മുപ്പതു ദിവസം വരെ നീളുന്ന റമദാനില്‍ അമേരിക്കയിലെ 'ഇസ്ലാമിക് റിലീഫ് യു.എസ്.എ' എന്ന സംഘടന
വിവിധ നാട്ടുകാരുടെ റമദാനനുഭവങ്ങള്‍
മുപ്പതു ദിവസം വരെ നീളുന്ന റമദാനില്‍ അമേരിക്കയിലെ 'ഇസ്ലാമിക് റിലീഫ് യു.എസ്.എ' എന്ന സംഘടന മുപ്പതു രാജ്യങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ സൗജന്യ വിതരണത്തിന് അയക്കാറുണ്ട്. രണ്ടുവര്‍ഷം മുമ്പ് അവര്‍ ഒരുകാര്യം കൂടി ചെയ്തു. ആ മുപ്പതു രാജ്യങ്ങളില്‍നിന്ന് യു.എസില്വന്ന് ജോലിചെയ്യുന്നവരെ നേരിട്ടും അല്ലാതെയും ഇന്റര്‍വ്യൂ ചെയ്തു. ഓരോരുത്തരും സ്വന്തം നാട്ടിലെ റമദാനനുഭവങ്ങള്‍ പങ്കുവെക്കണം. ഈ അഭിമുഖങ്ങളില്‍നിന്ന് ഏതാനും ചിലതിനെ അടിസ്ഥാനമാക്കി തയാറാക്കിയ കുറിപ്പുകളാണ് താഴെ.
അമല്‍ (ചെച്നിയ)
ചെച്നിയയില്‍നിന്ന് വളരെയധികം ആളുകളൊന്നും അമേരിക്കയില്‍ കഴിയുന്നില്ല. താരതമ്യേന എണ്ണം കുറഞ്ഞ ഇവരില്‍പെടുന്നു ഈ വനിത. സമൂഹ നോമ്പുതുറയെപ്പറ്റി മിക്ക രാജ്യക്കാര്‍ക്കും പറയാനുണ്ട്. എന്നാല്‍ ചെച്നിയയില്‍ അതുമാത്രമല്ല സമൂഹ അത്താഴവുമുണ്ട്. പുലര്‍ച്ചെ വിവിധ ഗ്രാമങ്ങളില്‍ അയല്പക്ക ഗ്രാമക്കാരടക്കം അത്താഴത്തിന് ഒരുമിച്ചുകൂടുന്നത് പതിവാണത്രെ. 'ഇഫ്ത്വാറും' 'സുഹൂറു'മുള്‍പ്പെടെയുള്ള ആഘോഷക്കൂട്ടായ്മകളാണ് ചെച്നിയയിലെ റമദാനെപ്പറ്റി അമല്‍ ഓര്‍ക്കുന്നത്.
ഇത് പക്ഷേ, അടുത്ത കാലത്താണ് പരസ്യ ആഘോഷങ്ങളായത്. 1944-ല്‍ ചെച്നിയയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട് സെര്‍ബിയയിലേക്ക് കൂട്ടപ്പലായനം ചെയ്ത സംഭവം പ്രായമുള്ളവര്‍ ഇന്നും നടുക്കത്തോടെ അനുസ്മരിക്കാറുണ്ട്. ശിഥിലമാക്കപ്പെട്ട കുടുംബങ്ങള്‍. പട്ടിണി കിടന്ന് മരിച്ച അനേകം പേര്. അതുകൊണ്ടുതന്നെ ഇന്ന് കൂട്ടായ്മകളെ അവര്‍ ആവേശപൂര്‍വം തിരിച്ചുപിടിക്കുന്നു. ഭക്ഷണത്തിന്റെ വിലയറിഞ്ഞതിനാല് ഇന്ന് ആഹരിക്കുന്നതും കൂട്ടായ ആഘോഷമാകുന്നു. റമദാന് ഇതിന്റെയെല്ലാം സന്ദര്ഭമാണവര്ക്ക്. ഇഫ്ത്വാര്‍ നേരം എല്ലാ വീടുകളുടെയും വാതിലുകള്‍ തുറന്നിരിക്കും. ആര്‍ക്കും എവിടെയും കടന്നുചെന്ന് വിരുന്നുണ്ണാം.
