീറ്റര്‍ മാത്രമുള്ള ജയിലില്‍ ഏവര്‍ക്കും കിടന്നുറങ്ങാന്‍ സ്ഥലമില്ലാത്തതിനാല്‍ മാറിമാറിയാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. നിങ്ങള്‍ക്ക് ഊഹിക്കാവുന്നതിലും അധികമാണ് ഞാന്‍ അനുഭവിച്ച പീഡനങ്ങള്‍. വൈദ്യുതാഘാതമേല്പിക്കല്, അടി തുടങ്ങി ലൈംഗികമായ പീഡനത്തിന് വിധേയമാക്കുമെന്ന ഭീഷണി. തട്ടം വലിച്ചൂരി. മൂന്ന് മാസം കുളിക്കാന്‍ പോലും കഴിയാതെ പലരും രോഗബാധിതരായി. പീഡനം മൂലം മരിച്ചവരുടെ മൃതദേഹം ഞങ്ങളെക്കൊണ്ട് മാറ്റിച്ചു. അറിയപ്പെടാത്ത സ്ഥലങ്ങളില്‍ കുഴിച്ചുമൂടി. ഗര്‍ഭിണികള്‍, കാന്‍സര്‍ രോഗികള്‍, കുട്ടികള്‍, വൃദ്ധര്‍ എല്ലാം അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരൊന്നും ഒരു തെറ്റും ചെയ്തിട്ടില്ല.....'' അവരുടെ വിവരണം കേട്ടപ്പോള്‍ നടുങ്ങിപ്പോയി. കേട്ട കഥകള്‍ എല്ലാം ഭയാനകം തന്നെ.
മറ്റൊരു സഹോദരി പറഞ്ഞത്: ''എന്റെ ഭര്‍ത്താവും ജയിലിലായിരുന്നു. ഇപ്പോള്‍ ഒരു വിവരവുമില്ല. അവര്‍ കൊന്നിട്ടുണ്ടാവും.'' കുട്ടികളുടെ മുന്നില്‍വെച്ച് കുടുംബത്തിലെ മുതിര്‍ന്നവരെ പീഡിപ്പിക്കുന്ന അനുഭവങ്ങളും ചിലര്‍ പങ്കുവെച്ചു. ഒരു മൂന്ന് തലമുറകള്‍ കഴിഞ്ഞാലും ഈ ആഘാതത്തില്‍നിന്നും കരകയറാന്‍ സാധ്യമല്ല എന്നവര്‍ പറയുന്നു.
വളരെ കുറഞ്ഞ വാക്കുകളിലാണ് എല്ലാവരും സംസാരിച്ചത്. ശരാശരി അഞ്ചു മിനിറ്റ്. എങ്കിലും സന്ദേശം വ്യക്തമായിരുന്നു. ഞാനടക്കം നിരവധി പേര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.
യാവുസ് ഡീഡെ, നെര്മിനാലാക്കോട്ട, ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗമായ ബാറോനസ് പോല (Baroness Pola), നെല്‍സണ്‍ മണ്ടേലയുടെ പൗത്രന് ചീഫ് മണ്ടേല, ഉക്രൈന് എം.പി ഓഗ്ല ബോഗോമെലറ്റസ് (Ogla Bogomelets), പാകിസ്താന് എം.പി മോനസ്സ ഹസന്, സുപ്രീം കൗണ്‍സില്‍ ഓഫ് കെനിയ മുസ്ലിംസ് ചെയര്മാന് യൂസുഫ് അബ്ദുര്‍റഹ്മാന്‍, പ്രശസ്ത ബ്രിട്ടീഷ് ജേണലിസ്റ്റ് യിവോണ്‍ റിഡ്ലി തുടങ്ങിയ പ്രമുഖരടക്കം 45 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 110 രാജ്യങ്ങള്‍ മൂവ്മെന്റിനെ പിന്തുണക്കുന്നതായും സംഘാടകര്‍ പറഞ്ഞു.
തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികള്‍ ഉള്ളത് തുര്‍ക്കിയിലാണ്. 2018 ആഗസ്റ്റിലെ കണക്കനുസരിച്ച് നാല് മില്യന്‍. അതില്‍ 20 ശതമാനം ഇസ്തംബൂള്‍ നഗരത്തിലാണുള്ളത്. വസ്ത്രധാരണത്തില്നിന്നോ പെരുമാറ്റത്തില്‍നിന്നോ തിരിച്ചറിയാന്‍ കഴിയാത്തവിധം തുര്‍ക്കിയിലെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന പലരെയും കണ്ടു. മുഹാജിറുകളെയും അന്‍സാറുകളെയും അനുസ്മരിക്കുന്ന രീതിയില്‍ പല കടകളിലും സിറിയന്‍ അഭയാര്‍ഥികള്‍ മാന്യമായി ജോലിചെയ്ത് ജീവിക്കുന്നു. ഇവിടെ സുഖമാണോ എന്ന ചോദ്യത്തിന് ഒരു സഹോദരന് പറഞ്ഞത്, ഒറ്റ വിഷമമേയുള്ളൂ; എട്ടു വര്‍ഷമായി സിറിയ വിട്ടിട്ട്. മാതാപിതാക്കള്‍ അവിടെയാണുള്ളത്. അവരെ കാണാന്‍ പോകാന്‍ പറ്റുന്നില്ല. സര്‍ക്കാറിന് പുറമെ IHH അടക്കമുള്ള പല എന്‍.ജി.ഒകളും അഭയാര്‍ഥികള്‍ക്കു വേണ്ടി പല ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
മറക്കാനാവാത്ത നിരവധി അനുഭവങ്ങളും ജീവിത പാഠങ്ങളും പകര്‍ന്നുതന്ന യാത്രയായിരുന്നു അത്. ലോകത്ത് സമാധാനം പുലരണം, യുദ്ധങ്ങള്‍ ഇല്ലാതാവണം എന്നു തന്നെയാണ് ഏവരുടെയും ആഗ്രഹം. എന്നിട്ടും എന്തേ ഇങ്ങനെ? മനുഷ്യന് ഇത്രയേറെ പുരോഗമിച്ചിട്ടും നിരവധി അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഉണ്ടായിട്ടും രക്തച്ചൊരിച്ചിലില്ലാതെ, നിരപരാധികളായ സ്ത്രീകളുടെ നെഞ്ചത്ത് കേറാതെ, പിഞ്ചുപൈതങ്ങള്‍ ആട്ടിയോടിക്കപ്പെടാതെ എന്തുകൊണ്ടാണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത്? യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന് മാത്രമല്ല കൂടുതല്‍ രൂക്ഷമായ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മനുഷ്യാവകാശം എന്നത് ചില മനുഷ്യരുടെ മാത്രം അവകാശമായി ചുരുങ്ങിപ്പോകുന്നത് എന്തുകൊണ്ടാണ്?