മിക്കവാറും എല്ലാ കറികളിലും ഉലുവ ചേര്‍ക്കുന്നു. അത് സസ്യാഹാരമായാലും സസ്യേതര ആഹാരമായാലും ശരി. ആയുര്‍വേദ ഔഷധ നിര്‍മാണത്തിലെ പല മരുന്നുകളിലും ചേരുവയായി ഉലുവ ഉപയോഗിക്കുന്നു. ഉലുവക്കഞ്ഞി, ഉലുവ ലേഹ്യം, പേറ്റു ലേഹ്യം എന്നിവയിലെയും പ്രധാന ചേരുവയാണിത്. പ്രമേഹ ചികിത്സയില്‍ ഉലുവക്ക് പ്രധാന സ്ഥാനമുണ്ട്. പ്രമേഹപരമായ പല ഔഷധങ്ങളിലും വിശേഷിച്ചും ചൂര്‍ണങ്ങളിലും ഉലുവ ഉപയോഗിച്ചുവരുന്നുണ്ട്. ഇതിനെ കഷായമായിട്ടും ചൂര്‍ണമായിട്ടും അരിഷ്ടമായും ഗുളിക രൂപത്തിലും ഉപയോഗിച്ചുവരുന്നുണ്ട്. അതേപോലെത്തന്നെ ശരീരത്തില്‍ തേക്കാനുള്ള പല തൈലങ്ങളിലും ഉലുവ ഉപയോഗിച്ചുവരുന്നു. വാതരോഗ ചികിത്സയില്‍ ഉലുവക്ക് പ്രധാന സ്ഥാനമുണ്ട്. നാളികേരപ്പാലില്‍ ഉലുവയിട്ട് വേവിച്ചതിനു ശേഷം ആവശ്യത്തിനു ശര്‍ക്കരയും ചേര്‍ത്ത് പാകമായതിനു ശേഷം നെയ്യും കറിവേപ്പിലയും കടുകും ചേര്‍ത്ത് വറവിട്ട ലേഹ്യം ഒന്നാന്തരം സ്ത്രീരക്ഷാ ഔഷധമാണ്- ഉലുവ സസ്യത്തിന്റെ വേരും ഇലയും ഉപയോഗിച്ചുവരുന്നുണ്ട്. ഇല, കഞ്ഞിക്കായി ഉപയോഗിക്കുന്നു. ഉലുവയും കഞ്ഞിക്കുപയോഗിക്കുന്നുണ്ട്. കഞ്ഞിവെക്കുമ്പോള്‍ അതില്‍ രാഗിയോ അരിയോ ഗോതമ്പോ ചേര്‍ക്കാം. വേണമെങ്കില്‍ ചോളമോ ഓട്ട്‌സോ ഉപയോഗിക്കുന്നതുകൊണ്ടും ദോഷമില്ല.
ഉലുവയില്‍ പ്രോട്ടീന്‍, ഫോസ്ഫറസ്, സള്‍ഫര്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, ലവണങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ അംശം ലേശം പോലും ഇല്ലാത്തതാണ് ഉലുവയുടെ പ്രത്യേകത. ഹൃദയപരിപാലനത്തില്‍ ഉലുവക്ക് കാര്യമായ പങ്കുണ്ട്. പ്രമേഹവും ഹൃദയരോഗങ്ങളും വസ്തി രോഗങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സഹോദര രോഗങ്ങളാണ്. ഹൃദയ സങ്കോച വികാസ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നതിന് ഉലുവയുടെ ഉപയോഗം ആക്കം കൂട്ടുന്നു.