അമലിന്റെ ഉമ്മ ഒരാളെപ്പറ്റി പറഞ്ഞു. പലായന കാലത്ത് എത്രയോ കുട്ടികള്‍ വിശന്നു മരിക്കുന്നത് നേരിട്ടു കണ്ടയാള്‍. ഒരു കൊല്ലം മുഴുവന്‍ നോമ്പെടുത്താണ് അയാള്‍ തന്റെ സങ്കടം പ്രകടിപ്പിച്ചത്. അവരുടെയൊക്കെ ഓര്‍മകളില്‍ ആ പഴയ കാലമുണ്ട്. പള്ളികളേ ഇല്ലാത്ത, പരസ്യമായി പ്രാര്‍ഥിക്കാന്‍ പാടില്ലാതിരുന്ന കാലം. ഇന്ന് റമദാനില്‍ വിളക്കുകള്‍ കൊണ്ടലങ്കരിച്ച പള്ളികളും വീടുകളും വലിയൊരു തിരിച്ചുവരവ് വിളിച്ചറിയിക്കുന്നുണ്ട്.
അദ്നാന് (അല്‍ബേനിയ)
ബാള്‍ക്കന്‍ മേഖലയിലെ മക്ക എന്നറിയപ്പെട്ട നഗരത്തില്‍നിന്നുള്ള അദ്നാന് പറയുന്നു, റമദാന് എത്തുന്നതിനു മുമ്പേ അതിന്റെ സുഗന്ധം വന്നിരിക്കുമെന്ന്.
ചെറുപ്പത്തിലെ റമദാന് ഇപ്പോഴും ഓര്‍മയിലുണ്ട് 15-ാം വയസ്സിലാണ് അദ്നാന് യു.എസിലെത്തുന്നത്. അത്താഴസമയമറിയിക്കാന് തെരുവുതോറും കൊട്ടുന്ന ചെണ്ടയുടെ 'ബൂം ബൂം' ശബ്ദം. ഓരോ വര്‍ഷവും ചെണ്ടകൊട്ടാനുള്ള അവകാശം ഓരോരുത്തര് ചോദിച്ചുവാങ്ങും.
ഇഫ്ത്വാര്‍ ശരിക്കും തെരുവിലാണ്. വാഹനങ്ങള്‍ ഓട്ടം നിര്‍ത്തും. നിരത്തുകളില്‍ മേശ നിരത്തും. അതിലേ വരുന്ന എല്ലാവര്ക്കും ഭക്ഷണമുണ്ട്. വിവിധ വീടുകളില്‍നിന്ന് പലതരം വിഭവങ്ങളുണ്ടാക്കി കൊണ്ടുവരും. എല്ലാവരും ഒരുമിച്ച് കഴിക്കും. ഇഫ്ത്വാര്‍ നേരമറിയിക്കാന് ചെണ്ടയില്ല. കുട്ടികളൊക്കെ പള്ളിയുടെ മിനാരം നോക്കി നില്ക്കും. അവിടെ വിളക്കുതെളിഞ്ഞാല് നോമ്പുതുറക്ക് സമയമായി എന്നറിയാം.
സുഹൈല്‍ (സിംബാബ്വെ)
ന്യൂയോര്‍ക്കിലെ ഫവാകിഹ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അക്കാദമിക് ഡീനായ സുഹൈല്‍ 20 വര്‍ഷം മുമ്പ് സിംബാബ്വെയില്‍നിന്ന് എത്തിയതാണ്. ഇതിനിടക്ക് നാട്ടില്‍ പോയിട്ടേ ഇല്ല. എങ്കിലും അവിടത്തെ റമദാനാചരണം മധുരമുള്ള ഓര്‍മയാണ്.
ചെറു ന്യൂനപക്ഷമാണ് മുസ്ലിംകള്. അതുകൊണ്ട് അവര്‍ക്കിടയില്‍ ദൃഢമായ ഒരുമയാണ്. പള്ളി കേന്ദ്രീകരിച്ചാണ് റമദാന്. റമദാന് അനുഭവിക്കണോ, മസ്ജിദില്‍ ചെന്നാല്‍ മതി. വലിയൊരു പാത്രത്തില്‍നിന്ന് എല്ലാവരും എടുത്ത് കഴിക്കുന്ന രീതിയാണ് ഇഫ്ത്വാറിന്.
