നഴ്‌സറി തയ്യാറാക്കാന്‍
നഴ്‌സറിക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന സ്ഥലം നല്ല നീര്‍വാര്‍ച്ചയുള്ളതും ഭാഗികമായി തണല്‍ ലഭിക്കുന്നതുമായിരിക്കണം. തുറന്ന സ്ഥലമാണെങ്കില്‍ വേനല്‍ക്കാലങ്ങളില്‍ തണല്‍ ലഭ്യമാക്കണം. വിത്ത് നടുന്നതിനു വേണ്ടി നിലമൊരുക്കുന്ന സമയത്ത് സെന്റിന് 120 കി.ഗ്രാം എന്ന തോതില്‍ ജൈവവളം ചേര്‍ക്കണം. കൂടാതെ ജീവാണു വളമായി ഒരു കിലോ അസോസ്‌പൈറില്ലം നല്‍കുന്നത് നല്ലതാണ്. സൗകര്യപ്രദമായ നീളത്തില്‍ 1 മീറ്റര്‍ വീതിയും 25 സെന്റിമീറ്റര്‍ ഉയരവുമുള്ള വാരകളെടുത്താണ് വിത്തുതേങ്ങകള്‍ നടേണ്ടത്. രണ്ടു വാരകള്‍ തമ്മില്‍ 40 സെന്റിമീറ്റര്‍ അകലത്തില്‍ ചെറു കുഴികളെടുത്ത് വിത്തിട്ട് മീതെ ഉണക്കിപ്പൊടിച്ച ചാണകവും മണ്ണുമിട്ട് മൂടുക. മേലെ പച്ചില കൊണ്ട് പുത നല്‍കണം.
നഴ്‌സറി ഉണ്ടാക്കുന്നതിന് തെരഞ്ഞെടുത്ത വിത്തു തേങ്ങ മെയ്, ജൂണ്‍ മാസങ്ങളില്‍ പാകാം. മണല്‍ കലര്‍ന്ന മണ്ണില്‍ ചിതലിന്റെ ഉപദ്രവം കുറയും. അല്ലെങ്കില്‍ .05 ശതമാനം വീര്യമുള്ള ക്ലോര്‍ പൈറിഫോസ് (3. മി.ലി 1 ലി) വെള്ളത്തില്‍ ചേര്‍ത്ത് മണ്ണില്‍ ഒഴിച്ചുകൊടുക്കണം. നഴ്‌സറി തുറന്ന സ്ഥലത്താണെങ്കില്‍ വേലി കെട്ടി സംരക്ഷിക്കണം. വേനല്‍ക്കാലങ്ങളില്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നഴ്‌സറി നനച്ചുകൊടുക്കുകയും വേണം. നഴ്‌സറിയില്‍ കളകള്‍ പറിച്ചുമാറ്റിക്കൊടുത്തുകൊണ്ടിരിക്കണം. ചിതല്‍ കണ്ടാല്‍ 15 സെ.മീ ആഴത്തില്‍ മണ്ണ് മാറ്റി കാര്‍ബാറിലോ ക്ലോര്‍പൈറിഫോസോ മണ്ണിലും തേങ്ങയിലും തളിക്കേണ്ടതാണ്. പ്രതിരോധമെന്ന നിലക്ക് കൂമ്പുചീയലിനെതിരെ 1 ശതമാനം ബോര്‍ഡോ മിശ്രിതം തൈകള്‍ മുളച്ചു പൊങ്ങിയതിനു ശേഷം നഴ്‌സറിയില്‍ വെച്ചുതന്നെ തളിച്ചുകൊടുക്കേണ്ടതാണ്.
നല്ല തെങ്ങിന്‍ തൈകള്‍ക്ക്
വിത്തു പാകി ആറു മാസത്തിനുള്ളില്‍ മുളക്കാത്ത വിത്തു തേങ്ങകള്‍ ഒഴിവാക്കണം. ഒമ്പത് മാസം പ്രായമായാല്‍ തൈകള്‍ പറിച്ചുനടാം. നടാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത് നല്ല ലക്ഷണമൊത്ത തെങ്ങിന്‍ തൈകളായിരിക്കണം.
നല്ല തൈയുടെ ലക്ഷണങ്ങള്‍
* നേരത്തേ മുളക്കുന്നവ
* ധ്രുത വളര്‍ച്ചയുള്ളവ
* നേരത്തേ വിടരുന്ന ഇലകളുള്ളവ
* പത്ത് സെ.മീറ്റര്‍ കൂടിയ കണ്ണാടിക്കനം
* ഇലകളുടെ എണ്ണം 10-12 മാസം പ്രായമുള്ള തൈകള്‍ക്ക് 6-8 ഇലകള്‍, 9 മാസം പ്രായമുള്ള തൈകള്‍ക്ക് ചുരുങ്ങിയത് 4 ഇലകള്‍.
രോഗങ്ങളും കീടങ്ങളും ബാധിച്ചതോ വളര്‍ച്ച മുട്ടിയതോ ആയ തൈകള്‍ ഒഴിവാക്കണം. നല്ലപോലെ സംരക്ഷിക്കപ്പെട്ട ഒരു തവാരണയില്‍നിന്നു പോലും 65 ശതമാനത്തില്‍ കൂടുതല്‍ ലക്ഷണയുക്തമായ തൈകള്‍ ലഭിക്കാറില്ല.
ചുരുങ്ങിയത് ഒമ്പത് മാസമെങ്കിലും വളര്‍ച്ചയെത്തിയാലേ നല്ല തൈകളുടെ തെരഞ്ഞെടുപ്പ് സാധ്യമാവൂ. പറിച്ചു നടാനുള്ള കുഴികള്‍ തയാറാക്കുമ്പോള്‍ മാത്രം തവാരണയില്‍നിന്നും തൈകള്‍ ഇളക്കിയാല്‍ മതി. തൈകള്‍ വലിച്ചു പിഴുതുമാറ്റാന്‍ ശ്രമിക്കരുത്. ചുറ്റിനുമുള്ള വേരുകള്‍ മണ്‍വെട്ടി കൊണ്ട് മുറിച്ചതിനു ശേഷം തൈ സാവധാനം ഇളക്കിയെടുക്കണം. ഇളക്കിയെടുത്ത തൈകള്‍ അധികം വൈകാതെ നടുന്നതാണ് നല്ലത്. നടാന്‍ വൈകുമെങ്കില്‍ വെയില്‍ തട്ടാതെ നോക്കണം. ഇങ്ങനെ നാലാഴ്ച വരെ തൈകള്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.