ഉലുവ ചേറി വൃത്തിയാക്കി കഴുകി വെയിലത്തു വെച്ച് ഉണക്കി നാളികേരപ്പാലില്‍ ചുവന്നുള്ളി ചേര്‍ത്ത് വേവിക്കുക. പാകമായാല്‍ ശര്‍ക്കര ചേര്‍ത്ത് വിരകി പാകത്തിന് നെയ്യും ചേര്‍ത്ത് (കറിവേപ്പിലയും നെയ്യും ചേര്‍ത്ത് അല്‍പം കടുകും ചേര്‍ത്ത് വറവിട്ടതും ചേര്‍ത്ത്) ഉണ്ടാക്കുന്ന ലേഹ്യം പ്രസവിച്ച സ്ത്രീകള്‍ക്ക് കൊടുക്കാവുന്ന പ്രസവരക്ഷാ ഔഷധമാണ്. ഇതുകൊണ്ട് മുലപ്പാലുണ്ടാവുകയും മുലപ്പാല്‍ ശുദ്ധീകരിച്ച് ബാല രോഗങ്ങള്‍ തടയുകയും ചെയ്യും.
തൊലിക്ക് മാര്‍ദവവും മിനുസവും കിട്ടാനായി ഉലുവയും ചന്ദനവും കൂട്ടി അരച്ച് ലേപനം ചെയ്യാം. ഉലുവ നാല്‍പാമരത്തിന്‍തോലും കൂട്ടി അരച്ചു തേക്കുന്നതും, കൊന്നത്തൊലിയും നാല്‍പാമരവും കൂട്ടിയുണ്ടാക്കിയ കഷായത്തില്‍ അരച്ചു തേക്കുന്നതും നല്ലതാണ്. ഉലുവയും ചന്ദനവും കൊന്നത്തൊലി കഷായത്തില്‍ അരച്ചു പേസ്റ്റ് രൂപത്തിലാക്കിയും ഉലുവ, മഞ്ഞള്‍, നന്നാറി എന്നിവ രക്തചന്ദന കഷായത്തില്‍ അരച്ചു പേസ്റ്റ് രൂപത്തിലാക്കിയും തേക്കാം. രാമച്ചം, ചന്ദനം, ഇരുവേലി എന്നിവ കൂട്ടി അരച്ച് (അരക്കുന്നത് വെള്ളത്തിലോ ആയുര്‍വേപ്പിന്‍ തൊലിക്കഷായത്തിലോ) തേക്കുന്നത് ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറല്‍, പുകച്ചില്‍, അലര്‍ജി, ചെറിയ തരത്തിലുണ്ടാകുന്ന ചൊറി, വൃണങ്ങള്‍ എന്നിവക്കുള്ള ചികിത്സാ മുറയാണ്.
ഉലുവയും ഉണങ്ങിയ നെല്ലിക്കാ പൊടിയും ചേര്‍ത്ത് കഴിക്കുന്നതും ഉലുവപ്പൊടി നെല്ലിക്കാ നീരില്‍ ചേര്‍ത്തു കഴിക്കുന്നതും രോഗിയുടെ ബലം വര്‍ധിപ്പിക്കുന്നു. നെല്ലിക്കാത്തോട് ഏകനായകത്തിന്‍ വേര് കഷായത്തില്‍ ഉലുവാപ്പൊടി ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹഹരമാണ്. ഇന്ത്യയിലെല്ലായിടത്തും പ്രസവ രക്ഷാ ഔഷധമായി ഇതിനെ രൂപഭാവം മാറ്റി വിവിധ രൂപത്തില്‍ ഉപയോഗിച്ചുവരുന്നു. കഞ്ഞുണ്ണ്യാദി എണ്ണ, നീലിഭൃംഗാദി, തുളസീവചാദി എണ്ണ മുതലായ (വൈദ്യാനുസരണം) തലക്ക് തേച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ഉലുവാപ്പൊടിതളം വെച്ച് കുറച്ചുകഴിഞ്ഞ് കുളിക്കുന്നത് നിത്യശീലമാക്കിയാല്‍ മുടികൊഴിച്ചില്‍ മാറിക്കിട്ടും. കാഴ്ചക്കുറവിനും ഗ്രന്ഥികളുടെ വീക്കത്തിനും അതിസാരത്തിനു പോലും ഉലുവ ഗുണപ്രദമാണ്. ഏതായാലും ഉലുവ ഭക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത് പേശികളുടെ ദൃഢതക്കും കാഴ്ചശക്തിക്കും ശരീരപുഷ്ടിക്കും നല്ലതാണ്.