ശരീഫ (മലാവി)
ശരീഫയുമായി 'സ്കൈപ്പ്' വഴിയാണ് അഭിമുഖം നടത്തിയത് - അവര്‍ നാട്ടിലായിരുന്നു.
ദരിദ്രരാജ്യമാണ് മലാവി. പട്ടിണിക്കാര്‍ ധാരാളം. കുടുംബങ്ങള്‍ ഒന്നിച്ച് ഇഫ്ത്വാറിന് പള്ളികളില്‍ പോകും. ചെറുപള്ളികളില് പ്രാര്‍ഥിക്കാന്‍ പോകുന്നവരും ഇഫ്ത്വാര്‍ നേരത്തെ വലിയ പള്ളികളിലേക്ക് ചെല്ലും. അവിടെയാണ് സമൂഹ ഇഫ്ത്വാര്‍ സംഘടിപ്പിക്കുക.
ക്രിസ്ത്യാനികളാണ് മലാവിയില്‍ ഭൂരിപക്ഷം. ഇസ്ലാം മതാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. പലതിനും വിലക്ക് തന്നെ ഉണ്ട്. കത്തോലിക്കാ സ്കൂളില്‍ പഠിച്ച ശരീഫ അന്നത്തെ റമദാന് ഓര്‍ക്കുന്നു: ഞങ്ങള്‍ ഏതാനും കുട്ടികളേ മുസ്ലിംകളായി ഉള്ളൂ. നോമ്പു നോല്ക്കാന് പാടില്ല. ഭക്ഷണസമയത്ത് മെസ്ഹാളില്‍ എത്താതിരുന്നാല്‍ ശ്രദ്ധിക്കപ്പെടും. ശരീഫയും കൂട്ടരും എന്നിട്ടും നോമ്പെടുത്തു. ഉച്ചഭക്ഷണ സമയത്ത് ഹാളിലെത്തും, തീന്മേശക്കു മുമ്പില്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഇരിക്കും. കന്യാസ്ത്രീകള്‍ അതുവഴി വരുന്നത് കണ്ടാല്‍ ഉടനെ ഫോര്‍ക്ക് കൈയിലെടുത്ത് ഭക്ഷണം കഴിക്കുന്നതായി അഭിനയിക്കും. നാലു വര്‍ഷം ഇങ്ങനെ 'ഒളിച്ച്' നോമ്പെടുത്തത്രെ.
ഇബ്റാഹീം റസൂല്‍ (സൗത്താഫ്രിക്ക)
യു.എസിലെ സൗത്താഫ്രിക്കന്‍ അംബാസഡറായിരുന്നു ഇബ്റാഹീം റസൂല്‍. റമദാന് മാസപ്പിറ മുതല്‍ ഒരുമയുടെ ആഘോഷമാണ് ദക്ഷിണാഫ്രിക്കയില്‍. മാസപ്പിറവി കാണാന്‍ പ്രവിശ്യാ ഗവര്‍ണറും മേയറുമടക്കം എല്ലാവരും ബീച്ചിലെത്താറുണ്ട്. പെരുന്നാളിനും അങ്ങനെത്തന്നെ.
ഇഫ്ത്വാറിന് അരമണിക്കൂറു മുമ്പ് കുട്ടികള്‍ ചെറു പ്ലേറ്റുകളുമായി റോട്ടിലിറങ്ങും. അയല്ക്കാര്ക്ക് കൊടുക്കാനുള്ള പലഹാരങ്ങളാണ് അതില്‍. നോമ്പുതുറ വിഭവങ്ങള്‍ ഇങ്ങനെ അയല്‍വീടുകള്‍ തമ്മില്‍ കൈമാറും.
ഐക്യപ്പെടലിന്റേതായ ഈ ആഘോഷത്തിന് ആഴത്തിലുള്ള ആത്മീയമാനം കൂടിയുണ്ട്. അടിമത്തത്തിന്റെ വിവിധ രൂപങ്ങള്‍ അനുഭവിച്ചവരാണ് ദക്ഷിണാഫ്രിക്കയിലെ സാധാരണക്കാര്‍. അടിമപ്പണി, കൊളോണിയല്‍ ഭരണം, ഇസ്ലാം നിരോധം, വര്‍ണവിവേചനം (അപ്പാര്‍ത്തൈറ്റ്) - അങ്ങനെ എന്തെല്ലാം!
ഇത്തരം യാതനകള്‍ക്കിടയില്‍ റമദാനും ആത്മീയതയും എല്ലാ ചൈതന്യത്തോടെയും നിലനിര്‍ത്താന്‍ അവരുടെ മുന്ഗാമികള്ക്ക് കഴിഞ്ഞു. റമദാന് ആഘോഷമാക്കുന്നത് ഇക്കാരണം കൊണ്ട് കൂടിയാണ്.
മുഹമ്മദ് (ഇറാഖ്)
ഇറാഖില്‍നിന്നെത്തിയ മുഹമ്മദിന് നാട്ടിലെ റമദാനെപ്പറ്റി പറയാന്‍ നൂറുനാക്കാണ്. റമദാന് ഒരേസമയം ആത്മീയവും ആഘോഷപരവുമാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
ഏറെ കാത്തിരുന്ന വിരുന്നുകാരന് വരുമ്പോഴത്തെ ആവേശമാണ് റമദാനു മുമ്പത്തെ മാസം നല്‍കുക. 'ശഅ്ബാന്‍ 15-ന് ഞങ്ങളെല്ലാം അമ്മാവന്റെ വീട്ടില്‍ ഒരുമിച്ചുകൂടും. വലിയവരും കുട്ടികളും ഒരുമിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യും. വിവിധ ഭാഗങ്ങള്‍ പലര്‍ക്കായി വീതിച്ചു നല്‍കുകയാണ് രീതി. രാത്രി എട്ടിന് തുടങ്ങിയാല്‍ രാത്രി ഒന്നോടെയാണ് തീരുക. അപ്പോഴേക്ക് എല്ലാവരും കൂടി ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്ത്തിരിക്കും. ഇതേപോലെ മറ്റു വീടുകളിലും. തേനീച്ചക്കൂട്ടിലെ മര്‍മരം പോലെ ഈ ശബ്ദം എല്ലായിടത്തും കേള്‍ക്കാം.
റമദാന് തുടങ്ങിയാല്‍ തെരുവുകളിലൂടെ ഈ നാദവീചികള്‍ ഒഴുകിക്കൊണ്ടിരിക്കും.
ഇഫ്ത്വാറുകള്‍ ഉണ്ടെങ്കിലും പൊതുവെ അധികം പേരും സ്വന്തം വീട്ടിലാണ് നോമ്പു തുറക്കുക. നിശാ നമസ്കാരം (തറാവീഹ്) എല്ലാ പള്ളികളിലുമുണ്ടാകും. ഞങ്ങള്‍ ഓരോ ദിവസവും ഓരോ പള്ളിയില്‍ പോകും. ഓരോ പള്ളിയിലും ഖുര്‍ആന്‍ പാരായണത്തിന് ഓരോ രുചിയാണ്, എല്ലാം ആസ്വാദ്യം.
യൂസുഫ് (മ്യാന്മര്)
1972-ല്‍ മ്യാന്മറില് കോളേജ് വിദ്യാര്‍ഥിയായിരുന്നു യൂസുഫ്. പഠനം കഴിഞ്ഞ് യു.എസിലെത്തി.
അടുത്തകാലത്തായി നാട് അക്രമത്തിന്റെയും വംശീയവെറിയുടെയും പാതയിലാണ്. സങ്കടമുണ്ട്. ഇങ്ങനെയായിരുന്നില്ല മുമ്പ് മ്യാന്മര്. എല്ലാവരും ഇതര മതസ്ഥരെ ആദരിച്ചിരുന്നു. 'റമദാന് വിഭവങ്ങളും മറ്റും ഞങ്ങള്‍ ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ അയല്‍ക്കാരുമായി പങ്കുവെക്കും. അവര്‍ തിരിച്ചും. എല്ലാവരും സഹോദരങ്ങളല്ലേ? തൊലിപ്പുറം കടന്നാല്‍ എല്ലാവരും ഒന്നല്ലേ?''
'ഐക്കിദോ'യില്‍ ആറാം ഗ്രേഡ് ബ്ലാക്ക് ബെല്‍റ്റാണ് യൂസുഫ്; പരിശീലകനും. 45 വര്‍ഷം മുമ്പും, റമദാനിലടക്കം ഐക്കിദോ അഭ്യസിക്കുമായിരുന്നു. ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും വയറ് കാലിയായതിനാല്‍ ഏകാഗ്രത കൂടും എന്നാണ് യൂസുഫ് പറയുന്നത്.
ലിന്‍ഡ (കൊസോവോ)
വംശീയാതിക്രമങ്ങളുടെ കാലത്ത് കൊസോവോയില്‍നിന്ന് അഭയാര്‍ഥിയായി എത്തുമ്പോള്‍ ലിന്‍ഡ കുഞ്ഞായിരുന്നു. പിന്നീട് നാട്ടില്‍ പലകുറി പോയിട്ടുണ്ട്. റമദാന് ഒരു ഉത്സവം തന്നെയാണവിടെ. എല്ലാവരും ഇഫ്ത്വാര്‍ നേരത്ത് കാണുന്നവരെ മുഴുവന്‍ ക്ഷണിക്കും. വിവിധ വീടുകളില്‍നിന്നു കൊണ്ടുവന്ന മേശകളും കസേരകളും -അവ പലതരത്തിലുള്ള, ചേര്‍ച്ച തീരെയില്ലാത്തവയാണെങ്കില്പോലും- പൊതുസ്ഥലത്ത് നിരത്തിയിരിക്കും. കുറെപ്പേര് നിലത്തിരിക്കും.
എട്ടുപത്ത് സ്ത്രീകളുണ്ടാകും അടുക്കളയില്‍. അവര്‍ക്ക് നോമ്പുള്ളതിനാല്‍ രുചിച്ചുനോക്കുന്ന പണി കുട്ടികള്‍ക്കാണ്. ഈ കൂട്ടായ്മ തന്നെയാണ് റമദാന്റെ സൗന്ദര്യം.
ഗുയ്ദര് (സിറിയ)
അലപ്പോ (ഹലബ്) പട്ടണത്തില്നിന്നെത്തിയതാണ് ഗുയ്ദര്. സിറിയ രണ്ടു കാര്യങ്ങള്‍ക്ക് പേരെടുത്ത രാജ്യമാണത്രെ -സംഗീതവും ഭക്ഷണവും.
രണ്ടും റമദാനിലും പ്രധാനം തന്നെ. വിവിധ വീട്ടുകാര്‍ വിവിധ പലഹാരങ്ങളുണ്ടാക്കും. നോമ്പുതുറ നേരത്ത് പരസ്പരം പങ്കുവെക്കും. കടകളിലുമുണ്ടാകും നോമ്പുവിഭവങ്ങള്‍. അവ വാങ്ങിക്കൊണ്ടുപോകാന്‍ നല്ല തിരക്ക് കാണും. സന്ധ്യയാകുമ്പോഴേക്കും വാങ്ങാന്‍ വന്നവരുടെ നിര നീണ്ടുനീണ്ട് കിടക്കുന്നുണ്ടാകും.
അലപ്പോക്ക് സമ്പന്നമായ സംഗീത പാരമ്പര്യമുണ്ട്. റമദാന് കാലത്ത് പ്രത്യേക പരിപാടികളുണ്ടാകും. രാത്രിയുടെ ഒരു ഭാഗം സംഗീതത്തിനുള്ളതാണ്. 'ഖസീദ'കള്‍ പാടി, ദൈവത്തിന് സ്തോത്രങ്ങളര്പ്പിക്കും. ഖുര്‍ആന്‍ പാരായണവും ഹൃദ്യമായ സംഗീതാനുഭവം കൂടിയത്രെ. ബോക്സര്‍ മുഹമ്മദലിയുടെ മരണാനന്തര ചടങ്ങില്‍ ഖുര്‍ആന്‍ പാരായണം നടത്തിയത് ഗുയ്ദറാണ്.
നൂര്‍ (ജോര്‍ദാന്‍)
അമ്മാന്കാരിയായ നൂര്‍ നാട്ടിലെ പ്രത്യേക റമദാന് വിഭവങ്ങള്‍ (ജോര്‍ദാനില്‍ ഖമറുദ്ദീന് എന്നൊരു വിശേഷപ്പെട്ട ജൂസ് തന്നെയുണ്ട്) മാത്രമല്ല ഓര്‍ക്കുന്നത്.
അവിടെ എല്ലാവരും നോമ്പുള്ളവരാണ്. റസ്റ്റോറന്റുകള്‍ പകല്‍ അടഞ്ഞുകിടക്കും. പകലിന്റെ ബഹളങ്ങള്‍ വൈകുന്നേരത്തോടെ ശമിക്കും. നോമ്പുതുറക്കാന്‍ നേരമടുക്കുമ്പോള്‍ അവിടമാകെ നിറയുന്ന വല്ലാത്തൊരു നിശ്ശബ്ദതയുണ്ട്.
നേരമായാല്‍ ആദ്യം കേള്‍ക്കുക ഒരു പീരങ്കിയൊച്ചയാണ്. തൊട്ടുപിന്നാലെ, ഒന്നിനുപിറകെ ഒന്നായി, വിവിധ പള്ളികളില്‍നിന്ന് സംഗീതസാന്ദ്രമായ ബാങ്ക് മുഴങ്ങും.
അവാച്യമായ സംഗീതത്തിന്റെ പ്രതിധ്വനികള്‍ പോലിരിക്കും അവ. അമ്മാനിലെ മലമടക്കുകളില്‍ തട്ടി തിരിച്ചുവരുന്ന വിശുദ്ധഗീതം പോലെ.
അലാ (യമന്‍)
കുടുംബം. ഭക്തിസാന്ദ്രമായ മാസം. ഒപ്പം അതിന്റേതായ രസങ്ങളും. പ്രത്യേകിച്ച്, ടി.വി ചാനലുകളിലെ പ്രത്യേക ഷോകള്‍- യമന്കാരി അലാ, ചെറുപ്പകാലത്ത് നാട്ടിലെ റമദാനെ വര്‍ണിച്ചത് ഇങ്ങനെയൊക്കെയാണ്.
ഇപ്പോള്‍ അതൊക്കെ അതേപോലെ ഉണ്ടോ എന്നറിയില്ല. പ്രത്യേകിച്ച് റമദാന് രാവുകളില്‍ കുട്ടികളെ ഹരം കൊള്ളിക്കുന്ന ആ പൂത്തിരികള്‍. പ്രത്യേക പലഹാരങ്ങള്‍. റസ്റ്റോറന്റുകളെല്ലാം രാത്രി മുഴുവന്‍ തുറന്നിരിക്കും. പുലര്‍ച്ചെ അത്താഴത്തിന് റസ്റ്റോറന്റില്‍ പോകുന്നത് കുട്ടികള്‍ക്ക് രസമായിരുന്നു. അതിനായി മാത്രം ഉറക്കമിളച്ച് കാത്തിരിക്കാറായിരുന്നു.
പക്ഷേ, എല്ലാം അട്ടിമറിഞ്ഞു. യുദ്ധം മുറുകി. കുടുംബങ്ങള്‍ അഭയം തേടി നാടുവിട്ടു. അലായുടെ കുടുംബം യു.എസിലെത്തി. യുദ്ധം നാടിനെ തകര്‍ത്തിരുന്നു എന്ന് അലാ ഓര്‍ക്കുന്നു. ബോംബുകള്‍; വെടിവെപ്പ്. കറന്റില്ല; വെള്ളമില്ല. രാവുകളെ ഭയംകൊണ്ട് നിറച്ച ആക്രമണങ്ങള്‍.
നാട്ടിനു പുറത്തെവിടെയും അവിടത്തെ കുടുംബാന്തരീക്ഷം കിട്ടുന്നില്ല എന്ന്. മടങ്ങിപ്പോകാനാകുമെന്ന് റമദാന് തോറും ചിന്തിക്കുന്നു അലാ.
ഹിയാം (ഫലസ്ത്വീന്)
യുദ്ധം നിത്യസത്യമായ ഗസ്സയിലാണ് ഹിയാം ജനിച്ചത്. അവരോര്‍ക്കുന്നു, രണ്ട് യുദ്ധങ്ങള്‍ അനുഭവിച്ചു; കൂടെക്കൂടെയുള്ള ആക്രമണങ്ങളും സംഘട്ടനങ്ങളും വേറെ. യുദ്ധമില്ലാത്ത റമദാന് എന്നൊന്ന് ഓര്‍മയിലില്ല. എങ്കിലും കഴിയുന്നത്ര റമദാന് ആഘോഷിക്കാന്‍ അവര്‍ ശ്രമിക്കുന്നു.
ബോംബാക്രമണങ്ങളില്ലാത്ത ഇടവേളകള്‍ തികഞ്ഞ ശാന്തതയാണ്. മറ്റു മാസങ്ങളില്‍ തെരുവ് നിറയ്ക്കുന്ന ബഹളമൊന്നും റമദാനിലില്ല. തെരുവുകള്‍ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും. കുട്ടികള്‍ രാവുതോറും വിളക്കേന്തി വീട്ടുവാതിലുകളില്‍ മുട്ടും- 'വഹവീയ വഹവീ' എന്ന് വിളിച്ചുപറയും. വീട്ടുകാര്‍ വാതില്‍ തുറന്ന് മിഠായി കൊടുക്കും. ചെറുപ്പത്തില്‍ ഹിയാമിന് എല്ലാ രാത്രിയും ഇങ്ങനെയായിരുന്നു. മുപ്പതുവര്‍ഷം മുമ്പ് നാടുവിട്ടു വന്നതാണ്. കുട്ടിക്കാലവും റമദാന് രാവുകളും ദീപ്തമായ ഓര്മകളത്രെ.
മര്‍യം (തുനീഷ്യ)
പരസ്യമായി മതാനുഷ്ഠാനങ്ങള്‍ നിരോധിച്ചിരുന്ന അവസ്ഥ മാറിവരുന്നുവെന്ന് തുനീഷ്യക്കാരി മര്‍യം. ഇരുപതു വര്‍ഷത്തോളം ഹിജാബ് നിഷിദ്ധമായ കാലമുണ്ടായിരുന്നു. പള്ളികള്‍ മിക്കവാറും അടഞ്ഞുകിടന്നിരുന്നു. വീടുകളിലായിരുന്നു നമസ്കാരവും നോമ്പും എല്ലാം; വിപ്ലവം വരെ.
നാട്ടില്‍ വല്ലപ്പോഴും റമദാനില്‍ പള്ളിയില്‍ പോയിരുന്നത് ഓര്‍മയിലുണ്ട്. ഇപ്പോള്‍ പള്ളികള്‍ കൂടുതല്‍ സജീവമായി വരുന്നു. വീടുകളില്‍ നിലനിര്‍ത്തിപ്പോന്ന റമദാന് സമൂഹ അനുഷ്ഠാനമായി മാറിത്തുടങ്ങുന്നു. പുതിയ പള്ളികള്‍ പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് മര്യമിന് സന്തോഷം നല്കുന്നു. കാരണം നാട്ടിലും സമൂഹ നോമ്പുതുറയും നമസ്കാരങ്ങളും തിരിച്ചുവരികയാണ്.
ദലീല (ബോസ്നിയ-ഹെര്‍സഗോവിന)
ദലീല യു.എസിലെത്തുമ്പോള്‍ എല്ലാം കൈയൊഴിഞ്ഞ് അഭയാര്‍ഥിയായി കുടുംബത്തോടൊപ്പം നാടുവിട്ട പതിനൊന്നുകാരിയായിരുന്നു. ഉടുവസ്ത്രം മാത്രമായിരുന്നു സ്വന്തം. ഒപ്പം, കുട്ടിപ്രായത്തില്‍ നാട്ടില്‍നിന്നുള്ള റമദാന് ഓര്‍മകളും.
പകല്‍ മുഴുവന്‍ നോമ്പാണ് കുട്ടികള്‍ക്കും. പത്തുമുപ്പത് പേരടങ്ങുന്ന കുട്ടികളുടെ സംഘം ഒരുമിച്ചുകൂടും. വൈകുന്നേരങ്ങളില്‍ കടയില്‍ ചെന്ന് റമദാന് സ്പെഷല്‍ ചൂടുറൊട്ടി വാങ്ങി വീട്ടിലേക്കോടും.
യൂനുസ് (ഇന്തോനേഷ്യ)
റമദാനു മുമ്പേ ഇന്തോനേഷ്യന്‍ തെരുവുകളില്‍ പുതിയ മുസ്ലിം ഗാനങ്ങളിറങ്ങും. പുണ്യമാസത്തിന്റെ വരവറിയിക്കുന്നത് അതാണ്. അത്താഴ സമയമറിയിക്കാനായി ചെണ്ടയും പാത്രങ്ങളും കൊട്ടി നീങ്ങുന്ന കുട്ടികളുടെ 'സുഹൂര്‍ സംഘ'ങ്ങള് ഒരു പ്രത്യേകതയാണ്. സമൂഹ ഇഫ്ത്വാര്‍ പോലെ സമൂഹ അത്താഴവും ഉണ്ട്. പലതരം വിഭവങ്ങള്‍ പല കുടുംബങ്ങളില്‍ എത്തും. സമൂഹം മുഴുവന്‍ വലിയൊരു കുടുംബമായി മാറുന്ന സന്ദര്‍ഭമാണ് റമദാന്.
*********
റമദാന് സാര്‍വലൗകികമായ ഒരനുഭവമാണ്. അതോടൊപ്പം ഓരോ ദേശത്തിനും തനിമയാര്‍ന്ന അനുഭവവൈജാത്യങ്ങള് കൂടിയാണത്.
16 മണിക്കൂര്‍ നീളുന്ന ജപ്പാനില്‍, അവിടത്തെ കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ സമ്മര്ദങ്ങളെക്കൂടി അതിജീവിച്ച് റമദാന് ആഘോഷമാക്കുന്ന അബൂശിബാ ബക്കറു; മിക്ക രാജ്യങ്ങളിലും റമദാന് ആചരിച്ചിട്ടും സ്വന്തം നാട്ടിലെ 'ബഹുസ്വര' ഇഫ്ത്വാറിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഛാഢ് എംബസി ഉദ്യോഗസ്ഥന് നൂറിന്; വീട്ടില്‍ ദിവസവും മുപ്പതിലേറെ പേര്‍ക്ക് ഇഫ്ത്വാര്‍ ഒരുക്കിയിരുന്ന എത്യോപ്യന്‍ കുടുംബത്തിലെ മുഹമ്മദ്; ദരിദ്രര്‍ക്ക് കൂട്ട ഇഫ്ത്വാറുകള്‍ വീട്ടില്‍ സംഘടിപ്പിച്ചിരുന്ന മാലിക്കാരന് ഹമദൂന്‍; എല്ലാ വീട്ടുകാരും ചേര്‍ന്ന് നടത്തുന്ന തെരുവ് ഇഫ്ത്വാറിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന സുഡാന്കാരന് ഇമാം മാജിദ്; സകല ഭക്ഷണങ്ങള്‍ക്കുമൊപ്പം നേന്ത്രപ്പഴം കഴിക്കുന്ന സോമാലി രീതിയും അഭയാര്‍ഥി ക്യാമ്പില്‍ കിട്ടുന്ന ഭക്ഷണ ഓഹരി തികയാതെ കരയുന്ന കുട്ടികള്‍ക്ക് സ്വന്തം ഓഹരിയില്‍നിന്ന് നല്കുന്ന ഉമ്മയും ഓര്‍മയിലുള്ള സോമാലി മോബ്ലാക്ക്; ഏത് വിഭവത്തിലും തേങ്ങയോ തേങ്ങാപ്പാലോ ചേര്‍ക്കുന്ന തങ്ങളുടെ ശീലത്തെപ്പറ്റി പറയുന്ന കെനിയക്കാരന് അസ്ലി; റമദാനിലെ തേങ്ങാപ്പാല്‍ ചേര്‍ത്ത കഞ്ഞിയുടെ രുചി എപ്പോഴും നുണയുന്ന ശ്രീലങ്കക്കാരന് അഫ്ദല്‍; സ്ഥിരമായി പള്ളിയില്‍ നോമ്പുതുറന്ന ഫിലിപ്പീന്‍സുകാരി നൂറ.....
ഭക്ഷണത്തിലും ശീലങ്ങളിലും ആചാരങ്ങളിലുമെല്ലാം നാനാത്വത്തിലെ ഏകത്വമാണ് റമദാന്. ഏകത്വത്തിലെ നാനാത്വവും.
(അവലംബം: ഇസ്ലാമിക് റിലീഫ് യു.എസ്.എ)